മതാന്തര വിവാഹം: പാഠവും പ്രയോഗവും

മതാന്തര വിവാഹം: പാഠവും പ്രയോഗവും

ഡോ. വര്‍ഗ്ഗീസ് പൂതവേലിത്തറ
(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റല്‍ കാനന്‍ ലോ, ധര്‍മ്മാരാം, ബാംഗ്ലൂര്‍)

ദൈവത്താല്‍ സ്ഥാപിതവും അവിടുത്തെ നിയമങ്ങളില്‍ അധിഷ്ഠിതവുമായ ഉടമ്പടി (covenant) ആയിട്ടാണ് പൗരസ്ത്യ സഭകള്‍ക്കായുള്ള കാനന്‍ നിയമ സംഹിത (CCEO) വിവാഹത്തെ നിര്‍വചിക്കുന്നത് (CCEO C.776) തിരിച്ചെടുക്കാനാവാത്തതും വ്യക്തിഗതവുമായ സമ്മതം വഴി സ്ത്രീയും പുരുഷനും തമ്മില്‍ നടത്തുന്ന ജീവിത സമ്പൂര്‍ണ്ണതയുടെ പങ്കുവയ്ക്കലും ഒന്നാകലും ആണു വിവാഹം. പങ്കാളികളുടെ നന്മയും, സന്താനോല്പാദനവും, മക്കളുടെ ശിക്ഷണവും പരിപാലനവും ഈ ഉടമ്പടിയുടെ ലക്ഷ്യങ്ങളാകു ന്നു (CCEO C.776). പാശ്ചാത്യസഭയ്ക്കായുള്ള കാനന്‍ നിയമ സംഹിതയും വിവാഹത്തിന്റെ ഈ ദൈവിക-മാനുഷിക തലങ്ങളെ സമ്യക്കായി നിര്‍വചിക്കുന്നു (CICC 1055). രണ്ടാം വത്തിക്കാന്‍ കൗ ണ്‍സിലിന്റെ പ്രബോധനങ്ങളില്‍ നിന്നു (GS 48, AA 11) രൂപപ്പെടുത്തിയ ഈ നിര്‍വചനങ്ങളില്‍ 2000 വര്‍ഷത്തോളം ദീര്‍ഘമായ സഭയുടെ വിശ്വാസാനുഭവങ്ങളിലധിഷ്ഠിതമായ ബോധ്യങ്ങള്‍ നമുക്കു ദര്‍ശിക്കാന്‍ സാധിക്കും.

"സ്‌നേഹംമൂലം മനുഷ്യനെ സൃഷ്ടിച്ച ദൈവം സ്‌നേഹത്തിലേക്കു അവനെ വിളിക്കുന്നു" എന്നു കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (CCC 1604) പഠിപ്പിക്കുന്നു. ഈ സ്‌നേഹത്തിലേയ്ക്കുള്ള വിളിയാണു വിവാഹജീവിതം. സമ്പൂര്‍ണ്ണമായ ആത്മദാനത്തില്‍ നിലനില്‍ക്കുന്ന ദാമ്പത്യബന്ധത്തില്‍ പ്രകാശിതമാകുന്നത് ദൈവസ്‌നേഹത്തിന്റെ ജ്വാലകളാണ്. "ഇക്കാരണത്താല്‍, പുരുഷന്‍ പിതാവിനെയും മാതാവിനെയും വിടുകയും അവര്‍ ഇരുവരും ഒരു ശരീരമായിത്തീരുകയും ചെയ്യും. പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റശരീരമായിത്തീരും. അതിനാല്‍, ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്താതിരിക്കട്ടെ" (മര്‍ക്കോ. 10:7-9). യേശുനാ ഥന്റെ ഈ കല്പന അഭംഗുരം പാലിക്കുവാന്‍ ബദ്ധശ്രദ്ധയായ സഭ, ക്രൈസ്തവവിവാഹത്തിന്റെ രക്ഷാകരമൂല്യവും, ദൈവിക പദ്ധതിയും എക്കാലവും പഠിപ്പിച്ചുപോന്നു.
പതിമൂന്നാം നൂറ്റാണ്ടു മുതലാണ് വിവാഹം ഏഴു കൂദാശകളിലൊന്നായി കൃത്യമായും നിയതമായും നിര്‍വചിക്കപ്പെടുന്നത്. എങ്കിലും സഭയുടെ ആരംഭകാലം മു തല്‍ തന്നെ വിവാഹബന്ധത്തെ പാവനമായി കണക്കാക്കുകയും അതിന്റെ വിശ്വാസപരവും ആത്മീയവുമായ തലങ്ങളെക്കുറിച്ചു പ്രബോധനങ്ങള്‍ നല്കുകയും ചെയ്തിരുന്നത് നമുക്കു കാണുവാന്‍ സാധിക്കും. വി. പൗലോസ് ശ്ലീഹായുടെ പ്രബോധനങ്ങള്‍ (എഫേ. 5:22-33, 1 കൊറി. 7) ഇവയ്ക്കു ഉത്തമ സാക്ഷ്യങ്ങളാണ്. വിവാഹബന്ധത്തെ യേശുവും സഭയുമായള്ള ബന്ധത്തിനു സമാനമായി കണക്കാക്കുകയും, ഈ സവിശേഷ ബന്ധത്തിന്റെ പാവനതയ്ക്കും ദൈവീകപദ്ധതിക്കും വിഘാതമാകാവുന്ന ഘടകങ്ങളെയും സാഹചര്യങ്ങളെയും ക്രിസ്തീയ വിവാഹത്തിന്റെ ഭൂമികയില്‍ നിന്നും അകറ്റിനിര്‍ത്തുന്നതില്‍ ജാഗ്രത പാലിക്കുകയും ചെയ്തുപോന്നവളാണു സഭ.

