ഹിന്ദി ഹൃദയഭൂമിയിലെ ക്രിസ്തുസാന്നിദ്ധ്യം

ഹിന്ദി ഹൃദയഭൂമിയിലെ ക്രിസ്തുസാന്നിദ്ധ്യം

ഷിജു ആച്ചാണ്ടി

ഉജ്ജൈന്‍ ബിഷപ്സ് ഹൗസില്‍ ചെല്ലുമ്പോള്‍ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേല്‍ ഒരു ഗ്രാമത്തില്‍ മഹിളാദിവസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. അതിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം സംഭാഷണമാരംഭിച്ചത്. ഉജ്ജൈന്‍ രൂപത മധ്യപ്രദേശിലെ നാലു റവന്യൂ ജില്ലകളിലായാണു സ്ഥിതി ചെയ്യുന്നത്. നാലു ജില്ലകളിലായി രണ്ടായിരത്തോളം സ്വയംസഹായസംഘങ്ങള്‍ രൂപതയുടെ സാമൂഹ്യസേവനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ 17 ഗ്രൂപ്പുകള്‍ സംയുക്തമായി നടത്തിയ ആഘോഷത്തിലാണ് ബിഷപ് വടക്കേല്‍ സംബന്ധിച്ചത്. ഒരു ഗ്രൂപ്പില്‍ ഇരുപതോളം സ്ത്രീകള്‍ അംഗങ്ങളാണ്. സിസ്റ്റര്‍മാരുടെ നേതൃത്വത്തിലാണ് ഈ ഗ്രൂപ്പുകള്‍ സ്ഥാപിച്ചതും നടത്തിക്കൊണ്ടു പോകുന്നതും. സമ്മേളനത്തില്‍ രണ്ടു സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു: "സിസ്റ്റര്‍മാര്‍ വന്നപ്പോള്‍ സംശയത്തോടെയാണ് തങ്ങള്‍ സമീപിച്ചത്. പതിയെ പതിയെ അവരുടെ നന്മ മനസ്സിലാക്കി. ഇപ്പോള്‍ തങ്ങള്‍ വളരെയധികം മാറി. ആരുടെയും മുമ്പില്‍ ഇനി മുട്ടുമടക്കുന്ന പ്രശ്നമില്ല. മക്കളെ നോക്കാനും പഠിപ്പിക്കാനും ആവശ്യമായ കഴിവ് ഇന്നു ഞങ്ങള്‍ക്കുണ്ട്. വീടുകള്‍ എങ്ങനെ കൊണ്ടു നടക്കണമെന്നു പഠിച്ചു. പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു. പൊതുവേദിയില്‍ ഇതുപോലെ സംസാരിക്കാന്‍ പഠിച്ചു." ഇതാണ് ആ പാവപ്പെട്ട സ്ത്രീകള്‍ പറഞ്ഞതിന്‍റെ രത്നച്ചുരുക്കം.

ഇതൊക്കെ നമ്മുടെ മിഷന്‍ പ്രവര്‍ത്തനത്തിന്‍റെ വലിയ നേട്ടമാണെന്നു ബിഷപ് വടക്കേല്‍ പറഞ്ഞു. "അവര്‍ ഇപ്പോഴും ഹിന്ദുക്കള്‍ തന്നെയാണ്. പക്ഷേ അവരുടെ വീടുകളിലെല്ലാം നമുക്കു പ്രവേശനമുണ്ട്. അവരെ നാം പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകളാരംഭിച്ചു പ്രവര്‍ത്തിക്കാന്‍ നമ്മെ എല്ലാ ഭാഗങ്ങളിലേയ്ക്കും സ്വാഗതം ചെയ്യുന്നു. വലിയ സുവിശേഷവത്കരണം തന്നെയാണ് ഇതുവഴിയെല്ലാം നടക്കുന്നത്. മതംമാറ്റത്തിന്‍റെ സംഖ്യയല്ല മാനദണ്ഡം. മതംമാറ്റം എന്ന ആത്യന്തികലക്ഷ്യത്തോടെയല്ല നമ്മുടെ പ്രവര്‍ത്തനങ്ങള്‍. അങ്ങനെ വെറുതെ എണ്ണം കൂട്ടാനുള്ള മതംമാറ്റങ്ങള്‍ നടത്താതിരിക്കാനും നാം ശ്രദ്ധിച്ചിട്ടുണ്ട്. തികഞ്ഞ ബോദ്ധ്യത്തോടെ വരുന്ന ഏതാനും പേരെ സ്വീകരിച്ചെന്നിരിക്കാമെന്നേയുള്ളൂ. പൊതുവില്‍ ജനങ്ങളുടെ ജീവിതത്തിലും ധാര്‍മ്മികതയിലും വലിയ മാറ്റം വരുത്താന്‍ നമുക്കു സാധിക്കുന്നു. അതാണു യഥാര്‍ത്ഥ സുവിശേഷവത്കരണവും.

പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ഇവര്‍ വിടുകയില്ലായിരുന്നു. എന്നാല്‍ നമ്മുടെ സ്കൂളുകളില്‍ വിടുന്നുണ്ട്. നമ്മുടെ സിസ്റ്റര്‍മാര്‍ വിളിക്കുന്നിടത്തു പെണ്‍കുട്ടികളെ വിടാന്‍ അവര്‍ക്കു മടിയില്ല. നമ്മള്‍ യുപി വരെ സ്കൂളുകള്‍ നടത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂ. പലേടത്തും സ്കൂളുകള്‍ ഹൈസ്കൂളും ഹയര്‍ സെക്കണ്ടറിയും ആക്കിയതു ജനങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്. നിങ്ങളുടെ സ്കൂളുകളില്ലെങ്കില്‍ ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്കു പഠിക്കാന്‍ പറ്റില്ല എന്നാണ് അവര്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം ലഭിക്കാന്‍ ഇടയാക്കിയത് നമ്മുടെ സാന്നിദ്ധ്യവും സേവനവും തന്നെയാണ്."

