ഡിജിറ്റല്‍ ഇന്ത്യയില്‍ സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും സംഘപരിവാറിന്റെ തൊഴുത്തിലാണ്

ഡിജിറ്റല്‍ ഇന്ത്യയില്‍ സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും സംഘപരിവാറിന്റെ തൊഴുത്തിലാണ്

ഫാ. റെന്നി പരുത്തിക്കാട്ടില്‍ സി.എസ്.ടി.

ഫാ. റെന്നി പരുത്തിക്കാട്ടില്‍ സി.എസ്.ടി.
ഫാ. റെന്നി പരുത്തിക്കാട്ടില്‍ സി.എസ്.ടി.

കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത പുതിയ വിവരസാങ്കേതിക വിദ്യാചട്ടം (Information Technology Act) ഇന്ത്യയില്‍ നിലവില്‍ വരാന്‍ പോകുന്നു. നിലവില്‍ വരുന്ന പുതിയ വിവരസാങ്കേതിക വിദ്യാ ചട്ടം രാഷ്ട്രീയ പ്രത്യയശാസ്ത്രതലത്തിലുള്ള ഉള്ളടക്ക നിയന്ത്രണങ്ങളിലൂടെ നമ്മുടെ സ്വകാര്യതയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും സംഘപരിവാറിന്റെ നിലവാരത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം ആണെന്ന് വിശ്വസിക്കുവാന്‍ കാരണങ്ങള്‍ പലതാണ്. ഈ ചട്ടത്തിനെതിരെ സമ്മിശ്രപ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമ കമ്പനികള്‍ക്കിടയില്‍. ഫേയ്‌സ് ബുക്കും ഗൂഗിളും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചോളാം എന്ന നിലപാടിലാണ്. ഇന്ത്യന്‍ വിപണി ലക്ഷ്യം വച്ചുള്ള ലാഭം മാത്രം ലാക്കാക്കിയുള്ള അവസരവാദ നിലപാടാണ് ഇത് എന്ന വിമര്‍ശനങ്ങള്‍ക്കിടെ പ്രായോഗികമായ രീതിയിലും ഉപയോക്താക്കളെ സുരക്ഷിതരായി നിര്‍ത്തിയും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്ന് ഈ ടെക്ക് ഭീമന്‍മാര്‍ അവകാശപ്പെടുന്നു. അതിനിടെ പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടന ലം ഘനമാണെന്നും സ്വകാര്യതയെ മാനിക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി വാട്ട്‌സാപ്പ് കോടതിയില്‍ പോയിട്ടുണ്ട്. ഈ ചട്ടങ്ങള്‍ സാമൂഹ്യമാധ്യമകമ്പനികള്‍ അംഗീകരിച്ചാല്‍ ഒരു സാധാരണ ഉപയോക്താവിന് യാതൊരു ഗുണവുമില്ലെന്ന് മാത്രമല്ല അഭി പ്രായസ്വാതന്ത്ര്യം ബലികഴിച്ച് സ്വകാര്യതമാത്രം സംരക്ഷിച്ചുകൊണ്ട് ഉപയോഗിക്കാവുന്ന ആപ്പുകളുടെയും, വെബ്‌സൈറ്റുകളുടെയും, Over-The-Top Platform (OTT Platforms) കളുടെയും എണ്ണം കുറയുകയും ചെയ്യും. അവയാകട്ടെ ലാഭം ഒട്ടും ലക്ഷ്യം ഇല്ലാത്ത സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ (Non-Profit Initiatives) മാത്രമായിരിക്കും. സമീപഭാവിയില്‍ ഇന്ത്യയിലെ സമൂഹമാധ്യമഭൂമികയെ ഉഴുതുമറിക്കാന്‍ പോകുന്ന വിവരസാങ്കേതികവിദ്യാ ചട്ടത്തിന്റെ ഗൂഢലക്ഷ്യങ്ങളെ തുറന്നു കാണിക്കുകയാണ് ഈ ലേഖനം.