കാനോനിക തടസ്സങ്ങള്‍

വിവാഹമെന്ന കൂദാശയുടെ സുസ്ഥിതിയും, ദമ്പതികളുടെയും സന്താനങ്ങളുടെയും നന്മയും വിവാഹബന്ധത്തിന്റെ സത്താപരമായ ഗുണങ്ങളുടെ സംരക്ഷണവും മുന്‍നിര്‍ത്തി, ദൈവീക നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ കാലങ്ങളായി ഏതാനും വിവാഹ തടസ്സങ്ങള്‍ സഭ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധുവായ വിവാഹത്തിനു തടസ്സമാകുന്ന കാരണങ്ങളാണ് വിവാഹത്തിനുള്ള കാനോനിക തടസ്സങ്ങള്‍. സഭയില്‍ മാത്രമല്ല, മറ്റേതു സമൂഹത്തിലും സാധുവായി വിവാഹത്തിലേര്‍പ്പെടുന്നതിനു വ്യക്തികള്‍ക്കു ചില വിലക്കുകള്‍ അഥവാ തടസ്സങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി കാണുവന്‍ സാധിക്കും.
സഭയുടെ കാനന്‍ നിയമ സം ഹിതകള്‍ ഈ വിവാഹതടസ്സങ്ങ ളെ കൃത്യമായി പ്രതിപാദിക്കുന്നുണ്ട് (CCEO cc. 800-812; CIC cc. 1083-1094). ഇപ്രകാരം ക്രിസ്തീയ വിവാഹത്തെ അസാധുവാക്കുന്ന കാനോനിക തടസ്സങ്ങളില്‍ ഒന്നാണ് മതവ്യത്യാസം (disparity of cult). ഒരു കത്തോലിക്കാ സഭാംഗത്തിനു അക്രൈസ്തവ മതങ്ങളില്‍പ്പെട്ട ഒരു വ്യക്തിയുമായി സാധുവായി വിവാഹബന്ധത്തിലേര്‍പ്പെടാനാകുകയില്ല (CCEO c.803; CIC c.1086). ഇത് മിശ്രവിവാഹത്തില്‍ (mixed marriage) നി ന്നും വ്യത്യസ്തമാണ്. സഭാ നിയമത്തില്‍ മിശ്രവിവാഹം എന്നത് ഒരു കത്തോലിക്കാ സഭാംഗവും അകത്തോലിക്കാ സഭാംഗവും തമ്മിലുള്ള വിവാഹമാണ്. അതായത്, കത്തോലിക്കാ സഭയിലെ നിയമപ്രകാരമുള്ള മിശ്രവിവാഹത്തില്‍ ദമ്പതികള്‍ രണ്ടുപേരും മാമ്മോദീസാ സ്വീകരിച്ചിട്ടുള്ള ക്രിസ്ത്യാനികള്‍ ആയിരിക്കും. ഒരാള്‍ കത്തോലിക്കാ സഭാംഗവും മറ്റേയാള്‍ അകത്തോലിക്കാ സഭാംഗവും. ഉദാഹരണമായി കത്തോലിക്കാ സഭാംഗവും യാക്കോബായ സഭാംഗവും തമ്മിലുള്ള വിവാഹം മിശ്രവിവാഹമാണ്. രൂപതാദ്ധ്യക്ഷന്റെ അനുമതിയോടു കൂടി മാത്രമേ കത്തോലിക്കാ സഭാംഗത്തിനു മിശ്ര വിവാഹത്തില്‍ ഏര്‍പ്പെടുവാന്‍ സാധിക്കൂ. എന്നാല്‍ മത വ്യത്യാസം എന്ന വിവാഹതടസ്സം മിശ്ര വിവാഹത്തേക്കാള്‍ ഗൗരവമേറിയതും വിവാഹത്തെ അസാധുവാക്കുന്നതുമാണ്. ഉദാഹരണമായി ഒരു കത്തോലിക്കാ സഭാംഗവും ഹിന്ദു മതത്തില്‍പ്പെട്ട ഒരാളും തമ്മിലുള്ള വിവാഹം മത വ്യത്യാസം എന്ന വിവാഹ തടസ്സത്തിനു കീ ഴില്‍ വരുന്നതാണ്. അതായത്, ഒരു കത്തോലിക്കാ സഭാംഗവും മാമ്മോദീസാ സ്വീകരിക്കാത്ത ഒരു വ്യക്തിയും തമ്മിലുള്ള വിവാഹം മത വ്യത്യാസം എന്ന കാനോനി ക തടസ്സത്താല്‍ നിഷിദ്ധമായതാണ്. ഈ വിവാഹ തടസ്സത്തില്‍ നിന്നും നിയമ പ്രകാരമുള്ള ഒഴിവ് ലഭിക്കാതെ നടത്തുന്ന മതാന്തര വിവാഹത്തെ സാധുവായ വിവാഹമായി സഭ കണക്കാക്കുകയില്ല, കൂടാതെ, അപ്രകാരം വിവാഹം ചെയ്യുന്ന വ്യക്തിയെ തെറ്റുകാരനോ, തെറ്റുകാരിയോ ആയി കണക്കാക്കുകയും, കൂദാശകളുടെ സ്വീ കരണത്തില്‍ നിന്നും ഒഴിവാക്കു കയും ചെയ്യുന്നു.