? ഉജ്ജൈനില്‍ സഭയുടെ മറ്റു സേവനങ്ങള്‍ സ്വീകരിക്കപ്പെടുന്നതെങ്ങനെയാണ്? എന്തൊക്കെയാണു നാം ചെയ്യുന്നത്?
നാലു ജില്ലകളിലെയും എല്ലാ ഭാഗങ്ങളിലും തന്നെ ഏതെങ്കിലുമൊരു ശുശ്രൂഷയുമായി നാം എത്തിയിട്ടുണ്ട്. അതൊരു വലിയ നേട്ടമാണ്. നമ്മുടെ സേവനം അതതു മേഖലകളില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ജനങ്ങള്‍ പൊതുവെ നമ്മെ സ്വാഗതം ചെയ്യുന്നു. നമ്മള്‍ മിഷണറിമാരാണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് അവര്‍ നമ്മെ സ്വീകരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ ഭാഗത്തുനിന്ന് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകുന്നില്ല. സുവിശേഷം പറയാനും നമുക്ക് അവസരങ്ങള്‍ ലഭിക്കുന്നു.

ഉജ്ജൈനും പരിസരപ്രദേശങ്ങളും ഹൈന്ദവ മതാത്മകത നിറഞ്ഞു നില്‍ക്കുന്ന സ്ഥലങ്ങളാണ്. തീര്‍ത്ഥാടനനഗരമാണ്. അതിനാല്‍ ജനങ്ങളെല്ലാം വളരെയധികം മതാത്മകതയുള്ളവരുമാണ്. അതിനാല്‍ മതംമാറ്റത്തെക്കുറിച്ചൊന്നും അവര്‍ ചിന്തിക്കാറില്ല. എന്നാല്‍ നാം സുവിശേഷം നല്‍കുന്നതിന്‍റെ ഗുണം ആളുകളുടെ ജീവിതത്തിലുണ്ട്. ഉജ്ജൈനില്‍ നമ്മള്‍ നടത്തുന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ ചുരുങ്ങിയത് 30,000 ആളുകള്‍ പങ്കെടുക്കാറുണ്ട്. ഹൈന്ദവരായ ആളുകള്‍ വരിയായി നിന്ന് പള്ളിയില്‍ കയറി മെഴുകുതിരി കത്തിച്ചു പുല്‍ക്കൂടിനു മുമ്പില്‍ നിന്നു പ്രാര്‍ത്ഥിച്ചു പോകുന്നു. കുറെ വര്‍ഷങ്ങളായി നടന്നു വരുന്ന പാരമ്പര്യമാണിത്. യാതൊരു അസ്വസ്ഥതയും ഉണ്ടാകാറില്ല. ഉജ്ജൈന്‍ നഗരത്തില്‍ 200 ക്രിസ്ത്യന്‍ കുടുംബങ്ങളേ സ്ഥിരമായിട്ടുള്ളൂ. എന്നാല്‍ കത്തീഡ്രല്‍ പള്ളിയില്‍ മുഴുവന്‍ സമയവും ധാരാളം പേര്‍ വന്നിരുന്നു പ്രാര്‍ത്ഥിക്കാറുണ്ട്. പള്ളിയില്‍ കാനോനനമസ്കാരസമയത്ത് സ്ഥിരമായി വരുന്ന ഹൈന്ദവരായ ചില ആളുകളുണ്ട്. ഹിന്ദിയിലാണ് പ്രാര്‍ത്ഥനകളെല്ലാം. ഒരാളോടു ഞാന്‍ ചോദിക്കുകയും ചെയ്തു, പ്രാര്‍ത്ഥനകള്‍ വല്ലതും മനസ്സിലാകുന്നുണ്ടോ എന്ന്. തമ്പുരാനോടുള്ള പ്രാര്‍ത്ഥനയല്ലേ മനസ്സിലാകും, വലിയ സമാധാനവും ലഭിക്കുന്നുണ്ട് എന്നായിരുന്നു അയാളുടെ മറുപടി.

? ഇത്തരത്തിലുള്ള സുവിശേഷമേകലിന് എല്ലായിടത്തും നമ്മുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കേണ്ടതുണ്ട്, അല്ലേ?
അതെ. നമ്മള്‍ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. രൂപതയുടെയും സന്യാസസഭകളുടെയും വകയായി 42 സ്കൂളുകള്‍ നടത്തുന്നു. 17 എണ്ണം പട്ടണങ്ങളിലാണ്. ബാക്കിയെല്ലാം ഗ്രാമങ്ങളിലും. ആ സ്ഥാപനങ്ങളെല്ലാം വളരെ മൂല്യവത്തായ സേവനം ചെയ്യുന്നവയാണ്. അച്ചന്മാരും കന്യാസ്ത്രീകളും സൗജന്യമായി ജോലി ചെയ്യുന്നതുകൊണ്ടു മാത്രം കഷ്ടി നടന്നു പോകുന്നവയാണ് ഈ സ്ഥാപനങ്ങളെല്ലാം. അവയുടെയെല്ലാം സ്വാധീനം വളരെയേറെയാണ്. ഭാവിതലമുറയെ വളര്‍ത്തിക്കൊണ്ടു വരാന്‍ നമുക്കു സാധിക്കുന്നു. ഗ്രാമങ്ങളിലെ ചെറിയ ബോര്‍ഡിംഗുകളും വലിയ സേവനം ചെയ്യുന്നു.

? സ്ഥാപനവത്കരണത്തിനെതിരായ പൊതുവിമര്‍ശനത്തിന്‍റെ ഒരു മറുപുറമായി ഇതിനെ കാണാമോ?
അതെ. ഇതൊന്നും ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളേയല്ല. നാം പണം അങ്ങോട്ടു കൊടുക്കേണ്ട സ്ഥിതിയാണ് ഗ്രാമങ്ങളിലെ സ്ഥാപനങ്ങള്‍ക്കെല്ലാം. തികച്ചും സേവനം തന്നെയാണിതെല്ലാം. ആളുകള്‍ക്കതറിയുകയും ചെയ്യാം. ഈ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ പെണ്‍കുട്ടികള്‍ പഠിക്കാന്‍ തയ്യാറാകുകയില്ലായിരുന്നു.

? സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിന്‍റെ മാറ്റം സമൂഹത്തില്‍ ഉണ്ടാകുന്നുണ്ടോ?
വലിയ മാറ്റമാണ് ഉണ്ടാകുന്നത്. സ്ത്രീകള്‍ക്കിടയിലുണ്ടായ മാറ്റം അത്ഭുതകരമെന്നു പറയണം. നമ്മുടെ സ്വയംസഹായ ഗ്രൂപ്പുകളില്‍ നിന്നുള്ള ഒരുപാടു സ്ത്രീകള്‍ പഞ്ചായത്തു ഭരണസമിതികളിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു. അവരിലെ നിരവധി സ്ത്രീകള്‍ സര്‍പഞ്ചുമാരായും മറ്റും ഇപ്പോള്‍ സേവനം ചെയ്യുന്നുണ്ട്. അവര്‍ക്കു പ്രത്യേക പരിശീലനവും നാം നല്‍കുന്നുണ്ട്.

? തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നവര്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗമായിരിക്കില്ലേ?
കുറെ പേര്‍ രാഷ്ട്രീയമില്ലാതെയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗമായും ചിലര്‍ മാറിയിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിലൊക്കെ ഇടപെടുന്നുണ്ട്. ഈ ഗ്രൂപ്പുകളെയും നേതാക്കളെയും വിലയ്ക്കെടുക്കാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നുണ്ട്. ആ നിലയ്ക്കുള്ള വെല്ലുവിളികള്‍ തീര്‍ച്ചയായും ഉണ്ട്.

? ഇന്‍ഡോറില്‍ ഗ്രാമീണര്‍ നേരിടുന്ന ചൂഷണമില്ലാതാക്കാന്‍ ശ്രമിച്ചപ്പോഴാണല്ലോ സി.റാണി മരിയ പ്രശ്നങ്ങള്‍ നേരിട്ടത്. ഇവിടെയും ഗ്രാമങ്ങളില്‍ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന രീതി നിലനില്‍ക്കുന്നുണ്ടോ?

അതുണ്ട്. ഗ്രാമങ്ങളില്‍ സേവനം ചെയ്തു തുടങ്ങുമ്പോള്‍ നിക്ഷിപ്ത താത്പര്യക്കാരുടെ ഭാഗത്തുനിന്ന് നല്ല ചെറുത്തുനില്‍പ് ഉണ്ടാകും. അതുകൊണ്ട് അതെല്ലാം വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട കാര്യവുമാണ്. നമ്മള്‍ മുമ്പില്‍നിന്നു കാര്യങ്ങള്‍ ചെയ്താല്‍ അപകടമാണ്. പക്ഷേ വിവിധ ഗ്രൂപ്പുകളിലെ വനിതാനേതാക്കളെ മുമ്പില്‍ നിറുത്തിയാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍. ഒരിടത്ത് ജലസേചന പ്രശ്നമുണ്ടായപ്പോള്‍ നമ്മുടെ വനിതാനേതാക്കള്‍ മുന്നിട്ടിറങ്ങി, സമരം ചെയ്തു പരിഹാരമുണ്ടാക്കി. അതിലൊക്കെ നമ്മള്‍ നേരിട്ടിറങ്ങിയാല്‍ മറ്റൊരു രീതിയിലാകും വരിക. ഇന്നലെ ഞാന്‍ പങ്കെടുത്ത വനിതാസമ്മേളനത്തിലെ ഒരു മുഖ്യചര്‍ച്ചാവിഷയം വിവാഹമായിരുന്നു. പെണ്‍കുട്ടികളെ തീരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിപ്പിക്കുന്നതിനെതിരെ അവരുടെ ഇടയില്‍ നിന്നു തന്നെ ശക്തമായ വികാരം ഉയര്‍ന്നു വന്നിട്ടുണ്ടെന്നു ചര്‍ച്ചകളില്‍ നിന്നു മനസ്സിലായി. ഇത്തരത്തില്‍ ക്രൈസ്തവമായ, സുവിശേഷാത്മകമായ മൂല്യങ്ങള്‍ ഇവിടെയെല്ലാം നല്‍കാന്‍ കഴിയുന്നു എന്നതു വലിയൊരു നേട്ടമാണ്. നല്ല സ്ഥിരതയോടെ, പ്രാര്‍ത്ഥിച്ചും വിവേകപൂര്‍വവും മുന്നോട്ടു പോയാല്‍ ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.

? ശൈശവവിവാഹം പോലുള്ള കാര്യങ്ങളില്‍ മാറ്റം വരുന്നുണ്ടോ?
വലിയ മാറ്റം വരുന്നുണ്ട്. വിദ്യാഭ്യാസം നല്‍കുന്നതനുസരിച്ചു നന്നായി മാറുന്നുണ്ട്. സോഷ്യല്‍ വര്‍ക്കിന്‍റെ രൂപതാ ഡയറക്ടറച്ചന് ഉജ്ജൈന്‍ ജില്ലയിലെ ചൈല്‍ഡ് ലൈനിന്‍റെ ചുമതലയുണ്ട്. അതുമായി ബന്ധപ്പെട്ട് ഒരുപാടു കാര്യങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ സാധിക്കുന്നുണ്ട്. ചില ജാതികളില്‍ ഇപ്പോഴും സ്ത്രീകളെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. പക്ഷേ അവര്‍ക്കിടയിലും സിസ്റ്റര്‍മാര്‍ക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്. നമ്മുടെ സിസ്റ്റര്‍മാര്‍ ഈ മേഖലയില്‍ വലിയ സേവനം ചെയ്യുന്നു. കേരളത്തിലെ പ്രധാന സന്യാസസമൂഹങ്ങളെല്ലാം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമങ്ങളിലെ സേവനം വളരെ ബുദ്ധിമുട്ടേറിയ ജോലിയാണ്. സ്ഥാപനങ്ങളിലെ ജോലി കുറെക്കൂടി എളുപ്പമാണ്.

? ബിജെപി കഴിഞ്ഞ ഒന്നര ദശകമായി തുടര്‍ച്ചയായി മധ്യപ്രദേശ് ഭരിക്കുകയാണല്ലോ. അത് എങ്ങനെയാണു ബാധിക്കുന്നത്?

