എന്നാലും

എന്നാലും

ചന്ദ്രരശ്മിതന്‍ പാലത്തിലൂടെ
കൈപിടിക്കാതെ, കണ്ണില്‍ നോക്കാതെ
രണ്ടുപേര്‍ നടക്കുന്നതായ്ക്കണ്ടു.
രണ്ടു കൈവരി, രണ്ടു രൂപങ്ങള്‍.
അന്തിയല്ല, നക്ഷത്രങ്ങളില്ല,
ഇല്ല നേരം പ്രഭാതമായില്ല.
പാടിനിര്‍ത്തിപ്പറന്നുപോയല്ലോ
പാതിരാക്കുയില്‍, പേക്കുയില്‍ പോലും.
നാലുപാടും നിശ്ശബ്ദത, പക്ഷേ
നാദമുള്ളില്‍ത്തുളുമ്പുന്ന മൗനം.

രണ്ടുപേര്‍. ഒരാള്‍ക്കുള്ള കൈപ്പത്തി
ചെമ്പരത്തിമൊട്ടേന്തുന്നപോലെ.
അല്ല മെയ്യിലാപ്പാദത്തിലൊക്കെ
കുങ്കുമക്കുറിപ്പാടുണ്ടു കാണാന്‍.
ഒന്നുനോക്കാതെ മുന്നോട്ടുമാത്രം
രണ്ടുപേരു;
മൊന്നെത്തിപ്പിടിക്കാന്‍
നൊമ്പരത്തില്‍ മുഖം ചേര്‍ത്തുവയ്ക്കാന്‍
എന്തുകൊണ്ടോ മുതിര്‍ന്നതില്ലന്യന്‍.
രണ്ടുപേര്‍. രണ്ടു കൈവരി. പാലം.
സ്വന്തമല്ലെന്നു ദൂരം. എന്നാലും.
ചന്ദ്രരശ്മിതന്‍ പാലത്തിലൂടെ.
അന്തമില്ലാത്ത കാലത്തിലൂടെ.

വിജയലക്ഷ്മി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org