മതവ്യത്യാസ തടസ്സം

മതവ്യത്യാസത്തെ ഒരു വിവാഹതടസ്സമായി സഭ നിശ്ചയിച്ചിരിക്കുന്നത് വിവിധങ്ങളായ കാരണങ്ങളാലാണ്.
ഒന്നാമതായി, ഒരു കത്തോലിക്കാ സഭാംഗവും അക്രൈസ്തവനായ വ്യക്തിയും തമ്മിലുള്ള വി വാഹം ഒരു കൂദാശയല്ല എന്നതാണ്. മാമ്മോദീസാ സ്വീകരിച്ച രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തിനു മാത്രമേ കൗദാശിക സ്വാഭാവവും ഫലങ്ങളും ഉണ്ടാവുകയുള്ളൂ.
ജ്ഞാനസ്‌നാനം സ്വീകരിച്ച വര്‍ തമ്മിലുള്ള വിവാഹം കര്‍ത്താവായ ക്രിസ്തുവിനാല്‍ കൂദാശയുടെ ഔന്നത്യത്തിലേയ്ക്കും ഉയര്‍ത്തപ്പെട്ടിരിക്കുന്ന ഒന്നാണു (CIC c. 1055; CCEO c. 776; CCC 1601). ഈ കൗദാശിക സ്വഭാവം വഴിയായി ക്രിസ്തീയ വിവാഹത്തില്‍ ദമ്പതികള്‍ ശാശ്വതവും അന്യമുക്തവുമായ ബന്ധത്തിന്റെ കടമകള്‍ നിര്‍വഹിക്കുവാനും മാഹാത്മ്യം സംരക്ഷിക്കാനും ശക്തരാക്കപ്പെടുകയും അതിനായി പ്ര തിഷ്ഠിക്കപ്പെടുകയും ചെയ്യുന്നു (CIC c. 1134; CCEO c. 776, CCC 1638). വിവാഹജീവിതത്തെ വിജയകരമാക്കുന്ന പ്രധാനഘടകമായ ദൈവീക കൃപാവരം ഈ കൂദാശവഴിയായി ദമ്പതികള്‍ക്കും ലഭിക്കുന്നു.
മതാന്തര വിവാഹത്തില്‍പങ്കാളികളിലൊരാള്‍ മാമ്മോദീസ സ്വീ കരിക്കാത്ത വ്യക്തിയായതിനാല്‍, വിവാഹമെന്ന കൂദാശയുടെ പരി കര്‍മ്മവും ഫലപ്രാപ്തിയും സാ ധിതമാകുന്നില്ല. വിശ്വാസജീവിതത്തിന്റെ നെടുംതുണുകളും ആ ത്മീയാനുഭവത്തിന്റെ നീര്‍ച്ചാലുകളുമായ കൂദാശകളുടെ സ്വീകര ണം വഴിയാണ് ഓരോ സഭാംഗ വും തന്റെ വിശ്വാസജീവിതത്തെ വളര്‍ത്തേണ്ടതും, ആത്മീയചൈതന്യം നേടിയെടുക്കേണ്ടതും. അ തോടൊപ്പം തന്നെ അനുദിന ജീ വിതത്തിലെ കടമകളും ഉത്തരവാദിത്വങ്ങളും ദൈവസ്‌നേഹത്തിന്റെ യും പരസ്‌നേഹത്തിന്റെയും നിറവില്‍ നിര്‍വ്വഹിക്കുന്നതും, ജീവിതത്തിലെ പ്രതിസന്ധികളിലും ത കര്‍ച്ചകളിലും തളരാതെ മുന്നേറുന്നതിനും ശക്തി പകരുന്നതും കൗദാശികജീവിതമാണ്.
രണ്ടാമതായി, മതാന്തര വിവാഹങ്ങള്‍ സഭാ മക്കളുടെ വിശ്വാസജീവിതത്തിനു കോട്ടം വരുത്തുമെന്നതിനാല്‍ സഭ അതിനെ ഒരു വി വാഹതടസ്സമായി നിശ്ചയിച്ചിരിക്കുന്നു. ഏതൊരു ബന്ധത്തെയും പോലെ ദൈവ-മനുഷ്യബന്ധവും കൃത്യമായി പരിപാലിക്കേണ്ടതും വളര്‍ത്തേണ്ടതുമാണ്. ഏതൊരു ജീവനേയും പോലെ വിശ്വാസ ജീ വിതത്തിനും കൃത്യമായ പോഷ ണം ആവശ്യമാണ്. പ്രാര്‍ത്ഥനാ ശൈലികളും, ആചാരാനുഷ്ഠാനങ്ങളുമെല്ലാം ഈയര്‍ത്ഥത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. അനുകൂലമായ സാഹചര്യങ്ങള്‍ ഇല്ലാതാകുമ്പോള്‍ താന്‍ വിശ്വസിക്കുന്ന ദൈവത്തില്‍ നിന്നു അകന്നു പോകുവാനും വിശ്വാസ ജീവിതത്തില്‍ തളര്‍ന്നുപോകാനും സാധ്യതകളേറെയാണ്. ഈ ഗൗരവമായ സാഹചര്യം മുന്‍കൂട്ടികണ്ടുകൊണ്ട് സഭ തന്റെ അംഗങ്ങളെ മതാന്തര വിവാഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു.