പുതിയ വിവരസാങ്കേതികവിദ്യാചട്ടം: സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും

ഇടനിലക്കാരുടെ മാര്‍ഗ്ഗരേഖയും (Intermediary Guidelines) ഡിജിറ്റല്‍ മാധ്യമധാര്‍മ്മികതാ കോഡും (Digital Media Ethics Code) ഉള്‍ക്കൊള്ളുന്ന വിവര സാങ്കേതിക വിദ്യാചട്ടത്തിന് പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. ഒന്ന് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് എന്ന ഭാഗം. അത് ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങളെ കാര്യമായി ബാധിക്കുന്ന ഒന്നാണ്. രണ്ടാമത്തേത് ട്രേസബിലിറ്റി. അതായത് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ബ്രേക്ക് ചെയ്യല്‍. ഇത് വാട്ട്‌സാപ്പ് മുതലായ മെസേജിങ്ങ് ആപ്പുകളെ ബാധിക്കുന്ന വിഷയമാണ്. മൂന്നാമത്തേത് പ്ലാറ്റ് ഫോം നിയന്ത്രണത്തിനുവേണ്ടിയുള്ള ചട്ടങ്ങളാണ്. അത് വിദേശസമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ഒന്നാണ്. പരാതിപരിഹാരത്തിന് ഇന്ത്യയില്‍ ഓഫീസര്‍ അടക്കമുള്ള സംവിധാനം വേണമെന്നും സമൂഹമാധ്യമങ്ങളില്‍ കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ചുള്ള വ്യക്തമായ വിവരം സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും നല്‍കാനുള്ള ബാധ്യത കമ്പനികള്‍ക്കുണ്ടായിരിക്കും എന്നും, നിയമപരമായ ഉത്തരവ് ഉണ്ടായാല്‍ 36 മണിക്കൂറിനുള്ളില്‍ ഒരു ഉള്ളടക്കം (Content) നീക്കം ചെയ്യണം എന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പുതിയ വിവരസാങ്കേതിക വിദ്യാചട്ടം ഉള്‍ക്കൊള്ളുന്നത്. അങ്ങനെ കോവിഡിനുശേഷം ഡിജിറ്റല്‍ ഇന്ത്യയില്‍ കൈവിട്ട ഇന്റര്‍നെറ്റിനെയും സാമൂഹ്യമാധ്യമങ്ങളെയും ഡിജിറ്റല്‍ മീഡിയെയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയും.

പ്രത്യക്ഷത്തില്‍ വേണ്ടതു തന്നെ എന്ന് തോന്നിപ്പിക്കുന്ന നിയന്ത്രണങ്ങളാണ് പുതിയ വിവരസാങ്കേതികചട്ടം മുന്നോട്ട് വയ്ക്കുന്നത്. ആ തരത്തില്‍ ഒരു പൊതുസ്വീകാര്യത ഈ നിയമ ങ്ങള്‍ക്കു ലഭിച്ചിരുന്നു. പക്ഷേ ഉള്ളടക്കത്തെ നേരിട്ട് നിയന്ത്രി ക്കാന്‍ കഴിയുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്തുകവഴി രാജ്യത്തെ പൗരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാന്‍ ആണ് കേന്ദ്രസര്‍ക്കാര്‍ തുനിയുന്നത്.