നമ്മുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം കുറഞ്ഞിട്ടുണ്ട്. എപ്പോഴും അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമുണ്ട്. സഭ അവരുടെ ഒരു സ്ഥിരം ലക്ഷ്യമാണ്. എളുപ്പമുള്ള ഇരയാണ് നമ്മളവര്‍ക്ക്. നമ്മെ ഉപദ്രവിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു സംവിധാനം ഇവിടെയുണ്ട് എന്നത് മനസ്സിന് അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വസ്തുതയാണ്. കേസുകളും നിയമനടപടികളുമൊക്കെ ഏതു നിമിഷവും വരാം. പരോക്ഷമായ ഒരു അധിക്ഷേപപ്രവണത നിലനില്‍ക്കുന്നു. നമ്മുടെ സ്കൂളുകളും ഭൂമിയും ഗ്രാമീണസേവനവുമൊക്കെ എപ്പോള്‍ വേണമെങ്കിലും പ്രശ്നങ്ങളിലാകാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ പോലീസുകാരോ ഒക്കെ നമുക്കു വേണ്ടി ഇടപെടാന്‍ മടിക്കും. ഉദാഹരണത്തിന് 1961 മുതല്‍ നാം വാങ്ങി ഉപയോഗിച്ചു വരുന്ന ബിഷപ്സ് ഹൗസും കത്തീഡ്രലും ആശുപത്രിയും സ്കൂളുമൊക്കെയിരിക്കുന്ന ഈ സ്ഥലം തന്നെ ഇപ്പോള്‍ തര്‍ക്കത്തിലാക്കിയിരിക്കുന്നു. എല്ലാ രേഖകളും നമുക്കുണ്ട്. നമ്മെ ഉപദ്രവിക്കുകയാണു ഉദ്ദേശ്യമെന്ന് എല്ലാവര്‍ക്കുമറിയാം. നമ്മുടെ മുഖ്യ ആസ്ഥാനത്തു വന്നു തന്നെ നമ്മെ ശല്യം ചെയ്യാന്‍ തങ്ങള്‍ തയ്യാറാണ് എന്ന സൂചനയാണ് പരോക്ഷമായി അവര്‍ നല്‍കുന്നത്. ഇതുകൊണ്ട് നമ്മുടെ മനസ്സ് സദാ അസ്വസ്ഥമായിരിക്കും. ഒരു കേസുണ്ടായാല്‍ അതിനു പുറകെ നടക്കണമല്ലോ. സ്കൂളുകളില്‍ ബാലപീഢനനിയമം പോലുള്ളവയെ ദുരുപയോഗിക്കാന്‍ ശ്രമങ്ങളുണ്ടാകുന്നുണ്ട്. മതാനുഷ്ഠാനങ്ങള്‍ സ്കുളുകളില്‍ നടത്തണമെന്നു നിര്‍ബന്ധിക്കുന്ന സ്ഥിതിയുണ്ട്. അങ്ങനെയൊരന്തരീക്ഷം ഉണ്ടാകുന്നുണ്ട്.

? എങ്ങനെയാണ് ഇതിനെ നേരിടുക?
എല്ലാത്തിനുമെതിരെ കേസ് കൊടുത്തും നിയമപരമായി നേരിട്ടും നമുക്കു മുന്നോട്ടു പോകാനാകില്ല. നല്ല വ്യക്തിബന്ധങ്ങളിലൂടെ പ്രശ്നങ്ങള്‍ രമ്യമായി തീര്‍ക്കുക തന്നെയാണ് കരണീയം. ശാന്തമായി പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനാണ് നമ്മള്‍ ശ്രമിക്കുന്നത്. മതാന്തര സംഭാഷണത്തിനു നാം മുന്‍ഗണന നല്‍കുന്നുണ്ട്. ഇവിടത്തെ മതനേതാക്കളുമായി നമുക്കു നല്ല ബന്ധങ്ങളുണ്ട്. കുംഭമേള നടക്കുന്ന സ്ഥലമാണല്ലോ. അതില്‍ നാം സേവനം ചെയ്യാറുണ്ട്. നമ്മുടെ പരിപാടികള്‍ക്ക് അവരെ ക്ഷണിക്കുകയും ചെയ്യാറുണ്ട്. നല്ല മതനേതാക്കളില്‍ ഭൂരിപക്ഷവും ധാര്‍മ്മികബോധം സൂക്ഷിക്കുന്നവരാണ്. അതില്‍ രാഷ്ട്രീയം കടന്നു വരുമ്പോള്‍ മാത്രമാണ് പ്രശ്നമാകുന്നത്.

? ഇക്കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ഏറ്റവും സംതൃപ്തി നല്‍കുന്ന ഓര്‍മ്മകള്‍ എന്താണ്?
ഗ്രാമീണ കൂട്ടായ്മകളുമായുള്ള ബന്ധമാണ് ഏറ്റവും സംതൃപ്തി പകരുന്ന ഒരു കാര്യം. ഈ സംഘങ്ങള്‍ വഴി നമുക്കെല്ലായിടത്തേയ്ക്കും കടന്നുചെല്ലാന്‍ സാധിച്ചു. എയ്ഡ്സ് ബാധിതരായ കുഞ്ഞുങ്ങള്‍ക്കു വേണ്ടി വളരെ കാര്യക്ഷമമായ പ്രവര്‍ത്തനം നാം നടത്തുന്നുണ്ട്. മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കുവേണ്ടി 14 സ്ഥലങ്ങളില്‍ നാം സേവനം ചെയ്യുന്നുണ്ട്. അതു ഭംഗിയായി നടക്കുന്നു. അങ്ങനെ നിരവധി സേവനങ്ങളുണ്ട്. അതെല്ലാം നമുക്കു വലിയ സംതൃപ്തി പകരുന്ന കാര്യങ്ങളാണ്. നാം സഹായിച്ചില്ലെങ്കില്‍ മറ്റാരും സഹായിക്കാന്‍ ഇടയില്ലാത്ത ആളുകളാണ് ഇവര്‍. ഈ കാര്യം സമൂഹത്തിന് അറിയുകയും ചെയ്യാം. അനേകം നല്ല മനുഷ്യര്‍ ഇതിലൂടെ നമ്മുടെ സദുദ്ദേശ്യം മനസ്സിലാക്കി നമ്മെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

? ഏറ്റവും ദുഃഖകരമോ അല്ലെങ്കില്‍ വെല്ലുവിളിയുണര്‍ത്തിയതോ ആയ കാര്യങ്ങള്‍ എന്തായിരുന്നു?
ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിട്ടുണ്ട്. നമ്മുടെ യാതൊരു കുറ്റവും കൊണ്ടല്ലാതെ അച്ചന്മാര്‍ക്കും സിസ്റ്റര്‍മാര്‍ക്കും എതിരെ കള്ളക്കേസുകളെടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്കെതിരേ കേസുകളുണ്ടാകാറുണ്ട്. അതെല്ലാം വേദനാജനകമായ സംഭവങ്ങളാണ്. പക്ഷേ ദൈവാനുഗ്രഹത്താല്‍ ഇതിനെയെല്ലാം നേരിട്ടു മുന്നോട്ടു പോകാന്‍ സാധിക്കുന്നുണ്ട്. മിഷണറിമാര്‍ ഒന്നിച്ചു നിന്നാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത്. മിഷണറിമാരുടെ ഐക്യവും ആത്മാര്‍ത്ഥതയും വലിയ സഹായമാണ്.

