|^| Home -> Cover story -> ഖജനാവല്ല, ഹൃദയമാണു പ്രശ്നം!!

ഖജനാവല്ല, ഹൃദയമാണു പ്രശ്നം!!

Sathyadeepam

ടോം ജോസ് തഴുവംകുന്ന്

ഒരു രാഷ്ട്രത്തിന്‍റെ ശക്തി അതിന്‍റെ ഖജനാവിലെ സ്ഥിതിവിവരക്കണക്കിനെ ആശ്രയിച്ചല്ല ഇരിക്കുന്നത്. പ്രത്യുത ജനങ്ങളുടെ സ്വഭാവമേന്മയിലും ത്യാഗശക്തിയിലുമാണ് അടങ്ങിയിരിക്കുന്നത്. എങ്കില്‍ ഇന്നത്തെ നമ്മുടെ രാജ്യത്തിന്‍റെ അവസ്ഥയെന്താണ്? രാജ്യം ശക്തിപ്രാപിക്കുകയാണോ? സാമ്പത്തിക സാമൂഹ്യസാംസ്കാരിക വൈജ്ഞാനിക മേഖലകള്‍ ത്വരിതവളര്‍ച്ചയിലെന്നഭിമാനിക്കുകയാണോ നാം. അങ്ങനെയെങ്കില്‍ വളര്‍ച്ചയെന്നതിന്‍റെയും അര്‍ത്ഥം നാം ആഴത്തില്‍ പഠിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ലക്ഷ്യം അഴിമതിരഹിത ഇന്ത്യയാണെന്ന് എവിടെയും രേഖപ്പെടുത്തി കാണുന്ന ആധുനികനാളുകളില്‍ നമ്മുടെ മാധ്യമങ്ങള്‍ മുഴുവന്‍ അഴിമതിക്കഥകള്‍ കൊണ്ടു നിറയുകയാണ്. ഇതു ഗാന്ധിജിയുടെ നാടെന്നു പറയുന്നതില്‍ നമുക്കിന്ന് അഭിമാനിക്കാനാകുമോ?

നമ്മുടെ മനസ്സില്‍നിന്നു തുടച്ചുനീക്കേണ്ടതിനു പകരം തുടച്ചുനീക്കാന്‍ ശ്രമിക്കുന്നതു ചില ബാഹ്യപ്രവര്‍ത്തനങ്ങളെയാണ്. പുറംകാഴ്ചകളിലേക്കെത്തുന്നതു മുഴുവന്‍ നമ്മുടെ ആന്തരികചേതനകളുടെ ബഹിര്‍സ്ഫുരണങ്ങളാണെന്നു നമുക്കറിയാമെങ്കിലും അറിയില്ലെന്നു നടിക്കുന്നു. രാജ്യത്തിന്‍റെ ക്ഷേമം പരിഗണിക്കുന്ന ഓരോ പൗരനും അവനവന്‍റെ കടമ നിര്‍വഹിക്കേണ്ടതല്ലേ? ഈ കടമയുടെ നിര്‍വഹണത്തിലൂടെത്തന്നെ അവനവന്‍റെ അവകാശങ്ങളും തിരികെയെത്തും.

സദ്ഗുണങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണു രാജ്യസ്നേഹമെന്നാണു പറയുക. കാരണം രാജ്യസ്നേഹമുള്ള പൗരനില്‍ നിന്നു സകല ജനത്തിനുമുള്ള സാരോപദേശജീവിതക്രമം പ്രതീക്ഷിക്കാം! എനിക്കെല്ലാം കിട്ടണമെന്ന ഒരൊറ്റ ചിന്തയില്‍നിന്നും ഉരുത്തിരിയുന്ന പ്രവര്‍ത്തനഗതിയിലേക്കു നാമെല്ലാം മാറിയോ? അഴിമതികൊണ്ടു പൊറുതിമുട്ടിയ നാം എങ്ങനെയാണു പുരോഗതിയിലേക്കു നടന്നടുക്കുകയെന്നു ചിന്തിക്കണം? നിയമങ്ങള്‍ രൂപപ്പെടുത്തുമ്പോഴും അവയിലെയെല്ലാം പഴുതുകള്‍ തേടിയലയുന്ന നമുക്കു സാക്ഷരതയുടെ ‘കഥ’ പറഞ്ഞ് അഭിമാനിക്കാനാകുന്നുണ്ടോ? അപരന് അവകാശപ്പെട്ടതു തട്ടിയെടുത്തു സ്വയം കേമരാകാന്‍ പാടുപെടുന്ന നാം എന്നാണു സംസ്കാരസമ്പന്നതയുടെ സഞ്ചാരം സ്വന്തമാക്കുന്നത്?

