ഐക്യത്തിന്‍റെ സുവിശേഷവഴികള്‍

ഐക്യത്തിന്‍റെ സുവിശേഷവഴികള്‍


ഫാ. തോമസ് വള്ളിയാനിപ്പുറം

ക്രിസ്തുവിന്‍റെ സഭയുടെ ഏറ്റവും വലിയ അടയാളമായി വി. ഗ്രന്ഥം വരച്ചുകാട്ടുന്നത് ഐക്യമാണ്. നാലു സുവിശേഷങ്ങളിലും ഐക്യത്തിനുള്ള ആഹ്വാനമുണ്ട്. യോഹന്നാന്‍റെ സുവിശേഷം ഐക്യത്തിന് സര്‍വ്വപ്രധാനമായ സ്ഥാനം നല്കുന്നു. ഈ സുവിശേഷത്തിലെ 17-ാം അദ്ധ്യായം യേശുവിന്‍റെ അന്ത്യപ്രഭാഷണത്തിന്‍റെ സമാപനത്തിലുള്ള പ്രാര്‍ത്ഥനയാണ്. യേശുവിന്‍റെ പൗരോഹിത്യ പ്രാര്‍ത്ഥന, പ്രേഷിത പ്രാര്‍ത്ഥന, സമര്‍പ്പണ പ്രാര്‍ത്ഥന, ഐക്യപ്രാര്‍ത്ഥന എന്നെല്ലാം ഇത് അറിയപ്പെടുന്നു. തന്‍റെ ശിഷ്യരേയും ഭാവിയില്‍ ശിഷ്യരുടെ പ്രേഷിതപ്രവര്‍ത്തനം മൂലം സഭയില്‍ അംഗങ്ങളാകാനിരിക്കുന്നവരേയും മുന്നില്‍ക്കണ്ട് യേശു പ്രാര്‍ത്ഥിക്കുന്നു. "അവരെല്ലാം ഒന്നായിരിക്കാന്‍ വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു" (യോഹ. 17:21) ക്രൈസ്തവരുടെയിടയിലെ ഐക്യത്തിലൂടെ മാത്രമേ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ വിജയിക്കൂ; ഐക്യത്തിലൂടെ മാത്രമേ ലോകം യേശുവിനെ നാഥനായി അംഗീകരിക്കൂ.

