Latest News
|^| Home -> Cover story -> ഇവിടെയാരും വിശന്നു മരിക്കരുത്

ഇവിടെയാരും വിശന്നു മരിക്കരുത്

Sathyadeepam

ഡോ. ബെന്നി മാരാംപറമ്പില്‍

പാലും മധുവും കരകവിഞ്ഞൊഴുകുന്ന നാട്! യുദ്ധമില്ല, ഭീഷണിയില്ല; എങ്ങും സമാധാനം മാത്രം. കുഞ്ഞാടും സിംഹക്കുട്ടിയും ഒരുമിച്ചു മേയുന്ന, ജീവജാലങ്ങളെല്ലാം സൗഹൃദനിറവിലായിരിക്കുന്ന ഒരിടം; അതാണു ദൈവരാജ്യസങ്കല്പം. ചൂഷണവും വഞ്ചനയുമില്ലാത്ത സുന്ദരഭൂമി. അവിടെ മധുവിനു മധുരമാണ്, മനുഷ്യന്‍ മനുഷ്യനാണ് – എന്നാല്‍ ഇവിടെ ‘മധു’ ആദിവാസിയാണ്. ആ ഇരുപത്തിയേഴുകാരന്‍ ഭക്ഷണം കിട്ടാതെ രോഗിയായി മാറി. നമ്മള്‍ അവനെ തല്ലിക്കൊല്ലുന്നു. കൈകള്‍ വരിഞ്ഞു മുറുക്കിക്കെട്ടി അവനെ പ്രഹരിച്ചു; മുഖത്തു തുപ്പി, അസ്ഥികള്‍ നുറുക്കി, ചിന്തിക്കാനവകാശം നിഷേധിക്കപ്പെട്ട അവന്‍റെ തലച്ചോര്‍ ചിതറിച്ചു – മധുവിനു ജീവിക്കാനവകാശമില്ലെന്നു നമ്മള്‍ വിധിയെഴുതി. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ആരൊക്കെ ജീവിക്കണം, ആരൊക്കെ വധിക്കപ്പെടണം എന്നു നമ്മള്‍ തീരുമാനിക്കുന്ന കാലം വന്നു. അതാണു നമ്മുടെ ജനാധിപത്യബോധം, അതാണു നമ്മുടെ വഴിപിഴച്ച ധര്‍മ്മബോധം! ‘യാചകര്‍ നാടിനാപത്ത്’ എന്ന ബോര്‍ഡുകള്‍ നാടാകെ ഉയരുന്ന ഒരു കാലത്ത് ആദിവാസി മടിയനും തെമ്മാടിയുമാണെന്നു മുദ്ര കുത്തപ്പെടുമ്പോള്‍ നമ്മുടെ നീതിബോധം ആഴത്തില്‍ രോഗാതുരമായിരിക്കുന്നുവെന്നും തിരിച്ചറിയേണ്ടതുണ്ട്.

കേരളത്തിലെ ആദിവാസികള്‍: 2011-ലെ സെന്‍സസ് പ്രകാരം 10.43 കോടി ആദിവാസികളാണ് ഇന്ത്യയിലുള്ളത്. ആകെ ജനസംഖ്യയുടെ 8.6 ശതമാനമാണിത്. നമ്മുടെ കേരളത്തില്‍ മാത്രം 4,84,839 ആദിവാസികള്‍ നിവസിക്കുന്നു. കേരള ജനസംഖ്യയുടെ 1.85 ശതമാനം മാത്രം വരുന്ന ഈ സമൂഹം 36 വിഭാഗങ്ങളില്‍പ്പെടുന്നു. കേരളത്തിലെ ഏറ്റവും വലിയ ഗോത്രവിഭാഗം പണിയരും (18.25 ശതമാനം) ഏറ്റവും ചെറുതു കൊച്ചവേലനു (0.01 ശതമാനം)മാണ്. വയനാട്, ഇടുക്കി, പാലക്കാട്, കാസര്‍കോഡ് ജില്ലകളിലാണ് ഈ ആദിവാസികളില്‍ 60 ശതമാനത്തിലധികം പേരും താമസിക്കുന്നത്.

