ഇടുക്കി ഇനി എന്ന് മിടുക്കിയാകും?

ഇടുക്കി ഇനി എന്ന് മിടുക്കിയാകും?

ഫാ. ജോണി ചിറ്റേമാരിയില്‍
ഇടുക്കി

മഴയുടെ ശക്തി ക്രമേണ കൂടി വന്നിരുന്നതിനാലും ഇതോടൊപ്പംതന്നെ പലരും മരണത്തിനു കീഴടങ്ങിയിരുന്നതിനാലും സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ ചടങ്ങില്‍ ഒതുക്കണമെന്ന തീരുമാനം തലേ ഞായറാഴ്ചതന്നെ കൈക്കൊണ്ടിരുന്നു. വിശുദ്ധ കുര്‍ബാനയും പതാക ഉയര്‍ത്തലുമെല്ലാം കഴിഞ്ഞിരിക്കുമ്പോഴാണ് ആഗസ്റ്റ് 15-ന് ഉച്ചതിരിഞ്ഞു രണ്ടു മണിയോടെ ഫോണ്‍ ബെല്ലടിച്ചത്. പള്ളിയില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഒരു വീട്ടില്‍ നിന്നും "അച്ചാ ഞങ്ങളാകെ പേടിച്ചിരിക്കുകയാണ്, വീടിന്‍റെ ഇരുവശങ്ങളിലൂടെയും ശക്തിയായി വെള്ളം ഒഴുകിവരുന്നു" എന്ന ഇടറുന്ന സ്വരമായിരുന്നു അങ്ങേത്തലയ്ക്കല്‍. സമാനസ്വഭാവമുള്ള മറ്റിടങ്ങളില്‍ താമസിക്കുന്നവരും ഇതേ ഭയം പങ്കുവച്ചു. ഉടനെ രണ്ടു ജീപ്പുകളിലായി ഇങ്ങനെയുള്ള പത്തു വീടുകളില്‍നിന്നും 36 പേരെ സ്കൂളില്‍ എത്തിച്ചു. ടിവിയില്‍ മാത്രം കണ്ടിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ സ്വന്തം ജീവിതത്തിലും ഉണ്ടായല്ലോ എന്ന ആകുലതയായിരുന്നു ആളുകളില്‍നിന്ന് അകറ്റേണ്ടിയിരുന്നത്. രാത്രിയായപ്പോഴേക്കും ക്യാമ്പില്‍ 70 ആളുകള്‍… പിറ്റേന്ന് രാവിലെ നൂറിനോടടുത്തു. അങ്ങനെ നൂറോളം പേര്‍ ഒരാഴ്ചയിലേറെ സങ്കടങ്ങള്‍ പങ്കുവച്ചും പുതിയ സ്വപ്നങ്ങള്‍ പടുത്തുയര്‍ത്തിയും ക്യാമ്പില്‍ കഴിഞ്ഞു. ക്യാമ്പ് പിരിച്ചുവിട്ട വ്യാഴാഴ്ച ക്യാമ്പില്‍ പങ്കെടുത്ത 10 വീടുകളിലുള്ള 30 പേര്‍ക്കു പോകാന്‍ ഒരിടവുമില്ല. അവരുടെ വീടിനോടൊപ്പം വീടിരുന്ന സ്ഥലവുംകൂടെ ഒലിച്ചുപോയി. അവിടെ ഒരു വീടുണ്ടായിരുന്നു എന്നും അവിടേക്ക് ഒരു വഴി ഉണ്ടായിരുന്നുവെന്നും വിശ്വസിക്കാനാകാത്തവിധം ഭൂമിയുടെ രൂപം മാറി.

