ഹൃദയത്തിനൊരു ചൂല്

ഹൃദയത്തിനൊരു ചൂല്

സോളി മേരി തോമസ്
കോട്ടയം

ക്രിസ്തു ജനനത്തിലേക്ക് ഒരു ചുവടുവയ്പ്

എല്ലാ വര്‍ഷവും 25 ദിവസത്തെ നോമ്പും പ്രാര്‍ത്ഥനയുമായി വരവേല്‍ക്കുന്ന പുണ്യദിനം…! ഇവിടെ രണ്ടു കാര്യങ്ങള്‍ നമുക്കു ചിന്താവിഷയമാക്കാം. ഒന്ന്, ചില ആചാരാനുഷ്ഠാനങ്ങളിലൂടെയും ഭക്തിമാര്‍ഗത്തിലൂടെയും സഞ്ചരിച്ച് ഈ ദിനങ്ങളെ പതിവു ക്രിയയായി കടത്തിവിടുകയാണോ? രണ്ട്, അതോ ക്രിസ്തുവിനു പിറക്കാന്‍ തക്ക ഒരു ശുദ്ധിയുള്ള ഹൃദയം ഒരുക്കപ്പെടുകയാണോ?

ഉപവാസത്തിന്‍റെ പുണ്യം നേടുക എന്നതു ക്രിസ്ത്യാനി ക്രിസ്മസ് നാളുകളില്‍ നിത്യാഭ്യാസമാക്കിയിരിക്കുകയാണ്. മദ്യവും മാംസവും വര്‍ജ്ജിച്ചുകൊണ്ടുള്ള ഇത്തരം ഉപവാസം കേവലം 24 ദിവസങ്ങള്‍കൊണ്ട് അവസാനിക്കുന്നു. ഇതു ശരീരത്തിന് എന്തെങ്കിലും ഉപകാരം ചെയ്തേക്കാം എന്നതിലുപരി മനസ്സിനെ നവീകരിക്കാന്‍ സാധിക്കുന്നേയില്ല.

…മാത്രമല്ല, പതിനായിരങ്ങള്‍ മുടക്കി പുല്ക്കൂടു നിര്‍മിച്ചു കീശയില്‍ കാശുള്ളവന്‍ വിശാലമായ വീട്ടുമുറ്റത്ത് ഈശ്വരരൂപത്തെ അലങ്കാരമാക്കുന്നു.

"നിങ്ങളുടെ അനീതി നിറഞ്ഞ ഉത്സവങ്ങള്‍ എനിക്കു സഹിക്കാനാവില്ല. നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും ഞാന്‍ വെറുക്കുന്നു" (ഏശ. 1:13-14). ദൈവത്തിന്‍റെ അസഹനീയമായ വേദനയുടെ ശബ്ദം ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ബൈബിള്‍ താളുകളില്‍ ജീവിക്കുന്ന വചനം ഒളിച്ചിരുന്നു ശ്വാസംമുട്ടി മരിക്കുന്നു. ഈ ക്രിസ്മസ് ഒരുക്കത്തില്‍ നമുക്കു ദൈവവചനത്തിനു ജീവന്‍ കൊടുക്കാം.

രണ്ടാമത്തെ ചിന്തയില്‍ ഒരു യഥാര്‍ത്ഥ ഉപവാസത്തിന്‍റെയും ബലിയര്‍പ്പണത്തിന്‍റെയും പൂര്‍ണരൂപം കാണാന്‍ സാധിക്കും. യഥാര്‍ത്ഥ ഉപവാസം ഞാന്‍ ദൈവത്തിന്‍റെ കൂടെയിരിക്കലാണെന്ന് ഒരു നിര്‍വചനമുണ്ട്. ഈ കൂടെയിരിക്കലിനു മദ്യ-മാംസ വര്‍ജ്ജനം ഊര്‍ജ്ജം നല്കുന്നു. ഇപ്രകാരം വിശുദ്ധ കുര്‍ബാനയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ദാനധര്‍മ്മങ്ങളിലൂടെയും വിശുദ്ധിയിലേക്കു പ്രവേശിക്കുകയാണു വേണ്ടത്.

"നിങ്ങളുടെ ഹൃദയമാണു വസ്ത്രമല്ല കീറേണ്ടത്, നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേയ്ക്കു മടങ്ങുവിന്‍" (ജോയേല്‍ 2:13). ക്രിസ്മസ് ഒരുക്കനാളില്‍ ഓരോ ക്രിസ്ത്യാനിയുടെയും ഹൃദയം പശ്ചാത്താപത്തിലൂടെയും മാനസാന്തരത്തിലൂടെയും കീറിമുറിയണം. ഈ മുറിയലില്‍ എളിമയെന്ന പുണ്യവും സഹാനുഭൂതിയും സൂര്യോദയം പോലെ ഉദിച്ചുയരും.