കേരള മോഡല്‍ വികസനം അര നൂറ്റാണ്ടുകൊണ്ടു ആദിവാസികള്‍ക്കു സമ്മാനിച്ചത് ജാതി-കോളനിവത്കരണവും പട്ടിണിയുമാണ്. കേരളത്തിലെ പൊതുസാക്ഷരതാനിരക്ക് 93.91 ശതമാനമാണെങ്കിലും, ആദിവാസി വിഭാഗങ്ങളുടേത് 75.8 ശതമാനം മാത്രമാണ്. ഇതര വിഭാഗങ്ങളെ അപേക്ഷിച്ചു ക്ലാസ്സുകളില്‍ തോല്ക്കു ന്ന ആദിവാസി വിദ്യാര്‍ത്ഥികളുടെ എണ്ണം രണ്ടിരട്ടിയും സ്കൂള്‍ പഠനം നിര്‍ത്തുന്ന ആദിവാസി വി ദ്യാര്‍ത്ഥികളുടെ എണ്ണം അഞ്ചിരട്ടിയുമാണ്.

കേരള സര്‍ക്കാരിന്‍റെ കീഴില്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “കില”യുടെ പഠനമനുസരിച്ച് (2011) കേരളത്തില്‍ പകുതി ആദിവാസി കുടുംബങ്ങള്‍ക്കും കക്കൂസില്ല; കാല്‍ ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡ് ലഭിച്ചിട്ടില്ല. 55 ശതമാനം പേര്‍ താമസിക്കുന്നതു തകര്‍ന്ന വീടുകളിലാണ്. 39,850 വീടുകള്‍ക്ക് അടുക്കളയില്ല. പകുതിയിലധികം കുടുംബങ്ങള്‍ക്കു ശുദ്ധജലം ലഭ്യമല്ല.

1,252 ആദിവാസി ഊരുകളില്‍ വൈദ്യുതി ലഭിച്ചിട്ടില്ല. 1,300 ഊരുകളില്‍ വന്യമൃഗശല്യം കാരണം താമസം ഭയാനകമാണ്. 20,301 ആദിവാസി വിധവകളില്‍ 17 ശതമാനത്തിനു മാത്രമേ പെന്‍ഷന്‍ ലഭിക്കുന്നുള്ളൂ. 887 അവിവാഹിത അമ്മമാര്‍ ഇവരിലുണ്ട്. 4,036 അംഗവിഹീനരും 2,386 മാനസികവെല്ലുവിളി നേരിടുന്നവരും കേരളത്തിലെ ആദിവാസികള്‍ക്കിടയിലുണ്ട്. ആരോഗ്യ-ചികിത്സാ സംവിധാനങ്ങള്‍ ഇവരില്‍ പലര്‍ക്കും അപ്രാപ്യമാണ്. 40,323 പേര്‍ ഗൗരവമായ രോഗങ്ങളുള്ളവരാണ്. 77,680 പേര്‍ തൊഴില്‍രഹിതരാണ്. 30 ശതമാനം ആദിവാസികള്‍ക്കു (22,491) സ്വന്തമായി ഭൂമിയില്ല.

അട്ടപ്പാടിയില്‍: 1951-ലെ കണക്കനുസരിച്ച് അട്ടപ്പാടിയില്‍ 90.26 ശതമാനവും ആദിവാസികളായിരുന്നുവെങ്കില്‍ 2011 ആയപ്പോഴേക്കും ഇത് 34 ശതമാനമായി കുറഞ്ഞു. ഇരുള, കുറുമ്പ, മുതുവാന്‍ വിഭാഗങ്ങളില്‍പ്പെടുന്നവരാണ് അട്ടപ്പാടിയിലെ ആദിവാസികള്‍. 2012-13 കാലയളവില്‍ 39 ശിശുമരണങ്ങള്‍ അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2017-ല്‍ 14 കുട്ടികളാണു പോഷകാഹാരക്കുറവുമൂലം അട്ടപ്പാടിയില്‍ മരിച്ചത്. ജനിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 30 ശിശുക്കള്‍ 2013-ല്‍ അട്ടപ്പാടിയില്‍ മരിച്ചതായി ഇക്ബാല്‍ കമ്മീഷന്‍ രേഖപ്പെടുത്തുന്നു. കൊടിയ ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ്, നിരക്ഷരത എന്നിവയെല്ലാം അവര്‍ നേരിടുന്ന പ്രശ്നങ്ങളാണ്.