സഭയുടെ കാഴ്ചപ്പാടില്‍ ഓരോ വിവാഹവും സ്വഭാവത്താല്‍ തന്നെ ദമ്പതികളുടെ മക്കളുടെയും നന്മ കാംക്ഷിക്കുന്നു. എന്നാല്‍ മതാന്തരവിവാഹം പലപ്പോഴും ഈ നന്മകള്‍ക്കു തടസ്സമായിത്തീരാവുന്നതാണ്. ദമ്പതികള്‍ ഇരുവരും തങ്ങളുടെ ജീവിത സമ്പൂര്‍ണ്ണതയെ പരസ്പരം പങ്കുവയ്ക്കുന്നതിലാണു ദമ്പതികളുടെ നന്മ അടങ്ങിയിരിക്കുന്നത്. ത മ്മില്‍ തമ്മിലുള്ള സമര്‍പ്പണത്തിലൂടെ പരസ്പര പൂരകങ്ങള്‍ ആയി മാറേണ്ടവരാണ് ദമ്പതികള്‍. ദാമ്പത്യബന്ധത്തില്‍ പങ്കുവയ്ക്കപ്പെടുന്നത് ശരീരം മാത്രമല്ല, മറി ച്ചു ജീവിതത്തിന്റെ സമ്പൂര്‍ണ്ണതയാണ്, വ്യക്തിജീവിതത്തിന്റെ എല്ലാ തലങ്ങളുമാണ്. ശാരീരികവും, മാനസികവും, ആത്മീയവുമായ ഉള്‍ച്ചേരലുകള്‍ ഉണ്ടാകുമ്പോഴാണ് വിവാഹജീവിതം സുഗമമായി മുന്നോട്ടു പോവുക. വിശ്വാസ ജീവിതത്തിലെ വൈരുദ്ധ്യങ്ങളും, ആചാരാനുഷ്ഠാനങ്ങളിലെ വ്യത്യസ്തതകളും ഇപ്രകാരമുള്ള ഉള്‍ച്ചേരലുകള്‍ക്കു തടസ്സമായി മാറാം, ദാമ്പത്യബന്ധത്തെയും കുടുംബജീവിതത്തെ സാരമായി ബാധിക്കാം.
ദമ്പതികളുടെ നന്മയ്ക്കു എന്നതുപോലെ തന്നെ കുട്ടികളുടെ ശിക്ഷണത്തിനും വളര്‍ച്ചയ്ക്കും മതവ്യത്യാസം തടസ്സങ്ങള്‍ സൃഷ്ടിക്കാം. സ്വഭാവരൂപവത്ക്കരണത്തിലെ സുപ്രധാന കാലഘട്ടമായ ബാല്യത്തിലും ശൈശവത്തിലും മാതാപിതാക്കളുടെ ജീവിതമാണു കുട്ടികളുടെ പാഠപുസ്തകങ്ങള്‍. വ്യത്യസ്ത മതാനുഷ്ഠാനങ്ങളും, ആചാര രീതികളും, വിശ്വാസ സംഹിതകളുമെല്ലാം കുഞ്ഞു മനസ്സുകളില്‍ ചിന്താക്കുഴപ്പങ്ങള്‍ക്കും, അസ്വസ്ഥതകള്‍ക്കും കാരണമാകാം.
കൂടാതെ മതാന്തര വിവാഹങ്ങള്‍ പലപ്പോഴും വിവാഹത്തിന്റെ സത്താപരമായ സവിശേഷഗുണങ്ങളെ നിരകാരിക്കുന്നതിന് ഇടയാക്കാം. ക്രിസ്തീയ വിവാഹത്തി ന്റെ സത്താപരമായ സവിശേഷ ഗുണങ്ങളാണ് ഏകത്വവും, അവിഭാജ്യതയും. മരണം വരെ നിലനില്‍ക്കുന്ന ഏകഭാര്യ-ഭര്‍ത്തൃബ ന്ധമാണത്. വിവാഹത്തിന്റെ ഈ സവിശേഷ ഗുണങ്ങളെ നിരാകരിക്കുന്ന മതവിഭാഗങ്ങളില്‍പ്പെട്ടവ രുമായുള്ള വിവാഹം വഴിയായി കത്തോലിക്കാ പങ്കാളിയും അവ യെ നിരാകരിക്കുന്നതിനു നിര്‍ബന്ധിതമായിത്തീരാം. ഇത്തരത്തിലൂടെ അപകടസാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയും സഭ മതവ്യത്യാസം എന്ന വിവാഹതടസ്സം നിഷ്‌കര്‍ഷിക്കുന്നു.
ചുരുക്കത്തില്‍, വിവാഹമെന്ന കൂദാശയുടെ നന്മയെ ലക്ഷ്യമാക്കിക്കൊണ്ട് ക്രൈസ്തവ ദമ്പതിമാരില്‍ വിശ്വാസത്തകര്‍ച്ചയുടെ ഭവിഷ്യത്തുകള്‍ ഒഴിവാക്കുന്നതി നും, സന്താനങ്ങളെ സത്യവിശ്വാസത്തില്‍ വളര്‍ത്തുന്നതിനു തടസ്സമായി നില്‍ക്കാവുന്ന സാഹചര്യങ്ങളെ നീക്കം ചെയ്യുന്നതിനും വേണ്ടിയാണ് മതവ്യത്യാസം എന്ന വിവാഹതടസ്സം സഭ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വിവാഹതടസ്സത്തില്‍നിന്നുള്ള ഒഴിവ്