പ്രത്യക്ഷത്തില്‍ വേണ്ടതു തന്നെ എന്ന് തോന്നിപ്പിക്കുന്ന നിയന്ത്രണങ്ങളാണ് പുതിയ വിവരസാങ്കേതിക ചട്ടം മുന്നോട്ട് വയ്ക്കുന്നത്. ആ തരത്തില്‍ ഒരു പൊതു സ്വീകാര്യത ഈ നിയമങ്ങള്‍ക്കു ലഭിച്ചിരുന്നു. പക്ഷേ ഉള്ളടക്കത്തെ നേരിട്ട് നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്തുകവഴി രാജ്യത്തെ പൗരസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാനാണ് കേന്ദ്രസര്‍ക്കാര്‍ തുനിയുന്നത്. ഒരു സാധാരണ സാമൂഹ്യമാധ്യമ ഉപഭോക്താവിനെ സം ബന്ധിച്ചിടത്തോളം സ്വാകാര്യത വളരെ പ്രധാനപ്പെട്ടതാണ്. അതു കൊണ്ടുതന്നെയാണ് മെസ്സേജ് ആപ്പുകളായ വാട്ടസ്ആപ്പും സിഗ്നലുമെല്ലാം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നത്. മെസേജിന്റെ ഒറിജിനേറ്ററിനെ ട്രാക്ക് ചെയ്യുകയെന്നത് പാടില്ല. അതിനെ ട്രാക്ക് ചെയ്തു തുടങ്ങിയാല്‍ ഉപഭോക്താവിന്റെ സ്വകാര്യത (Immunity) ഇല്ലാതാകും. എന്നതാണ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ പ്രധാന അടിസ്ഥാനം. സ്വകാര്യതയൊക്കെ സംരക്ഷിക്കണമെങ്കിലും അതിന് ചല പരിമിതികള്‍ ഉണ്ടായിരിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. ഇനിമേല്‍ നമ്മളയക്കുന്ന സന്ദേശങ്ങളുടെ ഉള്ളടക്കം മെസ്സേജിങ്ങ് കമ്പനി മനസ്സിലാക്കിയിരിക്കണം എന്നാണ് പുതിയ ഐടി നിയമത്തിലെ ട്രേസബിലിറ്റി (Traceability) എന്ന ആവശ്യത്തിന്റെ കാതല്‍. ട്രേസബിലിറ്റി എന്നു പറയുന്നത് മെസേജ് എവിടെ നിന്ന് ഒറിജിനേറ്റ് ചെയ്തുവെന്നതിന്റെ ചുവടു പിടിച്ചു പോവുക എന്നതാണ്. ഇന്ത്യയില്‍ നിന്നുള്ള ഒറിജിനേറ്ററെ പ്രത്യേകം ട്രാക്ക് ചെയ്യണമെന്നാണ് ചട്ടത്തില്‍ പറയുന്നത്. അതായത് സന്ദേശത്തോടൊപ്പം അത് അയച്ച വ്യക്തിയുടെ വിവരങ്ങള്‍കൂടി ചേര്‍ക്കണം എന്ന് വ്യക്തം. ഇത് സ്വകാര്യതയ്ക്ക് ഭീഷണിയാണ്.

നിയമവിരുദ്ധമായ ഉള്ളടക്കമോ വിവരങ്ങളോ ഓണ്‍ലൈനില്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് നടപടിയെടുക്കാനും ആ വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കാനും പുതിയ ഐടി ചട്ടം സമൂഹ മാധ്യമ കമ്പനികളെ ചുമതലപ്പെടുത്തുന്നു. അതിനായി കുറേരീതിയില്‍ കൂടുതല്‍ അധികാരങ്ങള്‍ ഈ ചട്ടങ്ങള്‍ സാമൂഹ്യമാധ്യമ കമ്പനികള്‍ക്ക് നല്‍കുന്നു. ഉദാഹരണത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ rape, child sexual abuse പോലുള്ള കാര്യങ്ങള്‍ പ്രചരിക്കപ്പെടുന്നത് തടയാന്‍ ഓട്ടോമാറ്റഡ് ഫില്‍റ്ററിങ്ങ് ഉപയോഗിച്ച് തുടക്കത്തില്‍ തന്നെ ഇത്തരം ഉള്ളടക്കങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യണമെന്ന് ചട്ടത്തില്‍ പറയുന്നുണ്ട്. ഇത്തരം ഉള്ളടക്കങ്ങള്‍ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഉപഭോക്താവിന് കമ്പനികള്‍ നോട്ടീസ് നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതിനായി ഉള്ളടക്കങ്ങള്‍ പരിശോധിക്കാനും ഫില്‍ട്ടര്‍ ചെയ്യാനും ഒരു നിയന്ത്രണവുമില്ലാതെ ബ്ലാക്ക് ബോക്‌സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതം (Blackbox Artificial Intelligence) ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഇന്ത്യയില്‍ പല ഭാഷകള്‍ ഉപയോഗിക്കുന്നവരുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുമ്പോള്‍ ആ വാക്ക് ഉപയോഗിക്കാനുണ്ടായ സാഹചര്യം അല്ലെങ്കില്‍ വാക്ക് തന്നെയോ മനസ്സിലാക്കണം എന്നില്ല. ഇത് സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് ഭീഷണിയാവും. ചുരുക്കത്തില്‍ രാജ്യത്തെ എല്ലാ സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലും സര്‍ക്കാര്‍ അംഗീകരിച്ച ഉള്ളടക്കങ്ങള്‍ മാത്രമെ ഇനി നല്‍കാന്‍ കഴിയുകയുള്ളൂ. സ്വാഭാവികമായും ഏത് തരം ഡിജിറ്റല്‍ മാധ്യമ ഉള്ളടക്കവും ഭരണകൂടത്തിന്റെ നേരിട്ടുള്ള നി യന്ത്രണത്തിലാകും. കോടികണക്കിന് മനുഷ്യര്‍ വിവിധ ഡിജിറ്റല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ദിവസം മുഴുവനും പരസ്പരം തങ്ങള്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് പല രീതിയില്‍ സംവദിക്കുന്നുണ്ട്. അതിലൂടെ ജനങ്ങള്‍ തങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യവും രാഷ്ട്രീയാവകാശങ്ങളും ആണ് വിനിയോഗിക്കുന്നത്. ഈ വ്യവഹാര സാധ്യതകളെയാണ് മോദി സര്‍ക്കാര്‍ അടച്ചുകളയുന്നത്.

സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും, സംഘപരിവാറിന്റെ അജണ്ടയും : പുതിയ ചട്ടങ്ങളുടെ സാഹചര്യം

യാതൊരു ചര്‍ച്ചയും നടത്താതെയും തികച്ചും ഏകാധിപത്യ ശൈലിയിലുമാണ് മോദി സര്‍ക്കാര്‍ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം, ബ്ലോഗുകള്‍ വെബ്‌സൈറ്റുകള്‍, OTT platform കള്‍ എന്നിവയടക്കമുള്ള ഡിജിറ്റല്‍ മീഡിയയെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതും തുടര്‍ന്ന് പുതിയ വിവരസാങ്കേതിക വിദ്യാചട്ടം പുറപ്പെടുവിക്കുന്നതും.ട്രേസബിലിറ്റിയുടെ കാര്യത്തില്‍ മാത്രം പേരിനൊരു ചര്‍ച്ച നടത്തിയിട്ടുണ്ട്. അതും കടുത്ത പ്രതിഷേധം ഉയര്‍ന്നപ്പോള്‍. കൂടാതെ ഡിജിറ്റല്‍ മാധ്യമങ്ങളുടെ നിയന്ത്രണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും മറ്റു മൂന്നു പ്രതിനിധികളുമടങ്ങുന്ന ഒരു പത്തംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ആ സമിതിയില്‍ ഡിജിറ്റല്‍ മാധ്യമരംഗത്തുനിന്നും ഒരാള്‍പോലും ഉണ്ടായിരുന്നില്ല എന്നതാണ് വൈരുധ്യം.

വലിയ രീതിയില്‍ കാവിവത്ക്കരിക്കപ്പെട്ട ഇന്ത്യന്‍ മാധ്യമരംഗത്ത്, സാമൂഹ്യമാധ്യമങ്ങളുടെ രാഷ്ട്രീയപ്രസക്തി തിരിച്ചറിഞ്ഞതു കൊണ്ടാകണം രാഷ്ട്രീയ പ്രത്യയശാസ്ത്ര ഉള്ളടക്ക നിയന്ത്രണങ്ങളിലൂടെ രാഷ്ട്രീയ അടിച്ചമര്‍ത്തല്‍ ബിജെപി നടപ്പിലാക്കുന്നത്. പുതിയ വിവരസാങ്കേതികാവിദ്യാചട്ടം ഈ അടിച്ചമര്‍ത്തലിനെ കൂടുതല്‍ സ്ഥാപന വത്ക്കരിക്കുകയും നിയമപരമാക്കുകയുമാണ് ചെയ്യുന്നത്.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ കമ്പനികളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്ന കോവിഡിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യണം എന്നും, ഒപ്പം മഹാമാരിയുടെ കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുന്ന പോസ്റ്റുകളും, കര്‍ഷകസമരത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ നില്‍ക്കുന്ന പോസ്റ്റുകളും നീക്കം ചെയ്യണമെന്നും കേന്ദ്രം അടുത്തിടെ ഈ കമ്പനികളോട് ആവശ്യപ്പെട്ടു. പക്ഷേ അവര്‍ അതിന് തയ്യാറായില്ല. കോണ്‍ഗ്രസ്സുകാര്‍ മോദിയെ ആക്രമിക്കുവാന്‍ ട്വിറ്ററില്‍ കോവിഡ് ടൂള്‍കിറ്റ് ഉണ്ടാക്കിയെന്ന ആരോപണം ഉയര്‍ത്തിയ ബിജെപി നേതാവ് സംപ്രീത് പത്രയടക്കമുള്ളവരുടെ ട്വീറ്റുകളെ മാനിപ്പുലേറ്റഡ് മീഡിയ എന്ന ഗണത്തില്‍ ട്വിറ്റര്‍ ടാഗ് ചെയ്കയും ചെയ്തു. ഇത് നീക്കം ചെയ്യാന്‍ കേന്ദ്രം ട്വിറ്ററിന് നോട്ടീസ് കൊടുത്തിരുന്നു. അതിനു തയ്യാറാകാതിരുന്ന ട്വിറ്ററിന്റെ ഡല്‍ഹി ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തി. ഈ സംഭവങ്ങളെല്ലാം ട്വിറ്ററിന് വ്യാജവാര്‍ത്തകള്‍ക്കെതിരെ പൊരുതുന്നവര്‍ എന്ന ഇമേജ് നല്‍കുകയും സര്‍ക്കാര്‍ പ്രതിസ്ഥാനത്തുമായി. അന്താരാഷ്ട്രതലത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ നാണംകെട്ടു. ഈ സാഹചര്യത്തില്‍ മുഖം രക്ഷിക്കാനുള്ളതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ തലത്തില്‍ തന്നെ വിവിധ മാധ്യമങ്ങളില്‍ ഫേസ് ബുക്ക്, ട്വിറ്റര്‍ പോലുള്ള പ്ലാറ്റ് ഫോമുകള്‍ നിരോധിക്കപ്പെടാന്‍ പോകുന്നു എന്ന തരത്തില്‍ സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന് അനുകൂലമായ ഹെഡ്‌ലൈനും ഹാഷ്ടാഗും സൃഷ്ടിച്ചത്. ഈ സാഹചര്യത്തില്‍ വിദേശ ടെക് ഭീമന്‍മാരെ നിയന്ത്രിക്കാന്‍ കഴിയുന്നിടത്തോളം ശക്തരാണ് തങ്ങളെന്ന് കാണിക്കാനുള്ള ശ്രമം കൂടിയാണ് പുതിയചട്ടങ്ങള്‍.

