Latest News
|^| Home -> Cover story -> ഇടുക്കിയുടെ സ്വന്തം ഇടയന്‍

ഇടുക്കിയുടെ സ്വന്തം ഇടയന്‍

Sathyadeepam

ഡോ. ജോസഫ് കൊച്ചുകുന്നേല്‍
ചാന്‍സലര്‍, ഇടുക്കി രൂപത

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ നിയോഗിച്ചിട്ട് 2015 മാര്‍ച്ച് രണ്ടാം തീയതി പതിനഞ്ചു വര്‍ഷം പൂര്‍ത്തിയായി. കഴിഞ്ഞ ഒന്നര ദശാബ്ദക്കാലം രൂപതയുടെ ഇടയ ശുശ്രൂഷ നിര്‍വ്വഹിച്ചശേഷം പിതാവ് വിശ്രമ ജീവിതത്തിലേയ്ക്കു പ്രവേശിക്കുകയാണ്.

ഹൈറേഞ്ച് പ്രദേശത്തിന്‍റെ വളര്‍ച്ചയുടെ ചരിത്രം കോതമംഗലം രൂപതയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. മാതൃരൂപതയായ കോതമംഗലം രൂപതയിലെ ഇടയന്മാരായിരുന്ന അഭിവന്ദ്യ മാര്‍ മാത്യു പോത്തനാംമൂഴി പിതാവിന്‍റെയും മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവിന്‍റെയും ദീര്‍ഘവീക്ഷണവും കരുതലും അവിഭക്ത കോതമംഗലം രൂപതയിലെ വൈദികരുടെ ത്യാഗപൂര്‍വ്വകമായ കഠിനാദ്ധ്വാനവും സമര്‍പ്പിതരുടെ നിസ്വാര്‍ത്ഥമായ ശുശ്രൂഷയും പ്രേഷിതതീക്ഷ്ണതയും ഇടുക്കിയുടെ വളര്‍ച്ചയുടെ അടിസ്ഥാനമായി നിലകൊള്ളുന്നു.

ഹൈറേഞ്ചിലെ ആളുകളെല്ലാവരും വിദൂരനാടുകളില്‍ നിന്ന് പലവിധ കാരണങ്ങളാല്‍ അവിടേക്ക് എത്തിച്ചേര്‍ന്നവരാണ്. പ്രതികൂലമായ കാലാവസ്ഥ, പ്രകൃതിക്ഷോഭങ്ങള്‍, വന്യ മൃഗങ്ങളുടെ ഉപദ്രവം, പട്ടിണി, രോഗങ്ങള്‍ യാത്രാസൗകര്യമില്ലായ്മ തുടങ്ങിയ വെല്ലുവിളികളെ അതിജീവിച്ചാണ് ഹൈറേഞ്ചിലേയ്ക്ക് ജനങ്ങള്‍ കൂട്ടമായി കുടിയേറിയത്. ഏറുമാടങ്ങളില്‍ രാത്രി കഴിച്ചുകൂട്ടിയും, കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചുമാണ് ആദ്യകാല കുടിയേറ്റ കര്‍ഷകര്‍ ജീവിച്ചത്. ദൈവവിശ്വാസം പകര്‍ന്നു നല്കിയ വലിയ ധൈര്യം എല്ലാ പ്രതിസന്ധികളിലും അവര്‍ക്ക് ബലമായി കൂടെയുണ്ടായിരുന്നു. ക്രൈസ്തവര്‍ കൂട്ടമായി താമസിച്ചിടത്തൊക്കെ ദൈവാലയങ്ങളുണ്ടായി; ശുശ്രൂഷയ്ക്കായി വൈദികര്‍ കടന്നുവന്നു; സ്കൂളുകളും ഇതര സ്ഥാപനങ്ങളും ആരംഭിച്ചു. റോഡുകളും പാലങ്ങളും നിര്‍മ്മിച്ചു. ഹൈറേഞ്ചിന്‍റെ ചരിത്രവുമായി ക്രൈസ്തവസഭയുടെ ജീവിതം ഏറെ ബന്ധപ്പെട്ടതാണ്. കുടിയേറ്റ കര്‍ഷകന്‍റെ മകനായ പിതാവ് തന്‍റെ ബാല്യകാലാനുഭവങ്ങള്‍ പല പ്രസംഗവേദികളിലും പങ്കുവച്ചിട്ടുണ്ട്.

