Latest News
|^| Home -> Cover story -> ഇറാഖിലെ സഭ: മര്‍ദ്ദനങ്ങള്‍ക്കു മദ്ധ്യേ പ്രത്യാശ വിടാതെ

ഇറാഖിലെ സഭ: മര്‍ദ്ദനങ്ങള്‍ക്കു മദ്ധ്യേ പ്രത്യാശ വിടാതെ

Sathyadeepam

ഇറാഖിലെ ബസ്ര കല്‍ദായ കത്തോലിക്കാ അതിരൂപതയുടെ അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ് ഹബീബ് ജാജു ഈയിടെ കേരളം സന്ദര്‍ശിക്കുകയുണ്ടായി. സീറോ-മലബാര്‍ സഭയുമായി ആരാധനക്രമപാരമ്പര്യം പങ്കുവയ്ക്കുന്ന പൗരസ്ത്യകത്തോലിക്കാസഭയാണ് ബാഗ്ദാദ് ആസ്ഥാനമായുള്ള കല്‍ദായ കത്തോലിക്കാസഭ. ആര്‍ച്ചുബിഷപ് ഹബീബുമായി സത്യദീപം കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ട് നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

? കേരളത്തിലേയ്ക്കുള്ള സന്ദര്‍ശനം എങ്ങനെയുണ്ടായിരുന്നു?
ഞാന്‍ അതിശയിച്ചുപോയി! സെ.തോമസിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ ഇന്ത്യയിലേയ്ക്കുള്ള യാത്രയെക്കുറിച്ചും എന്‍റെ ജീവിതത്തില്‍ ഇത്രയധികം ഞാന്‍ കേള്‍ക്കുന്നത് ആദ്യമായാണ്. കേരളത്തിന്‍റെ ഹൃദ്യമായ ആതിഥേയത്വവും ഞങ്ങള്‍ ആസ്വദിച്ചു. സംസ്കാരികമായും മറ്റു തലങ്ങളിലും ഏറെ സമ്പന്നമായ ഈ വിശ്വാസിസമൂഹത്തെ സഭയ്ക്കു നല്‍കിയതിനു ഞാന്‍ ദൈവത്തിനു നന്ദി പറയുകയാണ്.

? ഇറാഖിലെ സഭ കടുത്ത പീഡനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണല്ലോ. മര്‍ദ്ദനങ്ങള്‍ക്കു ശമനമായോ?
കല്‍ദായ, സിറിയന്‍, അര്‍മീനിയന്‍ ക്രൈസ്തവരെല്ലാമുള്‍പ്പെടുന്ന ഇറാഖി സഭ ഇപ്പോള്‍ ഇറാഖില്‍ ഒരു ന്യൂനപക്ഷമാണ്. ദക്ഷിണ ഇറാഖില്‍ 50-ലധികം ആശ്രമങ്ങളിലായി 60 ശതമാനത്തിലധികം പേരുണ്ടായിരുന്നു ഞങ്ങള്‍. യസീദികളും ഇറാഖില്‍ ജീവിച്ചു. നക്ഷത്രങ്ങളെ ആരാധിക്കുന്ന ഒരു വിഭാഗമാണ് അവര്‍. 1980-കളില്‍ എട്ടു വര്‍ഷം നീണ്ടു നിന്ന ഇറാഖ്-ഇറാന്‍ യുദ്ധത്തില്‍ പതിനായിരത്തിലധികം ക്രൈസ്തവര്‍ പോരാട്ടത്തിനിടെ കൊല്ലപ്പെട്ടു. അവരുടെ കുടുംബങ്ങള്‍ ഇറാഖില്‍ നിന്നു പലായനം ചെയ്തു. 1990-കളില്‍ സദ്ദാം ഹുസൈന്‍ ക്രൈസ്തവര്‍ക്കു ദ്രോഹമൊന്നും ചെയ്തില്ല. അമേരിക്കന്‍ അധിനിവേശകരാകട്ടെ ക്രൈസ്തവരെ ആക്രമിക്കാനും സഭയെ നശിപ്പിക്കാനും ആഗ്രഹിക്കുന്ന എല്ലാ ഭീകരവാദികള്‍ക്കുമായി ഇറാഖിന്‍റെ വാതിലുകള്‍ തുറന്നിട്ടു. ഇസ്ലാമിക് സ്റ്റേറ്റ് മോസുളിനെ നശിപ്പിച്ചു. അന്ധകാരത്തിന്‍റെ ഈ നീണ്ട കാലത്തിനു ശേഷം ഇറാഖി ജനതയുടെ മേല്‍ സൂര്യനുദിക്കുമെന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു. ക്രൈസ്തവര്‍ക്കു പ്രത്യാശയുടെ ജാലകങ്ങള്‍ തുറന്നു നല്‍കാന്‍ ഞങ്ങളാഗ്രഹിക്കുന്നു. കുടുംബങ്ങള്‍ക്കു വൈദ്യസഹായം നല്‍കുന്നു. കുട്ടികളെ ഇംഗ്ലീഷും കമ്പ്യൂട്ടറും പഠിപ്പിക്കുന്നു. എഴുതാനും വായിക്കാനുമറിയാത്ത ലക്ഷക്കണക്കിന് ഇറാഖികള്‍ ഇന്നുമുണ്ട്. ലക്ഷങ്ങള്‍ വിധവകളും അനാഥരുമായി.