ഈ പ്രാര്‍ത്ഥനയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല യോഹന്നാന്‍റെ സുവിശേഷത്തിലെ ഐ ക്യദാഹം. അനേകം പ്രതീകങ്ങളിലൂടെ ഐക്യത്തിന്‍റെ സന്ദേശം സുവിശേഷകന്‍ വിളംബരം ചെയ്യുന്നു. ആറാം അധ്യായത്തില്‍ വിവരിക്കുന്ന അപ്പം വര്‍ദ്ധിപ്പിക്കുന്ന അടയാളത്തില്‍ യേശു അപ്പം എടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് ജനങ്ങള്‍ക്കു വിതരണം ചെയ്യുന്നു (യോഹ. 6:11). മറ്റു സു വിശേഷകന്മാര്‍ ഈ സംഭവം വിവരിക്കുമ്പോള്‍ അപ്പം എടുത്ത് ആശീര്‍വദിച്ച് മുറിച്ച് ശിഷ്യരെ വിതരണത്തിന് ഏല്പിക്കുന്നതായിട്ടാണ് വിവരിക്കുന്നത് (മത്താ. 14:19). അപ്പം മുറിക്കുന്നതിനെപ്പറ്റിയുള്ള സൂചന യോഹന്നാന്‍ മനഃപൂര്‍വ്വം വിട്ടുകളഞ്ഞിരിക്കുന്നു. തന്‍റെ സഭയില്‍ മുറിവോ വിഭജനമോ ഉണ്ടാകാന്‍ പാടില്ല എന്ന നിര്‍ബന്ധമാണ് 'മുറിക്കല്‍' ഉപേക്ഷിക്കാന്‍ കാരണം. യേശുവിന്‍റെ കുരിശിന്‍ചുവട്ടില്‍ ഇരുന്ന പടയാളികള്‍ 'തുന്നലില്ലാതെ മുകള്‍ മുതല്‍ അടിവരെ നെയ്തുണ്ടാക്കിയ അവന്‍റെ അങ്കി' കീറിയില്ല; പകരം കുറിയിട്ടെടുത്തു. 'കിത്തോന്‍' എന്ന ഗ്രീക്കു പദമാണ് അങ്കിയെക്കുറിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് പുരോഹിതാത്മക സൂചന ഉള്‍ക്കൊള്ളുന്ന വസ്ത്രമാണ്; ഒരുമയുടെ പ്രതീകാത്മകതയുള്ള വസ്ത്രമാണ്. അത് കീറാതെ സൂക്ഷിച്ചതിലൂടെ സഭയിലെ ഐക്യമാണ് സുവിശേഷകന്‍ പ്രഖ്യാപനം ചെയ്യുന്നത്. തിബേരിയോസ് കടലില്‍ മീന്‍ പിടിക്കാന്‍ പോയ പത്രോസും കൂട്ടരുമുള്‍പ്പെട്ട സപ്തസംഘത്തെ ഉത്ഥിതനായ കര്‍ത്താവ് അത്ഭുതകരമായ മീന്‍പിടുത്തത്തിലൂടെ അനുഗ്രഹിക്കുകയും തന്നോടുകൂടെ പ്രേഷിതപ്രവര്‍ത്തനത്തിലേര്‍പ്പെട്ടാല്‍ വിജയം സുനിശ്ചിതമാണെന്ന് പഠിപ്പിക്കുകയും ചെയ്തു. പത്രോസിന്‍റെ വലയില്‍ 153 വലിയ മത്സ്യങ്ങള്‍ കുടുങ്ങി. 'ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല' (യോഹ. 21:11). ഈ കീറാത്ത വല സഭയുടെ ഐക്യത്തെയാണ് അഭിവ്യജ്ഞിപ്പിക്കുന്നത്. എല്ലാത്തരത്തിലുള്ള വൈവിധ്യം നിറഞ്ഞ മത്സ്യക്കൂട്ടം വലയിലുണ്ടായിരുന്നിട്ടും വല കീറിയില്ല എന്നത് പ്രസക്തമാണ്. സഭയില്‍ വ്യത്യസ്ത സംസ്കാരങ്ങളിലും ചിന്താഗതികളിലും പെട്ടവരുണ്ടാകും. പക്ഷേ, അത് ഐക്യത്തെ ഭഞ്ജിക്കുകയില്ല.

നടപടി പുസ്തകത്തില്‍ വിവരിക്കുന്നതുപോലെ, ആദിമസഭ ഐക്യത്തിന് വളരെയേറെ പ്രാധാന്യം നല്കിയിരുന്നു. "വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു" (നടപടി 4:32). സഭ മുന്നേറിയപ്പോള്‍ പ്രതിസന്ധികളുണ്ടായി. പക്ഷേ, ശ്ലീഹന്മാരും പ്രേഷിതരും ഒന്നിച്ചുകൂടി പ്രശ്നങ്ങള്‍ പരിഹരിക്കുകയും ഐക്യം ഊട്ടിയുറപ്പിക്കുകയും ചെയ്തു. ഭക്ഷണവിതരണത്തെ സംബന്ധിച്ച് ഹെബ്രായ ക്രിസ്ത്യാനികളും ഗ്രീക്കു ക്രിസ്ത്യാനികളും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ പത്രോസ് ശിഷ്യരുടെ സംഘത്തെ വിളിച്ചുകൂട്ടി തര്‍ക്കം പരിഹരിച്ചു. നീതിപൂര്‍വ്വം ഭക്ഷണം വിതരണം ചെയ്യാന്‍ ഏഴു ഡീക്കന്മാരെ തിരഞ്ഞെടുത്തു നിയോഗിച്ചു. പരിച്ഛേദനവും വിവാദവും ഭക്ഷണനിയമങ്ങളുമാണ് പിന്നീട് സഭയെ വിഭജനത്തിന്‍റെ വക്കിലെത്തിച്ചത്. പത്രോസിന്‍റേയും കര്‍ത്താവിന്‍റെ സഹോദരനായ യാക്കോബിന്‍റെയും നേതൃത്വത്തില്‍ ചേര്‍ന്ന ജറുസലേം സൂനഹദോസ് തര്‍ക്കം പരിഹരിക്കുകയും യോജിച്ച തീരുമാനത്തിലെത്തിച്ചേരുകയും ചെയ്തു. പരിച്ഛേദനവും ഭക്ഷണനിയമങ്ങളും വിജാതീയരില്‍നിന്നു വിശ്വാസം സ്വീകരിച്ചവര്‍ക്കു ബാധകമല്ലെന്നു സൂനഹദോസ് പ്രഖ്യാപിച്ചു (നടപടി 25:6-19). സഭ സകല ജനപദങ്ങളിലും വ്യാപിച്ചു വളരുന്നതിന് ജറുസലെം കൗണ്‍സിലിന്‍റെ തീരുമാനം സഹായകമായി.