ജനാധിപത്യമെന്ന ‘സുന്ദരപദം’ പേറി നടന്നുവരുന്ന ഭരണക്രമത്തില്‍ ജനങ്ങളുടെ ആധിപത്യം എന്തെങ്കിലുമുണ്ടോ? ഉത്തരത്തിലിരിക്കുന്നതു ‘കട്ടെടുക്കാന്‍’ കുനിഞ്ഞുനിന്നുകൊടുക്കുന്നതാണോ സാധാരണക്കാരന്‍റെ വോട്ടവകാശമെന്നു പറയുന്നത് എന്നു സംശയിച്ചുപോകുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പൗരാവകാശം ചില അഴിമതിക്കാരുടെ ജന്മാവകാശത്തിനു വഴിമാറുന്നു. ശ്വാസത്തിനുപോലും ജിഎസ്ടി വരുന്ന കാലം അനതിവിദൂരമല്ല. കാരണം അദ്ധ്വാനിക്കുന്ന കര്‍ഷകവിഭാഗമാണല്ലോ കൂടുതല്‍ ഓക്സിജന്‍ ഉപയോഗിക്കുക! അപ്പോഴും നല്ലൊരു തുക നികുതിയായി കര്‍ഷകരില്‍നിന്നും പിരിച്ചെടുക്കാനാകും; കര്‍ഷകരുടെ നാസാരന്ധ്രങ്ങള്‍ക്കു മീറ്റര്‍ ഘടിപ്പിക്കുന്ന കാലം വരുമെന്നു സാരം! അപ്പോഴും കായലും കടലുമൊക്കെ നികത്തുന്നവര്‍ക്കും ഭൂമി കയ്യേറുന്നവര്‍ക്കും നികുതി വെട്ടിക്കുന്നവര്‍ക്കും കുഴല്‍പ്പണരാജാക്കന്മാര്‍ക്കും പരിഗണനയുണ്ടാകും!

എല്ലാവര്‍ക്കും വീട്, വൈദ്യുതി, ശുദ്ധജലം, ഭക്ഷണം, മരുന്ന്, വിദ്യാഭ്യാസം ഇതൊക്കെ പ്രസംഗത്തിന്‍റെ പുത്തന്‍ മേഖലകള്‍ താണ്ടും. ആശ്വാസത്തിനായി ‘അക്ഷയ’കളില്‍ നീണ്ട നിരകളുണ്ടാകും. റേഷന്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്കായി നെട്ടോട്ടമോടും. കാര്‍ഡുകള്‍ പല വര്‍ണങ്ങളിലാണെങ്കിലും അവയിലൊക്കെ അര്‍ത്ഥം കണ്ടെത്തുന്നതും ‘സമൃദ്ധിയുടെ റേഷന്‍’ സ്വന്തമാക്കുന്നതും അഴിമതിരഹിതമെന്നു പറയുന്നവര്‍ക്കിടയിലെ ചില അറിവുള്ളവര്‍ തന്നെയാകും. അപ്പോഴും ഈ മാസത്തെ റേഷന്‍ എത്തിയിട്ടില്ലെന്ന വാക്കിന്മേല്‍ ദരിദ്രര്‍ ക്യൂവിലായിരിക്കുമെന്നതും ഇവിടത്തെ സാധാരണ കാഴ്ച മാത്രം! പ്രതീക്ഷയുടെ ക്യൂവിനു മുന്നില്‍ നേതൃത്വത്തിന്‍റെ വക ഉഗ്രന്‍ വാക്ധോരണി സമൃദ്ധിയുടെ ആശ്വാസം നല്കുമെന്നതും സ്ഥിരം കാഴ്ചതന്നെ. അനന്തസാദ്ധ്യതകള്‍ നല്കുകയെന്നതു രാഷ്ട്രീയത്തിന്‍റെ പിടിച്ചുനില്പാണെന്നു തോന്നുന്നു. ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയും അല്ലാതെ പുതിയതായൊന്നും എനിക്ക് ലോകത്തെ പഠിപ്പിക്കുവാനില്ലെന്നു പറഞ്ഞ മഹാത്മാഗാന്ധിയുടെ നാട്ടില്‍ ഇന്നെന്താണു വിളിച്ചുപറയാനാകുന്നതെന്നു ചിന്തിക്കണം. ദാരിദ്ര്യം ഒന്നിനൊന്നു വഷളാകുമ്പോഴും കര്‍ഷകര്‍ ആത്മഹത്യയെക്കുറിച്ച് ആലോചിക്കുമ്പോഴും ദരിദ്രരുടെയും കര്‍ഷകരുടെയും മറപിടിച്ച് ഏതെല്ലാം അഴിമതികളാണ് ഇവിടെ നടക്കുക. ഖജനാവിനു കര്‍ഷകന്‍റെ പേരു പറഞ്ഞു ‘സുഷിരം’ ഇടുമ്പോഴും അവയെല്ലാം ഒഴുകിയെത്തുന്നതു സാമര്‍ത്ഥ്യമുളളവരുടെ കൈകളില്‍ത്തന്നെയാണെന്നു നാമറിയണം. നമ്മുടെ നിയമം ചിലന്തിവലപോലെയാണെന്നു പറയാം ചെറുപ്രാണികള്‍ കുടുങ്ങും; വമ്പന്മാര്‍ വലപൊട്ടിച്ചു കടന്നുകളയും.