? ബസ്ര രൂപതയില്‍ എത്ര കത്തോലിക്കരുണ്ട്?
2000-ത്തില്‍ ഞങ്ങള്‍ പതിനായിരക്കണക്കിനുണ്ടായിരുന്നു. പക്ഷേ ഇസ്ലാമിക് സ്റ്റേറ്റ് ഞങ്ങളുടെ പ്രദേശം കൈയടക്കിയതോടെ ക്രൈസ്തവര്‍ തെക്കു നിന്നു വടക്കോട്ടു പലായനം ചെയ്യാന്‍ തുടങ്ങി. കുര്‍ദിസ്ഥാന്‍ കൂടുതല്‍ സുരക്ഷിതമായിരുന്നു. ഞങ്ങളുടെ രൂപതയില്‍ നിന്ന് 80% കുടുംബങ്ങളും പലായനം ചെയ്തു. ഇപ്പോള്‍ ആയിരം കുടുംബങ്ങളേ അവശേഷിക്കുന്നുള്ളൂ. രണ്ടു വൈദികരുമുണ്ട്. ഇപ്പോള്‍ നല്ലവരായ മുസ്ലീങ്ങള്‍ ഞങ്ങളുടെ അടുത്തുവന്നു ക്ഷമായാചനം നടത്തുന്നുണ്ട്. ക്രൈസ്തവരെ കൊന്നതും പീഡിപ്പിച്ചതും സ്വന്തം തെറ്റാണെന്ന് അവരേറ്റു പറയുന്നു. തെക്കന്‍ ഇറാഖില്‍ ഇന്ന് ആയിരക്കണക്കിനാളുകള്‍ ക്രിസ്തുമതം സ്വീകരിക്കാന്‍ തയ്യാറാണ്. പക്ഷേ അവര്‍ക്കതിന് അനുമതിയില്ല. മുസ്ലീം മതനേതാക്കളുമായി ഞാന്‍ ഇക്കാര്യം സംസാരിച്ചു. മുസ്ലീങ്ങള്‍ക്കു ജ്ഞാനസ്നാനം നല്‍കുന്നതിനെതിരെ അവര്‍ കര്‍ശനമായ മുന്നറിയിപ്പു നല്‍കുകയായിരുന്നു. എന്നാല്‍ ജനങ്ങള്‍ പലപ്പോഴും പള്ളിയില്‍ വരികയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ചിലര്‍ മതബോധനക്ലാസുകളിലും വരുന്നു…..ഇറാഖ് വിട്ടു പോകരുത് എന്ന് അനേകം മുസ്ലീങ്ങള്‍ ഞങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

? നിങ്ങളുടെ ആരാധനക്രമത്തില്‍ അറമായ ഭാഷയാണോ ഉപയോഗിക്കുന്നത്?
അറമായ ആണു ഞങ്ങളുടെ ഭാഷ. ഞങ്ങള്‍ പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് അറമായയിലാണ്. കത്തോലിക്കര്‍ അറമായ സംസാരിക്കുന്നു. സൂറത് എന്നും അതറിയപ്പെടുന്നു. സ്കൂളില്‍ അറബി പഠിക്കുന്നു. പൊതുസമൂഹത്തില്‍ പൊതുഭാഷ സംസാരിക്കുന്നു. പക്ഷേ വീടുകളില്‍ ഞങ്ങള്‍ സ്വന്തം ഭാഷയായ അറമായ ഉപയോഗിക്കുന്നു. ആരാധനക്രമത്തിലും അറമായ തന്നെ. അതിനു സഹായകരമായ പുരാതന ഗ്രന്ഥങ്ങളും ഉണ്ട്. ഓരോ കൂദാശയ്ക്കും പ്രത്യേകം പുസ്തകങ്ങളുണ്ട്. ഇവയ്ക്കെല്ലാം അറബിക്, ഇംഗ്ലീഷ്, യൂറോപ്യന്‍ ഭാഷകള്‍ എന്നിവയില്‍ പരിഭാഷകളും ഉണ്ട്.

