ഇടുക്കിയെ നടുക്കിയ ദുരന്തത്തിലൊരു കൈത്താങ്ങ്

ഇടുക്കിയെ നടുക്കിയ ദുരന്തത്തിലൊരു കൈത്താങ്ങ്


ബിഷപ് ജോണ്‍ നെല്ലിക്കുന്നേല്‍

ഇടുക്കി രൂപതാ മെത്രാന്‍

കഴിഞ്ഞ മൂന്നു മാസത്തോളമായി തുടരുന്ന തോരാമഴ മലയോരജില്ലയായ ഇടുക്കിയുടെ ഹൃദയം തകര്‍ത്തിരിക്കുകയാണ്. പതിനായിരങ്ങള്‍ ജീവിതം വഴി മുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. ഭയാനകമായ ഉരുള്‍പൊട്ടലും, മലയിടിച്ചിലും മലവെള്ളപ്പാച്ചിലും അനേകരുടെ ജീവി തസ്വപ്നങ്ങളാണ് തകര്‍ത്തത്. എവിടെയും ഭീതിയും, ആശങ്കകളും നിറഞ്ഞിരിക്കുന്നു. ആളുകള്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ പോലും ശ്മശാനമൂകത തളം കെട്ടി നില്ക്കുന്നു. ദുരന്തങ്ങളില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും, കിടപ്പാടം പോയവരും, ജീവനോപാധികള്‍ നഷ്ടപ്പെട്ടവരും നിരാശയുടെ കയങ്ങളില്‍ മുങ്ങുമ്പോള്‍ ബാക്കിയുള്ളവര്‍ ആ വേദന നെഞ്ചിലേറ്റുകയാണ്.

ദേവികുളം, ഇടുക്കി, ഉടുമ്പന്‍ഞ്ചോല എന്നീ താലൂക്കുകളിലാണ് ദുരന്തം കൂടുതല്‍ ഉണ്ടായത്. 57 പേര്‍ മരിച്ചപ്പോള്‍ 5 പേരുടെ മൃതശരീരം ഇനിയും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ 52 പേര്‍ സാവധാനം ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. പതിനായിരക്കണക്കിന് ഹെക്ടര്‍ കൃഷിഭൂമിയും, ആയിരത്തിലധികം വീടുകള്‍ പൂര്‍ണ്ണമായും, മൂവായിരത്തിലധികം വീടുകള്‍ ഭാഗികമായുംڔനശിച്ചു. ഇവയുടെ കൃത്യമായ കണക്കുകള്‍ വരുന്നതേയുള്ളു. 45 കിലോമീറ്റര്‍ ദേശീയപാതയും, 405 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകളും, 1145 കിലോമീറ്റര്‍ പഞ്ചായത്ത് റോഡുകളും പൂര്‍ണ്ണമായി നശിച്ചു. നിരവധി പാലങ്ങളും തകര്‍ന്നു.

6175 കുടുംബങ്ങളില്‍ നിന്നായി 33,636 പേര്‍ 211 ക്യാമ്പുകളില്‍ ഉണ്ടായിരുന്നു.ڔആഗസ്റ്റ് 8 മുതല്‍ 11 വരെയും 14 മുതല്‍ 17 വരെയും ആയിരുന്നു ഏറ്റവും ശക്തമായ മഴയുണ്ടായത്.

ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും ആരംഭിച്ചപ്പോള്‍ മുതല്‍ ഇടുക്കി രൂപത ദുരിതബാധിതരെ സഹായിക്കുന്നതിന് മുന്‍പിലുണ്ടായിരുന്നു. പള്ളികളും, പാരിഷ് ഹാളുകളും സ്കൂളുകളും ക്യാമ്പുകള്‍ക്കായി വിട്ടു നല്‍കി. വൈദികരും, സന്യസ്തരും ഇടവക ജനങ്ങളും അതാത് പ്രാദേശിക ക്യാമ്പുകള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കി. സര്‍ക്കാര്‍ ലഭ്യമാക്കിയ ഭക്ഷണം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ക്ക്ڔപുറമെ ആവശ്യമുള്ളതെല്ലാം ലഭ്യമാക്കുവാന്‍ അവര്‍ ജാഗ്രത കാട്ടി. കുടിവെള്ളം സജ്ജീകരിക്കുക, ഭക്ഷണം പാകം ചെയ്യുക, വിളമ്പി നല്കുക, ആവശ്യമായ പായ, തുണി, പുതപ്പ് എന്നിവ സംഘടിപ്പിച്ചു നല്കുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ അവര്‍ സന്തോഷത്തോടെ ഏറ്റെടുത്തു.