ഓര്‍മയില്‍ ആദ്യം
ഏതു ദുരന്തത്തിന്‍റെയും ഏറ്റവും വലിയ ഇരകള്‍ പൊതുവേ ബലഹീനരാണല്ലോ. 2018-ലെ മഹാ പ്രളയത്തില്‍നിന്നും ഏറ്റവും പതിയെ കരകയറുന്നവരും ഇടുക്കിക്കാര്‍ തന്നെയാകും. അത്ര വലിയ ആഘാതമാണ് ഈ ദുരന്തം ഇടുക്കിക്കു സമ്മാനിച്ചത്. ഒരു മനുഷ്യായുസ്സില്‍ ഒരിക്കല്‍ മാത്രം കടന്നുപോകേണ്ട ഏറ്റവും വലിയ പരീക്ഷണത്തില്‍ കൂടിയാണ് ഇടുക്കി ഇന്നു കടന്നുപോകുന്നത്. 1924-ലെ മഹാപ്രളയം പോലെ 2018-ഉം ഒരു ദുരന്ത ഓര്‍മയായി അവശേഷിക്കും. ഇംഗ്ലീഷുകാര്‍ പടുത്തുയര്‍ത്തിയ സ്വപ്നനഗരം മൂന്നാര്‍ തകര്‍ന്നത് 1924-ല്‍ ആയിരുന്നു. സമുദ്രനിരപ്പില്‍നിന്നും 6000 അടി ഉടയരത്തിലുള്ള മൂന്നാര്‍ മണ്ണും മരവും പാറയും ഇടിഞ്ഞുവീണ് ഒരു പ്രേതഭൂമിയായി. ലയങ്ങളില്‍ താമസിച്ച നൂറുകണക്കിനു തൊഴിലാളികള്‍ മരണമടഞ്ഞു. വൈദ്യുതിയും ടെലഫോണും റെയില്‍വേയും വലിയ വീതി കൂടിയ വഴികളും ഉണ്ടായിരുന്ന മൂന്നാര്‍ തകര്‍ന്നടിഞ്ഞു. പഴയ ആലുവ-മൂന്നാര്‍ റോഡ് ചരിത്രസ്മാരകമായി. അതിന്‍റെ ചില ശേഷിപ്പുകള്‍ ഇന്നും മാങ്കുളം, ആനക്കുളം മേഖലകളിലുണ്ട്. പൂര്‍ണമായും ഉപേക്ഷിച്ച ഈ പാതയ്ക്കു പകരമായിട്ടാണു പഴയ ആനത്താരകളായിരുന്ന കോതമംഗലം-നേര്യമംഗലം, അടിമാലി -പള്ളിവാസല്‍ വഴി വികസിപ്പിച്ചെടുത്തത്. 2018-ല്‍ മൂന്നാര്‍ മാത്രമല്ല, ഇടുക്കി ഒന്നാകെ ഒറ്റപ്പെട്ടു. ഇടുക്കിയിലേക്കുള്ള എല്ലാ വഴികളും അടഞ്ഞു. കൊച്ചി-ധനുഷ്കോടി ദേശീയപാതയും കോട്ടയം-കുമളിറോഡും നേര്യമംഗലം-ഇടുക്കി റോഡും തൊടുപുഴ-മൂലമറ്റം റോഡും വണ്ണപ്പുറം-ചേലച്ചുവടു റോഡും തകര്‍ന്നു തരിപ്പണമായി. വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ ഒരാഴ്ച പൂര്‍ണമായി നിശ്ചലമായി.

2018 ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 19 വരെ ഇടുക്കിയില്‍ പെയ്തത് 3474.6 മില്ലിമീറ്റര്‍ മഴയാണ്. ഇതു സാധാരണ ഈ കാലയളവില്‍ പെയ്യുന്ന മഴയുടെ 92 ശതമാനം കൂടുതലാണ്. ജില്ലാടിസ്ഥാനത്തില്‍ കേരളത്തില്‍ ഈ കാലയളവില്‍ പെയ്ത മഴ 35 ശതമാനം മാത്രം കൂടുതലായിരിക്കെയാണ് ഇടുക്കിയില്‍ അതിന്‍റെ മൂന്നിരട്ടിയോളം കൂടുതല്‍ മഴ പെയ്തത്. എറണാകുളം ജില്ലയിലെ മഹാപ്രളയത്തിന്‍റെ മാതാവും ഇടുക്കിയില്‍ പെയ്ത ഈ മഴയുടെ ആധിക്യമാണ്. മാട്ടുപ്പെട്ടി, മൂന്നാര്‍ ഹെഡ്വര്‍ക്സ്, പൊന്‍മുടി, കല്ലാര്‍കുട്ടി, മുല്ലപ്പെരിയാര്‍, ഇടുക്കി, ലോവര്‍ പെരിയാര്‍ എന്നീ ഡാമുകള്‍ക്കൊന്നും ഈ ജലത്തെ ഉള്‍ക്കൊള്ളാനായില്ല. കര തോടായി, തോട് ആറായി, ആറ് കടലായി…