? ഞങ്ങളുടെ വി. കുര്‍ബാനയ്ക്കു കല്‍ദായ കുര്‍ബാനയുമായി സാമ്യമുണ്ടെന്നു തോന്നിയോ?
എല്ലാം മലയാളത്തിലാണല്ലോ. വി. കുര്‍ബാനയുടെ അടിസ്ഥാന ഘടന ലോകത്തിലെ എല്ലാ രൂപതകളിലും ഒന്നു തന്നെയാണ്. റൂഹാക്ഷണ പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട ചെറിയ വ്യത്യാസങ്ങളേ പാശ്ചാത്യ, പൗരസ്ത്യ സഭകള്‍ തമ്മിലുള്ളൂ. പാശ്ചാത്യസഭയില്‍ ഇതു കൂദാശാവചനങ്ങള്‍ക്കു മുമ്പാണെങ്കില്‍ പൗരസ്ത്യസഭയില്‍ അതിനു ശേഷമാണ്. നിങ്ങള്‍ തുടക്കത്തില്‍ സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലുന്നു. ഞങ്ങള്‍ അതു നിറുത്തി.

? തുടക്കത്തിലെ സ്വര്‍ഗസ്ഥനായ പിതാവേ നിറുത്തിയത് എന്തുകൊണ്ടാണ്?
പണ്ട് ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ സിറിയയില്‍ നിന്ന് ഇറാഖിലേയ്ക്കു കുടിയേറി. പേര്‍ഷ്യന്‍ ചക്രവര്‍ത്തി അവരെ ഇറാഖിലേയ്ക്ക് അഭയാര്‍ത്ഥികളായി സ്വീകരിച്ചു. ആറാം നൂറ്റാണ്ടില്‍ അവര്‍ക്കു വേണ്ടി പള്ളികളും ആശ്രമങ്ങളുമാരംഭിക്കാന്‍ ചക്രവര്‍ത്തി പാത്രിയര്‍ക്കീസിനെ പ്രോത്സാഹിപ്പിച്ചു. ഓര്‍ത്തഡോക്സ് സന്യസ്തരും പാത്രിയര്‍ക്കീസും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായി. ഓര്‍ത്തഡോക്സുകാര്‍ യേശുവിനെയല്ല അനുകരിക്കുന്നതെന്നും അവരുടെ വിശ്വാസം അത്ര മേന്മയുള്ളതല്ലെന്നും കുറ്റപ്പെടുത്തി. കുര്‍ബാനയുടെ തുടക്കത്തില്‍ സ്വര്‍ഗസ്ഥനായ പിതാവേ ചൊല്ലുന്നില്ല എന്നതാണ് അതിനൊരു കാരണമായി പറഞ്ഞത്. തുടര്‍ന്ന്, അദ്ദേഹമാണ് തുടക്കത്തില്‍ ആ പ്രാര്‍ത്ഥന ചേര്‍ത്തത്. പിന്നീട് മറ്റൊരു പാത്രിയര്‍ക്കീസ് കുര്‍ബാനയുടെ അവസാനവും കര്‍തൃപ്രാര്‍ത്ഥന ചേര്‍ത്തു. പിന്നീട് ഞങ്ങളുടെ സിനഡ് ആദ്യത്തേത് നീക്കം ചെയ്യുകയായിരുന്നു. ഇപ്പോള്‍ അനുരഞ്ജനപ്രാര്‍ത്ഥനയ്ക്കു ശേഷം കുര്‍ബാനസ്വീകരണത്തിനു മുമ്പായാണ് സ്വര്‍ഗസ്ഥനായ പിതാവേ ചൊല്ലുന്നത്.