സ്വാതന്ത്ര്യം ലഭിച്ചിട്ടു വര്‍ഷം എഴുപതു കഴിഞ്ഞിട്ടും നാമിന്നും സ്വതന്ത്രരല്ലായെന്നുള്ള യാഥാര്‍ത്ഥ്യം തിരിച്ചറിയണം. നാം നമ്മുടെതന്നെ അടിമകളാണെന്നുള്ളതാണു യാഥാര്‍ത്ഥ്യം. ഇതില്‍നിന്ന് മോചനം ലഭിക്കാത്തതിനാലാണ് അഴിമതിക്കഥകള്‍കൊണ്ടു രാജ്യവികസനം മുരടിക്കാനിടയാകുന്നത്. മത്സരിക്കാത്തവര്‍ കപ്പു നേടുന്നതു കണ്ടു മത്സരിച്ചവര്‍ ഗ്യാലറിയിലിരുന്നു കയ്യടിക്കേണ്ട സാഹചര്യമാണിന്ന്. എല്ലാം ഡിജിറ്റലാകുമെന്നു പറയുമ്പോഴും റേഷന്‍കടകള്‍ മുതല്‍ അഴിമതിയുടെ കൂമ്പാരത്തിലാണ്.

നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥരെയും സര്‍ക്കാരാഫീസുകളെയും നിയന്ത്രിക്കുന്നതു രാഷ്ട്രീയക്കാരാണെന്നുള്ളതു നീതി നടത്തിപ്പിനു വിലങ്ങുതടിയാകില്ലേ? നിയമവും നീതിയും അനുസരിച്ചു മാതൃകയുടെ പാഠം ഒരുക്കേണ്ട നേതാക്കള്‍തന്നെ നിയമലംഘനങ്ങള്‍ക്കു നേതൃത്വം നല്കുന്ന കാഴ്ചയാണെങ്ങും. പൊതുനിരത്തുകളില്‍ പാലിക്കേണ്ട ഒരു നിയമവും നേതാക്കള്‍ അനുസരിക്കാറില്ലല്ലോ! അതുകൊണ്ടുതന്നെയല്ലേ ടോള്‍ബൂത്തില്‍ എംഎല്‍എയുടെ വാഹനത്തിന് കൈ കാണിച്ചതിനു ടോള്‍ബൂത്ത് ജീവനക്കാരന്‍ “കിട്ടേണ്ടതു വാങ്ങിച്ചുകൂട്ടിയത്?” നേതാവിനു ടോള്‍ബൂത്ത് ബാധകമല്ലെന്നുള്ളതു ജനാധിപത്യമാണോ? ഹെല്‍മറ്റ്, സീറ്റ്ബെല്‍റ്റ്, അമിതവേഗത, രാത്രിയിലെ ലൈറ്റ് ഡിമ്മിങ്ങ്, ഓവര്‍ടേക്കിങ്ങ്, പാര്‍ക്കിങ്ങ് തുടങ്ങി ഒട്ടനവധി സാധാരണ നിയമങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ അനുസരിക്കാറുണ്ടോ? നിയമങ്ങള്‍ രൂപപ്പെടുത്തുക മാത്രമാണോ നേതാവിന്‍റെ ഉത്തരവാദിത്തം?