സാമൂഹ്യമാധ്യമങ്ങളുടെ രാഷ്ട്രീയ പ്രസക്തി

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ ഡിജിറ്റല്‍ മാധ്യമലോകത്തെ ഭീമന്‍മാര്‍ക്ക് നേരെയാണെന്നു തോന്നാമെങ്കിലും വാസ്തവത്തില്‍ അത് ആ സാങ്കേതിക വിദ്യ മുന്നോട്ടു വെക്കുന്ന ജനങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കുനേരെയാണ്. ഇത് മനസ്സിലാക്കണമെങ്കില്‍ ഇന്ത്യയിലെ ഇന്നത്തെ മാധ്യമങ്ങളുടെ സ്ഥിതിയും സാമൂഹികമാധ്യമങ്ങള്‍ സാധാരണക്കാരന്റെ രാഷ്ട്രീയഭൂമികയെ എങ്ങനെ ഗുണപരമായി സ്വാധീനിക്കുന്നു എന്നും മനസ്സിലാക്കണം.

ടി.വി. അച്ചടിമാധ്യമങ്ങളുടെകാര്യത്തില്‍ ആര്‍.എസ്.എസിന്റെ കേന്ദ്ര സര്‍ക്കാര്‍ ഏതാണ്ട് മേല്‍ക്കൈ നേടിക്കഴിഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിനോ സംഘപരിവാറിനോ എതിരായി നീണ്ടുനില്‍ക്കുന്ന ഒരു പ്രതിഷേധവും എതിര്‍പ്പും ഉയര്‍ത്തുന്നില്ല എന്നു മാത്രമല്ല ബിജെപിക്കു വേണ്ടി അജണ്ടകള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക വഴി തങ്ങളുടെ ഉച്ചഭാഷിണികളായി മാറിയിരിക്കുന്നു എന്നവര്‍ ഉറപ്പാക്കിയിരിക്കുന്നു. അതു കൊണ്ട് തന്നെ സ്വാഭാവികമായും ഇന്ത്യയില്‍ നിലനിര്‍ത്തുന്നത് സംഘ പരിവാര്‍-കോര്‍പറേറ്റ് മാധ്യമ കൂട്ട് കെട്ടാണ് എന്നത് നിസ്തര്‍ക്കമാണ്. ഇത്തരത്തിലുള്ള ഭരണ കൂട-കോര്‍പ്പറേറ്റ് സമ്പ്രദായിക മാധ്യമ കൂട്ടുകെട്ടിന്റെ പ്രത്യയശാസ്ത്ര പദ്ധതിക്കും വിവരപ്രസരണത്തിനും (Information dissemination) ബദല്‍ ആഖ്യാനസാദ്ധ്യതകള്‍ ഉയര്‍ത്തുന്നു എന്നതാണ് സാമൂഹ്യമാധ്യമങ്ങളുടെ രാഷ്ട്രീയ പ്രസക്തി.

