Latest News
|^| Home -> Cover story -> ജലസമരങ്ങളുടെ രാഷ്ട്രീയം

ജലസമരങ്ങളുടെ രാഷ്ട്രീയം

Sathyadeepam

എന്‍.ജെ. പയസ്

വികസിത അവികസിത ഭേദമെന്യേ ലോകത്തെമ്പാടുമുള്ള രാജ്യങ്ങളില്‍ ജലസമരങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. അതിന്‍റെ ഭാഗമെന്നോണം ഇന്ത്യയിലും നമ്മുടെ സം സ്ഥാനമായ കേരളത്തിലും അത്തരത്തിലുള്ള ജനകീയമുന്നേറ്റങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്.

ഭൂമിയുടെ 71 ശതമാനവും വെള്ളമാണെങ്കിലും അതിന്‍റെ 97 ശതമാനം ഉപ്പുവെള്ളവും ബാക്കി 3 ശതമാനം ശുദ്ധജലവുമാണ്. ഈ മൂന്നു ശതമാനത്തില്‍ 2.61 ശതമാനം ഉപയോഗത്തിനു ലഭ്യമല്ലാത്തവിധം മഞ്ഞുപാളികളായും ഭൂഗര്‍ഭജലമായും സ്ഥിതി ചെയ്യുന്നു. ശേഷിക്കുന്ന 0.03 ശതമാനം വെള്ളം മാത്രമാണു 741 കോടി മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും സസ്യലതാദികള്‍ക്കും ഉപയോഗത്തിനു ലഭ്യമായിട്ടുള്ളത്. പ്രത്യക്ഷത്തില്‍ ഭയപ്പെടുത്തുന്ന കണക്കുകളാണിതെങ്കിലും ഭൂമിയിലെ ജീവജാലങ്ങള്‍ക്കെല്ലാം അവയുടെ ജീവസന്ധാരണത്തിന് ഈ ജലം മതിയാകുന്നതാണ്. അപ്പോള്‍ പിന്നെ എന്തുകൊണ്ടാണു ജലസമരങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നത്?

“ഈ നൂറ്റാണ്ടിലെ യുദ്ധങ്ങള്‍ എണ്ണയ്ക്കുവേണ്ടിയാണെങ്കില്‍ വരും നൂറ്റാണ്ടിലേതു വെള്ളത്തിനുവേണ്ടിയാകും” എന്ന മുന്‍ ലോകബാങ്ക് വൈസ് പ്രസിഡന്‍റ് ഇസ്മയില്‍ സെഹാഗെല്‍ഡ് 1996-ല്‍ നടത്തിയ പ്രവചനം യാഥാര്‍ത്ഥ്യമാവുകയാണ് എന്നാണ് ആനുകാലികസംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഇസ്രായേല്‍, ഇന്ത്യ, ചൈന, ബൊളീവിയ കാനഡ, മെക്സിക്കോ, ഘാന, അമേരിക്ക എന്നിവിടങ്ങളിലെല്ലാം ജലക്ഷാമം നേരിടുന്നതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വര്‍ഷത്തെ ലോകജലദിനാചരണത്തിന്‍റെ ഭാഗമായി ചര്‍ച്ച ചെയ്തതു പാഴ്ജലത്തെക്കുറിച്ചാണ്. ഗാര്‍ഹിക, വ്യാവസായിക, കാര്‍ഷിക, വാണിജ്യരംഗങ്ങളില്‍ മനുഷ്യജന്യപ്രവര്‍ത്തനങ്ങളുടെ ഫലമായി ഗുണനിലവാരം തകര്‍ന്ന ജലത്തെയാണു പാഴ്ജലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജല ഉപഭോഗത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്നതു വ്യവസായമേഖലയാണ്. മൊത്തം ജല ഉപഭോഗത്തിന്‍റെ 22 ശതമാനത്തോളം വ്യവസായമേഖലയാണ് എടുക്കുന്നത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ വ്യവസായശാലകള്‍ തങ്ങളുടെ പ്രവര്‍ത്തനഫലമായുണ്ടാകുന്ന മലിനജലം യാതൊരു ശുദ്ധീകരണപ്രക്രിയയ്ക്കും വിധേയമാക്കാതെ ആവാസവ്യവസ്ഥയിലേക്കു തള്ളുകയാണ്. ഭൂരിപക്ഷം വ്യവസായ ശാലകളിലും ശുദ്ധീകരണ സംവിധാന(ETP)ങ്ങളുടെ പ്രവര്‍ത്തനം ഭാഗികമോ അല്പമാത്രമോ ആണ്. പല വ്യവസായശാലകളിലും ശുദ്ധീകരണസംവിധാനം തന്നെ ഇല്ലെന്നും മറ്റു ചിലതില്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായവയാണെന്നും പറയാം. റെഡ് കാറ്റഗറി വിഭാഗത്തില്‍പ്പെടുന്ന രാസവ്യവസായശാലകള്‍ പോലും ഇപ്രകാരമാണു പ്രവര്‍ത്തിക്കുന്നത്. തന്മൂലം ശുദ്ധജലസ്രോതസ്സുകള്‍ വലിയ തോതില്‍ മലിനീകരിക്കപ്പെടുകയും ആവാസവ്യവസ്ഥയുടെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു.