ഉരുള്‍പൊട്ടല്‍ എന്ന ഇരുട്ടടി
മറ്റു ജില്ലകളില്‍ പ്രളയമാണു നാശം വിതച്ചതെങ്കില്‍ ഇടുക്കിയില്‍ അത് ഉരുള്‍പൊട്ടലിന്‍റെ രൂപത്തിലായിരുന്നു. ജില്ലയില്‍ 278 സ്ഥലങ്ങളിലാണു വലിയ ഉരുള്‍പൊട്ടലുണ്ടായത്. 1800-ലധികം ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. വലിയ 19 ഉരുള്‍പൊട്ടലുകളിലായി അമ്പതിലധികം പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. മണ്ണിനടിയില്‍പ്പെട്ട നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഒരേ കുടുംബത്തിലെ മൂന്നും നാലും അഞ്ചും പേര്‍ നഷ്ടപ്പെട്ട മഞ്ഞപ്പാറ, ഉപ്പുതോട്, കരിമ്പന്‍, ഇടുക്കി, അടിമാലി, എട്ടുമുറി, പനംകുട്ടി തുടങ്ങിയ ഗ്രാമങ്ങളുടെ കണ്ണുനീര്‍ വറ്റിയിട്ടില്ല. ആ കുടുംബങ്ങളില്‍ അവശേഷിക്കുന്ന ഒന്നോ രണ്ടോ പേരെ ആശ്വസിപ്പിക്കുന്നതിനു നിഘണ്ടുവില്‍ വാക്കുകള്‍ തിരയുന്ന പരിചയക്കാര്‍. മണ്ണിനടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടവര്‍ ഏറെ. പന്നിയാര്‍കുട്ടി, കരിമ്പന്‍ മുതലായ പല ഗ്രാമങ്ങളും പുനര്‍ നിര്‍മിക്കാനാകാത്തവിധം തകര്‍ന്നടിഞ്ഞു. 1050 വീടുകള്‍ പൂര്‍ണമായും 3260 വീടുകള്‍ ഭാഗികമായും നശിച്ചു. 10500 ഹെക്ടര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചു.

ഭൂമി വിണ്ടുകീറുന്ന പ്രതിഭാസം
മഴ ശമിച്ചെങ്കിലും 'സോയില്‍ പൈപ്പിംഗ്' എന്ന പുതിയ പ്രതിഭാസം രൂപപ്പെട്ടിരിക്കുന്നു. വ്യാപകമായതും കനത്തതുമായ മഴയില്‍ ഭൂമിക്ക് ഉള്‍ക്കൊള്ളാവുന്നതിലധികം വെള്ളം ഭൂമിക്കടിയില്‍ താഴുന്നതിനാല്‍ ചില പ്രത്യേക പ്രദേശത്തെ ഭൂമിക്കടിയിലെ മണ്ണ് ഒലിച്ചുമാറുന്നതാണത്രേ ഈ പ്രതിഭാസം. 30 മുതല്‍ 100 മീറ്റര്‍ വരെ വീതിയിലും രണ്ടു മുതല്‍ 10 അടി വരെ ആഴത്തിലും കിലോമീറ്ററുകളോളം നീളത്തില്‍ ഭൂമി അതിന്‍റെ ആഴത്തിലേക്കു താഴ്ന്നിറങ്ങുകയാണ്. ഇങ്ങനെ ഭൂമി ഇടിഞ്ഞുതാഴുന്ന ഇടങ്ങളിലെ വീടുകളും മറ്റു കെട്ടിടങ്ങളും മരങ്ങളും നിലംപതിക്കുന്നു. മാറാടി, വിമലഗിരി, കഞ്ഞിക്കുഴി, പനംകുട്ടി, പാറത്തോട് തുടങ്ങി നിരവധി മേഖലകളില്‍ ചെറുതും വലുതുമായ നൂറുകണക്കിനു വീടുകളും ഏക്കര്‍ കണക്കിനു കൃഷിഭൂമിയും തകര്‍ന്നടിഞ്ഞിരിക്കുന്നു. തകര്‍ന്നുപോയ 70 കിലോ മീറ്റര്‍ നാഷണല്‍ ഹൈവേ, 560 കിലോമീറ്റര്‍ പിഡബ്ല്യൂഡി റോഡുകള്‍ 1496 കിലോമീറ്റര്‍ പഞ്ചായത്ത് റോഡുകള്‍ എന്നിവ പുനര്‍നിര്‍മിക്കാന്‍ എത്ര കാലമെടുക്കും എന്നു കാത്തിരുന്നു കാണാം.