സാധാരണക്കാരാല്‍ തിരഞ്ഞെടുക്കപ്പെടുകയും അതേ സാധാരണക്കാരന്‍റെ മുതുകില്‍ ചവിട്ടിനിന്നു ‘ഭരണം’ നടത്തുകയും ചെയ്യുന്നതു രാജ്യസ്നേഹമാണോ? രാജ്യം ഡിജിറ്റലൈസേഷനിലേക്കും കാഷ്ലെസ് ട്രാന്‍സാക്ഷനിലേക്കും സമ്പൂര്‍ണ വൈഫൈ സംവിധാനത്തിലേക്കുമൊക്കെ മാറാന്‍ കുതിച്ചുനില്ക്കുമ്പോഴും സമ്പൂര്‍ണ ശൗചാലയചിന്ത പരസ്യത്തില്‍ മാത്രം ഒതുങ്ങുന്നു. പട്ടിണിയും പരിവട്ടവും തുടര്‍ക്കഥയാകുമ്പോഴും നാം നമ്മുടെ ‘സ്വപ്നപ്രസംഗം’ തുടരുകയാണ്.

നമ്മില്‍ പലരും വിദേശരാജ്യങ്ങളുടെ വികസനത്തെയും അവിടങ്ങളിലെ സുഖസൗകര്യങ്ങളെയും കുറിച്ചു വാതോരാതെ പ്രസംഗിക്കുന്നവരും അവസരം കിട്ടിയാല്‍ വിദേശത്തു ചേക്കേറാന്‍ വെമ്പല്‍ പൂണ്ടു നില്ക്കുന്നവരുമാണ്. എന്നാല്‍ സ്വന്തം രാജ്യത്തിന്‍റെ വികസനവും വൃത്തിയും വെടിപ്പും തൊഴില്‍സാദ്ധ്യതകളുമൊക്കെ ഇല്ലാതാക്കുന്നത് അഥവാ അതിലൊന്നും ശ്രദ്ധിക്കാത്തതിലെ വീഴ്ചമൂലം നമ്മുടെ രാജ്യം പിന്നോട്ടു സഞ്ചരിക്കുന്നതു ശ്രദ്ധയില്‍പ്പെടുന്നുമില്ല. യാത്രാബസ്സുകളിലിരുന്ന് വാട്ടര്‍ ബോട്ടില്‍ പുറത്തേയ്ക്കു വലിച്ചെറിയുന്ന അഭ്യസ്തവിദ്യരെ കാണാനിടയായിട്ടുണ്ട്. നമ്മുടെ മാലിന്യങ്ങള്‍ അന്യരുടെ മുറ്റത്തേയ്ക്കോ പൊതുനിരത്തിലേക്കോ വലിച്ചെറിയുന്നതിലെ വികസനം വിദേശ അനുകരണമാണോ? നമ്മുടെ നാട്ടിലെ തൊഴിലുകളില്‍ അനാസ്ഥയും അവഗണനയും കാണിക്കുക; തൊഴില്‍ മേഖലകളില്‍ സമരം ചെയ്തു സ്തംഭനാവസ്ഥ സൃഷ്ടിക്കുക, ബന്ദും ഹര്‍ത്താലും നടത്തുക, സര്‍ക്കാരാഫീസുകളില്‍ ഉത്തരവാദിത്തബോധമില്ലാതെ തൊഴില്‍ ചെയ്യുക തുടങ്ങി നമ്മുടെ നാടിനെ നാം തന്നെ ക്രമരഹിതമാക്കിയിട്ടു വിദേശത്തുപോ യി രാപ്പകല്‍ ജോലി ചെയ്ത് അഭിമാനം പ്രസംഗിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? സ്വതന്ത്ര ഇന്ത്യയുടെ പ്രായം എഴുപതു കഴിഞ്ഞിട്ടും നമ്മുടെ രാജ്യത്തു വിദേശികള്‍ ജോലി തേടിയെത്തിയിട്ടുണ്ടോ? നാം വിദേശത്തു ചെയ്യുന്ന ഏതെങ്കിലും ജോലി ആത്മാര്‍ത്ഥമായി നമ്മുടെ നാട്ടില്‍ ചെയ്തിരുന്നെങ്കില്‍ രാജ്യം ഇതര ലോകരാജ്യങ്ങള്‍ക്കു കടന്നുവരാന്‍ മാര്‍ഗമൊരുക്കില്ലായിരുന്നോ?