? ജോണ്‍ പെരുമറ്റം പിതാവിനെയും ആദ്യകാല മിഷണറിമാരെയുമൊക്കെ എങ്ങനെയോര്‍ക്കുന്നു?
പല തലമുറകളില്‍പെട്ട മിഷണറിമാരുണ്ട് എന്നതാണ് ഞങ്ങള്‍ക്കുള്ള വലിയൊരു ഗുണം. ഫാ. ഫ്രാന്‍സിസ് കണ്ടത്തില്‍, ഫാ. പോള്‍ നായ്ക്കരക്കുടിയില്‍ എന്നിവര്‍ പെരുമറ്റം പിതാവിനു മുമ്പു തന്നെ ഇവിടെ വന്നവരാണ്. 48 വര്‍ഷത്തോളം ഇവിടെ ജോലി ചെയ്ത കണ്ടത്തിലച്ചന്‍ രണ്ടു വര്‍ഷം മുമ്പു മരണമടഞ്ഞു. ഇവിടെ തന്നെ മൃതസംസ്കാരം നടത്തി. നായ്ക്കരക്കുടിയിലച്ചന്‍ കഴിഞ്ഞ വര്‍ഷം മരിച്ചു. ജോണ്‍ പ്ലാക്കീലച്ചന്‍ ആരംഭകാലം മുതല്‍ ഇവിടെ ജോലി ചെയ്ത് രൂപത പടുത്തുയര്‍ത്താന്‍ യത്നിച്ച മറ്റൊരു മിഷണറിയാണ്. ഫാ. അഗസ്റ്റിന്‍ പുത്തന്‍പുരയാണ് ഞാന്‍ വന്നപ്പോള്‍ വികാരി ജനറാളായത്. അച്ചന്‍ സജീവസേവനത്തില്‍ നിന്നു വിരമിച്ച് ഇപ്പോള്‍ കേരളത്തിലുണ്ട്. ഇങ്ങനെ സീനിയറായ നിരവധി അച്ചന്മാര്‍ നമുക്കുണ്ട്. പ്രേഷിത തീക്ഷ്ണത നിറഞ്ഞു നിന്ന വലിയ മിഷണറിമാര്‍. അവരുടെ മാതൃകകള്‍ ഞങ്ങളെ മുന്നോട്ടു നയിക്കുന്നു. എംഎസ്ടി സഭയുടെ വലിയ പിന്തുണയും രൂപതയ്ക്കുണ്ടല്ലോ. ഇപ്പോള്‍ രൂപതാവൈദികര്‍ തന്നെ അമ്പതു പേരുണ്ട്. മേജര്‍ സെമിനാരിയും സിസ്റ്റര്‍മാരുടെ പരിശീലനകേന്ദ്രങ്ങളും ഇവിടെ സ്ഥാപിച്ചു. ഭാഷ ആരംഭകാലം മുതല്‍ തന്നെ ഹിന്ദിയായിരുന്നു. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഇതൊക്കെ വലിയ അത്ഭുതമാണ്. പെരുമറ്റം പിതാവും ആദ്യകാലമിഷണറിമാരും ഹിന്ദി ഔപചാരികമായി പഠിച്ചവരായിരുന്നില്ല. പക്ഷേ വന്ന്, ഭാഷ പഠിച്ച്, ആരാധനക്രമമുള്‍പ്പെടെ ഹിന്ദിയിലാക്കി സേവനമാരംഭിച്ചു. ഇന്നുപോലും എല്ലാത്തിനും ഹിന്ദി പരിഭാഷകളുണ്ടാക്കുക എന്നത് വെല്ലുവിളിയാണ്. അപ്പോള്‍ അന്നത്തെ കാര്യം പറയേണ്ടല്ലോ.

? ദൈവവിളികളുടെ സ്ഥിതിയെന്താണ്?
ദൈവവിളികളുടെ കാര്യത്തില്‍ വെല്ലുവിളികളുണ്ട്. തദ്ദേശ ദൈവവിളികള്‍ ലഭിക്കാനുള്ള സാദ്ധ്യതയിപ്പോഴില്ല. കേരളത്തില്‍ മാതൃസഭയില്‍ നിന്നാണു നമുക്കു ദൈവവിളികള്‍ കിട്ടേണ്ടത്. ഈ വര്‍ഷം 3 പേര്‍ പൗരോഹിത്യം സ്വീകരിച്ചു. പക്ഷേ അടുത്ത വര്‍ഷം ആരുമില്ല. ദൈവവിളികള്‍ ലഭിക്കേണ്ടതുണ്ട്. അല്മായ മിഷണറിമാരുടെ സഹകരണമാണ് നമ്മുടെ മിഷന്‍ ഇനി വളര്‍ന്നു വരാനുള്ള ഒരു പ്രധാനമാര്‍ഗം എന്നു തോന്നുന്നുണ്ട്.