ഡാമുകളുടെ പങ്ക്
മഴ കനത്തതാണോ ഡാമുകള്‍ തുറന്നതാണോ പ്രളയത്തിനു കാരണം എന്ന ചര്‍ച്ച കൊഴുക്കുകയാണല്ലോ. മഴ കനത്തതുകൊണ്ടാണു ഡാം തുറക്കേണ്ടിവന്നത്. ഡാം തുറന്നതാണു പ്രളയത്തിന്‍റെ പ്രധാന കാരണവും. പ്രത്യേകിച്ച് ഇടുക്കി ഡാം 2395.05 (സമുദ്രനിരപ്പില്‍ നിന്നുമുള്ള അളവാണിത്) അടിയായതിനെത്തുടര്‍ന്നാണു ജൂലൈ 30-നു ജില്ലാ ഭരണകൂടം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. തെല്ലൊന്ന് കുറഞ്ഞ മഴ വീണ്ടും കനത്തപ്പോള്‍ ആഗസ്റ്റ് 9-ന് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ഇടുക്കി തുറക്കുകയുമായിരുന്നു. അന്നു തുറന്ന ഇടുക്കി ഡാം ഇതുവരെ അടച്ചിട്ടില്ല. ഇതിനിടെ മാട്ടുപെട്ടി ഡാം തുറന്നതോടെ മൂന്നാര്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. 'കൂനിന്മേല്‍ കുരു' എന്ന തരത്തില്‍ മുല്ലപ്പെരിയാറിലെ അധികജലം ഇടുക്കിയിലേക്കു തുറന്നുവിട്ടപ്പോള്‍ ഇടുക്കിയില്‍നിന്നും പുറത്തേയ്ക്കൊഴുകിയതു സെക്കന്‍റില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളം. ഈ വെള്ളത്തോടൊപ്പം മാട്ടുപ്പെട്ടി, പൊന്‍മുടി ഡാമുകളിലെ വെള്ളവും ഇടമലയാറിലെ വെള്ളവും ചേര്‍ന്നപ്പോള്‍ അതു താഴ്ന്ന പ്രദേശങ്ങളില്‍ മഹാപ്രളയമായി. വേണ്ടത്ര കണക്കുകൂട്ടലുകള്‍ ഇല്ലാതെ പണി തീര്‍ത്ത ചെറുതോണി ബസ് സ്റ്റാന്‍റും പെരിയാറിന്‍റെ തീരത്തെ നിര്‍മാണങ്ങളും കൃഷിയും പ്രകൃതി തിരിച്ചെടുത്തു. ഇടുക്കി ഡാം പണിയുന്നതിനുമുമ്പ് എങ്ങനെ പെരിയാര്‍ ഒഴുകിയോ അതേ പെരിയാര്‍ തന്നെ 45 വര്‍ഷങ്ങള്‍ക്കുശേഷം പുനര്‍ജനിച്ചു.

