അയര്‍ലണ്ടിന്‍റെ ആകാശങ്ങളില്‍…

അയര്‍ലണ്ടിന്‍റെ ആകാശങ്ങളില്‍…

ഫാ. ജോണ്‍ പുതുവ

അയര്‍ലണ്ടിലെ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടതു മലയാളിയായ ബേബി പെരേപ്പാടനാണ്. കഴിഞ്ഞ 18 വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ ജീവിക്കുന്ന ബേബി പെരേപ്പാടന്‍ അങ്കമാലി പുളിയനം സ്വദേശിയാണ്. സൗത്ത് ഡബ്ലിനില്‍ നാല്പതംഗ കൗണ്‍സിലില്‍ വിജയിച്ച ഏക മലയാളിയാണിദ്ദേഹം. കൗണ്ടി കൗണ്‍സിലാണു പ്രാദേശിക കോര്‍പ്പേറേഷന്‍ രൂപീകരിക്കാന്‍ ഐറിഷ് ഇലക്ടറല്‍ സിസ്റ്റത്തിലുള്ളത്. കൗണ്ടി കൗണ്‍സിലിലെ മലയാളി സാന്നദ്ധ്യത്തിലൂടെ ഭാരതത്തിനും വിശേഷിച്ചു മലയാളികള്‍ക്കും പ്രാതിനിധ്യവും പ്രാധാന്യവും വര്‍ദ്ധിപ്പിക്കനായതു വലിയൊരു ഭാഗ്യമായി കാണുകയാണു ബേബി പെരേപ്പാടന്‍.

"അയര്‍ലണ്ടിലെ പൊതുജനങ്ങള്‍ നേരിട്ട് ഇടപെടുന്ന തിരഞ്ഞെടുപ്പാണു കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ ഇവിടെയുള്ള സാധാരണ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് എന്‍റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. വെയ്സ്റ്റ് മാനേജുമെന്‍റ്, പൊതുസുരക്ഷ, വിദ്യാഭ്യാസ പ്രശ്നങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലും ഉളവാകുന്ന പ്രശ്നങ്ങളെ പഠിക്കുകയും പ്രശ്നപരിഹാര നടപടികളും ചര്‍ച്ചകളും നയിച്ചുകൊണ്ടുമാണ് ഓരോ ദിനവും കടന്നുപോകുന്നത്" – ബേബി പെരേപ്പാടന്‍ പറയുന്നു.

രാഷ്ട്രീയവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പലതരത്തിലുള്ള പ്രതിസന്ധികളും പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇദ്ദേഹം സൂചിപ്പിച്ചു: "അന്യരാജ്യക്കാരനെന്ന നിലയില്‍ പല വെല്ലുവിളികളും നേരിടേണ്ടിവന്നിട്ടുണ്ട്. പലപ്പോഴും ഒറ്റയാള്‍ പോരാട്ടങ്ങളും കത്തിടപാടുകളും നടത്തി. ആ വെല്ലുവിളികളെ നേരിട്ടുകൊണ്ടു മുന്നോട്ടുള്ള പ്രയാണമാണ് എന്‍റേത്."

അയര്‍ലണ്ട് പൗരത്വമുള്ള ബേബി, ഡബ്ലിനിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളില്‍ സജീവമായി ഇടപെട്ടു പ്രവര്‍ത്തിക്കുമ്പോള്‍ മലയാളികളുടെ പിന്തുണകള്‍ ധാരാളമായി കിട്ടുന്നുണ്ട്. പ്രാദേശിക ജനവിഭാഗത്തിന്‍റെ പിന്തുണയും പ്രോത്സാഹനങ്ങളും തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു ബലം പകരുന്നതാണെന്നും ഇദ്ദേഹം വ്യക്തമാക്കി. ജോയിന്‍റ് പൊലീസിംഗ് കമ്മിറ്റിയംഗം കൂടിയായി പ്രവര്‍ത്തിക്കുന്ന ബേബി പ്രാദേശിക തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്പിക്കാനും ക്രമസമാധാന പ്രശ്നങ്ങളില്‍ പൊലീസിന്‍റെ സഹായത്തോടെ പ്രതിവിധികള്‍ കണ്ടെത്താനും പരിശ്രമിക്കുന്നുണ്ട്.

കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ മതവിശ്വാസത്തിന്‍റെ കാര്യത്തില്‍ ഐറിഷുകാര്‍ അല്പം പിന്നിലാണെന്നു ബേബി പെരേപ്പാടന്‍ നിരീക്ഷിക്കുന്നു. അവര്‍ക്കിടയില്‍ മലയാളികള്‍ തങ്ങളുടെ വിശ്വാസം നല്ല രീതിയില്‍ പ്രഘോഷിക്കുന്നുണ്ട്. മതവിശ്വാസത്തില്‍നിന്ന് അകന്നുനില്ക്കുന്നവരില്‍പ്പോലും ഉയര്‍ന്ന ധാര്‍മികചിന്തയും സാഹോദര്യബോധവും കാണാനാകുമെന്ന് ഇദ്ദേഹം പറഞ്ഞു.