രൂപതയുടെ മെത്രാനായി നിയാഗിക്കപ്പെട്ടതു മുതല്‍ ഇന്നുവരെ പിതാവിന്‍റെ പ്രാര്‍ത്ഥനകളില്‍ ഇടുക്കിയുണ്ടായിരുന്നു. ബലഹീനനായ തന്നിലൂടെ ദൈവം പ്രവര്‍ത്തിക്കുമെന്നും രൂപത മുഴുവനും തന്നോട് സഹകരിക്കുമെന്നുമുള്ള ആഴമേറിയ ബോധ്യം പിതാവിനുണ്ടായിരുന്നു. ഈശോമിശിഹായില്‍ ദൈവീകരിക്കപ്പെട്ട ഒരു സമൂഹമായി രൂപത വളരണമെന്ന തീവ്രമായ ആഗ്രഹത്തോടെയാണ് “ക്രിസ്തുവിലുള്ള ദൈവീകരണം” എന്ന മുദ്രാവാക്യം പിതാവ് സ്വീകരിച്ചതുതന്നെ.

എട്ടു ഫൊറോനകളും 114 ഇടവകകളും ഉള്‍പ്പെടുന്ന പുതിയ രൂപതയില്‍ 69 വൈദികരായിരുന്നു സ്ഥിരമായി ജോലി ചെയ്യുവാനായി തീരുമാനിച്ചത്. കോതമംഗലം രൂപതയിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ച വൈദികരും കുറെക്കാലം ഇടുക്കിയില്‍ സേവനം തുടരുവാന്‍ സന്മനസ്സു കാണിച്ചു. കരിമ്പനില്‍ പ്രവര്‍ത്തിച്ചിരുന്ന ഗിരിദീപം ആശുപത്രിക്കെട്ടിടത്തില്‍ രൂപതാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

പുതിയ ഒരു രൂപത പടുത്തുയര്‍ത്തുന്നത് ഏറെ ശ്രമകരമായിരുന്നു. മൈനര്‍ സെമിനാരി പണിയണം; കത്തീഡ്രല്‍ ദേവാലയം നിര്‍മ്മിക്കണം; ബിഷപ്സ് ഹൗസില്‍ വളരെ പരിമിത സൗകര്യങ്ങള്‍ മാത്രം; വൈദിക വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവു കണ്ടെത്തണം. ജനങ്ങള്‍ക്കു മുമ്പില്‍ രൂപതയുടെ വിവിധ ആവശ്യങ്ങള്‍ പിതാവ് അവതരിപ്പിച്ചപ്പോള്‍ അവര്‍ കഴിവിന്‍റെ പരമാവധി സഹകരിച്ചു. കഷ്ടപ്പാടനുഭവിച്ച് വളരുന്ന സാധാരണക്കാരായ അല്മായര്‍ അപരന്‍റെ ആവശ്യങ്ങളില്‍, സമൂഹത്തിന്‍റെ പൊതുവായ കാര്യങ്ങളില്‍ കൈനിറയെ ദാനം ചെയ്യുമെന്ന് തെളിയിച്ചു. കാര്‍ഷിക വിളകളുടെ വിലയിടിവും മറ്റു ദുരിതങ്ങളുംമൂലം ക്ലേശിച്ചപ്പോഴും രൂപതയെ പടുത്തുയര്‍ത്തുന്നതില്‍ അങ്ങേയറ്റം താല്പര്യമെടുത്ത ദൈവജനത്തെക്കുറിച്ച് പിതാവ് ഏറെ അഭിമാനിക്കുന്നു.

മനോഹരമായ ഒരു സെമിനാരിയും ശില്പഭംഗിയാലും ഗാംഭീര്യത്താലും രൂപതയ്ക്ക് തിലകക്കുറിയായി നില്ക്കുന്ന കത്തീഡ്രല്‍ ദൈവാലയവും ബിഷപ്സ് ഹൗസിനോട് ചേര്‍ന്ന് നിര്‍മ്മിച്ച അജപാലന കേന്ദ്രവും അടിമാലിയിലെ വൈദിക വിശ്രമജീവിതത്തിനുള്ള മന്ദിരവും പടുത്തുയര്‍ത്താന്‍ പിതാവിനു കഴിഞ്ഞു.

