ഹൃദയം കൊണ്ടു വിശ്വസിക്കുന്നവര്‍

ഹൃദയം കൊണ്ടു വിശ്വസിക്കുന്നവര്‍

ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ചൈനയോടു ചേര്‍ന്നു കിടക്കുന്ന അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ രൂപതയിലെ ഒരിടവകയില്‍ വികാരിയായി സേവനം ചെയ്യുകയാണ് തൃശൂര്‍ അതിരൂപതയിലെ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ ഫാ. ജോണ്‍സണ്‍ പുത്തൂര്‍.
പള്ളോട്ടൈന്‍ സന്യാസസഭയുടെ നാഗ്പൂര്‍ പ്രഭുപ്രകാശ് പ്രോവിന്‍സ് അംഗമായ അദ്ദേഹം അരുണാചല്‍ പ്രദേശിലെ തന്‍റെ മിഷന്‍ അനുഭവങ്ങള്‍ സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടിയുമായി പങ്കുവയ്ക്കുന്നു….

വളരെ തുറന്ന മനസ്സുള്ളവരാണ് അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍. മിഷണറിയായി ആദ്യം അവിടെ ചെല്ലുമ്പോള്‍ എന്നെ അതിശയിപ്പിച്ചത് അവരുടെ ആഴമേറിയ വിശ്വാസമാണ്. ദൈവശാസ്ത്രപരമായ അറിവിന്‍റെ അടിസ്ഥാനത്തിലല്ല അവര്‍ വിശ്വസിക്കുന്നത്. പ്രായോഗികവും അനുഭവാധിഷ്ഠിതവുമാണ് അവരുടെ വിശ്വാസം. വിശ്വാസം അവര്‍ കാണുകയും സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. സൗഖ്യദായകമായ ഒരനുഭവമായാണ് മിക്കവരിലേയ്ക്കും വിശ്വാസം കടന്നു ചെല്ലുന്നത്. പ്രാര്‍ത്ഥനയില്‍ ഇത്രയേറെ വിശ്വാസമുള്ള മനുഷ്യരെ വേറെവിടെയെങ്കിലും കാണാന്‍ കഴിയുമോ എന്നറിയില്ല.
രോഗം വന്ന് ആശുപത്രിയില്‍ പോകുന്നതിനു മുമ്പ് അവര്‍ വികാരിയച്ചന്‍റെ അടുത്തു പ്രാര്‍ത്ഥന നടത്താനായി വരും. ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ടു മടങ്ങുന്ന വഴിക്കും അവര്‍ വൈദികനടുത്തു വരാറുണ്ട്. ആശുപത്രിയില്‍ നിന്നു നല്‍കിയിരിക്കുന്ന മരുന്നുകള്‍ വച്ച് നമ്മള്‍ പ്രാര്‍ത്ഥിക്കണമെന്നതാണ് അവരുടെ ആവശ്യം. അത്ഭുതകരമായ രോഗസൗഖ്യങ്ങളും ഇവര്‍ക്കിടയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഞാനുറങ്ങി കഴിഞ്ഞ ശേഷം ഒരാള്‍ തന്‍റെ മകളുമായി എന്നെ കാണാന്‍ വന്നു. രാത്രി പതിനൊന്നര ആയിക്കാണും. ആ കുട്ടി നമ്മുടെ സ്കൂളില്‍ തന്നെയാണു പഠിക്കുന്നത്. അവര്‍ ക്രൈസ്തവരോ കത്തോലിക്കരോ അല്ല. പരമ്പരാഗത ഗോത്രമതത്തിലെ വിശ്വാസികളാണ്.