കത്തോലിക്കാ സഭാംഗമായ ഒരു വ്യക്തി അന്യമതത്തില്‍പ്പെട്ട ഒരാളുമായി ഏര്‍പ്പെടുന്ന വിവാഹത്തെ അസാധുവാക്കുന്ന മതവ്യത്യാസം എന്ന വിവാഹതടസ്സത്തില്‍നിന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍, ഗൗരവതരമായ കാരണങ്ങളുള്ളപ്പോള്‍ സഭാധികാരികള്‍ക്കും ഒഴിവ് (dispensation) നല്കാവുന്നതാണ് (CCEO cc. 795, 803, 814; CIC cc. 1078, 1086, 1125). വിവാഹതടസ്സം സംബന്ധിച്ച് നിലവിലിരിക്കുന്ന നിയമത്തില്‍നിന്ന് ബന്ധപ്പെട്ട കത്തോലിക്കാ കക്ഷിയെ ഒഴിവാക്കുന്ന ഉത്തരവാണത്. പ്രത്യേക സാഹചര്യത്തില്‍ അക്രൈസ്തവ വ്യക്തിയെ ജീവിതപങ്കാളിയായി സ്വീകരിക്കേണ്ടി വരുകയും എന്നാല്‍ ജീവിതകാലം മുഴുവന്‍ ക്രൈസ്തവ വിശ്വാസത്തെ അഭംഗുരം പാലിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന കത്തോലിക്കാ സഭാംഗത്തിന് നിയമാനുസൃതമുള്ള മുന്‍കരുതലുകളുടെയും ഉറപ്പിന്റെയും അടിസ്ഥാനത്തിലാണ് ഈ ഒഴിവ് നല്കുന്നത്.
അതാത് രൂപതകളിലെ സ്ഥലമേലദ്ധ്യക്ഷന്മാര്‍ക്ക് (local hierarchs / local ordinaries) ഈ ഒഴിവ് നല്കുന്നതിനു നിയമപ്രകാരം അനുവാദം ഉണ്ട് (CCEO c. 795; CIC cc. 1078). രൂപതാധ്യക്ഷനായ മെത്രാനെ കൂടാതെ പ്രോട്ടോസിഞ്ചെല്ലൂസ് (വികാരി ജനറാള്‍), സിഞ്ചെല്ലൂസ് (എപ്പിസ്‌ക്കോപ്പല്‍ വികാരി) എന്നിവരും അതാത് രൂ പതകളിലെ സ്ഥലമേലദ്ധ്യക്ഷന്മാരാണ് (CCEO c. 984; CICI c. 134).
ഈ സഭാധികാരികള്‍ മതവിത്യാസമെന്ന വിവാഹതടസ്സത്തില്‍ നിന്ന് ഒഴിവ് നല്കുന്നതിനുള്ള നടപടിക്രമം പൊതുവായ കാനന്‍ നിയമ സംഹിതകളിലും (CCEO cc. 803, 814; CICI cc. 1086, 1125) സീറോ മലബാര്‍ സഭയുടെ പ്ര ത്യേക നിയമത്തിലും (SMPL 182, 175) പ്രതിപാദിച്ചിട്ടുണ്ട്.
1) മതാന്തര വിവാഹത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ക ത്തോലിക്ക സഭാംഗം, മതവ്യത്യാസം എന്ന വിവാഹതടസ്സത്തില്‍ നിന്നു ഒഴിവ് ലഭിക്കുന്നതിനായി, ഇടവക വികാരിയുടെ ശുപാര്‍ശയോടു കൂടി, രേഖാമൂലമുള്ള അപേക്ഷ രൂപതാദ്ധ്യക്ഷനു സമര്‍പ്പിക്കണം.
2) പ്രസ്തുത അപേക്ഷയില്‍, താഴെ പറയുന്ന ഉറപ്പുകള്‍ പാലിച്ചുകൊള്ളാമെന്ന പ്രഖ്യാപനം കത്തോലിക്കാ പങ്കാളി നടത്തേണ്ടതാണ്.
ഒന്നാമതായി, തന്റെ കത്തോലിക്കാവിശ്വാസത്തില്‍ താന്‍ നിലനില്ക്കുമെന്നും, വിശ്വാസത്തില്‍ നിന്നു വ്യതിചലിച്ചുപോയേക്കാവുന്ന അപകട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനു തയ്യാറാണെന്നുമുള്ള പ്രതിജ്ഞ.
രണ്ടാമതായി, ഈ വിവാഹബന്ധത്തിലൂടെ തങ്ങള്‍ക്കു ജനിക്കുന്ന കുട്ടികളെ കത്തോലിക്കാ സഭയില്‍ മാമ്മോദീസാ മുക്കുന്നതിനും കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ത്തുന്നതിനും തന്റെ കഴിവിനനുസരിച്ച് പരിശ്രമിക്കുന്നതാണെന്നുമുള്ള ആത്മാര്‍ത്ഥമായ വാഗ്ദാനം.
3) കത്തോലിക്കാ പങ്കാളി നടത്തുന്ന ഈ പ്രതിജ്ഞയെയും വാഗ്ദാനത്തെയും പറ്റി അക്രൈസ്തവ പങ്കാളിയെ യഥാസമയം അറിയിക്കുകയും, അക്രൈസ്തവ പങ്കാളിയെ പ്രസ്തുത വിവരങ്ങള്‍ അറിയിച്ചിട്ടുള്ളതായി ക്രൈസ്ത വപങ്കാളിയുടെ ഇടവക വികാരി അപേക്ഷയില്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യണം. അക്രൈസ്തവ പങ്കാളിക്കു വിരോധമില്ലാത്തപക്ഷം ആ വ്യക്തി തന്നെ അപേക്ഷയില്‍ തന്റെ അറിവും സമ്മതവും രേഖപ്പെടുത്താവുന്നതാണ്.
4) വിവാഹത്തിന്റെ സാരവത്തായ ഉദ്ദേശലക്ഷ്യങ്ങളെയും സ വിശേഷ ഗുണങ്ങളേയും സംബന്ധിച്ച് ദമ്പതിമാര്‍ ഇരുവരേയും ബോധവല്‍ക്കരിക്കണം. ദമ്പതിമാരില്‍ ആരും ഈ ലക്ഷ്യങ്ങളെയും സവിശേഷ ഗുണങ്ങളെയും ഒഴിവാക്കാന്‍ പാടില്ല.
വിവാഹത്തെ അസാധുവാക്കു ന്ന യാതൊരു വക ന്യൂനതയും വിവാഹസമ്മതത്തില്‍ കടന്നു കൂടാതിരിക്കുന്നതിനു വേണ്ടിയാണ് പ്രസ്തുത ബോധവല്‍ക്കരണം ആവശ്യമായിരിക്കുന്നത്. ഈ ബോധവല്‍ക്കരണം നടത്തുക എന്നത് കത്തോലിക്കാ സഭാംഗത്തി ന്റെ ഇടവക വികാരിയുടെ പ്രത്യേ ക കടമയാണ്.
ഈ നിബന്ധനകളെല്ലാം പാലിച്ചുകൊണ്ടും ഉറപ്പുകള്‍ നല്കിക്കൊണ്ടും ആണ് കത്തോലിക്കാപങ്കാളി രൂപതാദ്ധ്യക്ഷന്റെ മുമ്പില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ രൂപതാദ്ധ്യക്ഷന്‍ മതവ്യത്യാസമെന്ന വിവാഹതടസ്സത്തില്‍ നിന്നുള്ള ഒഴിവ് നല്കാന്‍ പാടുള്ളതല്ല (CCEO c. 814; CIC c. 1125). ഈ ഒഴിവ് (dispensation) ലഭിച്ചതിനു ശേഷം നടത്തപ്പെടുന്ന വിവാഹം സഭയില്‍ നിയമാനുസൃതമായ വിവാഹമായി അം ഗീകരിക്കപ്പെടുന്നു.