പൊതുവേ പശ്ചിമഘട്ട മലനിരകളില്‍ അധിവസിക്കുന്ന ആദിവാസി സമൂഹങ്ങളില്‍ പലതും 20-ാം നൂറ്റാണ്ടിന്‍റെ പകുതി വരെ ഭൂവുടമകളും സ്വതന്ത്രരുമായിരുന്നു. പണിയ, അടിയ തുടങ്ങിയ ചില വിഭാഗങ്ങളൊഴികെയുള്ള ഗോത്രവിഭാഗങ്ങളില്‍ പലതും തനതു കൃഷിരീതികള്‍ അവലംബിക്കുകയും വനവിഭവങ്ങള്‍ ശേഖരിക്കുകയും ചെയ്തുപോന്നു. താഴെ നിന്നുള്ള കുടിയേറ്റക്കാര്‍ പശ്ചിമഘട്ടം കീഴടക്കാന്‍ തടങ്ങിയപ്പോള്‍ ആദിവാസികള്‍ സ്വന്തം നാട്ടില്‍ അന്യരായി. സമൂഹത്തിന്‍റെ പുറമ്പോക്കുകളിലേക്ക് അവര്‍ തള്ളപ്പെട്ടു. നാട്ടില്‍ നിന്നെത്തിയ പരിഷ്കൃതരും കമ്പനിക്കാരും എസ്റ്റേറ്റ് ഉടമകളായി മാറി. ആദിവാസികള്‍ കൂലിപ്പണിക്കാരും.

വില്യം ഷേക്സ്പിയറിന്‍റെ ‘ദ ടെംപസ്റ്റ്’ അവതരിപ്പിക്കുന്ന കഥാപാത്രമാണു കാലിബന്‍. അപരിഷ്കൃതനും അശുദ്ധനുമാണവന്‍. നേരാംവണ്ണം സംസാരിക്കാനോ പരിഷ്കൃതരീതിയില്‍ പെരുമാറാനോ അറിയില്ല. അവന്‍ ഭാഷ പഠിക്കുന്നതു ശാപവാക്കുകള്‍ പറയാന്‍ മാത്രം. ദ്വീപിലെ വാസത്തിനിടയില്‍ കണ്ടുമുട്ടുന്ന ഈ അപൂര്‍ണജീവി ഒരു ആദിവാസിയാണ്.

ആദിവാസി സംസ്കൃതി: പ്രകൃതിയോടിണങ്ങി, ആരെയും മനഃപൂര്‍വം വേദനിപ്പിക്കാതെ സാമൂഹ്യബോധത്തോടെ ജീവിക്കുന്നവരാണ് ആദിവാസികള്‍. അവര്‍ ഒരിക്കലും പ്രകൃതിയുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നില്ല; ചൂഷണം ചെയ്യുന്നില്ല. മലയും പുഴയും മരവും കാടും മഴയുമെല്ലാം അവര്‍ക്കു വിശുദ്ധമാണ്. എല്ലാ ജീവജാലങ്ങളെയും അവര്‍ ആര്‍ദ്രതയോടെ കാണും. നാളെയെക്കുറിച്ച് ആകുലതകളില്ലാതെ, ആര്‍ത്തി അല്പംപോലുമില്ലാതെ, അവര്‍ വിശ്രമിക്കും. ആഘോഷങ്ങളെല്ലാം സാമൂഹ്യ ആചാരങ്ങളാണ്. ഊരുകൂട്ടം കൂടി മാത്രമേ പൊതു തീരുമാനങ്ങള്‍ എടുക്കൂ. സംഘബലം പരമപ്രധാനമാണ്. അവരുടെ ആരാധനാരീതികളും വേഷവും ഭക്ഷണക്രമവുമെല്ലാം പ്രകൃതിക്കിണങ്ങിയതും പരിസ്ഥിതിക്ക് ഒട്ടും ആഘാതം ഏല്പിക്കാത്തതുമാണ്. രോഗങ്ങള്‍ക്കു തനതു ചികിത്സാരീതികളും ലഭ്യമായിരുന്നു.

