Latest News
|^| Home -> Cover story -> ഹിന്ദുദേശീയതയും തീവ്ര മതരാഷ്ട്രീയ അജണ്ടകളും

ഹിന്ദുദേശീയതയും തീവ്ര മതരാഷ്ട്രീയ അജണ്ടകളും

Sathyadeepam

ഡോ. ആല്‍ബര്‍ട്ട് ഏബ്രാഹം
അസി. പ്രൊഫസര്‍, യൂണിവേഴ്സിറ്റി ഓഫ് ഡല്‍ഹി

ജീവശാസ്ത്രപരമായ പരിണാമപരിധികള്‍ക്കപ്പുറത്തേക്കും വളര്‍ന്ന മനുഷ്യവംശത്തിന്‍റെ സാമൂഹിക സാംസ്കാരിക പുരോഗതിയുടെ മകുടോദാഹരണങ്ങളിലൊന്നായാണ് ദേശീയബോധവും അതിന്‍റെ സൃഷ്ടിയായ രാഷ്ട്രവ്യവസ്ഥയും വാഴ്ത്തപ്പെടുന്നത്. വ്യക്തികള്‍ ചേര്‍ന്ന് രൂപംകൊള്ളുന്ന സമൂഹത്തിന് ഒരു പൊതുസ്വത്വബോധം നല്കുക മാത്രമല്ല, ചരിത്രത്തിന്‍റെ നിര്‍ണായകമായ എല്ലാ നാഴികക്കല്ലുകളും രൂപപ്പെടുത്തുന്നതിലും ദേശീയത നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അതേസമയം നാസി ദേശീയത പോലുള്ള അതിതീവ്രദേശീയ പ്രസ്ഥാനങ്ങള്‍ ചരിത്രത്തിനുതന്നെ തീരാകളങ്കവുമായിരുന്നു. ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്നഭിമാനിക്കുന്ന ഇന്ത്യയിലും തീവ്രഹിന്ദുദേശീയത അപകടകരമാംവിധം കടന്നു കയറിയിരിക്കുന്നു. ഇതിനെതിരെ ശക്തമായ ഒരു പൊതുപ്രതിരോധമൊരുക്കുക എന്നത് ഓരോ ജനാധിപത്യവിശ്വാസിയുടെയും പൗരധര്‍മ്മത്തിന്‍റെ ഭാഗമാണ്.

എന്താണ് ദേശീയത?
ഒരു പ്രദേശത്തെ ജനങ്ങളെയും സാമൂഹിക വ്യവസ്ഥിതികളെയും രാഷ്ട്രമെന്ന ഒരു കുടക്കീഴില്‍ കോര്‍ത്തിണക്കുന്ന പ്രത്യയശാസ്ത്രപരമായ നിര്‍മിതിയാണ് ദേശീയത. ദേശീയത നിര്‍മ്മിക്കപ്പെടുന്നത് ചരിത്രപരവും സാംസ്ക്കാരികവും ഭൂമി ശാസ്ത്രപരവുമായ ഘടകങ്ങള്‍ ഇഴചേര്‍ന്നു രൂപംകൊള്ളുന്ന ഏകതാനമായ ഒരു പൊതുസ്വത്വബോധത്തില്‍ നിന്നുമാണ്. ഈ സ്വത്വബോധത്തെ ഊട്ടിയുറപ്പിച്ച്, വിഭിന്നമായ ദേശിയ കാഴ്ചപ്പാടുകളെയും താല്പര്യങ്ങളെയും അകറ്റിനിര്‍ത്തി, കലര്‍പ്പില്ലാതെ സംരക്ഷിക്കുന്നതിനാണ് രാഷ്ട്രത്തിന് അതിര്‍വരമ്പുകള്‍ തീര്‍ത്തിരിക്കുന്നത്.