"ദൂതന്‍ അവളോടു പറഞ്ഞു: "മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവനു യേശു എന്നു പേരിടണം" (ലൂക്കാ 1:30-31). ഇതു പോലൊരു കൃപ നേടിയെടുക്കലാണു ക്രിസ്മസിന്‍റെ ലക്ഷ്യവും.

പരി. അമ്മയെപ്പോലെ ക്ഷമയുടെയും കരുതലിന്‍റെയും പ്രാര്‍ത്ഥനയുടെയും മാതൃക പേറിക്കൊണ്ട് ഓരോ കുടുംബങ്ങളിലും അമ്മമാര്‍ മക്കള്‍ക്കു പാഠപുസ്തകമായി മാറണം. കാരുണ്യത്തിന്‍റെ തൂവാലകൊണ്ടു മക്കളെ പൊതിഞ്ഞുപിടിക്കാന്‍ അമ്മമാര്‍ക്കേ കഴിയൂ. അത്തരം സാഹചര്യങ്ങളില്‍നിന്ന് ആര്‍ക്കാണു വഴിപിഴച്ചുപോകാനാകുക?

ക്രിസ്മസ് നാളുകളില്‍ വി. നിക്കോളാസിനെ ഓര്‍മിക്കാതിരിക്കാനാകില്ല. ഏഷ്യാമൈനറിലെ ലൈസിയം ഗ്രാമത്തില്‍ സമ്പന്ന കുടുംബത്തില്‍ ജനിച്ച അദ്ദേഹം നാട്ടില്‍ പടര്‍ന്ന പ്ലേഗുബാധയെത്തുടര്‍ന്ന് അനാഥനായി. തന്‍റെ ദരിദ്രരായ അയല്‍ക്കാരെ സമ്പത്തുകൊണ്ടു സഹായിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു. അതും താനാണു സഹായിക്കുന്നതെന്ന് അവരെ അറിയിക്കാതെ. "നിന്‍റെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ"എന്ന ദൈവവചനം അക്ഷരംപ്രതി പാലിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഈ നിക്കോളാസാണു പിന്നീടു സാന്താക്ലോസെന്നും ക്രിസ്മസ് പപ്പയെന്നുമൊക്കെ അറിയപ്പെട്ട വി. നിക്കോളാസായത്. ക്രിസ്മസിന്‍റെ അന്തഃസത്ത കനിവാര്‍ന്ന സ്നേഹമാണെന്ന് അദ്ദേഹം തന്‍റെ പ്രവൃത്തിവഴി കാണിച്ചുതന്നു.

ഇന്നും സാന്താക്ലോസിനെപ്പോലെ നന്മയുടെ മനുഷ്യരുണ്ട്. എങ്കിലും അതിനെ മറികടന്നു ലോകം ഒരു മരണസംസ്കാരത്തിലൂടെയാണു കടന്നുപോകുന്നത്. വേദനാജനകമായ വാര്‍ത്തകള്‍ അനുദിനം കാതടപ്പിക്കുമ്പോള്‍ പ്രിയപ്പെട്ടവരേ, നമുക്കു ചെയ്യാന്‍ ഒന്നേയുള്ളൂ; നല്ല മാതൃകയുടെയും പ്രാര്‍ത്ഥനകളുടെയും ആളുകളാകുക.

"നിങ്ങളെത്തന്നെ തുടച്ചു വൃത്തിയാക്കി പ്രകാശമുള്ളതാക്കുക. നിങ്ങള്‍ക്കു ലോകത്തെ കാണാനുള്ള ജനാലകള്‍ നിങ്ങള്‍ തന്നെയാണ്" (ജോര്‍ജ് ബെര്‍ണാര്‍ഡ് ഷാ). മഹാനായ ഈ മനുഷ്യന്‍റെ വാക്കുപോലെ ഇത്തവണത്തെ ക്രിസ്മസ് ഒരുക്കത്തില്‍ നമ്മുടെ പ്രാര്‍ത്ഥനയും ഉപവാസവും ദാനധര്‍മ്മവും നമ്മുടെ ഹൃദയത്തെ തൂത്തുവാരുന്ന ചൂലാക്കി മാറ്റാം. എങ്കിലേ ഒരു മതിലിനപ്പുറത്തെ അപരന്‍റെ കണ്ണീരു കാണാനുള്ള ജനാലകളായി നാം രൂപാന്തരപ്പെടുകയുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org