? ഈ മാറ്റത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നു?
പില്‍ക്കാലത്തു കൂട്ടിച്ചേര്‍ക്കപ്പെട്ടതായതുകൊണ്ടാണ് അത് ഒഴിവാക്കിയത്. തുടക്കത്തില്‍ തന്നെ കര്‍തൃപ്രാര്‍ത്ഥന ചൊല്ലുന്നതില്‍ വലിയ അര്‍ത്ഥമില്ല. ഇതു പുനഃസ്ഥാപിക്കണമെന്നു കുറേ പേര്‍ വാദിക്കുന്നുണ്ട്. കാരണം ജ്ഞാനസ്നാനവും വിവാഹവും പോലെ മറ്റു കൂദാശകളുടെ തുടക്കത്തില്‍ അതുണ്ട്. കാഴ്ചവയ്പിനുമുള്ള സ്തോത്രഗീതവും പ്രത്യേക അവസരങ്ങളിലെ കുര്‍ബാനയ്ക്കായി പില്‍ക്കാലത്തു കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്.

? വിശ്വാസപ്രമാണമോ?
കല്‍ദായ ആരാധനക്രമത്തില്‍ വിശ്വാസപ്രമാണം എല്ലാ ദിവസവും ചൊല്ലുന്നില്ല. കപ്പുച്ചന്‍, ഡൊമിനിക്കന്‍ സന്യാസികളാണ് വിശ്വാസം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കല്‍ദായ സഭയെ എല്ലാ ദിവസവും വിശ്വാസപ്രമാണം ചൊല്ലാന്‍ നിര്‍ബന്ധിച്ചത്. എന്താണ് അര്‍ത്ഥമാക്കുന്നത് എന്നറിയാതെ അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണു ജനങ്ങള്‍.

? കാഴ്ചവയ്പ് എങ്ങനെയാണ്?
കാഴ്ചവയ്പിന്‍റെ സമയത്ത് ആരെങ്കിലും അപ്പവും വീഞ്ഞും വെള്ളവും കൊണ്ടു വരുന്നു. ചില പുരോഹിതര്‍ മറ്റു വസ്തുക്കളും ആ സമയത്തു സ്വീകരിക്കാറുണ്ട്. ഇക്കാര്യത്തില്‍ വിവിധ രൂപതകളില്‍ വിവിധ രീതികളാണു നിലവിലുള്ളത്. പക്ഷേ കല്‍ദായ സഭയ്ക്ക് പ്രത്യേകമായതെന്തെങ്കിലും തയ്യാറാക്കുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. കാരണം ദേശീയ അനന്യതയ്ക്കു ഞങ്ങള്‍ പ്രധാന്യം നല്‍കുന്നു.

? വി. കുര്‍ബാനയുടെ സമയം നിങ്ങള്‍ ചുരുക്കിയത് എന്തുകൊണ്ടാണ്?
ഇന്നു രണ്ടോ മൂന്നോ മണിക്കൂര്‍ പള്ളിക്കുള്ളില്‍ ചെലവഴിക്കുക ജനങ്ങള്‍ക്ക് എളുപ്പമല്ല. ആളുകള്‍ക്കു തിരക്കുണ്ട്. ദീര്‍ഘമായ ചടങ്ങുകള്‍ ആളുകളെ മുഷിപ്പിക്കുന്നു. അതിനാല്‍ ആരാധനക്രമത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ നാലു വര്‍ഷം മുമ്പു ചേര്‍ന്ന കല്‍ദായ സിനഡ് തയ്യാറാകുകയായിരുന്നു. അതിനു പൗരസ്ത്യകാര്യാലയത്തിന്‍റെ അനുമതിയും ഞങ്ങള്‍ക്കു ലഭിച്ചു.

? ഈ മാറ്റങ്ങള്‍ വരുത്തുന്നതനു പ്രയോഗിച്ച തത്ത്വങ്ങള്‍ എന്തെല്ലാമാണ്?
മൗലിക രൂപത്തിലേയ്ക്കു തിരിച്ചു പോകുക എന്നതായിരുന്നു പ്രധാന തത്ത്വം. നൂറ്റാണ്ടുകള്‍ക്കിടെ കൂട്ടിച്ചേര്‍ക്കപ്പെട്ട നിരവധി പ്രാര്‍ത്ഥനകളുണ്ട്. ആരാധനക്രമനവീകരണത്തിനുള്ള ദൗത്യം ഒരു സമിതിയെ ഏല്‍പിച്ചു. അവര്‍ വര്‍ഷങ്ങളോളം കഠിനാദ്ധ്വാനം നടത്തി. അതിന്‍റെ ഫലമായി കുറെ പ്രാര്‍ത്ഥനകള്‍ നീക്കം ചെയ്ത് കൂടുതല്‍ മെച്ചപ്പെട്ട ഒരു പാഠം ഉണ്ടാക്കി.