? ഈ സാഹചര്യത്തില്‍ മാതൃസഭയോട് എന്താണു പറയാനുള്ളത്?
മിഷന്‍ നമ്മുടെ പൊതുവിളിയാണ്, എല്ലാവരുടെയും ദൗത്യമാണ് എന്ന ചിന്ത ജനങ്ങള്‍ക്കുണ്ടാകണം. മിഷനില്‍ നിന്നുള്ള കുറെ പേരെ ഏല്‍പിച്ച് അവര്‍ നമുക്കു വേണ്ടി ജോലി ചെയ്തുകൊള്ളും എന്നു പറയുന്നത് ക്രൈസ്തവചിന്തയുമല്ല, സഭയുടെ കാഴ്ചപ്പാടുമല്ല. പ്രേഷിതദൗത്യമെന്നത് സഭയുടെ ദൗത്യമാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുതല്‍ നാം നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ അതിപ്പോഴും ജനമനസ്സില്‍ വേരാഴ്ത്തിയിട്ടില്ല.

? പക്ഷേ കേരളസഭയെ കുറിച്ചു പറയുന്നത് മിഷന്‍ തീക്ഷ്ണതയുള്ള സഭയാണെന്നാണ്…
ഉണ്ട്. ഇല്ലെന്നു പറയുന്നില്ല. പക്ഷേ അടുത്ത കാലത്തായി കാണുന്ന ഒരു പ്രവണത മിഷണറിമാരെ അയയ്ക്കുന്നതില്‍ നമ്മുടെ ഉത്തരവാദിത്വം തീര്‍ന്നു പോകുന്നു എന്നതാണ്. മിഷനില്‍ പ്രശ്നങ്ങളുണ്ടാകുന്നു എന്നു കാണുമ്പോള്‍ മിഷനിലേയ്ക്കു ആളുകളെ അയയ്ക്കേണ്ട എന്നാണ് ആദ്യം ചിന്തിക്കുന്നത്. വെല്ലുവിളികള്‍ വരുമ്പോള്‍ കൂടുതല്‍ ഉത്സാഹത്തോടെ പോകാനുള്ള തന്‍റേടമാണല്ലോ നാം കാണിക്കേണ്ടത്. വൈദികരേയും സിസ്റ്റേഴ്സിനെയും പോലെ അല്മായരും പ്രേഷിതമേഖലകളിലേയ്ക്കു കടന്നു വരികയാണ് ഇപ്പോള്‍ ആവശ്യം. അദ്ധ്യാപകരായും മറ്റും ജോലി ചെയ്യുന്നവരുടെ കുടുംബങ്ങള്‍ ഇവിടെ നല്ല സേവനം ചെയ്യുന്നുണ്ട്. അവര്‍ ജോലി ചെയ്തു സ്വന്തം കുടുംബങ്ങള്‍ പുലര്‍ത്തുന്നു, ഒപ്പം നല്ല ക്രൈസ്തവജീവിതം നയിക്കുന്നതിലൂടെ സമൂഹത്തിനു നല്ല സാക്ഷ്യവും നല്‍കുന്നു. അങ്ങനെ കുടുംബങ്ങളായി മിഷനുകളില്‍ വന്നു താമസിച്ചു ജോലി ചെയ്യുന്നത് ഒരു മിഷണറി പ്രവര്‍ത്തനം തന്നെയാണ്. വല്ലപ്പോഴും ഒരു മാസം വന്നു പോകുന്നവരുണ്ട്. അതുകൊണ്ട് അവര്‍ക്കൊരു പ്രചോദനം കിട്ടുമായിരിക്കും. അതു നല്ലതുതന്നെ. അതുപോലെ ഒന്നോ രണ്ടോ വര്‍ഷം വന്നു ജോലി ചെയ്തു പോകുന്നവരും വരണം. വിരമിച്ച ആളുകള്‍ക്ക് ഈ മേഖലയിലേയ്ക്കു വരാം. നല്ല ആ രോഗ്യവും വിദ്യാഭ്യാസയോഗ്യതകളും ഒക്കെയുള്ളവര്‍ക്ക് ജോലിയില്‍ നിന്നു വിരമിച്ച ശേഷം മൂന്നോ നാലോ വര്‍ഷം മിഷനുകളില്‍ വന്നു സേവനം ചെയ്യാം. ഇത്തരം ആളുകളെ കിട്ടാന്‍ സഭ പരിശ്രമിക്കുന്നുണ്ട്. അല്മായ മിഷണറി പങ്കാളിത്തം വളരെ നല്ലതാണ്. ഫിയാത്ത് മിഷനും ജീസസ് യൂത്തും ഒക്കെ അങ്ങനെ വളരെ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

പാലാ, മാനന്തവാടി തുടങ്ങിയ രൂപതകളിലെ മിഷന്‍ ലീഗ് ശാഖകള്‍ ഉജ്ജൈനിലെ ചില മിഷന്‍ ഗ്രാമങ്ങളെ സ്ഥിരമായി സഹായിക്കുന്നുണ്ട്. ഇതുപോലെ ഇടവകകളും വിചാരിച്ചാല്‍ പറ്റും. കേരളത്തില്‍ ഒരു പള്ളിയുണ്ടാക്കാന്‍ നാലഞ്ചു കോടി രൂപയെങ്കിലും മുടക്കുന്നുണ്ടല്ലോ. ഇവിടെ പത്തുപതിനഞ്ചു ലക്ഷം മുടക്കിയാല്‍ നല്ല പള്ളിയുണ്ടാക്കാം. അവിടെ ഒരു പള്ളി പണിയുമ്പോള്‍ മിഷനിലും ഒരു പള്ളി പണിയണമെന്ന ചിന്തയുണ്ടായാല്‍ അതു പ്രായോഗികമാണ്, വലിയ സദ്ഫലങ്ങളുണ്ടാക്കുകയും ചെയ്യും. അതുപോലെ നമ്മള്‍ ഒരു വീടു പണിയുമ്പോള്‍ മിഷനില്‍ ഒരു വീടു പണിയാന്‍ സഹായിക്കും എന്നു വിചാരിക്കാമല്ലോ. മൂന്നോ നാലോ ലക്ഷം രൂപയുണ്ടെങ്കില്‍ ഇവിടെ ഒരു വീടുണ്ടാക്കാം. ഇതൊക്കെ ഒറ്റപ്പെട്ട നിലയില്‍ നടക്കുന്നുണ്ട്. പക്ഷേ ഇതൊരു മുന്നേറ്റമായി മാറണം. മിഷനിലെ ആവശ്യങ്ങള്‍ ചെറുതാണ്. കേരളത്തിലെ ഇടവകപ്പള്ളികളെ സംബന്ധിച്ച് ഒരു മിഷന്‍ ഇടവകയിലെ ഒരാവശ്യം നിറവേറ്റുക ഒരു പ്രശ്നമേയല്ല. ഈ രംഗത്തു മാറ്റം വരണം.