ആധുനിക ലോകവ്യവസ്ഥയില്‍ രാഷ്ട്രസംവിധാനങ്ങള്‍ക്ക് സമാനതകളില്ലാത്ത പ്രാധാന്യമാണുള്ളത്. ഒരാളുടെ അസ്തിത്വം ദേശീയത കൊണ്ടുകൂടിയാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. എങ്കിലും വിശാലമായ മാനവികതയുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ദേശീയത ഒരു സങ്കുചിത യഥാര്‍ത്ഥ്യം തന്നെയാണ്.
ദേശീയത അടിസ്ഥാനപരമായി ഒരു നിര്‍മിതി ആയതുകൊണ്ട് അതിനു നിത്യത കല്പിച്ചു നല്കുന്നത് ബുദ്ധിശൂന്യതയാണ്. അത് എപ്പോള്‍ വേണമെങ്കിലും തകരാം, തകര്‍ക്കപ്പെടാം. നിര്‍മിതിയുടെ ഘടനയും മാനദണ്ഡങ്ങളും മാറുന്നതിനനുസരിച്ച് അത് അപനിര്‍മിക്കപ്പെടുകയും ചെയ്യാം. അതിനാല്‍ തീവ്രദേശീയതയുടെ പേരിലുള്ള ബൗദ്ധിക സാംസ്കാരിക അതിക്രമങ്ങളും മനുഷ്യാവകാശലംഘനങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.

ഇന്ത്യന്‍ ദേശീയത: ചില യാഥാര്‍ത്ഥ്യങ്ങള്‍
ഇന്ത്യന്‍ ദേശീയത ഇന്നുള്ള രീതിയില്‍ രൂപംകൊണ്ടത് 19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ ചുവട് പിടിച്ചാണ്. മൗര്യ, ഗു പ്ത, മുഗള്‍ രാജവംശങ്ങള്‍, ഹിമാലയത്തിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും ഇടയിലുള്ള ചെറുതും വലുതുമായ നാട്ടുരാജ്യങ്ങള്‍ ചേര്‍ന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ വലിയൊരുഭാഗം, സൈനിക അധിനിവേശത്തിലൂടെ കൈവശപ്പെടുത്തിയിരുന്നെങ്കിലും ഇന്ത്യ എന്ന ഒരാശയത്തിനു കീഴില്‍ കൊണ്ടുവരുന്നതിനോ, നിലനിര്‍ത്തുന്നതിനോ സാധിച്ചില്ല. ദക്ഷിണേന്ത്യയും വടക്കുകിഴക്കന്‍ ഭാഗങ്ങളും അവര്‍ക്ക് അപ്രാപ്യവുമായിരുന്നു.

ഇന്ത്യ മുഴുവനും ഉള്‍ക്കൊള്ളുന്ന ഒരു വ്യവസ്ഥാപിത ഭരണ സംവിധാനം എന്നത്, ഒരു പരിധിവരെ, ബ്രിട്ടീഷുകാരുടെ അതിരുകളില്ലാത്ത സാമ്രാജ്യത്വഭാവനയുടെ കണ്ടെത്തലായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയന്‍ ഇന്നു കാണുന്ന രീതിയില്‍ രൂപീകരിക്കപ്പെട്ടതില്‍, അചിന്തനീയവും നിര്‍ദ്ദയവുമായ ചൂഷണപരമ്പരകള്‍ നിറഞ്ഞ ബ്രിട്ടീഷ് അധിനിവേശത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. ഇന്ത്യന്‍ ദേശീയത ഉരുകിത്തെളിഞ്ഞ് പാകപ്പെട്ടത് ബ്രിട്ടീഷ് സാമ്രാജ്യത്തോട് നടത്തിയ സന്ധിയില്ലാസമരങ്ങളുടെ അഗ്നിജ്വാലകളിലാണ്. അല്ലാതെ ബ്രിട്ടീഷുകാരോട് അന്ന് സന്ധി ചെയ്തവരുടെയും നാട്ടുരാജാക്കന്മാരുടെ സ്ഥാപിതതാല്പര്യങ്ങള്‍ക്ക് ഓശാനപാടിയവരുടെയുമൊക്കെ ഇന്നത്തെ തലമുറ പാടിനടക്കുന്ന ‘അഖണ്ഡഭാരത്’ എന്ന മിത്തില്‍ നിന്നല്ല.