ഉള്ളി വില 160-ഉം റബര്‍ഷീറ്റ് വില നൂറിലും എത്തിനില്ക്കുന്നു. സാധാരണക്കാരുടെ അനുദിനജീവിത ബജറ്റിന്‍റെ താളം തെറ്റുമ്പോഴും നാമൊക്കെ ജിഎസ്ടിയെ പുകഴ്ത്തുന്ന തിരക്കിലാണ്. സാധാരണക്കാരായ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഇത്തരം നികുതിഘടനയുടെ ഭാരം താങ്ങാനാവില്ലെന്നു പറഞ്ഞാല്‍ ‘വിദഗ്ദ്ധര്‍’ സടകുടഞ്ഞെഴുന്നേല്ക്കും. നിത്യോപയോഗസാധനങ്ങള്‍ക്കു വില കുതിച്ചുകയറുമ്പോഴും കാറിനും ടിവിക്കും മൊബൈല്‍ ഫോണിനും കമ്പ്യൂട്ടറിനും പ്ലാസ്റ്റിക്കിനും പാവയ്ക്കുമൊക്കെ വില കുറയ്ക്കുന്ന ‘കൗതുകം’ ചിന്തനീയംതന്നെ. കര്‍ഷകരുടെ പേരില്‍ പ്രസംഗം; കാര്‍ഷികോത്പന്നങ്ങളുടെ മൂല്യം കുറഞ്ഞുവരുന്നു. കര്‍ഷകരുടെ വിയര്‍പ്പിന്‍റെ സമൃദ്ധിയിലാണു രാജ്യപുരോഗതിയടങ്ങുന്നതെന്ന തിരിച്ചറിവു നമുക്കു നഷ്ടമായി കഴിഞ്ഞു. അഴിമതിയിലും കുറുക്കുവഴികളിലും പിന്നാമ്പുറ സഞ്ചാരത്തിലുമൊക്കെയാണു നമ്മുടെ ഗവേഷണം ത്വരിതമാകുന്നതെന്ന് ആനുകാലിക സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇതു മാറണം; സത്യം പ്രവൃത്തിപഥത്തിലെത്തിക്കാനുള്ള ‘വിദ്യാഭ്യാസം’ നാം സ്വന്തമാക്കണം. നിയമം ലംഘിച്ചുകൊണ്ടുതന്നെ ‘നിയമാനുസൃതം’ കാര്യങ്ങള്‍ ചെയ്തെടുക്കാനുള്ള വൈദഗ്ദ്ധ്യം നാം ഉപേക്ഷിക്കണം. “എല്ലാവര്‍ക്കും എന്തുകൊണ്ട് ഹരിശ്ചന്ദ്രനെപ്പോലെ സത്യസന്ധരായിക്കൂടാ” എന്നു ചിന്തിച്ചിരുന്ന ഗാന്ധിജിയുടെ രാജ്യമാണിത്. നമ്മുടെ സത്യനിഷ്ഠ കൈമോശം വന്നാല്‍ വികസിതരാജ്യസ്വപ്നം സ്വപ്നാടനമായി തുടരുമെന്നു തീര്‍ച്ച. അടിസ്ഥാനവികസനം ഗ്രാമങ്ങളില്‍ നിന്നും സാധാരണക്കാരില്‍ സാധാരണക്കാരില്‍ നിന്നുമാണു തുടങ്ങേണ്ടത്. വെറും സാധാരണക്കാരന്‍റെ ജീവിതസുസ്ഥിതി അന്വേഷിക്കാത്തിടത്തോളം കാലം നമ്മുടെ സ്വപ്നങ്ങള്‍ അഴിമതിക്കഥകളില്‍ കുടുങ്ങി മുരടിച്ചുതന്നെ നീങ്ങും.