ദൈവജനത്തോടൊത്ത് ആയിരിക്കുകയെന്നതും അവരെ പരിചയപ്പെടുകയെന്നതും അവരുടെ സുഖദുഃഖങ്ങളില്‍ പങ്കുചേരുകയെന്നതുമായിരുന്നു പിതാവിന്‍റെ ആനന്ദം. ഹൈറേഞ്ചിന്‍റെ കഷ്ടതകള്‍ നേരിട്ടനുഭിച്ചതുകൊണ്ടും ജോസ്ഗിരിയിലും ചുരുളിയിലും എഴുകുംവയലിലും വികാരിയായിരുന്നതുകൊണ്ടും അവരിലൊരാളെപ്പോലെ ജീവിക്കാനും പ്രവര്‍ത്തിക്കാനും പിതാവിനായി. കാനോനിക സന്ദര്‍ശനത്തിനായും ഇതര പരിപാടികള്‍ക്കായും ഓരോ ഇടവകയിലും പലപ്രാവശ്യം എത്തുന്നതിന് പിതാവ് ശ്രദ്ധിച്ചു.

സമ്പത്തോ സ്ഥാപനങ്ങളോ ഒന്നുമല്ല ഒരു രൂപതയുടെ വളര്‍ച്ചയുടെ അടയാളം. വിശ്വാസത്തിലും ആത്മീയതയിലും സമ്പന്നരായ ഒരു ജനതയുടെ രൂപീകരണവും ഈശോയെ പ്രഘോഷിക്കുന്നതുമാണ് ദൈവജനത്തിന്‍റെ യഥാര്‍ത്ഥ വളര്‍ച്ച. നാം ആയിരിക്കുന്നിടത്ത് സുവിശേഷപ്രഘോഷകരായി മാറണം. നാം വിശ്വാസസത്യങ്ങള്‍ പഠിക്കുകയും കൂദാശ കളാല്‍ വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് നമ്മിലൂടെ സഭ വളരുന്നത്. അജപാലനമേഖലയില്‍ സവിശേഷമായി ശ്രദ്ധിച്ചെങ്കിലേ ഇത് സാധിക്കു. നല്ല ദൈവവിളികള്‍ ഉണ്ടായാല്‍ മാത്രമേ ദൈവജനത്തെ പഠിപ്പിക്കാനും വിശുദ്ധീകരിക്കാനും നയിക്കാനും അവിടുത്തെ ഹൃദയത്തിനിണങ്ങിയ ഇടയന്മാരെ ലഭിക്കു: മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ ഉറച്ചബോധ്യം അതായിരുന്നു.

രൂപതാ സ്ഥാപനത്തിന്‍റെ ആദ്യവര്‍ഷംതന്നെ മൈനര്‍ സെമിനാരി ആരംഭിക്കുവാന്‍ പിതാവിന് സാധിച്ചു. 2003 ജൂണ്‍ മാസം തീര്‍ത്തും പരിമിതമായ സാഹചര്യത്തില്‍ മൈനര്‍ സെമിനാരിക്ക് തുടക്കം കുറിച്ചു. സമര്‍പ്പണ മനോഭാവവും ത്യാഗസന്നദ്ധതയുമുള്ള നിരവധി ചെറുപ്പക്കാര്‍ വൈദിക പരിശീലനത്തിനായി കടന്നുവന്നു. വൈദികരുടെ എണ്ണത്തില്‍ ഇടുക്കി രൂപത സ്വയം പര്യാപ്തരാണ്. ഇടവകകള്‍ തരുന്ന സംഭാവനയാണ് വൈദികവിദ്യാര്‍ത്ഥികളുടെ പഠനച്ചെലവിനുള്ള ഏക വഴി.

തന്‍റെ അജപാലന ശുശ്രൂഷയില്‍ പിതാവ് ഏറ്റവുമധികം ഊന്നല്‍ കൊടുത്തത് കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനാണ്. നല്ല കുടുംബങ്ങളാണ് സഭയുടെയും സമൂഹത്തിന്‍റെയും ബലം. നല്ല കുടുംബങ്ങളില്‍ നിന്നേ നല്ല ദൈവവിളികള്‍ ഉണ്ടാകൂ. സഭയുടെ ശക്തി കുടുംബബന്ധങ്ങളില്‍ നാം പുലര്‍ത്തി വരുന്ന നിഷ്ഠകളും, കാത്തുസൂക്ഷിച്ച വിശുദ്ധിയുമാണ്. കുടുംബം ഇന്ന് ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. കുടുംബബന്ധങ്ങളില്‍ വന്ന അപചയം ഏറെ വേദനാജനകമാണ്. നമ്മുടെ കുടുംബങ്ങള്‍ പരിശൂദ്ധാരൂപിയാല്‍ നയിക്കപ്പെടണം. കുടുംബപ്രാര്‍ത്ഥന ഒരിക്കലും മുടക്കരുത്. നസ്രത്തിലെ തിരുക്കുടുംബം പോലെ നമ്മുടെ കുടുംബങ്ങളും പ്രാര്‍ത്ഥനയിലും, പങ്കുവയ്ക്കലിലും ത്യാഗപൂര്‍വ്വകമായ വിട്ടുവീഴ്ചകളിലും അഭിവൃദ്ധി പ്രാപിക്കട്ടെയെന്ന് പിതാവ് എപ്പോഴും കുടുംബകൂട്ടായ്മകളെ ഉദ്ബോധിപ്പിച്ചിരുന്നു.