ഹിസ്റ്റീരിയ ബാധിച്ചപോലെ പെരുമാറുന്ന കുട്ടി വിറയ്ക്കുകയും അലറുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. മറ്റു ചില മതവിഭാഗങ്ങളുടെ പുരോഹിതരെ കൂടി കണ്ടതിനു ശേഷമാണ് എന്‍റെ അടുത്തു വരുന്നത്. അരുണാചലില്‍ ധാരാളം ക്രൈസ്തവവിഭാഗങ്ങളുണ്ടല്ലോ. കത്തോലിക്കാ പുരോഹിതരെ അവര്‍ വലിയ അച്ചന്‍ (ബടാ ഫാദര്‍) എന്നാണു വിളിക്കുക. ബടാ ഫാദറിനെ തന്നെ കാണാനുറപ്പിച്ചാണ് ഒടുവില്‍ അവര്‍ എന്‍റെയടുത്തെത്തിയത്. ഞാന്‍ ആ കുട്ടിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. വെള്ളം കൊടുത്തു. അര മണിക്കൂറിനുള്ളില്‍ കുട്ടി ശാന്തയായി. അവരതിനെ ദൈവത്തിന്‍റെ നേരിട്ടുള്ള ഇടപെടലായി മനസ്സിലാക്കി.
മറ്റൊരനുഭവം പറയാം. എട്ടു മക്കള്‍ പ്രസവശേഷം മരണപ്പെട്ടുപോയ ഒരു കുടുംബം. തുടര്‍ന്ന് ആരുടേയോ നിര്‍ദേശപ്രകാരം അവര്‍ നമ്മുടെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി വന്നു തുടങ്ങി. തുടര്‍ന്ന് രണ്ടു കുട്ടികള്‍ ജനിച്ചു. രണ്ടു പേരും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു. മറ്റൊരിക്കല്‍ ഒരു അമ്മാമ്മ വന്ന് എന്നെ ആശുപത്രിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. അവിടെ അവരുടെ മകള്‍ പ്രസവിച്ചിരിക്കുന്നു. പക്ഷേ കുഞ്ഞു കരയുന്നില്ല. ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ട്. ഞാനും ഒരു കന്യാസ്ത്രീയും കൂടി ചെന്നു. മുറിയില്‍ കയറി പ്രാര്‍ത്ഥന തുടങ്ങി. ഒരു മണിക്കൂറിനുള്ളില്‍ കുട്ടി കരയുകയും ആശങ്കകള്‍ പരിഹൃതമാകുകയും ചെയ്തു. ഇത്തരം അനുഭവങ്ങള്‍ അവിടെ ഇടയ്ക്കുണ്ടാകുന്നു. ജനങ്ങളുടെ ആഴമേറിയ വിശ്വാസമാണ് ഇതിനാധാരമായി വര്‍ത്തിക്കുന്നത്.
ഇതെല്ലാം എന്‍റെ വ്യക്തിപരമായ വിശ്വാസത്തെ ആഴപ്പെടുത്താന്‍ സഹായിച്ചു എന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം. ഒരു വിശ്വാസിയെന്ന നിലയില്‍ ഞാന്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. മിഷനിലേയ്ക്കു പോകുമ്പോള്‍ എനിക്കുണ്ടായിരുന്ന വിശ്വാസം അറിവിന്‍റെ തലത്തിലുള്ളതായിരുന്നുവെന്ന് ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാകുന്നു.

ബുദ്ധിയുടെ തലത്തിലുള്ള വിശ്വാസം.
എന്നാല്‍ വിശ്വാസം ശക്തി പ്രാപിക്കണമെങ്കില്‍ അതു ഹൃദയത്തിന്‍റെ തലത്തിലേയ്ക്കു വരണം. അരുണാചല്‍ പ്രദേശിലെ ജനങ്ങളുടെ വിശ്വാസം ഹൃദയതലത്തിലാണുള്ളത്. എന്‍റെ വിശ്വാസത്തെയും ഹൃദയതലത്തിലേയ്ക്ക് എത്തിക്കുന്നതിനു മിഷന്‍ അനുഭവങ്ങള്‍ എന്നെ സഹായിച്ചു.