മതാന്തരവിവാഹത്തിന്റെ കാനോനിക ക്രമം

കത്തോലിക്കാ സഭാംഗവും മാമ്മോദീസാ സ്വീകരിക്കാത്ത വ്യ ക്തിയും തമ്മിലുള്ള വിവാഹം, നിയമാനുസൃതമായ ഒഴിവ് ലഭിച്ചതിനു ശേഷം നടത്തപ്പെടുമ്പോള്‍ പ്പോലും, അത് ഒരു കൂദാശയാകുന്നില്ല. എങ്കിലും, വിവാഹത്തിന്റെ സാധുതയ്ക്കും അത്തരം വിവാഹങ്ങളിലും സഭ അനുശാസിക്കുന്ന കാനോനിക ക്രമം പാലിക്കേണ്ടതുണ്ട്. "ദമ്പതിമാരില്‍ ഒരാളെങ്കിലും കത്തോലിക്കാ സഭയില്‍ മാമ്മോദീസാ മുങ്ങുകയോ അതിലേയ്ക്കു സ്വീകരിക്കപ്പെടുകയോ ചെയ്തിട്ടുള്ളതാണെങ്കില്‍ നിയമം അനുശാസിക്കുന്ന വിവാഹത്തി ന്റെ കാനോനികക്രമം പാലിക്കേണ്ടതാണ്" എന്നതാണ് നിയമം (CCEO c. 834; CIC c. 1117, SMPL 177).
മൂന്നു കാര്യങ്ങള്‍ ആണ് വി വാഹത്തിന്റെ കാനോനിക ക്രമം ആവശ്യപ്പെടുന്നത്: (1) ദമ്പതിമാര്‍ ഒരുമിച്ച് സന്നിഹിതരായി തങ്ങളുടെ ഉഭയസമ്മതം പ്രകടിപ്പിക്കു ക; (2) രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യം; (3) വൈദികന്റെ ആശീര്‍ വ്വാദം (CCEO c. 828; CIC c. 1108).
രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി ദേവാലയത്തില്‍വച്ചു നടത്തപ്പെടുന്ന മതാന്തര വിവാഹങ്ങളിലും ഈ മൂന്നു കാര്യങ്ങളും വിവാഹത്തിന്റ സാധുതയ്ക്കു ആവശ്യമാണ്.
സീറോ മലബാര്‍ സഭയില്‍ അക്രൈസ്തവ പങ്കാളിയോടൊത്തുള്ള വിവാഹത്തിന്റെ കര്‍മ്മക്രമം 2011 ജനുവരി മാസത്തില്‍ നടന്ന സിനഡ് ചര്‍ച്ച ചെയ്തു അംഗീകരിച്ചു. 2013 ജനുവരി മാസം മുതല്‍ ഈ ക്രമം പ്രാബല്യത്തില്‍ വരത്തക്കവിധം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാനപരമായി സീറോ മലബാര്‍ വിവാഹക്രമത്തിന്റെ പ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളുമാണ് ഈ കര്‍മ്മത്തില്‍ സ്വീകരിച്ചിരിക്കുന്നത്. അതോടൊപ്പം ത ന്നെ അക്രൈസ്തവ പങ്കാളിയോടൊത്തുള്ള വിവാഹം ഒരു കൂദാശയല്ലാത്തതിനാല്‍ കൂദാശയുടേതായ ആഘോഷത്തിന്റെ സൂചനകള്‍ ഈ ക്രമത്തില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.
അക്രൈസ്തവപങ്കാളിയോടൊത്തുള്ള വിവാഹം സഭയുടെ കാനോനികക്രമം അനുസരിച്ച് നടത്തുമ്പോഴും ഈ വിവാഹകര്‍ മ്മത്തോടൊപ്പം വി. കുര്‍ബാനഅര്‍പ്പിക്കുവാന്‍ പാടുള്ളതല്ല (SMPL 180).
അതുപോലെ തന്നെ, അജപാലനപരമായ കാരണങ്ങളാല്‍ ഈ വിവാഹകര്‍മ്മം കത്തോലിക്ക പങ്കാളിയുടെ ഇടവകയുടെയോ, രൂപതയുടെയോ അതിര്‍ത്തിക്കുപ്പുറത്ത് മറ്റേതെങ്കിലും ദേവാലയത്തില്‍ അവിടത്തെ വികാരിയുടെ അനുവാദത്തോടെ നടത്താന്‍ മതവ്യത്യാസത്തില്‍ നിന്നു ഒഴിവ് നല്കുന്ന കത്തോലിക്കാ പങ്കാളിയു ടെ രൂപതാദ്ധ്യക്ഷന് നിഷ്‌കര്‍ഷിക്കാവുന്നതാണ്.
ക്രിസ്തീയ വിശ്വാസത്തിനു ഇ ടര്‍ച്ചയുണ്ടാകുമെന്നതിനാല്‍ മതാന്തര വിവാഹങ്ങളെ സഭ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. എങ്കിലും അസാധാരണ സാഹചര്യങ്ങളില്‍, ഗൗരവമായ കാരണങ്ങളാല്‍ ഏതെങ്കിലും ഒരു സഭാംഗത്തിന് മതാന്തര വിവാഹത്തിന് അനുവാദം (ഒഴിവ്) നല്കുമ്പോള്‍ വിവാഹകര്‍മ്മം ഏറ്റവും ലളിതമായും, സാധ്യമാകുന്നിടത്തോളം സ്വകാര്യമായും നടത്താനാണ് സഭ ആവശ്യപ്പെടുന്നത്.

അസാധാരണ സാഹചര്യങ്ങളില്‍, ഗൗരവമായ
കാരണങ്ങളാല്‍ ഏതെങ്കിലും ഒരു സഭാംഗത്തിന്
മതാന്തര വിവാഹത്തിന് അനുവാദം (ഒഴിവ്)

നല്കുമ്പോള്‍ വിവാഹകര്‍മ്മം ഏറ്റവും ലളിതമായും,
സാധ്യമാകുന്നിടത്തോളം സ്വകാര്യമായും

നടത്താനാണ് സഭ ആവശ്യപ്പെടുന്നത്.