അച്ചടി എങ്ങനെയാണോ അറിവിനെയും ഭാഷയെയും അതിന്റെ ദന്തഗോപുരത്തില്‍ നിന്ന് ഇറക്കികൊണ്ടു വരികയും ജനസാമാന്യത്തിലേയ്ക്ക് പടര്‍ത്തുകയും ചെയ്തത്, അതിനപ്പുറമാണ് സാമൂഹ്യമാധ്യമങ്ങള്‍ സാര്‍വ്വത്രികമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ തേരിലേറി (Universal Digitalisation) ഇന്ന് മനുഷ്യരുടെ പരസ്പര സംവേദന സാധ്യതകളേയും ആശയവിനിമയലോകത്തേയും വിപുലമാക്കിയത്. സാമൂഹികമാധ്യമങ്ങളുടെ കമ്പോള ചൂഷണവും കോര്‍പ്പറേറ്റ് നിയന്ത്രണവും നിര്‍ണ്ണായഘടകങ്ങളായിരിക്കെ തന്നെ, Leo Panitch നെപ്പോലുള്ള സാമൂഹ്യമാധ്യമ വിദഗ്ധര്‍ അവയുടെ വമ്പിച്ച രാഷ്ട്രീയ പ്രസക്തിയെ എടുത്തുകാട്ടി. (Beyond Digital Capitation New ways of Living, 2020) രണ്ട് സവിശേഷതകളാണ് നിര്‍ണ്ണായകമായി അവര്‍ കണക്കാക്കിയത്. ആദ്യമായി വിപണി വികാസത്തോടൊപ്പം വിപുലമാകുന്ന സാമൂഹ്യമാധ്യമങ്ങളുടെ സാര്‍വ്വത്രിക ഉപയോഗം ആണ്. രണ്ടാമതായി വൈവിദ്ധ്യമാര്‍ന്ന പലതരത്തിലുള്ള ആളുകള്‍ മാധ്യമത്തിന്റെ ഉള്ളടക്കത്തെയും അതിന്റെ പ്രസരണത്തെയും തീരുമാനിക്കുകയും വലിയ മൂലധനനിക്ഷേപവും കേന്ദ്രീകൃത പ്രവര്‍ത്തനരീതികളും ഉള്ള (Institutional Actors) അച്ചടി മാധ്യമങ്ങളെയും തുടര്‍ന്നുവരുന്ന ടെലിവിഷന്‍ സാങ്കേതത്തെയും മറികടന്ന് നിരന്തരം പുതുക്കുകയും ചോദ്യങ്ങളോടും വിമര്‍ശനങ്ങളോടും ഉടനടി പ്രതികരിക്കുവാന്‍ സാധ്യത ഉണ്ടാക്കുകയും ചെയ്യുന്ന സ്ഥാപനവത്കൃതമല്ലാത്ത (Non – Institutional Actors) ഡിജിറ്റല്‍ ആശയവിനിമയങ്ങളുടെ സ്വഭാവവും ആണ്.

ഉപഭോക്താവിനെയല്ല മറിച്ച് ഭരണകൂടത്തെയും കോര്‍പ്പറേറ്റ് മാധ്യമങ്ങളേയും അവര്‍ തമ്മിലുള്ള ബന്ധത്തെയും ആണ് ഈ ചട്ടം ശക്തിപ്പെടുത്താന്‍ പോകുന്നത്. ഏതൊക്കെ രീതിയില്‍ ന്യായീകരിച്ചാലും പുതിയ ഐടി നിയമം ഭരണകൂട അടിച്ചമര്‍ത്തലിനും, രാഷ്ട്രീയ പ്രചാരണത്തിനും ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനുമായി മാധ്യമ കോര്‍പ്പറേറ്റുകളുമായി ഉടമ്പടി ചെയ്യുന്നതാണ്.