അരുണാചല്‍ പ്രദേശില്‍ ഞങ്ങള്‍ സേവനം ചെയ്യുന്ന പ്രദേശത്ത് ധാരാളം പേര്‍ കത്തോലിക്കാവിശ്വാസത്തിലേയ്ക്കു കടന്നുവരുന്നുണ്ട്. ഗോത്രമതങ്ങളു ടെ ആചാരപ്രകാരം ജീവിച്ചിരുന്ന ഇവര്‍ നേരത്തെ ക്രൈസ്തവവിശ്വാസം സ്വീകരിച്ച ബന്ധുമിത്രാദികളും അയല്‍വാസികളുമായു ള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് കത്തോലിക്കരാകാന്‍ താത്പര്യപ്പെടുന്നത്. മതംമാറ്റത്തിനായി മിഷണറിമാര്‍ ഒരിക്കലും ആളുകളെ അന്വേഷിച്ചു പോകുകയോ പ്രേരണ ചെലുത്തുകയോ ചെയ്യുന്നില്ല. അവര്‍ പള്ളികളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. എന്നാല്‍ ഇങ്ങോട്ടു വരുന്നവരെ തിരസ്കരിക്കാനും കഴിയില്ല. കാരണം, ക്രൈസ്തവവിശ്വാസത്തില്‍ വളരെയേറെ താത്പര്യം പുലര്‍ത്തുന്നവരും ക്രൈസ്തവ പ്രാര്‍ത്ഥനകള്‍ നടത്തുന്നവരും പതിവായി പള്ളിയില്‍ വരുന്നവരുമൊക്കെയാണ് ജ്ഞാനസ്നാനം ആവശ്യപ്പെടുക. വി. കുര്‍ബാനയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കുക എന്നത് അവരുടെ വലിയൊരു ആവശ്യമാണ്. ദിവ്യകാരുണ്യം സ്വീകരിക്കാതെ പള്ളിയില്‍ നിന്നു പോകേണ്ടി വരുന്നതില്‍ അവര്‍ക്കു വലിയ സങ്കടമാണ്. അതിനു വേണ്ടി അവര്‍ ജ്ഞാനസ്നാനം ആവശ്യപ്പെടുന്നു. ഓരോ ആഴ്ചയും അഞ്ചോ ആറോ മുതിര്‍ന്ന വ്യക്തികള്‍ക്കു ജ്ഞാനസ്നാനം നല്‍കാന്‍ എനിക്കിടയാകുന്നുണ്ട്. പ്രാര്‍ത്ഥനയുടെ ഫലമായുണ്ടാകുന്ന പലതരം സൗഖ്യാനുഭവങ്ങളാണ് അവരെ പള്ളിയിലേയ്ക്ക് ആകര്‍ഷിക്കുന്നത്. യാതൊരു തരത്തിലുമുള്ള ബാഹ്യമായ പ്രേരണകളും മിഷണറിമാര്‍ ചെലുത്തുന്നില്ല. നമ്മെ അ ന്വേഷിച്ചു വരുന്നവര്‍ക്ക് ആത്മീയവും ഭൗതീകവുമായ സേവനങ്ങള്‍ നല്‍കാനാണ് മിഷണറിമാര്‍ അവിടെ ആയിരിക്കുന്നത്.
എല്ലാവര്‍ക്കും സേവനമെത്തിക്കാന്‍ കഴിയുന്നതിനു വേണ്ടത്ര മിഷണറിമാര്‍ അവിടെ ഇല്ലെന്നു പറയാം. ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നാന്നൂറിലധികം കുടുംബങ്ങളുണ്ട്. ഇടവകപ്പള്ളിയുടെ നിശ്ചിത അതിര്‍ത്തിക്കുള്ളില്‍ കഴിയുന്ന കുടുംബങ്ങളുടെ എണ്ണമാണിത്. അതു കൂടാതെ 15 മിഷന്‍ സ്റ്റേഷനുകള്‍ വേറെയുമുണ്ട്. ഓരോ സ്റ്റേഷനിലും ഇരുപതോ മുപ്പതോ കുടുംബങ്ങളുണ്ടാകും. ആകെ 650 ഓളം കുടുംബങ്ങള്‍ക്ക് സേവനമെത്തിക്കണം. താമസിക്കുന്ന സ്ഥലത്തു നിന്ന് ഒരു മിഷന്‍ സ്റ്റേഷനിലേയ്ക്ക് 80 കിലോ മീറ്റര്‍ വരെ ദൂരമുണ്ട്. അരുണാചല്‍പ്രദേശിലെ 80 കിലോമീ റ്റര്‍ ഇവിടത്തെ 80 അല്ല എന്നോര്‍ക്കണം. ഈ ദൂരം താണ്ടാന്‍ രണ്ടു ദിവസമെടുക്കണം. ക്രിസ്മസിനോ ഈസ്റ്ററിനോ മാത്രം ചെല്ലുന്ന ഒന്നു രണ്ടു സ്ഥലങ്ങളുമുണ്ട്. അവിടേയ്ക്കുള്ള യാത്ര അത്രമാത്രം ദുഷ്കരമായതിനാലാണ് അത്. വൈദ്യുതിയോ ടെലിഫോണോ അവിടെ ഇല്ല. ചെന്നാല്‍ ഒന്നോ രണ്ടോ ദിവസം അവിടെ താമസിച്ച് ആളുകള്‍ക്കു വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുത്ത ശേഷം മാത്രമേ മടങ്ങാന്‍ സാധിക്കുകയുള്ളൂ.