ഭക്തസംഘടനകള്‍ ഏറെ സജീവമായി പ്രവര്‍ത്തിക്കുന്ന രൂപതയാണ് ഇടുക്കി. സജീവമായ സംഘടനകള്‍ ജീവനുള്ള സഭയേയും ഇടവകയേയും സൂചിപ്പിക്കുന്നു. സഭയുടെ പ്രേഷിതദൗത്യത്തില്‍ സഭാംഗങ്ങള്‍ക്കുള്ള പങ്കാണ് ഓരോ സംഘടനയും പ്രകടമാക്കുന്നത്.

ഇടുക്കിയുടെ സമര്‍പ്പിതരുടെ മേഖലയില്‍ യുവത്വത്തിന്‍റെ പ്രസരിപ്പുണ്ട്. ഇടവകയുടെ പുളിമാവായി പ്രവര്‍ത്തിക്കുന്ന സമര്‍പ്പിത സഹോദരങ്ങളുടെ സേവനത്തെ ഏറെ വിലമതിക്കുന്നു. അമ്മമാരുടെയിടയിലും കുട്ടികളുടേയും യുവജനങ്ങളുടേയും ഇടയിലും അവര്‍ സേവനത്തിന്‍റെ പ്രകാശനാളങ്ങളായി വര്‍ത്തിക്കുന്നു. രോഗികളുടെയും ദുര്‍ബലരുടേയും മധ്യേ അവര്‍ ചെയ്യുന്ന സേവനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്.

2003 മുതല്‍ അജപാലന മേഖലയില്‍ പിതാവ് പല വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി. നിരവധി ദേവാലയങ്ങള്‍ പുതുക്കിപ്പണിതു. പുതിയ ഇടവകകള്‍ സ്ഥാപിച്ചു. വൈദിക മന്ദിരങ്ങള്‍ നവീകരിച്ചു. ചെറുതും വലുതുമായ പാരീഷ്ഹാളുകള്‍ നിര്‍മ്മിച്ചു. ദൈവശാസ്ത്ര വിഷയങ്ങളില്‍ ഉന്നത ബിരുദം നേടിയ വൈദികരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. കേരളത്തിലെ മൂന്ന് പ്രധാന മേജര്‍ സെമിനാരികളിലും ഇടുക്കി രൂപതാ വൈദികരുടെ സാന്നിധ്യമുണ്ട്. അല്മായര്‍ക്ക് ദൈവശാസ്ത്ര പഠനത്തിനുള്ള അവസരം രൂപതയിലുണ്ടായി. മതബോധന രംഗം കാലാനുസൃതമായി നവീകരിക്കുകയും കൂടുതല്‍ ചലനാത്മകമാവുകയും ചെയ്തു. CML, KCSL, KCYM, AKCC, മാതൃവേദി തുടങ്ങിയ ഭക്തസംഘടനകളുടെ പ്രവര്‍ത്തനം കേരളസഭാതലത്തില്‍ മികവുറ്റതാക്കുന്നതില്‍ പിതാവിന്‍റെ പ്രചോദനം എടുത്തുപറയേണ്ടതാണ്.