സഭയില്‍ തര്‍ക്കങ്ങളും വിവാദങ്ങളും ആദിമകാലം മുതലേ ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും ഐക്യത്തെ തകര്‍ത്തില്ല. പത്രോസും പൗലോസും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം സഭയുടെ ഐക്യം തകര്‍ക്കുന്നതായിരുന്നില്ല (ഗലാ. 2:11-14). മറിച്ച് ഈ ശ്ലീഹന്മാര്‍ പരസ്പരം മനസ്സിലാക്കി സഭയെ ഐക്യത്തില്‍ കെട്ടിപ്പടുത്തു. യഹൂദക്രിസ്ത്യാനികളുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കാനാണ് പത്രോസ് ശ്രമിച്ചതെങ്കില്‍ വിജാതീയ ക്രിസ്ത്യാനികളുടെ വികാരങ്ങളാണ് പൗലോസ് പ്രകടിപ്പിച്ചത്. അവസാനം യഹൂദക്രിസ്ത്യാനികളേയും വിജാതീയ ക്രിസ്ത്യാനികളേയും ഐക്യപ്പെടുത്തി സഭയുടെ കാതോലിക്കാ സ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ ശ്ലീഹന്മാര്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചു.

അനൈക്യം
ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനം മുതല്‍ സഭയില്‍ പാഷണ്ഡതകള്‍ തലപൊക്കി. പണ്ഡിതരും വിശുദ്ധരുമായ സഭാ പിതാക്കന്മാര്‍ സത്യപ്രബോധനത്തിലൂടെ സഭയില്‍ ഐക്യം സ്ഥാപിക്കാന്‍ നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തി. പിന്നീടുള്ള ദശകങ്ങളില്‍ ക്രിസ്തു വിജ്ഞാനീയപരമായ വിവാദങ്ങളാണ് സഭയെ പിടിച്ചുലച്ചത്. നിഖ്യ (325), കോണ്‍സ്റ്റാന്‍റിനോപ്പോള്‍ (381), എഫേസൂസ് (431), കാല്‍സിഡോണ്‍ (451) എന്നീ സാര്‍വ്വത്രിക സൂനഹദോസുകളാണ് വിവാദങ്ങള്‍ക്ക് അന്തിമ വിരാമമിട്ട് ക്രിസ്തുവിന്‍റെ വ്യക്തിത്വത്തിന്‍റെ അനന്യത പ്രഖ്യാപനം ചെയ്തത്. ക്രിസ്തു പൂര്‍ണ്ണ ദൈവവും പൂര്‍ണ്ണ മനുഷ്യനുമാണ് എന്ന വിശ്വാസ സത്യത്തിലാണ് ക്രൈസ്തവ സഭകള്‍ പിന്നീട് തങ്ങളുടെ സകല പ്രവര്‍ത്തനങ്ങളും ഉറപ്പിച്ചത്. ചെറിയ പിളര്‍പ്പുകള്‍ ഉണ്ടായെങ്കിലും സാര്‍വ്വത്രിക സഭയ്ക്കാകമാനം ദിശാബോധം നല്കുന്നതിന് ഈ സൂനഹദോസുകള്‍ക്കു കഴിഞ്ഞു.