ആധുനിക ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനശില ഇന്ത്യന്‍ ഭരണഘടനയാണ്. നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവയില്‍ അധിഷ്ഠിതമായ, സോഷ്യലിസ്റ്റ് സ്വഭാവമുള്ള, മതേതര ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന് ഭരണഘടനയുടെ ആമുഖത്തില്‍തന്നെ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെയുള്ള എല്ലാ വ്യാഖ്യാനങ്ങളും ഭരണഘടനാവിരുദ്ധവും ആധുനിക ഇന്ത്യന്‍ ദേശീയതയുടെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതുമാണ്. അതുകൊണ്ടുതന്നെ ഹിന്ദുദേശീയത മറ്റൊരു ദേശീയതയാണ്. ഇന്ത്യന്‍ ദേശീയതയുടെ നേര്‍വിപരീതവും (antithesis) ആണ്.

തീവ്രഹിന്ദുദേശീയത: എന്ത്? എങ്ങോട്ട്?
1925-ല്‍, രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന RSS-ന്‍റെ രൂപീകരണത്തോടെയാണ് ഹിന്ദുത്വ വാദവും ഹിന്ദു ദേശീയതയും ഇന്ത്യയില്‍ പച്ചപിടിക്കുന്നത്. ആര്‍എസ്എസ് സൈദ്ധാന്തികനായിരുന്ന വി.ഡി. സവര്‍ക്കറാണ് ഇതിന്‍റെ ഉപജ്ഞാതാവ്. 1951-ല്‍ രൂ പംകൊണ്ട ഭാരതിയ ജനസംഘവും 1980-ല്‍ അതിനെ പുനര്‍സ്നാനം ചെയ്യിച്ചെടുത്ത ബിജെപിയുമാണ് ഇതിന്‍റെ രാഷ്ട്രീയ പ്രയോക്താക്കള്‍. പൂര്‍ണമായും ഹൈന്ദവ ബ്രാഹ്മണിക് സംഹിതകളിലധിഷ്ഠിതമായ ഒരു രാഷ്ട്രവും ഭരണ സംവിധാനവും എന്നതാണ് ഹൈന്ദവ ദേശീയതയുടെ അന്തഃസത്ത.

ഹിന്ദുത്വവാദത്തെ 19-ാം നൂറ്റാണ്ടുവരെയുള്ള ഹൈന്ദവ നവോത്ഥാന പ്രസ്ഥാനങ്ങളുമായി കൂട്ടിച്ചേര്‍ക്കാനുള്ള കുത്സിതശ്രമങ്ങള്‍ തുടര്‍ന്നുണ്ടായിട്ടുണ്ട്. ആദിശങ്കരന്‍ മുതല്‍ ദയാനന്ദസരസ്വതി വരെയുള്ളവരുടെ ശ്രമങ്ങള്‍ മതത്തിന്‍റെ ചുറ്റുപാടില്‍ നിന്നുകൊണ്ട് ഹിന്ദുമതത്തെ നവീകരിക്കുക എന്നതായിരുന്നു. എന്നാല്‍ ഹിന്ദുമത കേന്ദ്രികൃത രാഷ്ട്രവ്യവസ്ഥിതി അവരാരും വിഭാവനം ചെയ്തതായി തെളിവില്ല.

ആര്‍എസ്എസിന്‍റെ രൂപീകരണം തന്നെ വെറുപ്പ്, അസൂയ, അപകര്‍ഷത എന്നീ നിഷേധാത്മക മൂല്യങ്ങളിലാണ്. മുസ്ലിം മതവിഭാഗത്തോടുള്ള കടുത്ത വെറുപ്പ്, സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഗാന്ധിജിക്കും ലഭിച്ച വന്‍സ്വീകാര്യതയിലുള്ള അസൂയ, ആര്‍ഷഭാരതസംസ്കൃതിയില്‍ അമിതമായി അഭിമാനിച്ചവര്‍ വെള്ളക്കാരുടെ അധിനിവേശത്തിനു വിധേയമായി എന്ന തിരിച്ചറിവ് നല്‍കിയ അപകര്‍ഷത എന്നിവയാണ് ആര്‍എസ്എസിന്‍റെ സ്ഥാപനത്തിനാധാരം. അ തിര്‍ത്തികളില്ലാത്ത അന്തര്‍ദേശിയ വിപണിയുടെ സാധ്യതകള്‍ തേടുന്ന ആഗോളവല്‍ക്കരണത്തിന്‍റെ കുത്തൊഴുക്കില്‍ സങ്കുചിത ദേശീയതകള്‍ മരിക്കുമെന്ന് പ്രവചിച്ചവരെ പോലും അത്ഭുതപ്പെടുത്തുംവിധമായിരുന്നു ഹിന്ദു ദേശീയതയുടെ തുടര്‍ന്നുള്ള വളര്‍ച്ച.

