ഹൃദയത്തിന്‍റെ നിറവില്‍ നിന്നുള്ള ആ ചിരി ഇനി ഓര്‍മ മാത്രം

ഹൃദയത്തിന്‍റെ നിറവില്‍ നിന്നുള്ള ആ ചിരി ഇനി ഓര്‍മ മാത്രം

ആന്‍റണി ചടയംമുറി

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ഭാരതത്തില്‍നിന്ന് അല്മായ സമൂഹത്തെ പ്രതിനിധീകരിച്ച ഏകമലയാളിയാണ് ചങ്ങനാശ്ശേരിക്കാരനായ പ്രൊഫ. കെ.ടി. സെബാസ്റ്റ്യന്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 21-നാണ് അദ്ദേഹം മരണമടഞ്ഞത്. അദ്ദേഹത്തെക്കുറിച്ചുള്ള ഒരനുസ്മരണം.

ഡോ. കെ.ടി. സെബാസ്റ്റ്യന്‍റെ മരണവാര്‍ത്ത വായിച്ചപ്പോള്‍, ചിലര്‍ക്ക് ആലങ്കാരികമായി തോന്നാമെങ്കിലും, ഇങ്ങനെ പറയേണ്ടി വരും: ഒരു സഭാതാരം പൊലിഞ്ഞു. തേവര കോളജിലും ചങ്ങനാശ്ശേരി എസ്ബി കോളജിലും ബിരുദപഠനം നടത്തിയവര്‍ ഇന്നും സെബാസ്റ്റ്യന്‍ സാറിന്‍റെ അദ്ധ്യാപനപാടവത്തിന്‍റെ മുമ്പില്‍ ശിരസ്സ് കുനിക്കുന്നു.

അദ്ധ്യാപകനായിരിക്കെ, സഭയോടൊത്തുള്ള അദ്ദേഹത്തിന്‍റെ ജാഗ്രത്തായ സഞ്ചാരം കേരളസഭയ്ക്കു നല്കിയതു തിളക്കമേറിയ അല്മായ മുഖമാണ്. മൂന്നു പാപ്പമാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഡോ. കെ.ടി. സെബാസ്റ്റ്യന്‍ 'ജനങ്ങളുടെ സഭ' എന്ന ആശയത്തിനു പിന്നാലെയായിരുന്നു എന്നും. സീറോ-മലബാര്‍ സഭ അധികാര കേന്ദ്രീകരണത്തില്‍നിന്നു രക്ഷപ്പെട്ടതില്‍ എപ്പോഴും അദ്ദേഹം ആശ്വസിച്ചിരുന്നു. പള്ളിയോഗങ്ങള്‍ ആദിമസഭയിലെ സഭാസമൂഹങ്ങളുടെ (ECC Resia) തുടര്‍ച്ചയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെഎസിഎ) ആസ്ഥാന കാര്യാലയമായ പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍ററിന്‍റെ പോയകാല പ്രവര്‍ത്തനങ്ങള്‍ക്കു ദിശാബോധം നല്കിയതില്‍ സെബാസ്റ്റ്യന്‍ സാറിന്‍റെ പങ്ക് അവിസ്മരണീയമാണ്. അല്മായരുടെ സഭയിലെ പങ്ക് എന്നതിനപ്പുറം, അല്മായര്‍ എക്കാലവും കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന സഭയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത. ഈ ചിന്തകളുടെ സമാഹാരമെന്നോണം അദ്ദേഹം ഒരു പുസ്തകവും രചിച്ചു – അല്മായ ദൈവശാസ്ത്രത്തിനൊരാമുഖം എന്നതായിരുന്നു ആ പുസ്തകത്തിന്‍റെ പേരും.

അദ്ധ്യാപക ജോലിയില്‍ നിന്നും ഔദ്യോഗികമായി വിരമിച്ചുവെങ്കിലും അല്മായര്‍ക്കു ദൈവശാസ്ത്രം പരിചിതമാക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമം തുടര്‍ന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ ദൈവശാസ്ത്രപഠന കേന്ദ്രത്തിന്‍റെ പ്രിന്‍സിപ്പല്‍ സ്ഥാനം അദ്ദേഹം ഏറ്റെടുത്തത് ഈ ലക്ഷ്യത്തോടെയായിരുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ഇന്ത്യയില്‍ നിന്നുള്ള ഏക അല്മായ പ്രതിനിധിയെന്ന നിലയിലും ഇന്ത്യന്‍ ദൈവശാസ്ത്ര സമിതിയിലെ അംഗമെന്ന നിലയിലും ഭാരതീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആലോചനാസമിതിയംഗമെന്ന നിലയിലും അതിരൂപതയ്ക്കു പുറത്തേയ്ക്കു തന്‍റെ സേവനം വ്യാപകമാക്കിയപ്പോഴും ചങ്ങനാശ്ശേരി അതിരൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയെന്ന നിലയിലും കൗണ്‍സില്‍ അംഗമെന്ന നിലയിലും അദ്ദേഹം നാല്പതിലധികം വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നതും ഓര്‍മിക്കേണ്ടതുണ്ട്.