പൗരസ്ത്യ സഭകളും പാശ്ചാത്യ സഭയും തമ്മില്‍ 1054-ലുണ്ടായ ഭിന്നിപ്പാണ് സഭാഗാത്രത്തിലുണ്ടായ മറ്റൊരു മുറിവ്. പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്‍റു വിപ്ലവം പാശ്ചാത്യസഭയെ നെടുകെ പിളര്‍ന്നു. ഈ പിളര്‍പ്പ് പാശ്ചാത്യ മിഷനറിമാരിലൂടെ ലോകത്തിന്‍റെ എല്ലാ ഭാഗത്തുമെത്തി. ഇരുപതാം നൂറ്റാണ്ടില്‍ ആരംഭിച്ച പെന്തക്കോസ്തല്‍ നവീകരണ പ്രസ്ഥാനങ്ങള്‍ വീണ്ടും സഭയില്‍ പിളര്‍പ്പുണ്ടാക്കി. എപ്പിസ്ക്കോപ്പല്‍ സംവിധാനത്തെത്തന്നെ നിഷേധിക്കുന്ന ഗ്രൂപ്പുകളാണ് പെന്തക്കോസ്തല്‍ വിഭാഗങ്ങള്‍. ഇന്ന് രണ്ടായിരത്തിലധികം വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ ലോകത്തിലുണ്ടെന്നാണ് ഒരു കണക്ക്. ഈ സഭകള്‍ തമ്മിലുള്ള ഭിന്നതയാണ് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏറ്റവും വലിയ തടസ്സം.

ഭിന്നത പരിഹരിച്ച് സഭകളെ ഐക്യത്തില്‍ കൊണ്ടുവരുന്നതിനാണ് എക്യുമെനിക്കല്‍ പ്രസ്ഥാനം ആരംഭിച്ചത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ 'എക്യുമെനിസം' എന്ന പ്രബോധന രേഖ സഭൈക്യരംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലാണ്. സഭൈക്യപ്രവര്‍ത്തനങ്ങളിലൂടെ വളരെയേറെ സല്‍ഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അനൈക്യവും ഭിന്നതയും ഇന്നും സഭകള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ ഉലച്ചിലുകള്‍ ഉണ്ടാക്കുന്നു. പൊതുസമൂഹമധ്യത്തില്‍ സഭ അപഹാസ്യയാകുന്നതിന് ഈ അനൈക്യം വലിയൊരളവുവരെ കാരണമാകുന്നുണ്ടെന്ന കാര്യം നിഷേധിക്കാനാവില്ല.

സീറോ മലബാര്‍ സഭയിലെ ഐക്യം
സഭയുടെ ഈ പൊതു ചരിത്രത്തിന്‍റെ പശ്ചാത്തലത്തിലാണ് സീറോ മലബാര്‍ സഭയിലെ പ്രശ്നങ്ങള്‍ നാം പരിശോധിക്കേണ്ടത്. മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ അതിപുരാതന പൗരസ്ത്യസഭയാണ് സീറോ മലബാര്‍ സഭ. ചരിത്രത്തില്‍ അനേകം പ്രതിസന്ധികളിലൂടെ ഈ സഭ കടന്നുപോയി. സഭയിലുണ്ടായ ഭിന്നിപ്പ് മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ പല സഭകളുടെ ഭാഗങ്ങളാക്കി. സീറോ മലബാര്‍ സഭ, ആദിമ സഭാ പാരമ്പര്യം കാത്തുസൂക്ഷിച്ച്, പത്രോസിന്‍റെ പിന്‍ഗാമിയായ റോമാ മാര്‍പാപ്പയെ സഭാ തലവനായി സ്വീകരിച്ച് കത്തോലിക്കാ സഭാ കൂട്ടായ്മയുടെ ഭാഗമായി നിലകൊള്ളുന്നു എന്നത് വലിയൊരനുഗ്രഹമായി നമുക്ക് മനസ്സില്‍ സൂക്ഷിക്കാം.