മാത്രവുമല്ല ഡിജിറ്റല്‍ മാധ്യമങ്ങള്‍ അവയുടെ digital sovereignty യാല്‍ പഴയ ദേശ-രാഷ്ട്ര ഭൗമ പരമാധികാരത്തെ (Territorial Sovereignty) ഏതാണ്ട് അപ്രസക്തമാക്കിയിരിക്കുന്നു. അതു വഴി സോഷ്യല്‍മീഡിയ ജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും രാഷ്ട്രീയവകാശങ്ങളും കൂടുതലായി ഉപയോഗിക്കുന്നതിനുള്ള പുതിയ സാധ്യകളാണ് സൃഷ്ടിച്ചത്. Water Jong എന്ന അമേരിക്കന്‍ ചരിത്രകാരന്റെ അഭി പ്രായത്തില്‍ സോഷ്യല്‍ മീഡിയ നിശബ്ദരായ മുഖമില്ലാത്ത പൗരന് തന്റെ രാഷ്ട്രീയാഭിപ്രായം പ്രകടിപ്പിക്കാന്‍ ഉതകുന്ന ഒരു വേദിയാണ് (Communications Media and the State of Politics, 2018).

അതുകൊണ്ട് തന്നെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് മേല്‍ സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ അത്ഭുതമില്ല. ഉദാഹരണത്തിന് എര്‍ദ്വാന്‍ സര്‍ക്കാര്‍ തുര്‍ക്കിയില്‍ 2014 മാര്‍ച്ച് 20 ന് ട്വിറ്ററിന് നിരോധനം ഏര്‍പ്പെടുത്തി. ഒരാഴ്ച തികയും മുന്‍പ് കോടതി നിരോധനം നീക്കി. എന്നാല്‍ അവിടെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ Youtube നെ തടഞ്ഞ് പുതിയ നിരോധനമിറക്കി. എര്‍ദ്വാന്‍ സര്‍ക്കാരിന്റെ "രാഷ്ട്രീയ അടിച്ചമര്‍ത്തല്‍" എന്നാണ് റോയിട്ടേയ്‌സ് നിരോധനത്തെ വിശേഷിപ്പിച്ചത്. വലിയ രീതിയില്‍ കാവിവത്ക്കരിക്കപ്പെട്ട ഇന്ത്യന്‍ മാധ്യമരംഗത്ത്, സാമൂഹ്യ മാധ്യമങ്ങളുടെ രാഷ്ട്രീയപ്രസക്തി തിരിച്ചറിഞ്ഞതുകൊണ്ടാകണം രാഷ്ട്രീയ പ്രത്യയശാസ്ത്ര ഉള്ളടക്ക നിയന്ത്രണങ്ങളിലൂടെ രാഷ്ട്രീയ അടിച്ചമര്‍ത്തല്‍ ബിജെപി നടപ്പിലാക്കുന്നത്. പുതിയ വിവരസാങ്കേതികാവിദ്യാചട്ടം ഈ അടിച്ചമര്‍ത്തലിനെ കൂടുതല്‍ സ്ഥാപനവത്ക്കരിക്കുകയും നിയമപരമാക്കുകയുമാണ് ചെയ്യുന്നത്.

ഒടുക്കത്തിന്റെ സൂചനകള്‍

മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ രണ്ടാ മൂഴത്തില്‍ രാജ്യത്തിന്റെ സര്‍വ്വ മേഖലകളിലും ആര്‍.എസ്.എസ്. പിടിമുറുക്കി കഴിഞ്ഞു. ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള എല്ലാ തരത്തിലുള്ള വിനോദ ഉള്ളടക്കങ്ങളും Netfix, Amazon Prime തുടങ്ങിയ OTT Platform കളില്‍ അടക്കം വരുന്ന ഉള്ളടക്കവും പ്രതിഷേധവും വിമര്‍ശനവും എല്ലാം സംഘപരിവാര്‍ നിര്‍ണ്ണയിക്കുന്ന നിലവാരത്തിലേയ്ക്ക് കൊണ്ടു വരികയാണ് ഈ ചട്ടങ്ങളുടെ ലക്ഷ്യം; അവര്‍ അത് പരസ്യമായി സമ്മതിക്കുന്നില്ല എങ്കില്‍പോലും. തങ്ങള്‍ക്കെതിരെ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ത്തുന്നവരെ ക്രൂശിക്കുക എന്നത് മോദി സര്‍ക്കാരിന്റെ അപ്രഖ്യാപിത നയം ആണ്. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന The Wire എന്ന വാര്‍ത്ത വെബ്‌സൈറ്റിന്റെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെയുള്ള ഉത്തര്‍പ്രദേശ് പോലീസിന്റെ കേസ് ഉദാഹരണമാണ്. നിലവിലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലും, Information and Technology Act-ലും ഉള്ള സിവില്‍/ക്രിമിനല്‍ നടപടിക്രമങ്ങളിലൂടെ ഏതൊരു സാധാരണ പൗരനും ഡിജിറ്റല്‍ മാധ്യമങ്ങളെ നിയമപരമായി നേരിടാനാകും എന്നിരിക്കെ പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം സംഘപരിവാറിന്റെ കാവി അജണ്ട പിന്‍വാതിലിലൂടെ നടപ്പിലാക്കുക എന്നതല്ലാതെ എന്താണ്. കാശ്മീരിനു ശേഷം മോദി സര്‍ക്കാര്‍ ഇന്റര്‍നെറ്റിനെ രാജ്യം മുഴുവന്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും സ്വകാര്യതയുടേയും മരണം വിദൂരമല്ലെന്ന് നാം ഓര്‍ക്കണം.