? കേരളത്തിലെ സഭാനേതൃത്വത്തില്‍ നിന്ന് അതിനുള്ള പ്രോത്സാഹനം നല്‍കുന്നുണ്ടോ?
നല്‍കുന്നുണ്ട്. സിനഡ് നിരവധി പ്രാവശ്യം ഇതൊക്കെ പറഞ്ഞിട്ടുണ്ട്. മിഷന്‍ പ്രദേശങ്ങളിലേയ്ക്ക് ഇടവകകളില്‍ നിന്നുള്ള സന്ദര്‍ശകസംഘങ്ങള്‍ വന്നു പോയി, കണ്ടു കേട്ടു കഴിഞ്ഞാല്‍ തന്നെ വലിയ മാറ്റം വരും. ഇപ്പോള്‍ യാത്രയൊന്നും പഴയ പോലെ ബുദ്ധിമുട്ടല്ലല്ലോ. തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയിലെ ബ്രദേഴ്സ് ഇവിടെ സ്ഥിരമായി വരുന്നുണ്ട്. അതിന്‍റെ ഗുണവുമുണ്ട്. മിഷനിലെ ജീവിതം പരിചയിക്കുന്ന അവര്‍ വൈദികരായി കഴിയുമ്പോള്‍ മിഷനെ സഹായിക്കാനുള്ള സന്നദ്ധതയും കൂടുതലായിരിക്കും. ചില സന്യാസസഭകള്‍ ഒരു വര്‍ഷത്തെ റീജന്‍സിയ്ക്കു വൈദികവിദ്യാര്‍ത്ഥികളെ വിടുന്നുണ്ട്. അത് അവരില്‍ വലി യ ആഭിമുഖ്യമാറ്റങ്ങള്‍ സൃഷ്ടിക്കും. കേരളത്തില്‍നിന്ന് ഒന്നു മാറി നിന്നാലേ ഈ ലോകം എന്താണെന്നു മനസ്സിലാകുകയുള്ളൂ. മിഷനിലേയ്ക്കുള്ള യാത്രകള്‍ കേരളസഭ പ്രോത്സാഹിപ്പിക്കണം.

? കേരളസഭയെ പുറമെ നിന്നു നോക്കുമ്പോള്‍ എന്താണു പറയാനുള്ളത്?
കേരളസഭയുടെ ആകുലതകളും വ്യാകുലതകളും മറ്റെന്തൊക്കെയോ ആണ് എന്നെനിക്കു തോന്നാറുണ്ട്. വിശ്വാസം ഉപരിതലത്തില്‍ മാത്രം നില്‍ക്കുകയാണ്. വേറെ നൂറു തത്രപ്പാടുകളിലാണു നാം. വിശ്വാസം, വിശ്വാസത്തിന്‍റെ പങ്കുവയ്പ്, നല്ല കുടുംബജീവിതം കെട്ടിപ്പടുക്കുക തുടങ്ങിയ കാര്യങ്ങളിലൊക്കെ ശ്രദ്ധ കുറവാണ്. ജീവിതസൗകര്യങ്ങളും സാമ്പത്തികവും ഉയര്‍ന്നപ്പോള്‍ ചിന്തകള്‍ മാറിപ്പോയോ എന്നെനിക്കു സംശയമുണ്ട്. ഒരു തിരിഞ്ഞുനോട്ടം ആവശ്യമാണെന്നു ഞാന്‍ കരുതുന്നു. ഒരു സമൂഹമെന്ന നിലയ്ക്ക് ഒന്നിച്ചു നില്‍ക്കാനും ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ സമാനമനസ്കരായ മറ്റു സമുദായങ്ങളുമായി ചേര്‍ന്നു നേരിടാനും നാം തയ്യാറാകണം. ഇന്ത്യ ഇന്നു വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സാമൂഹ്യതലത്തിലും രാഷ്ട്രീയതലത്തിലും നല്ല നേതാക്കള്‍ ഉണ്ടായി വരേണ്ടതുണ്ട്.

? ഉജ്ജൈന്‍ രൂപതയുടെ ഭാവിയെ സംബന്ധിച്ച് എന്തൊക്കെയാണു പ്രതീക്ഷകള്‍, പദ്ധതികള്‍?
സഭയ്ക്കു നാം അടിത്തറ പാകിയിട്ടുണ്ട്. ഇവിടെ ഈ സമൂഹത്തില്‍ ഉപ്പായും പ്രകാശമായും നില്‍ക്കാനുള്ള വിളിയാണ് ഒരു പരിധി വരെ നമുക്കുള്ളത്. കൂടുതല്‍ സഭാംഗങ്ങളുണ്ടാകുമോ, കൂടുതല്‍ പേര്‍ വിശ്വാസത്തിലേയ്ക്കു വരുമോ എന്നുള്ളതൊക്കെ ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമാണ്. അതു ദൈവത്തിനു വിട്ടുകൊടുക്കുന്നു. നമ്മുടെ സാന്നിദ്ധ്യത്തിനു വലിയ മൂല്യമുണ്ട്. കാരണം നമ്മുടെ സാന്നിദ്ധ്യമെന്നത് കര്‍ത്താവിന്‍റെ സാന്നിദ്ധ്യം തന്നെയാണ്. ഉജ്ജൈന്‍ ഏതാണ്ട് ഇന്ത്യയുടെ മദ്ധ്യഭാഗമാണ്. ഹൃദയം എന്നു പറയാം. ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും അങ്ങനെ പറയാം. അവിടെ കര്‍ത്താവിന്‍റെ സാന്നിദ്ധ്യമുണ്ടായിരിക്കുക എന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് മൂല്യവത്താണ്, പ്രസക്തമാണ്. അതു സജീവമായി നിറുത്താന്‍ നമുക്കു സാധിക്കേണ്ടതുണ്ട്. കാലാനുസൃതമായി നാം മാറേണ്ടതുണ്ടാകാം. കഴിഞ്ഞ കാലത്തിന്‍റെ രീതികളും ശൈലികളുമായിരിക്കില്ല ഇനിയാവശ്യം. കാലത്തിന് അനുസരിച്ചു നാം മാറുകയും വേണം. ഗ്രാമങ്ങളിലുള്ള പ്രവര്‍ത്തനവും മാധ്യമരംഗത്തെ ഈശ് വാണി ചാനല്‍ പോലുള്ള പുതുസംരംഭങ്ങളും ഇങ്ങനെ നാം കാലമറിഞ്ഞു വരുത്തിയിരിക്കുന്ന മാറ്റങ്ങളുടെ ഭാഗമാണ്. സ്ഥാപനങ്ങള്‍ മാത്രം പോരാ അതിന്. ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നതുപോലെ സമൂഹത്തിന്‍റെ അരികുകളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാന്‍ നാം തയ്യാറാകേണ്ടതുണ്ട്.

? ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രബോധനങ്ങളും മാതൃകയും എങ്ങനെയാണു സ്വാധീനിക്കുന്നത്?
ശക്തമായ പ്രചോദനാത്മകമായ സ്വാധീനമാണ്, മിഷനെ സംബന്ധിച്ചു പാപ്പാ നല്‍കുന്നത്. ജനങ്ങളുടെ കൂടെയായിരിക്കുക, അവരുടെ മണമുണ്ടായിരിക്കുക എന്നെല്ലാം പാപ്പ പറയുന്നത് മിഷന്‍റെ സങ്കല്‍പമാണ്. ഒരു മൂന്നാം ലോകരാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ജീവിച്ചതിന്‍റെ അനുഭവങ്ങളില്‍ നിന്നാണദ്ദേഹമതു പറയുന്നത്. ഞങ്ങളെ സംബന്ധിച്ചു വളരെ സ്വീകാര്യമാണത്.

പാലാ രൂപതയിലെ വിളക്കുമാടം ഇടവകാംഗമാണ് ബിഷപ് സെബാസ്റ്റ്യന്‍ വടക്കേല്‍. ഇടവകയിലെ മിഷണറി വൈദികരുടെ മാതൃകയും മിഷന്‍ ലീഗിലെ സജീവ പ്രവര്‍ത്തനവുമാണ് ഒരു മിഷണറി വൈദികാനാകുകയെന്ന ചിന്ത അദ്ദേഹത്തിലുണര്‍ത്തിയത്. അങ്ങനെ എംഎസ്ടി സഭയുടെ മൈനര്‍ സെമിനാരിയിലെ ആദ്യബാച്ചില്‍ തന്നെ അംഗമായി. മംഗലാപുരം സെമിനാരിയിലായിരുന്നു തുടര്‍പഠനം. പൗരോഹിത്യം സ്വീകരിച്ച ശേഷം മൂന്നു വര്‍ഷം എംഎസ് ടി മൈനര്‍ സെമിനാരിയില്‍ സേവനം ചെയ്തു. റോമില്‍ ഉപരിപഠനം നടത്തി. തുടര്‍ന്നു മിഷനില്‍ സേവനമാരംഭിച്ചു. ഒപ്പം വടവാതൂര്‍ ഉള്‍പ്പെടെയുള്ള സെമിനാരികളില്‍ പഠിപ്പിക്കുകയും ചെയ്തു പോന്നു. അഞ്ചു വര്‍ഷം ഉജ്ജൈന്‍ കത്തീഡ്രല്‍ വികാരിയായി പ്രവര്‍ത്തിച്ചു. 1993-ല്‍ എംഎസ്ടി ഡയറക്ടര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. അതിന്‍റെ കാലാവധി തീരുന്ന സമയത്ത് മാര്‍ ജോണ്‍ പെരുമറ്റം പിതാവിന്‍റെ പിന്‍ഗാമിയായി ഉജ്ജൈന്‍ രൂപതയുടെ മെത്രാനായി നിയമിതനായി.

ഉജ്ജൈന്‍ ബിഷപ്സ് ഹൗസില്‍ ഈ സംഭാഷണം തീരുമ്പോഴേയ്ക്കും ബിഷപ് ഹൗസിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പുഷ്പ സദന്‍ ആശുപത്രിയുടെ ഗേറ്റും മതിലും വര്‍ഗീയവാദികള്‍ ബുള്‍ഡോസര്‍ വച്ചു തകര്‍ത്ത് അകത്തു കയറിയെന്ന അറിയിപ്പു കിട്ടി. അരനൂറ്റാണ്ടിലേറെയായി സഭയുടെ സ്വന്തമായിരിക്കുന്ന ഭൂമിയിലാണ് പേശീബലത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ ഈ അതിക്രമം. സംഭാഷണത്തില്‍ വടക്കേല്‍ പിതാവ് സൂചിപ്പിച്ച ചില കാര്യങ്ങള്‍ കണ്‍മുമ്പില്‍ യാഥാര്‍ത്ഥ്യമാകുന്നു. കളക്ടറും എസ്പിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ചു അദ്ദേഹം പ്രശ്നം അവതരിപ്പിച്ചു. പക്ഷേ അക്രമികള്‍ ഉദ്ദേശിച്ചു വന്ന കൃത്യം ചെയ്തു തീരുന്നതിനു മുമ്പ് ഒരു പോലീസുകാരന്‍ പോലും അങ്ങോട്ടെത്തി നോക്കിയില്ല. ഗ്രാമങ്ങളിലെ നിസ്വജീവിതങ്ങളുടെ പ്രാര്‍ത്ഥനകള്‍ മാത്രമല്ല, നഗരങ്ങളിലെ വര്‍ഗീയവാദികളുടെ നിന്ദനങ്ങളും ഉത്തരേന്ത്യയിലെ മിഷണറിമാരുടെ പ്രതിഫലമാണിന്ന്. പക്ഷേ വടക്കേല്‍ പിതാവോ കൂടെയുള്ള മിഷണറിമാരോ ഒരതിരിനപ്പുറം അധീരരാകുന്നത് കാണാനായില്ല. ദൗത്യനിര്‍വഹണത്തിനിടെ വെല്ലുവിളിക്കപ്പെടുമ്പോള്‍ നിരാശരാകുകയല്ല കൂടുതല്‍ കര്‍മ്മധീരരാകുകയാണു വേണ്ടതെന്ന് അവര്‍ സ്വജീവിതം കൊണ്ട് വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org