സഭയുടെ കൈത്താങ്ങ്
ജില്ലയില്‍ ആകെ പ്രവര്‍ത്തിച്ച 211 ക്യാമ്പുകളില്‍ 148 എണ്ണവും സഭയുടെ ദേവാലയങ്ങളിലോ സന്ന്യാസഭവനങ്ങളിലോ വിദ്യാലയങ്ങളിലോ മറ്റു സ്ഥാപനങ്ങളിലോ ആണു പ്രവര്‍ത്തിച്ചത്. വൈദികരും സന്ന്യസ്തരും വിശ്വാസസമൂഹം മുഴുവനും തികഞ്ഞ ആത്മാര്‍ത്ഥതയോടും സമയോചിതമായ രീ തിയിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. ദുരന്തബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും ഭക്ഷണം പാ കം ചെയ്തു വിളമ്പി നല്കുന്നതിനും വൈദികരും സിസ്റ്റേഴ്സും സദാ കൂടെ ഉണ്ടായിരുന്നു. ആശയസംവിധാനങ്ങള്‍ തകരാറിലാകുകയും എല്ലാ വഴികളും അടഞ്ഞുപോകുകയും ചെയ്തപ്പോഴും ദുരിതബാധിതര്‍ക്ക് ആവശ്യമായ പുതപ്പ്, പായ, വസ്ത്രങ്ങള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ എത്തിച്ചുകൊടുക്കാന്‍ എല്ലാ സഭാസംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. കിലോമീറ്ററുകള്‍ നടന്നു ദുരിതാശ്വാസമേഖലകള്‍ സന്ദര്‍ശിച്ച അഭി. പിതാവിന്‍റെയും ചുമലില്‍ 50 കിലോ അരിച്ചാക്കുമായി പനംകുട്ടി മലകയറുന്ന മാങ്കുളം വികാരിയുടെയും സ്വന്തം പിതൃസ്വത്തായ ഒന്നര ഏക്കര്‍ സ്ഥലം വീടു നഷ്ടപ്പെട്ടവര്‍ക്കു വീടുവയ്ക്കാന്‍ യാതൊരു വ്യവസ്ഥയും വയ്ക്കാതെ വിട്ടുനല്കിയ പാറത്തോടു സെന്‍റ് ജോര്‍ജ് ഫൊറോന വികാരിയുടെയും ക്യാമ്പംഗങ്ങള്‍ക്കു ഭക്ഷണമുണ്ടാക്കി കൊടുക്കുകയും ക്യാമ്പില്‍ തന്നെ കിടന്നുറങ്ങുകയും ചെയ്ത അനേകം വൈദികരുടെയും സന്ന്യസ്തരുടെയും ചിത്രങ്ങള്‍ ദുരന്തകാഴ്ചകള്‍ മങ്ങിമറഞ്ഞാലും ഏറെക്കാലം പ്രശോഭിച്ചുകൊണ്ടിരിക്കും. സഹായ, സാന്ത്വന ഹസ്തങ്ങളുമായി വന്ന ആലഞ്ചേരി പിതാവും തിരുവനന്തപുരം ലത്തീന്‍ അതിരൂപത, കോതമംഗലം ചങ്ങനാശ്ശേരി മുതലായ പല രൂപതാനേതൃത്വങ്ങളും ഇടുക്കിക്കാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഇടുക്കിക്കാരന്‍ തന്നെയായ ജില്ലാകളക്ടറും വൈദ്യുതിമന്ത്രിയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഭാവി പരിപാടികള്‍; ആശങ്കകള്‍
പുനരധിവാസത്തിനു സര്‍ക്കാരിന്‍റെയും സഭയുടെയും പ്രവര്‍ത്തനങ്ങളെയാണു പ്രതീക്ഷയോടെ കാണുന്നത്. രൂപതാതലത്തില്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒമ്പതംഗ കമ്മിറ്റി രൂ പീകരിച്ചിട്ടുണ്ട്. രൂപതാ സോഷ്യല്‍ സര്‍വീസ് വിഭാഗമായ ഹൈറേഞ്ച് ഡവലപ്പ്മെന്‍റ് സൊസൈറ്റിയുടെ കീഴില്‍ ഫണ്ട് ശേഖരണവും ആരംഭിച്ചുകഴിഞ്ഞു. ഭക്ഷണം, വസ്ത്രം മുതലായവ എത്തിച്ചുകൊടുക്കുകയാണു പ്രാരംഭഘട്ടത്തില്‍ ചെയ്യുന്നത്. എല്ലാ ഇടവകകളിലും രൂപീകരിക്കപ്പെട്ട പുനരധിവാസ കമ്മിറ്റികള്‍ വഴിയാണു സഹായങ്ങള്‍ ഏകോപിപ്പിക്കുന്നത്. അര്‍ഹരായവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ സ്വാധീനം ചെലുത്തുകയും ഇവ വാങ്ങിയെടുക്കുന്നതിനു സാധാരണക്കാര്‍ക്കു സഹായമായി തീരുകയും ചെയ്യുക എന്നതാണ് ഈ കമ്മിറ്റികളുടെ ലക്ഷ്യം. സര്‍ക്കാര്‍ തലത്തില്‍ അവഗണിക്കപ്പെടുകയോ ഉചിതമായ സഹായം ലഭിക്കാതെ വരികയോ ചെയ്യുന്ന ഇടങ്ങളില്‍ രൂപതാ ഫണ്ടുപയോഗിച്ചു പുനരധിവാസം സാദ്ധ്യമാക്കുകയാണു രണ്ടാം ഘട്ട പ്രവര്‍ത്തനത്തില്‍ ലക്ഷ്യമാക്കുന്നത്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്ക്കുന്ന സ്ഥലങ്ങളില്‍ വീടു വയ്ക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തും എന്ന നിര്‍ദ്ദേശം നല്ലതാണെങ്കിലും ചെറിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍ സാദ്ധ്യതാസ്ഥലങ്ങള്‍ എങ്ങനെ കണ്ടെത്തും? ജില്ല മുഴുവന്‍ ഇങ്ങനെ പ്രഖ്യാപിക്കപ്പെട്ടാല്‍ എവിടെ വീടുവയ്ക്കും? അതൊരു വലിയ കുടിയിറക്കിനു കാരണമാകുമോ…? ചോദ്യങ്ങള്‍ നീളുന്നു.

അതിജീവനത്തിന്‍റെ വലിയ ചരിത്രം പേറുന്ന ഇടുക്കി ഈ പ്രളയകാലത്തെയും അതിജീവിക്കുകതന്നെ ചെയ്യും.

(ഇടുക്കി രൂപതയിലെ മാവടി സെന്‍റ് തോമസ് പള്ളി വികാരിയും രൂപതാ ദുരന്ത നിവാരണ കമ്മിറ്റി അംഗവുമാണു ലേഖകന്‍)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org