അജപാലക കടമകള്‍

തന്റെ സൂക്ഷത്തിനായി ഏ ല്പിക്കപ്പെട്ടിരിക്കുന്ന വിശ്വാസ സമൂഹത്തിന്റെ ആത്മീയവും വി ശ്വാസപരവുമായ വളര്‍ച്ചയാണു അജപാലന ദൗത്യത്തിലെ പ്രാഥമിക ഉത്തരവാദിത്വം. അതിനാല്‍ തന്റെ അജഗണത്തില്‍പ്പെട്ട ഏതെങ്കിലും ഒരു വ്യക്തി വിശ്വാസജീവിതത്തിന് ഇടര്‍ച്ചയും തടസ്സവും ഉണ്ടാകാവുന്ന ഏതെങ്കിലും ഒരു സാഹചര്യത്തില്‍പ്പെട്ടാല്‍ അവരെ അതില്‍ നിന്നു പിന്തിരിപ്പിക്കുവാന്‍ എല്ലാ അജപാലകരും പരിശ്രമിക്കേണ്ടതാണ്. വിശ്വാസജീ വിതത്തിന്റെ വളര്‍ച്ചയ്ക്കും, കുടുംബജീവിതത്തിന്റെ സന്തുഷ്ടിക്കും, കുട്ടികളുടെ നന്മയ്ക്കും ഒരേ മതവിശ്വസത്തില്‍പ്പെട്ടവരുമായുള്ള വിവാഹമാണ് ഏറ്റം അനുയോജ്യമായിട്ടുള്ളത് എന്ന് അവരെ ഉപദേശിക്കേണ്ടത് കത്തോലിക്കാ പങ്കാളിയുടെ ഇടവക വികാരിയുടെ കടമയാണ്.
തക്കതായ കാരണത്താല്‍ അവര്‍ മതാന്തര വിവാഹത്തില്‍നി ന്ന് പിന്മാറുവാന്‍ സാധ്യമല്ലാതാവുന്ന സാഹചര്യത്തില്‍ അത്തരമൊരു ജീവിതത്തിന്റെ വെല്ലുവിളികള്‍ക്കു നടുവിലും വിശ്വാസജീവിതം തുടര്‍ന്നു കൊണ്ടുപോകുവാന്‍ ദമ്പതികളെ മാനസികമായും ആത്മീയമായും ഒരുക്കേണ്ടതാണ്. കൂടാതെ, മതാന്തരവിവാഹത്തെക്കുറിച്ചുള്ള സഭയുടെ പഠനങ്ങളും നിയമങ്ങളും ഇരു ദമ്പതികളെയും അറിയിക്കുകയും നിയമപ്രകാരം മതവ്യത്യാസം എന്ന വിവാഹതടസ്സത്തില്‍നിന്നു ഒഴിവ് ലഭിക്കുവാന്‍ അവരെ സഹായിക്കുകയും ചെയ്യണം. ക്രൈസ്തവവിവാഹത്തെപ്പറ്റിയും, വിവാഹത്തിന്റെ സാരവത്തായ ഉദ്ദേ ശ്യലക്ഷ്യങ്ങളെയും സവിശേഷ ഗുണങ്ങളെ സംബന്ധിച്ചും ദമ്പതികള്‍ ഇരുവരെയും വേണ്ടവിധം ബോധവല്‍ക്കരിക്കുക എന്ന അനുശാസനം കൃത്യമായി നിര്‍വ്വഹിക്കുവാന്‍ ഇടവക വികാരിമാര്‍ ത യ്യാറാകണം. ഉചിതവും വിവേകപൂര്‍വ്വകവുമായ മാര്‍ഗ്ഗത്തിലൂടെ ഈ കടമ നിര്‍വ്വഹിക്കാവുന്നതാണ്. ഉദാഹരണമായി, ഇടവകയിലെ സമര്‍പ്പിതരുടെ സഹായത്തോടെ നമസ്‌ക്കാരം കേള്‍ക്കു ക, ഉപദേശം നല്കുക, വിവാഹ-ഒരുക്ക കോഴ്‌സില്‍ പങ്കെടുപ്പിക്കു ക മുതലായവ. അതോടൊപ്പം തന്നെ കത്തോലിക്കാ പങ്കാളി നടത്തേണ്ട പ്രതിജ്ഞയും വാഗ്ദാനവും കൃത്യമായി ബോധ്യപ്പെടുത്തുകയും, കത്തോലിക്കാ ദമ്പതിയുടെ വാഗ്ദാനങ്ങളെയും തജ്ജന്യമായുണ്ടാകുന്ന കടമകളെയും സംബന്ധിച്ച് അക്രൈസ്തവ ദമ്പതി ബോധവാനായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഇടവകവികാരിയുടെ കടമയാണ്.
സഭാധികരികളില്‍ നിന്നും നിയമപ്രകാരമുള്ള ഒഴിവു ലഭിച്ച് നടത്തപ്പെട്ട മതാന്തരവിവാഹത്തിലെ ദമ്പതികള്‍ ഏതു ഇടവകാതിര്‍ത്തിക്കുള്ളിലാണോ താമസിക്കുന്നത് ആ ഇടവക വികാരിയും തന്റെ അജഗണത്തില്‍പ്പെടുന്ന ആ വ്യക്തിയുെടയും കുടുംബത്തിന്റെയും വിശ്വാസപരവും ആത്മീയവുമായ കാര്യങ്ങളില്‍ ശ്രദ്ധപ തിപ്പിക്കുകയും അക്കാര്യങ്ങളില്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഈ സാഹചര്യത്തില്‍ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നത് ഇപ്രകാരമാണ്.
"പല രാജ്യങ്ങളിലും മിശ്രവിവാഹ(കത്തോലിക്കരും മാമ്മോദീസ സ്വീകരിച്ച അകത്തോലിക്കരും തമ്മിലുള്ള വിവാഹം)ത്തിന്റെ സാഹചര്യം പലപ്പോഴും ഉണ്ട്. ഇക്കാര്യത്തില്‍ ദമ്പതികളും അവരുടെ അജപാലകരും സവിശേഷമായ ശ്രദ്ധ പതിക്കണം. ഇതര മതസ്ഥരുമായുള്ള വിവാഹം (കത്തോലിക്കനും മാമ്മോദീസ സ്വീകരിക്കാത്ത വ്യക്തിയും തമ്മിലുള്ള വിവാഹം) ആണെങ്കില്‍ വളരെ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്." (CCC 1633). ഇടറിപ്പോകു ന്നവരെ ചേര്‍ത്തു നിര്‍ത്തുന്ന സഭാമാതാവിന്റെ വാത്സല്യവും കാരുണ്യവും അജപാലകരിലൂടെ പ്രകാശിതമാകണം. ഫ്രാന്‍സിസ് മാര്‍പാപ്പ പഠിപ്പിക്കുന്നതുപോലെ അജഗണത്തോടൊത്തുള്ള സഹഗമനം (accompaniment) ഓരോ ഇടയന്റെയും ഇടയ ദൗത്യത്തിന്റെ ശൈലിയായി മാറണം.
ഇതര മതസ്ഥരുമായുള്ള വിവാഹങ്ങളില്‍ കത്തോലിക്കാ പങ്കാളിക്കും സവിശേഷമായൊരു ദൗത്യമുണ്ട് എന്നും സഭ പഠിപ്പിക്കുന്നു. "കാരണം, അവിശ്വാസിയായ ഭര്‍ത്താവ് ഭാര്യ മുഖേനയും അവിശ്വാസിനിയായ ഭാര്യ ഭര്‍ത്താവ് മുഖേനയും വിശുദ്ധീകരിക്കപ്പെടുന്നു (1 കൊറി. 7:14). ഈ വിശുദ്ധീകരണം ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള അക്രൈസ്തവ പങ്കാളിയുടെ സ്വമനസ്സാലുള്ള മാനസാന്തരത്തിനു ഇടയാക്കുമെങ്കില്‍ അത് ക്രൈസ്തവ പങ്കാളിക്കും സഭയ്ക്കും വലിയ സന്തോഷത്തിനു നിദാനമാകും. ആത്മാര്‍ത്ഥമായ ദാമ്പത്യസ്‌നേഹം, കു ടുംബമൂല്യങ്ങളുടെ വിനയപൂര്‍വവും ക്ഷമാപൂര്‍വവുമായ പരിശീലനം, പ്രാര്‍ത്ഥനയിലുള്ള സ്ഥൈ ര്യം എന്നിവ അവിശ്വാസിയായ പങ്കാളിക്കും മാനസാന്തരത്തിന്റെ കൃപാവരം ലഭിക്കുന്നതിന് കളമൊരുക്കും" (CCC 1637).