ഇന്ത്യയുടെ പുണ്യനദിയായി കണക്കാക്കപ്പെടുന്ന ഗംഗാനദി തന്നെയാണ് ഇന്ത്യയിലെ ഏറ്റവും മലിനമാക്കപ്പെട്ട നദി. കേരളത്തില്‍ ഏറ്റവും വലിയ നദിയായ പെരിയാര്‍തന്നെയാണ് ഏറ്റവും മലിനമാക്കപ്പെട്ടതും. കേരളത്തിലെ വ്യവസായശാലകളില്‍ മഹാഭൂരിഭാഗവും സ്ഥിതി ചെയ്യുന്നതും പെരിയാറിന്‍റെ തീരത്താണ്. 81-ല്‍പ്പരം റെഡ് കാറ്റഗറി വ്യവസായശാലകള്‍ പ്രവര്‍ത്തിക്കുന്നതില്‍ 34 എണ്ണത്തില്‍ ആവശ്യമായ ശുദ്ധീകരണസംവിധാനം ഇല്ലെന്നു കണ്ടെത്തിയിരിക്കുന്നു. എറണാകുളം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട കുടിവെള്ള സ്രോതസ്സായ പെരിയാറില്‍ ഘനലോഹങ്ങളുടെ സാന്നിദ്ധ്യം അനുവദനീയമായതിന്‍റെ പതിന്മടങ്ങ് അധികരിച്ചതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കുടിവെള്ളസ്രോതസ്സില്‍ ഇപ്രകാരമുള്ള ഘനലോഹ സാന്നിദ്ധ്യം ജനങ്ങള്‍ക്കു കാന്‍സര്‍, വൃക്കസംബന്ധമായ രോഗങ്ങള്‍, വന്ധ്യത മുതലായ ഗുരുതരമായ രോഗങ്ങള്‍ക്കു കാരണമാകുന്നു. മത്സ്യസമ്പത്തിന്‍റെ നാശം മത്സ്യത്തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെടുത്തുകയും ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