തൊണ്ണൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും മതവും രാഷ്ട്രീയവും അപകടകരമാംവിധം സംയോജിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തെ ജീവസുറ്റതാക്കി നിലനിര്‍ത്തിയെന്നതും, ആ പ്രത്യയശാസ്ത്രത്തിലൂന്നിയ ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ രാജ്യത്തിന്‍റെ ജനാധിപത്യ ഭരണസംവിധാനങ്ങളുടെ തലപ്പത്ത് എത്തിച്ചു എന്നതും ആര്‍എസ്എസിന്‍റെ സംഘടനാപരമായ വിജയം തന്നെയാണ്. എന്നിരുന്നാലും സാമുദായിക ധ്രുവീകരണത്തെ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പു വിജയങ്ങള്‍ ആര്‍എസ്എസിന്‍റെ ഹിന്ദു രാഷ്ട്രവാദത്തിനും സമകാലിക വര്‍ഗീയ അജണ്ടകള്‍ക്കും പൂര്‍ണ്ണമായ ന്യായീകരണമോ സ്വീകാര്യതയോ നല്കുന്നില്ല. നേരെമറിച്ചു, പൊതുസമൂഹത്തെ ഇരുത്തിച്ചിന്തിപ്പിക്കാനുള്ള ഒരു ക്രിയാത്മക അവസരമാണിത്. ഹിന്ദു ദേശീയതയുടെ മത രാഷ്ട്രീയ അജണ്ടകള്‍ പരസ്പരം വേര്‍തിരിക്കാനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു.

ഹിന്ദു ദേശീയതയുടെ മത അജണ്ടകള്‍
ഹൈന്ദവബ്രാഹ്മണിക് മൂല്യങ്ങളാണ് ഹിന്ദു ദേശീയതയുടെ അടിസ്ഥാനം. ഉപനിഷത്തുകളില്‍ പ്രതിപാദിച്ചിരിക്കുന്ന ഉദാത്തമായ ദൈവമനുഷ്യദര്‍ശനങ്ങളില്‍നിന്നും വ്യതിചലിച്ച് ബ്രാഹ്മണിക് മേധാവിത്വമുള്ള ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയിലധിഷ്ഠിതമായ ഒരു ഹൈന്ദവസംസ്കൃതിയുടെ പുനര്‍ജനിയാണ് ആര്‍എസ്എസ് ലക്ഷ്യം വെയ്ക്കുന്നത്. അപ്രകാരമുള്ള പുരോഹിതമത കേന്ദ്രീകൃത രാഷ്ട്രത്തില്‍ (theocratic state) ഹിന്ദുമതം ഔദ്യോഗിക മതവുമായിരിക്കും.