ഈ സാഹചര്യത്തിലേയ്ക്ക് കൂടുതല്‍ മിഷണറിമാര്‍ വരികയാണെങ്കില്‍ കൂടുതല്‍ ഇടവകകള്‍ തുടങ്ങാനും കൂടുതല്‍ സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിക്കും. ഇപ്പോള്‍ എന്‍റെ ഇടവകയില്‍ ഞങ്ങള്‍ ഒരു സ്കൂള്‍ നടത്തുന്നുണ്ട്. എട്ടാം ക്ലാസ് വരെയാണ് ഇവിടെയുള്ളത്. ഉയര്‍ന്ന ക്ലാസുകള്‍ കൂടി, തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്. അരുണാചലില്‍ വിദ്യാഭ്യാസം കിട്ടിയവര്‍ക്കെല്ലാം മികച്ച ജോലിയും ജീവിതസൗകര്യങ്ങളുമാര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ആരോഗ്യവും വിദ്യാഭ്യാസവും തന്നെയാണ് അരുണാചലില്‍ ഏറ്റവും ശ്രദ്ധ ആവശ്യമുള്ള മേഖലകള്‍. സ്കൂളുകള്‍ വിദൂരങ്ങളിലായതിനാലും യാത്രാസൗകര്യങ്ങള്‍ തീരെ പരിമിതമായതിനാലും കുട്ടി കളെ ഹോസ്റ്റലില്‍ നിറുത്തി പഠിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ മക്കളുടെ വിദ്യാഭ്യാസത്തിനായി കുടുംബങ്ങള്‍ വലിയ തുക മുടക്കേണ്ടി വരുന്നു. ഇതിനു കഴിയാത്തവര്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നു. ഇതിനു മാറ്റം വരുത്താനാണു സഭയുടെ പരിശ്രമം. കൂടുതല്‍ സ്കൂളുകള്‍ തുടങ്ങിയും ഹോസ്റ്റലുകളില്‍ നിറുത്തി പഠിപ്പിക്കുന്നതിനു കുട്ടികള്‍ക്കു സ്പോണ്‍സര്‍മാരെ കണ്ടെത്തിയും ഈ പ്രശ്നത്തെ നേരിടാനാണു നാം ശ്രമിച്ചു വരുന്നത്.
അരുണാചല്‍ പ്രദേശിലെ ഗോത്രവര്‍ഗജനതയുടെ ജീവിതധാര്‍മ്മികതയും മൂല്യങ്ങളും നമ്മുടേതില്‍ നിന്നു കുറെ വ്യത്യസ്തമാണ്. നമുക്ക് അതു ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം കൊടുക്കുന്നതില്‍ ജനങ്ങള്‍ പൊതുവെ വിമുഖരാണ്. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസമില്ലാത്തവരാകുന്നത് സ മൂഹത്തെയാകെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ കുട്ടികള്‍ വിവാഹിതരാകുന്നതു പതിവാണ്. സ്കൂളില്‍ വന്നു കൊണ്ടിരിക്കുന്നതിനിടെ തന്നെ കല്യാണവും കഴിയുന്നു. ഹൈസ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളില്‍ പകുതിയിലേറെയും വിവാഹിതരാണ്. വിവാഹമെന്നാല്‍ നിയമപരമായ വിവാഹവുമല്ല. നിയമപരമായ വിവാഹ രജിസ്ട്രേഷനോ പള്ളികളിലെ കൗദാശികവിവാഹമോ സാധാരണമല്ല. പള്ളിയില്‍ ധാരാളം മാമോദീസകളും വി. കുര്‍ബാന സ്വീകരണങ്ങളും നടക്കുന്നുണ്ടെങ്കിലും അതിനനുസരിച്ചു കല്യാണങ്ങള്‍ നടക്കാറില്ല. കല്യാണങ്ങള്‍ ജനങ്ങള്‍ സ്വന്തമായ നിലയില്‍ നടത്തുകയാണു പതിവ്. അതിനു പള്ളിയില്‍ വരാറില്ല.