എന്നാല്‍ ആധുനികസംസ്കാ രം ആദിവാസി ഗ്രാമങ്ങളിലേക്ക് കടന്നെത്തിയതോടെ ആദിവാസി പരിഷ്കൃതലോകത്തിന്‍റെ ഇരയായി മാറി. ആദിവാസി സംസ്കാരം തകര്‍ക്കപ്പെട്ടു. അവന്‍ കൂലിവേലക്കാരനും അടിമയും പുറമ്പോക്ക് നിവാസിയുമായി. ആദിവാസി സ്ത്രീകള്‍ അപമാനിക്കപ്പെട്ടു. പാട്ടും കലയും അന്യംനിന്നു പോയി. സ്വന്തം നാട്ടിലെ പരദേശികളായി അവര്‍ മാറി. കിടപ്പാടത്തിനും കൃഷിയിടത്തിനും വേണ്ടി സമരം ചെയ്യാനും വെടി കൊള്ളാനും നില്പുസമരം നടത്താനും ക്ഷേമ ഓഫീസുകള്‍ കയറിയിറങ്ങാനും ആദിവാസി നിര്‍ബന്ധിതനായി. ആദിവാസികളെ സംരക്ഷിക്കുന്നതിനു നീക്കിവയ്ക്കുന്ന കോടികളുടെ ഒരു ശതമാനമെങ്കിലും തങ്ങളിലേക്കെത്തുമെന്ന പ്രതീക്ഷയോടെ അവര്‍ ഇന്നും കാത്തിരിപ്പു തുടരുന്നു. കഴിഞ്ഞയാഴ്ച നിര്യാതനായ കെ. പാനൂരിന്‍റെ “കേരളത്തിലെ ആഫ്രിക്ക” അനാവരണം ചെയ്യുന്നതു കേരളത്തിലെ ആദിവാസി ജീവിതത്തിന്‍റെ പരിച്ഛേദമാണ്.

ആന്‍ഡമാനിലെ ജറുവ വിഭാഗത്തില്‍പ്പെടുന്ന ആദിവാസിസമൂഹം പ്രാക്തന വര്‍ഗമാണ്. കേരളത്തിലെ കുറിച്യരാകട്ടെ വളരെ പരിഷ്കൃതരും. ക്രിസ്തുമതം സ്വീകരിച്ച കേരളത്തിലും റാഞ്ചിമേഖലയിലും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള ആദിവാസികളാകട്ടെ വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ മുന്നോട്ടുപോയിട്ടുണ്ട്. പക്ഷേ, കേരളത്തിലെ ചില വിഭാഗങ്ങള്‍ ഇന്നും ഏറെ പുറകിലാണ്. ഉദാഹരണത്തിനു വയനാട്ടിലെ പണിയരും അടിയരും അട്ടപ്പാടിയിലെ കുറുമ്പരും നിലമ്പൂരിലെ ചോലനായ്ക്കരും അങ്ങനെ പലരും.

ആദിവാസി നന്നാവില്ല എന്ന് പറയരുത്: ആദിവാസിമേഖലയില്‍ പ്രവര്‍ത്തിക്കാനാരംഭിച്ച പലരും പിന്നീടു പ്രവര്‍ത്തനം അവസാനിപ്പിക്കാനോ തീക്ഷ്ണത കുറയാനോ ഇടയായ അനുഭവങ്ങള്‍ കേള്‍ക്കാനിടയായിട്ടുണ്ട്. ആദിവാസികളുടെ ആത്മാവറിഞ്ഞു പ്രവര്‍ത്തിക്കാനാവാതെ, അവരെ പൊതുസമൂഹത്തിന്‍റെ നിര്‍വചനപ്രകാരം പരിഷ്കരിക്കാന്‍ ശ്രമിക്കുന്നതു മൗഢ്യമാകും. അവരുടെ ജീവിതത്തിന്‍റെ നന്മയും തനിമയും താളവുമറിഞ്ഞ് അവരില്‍ പ്രതീക്ഷയര്‍പ്പിച്ചു ക്ഷമയോടെ കൂടെ നില്ക്കേണ്ടതുണ്ട്.