ഹിന്ദുമതത്തെക്കൂടാതെ ബുദ്ധ ജൈന സിഖ് മതങ്ങളുടെ ജന്മഭൂമി കൂടിയാണ് ഇന്ത്യ. ഒപ്പം ക്രൈസ്തവ ജൂത ഇസ്ലാം മതങ്ങളെയും സമഭാവനയോടെ ഈ രാ ജ്യം സ്വീകരിച്ചു. എല്ലാ മതങ്ങളെയും ഒരുപോലെ ആദരിക്കുന്ന ഇവിടുത്തെ മതനിരപേക്ഷ സംസ്കാരത്തെ തകര്‍ക്കുക എന്നതാണ് അഭിനവ ദേശീയവാദികളുടെ പ്രധാന അജണ്ട. കൃത്യമായി ആസൂത്രണം ചെയ്യുന്ന വര്‍ഗീയ സംഘര്‍ഷങ്ങളും, ഘര്‍ വാപസിയും ലവ് ജിഹാദുമൊക്കെ മതേതര ഇന്ത്യയില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്നും വേര്‍തിരിക്കപ്പെടുന്നെന്നുമുളള മിഥ്യാധാരണ വളര്‍ത്തുവാനുള്ള തന്ത്രങ്ങളാണ്. ഹിന്ദുമതം ഒരു മതമല്ലെന്നും മറിച്ചു ഒരു ജീവിതരീതിയാണ് എന്നുള്ള പ്രചാരണമൊക്കെ മറ്റു മതസ്ഥരെ വിശ്വാസപരമായും സാംസ്കാരികമായും കുഴപ്പിക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗം തന്നെയാണ്.
ഹിന്ദു ദേശീയവാദികളെ സംബന്ധിച്ചിടത്തോളം അവരുടെ (ഹൈന്ദവ) മതപരമായ അജണ്ട കൂടുതല്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള മാര്‍ഗം മാത്രമാണ്. ബീഫ് നിരോധനവും ഗോരക്ഷാപ്രവര്‍ത്തനവുമൊക്കെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു തി രഞ്ഞെടുപ്പ് നേട്ടങ്ങള്‍ കൊയ്യാനുള്ള തന്ത്രങ്ങള്‍ മാത്രമാണ്, ഹിന്ദു മതത്തോടും ഗോമാതാവിനോടുമുള്ള സ്നേഹം കൊണ്ടല്ല. 2017- ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വമ്പന്‍ വിജയം ഇത്തരം നിരീക്ഷണങ്ങള്‍ക്ക് സാധുത നല്കുന്നു.

ഹിന്ദു ദേശീയതയുടെ രാഷ്ട്രീയ അജണ്ടകള്‍
1930-കളില്‍ രണ്ട് രാഷ്ട്ര സിദ്ധാന്തം (two nation theory) ഉദയം ചെയ്തതു മുതല്‍ ‘ഹിന്ദുക്കളുടെ ഇന്ത്യ’യുടെ ഭരണംപിടിക്കുക എന്നത് ഹിന്ദുദേശീയവാദികളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അതിനുകാരണമായി പറഞ്ഞത് 1000 വര്‍ഷത്തെ മുസ്ലിം ക്രിസ്ത്യന്‍ (ബ്രിട്ടീഷ്) അടിമത്തമായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ പൃഥ്വിരാജ് ചൗഹാനുശേഷം ഇന്ദ്രപ്രസ്ഥത്തില്‍ ഹിന്ദുഭരണം പൂര്‍ണമായും തിരിച്ചുകൊണ്ടുവന്നത് 2014-ല്‍ നരേന്ദ്ര മോദിയാണെന്ന വിഎച്പി നേതാവ് അശോക് സിംഗളിന്‍റെ പ്രസ്താവന അത്തരമൊരു സ്വപ്നസാഫല്യത്തില്‍നിന്നും ഉരുത്തിരിഞ്ഞതാണ്.

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഭാഗധേയം തമസ്കരിക്കുന്നതിനുവേണ്ടി 1949-ല്‍ അന്നത്തെ ആര്‍എസ്എസ് സത്സംഘ ചാലക് ആയിരുന്ന എം.എസ്. ഗോല്‍വാര്‍ക്കര്‍ ‘അഖണ്ഡഭാരത്’ എന്ന ആശയവുമായി മുന്നോട്ടു വന്നു.

പടിഞ്ഞാറ് അഫ്ഘാനിസ്ഥാന്‍ മുതല്‍ കിഴക്ക് മ്യാന്മര്‍ വരെ വ്യാപിച്ചുകിടക്കുന്ന ‘അഖണ്ഡഭാരത’ മാണ് യഥാര്‍ത്ഥ ഇന്ത്യ എന്ന് സ്ഥാപിച്ചു, ബ്രിട്ടീഷുകാരില്‍ നിന്നും നേടിയ സ്വാതന്ത്ര്യം അപൂര്‍ണ്ണമാണെന്നു സ്ഥാപിക്കാനുള്ള അന്നത്തെ സംഘടിതശ്രമത്തിന് ഇന്നും ആരാധകരേറെയാണ്. നടക്കില്ലാത്ത ഒരു നവകൊളോണിയല്‍ മോഹം മാത്രമായി അഖണ്ഡഭാരത സങ്കല്പത്തെ വിമര്‍ശകര്‍ വിലയിരുത്താറുമുണ്ട്.