വികാരി ജനറാളന്മാരും, സോഷ്യല്‍ സര്‍വ്വീസ് ഡയറക്ടറും ഉള്‍പ്പെടെയുള്ളവര്‍ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയും ക്യാമ്പുകളിലെത്തി അവര്‍ക്ക് ആശ്വാസം പകരുകയും ചെയ്തു. അവരോടൊപ്പം ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് പ്രകൃതിദുരന്തത്തിന്‍റെ ആഴം എനിക്കു കണ്ടറിയാന്‍ സാധിച്ചത്. ക്യാമ്പുകളില്‍ കഴിയുന്നവരുടെ കദനകഥ ഏതൊരു മനുഷ്യസ്നേഹിയുടെയും കരളലിയിക്കുന്നതായിരുന്നു. ജില്ലാ ഭരണ നേതൃത്വവുമായി ദു രിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തി. അടഞ്ഞു പോയ പല റോഡുകളും തുറക്കുന്നതിന്ڔജെ.സി.ബി. സൗകര്യം ലഭിക്കാതെ പോയ സ്ഥലങ്ങളില്‍ വൈദികരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ഒന്നുചേര്‍ന്ന് റോഡിലെ തടസ്സങ്ങള്‍ നീക്കി അവ ഗതാഗത യോഗ്യമാക്കി. ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, ജില്ലാ ഭരണാധികാരികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധസേവാംഗങ്ങള്‍ എന്നിവര്‍ ദുരിതാശ്വാസത്തിന് കൈകോര്‍ത്തപ്പോള്‍ അത് കൂട്ടായ്മയുടെയും കാര്യക്ഷമതയുടെയും ഒരു മുന്നേറ്റമായി മാറി.

വിവിധ മേഖലകളില്‍നിന്ന് ഭക്ഷ്യോത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി വസ്തുക്കള്‍ സൗജന്യമായി ഇടുക്കിയില്‍ എത്തി. അയല്‍രൂപതകളും ഉദാരതയോടെ സഹായിച്ചു. രൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അത് കിറ്റുകളാക്കി ദുരന്തബാധിത മേഖലകളിലെത്തിച്ചു. വികാരിമാരുടെ നേതൃത്വത്തില്‍ അത് ഏറ്റവും കഷ്ടത അനുഭവിക്കുന്നവരുടെ കുടുംബങ്ങളില്‍ എത്തിച്ചു. 4000 കിറ്റുകള്‍ ഇപ്രകാരം നല്‍കിക്കഴിഞ്ഞു. വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്കാലിക വാസസ്ഥലം സജ്ജീകരിക്കുന്നതിനും ഇടവക തലത്തില്‍ ശ്രമങ്ങള്‍ നടന്നു.

വൈദിക പ്രതിനിധിയോഗം ചേര്‍ന്ന് പുനഃരധിവാസ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്തു. ഇടവകയില്‍ വികാരിമാരുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന കമ്മിറ്റി ഇടവകാതിര്‍ത്തിയിലെ നാശനഷ്ടങ്ങളുടെ സ്ഥിതിവിവരങ്ങള്‍ ശേഖരിച്ച് രൂപതാകേന്ദ്രത്തില്‍ നല്‍കി. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് പെട്ടെന്ന് ലഭ്യമാകുമെന്ന് ഉറപ്പുവരുത്തുകയാണ് അവരുടെ പ്രഥമ കടമ. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക്ڔപകരം വീട് വയ്ക്കുന്നതിന് സ്ഥലമില്ലെങ്കില്‍ ഇടവക തലത്തില്‍ കണ്ടെത്തും. ഇതിനോടകം തന്നെ കുറെയാളുകള്‍ സ്ഥലം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. രൂപതാംഗങ്ങള്‍ എല്ലാവരും ഒരു മാസത്തെ വരുമാനം ദുരന്തബാധിതരുടെ പുനഃരധിവാസത്തിനായി നീക്കിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിദേശത്തുള്ള രൂപതാംഗങ്ങളും ഇപ്രകാരം നലകുന്നതിന് പ്രോത്സാഹിപ്പിക്കും. വീട് നിര്‍മ്മാണം സര്‍ക്കാരിന്‍റെ പദ്ധതികളോട് സഹകരിച്ചായിരിക്കും നടപ്പിലാക്കുക. വീട് നിര്‍മ്മാണത്തിന് പ്രദേശത്തിന് അനുയോജ്യമായ ഒരു നിര്‍മ്മാണ പ്ലാന്‍ തയ്യാറാക്കി നലകുന്നതാണ്.

ജീവനോപാധികള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും തുടങ്ങുന്നതിനായി സാദ്ധ്യമായ സഹായ പദ്ധതികള്‍ ആവിഷ്ക്കരിക്കും. മറ്റു രൂപതകളും സഹായവുമായി പുനഃരധിവാസ ശ്രമങ്ങള്‍ക്ക് കരുത്തേകുന്നുണ്ട്. സമാഹരിക്കുന്ന തുക ആനുപാതികമായി ഇടവക കമ്മിറ്റികള്‍ വഴി അര്‍ഹരായവര്‍ക്ക് ജാതിമത വ്യത്യാസമില്ലാതെ നല്കുന്നതാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലും ശ്രമദാനങ്ങളിലൂടെ നടത്തുന്നതിനും പ്രോത്സാഹിപ്പിക്കും. അടുത്ത ആറു മാസത്തേക്ക് ആഘോഷങ്ങളെല്ലാം പരിമിതപ്പെടുത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കും. ഇക്കാര്യങ്ങള്‍ വിശദീകരിച്ച ഒരു സര്‍ക്കുലര്‍ ആഗസ്റ്റ് 26-ന് പള്ളികളില്‍ വായിക്കുകയുണ്ടായി. രൂപതാതലത്തില്‍ വൈദികര്‍, സന്യസ്തര്‍, അല്മായര്‍ എന്നിവരടങ്ങുന്ന ഒരു സമിതിക്ക് രൂപം നല്‍കി. ഈ സമിതി പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org