? വി. കുര്‍ബാനയില്‍ നിങ്ങള്‍ ജനങ്ങളെ അഭിമുഖീകരിച്ചാണോ നില്‍ക്കുക?
ബഹുഭൂരിപക്ഷവും ജനങ്ങളെ അഭിമുഖീകരിക്കുന്നു. ഇതു മാറ്റാന്‍ വത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷേ ഇറാഖിലെ അക്രമാസക്തമായ അന്തരീക്ഷത്തില്‍ ഒരു മാറ്റത്തെ കുറിച്ചു ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക അസാദ്ധ്യമാണ്. അതുകൊണ്ട് പാത്രിയര്‍ക്കീസ് അത് ഐച്ഛികമാക്കി.

? അമേരിക്കയിലും യൂറോപ്പിലും നിങ്ങളുടെ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നതെങ്ങനെയാണ്?
അമേരിക്കയില്‍ ചിലര്‍ ജനാഭിമുഖമായും മറ്റു ചിലര്‍ അല്ലാതെയും അര്‍പ്പിക്കുന്നു.

? പാശ്ചാത്യസഭയില്‍ നിന്ന് നല്ലതായി തോന്നുന്ന കാര്യങ്ങള്‍ സ്വീകരിക്കുന്നുണ്ടോ?
തീര്‍ച്ചയായും. ദിവ്യകാരുണ്യ ആരാധന, കുരിശിന്‍റെ വഴി, ജപമാല തുടങ്ങിയവ. അവയെല്ലാം പാശ്ചാത്യമാണല്ലോ. ദൈവികചൈതന്യവുമായി ബന്ധം സ്ഥാപിക്കാനും യേശുവിനോടും പ. മറിയത്തോടും ആശയവിനിമയം നടത്താനും വിശ്വാസികളെ സഹായിക്കുന്ന എല്ലാം ഞങ്ങളും സ്വീകരിക്കുന്നു. ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി, മാര്‍ച്ച് മാസത്തില്‍ വി. യൗസേപ്പിതാവിനോടുള്ള ഭക്തി എന്നിവയും വി. റീത്താ, വി. ആന്‍റണി തുടങ്ങിയ വിശുദ്ധരോടുള്ള വണക്കവും ഞങ്ങളുടെ സഭയില്‍ പ്രചാരത്തിലുള്ളതാണ്. മരങ്ങളും പൂക്കളും പഴങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഒരു തോട്ടത്തിനു സമാനമാണ് സഭ. അവയോരോന്നും മനോഹരമാണ്.

? സാധാരണ ദിവസങ്ങളില്‍ നിങ്ങളുടെ കുര്‍ബാന എത്ര നേരമുണ്ടാകും?
അര മണിക്കൂര്‍.

? ഞായറാഴ്ചകളിലോ?
ഞായറാഴ്ചകളില്‍ ഒരു മണിക്കൂര്‍. സുവിശേഷപ്രസംഗവും മൂന്നു വായനകളും ഉള്‍പ്പെടെയാണിത്. ആഴ്ചദിവസങ്ങളില്‍ രണ്ടു വായനകള്‍ മാത്രമേയുള്ളൂ. ചില വൈദികര്‍ സ്വന്തം പാട്ടിഷ്ടപ്പെടുന്നവരാണ്, അവര്‍ കൂടുതല്‍ പാടുന്നു, ചിലര്‍ പ്രസംഗിക്കാനിഷ്ടപ്പെടുന്നു, അവര്‍ കൂടുതല്‍ പ്രസംഗിക്കുന്നു എന്നതു മറക്കുന്നില്ല. ആളുകള്‍ അതേക്കുറിച്ചു പരാതിയും പറയുന്നു. ഞായറാഴ്ചകുര്‍ബാനയ്ക്ക് വൈദികര്‍ ഒരു മണിക്കൂറില്‍ കൂടുതലെടുക്കുന്നത് വ്യക്തിപരമായി എനിക്കിഷ്ടമല്ല. വി. കുര്‍ബാന ഒരു മണിക്കൂറില്‍ കൂടുതലാകുന്നത് നല്ലതല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും ഞങ്ങളുടെ പാത്രിയര്‍ക്കീസ് സാകോയും പറഞ്ഞിട്ടുമുണ്ട്. ഞങ്ങള്‍ ആളുകളെ അഭിമുഖീകരിച്ചു ബലിയര്‍പ്പിക്കുന്നു. പക്ഷേ വൈദികന്‍റെ മുമ്പില്‍ അപ്പോഴും കുരിശും സുവിശേഷവുമാണിരിക്കുന്നതെന്നു മറക്കരുത്. പുരോഹിതന്‍ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു. ജനങ്ങള്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നു കുരിശിലേയ്ക്കു നടക്കുന്നു.