സഭയുടെ ചുമതലയാണ് അവര്‍ ജീവിക്കുന്ന മനുഷ്യസമുദായത്തോട് സമ്പര്‍ക്കം പുലര്‍ത്തുകയെന്നത്. എല്ലാ മനുഷ്യരുടെയും, വിശിഷ്യാ പാവങ്ങളുടെയും പീഡിതരുടെയും, സങ്കടങ്ങളും ഉത്കണ്ഠയുമെല്ലാം ക്രിസ്തുവിന്‍റെ അനുയായികളുടേതു കൂടിയാണെന്ന് 2-ാം വത്തിക്കാന്‍ കൗണ്‍സില്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു. അതിനാലാണ് മലയോര കര്‍ഷകരുടെ ചിരകാല സ്വപ്നമായ പട്ടയ വിഷയത്തില്‍ പിതാവ് ഇടപെട്ടത്. പട്ടയപ്രശ്നത്തിന്‍റെ സങ്കീര്‍ണ്ണത മലയോര ജനതയുടെ അതിജീവനത്തെയാണ് ബാധിക്കുന്നതെന്ന് അനുഭവങ്ങളിലൂടെ പിതാവിനറിയാം. ഈ സാഹ്യചര്യത്തിലാണ് ഹൈറേഞ്ച് സംരക്ഷണസമിതിയുടെ രൂപീകരണം.

പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ വഴിയായി വലിയ ഭയാശങ്കകള്‍ മലയോര ജനതയിലുണ്ടായി. സമരപാതയിലേക്ക് ഇവിടുത്തെ സഭയെ നയിച്ചത് പതിറ്റാണ്ടുകളായി ഇവിടെ അധിവസിക്കുന്ന ജനങ്ങളുടെ അതിജീവനത്തിനുള്ള അവകാശത്തെ ഹനിക്കുന്ന ആ റിപ്പോര്‍ട്ടുകളിലെ തീര്‍ത്തും പ്രതിലോമകരമായ നിലപാടുകളായിരുന്നു. ജനതയുടെ സാധാരണ ജീവിത പ്രക്രിയകളായ ഭൂമി കൈമാറ്റം, ഭവനനിര്‍മ്മാണം, അനുബന്ധ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഒഴിവാക്കിയാല്‍ ജനം എവിടെപ്പോയി ജീവിക്കും? കേരളത്തിലെ പൊതുസമൂഹത്തെ പിതാവിന്‍റെ നേതൃത്വത്തിലുള്ള ഇടുക്കി രൂപതയറിയിച്ചത് ഇവിടുത്തെ സാധാരണക്കാരുടെ വേദനകളും ആകുലതകളുമാണ്.

വിവിധ വികസനപദ്ധതികള്‍, ജൈവകൃഷിയുടെ പ്രോത്സാഹനം, സ്വാശ്രയസംഘങ്ങളുടെ രൂപീകരണം, ക്രിയാത്മകമായ ഇടപെടലുകള്‍ എന്നിവ വഴിയായി ഹൈറേഞ്ച് ഡെവലപ്പ്മെന്‍റ് സൊസൈറ്റിയുടെ ശ്രദ്ധേയമായ പ്രവര്‍ത്തനം പിതാവിന്‍റെ കാലത്ത് ഉണ്ടായി. രൂപതയില്‍ നടപ്പിലാക്കിയ ബത്ലഹേം ഭവനപദ്ധതി, ഈശോയ്ക്കൊരുവീട്, കാരുണ്യവര്‍ഷ ഭവനനിര്‍മ്മാണം എന്നീ സംരംഭങ്ങളിലൂടെ നിരവധി ഭവനരഹിതര്‍ക്ക് വീടു നിര്‍മ്മിച്ചു നല്കുവാന്‍ കഴിഞ്ഞു. ഗുഡ്സമരിറ്റന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ അനേകം കിടപ്പുരോഗി കള്‍ക്കാശ്വാസമാണ്. അഞ്ജന നേത്രദാന പദ്ധതിയും ശ്രദ്ധേയമാണ്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിര്‍ദ്ധനരായ രോഗികള്‍ക്ക് എല്ലാദിവസവും വൈകുന്നേരം അത്താഴം നല്കുവാനും ബത്ലഹേം കാരിത്താസ് എന്ന സംരംഭം വഴിയായി സാധിക്കുന്നു.