അതുകൊണ്ടു തന്നെ കൗദാശികമായ വിവാഹവും ഇതര കൂദാശകളുടെ സ്വീകരണവും സംബന്ധിച്ച എല്ലാ സഭാനിയമങ്ങളും അരുണാചലിലെ പ്രത്യേകമായ അജപാലനസാഹചര്യത്തില്‍ കര്‍ക്കശമായി പാലിക്കുക എളുപ്പമല്ല. ക്രമേണ അവരെ കൗദാശികമായ വിവാഹജീവിതത്തിന്‍റെ ആവശ്യകതയെ കുറിച്ചു ബോധവത്കരിക്കാനാണ് മിഷണറിമാരുടെ പരിശ്രമം. നാട്ടിലെ ആചാരമനുസരിച്ചു വിവാഹിതരായി ഭാര്യാഭര്‍ത്താക്കന്മാരായി കഴിയുന്നവരുടെ ബന്ധങ്ങളെ സഭാനിയമപ്രകാരം ക്രമീകൃതമാക്കുവാനും നാം ശ്രമിച്ചു വരുന്നു.
അരുണാചല്‍ പ്രദേശില്‍ കൂടുതല്‍ മിഷണറിമാരും വിഭവങ്ങ ളും ലഭ്യമാക്കുകയാണെങ്കില്‍ കൂടുതല്‍ സ്കൂളുകളും ആശുപത്രികളും തുടങ്ങാനും കൂടുതല്‍ ജനങ്ങളിലേയ്ക്ക് സുവിശേഷം എത്തിക്കുവാനും നമുക്കു സാധിക്കുമായിരുന്നു.
കേരളസഭയില്‍ നിന്നു മിഷനു സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. തൃശൂരില്‍ നിന്നൊരു സുഹൃത്ത് എനിക്കു പതിവായി ജപമാലകളും വിശുദ്ധരുടെ ചിത്രങ്ങളും എത്തിച്ചു തരുന്നു. അത് ഞാന്‍ അരുണാചലില്‍ വിതരണം ചെയ്യുന്നു. അരുണാചല്‍ പ്രദേശിലെ വിശ്വാസികള്‍ പൊതുവെ യേശുമാല എന്നു വിളിക്കുന്ന നമ്മുടെ ജപമാല അവര്‍ക്കു വളരെ പ്രധാനപ്പെട്ടതാണ്. ഏതാണ്ടെല്ലാവരും യേശുമാല ധരിക്കാന്‍ താത്പര്യമുള്ളവരാണ്. ക്രൈസ്തവികതയോട് ഏതെങ്കിലും വിധത്തില്‍ താത്പര്യമുള്ളവരെല്ലാം മതം മാറിയില്ലെങ്കില്‍ പോലും യേശുമാല ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. സ്കൂള്‍ കുട്ടികള്‍ ധാരാളമായി ജപമാല ധരിക്കുന്നുണ്ട്. ജപമാല ധരിക്കുന്നതിലൂടെ അവര്‍ ക്രൈസ്തവികതയുമായി പരിചയത്തിലാകുന്നു എന്നതു കൊണ്ട് വിശ്വാസത്തിന്‍റെ വലിയൊരുപകരണമാകാന്‍ അരുണാചലില്‍ ജപമാലയ്ക്കു കഴിയുന്നുണ്ട്. ഓരോ കുട്ടിയെ ഹോസ്റ്റലില്‍ നിറുത്തി പഠിപ്പിക്കുന്നതിനാവശ്യമായ ചെലവുകള്‍ നല്‍കുന്നവരും കേരളത്തില്‍ ഏതാനും പേരുണ്ട്.