ഉപസംഹാരം

വിശ്വാസജീവിതത്തിനു ഇടര്‍ച്ചയാകുന്ന മതാന്തരവിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്തുമ്പോള്‍ത്തന്നെ, കത്തോലിക്കാ പങ്കാളിയുടെ ആദ്ധ്യാത്മിക നന്മയെ ലക്ഷ്യമാക്കി അജപാലനപരമായ സമീപനം ആയിരിക്കണം സഭാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. കാനന്‍ നിയമ പണ്ഡിതനായിരുന്ന ബഹു. ജോസ് ചിറമേല്‍ അച്ചന്റെ നിരീക്ഷണം ഈ യവസരത്തില്‍ ശ്രദ്ധാര്‍ഹമാണ്.
"മതവ്യത്യാസത്തിന്റെ തടസ്സത്തില്‍ നിന്ന് ഒഴിവാക്കല്‍ സഭാധികാരികളില്‍നിന്നും ലഭിക്കാത്തതിന്റെ പേരില്‍ വിവാഹം ചെയ്യാന്‍ നിശ്ചയിച്ച യുവാവും യുവതിയും വിവാഹം വേണ്ടായെന്നു തീരുമാനിക്കുമെന്നു സാധാരണഗതിയില്‍ ചിന്തിക്കുവാന്‍ ന്യായമില്ല. ഇക്കാരണം കൊണ്ടുമാത്രം വിവാഹം വേണ്ടായെന്നു വയ്ക്കുന്നത് അത്യപൂര്‍വ്വ സന്ദര്‍ഭങ്ങളിലായിരിക്കും. വിവാഹതടസ്സം ഒഴിവാക്കി കിട്ടാതെ വരുകയോ ദേവാലയത്തില്‍ വച്ച് വിവാഹകര്‍മ്മം നടത്തുവാന്‍ അനുവാദം നിഷേധിക്കപ്പെടുകയോ ചെയ്യുമ്പോള്‍ ദമ്പതികള്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടിപ്പോകുമെന്നുള്ളതില്‍ സംശയമില്ല. ഇവരുടെ മേല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനേക്കാള്‍ ഉചിതം യുക്തവും സര്‍വ്വോപരി ആത്മരക്ഷയ്ക്കു സഹായിക്കുന്നതുമായ മാര്‍ഗ്ഗത്തിലൂടെ വിവാഹതടസ്സം ഒഴിവാക്കുകയും ദേവാലയത്തില്‍ വച്ച് വിവാഹം നടത്താനാവശ്യമായ അനുവാദം നല്കുകയുമാണ് വേണ്ടത്. ഒഴിവാക്കല്‍ ആവശ്യപ്പെടുന്നതിനു തക്കതായ കാരണം ഉണ്ടായിരിക്കുകയും വിവാഹം നിശ്ചയിച്ചുറപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിഷേധാത്മകമായ സമീപനം ന്യായീകരിക്കാവുന്നതല്ല" (സഭാ നിയമ സമീക്ഷ, 89).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org