കത്തോലിക്കാ സഭ 24 വ്യക്തിസഭകളുടെ കൂട്ടായ്മയാണ്. ഇതില്‍ 23 പൗരസ്ത്യ സഭകളും ഒരു പാശ്ചാത്യ സഭയുമുണ്ട്. പാശ്ചാത്യ സഭയാണ് എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 23 പൗരസ്ത്യ സഭകളില്‍ ഓരോന്നും ചെറിയ സഭകളാണ്. ഇവയില്‍ അംഗസംഖ്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ശക്തമായ ഒരു സഭയാണ് സീറോ മലബാര്‍ സഭ. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തലത്തിലേക്ക് സഭ ഉയര്‍ത്തപ്പെട്ടിരിക്കുന്നു. ഇന്ത്യയിലും ലോകത്താകമാനവും പ്രേഷിത പ്രവര്‍ത്തനം നടത്താനും രൂപതകള്‍ സ്ഥാപിക്കാനുമുള്ള അവകാശം സീറോ മലബാര്‍ സഭയ്ക്ക് ലഭിച്ചിട്ടുണ്ട്. പുരാതനമായ സുറിയാനി പാരമ്പര്യം സൂക്ഷിക്കുന്ന സഭയെന്ന നിലയില്‍ ഈ സഭയ്ക്ക് ദൈവശാസ്ത്ര-ആരാധനക്രമ രംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നല്കാനാവും. വിശ്വാസത്തിന്‍റെ തീ വ്രതയിലും പ്രേഷിത തീക്ഷ്ണതയിലും സീറോ മലബാര്‍ കുടുംബങ്ങള്‍ ആഗോള സഭയ്ക്കുതന്നെ മാതൃകകളാണ്. എന്നാല്‍ ഈ നന്മകളെയെല്ലാം ആച്ഛാദനം ചെയ്യത്തക്കവിധമാണ് ഇന്നു സഭയില്‍ തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന അനൈക്യ പ്രവണതകള്‍ എന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. അനൈക്യമുള്ളിടത്ത് വളര്‍ച്ച മുരടിക്കും; ശൈഥില്യവും തകര്‍ച്ചയുമുണ്ടാകും. ബാഹ്യമായ പ്രതിസന്ധികളെക്കാള്‍ ഗര്‍ഹണീയവും ഭയാനകവുമാണ് ആന്തരിക തലത്തിലെ ഭിന്നിപ്പുകള്‍. "അന്തച്ഛിദ്രമുള്ള രാജ്യം നിലനില്‍ക്കുകയില്ല; അന്തച്ഛിദ്രമുള്ള ഭവനവും നിലനില്‍ക്കുകയില്ല" (മര്‍ക്കോ. 3:24-25). അതിനാല്‍ സഭയിലെ ഭിന്നത പരിഹരിച്ച് സഭയെ ഐക്യപ്പെടുത്താനാകണം അധികാരികളും സഭാംഗങ്ങളും അടിയന്തിരമായി ശ്രമിക്കേണ്ടത്.

ആരാധനക്രമമാണ് പ്രധാനമായും വിവാദവിഷയം. ഒപ്പം വിശുദ്ധകുരിശും.

അള്‍ത്താരാഭിമുഖമോ? ജനാഭിമുഖമോ?
വി. കുര്‍ബാനയുടെ അര്‍പ്പണത്തില്‍ രണ്ടു രീതികളാണ് പൊതുവില്‍ സ്വീകരിച്ചിട്ടുള്ളത്? ജനാഭിമുഖ കുര്‍ബാനയും അള്‍ത്താരാഭിമുഖ കുര്‍ബാനയും. ഇതു രണ്ടും ഒരേസമയം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രീതിക്കാണ് സിനഡിന്‍റെ അംഗീകാരം.

ബലിയര്‍പ്പണരീതിക്കു കാലോചിതമായ മാറ്റങ്ങള്‍ വരുത്താം. ലിറ്റര്‍ജി മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ ലിറ്റര്‍ജിക്കു വേണ്ടിയല്ല എന്ന ദര്‍ശനത്താല്‍ പ്രേരിതരായി കൂടുതല്‍ അര്‍ത്ഥവത്തായ രീതിയില്‍ ബലിയര്‍പ്പിക്കുന്നതിനുവേണ്ടി ജനാഭിമുഖരീതി തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. വി. കുര്‍ബാന ഒരേസമയം ബലിയും വിരുന്നുമാണല്ലോ. കുര്‍ബാനയിലെ 'വിരുന്ന്' എന്ന ദൈവശാസ്ത്രദര്‍ശനത്തിനു പ്രാമുഖ്യം നല്കുന്നതാണു ജനാഭിമുഖരീതി. അവിടെ വൈദികനും ദൈവജനവും ഒരു കൂട്ടായ്മയായി പ്രാര്‍ത്ഥനയില്‍ വളരുന്നു. ആ കൂട്ടായ്മയുടെ മദ്ധ്യത്തില്‍ കര്‍ത്താവിന്‍റെ സാന്നിദ്ധ്യവുമുണ്ട്. ദൈവജനം പ്രാര്‍ത്ഥനകളിലും അനുഷ്ഠാനങ്ങളിലും സജീവമായി പങ്കെടുക്കുന്നതിനും ഈ രീതി സഹായിച്ചേക്കാം.