വിദേശ കുടിയേറ്റക്കാര്‍ അയര്‍ലണ്ടില്‍ ധാരാളമുണ്ട്. പോളണ്ടുകാരാണു കൂടുതലും. ഫിലിപ്പൈന്‍സ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇന്ത്യക്കാരും അയര്‍ലണ്ടില്‍ വിവിധ ജോലികളില്‍ വ്യാപൃതരാണ്. ഈ അടുത്തകാലത്ത് ഇന്ത്യയില്‍ നിന്നു വിശേഷിച്ചു കേരളത്തില്‍ നിന്നു പഠനാര്‍ത്ഥം അയര്‍ലണ്ടിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ബേബി സൂചിപ്പിച്ചു.

മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്ന പ്രവണത അയര്‍ലണ്ടില്‍ ഇല്ലെന്നു ബേബി വ്യക്തമാക്കി. വര്‍ഗീയചിന്ത വ്യാപകമല്ലെങ്കിലും വംശീയചിന്തകള്‍ കാണാനാകും. കത്തോലിക്കാ രാജ്യമായ അയര്‍ലണ്ടില്‍ ആ വിധത്തില്‍ ചില അസ്വാരസ്യങ്ങള്‍ നിലനില്ക്കുന്നുണ്ടെന്നും ബേബി പെരേപ്പാടന്‍ പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന ഫിനഗേല്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചാണു ബേബി പെരേപ്പാടന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ഡബ്ലിനില്‍ കഴിഞ്ഞ 25 വര്‍ഷമായി ഫിനഗേല്‍ പാര്‍ട്ടി ജയിക്കാത്ത സീറ്റിലായിരുന്നു പെരേപ്പാടന്‍റെ വിജയം. കൗണ്‍സിലര്‍ എന്ന നിലയില്‍ ജനക്ഷേമകരമായ പലവിധ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുകയാണ് ഇദ്ദേഹം.

"അയര്‍ലണ്ടിലെ മലയാളി പ്രവാസത്തിന് ഏകദേശം ഇരുപതു വര്‍ഷത്തോളം പഴക്കമായി. ഇതിനിടയില്‍ മലയാളികളുടേതായ ഒട്ടനവധി പ്രശ്നങ്ങള്‍ ഉയര്‍ന്നുവെങ്കിലും അതിനെ വേണ്ട രീതിയില്‍ ഇവിടത്തെ ഭരണതലങ്ങളില്‍ എത്തിക്കുവാന്‍ സാധിച്ചില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എങ്കില്‍പ്പോലും പല രീതിയിലുള്ള

പ്രാദേശികപ്രശ്നങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഗ്രാന്‍റ്പേരന്‍റല്‍ വിസയുടെ കാലാവധി ഉയര്‍ത്തുന്നത് ഉള്‍പ്പെടെ ഒട്ടനവധി നിയമമാറ്റങ്ങള്‍ക്കും പുനര്‍ചര്‍ച്ചകള്‍ക്കും തുടക്കം കുറിക്കുവാന്‍ എന്‍റെ കൗണ്‍സിലര്‍ എന്ന പദവിക്കു സാധിക്കുന്നുണ്ട്" – ബേബി പെരേപ്പാടന്‍ പറയുന്നു.

ദൈനംദിനമുള്ള പ്രാര്‍ത്ഥനയും ഞായറാഴ്ചക്കുര്‍ബാനയും മുടക്കാത്ത പെരേപ്പാടന്‍റെ ഭാര്യ ജിന്‍സി അയര്‍ലണ്ടില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയാണ്. രണ്ടു മക്കള്‍. മൂത്ത മകന്‍ ബ്രിട്ടോ അവിടെ നാലാം വര്‍ഷം മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. മകള്‍ ബ്രോണ പ്ലസ് ടുവിനു പഠിക്കുന്നു.

നാട്ടില്‍ സ്പോര്‍ട്സ് ഗുഡ്സ് ബിസിനസ്സ് നടത്തിയിരുന്ന ബേബി പെരേപ്പാടന്‍ അയര്‍ലണ്ടിലെ തന്‍റെ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ ദൈവകരങ്ങള്‍ ദര്‍ശിക്കുകയാണ്. "ഒന്നും എന്‍റെ നേട്ടമല്ല; ദൈവത്തിന്‍റെ കൃപ മാത്രം. ഈ ജീവിതത്തില്‍ നമുക്കു ചെയ്യാവുന്ന കാര്യങ്ങള്‍ ഏറ്റവും സത്യസന്ധമായും സുതാര്യമായും അനുഷ്ഠിക്കുക. അതാണു പ്രധാനം. തന്നില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന നിയോഗങ്ങള്‍ എത്രമാത്രം മനോഹരമായി ചെയ്യാനാകുമോ അങ്ങനെ ചെയ്യുക. ഇത്തരത്തില്‍ നാം ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്താല്‍ നാം ആയിരിക്കുന്നിടത്തു സന്തോഷവും സമാധാനവും സംജാതമാക്കാനാകും" – ബേബി പെരേപ്പാടന്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org