സ്വാതന്ത്ര്യാനന്തരം മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം മാത്രമാണ് അടിയന്തരാവസ്ഥയെത്തുടര്‍ന്ന് സോഷ്യലിസ്റ്റ് നേതാക്കളുടെ നേതൃത്വത്തില്‍ ജനതാ മുന്നണിയുടെ ഭാഗമായി സംഘപരിവാര്‍ പശ്ചാത്തലമുള്ളവര്‍ക്ക് ആദ്യമായി കേന്ദ്രത്തില്‍ അധികാരം ലഭിക്കുന്നത്. അന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രിയായിരുന്ന എല്‍ കെ അദ്വാനിയുടെ താല്പര്യപ്രകാരം ദൂരദര്‍ശനിലും ആകാശവാണിയിലും നിയമിച്ചവരാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന് ഉപോത്ബലകമായ മഹാഭാരതം, രാമായണം എന്നീ ടെലിവിഷന്‍ സീരിയലുകളുടെ സൂത്രധാരര്‍. തുടര്‍ന്ന് രാമജന്മഭൂമി പ്രസ്ഥാനവും അദ്വാനിയുടെ രഥയാത്രയും ബാബ്റിമസ്ജിദ് പൊളിക്കലുമൊക്കെ ഹിന്ദുത്വ രാഷ്ട്രീയത്തെ മുന്നോട്ടുനയിച്ചു. പിന്നീട് അടല്‍ ബിഹാരി വാജ്പേ യിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വന്നെങ്കിലും കൂട്ടുകക്ഷിഭരണത്തിന്‍റെ സമ്മര്‍ദ്ദവും വാജ്പേയിയുടെ ജനാധിപത്യബോധവും തീവ്രഹിന്ദു അജണ്ടകള്‍ കൃത്യമായി നടപ്പാക്കുന്നതിന് വിഘാതമായി.
അതിനിടയില്‍ ഗുജറാത്തിലെ വര്‍ഗീയ പരീക്ഷണശാലയില്‍, അദ്വാനിയെ നിഷ്പ്രഭനാക്കികൊണ്ട് നരേന്ദ്ര മോദിയെന്ന കാവിസൂര്യന്‍ ഉദിച്ചുയര്‍ന്നു.

2014-ല്‍ കിട്ടിയ അധികാരം തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലും നിലനിര്‍ത്തി ഹിന്ദു രാഷ്ട്രവാദത്തിന്‍റെ നയപരിപാടികള്‍ക്കു ഭരണഘടനാപരമായ പ്രാബല്യം നല്‍കുകയാണ് അവരുടെ ഇനിയുള്ള പ്രഥമ അജണ്ട. ഇതിനായി രാജ്യസഭയിലും ലോക്സഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷവും പതിനഞ്ചു സംസ്ഥാനങ്ങളില്‍ കേവലഭൂരിപക്ഷവും നേടേണ്ടതുണ്ട്. അതിനായി ഭൂരിപക്ഷ ഹൈന്ദവ വോട്ടുകളുടെ ഏകീകരണവും ന്യൂനപക്ഷലിബറല്‍ വോട്ടുകളുടെ വിഘടനവുമാണ് സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ ലക്ഷ്യത്തിനു ഏതാണ്ട് അടുത്തെത്തുവാനും അവര്‍ക്ക് സാധിച്ചിട്ടു ണ്ട്.

ആശയപ്രചാരണത്തിനും തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും നാസിഫാസിസ്റ്റ് മാതൃകയിലുള്ള പ്രൊപ്പഗാന്താ സംവിധാനങ്ങളാണ് ഹിന്ദുദേശീയവാദികള്‍ ഉപയോഗിക്കുന്നത്. ഒരു നുണ നൂറാവര്‍ത്തിച്ചു സത്യമാക്കുന്ന ഗീബല്‍സിയന്‍ ലബോറട്ടറിയിലെ പരീക്ഷ ണവസ്തുവായി ഇന്ത്യയിലെ ജനാധിപത്യപൊതുബോധമണ്ഡലം മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ചരിത്രാവബോധമുള്ളവരായി പ്രകടനപത്രികകള്‍ വിശകലനം ചെയ്തു സ്വതന്ത്രതീരുമാനമെടുക്കാനുള്ള ജനങ്ങളുടെ പാകതക്കുറവിനെ പൊള്ളയായ വാഗ്ദാനങ്ങളിലൂടെ അവര്‍ ചൂഷണം ചെയ്യുകയാണ്.