സിയാറ്റില്‍ മൂപ്പന്‍റെ പ്രസംഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ആദിവാസിയുടെ ഈ പ്രകൃതിവീക്ഷണം തന്നെയാണ്. ദുര മൂത്ത് പ്രകൃതിയെ തകര്‍ത്തെറിയുന്ന ആധുനികനു ശക്തമായ താക്കീതും പ്രതീക്ഷയും നല്കുന്നതാണ് ഈ ആദിവാസി പ്രകൃതിദര്‍ശനം. ശത്രുവിനെ വെറുക്കുക എന്നല്ല, ശത്രുവിനെ ആദരവോടെ സ്വീകരിച്ചു കുടിയിരുത്തുന്നതാണ് ആദിവാസി ശൈലി.

കൃഷിഭൂമിയോ, പൊതു അ ടുക്കളയോ?: ആദിവാസിയുടെ ഭൂമി അന്യാധീനപ്പെട്ടത് അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതാണെന്ന് നമുക്ക് ബോധ്യപ്പെട്ടതാണ്. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സമരപരമ്പരകള്‍ ആദിവാസികള്‍ക്ക് എല്ലാവര്‍ക്കും കൃഷിഭൂമി ലഭ്യമാക്കാന്‍ വേണ്ടിയുള്ളതായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ഇതിന്‍റെ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. പൊതു അടുക്കള സംവിധാനം ആദിവാസികളെ കൂടുതല്‍ പരാശ്രിതരാക്കുകയാണ് ചെയ്തിട്ടുള്ളത്. ആദിവാസി ഊരുകളില്‍ നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുമെന്ന സര്‍ക്കാര്‍ വാഗ് ദാനം കേവലം മൂന്നു ഊരുകളില്‍ മാത്രമേ നടപ്പായിട്ടുള്ളൂ. വിവിധ പദ്ധതികള്‍ ഇപ്പോഴും കടലാസില്‍ ഉറങ്ങുകയാണ്. ആദിവാസികള്‍ ശോഷിച്ചും, ഏന്തിവലിഞ്ഞും, പട്ടിണി കിടന്നും മരിച്ചു വീഴുന്നു. ഇവരുടെ സമഗ്ര വികാസത്തിനായി ഒരു ‘മിഷന്‍’ മാതൃകയിലുള്ള പദ്ധതി ആവിഷ്കരിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയര്‍ന്നു കൊണ്ടിരിക്കുകയുമാണ്.

ക്രൈസ്തവസാക്ഷ്യം: അട്ടപ്പാടിയിലും ഇടുക്കിയിലും വയനാട്ടിലും സഭാശുശ്രൂഷകള്‍ സജീവമാണ്. രൂപതകളും പള്ളികളും കൂ ടാതെ അനേകായിരങ്ങള്‍ക്ക് അഭിഷേകമായി ധ്യാനകേന്ദ്രങ്ങളും. ഈ മൂന്നിടങ്ങളിലും ആദിവാസി അപഹാസ്യനും ദരിദ്രനുമായി തുടരുന്നു. പട്ടിണിയും യാതനകളും അവന്‍റെ നിത്യസഹചാരികള്‍. നമ്മള്‍ പ്രഘോഷിക്കുന്ന സുവിശേഷത്തിന്‍റെ വിമോചകശക്തി എന്തുകൊണ്ടു സമൂഹത്തില്‍ പ്രതിഫലിക്കുന്നില്ല? വചനവിരുന്നുകള്‍ കൊഴുക്കുമ്പോഴും ആദിവാസിയെന്തേ പാറയിടുക്കുകളില്‍ വിശന്നും പരപീഡയേറ്റും മൃതപ്രായനാകുന്നു? ഇവര്‍ക്കു ബലം പകരാന്‍, നമ്മുടെ സുവിശേഷപ്രേരിത ജീവിതശൈലിക്കാവില്ലേ? സഹോദരങ്ങളെ മറന്നുകൊണ്ടു സുവിശേഷത്തെ നമുക്കു തലയിണയാക്കാമോ? മൈലുകള്‍ യാത്ര ചെയ്തു കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ അനുഭവിക്കുന്ന ആത്മീയത തികച്ചും വ്യക്തിപരം മാത്രമായി ചുരുങ്ങുന്നുണ്ടോ?