അള്‍ത്താരാഭിമുഖമായ ബലിയര്‍പ്പണരീതി കുര്‍ബാനയിലെ 'ബലി'പരമായ വശത്തിനു പ്രാധാന്യം നല്കുന്നു. യേശു നിത്യപിതാവിനര്‍പ്പിച്ച ബലിയില്‍ വൈദികന്‍റെ നേതൃത്വത്തില്‍ ദൈവജനം പങ്കുചേരുന്നു.

ജനാഭിമുഖരീതി തുടരാന്‍ ആഗ്രഹിക്കുന്നവര്‍ അതു തുടരട്ടെ; അള്‍ത്താരാഭിമുഖ രീതി തുടരാന്‍ ആഗ്രഹിക്കുന്നവര്‍ അതു തുടരട്ടെ. ഐകരൂപ്യമല്ല, ഐക്യമാണു നാം വിഭാവനം ചെയ്യേണ്ടത്. വിവിധ രൂപതകള്‍ ബലിയര്‍പ്പണരീതികളിലെ വൈവിദ്ധ്യം അംഗീകരിച്ചാല്‍, ഒരേ തക്സാ ഉപയോഗിച്ചുകൊണ്ടും ഒരേ കര്‍മങ്ങള്‍ ആചരിച്ചുകൊണ്ടും ഒരേ പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊണ്ടും സീറോ മലബാര്‍ സഭയിലെ രൂപതകള്‍ക്ക് ഐക്യം കാത്തുസൂക്ഷിച്ചു കുര്‍ബാനയര്‍പ്പിക്കാനാവും.

നൂറ്റാണ്ടുകളായി സീറോ മലബാര്‍ സഭയില്‍ വളര്‍ന്നുവന്ന വൈവിദ്ധ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടും പരസ്പരം ബഹുമാനിച്ചുകൊണ്ടും ഐക്യം വളര്‍ത്തിയെടുക്കാന്‍ സഭ തയ്യാറാകേണ്ട ചരിത്ര മുഹൂര്‍ത്തമാണിത്. ലിറ്റര്‍ജിയുടെ പേരില്‍ കലഹിക്കുന്നത് ഇനി വിശ്വാസികള്‍ അംഗീകരിക്കില്ല. കലഹം തുടര്‍ന്നാല്‍ സഭയുടെ പ്രസക്തിയും ആത്മീയതയും നഷ്ടപ്പെടും. വിശ്വാസികള്‍ സഭ ഉപേക്ഷിച്ചുപോകാന്‍ ഇടയാകും. കാരണം ഏറ്റവും പ്രധാനപ്പെട്ടതു സ്നേഹമാണ്. സര്‍വോപരി എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായി ഐക്യത്തില്‍ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിന്‍" (കൊളോ. 3:14). സ്നേഹത്തില്‍ വിട്ടുവീഴ്ചയുണ്ട്, സഹനമുണ്ട്, ആത്മദാനമുണ്ട്. ഇവിടെ തത്ത്വത്തില്‍ നിന്നുള്ള വ്യതിചലനമൊന്നുമില്ല. പാരമ്പര്യത്തിലെ വൈവിദ്ധ്യം പരസ്പരം അംഗീകരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. വി. കുര്‍ബാനയെ സംബന്ധിച്ച കത്തോലിക്കാ ദൈവശാസ്ത്രം അന്യൂനം പുലര്‍ത്തിക്കൊണ്ടുള്ള ഐക്യജീവിതശൈലിയാണ് ഇവിടെ അവതരിപ്പിച്ചത്. ദൈവമാതാവ് സഭകളോടു പറയുന്നതു കേള്‍ക്കാന്‍ ഇനിയെങ്കിലും നമ്മുടെ കാതുകള്‍ തുറന്നിരുന്നില്ലെങ്കില്‍ വേദനാജനകമായ ദുരന്തത്തെ നാം കാത്തിരിക്കേണ്ടി വരും.

(ലേഖകന്‍ ചങ്ങനാശ്ശേരി അതിരൂപതാംഗവും ഇപ്പോള്‍ കുന്നോത്ത് മേജര്‍ സെമിനാരി സ്പിരിച്വല്‍ ഫാദറുമാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org