തന്‍റെ വിടവാങ്ങല്‍ സന്ദേശത്തിന്‍റെ സമാപനത്തില്‍ പിതാവിന് സഭയുടെ ഭാവിയെക്കുറിച്ചുള്ള സ്വപ്നം വ്യക്തമാണ്. “ഈ സന്ദര്‍ഭത്തില്‍ യുവജനങ്ങളേയും വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികളെയും സവിശേഷമായ ഒരു കാര്യം ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ: ഇടുക്കിയിലെ സഭയുടെ ഭാവി നിങ്ങളുടെ കരങ്ങളിലാണ്. യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസത്തിലും ധാര്‍മ്മിക മൂല്യങ്ങളിലും അടിയുറച്ച് നിങ്ങള്‍ മുന്നേറണം. ക്രൈസ്തവ വിശ്വാസത്തിന്‍റെ സന്തോഷവും സൗന്ദര്യവും നിങ്ങള്‍ കൂടുതല്‍ അറിയുകയും ആദരിക്കുകയും വേണം. പൊതുവേദികളില്‍ ധീരതയോടെ നിങ്ങള്‍ ഈശോയ്ക്ക് സാക്ഷികളാകണം. മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികള്‍ കണ്ട് ദൈവപിതാവിനെ മഹത്ത്വപ്പെടുത്താനിടവരട്ടെ. മുന്‍ തലമുറകളുടെ കഠിനാധ്വാനവും കഷ്ടപ്പാടുമാണ് ഇന്നത്തെ മെച്ചപ്പെട്ട സ്ഥിതിക്ക് കാരണമെന്ന് നിങ്ങള്‍ മറക്കരുത്. ഈ നാടിനോടും മുതിര്‍ന്ന തലമുറയോടും പ്രതിബദ്ധതയുള്ളവരായി വളരണം. നല്ല ഉദ്യോഗസ്ഥരും നേതാക്കന്മാരും നിങ്ങളില്‍ നിന്നുണ്ടാവണം. നാമെല്ലാവരും വിളിക്കപ്പെട്ടവരും അയയ്ക്കപ്പെട്ടവരുമാണ് (മത്താ. 4:19). ‘കര്‍ത്താവ് എന്‍റെ ഇടയനാകുന്നു, എനിക്കൊന്നിനും കുറവുണ്ടാകുകയില്ല’ എന്ന തിരുവചനത്തിലാശ്രയിച്ച് 15 വര്‍ഷങ്ങള്‍ നിങ്ങളോടൊപ്പം യാത്ര ചെയ്യുവാന്‍ ദൈവം എനിക്ക് അവസരമൊരുക്കി. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പൊതുവേദികളില്‍ വളരെയൊന്നും സന്നിഹിതനാകുവാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും സഭ എന്നെ ഏല്പിച്ച ദൗത്യം പൂര്‍ത്തീകരിക്കാനിടയായതില്‍ ഏറെ സന്തോഷമുണ്ട്.”

പിതാവ് തുടരുന്നു: എന്‍റെ പിന്‍ഗാമിയായി നിയുക്തനായിരിക്കുന്ന മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പിതാവുമായി നിങ്ങളേവരും സഹകരിക്കണമെന്നും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ രൂപത മലമുകളില്‍ ഉയര്‍ത്തപ്പെട്ട ദീപം പോലെ അനേകര്‍ക്ക് പ്രകാശവും പ്രത്യാശയും പകരുവാനിടയാവട്ടെ. വിശ്വാസ ചൈതന്യത്തിലധിഷ്ഠിതവും ആരാധനക്രമത്തില്‍ പരിപുഷ്ടവും കൂട്ടായ്മയില്‍ വികസിതവുമായ ഒരു സമൂഹമായി നമുക്കിനിയും മുന്നേറാം. എനിക്ക് നിങ്ങള്‍ക്ക് തരാനുള്ള ആശംസ കൊളോ. 1:9-13-ലെ ഉദ്ബോധനമാണ്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് സുവിശേഷത്തിനു സാക്ഷികളായി, കര്‍ത്താവിനു യോജിച്ചതും അവിടുത്തേക്ക് തികച്ചും പ്രീതിജനകവുമായ ഒരു ജീവിതം നയിക്കാന്‍ നിങ്ങള്‍ക്കിടയാകട്ടെ. ഒരു സ്നേഹക്കൂട്ടായ്മയായി തീര്‍ത്ഥാടനം തുടരുവാന്‍ നമുക്കിടയാവട്ടെ.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുമ്പോഴും എന്‍റെ എളിയ പ്രാര്‍ത്ഥനകള്‍വഴി തുടര്‍ന്നുള്ള കാലവും ഞാന്‍ നിങ്ങളോടൊപ്പമുണ്ടായിരിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെയും ഓര്‍മ്മിക്കണമെന്ന് നിങ്ങളേവരോടും അഭ്യര്‍ത്ഥിക്കുന്നു.”

Leave a Comment

*
*