ഗണിതശാസ്ത്രത്തില്‍ എംഎസ്സിയും സിഎ ഇന്‍റര്‍മീഡിയറ്റും പാസ്സായി, ഫൈനലിനു വേണ്ടിപഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഞാന്‍ ദൈവവിളി സ്വീകരിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ഞാന്‍ വൈദികനാകുന്നതിനെ കുറിച്ചു ചിന്തിക്കുക പതിവായിരുന്നു. ആ അര്‍ത്ഥത്തില്‍ എന്‍റേത് ഒരു വൈകിയ വിളിയാണെന്നു പറയാന്‍ കഴിയില്ല. എങ്കിലും സഭയില്‍ ചേര്‍ന്നത് മുപ്പതാം വയസ്സിലാണ്. പക്ഷേ ലേറ്റ് വൊക്കേഷന്‍ എന്ന ഒരു സംഗതി ഇല്ലെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട്. ഓരോ വ്യക്തിയുടെയും കാര്യത്തില്‍ ഇതു വ്യത്യസ്തമായിരിക്കുകയും ചെയ്യും.
എന്‍റെ ഇടവകയില്‍ നിന്ന് ഒരു അച്ചന്‍ പള്ളോട്ടൈന്‍ സഭയിലുണ്ടായിരുന്നു. ആ പരിചയം വച്ചാണ് ഈ സഭയില്‍ തന്നെ ചേരാനിടയായത്. 2004-ല്‍ വൈദികനായി. ഒരു വര്‍ഷം ദല്‍ഹിയിലും 2 വര്‍ഷം ഗോവയിലും ജോലി ചെയ്തു. 6 വര്‍ഷം നാഗ്പൂരില്‍ സഭയുടെ എന്‍ജിനീയറിംഗ് കോളേജില്‍ സേവനം ചെയ്തു. തുടര്‍ന്ന് മിഷന്‍ തിരഞ്ഞെടുക്കുകയായിരുന്നു. മിഷണറി ജീവിതം എന്‍റെ തന്നെ വ്യക്തിപരമായ വിശ്വാസജീവിതത്തെ ആഴപ്പെടുത്തി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായി ഞാന്‍ കാണുന്നത്.
മിഷന്‍ അനുഭവങ്ങള്‍ സ്വന്തമാക്കാനായാല്‍ കേരളത്തിലെ ക്രൈസ്തവര്‍ക്കും അവരുടെ വിശ്വാസജീവിതം ശക്തമാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. കേരളത്തില്‍ നിന്നുള്ള ജനങ്ങള്‍ മിഷന്‍ പ്രദേശങ്ങളിലേയ്ക്കു യാത്രകള്‍ പോകണം. ഇവിടത്തെ മനുഷ്യജീവിതവും മിഷണറിമാരുടെ ജീവിതവും അവര്‍ കാണണം. മിഷനില്‍ പോകുന്നത് മിഷനെ സഹായിക്കാനല്ല മറിച്ചു സ്വന്തം മതജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിനാണ്. ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനം കൂടുന്നതിലൂടെയും തീര്‍ത്ഥാടനകേന്ദ്രങ്ങളിലേയ്ക്കു തീര്‍ത്ഥയാത്ര പോകുന്നതിലൂടെയും നമ്മള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആത്മീയനിര്‍വൃതിയും നവീകരണാനുഭവവും മി ഷന്‍ യാത്രകളിലൂടെയും ലഭിക്കും. ഒരു ധ്യാനം പോലെയും തീര്‍ത്ഥാടനം പോലെയും ഒരു പുസ്തകം വായിക്കുന്നതു പോലെയും തന്നെയാണ് ഒരു മിഷന്‍ യാത്രയും. കേരളത്തിലെ വിശ്വാസികള്‍ ഇത്തരം മിഷന്‍ പ്രദേശങ്ങളിലേയ്ക്കു കൂടുതലായി വരണമെന്നും കാര്യങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കണമെന്നുമാണ് എന്‍റെ ആഗ്രഹം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org