ആളുകള്‍ വളരെ സാധാരണക്കാരാണ്. ദൈവശാസ്ത്രവിജ്ഞാനമൊന്നും ഇല്ലാത്തവര്‍. യേശുവിനോടൊപ്പമായിരിക്കാന്‍, അവിടുത്തേക്കു നന്ദി പറയാന്‍ ആണ് അവര്‍ കുര്‍ബാനയ്ക്കു വരുന്നത്. ദൈവശാസ്ത്രതത്ത്വങ്ങളെക്കുറിച്ചൊന്നും അവര്‍ ആകുലപ്പെടുന്നില്ല.

? കിഴക്കോട്ടു തിരിയുന്നതിന്‍റെ ദൈവശാസ്ത്രം സൂര്യാരാധനയില്‍ നിന്നു വരുന്നതാണോ?
അതൊരു സങ്കീര്‍ണ വിഷയമാണ്. ഇറാഖില്‍ അഗ്നിയുടെ ആരാധന ഉണ്ടായിരുന്നു. റോമന്‍ സാമ്രാജ്യത്തില്‍ സൂര്യാരാധന ഉണ്ടായിരുന്നു. സൂര്യന്‍റെ ഉത്സവമാണ് ക്രിസ്തുമസായി പരിവര്‍ത്തിപ്പിച്ചത്. മതം സംസ്കാരവുമായി ചേര്‍ന്നു പോകണം. കല്‍ദായ സഭയില്‍ മെസപ്പൊട്ടേമിയന്‍, ബാബിലോണിയന്‍ സംസ്കാരത്തിന്‍റെ ഘടകങ്ങള്‍ കാണാം. സുവിശേഷത്തില്‍ നോക്കുക. മെസപ്പൊട്ടേമിയയില്‍ നിന്നുള്ള ബിംബകല്‍പനകള്‍ ധാരാളം കാണാം.

? നിങ്ങളുടെ പാത്രിയര്‍ക്കീസ് കുര്‍ബാനയര്‍പ്പിക്കുന്നത് എങ്ങനെയാണ്?
ജനാഭിമുഖമായി. അദ്ദേഹം അതാണിഷ്ടപ്പെടുന്നത്.

? ഇന്ത്യന്‍ സാഹചര്യത്തില്‍ ആരാധനക്രമത്തിന്‍റെ സാംസ്കാരികാനുരൂപണത്തെ എങ്ങനെയാണു കാണുന്നത്?
ഇന്ത്യന്‍ സാഹചര്യത്തിന് അതിന്‍റേതായ നിരവധി സങ്കീര്‍ണതകളുണ്ട്. സീറോ-മലബാര്‍ സഭ രാജ്യമെങ്ങും വ്യാപിച്ചിരിക്കുന്നു. വിവിധ ഭാഷകളിലും സംസ്കാരങ്ങളിലും അതുണ്ട്. സ്വാഭാവികമായും ഒരു ഇന്ത്യന്‍ ആരാധനക്രമം ഉണ്ടാക്കുക എന്നത് ദുഷ്കരമാണ്.

? ദിവ്യകാരുണ്യ ആരാധന അവിടെ എങ്ങനെയാണ്?
എല്ലാ മാസത്തിന്‍റേയും അവസാനത്തെ വ്യാഴാഴ്ച ദിവ്യകാരുണ്യ ആരാധനയുണ്ട്. കൂടാതെ തിരുനാളുകളിലും മറ്റു പ്രത്യേക അവസരങ്ങളിലും തിരുമണിക്കൂര്‍ ആരാധനയും നടത്തി വരുന്നു.