അഹൈന്ദവ വിഭാഗങ്ങളെ അധികാരത്തിന്‍റെ ഇടനാഴികളില്‍ നിന്നകറ്റി, പൂര്‍ണമായും അന്യവല്‍ക്കരിക്കുക എന്നതും ഹിന്ദു രാഷ് ട്രവാദത്തിന്‍റെ പ്രധാന അജണ്ടകളിലൊന്നാണ്. 2014-ന് ശേഷം കേന്ദ്രത്തിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മതന്യൂന പക്ഷങ്ങളും പിന്നാക്കവിഭാഗങ്ങളും നിയമനിര്‍മ്മാണസഭകളിലും ഭരണനിര്‍വഹണ മേഖലകളിലും തീര്‍ത്തും അവഗണിക്കപ്പെടുന്നത് ഇതിന് തെളിവാണ്.

തീവ്രഹിന്ദുദേശീയതയുടെ മറ്റൊരു പ്രത്യേകതയാണ് സൈന്യത്തെ മഹത്ത്വവത്കരിക്കുന്നതും കോര്‍പ്പറേറ്റുകളുമായി നിഗൂഢ സമ്പര്‍ക്കം പുലര്‍ത്തുന്നതും. ഉത്തരവാദിത്തമില്ലാത്ത അധികാരം ആസ്വദിക്കുന്നതിന് പണ്ട് ബ്രാഹ്മണികശക്തികള്‍ക്കു അനന്തമായ സാദ്ധ്യതകള്‍ തുറന്നുകൊടുത്തത് ഭരണസൈനിക ചുമതലകള്‍ നിര്‍വഹിച്ചിരുന്ന ക്ഷത്രിയരുടെ ചോരയും കൂറുമാണ്. അതുകൊണ്ടുതന്നെ ക്ഷത്രിയപ്രീതിയിലാണ് വര്‍ണവ്യവസ്ഥയുടെ അധികാരശ്രേണി നിലനിന്നു പോന്നത്. ഇന്നത്തെ നവചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയിലും ക്ഷത്രിയസ്ഥാനം തന്നെയാണ് സൈനികര്‍ക്കും കല്പിച്ചു നല്‍കിയിരിക്കുന്നത്. തീവ്രഹിന്ദു ദേശീയതയുടെ എല്ലാ നയപരിപാടികളും പൊതുസമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നതിന് സൈന്യം നിമിത്തമാകുമെന്ന് അതിന്‍റെ പ്രയോക്താക്കള്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്. ആ ബോധ്യത്തിന്മേലാണ് നോട്ടുനിരോധനത്തെത്തുടര്‍ന്നു ക്യൂവില്‍ ആളുകള്‍ മരിച്ചു വീണപ്പോഴും സൈനികരുടെ ദേശസ്നേഹവും മഹാത്യാഗങ്ങളും അനുസ്മരിപ്പിച്ചു വലിയൊരു ജനതയെ നിശ്ശബ്ദരാക്കിയത്.

കോര്‍പ്പറേറ്റ് ലോകം ചൂഷണ പ്രത്യയശാസ്ത്രത്തിന്‍റെ പ്രയോഗഭൂമികയാണ്. സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന ഹിന്ദു ദേശീയതയും ചൂഷണസാധ്യതകളില്‍ അധിഷ്ഠിതമാണ് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് ഹിന്ദുദേശീയതയും കോര്‍പറേറ്റ് ലോകവുമായുള്ള ബന്ധത്തില്‍ അത്ഭുതപ്പെടേണ്ടതില്ല. അത് ഒരു ചൂഷിതവ്യവസ്ഥയിലെ മേലാളന്മാര്‍ തമ്മിലുള്ള ബന്ധമാണ്.