ഒരര്‍ത്ഥത്തില്‍ ഗവേഷണങ്ങളിലൂടെ സീറോ-മലബാര്‍ സഭയുടെ ജനകീയ അടിത്തറകള്‍ അദ്ദേഹം കണ്ടെത്തിയതിനെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം സുദീര്‍ഘമായ ഒരു പ്രബന്ധം അവതരിപ്പിച്ചത് ഓര്‍മയിലുണ്ട്. ഒമ്പതാം നൂറ്റാണ്ടിലെ തരിശാപ്പള്ളി ചെപ്പേടുകള്‍, 1566- ലെ പറവൂര്‍ ശിലാലിഖിതം, പതിനെട്ടാം നൂററാണ്ടിലെ വര്‍ത്തമാനപുസ്തകം, 1599-ലെ ഉദയംപേൂര്‍ സൂനഹദോസിന്‍റെ ഘടന എന്നിവ ഉദ്ധരിച്ചുകൊണ്ടും കേരളത്തിലെ മാര്‍ത്തോമ്മാ ക്രൈസ്തവസമൂഹത്തിന്‍റെ ജനകീയാടിത്തറ അദ്ദേ ഹം അനാവരണം ചെയ്തത്.

മാര്‍ത്തോമ്മാ ക്രൈസ്തവരുടെ അതിവിശിഷ്ടമായ പൈതൃകമെന്നാണു പള്ളിയോഗങ്ങളെ വിശേഷിപ്പിച്ചിരുന്നതെങ്കില്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ 'ദൈവജനം', 'ഗാര്‍ഹികസഭ' തുടങ്ങിയ ആശയപാതകളിലേക്ക് ആഗോള കത്തോലിക്കാസഭ നടന്നെത്തിയത് ഈ പാരമ്പര്യവഴികളിലൂടെയായാരിക്കണമെന്നു സെബാസ്റ്റ്യന്‍ സാര്‍ ആഗ്രഹിച്ചിരുന്നു. കേരള കാത്തലിക് സ്റ്റുഡന്‍റ്സ് ലീഗിന്‍റെ സംസ്ഥാന പ്രസിഡന്‍റെന്ന നിലയില്‍ ആ പ്രസ്ഥാനം സംസ്ഥാന തലത്തില്‍ കെട്ടിപ്പടുക്കുന്നതിലും സെബാസ്റ്റ്യന്‍സാറിന്‍റെ പങ്ക് അതുല്യമാണ്.

എളുപ്പം സ്നേഹിതരെ സൃഷ്ടിക്കാനുള്ള കഴിവ് ഈ ഗുരുവര്യന്‍റെ പ്രത്യേകതയാണെന്നു ശിഷ്യന്മാര്‍ ഓര്‍മിക്കുന്നു. കത്തോലിക്കാസഭയില്‍, പ്രത്യേകിച്ചു സീറോ-മലബാര്‍ സഭയിലെ പല ആധികാരികരേഖകളിലും ഈ അല്മായ പ്രമുഖന്‍ മുന്നോട്ടുവച്ച ഭേദഗതികള്‍ പിതാക്കന്മാര്‍ അംഗീകരിച്ചുവെന്നതിനു തെളിവുകളു ണ്ട് (ഉദാ. CCEO 979-നെക്കുറിച്ചുള്ള ഭേദഗതി).

എവിടെയും 'സര്‍വോപരി ചങ്ങനാശ്ശേരിക്കാരനായിരുന്നു' സെബാസ്റ്റ്യന്‍ സാര്‍. അവസാന കാലങ്ങളില്‍പ്പോലും സുഹൃത്തുക്കളും ശിഷ്യന്മാരുമായുള്ള ബന്ധം അദ്ദേഹം സജീവമാക്കി നിലനിര്‍ത്തി. നടക്കാന്‍ അല്പം ബുദ്ധിമുട്ടുള്ള നാളുകളിലാണു സെബാസ്റ്റ്യന്‍ സാറിനെ പി.ഒ.സിയില്‍വച്ചു കണ്ടത്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പിതാവ് പി.ഒ.സി.യുടെ ഡയറക്ടാറായിരിക്കെ, പി.ഒ.സി.യില്‍ ചെലവഴിച്ച നാളുകള്‍ അദ്ദേഹം ഓര്‍മിച്ചെടുത്തു. ഹൃദയത്തിന്‍റെ നിറവില്‍ നിന്ന് അധരങ്ങളില്‍ നിറയുന്ന ആ ചിരി ഇനി ഓര്‍മകളില്‍ മാത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org