ഇവിടെയാരും വിശന്നു മരിക്കരുതെന്നും ഇവിടെയാരും ചികിത്സ കിട്ടാതെ അവഗണിക്കപ്പെടരുതെന്നും കരുതിയവനാണു യേശു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും ആന്ധ്യം ബാധിച്ചവര്‍ക്കു നേര്‍ക്കാഴ്ചയും മറ്റുളളവരുടെ രോദനം കേള്‍ക്കാന്‍ കഴിയാത്തവര്‍ക്കു കേള്‍വിയും പ്രഖ്യാപിക്കുന്നതിലൂടെയാണു ദൈവരാജ്യം പൂവണിയുന്നത്. ആദിവാസിയും മത്സ്യത്തൊഴിലാളിയും ദരിദ്രനും സ്ത്രീകളും ലിംഗാതീതരുമെല്ലാം ഈ ദൈവരാജ്യത്തില്‍ സ്ഥാനം കണ്ടെത്തണം. അവിടെയാണു ക്രിസ്തുവിന്‍റെ സഭ പുഷ്കലമാകുന്നത്.

ഉപസംഹാരം: ആദിവാസിയെപരിഷ്കരിച്ച് ആധുനികരാക്കാമെന്ന ചിന്ത അപകടകരമാണ്. ആദിവാസി സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, ആ സംസ്കാരത്തിന്‍റെ നന്മയും ലാവണ്യവും ഒട്ടും ചോര്‍ന്നുപോകാതെ, അവര്‍ക്കു വിദ്യാഭ്യാസം നല്കി, ആത്മവിശ്വാസത്തോടെ എഴുന്നേറ്റുനില്ക്കാനും വെല്ലുവിളികള്‍ ഏറ്റെടുക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനും കഴിയുന്ന ഒരു ശൈലി ഇവിടെ രൂപപ്പെടണം. സത്യസന്ധതയും സംഘബോധവും പ്രകൃതിസൗഹൃദജീവിതശൈലിയും പരസ്പര ആദരവും ആധുനികരുടെ ആര്‍ത്തി സംസ്കാരത്തിനു ആദിവാസി സംസ്കാരം നല്കുന്ന മറുപടിയാണ്.

മധുവിന്‍റെ മരണം മനഃസാക്ഷിയെ നടുക്കുന്നത് ഇതുകൊണ്ടാണ്. നമ്മുടെ നാട്ടില്‍ ഒട്ടും മധുരതരമല്ലാത്ത ജീവിതം തള്ളിനീക്കുന്ന ‘മധു’മാരുണ്ടെന്നു നാമോര്‍ക്കണം. അവരെ തല്ലിക്കൊല്ലുന്ന പരിഷ്കൃത സമൂഹത്തിന്‍റെ കണ്ണ് ലാഭകണക്കുകളില്‍ മാത്രമേ പതിയുന്നുള്ളൂ. ലാഭത്തിനപ്പുറം മനുഷ്യത്വം വേണം നമുക്ക്. ‘ബലിയല്ല, കരുണയാണു ഞാനാഗ്രഹിക്കുന്നത്’ എന്നു പറഞ്ഞവന്‍റെ അനുയായികള്‍ ഇനി ജീവിതംകൊണ്ടുള്ള സുവിശേഷവേല തുടങ്ങണം. നമ്മുടെ ചുറ്റുമുള്ള സഹജീവികളുടെ കണ്ണീരു കാണാനായില്ലെങ്കില്‍, എന്തിനാണു സാര്‍, ഈ മൂടുപടങ്ങളെല്ലാം?

(കേരളത്തിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ ഭാഷാ പഠനവുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയിട്ടുള്ള ലേഖകന്‍ എറണാകുളം-അങ്കമാലി അതിരൂപതാംഗമാണ്.)

Leave a Comment

*
*