എതിര്‍ക്കുന്ന വ്യക്തികളെയും പ്രത്യയശാസ്ത്രങ്ങളെയും ഇല്ലായ്മ ചെയ്യുക എന്നതാണ് സംഘപരിവാറിന്‍റെ ഏറ്റവും ലളിതമായ രാഷ്ട്രീയ സൂത്രവാക്യം. ഹിന്ദുരാഷ്ട്രവാദത്തിനു ഗാന്ധിജി തടസമാകാമെന്ന കണക്കുകൂട്ടല്‍ ഗാന്ധിവധത്തില്‍ കലാശിച്ചു. കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യവും ആധുനിക ഇന്ത്യന്‍ ദേശീയതയുടെ നാരായവേര് ഇല്ലായ്മ ചെയ്യാനുള്ള വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗംതന്നെയാണ്. വികസനത്തെക്കുറിച്ചുള്ള നിലയ്ക്കാത്ത വാഗ്ധോരണികളും, മുസ്ലിം ഇതരന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും കൂടെനിര്‍ത്താനുള്ള സംഘടിത ശ്രമങ്ങളും പൂര്‍ണ്ണ ഹിന്ദുരാഷ്ട്രമെന്ന സ്വപ്നം പൂവണിയിക്കുന്നതിനുള്ള താല്‍ക്കാലിക നീക്കുപോക്കുകള്‍ മാത്രമാണ്.

അതിദേശീയതയുമായി ബന്ധപ്പെട്ട സമകാലിക ചര്‍ച്ചകളുടെ കൂടെ ചേര്‍ത്തുവായിക്കേണ്ട ഒന്നാണ് ദേശവിരുദ്ധതയും (antinationalism). പ്രത്യക്ഷത്തില്‍ ദേശവിരുദ്ധമെന്നു വ്യാഖ്യാനിക്കാവുന്ന പലസംഭവങ്ങളും തീവ്രദേശീയതയുടെ അമിത പ്രകോപനങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. ഒപ്പം ഹിന്ദുദേശീയതയെയും അതിന്‍റെ നയങ്ങളെയും എതിര്‍ക്കുന്നവര്‍ക്ക് ചാര്‍ത്തികൊടുക്കുന്ന പട്ടംകൂടിയാണ് രാജ്യദ്രോഹി, ദേശവിരുദ്ധര്‍ എന്നിവ. അങ്ങനെയാണ് കനയ്യകുമാറും ആമിര്‍ഖാനും അരുന്ധതി റോയിയുമൊക്കെ രാജ്യദ്രോഹികളാകുന്നത്.

തീവ്രദേശീയത ഭരണപരാജയങ്ങള്‍ മറയ്ക്കുന്നതിനുള്ള ഒരു കവചം കൂടിയാണ്. യഥാര്‍ത്ഥത്തില്‍ ദേശീയത എന്നത് സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ അതിര്‍ത്തികളെ അതിലംഘിക്കുന്ന ഒന്നാണ്. അതുകൊണ്ട് ദേശീയതയുടെ കാര്യത്തിലും ‘അധികമായാല്‍ അമൃതും വിഷം’ എന്ന ചൊല്ല് ഏറെ അന്വര്‍ത്ഥമാണ്.
എല്ലാത്തരം ദേശീയവാദങ്ങളുടെയും അപകടസാധ്യത വളരെമുമ്പേ തിരിച്ചറിഞ്ഞ രവീന്ദ്രനാഥ ടാഗോറിന്‍റെ വാക്കുകള്‍ ഇവിടെ ഏറെ പ്രസക്തമാണ്.
“ദേശീയതയ്ക്കു നമ്മുടെ ആത്യന്തികമായ ആത്മീയ സങ്കേതമാകാന്‍ കഴിയില്ല. എന്‍റെ അഭയം മാനവികതയാണ്. വജ്രത്തിന്‍റെ വിലനല്കി ചില്ലുകഷണം ഞാന്‍ വാങ്ങില്ല. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം, ദേശീയത മാനവികതയുടെമേല്‍ വിജയം നേടുവാന്‍ അനുവദിക്കില്ല.”

Comments

One thought on “ഹിന്ദുദേശീയതയും തീവ്ര മതരാഷ്ട്രീയ അജണ്ടകളും”

  1. Jaimon says:

    People should realise and come forward.

Leave a Comment

*
*