ഫേയ്‌സ് ബുക്ക്, ഗൂഗിള്‍ ട്വിറ്റര്‍, യാഹൂ തുടങ്ങിയ ടെക് ഭീമന്‍മാര്‍ ഈ ചട്ടങ്ങള്‍ അംഗീകരിക്കുമോ എന്നത് കണ്ടറിയണം. മുഴുവനും നടപ്പാക്കാതെ സെലക്ടീവായി ചില കാര്യങ്ങളൊക്കെ നടപ്പാക്കി ഒരു തര്‍ക്കം ഒഴിവാക്കാം എന്ന രീതിയില്‍ കാര്യങ്ങള്‍ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും ഇന്ത്യയെ ലാഭം കൊയ്യാനുള്ള വിപണിയായി മാത്രം കാണുന്ന വലിയ കമ്പനികള്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവുകയുള്ളൂ. യു.എസില്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, യാഹൂ മുതലായ ഡിജിറ്റല്‍ ഭീമന്‍മാര്‍ അവിടത്തെ ഭരണകൂടത്തിന് പൗരന്മാരുടെ വിവരങ്ങള്‍ രാജ്യസുരക്ഷയുടേയും ഭീകരവാദവിരുദ്ധരുടേയും പേരില്‍ ചോര്‍ത്തികൊടുത്തതാണ് എന്ന വസ്തുത മറന്നുകൂടാ. അതുകൊണ്ട് സ്വാഭാവികമായും ഈ ഡിജിറ്റല്‍ ഭീമന്‍മാര്‍ വ്യാപാര താത്പര്യങ്ങള്‍ക്കും നിലനില്‍പ്പിനുമായി ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും സ്വാകാര്യതയുടെ അവകാശങ്ങള്‍ ലംഘിക്കുകയും ചെയ്താല്‍ അത്ഭുതപ്പെടേണ്ട കാര്യം ഇല്ല. ഉപഭോക്താവിനെയല്ല മറിച്ച് ഭരണകൂടത്തെയും കോര്‍പ്പറേറ്റ് മാധ്യമങ്ങളേയും അവര്‍ തമ്മിലുള്ള ബന്ധത്തെയും ആണ് ഈ ചട്ടം ശക്തിപ്പെടുത്താന്‍ പോകുന്നത്.

ഏതൊക്കെ രീതിയില്‍ ന്യായീകരിച്ചാലും പുതിയ ഐടി നിയമം ഭരണകൂട അടിച്ചമര്‍ത്തലിനും, രാഷ്ട്രീയ പ്രചാരണത്തിനും ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനുമായി മാധ്യമ കോര്‍പ്പറേറ്റുകളുമായി ഉടമ്പടി ചെയ്യുന്നതാണ്. അരുന്ധതി റോയ് നിരീക്ഷിക്കുന്നതു പോലെ മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ ഇന്ത്യ സാക്ഷ്യം വഹിക്കുന്നത് എല്ലാത്തിന്റെയും "ഒടുക്കം" ആണ് (Azadi: Freedom. Fascism. Fiction, 2020). അങ്ങനെയെങ്കില്‍ പുതിയ വിവര സാങ്കേതിക വിദ്യാചട്ടം അഭിപ്രായ സ്വാതന്ത്രത്തിന്റെയും സ്വകാര്യതയുടെയും ഒടുക്കത്തിന്റെയും തുടക്കമാണ്.

(ലുവൈനിലെ കാത്തലിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അജപാലന ദൈവശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയ ലേഖകന്‍ സി.എസ്.ടി. സഭാംഗമാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org