അഴിമതിയുടെ സാദ്ധ്യതകളെ ഇല്ലാതാക്കുക. അഴിമതിയുടെ വാര്‍ത്തകളെ തുടച്ചുനീക്കി പുത്തന്‍ വികസന സംസ്കാരത്തെ ഇച്ഛാശക്തിയോടെ പ്രാവര്‍ത്തികമാക്കുക. തൊഴില്‍ സാദ്ധ്യതകളെ തികഞ്ഞ ദീര്‍ഘവീക്ഷണത്തോടെ പ്രാബല്യത്തിലാക്കുക. തൊഴില്‍ മേഖലയിലെ പണിമുടക്കുകളും യൂണിയനുകള്‍ തിരിഞ്ഞു പടവെട്ടലുകളും ഇല്ലാതാക്കുക. വിദ്യാഭ്യാസത്തെ രാജ്യത്തെ തൊഴില്‍ സാദ്ധ്യതകളുമായി ബന്ധപ്പെടുത്തി ക്രമീകരിക്കുക. കാര്‍ഷികരംഗത്തെ മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിക്കാനാകുന്ന തരത്തില്‍ നാളെയുടെ തലമുറയെ കാര്‍ഷികരംഗത്തെക്കു റിച്ചു ബോധവത്കരിക്കുക, വിയര്‍ക്കാതെ ജീവിക്കാനാകില്ലെന്ന സാധാരണ തൊഴിലവബോധം വളര്‍ത്തുക. സര്‍ക്കാരാഫീസുകളും ഉന്നതോദ്യോസ്ഥരും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ നീതിയുടെ സ്വാതന്ത്ര്യം അനുവദിക്കുക. ലോക്കല്‍രാഷ്ട്രീയക്കാരുടെ അമിത ഉദ്യോഗസ്ഥസ്വാധീനം പാടില്ല. പൊതുവികസനത്തില്‍ പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കാന്‍ പഠിക്കണം. ഏതു പ്രവര്‍ത്തനത്തിലും മുതല്‍ മുടക്കിനേക്കാള്‍ കൈക്കൂലി നല്കേണ്ട അവസ്ഥ ഇല്ലാതാകണം. സര്‍ക്കാരിന്‍റെ മൂലധനംപൊതുവികസനത്തിനായി മാത്രം മുടക്കട്ടെ. പൊതുപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി ശമ്പളവും പെന്‍ഷനും ആനുകൂല്യവുമൊക്കെയുണ്ടല്ലോ; അതുമതി. ജനക്ഷേമത്തിന്‍റെ മറവില്‍ അഴിമതി നടത്തുവാന്‍ ആരെയും അനുവദിക്കാത്ത തരത്തില്‍ നിയമത്തിനു ബലമുണ്ടാകണം. ദരിദ്രനും സാധാരണക്കാരനും സമ്പന്നനും സ്വാധീനമുള്ളവനും അധികാരമുള്ളവനുമെന്നൊക്കെ പറഞ്ഞു നിയമത്തിനു വ്യത്യാസങ്ങള്‍ പാടില്ല.

പാവങ്ങളെ തിന്നു കൊഴുക്കുന്ന തരത്തില്‍ നമ്മുടെ ജനാധിപത്യം തുടര്‍ന്നാല്‍ നമ്മുടെ രാജ്യം പുരോഗമിക്കില്ലെന്നു മാത്രമല്ല; ദരിദ്രരാജ്യമെന്ന ഖ്യാതിയില്‍ ഒരു പടികൂടി ‘വളരും.’ രാഷ്ട്രീയക്കാരുടെ ചേരിതിരിഞ്ഞുള്ള രാജ്യസ്നേഹംനിര്‍ത്തി “ഒരു രാജ്യം ഒരു ജനത”യെന്നതിലേക്കു രാഷട്രീയം വളരണം. വോട്ട് രാഷട്രീയം മാറ്റി ക്ഷേമരാജ്യത്തിനായുള്ള പ്രവര്‍ത്തനത്തില്‍ നാം ജാഗരൂകരാകണം. വിദേശത്തെ ക്ഷേമം പ്രസംഗിക്കാനല്ല നാം ശ്രമിക്കേണ്ടത്. സ്വദേശത്തെ സ്വപ്നതുല്യമായ പുരോഗതിയിലേക്കും അതുവഴി സ്വാശ്രയഭാരതം പടുത്തുയര്‍ത്താനുമാണു ശ്രമിക്കേണ്ടത്. അഴിമതിയില്‍ പങ്കാളിയാകില്ലെന്നു നാമോരോരുത്തരും ദൃഢപ്രതിജ്ഞയെടുക്കുക. ജാഗ്രതയോടെ രാജ്യസ്നേഹം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം. ഇന്ത്യ വളരട്ടെ; അഴിമതിയില്ലാതാകട്ടെ. ഖജനാവിനേക്കാളുപരി നമ്മുടെ സ്വഭാവമേന്മയില്‍ രാജ്യസ്നേഹം ശക്തി പ്രാപിക്കട്ടെ.

Leave a Comment

*
*