? വീടുകളില്‍ ജപമാല ചൊല്ലുന്നുണ്ടോ?
എല്ലാ ദിവസവും ജപമാലയുണ്ട്. ഇറാഖില്‍ അതു വളരെ പ്രചാരമുള്ളതാണ്.

? ജ്ഞാനസ്നാനം, സ്ഥൈര്യലേപനം, ആദ്യകുര്‍ബാന തുടങ്ങിയ കൂദാശകള്‍ എങ്ങനെയാണ്? അവ ഒന്നിച്ചാണോ നല്‍കുന്നത്?
ഒരു കുഞ്ഞിനു ജ്ഞാനസ്നാ നം നല്‍കുമ്പോള്‍ സ്ഥൈര്യലേപനവും നല്‍കുന്നുണ്ട്. അതു ശരിയല്ല എന്നാണ് ഞാന്‍ കരുതുന്നത്. മുന്‍കാലങ്ങളില്‍ കുട്ടിക്കു കൗമാരപ്രായം ആകുമ്പോള്‍ മാത്രമേ സ്ഥൈര്യലേപനം നല്‍കിയിരുന്നുള്ളൂ. പക്ഷേ തുടര്‍ച്ചയായ യുദ്ധങ്ങള്‍ മൂലം ഇറാഖിലെ സഭയിലെ രേഖകളെല്ലാം നഷ്ടപ്പെട്ടു. ആരൊക്കെയാണ് സ്ഥൈര്യലേപനം സ്വീകരിച്ചത് എന്നറിയാന്‍ മാര്‍ഗമൊന്നുമില്ല. പിന്നീട് ജ്ഞാനസ്നാനത്തിനൊപ്പം സ്ഥൈര്യലേപനവും നല്‍കുന്ന സ്ഥിതി വന്നു. പക്ഷേ, ആദ്യകുര്‍ബാന, കുട്ടിക്കു പത്തു വയസ്സു തികഞ്ഞതിനു ശേഷമേ നല്‍കുകയുള്ളൂ. സ്ഥൈര്യലേപനം എന്താണെന്നറിയണമെങ്കില്‍ കൗമാരപ്രായമെത്തണം. കൂദാശയുടെ പേരില്‍ തന്നെ അതുണ്ട്. നാല്‍പതു ദിവസം പ്രായമുള്ളപ്പോള്‍ ഒരാളെ സ്ഥിരപ്പെടുത്തുന്നത് എങ്ങനെ?

? മുന്‍ പാത്രിയര്‍ക്കീസ് റാഫേല്‍ ബിദാവീദിനെക്കുറിച്ച് എന്താണ് താങ്കളുടെ ഓര്‍മ്മകള്‍?
മഹാനായ ഒരു സഭാനേതാവായിരുന്നു ഞങ്ങളുടെ മുന്‍ പാത്രിയര്‍ക്കീസ് റാഫേല്‍ ബിദാവീദ്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹം അധികാരമേറ്റത് സഭയുടെ ഏറ്റവും മോശമായ ഒരു സമയത്തായിരുന്നു. ഇറാനുമായി യുദ്ധം നടക്കുന്ന കാലത്ത്. ലിറ്റര്‍ജിയുമായി ബന്ധപ്പെടുത്തി പറഞ്ഞാല്‍ വളരെ പുരോഗമനചിന്താഗതിയുള്ള മനുഷ്യന്‍. ജനാഭിമുഖമായാണ് അദ്ദേഹം കുര്‍ബാനയര്‍പ്പിച്ചിരുന്നത്. പഴയ മട്ടിലുള്ള അള്‍ത്താരകളും അദ്ദേഹം പരിഷ്കരിച്ചു. കല്‍ദായസഭയിലേയ്ക്കു നവീകരണവും ശുദ്ധവായുവും കൊണ്ടുവന്നത് അദ്ദേഹമാണ്. കല്‍ദായ കോടതിയും ദൈവശാസ്ത്ര, തത്ത്വശാസ്ത്ര പഠനങ്ങള്‍ക്കുള്ള ബാബിലോണ്‍ കോളേജും അദ്ദേഹം ആരംഭിച്ചു.

തയ്യാറാക്കിയത്:
ഷിജു ആച്ചാണ്ടി
(സബ് എഡിറ്റര്‍)

Leave a Comment

*
*