നദികളും ജലാശയങ്ങളും മലിനീകരിക്കപ്പെടുകയോ മനുഷ്യന്‍റെ ഇടപെടലുകളുടെ ഫലമായി നാശത്തെ നേരിടുകയോ ചെയ്യുന്നതുമൂലം ഇന്ത്യയില്‍ പ്രതിശീര്‍ഷ പ്രതിവര്‍ഷ ജലലഭ്യത കുറഞ്ഞുവരുന്നതായി കാണുന്നു. “1961-ല്‍ പ്രതിശീര്‍ഷ, പ്രതിവര്‍ഷ ജലലഭ്യത 3450 ക്യുബിക് മീറ്ററായിരുന്നു. എന്നാല്‍ 1990-കളുടെ അവസാനമാകുമ്പോഴേക്കും അത് 1250 ക്യൂ ബിക് മീറ്ററായി കുറഞ്ഞു. 2050 ആകുമ്പോഴേക്കും അത് 760 ക്യുബിക് മീറ്ററായി കുറയുമെന്നു കരുതുന്നു. പ്രതിവര്‍ഷ പ്രതിശീര്‍ഷ ജലലഭ്യത ആയിരം ക്യൂബിക് മീറ്ററിനു താഴെയാണെങ്കില്‍ ആ രാജ്യം ഗൗരവപൂര്‍ണമായ ജലക്ഷാമം നേരിടുന്നുവെന്നു പറയാം.” (ജലയുദ്ധങ്ങള്‍ – വന്ദനശിവ).

നദികള്‍ വെറും ജലാശയങ്ങളല്ല. മറിച്ച് അതൊരു ആവാസവ്യവസ്ഥയാണ്, സംസ്കാരങ്ങളുടെ ഉത്പത്തി കേന്ദ്രമാണ്, ജീവന്‍റെ അടിസ്ഥാനമാണ്, പാരിസ്ഥിതിക സമൂഹങ്ങളുടെ ജീവനോപാധിയാണ്. അതിന്‍റെ നാശം വരുത്തിവയ്ക്കുന്ന നഷ്ടം കണക്കാക്കാന്‍ ആര്‍ക്കാണു കഴിയുക? അതിജീവനത്തിനായി ജനങ്ങള്‍ തെരുവിലിറങ്ങുകയാണ്. ജലസമരങ്ങള്‍ പടര്‍ന്നുപിടിക്കുകയാണ്. ചാലിയാര്‍, ചാലക്കുടിപ്പുഴ, പെരിയാര്‍… കേരളത്തിലും ജലസമരങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയാണ്.

സമൂഹത്തിന്‍റെ ആധുനീകരണ പ്രവര്‍ത്തനങ്ങളെ പരിസ്ഥിതി പ്രവര്‍ത്തകര്‍ തുരങ്കംവയ്ക്കുകയാണ്. പ്രകൃതിയില്‍ ഇടപെടാതെ മനുഷ്യനു മുന്നോട്ടുപോകാന്‍ കഴിയില്ല. ഇന്നേവരെ ആര്‍ജ്ജിച്ചെടുത്ത പുരോഗതിയെല്ലാം പ്രകൃതിയില്‍ ഇടപെട്ടുതന്നെയാണു മനുഷ്യന്‍ നേടിയത്. ആയതുകൊണ്ടു കൂടുതല്‍ നേട്ടങ്ങള്‍ക്കായി കൂടുതല്‍ ഇടപെടല്‍ നടത്തുകതന്നെ ചെയ്യും എന്നാണു മറുവാദം. പ്രകൃതിയില്‍ മനുഷ്യന്‍ എങ്ങനെയാണ് ഇടപെടുന്നത് എന്നത് പരിശോധിക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണ്.

വളര്‍ച്ച-വികസനം-പരിസ്ഥിതി:
നിരന്തര മാറ്റത്തിനു വിധേയമാകുന്ന പ്രകൃതിയുടെ ചരിത്രത്തിന്‍റെ അവസാനഘട്ടത്തില്‍ മാത്രമാണു മനുഷ്യസമുദായമുണ്ടായത്. പ്രകൃതിനിയമങ്ങളെ മനസ്സിലാക്കുവാനും അതുവഴി പ്രകൃതിയില്‍ ഇടപെടാനും മനുഷ്യനു സാധിക്കുന്നു. എന്നാല്‍ പ്രകൃതിയെ മുഴുവനായിത്തന്നെ മനസ്സിലാക്കുവാന്‍ മനുഷ്യനിന്നുവരെ സാധിച്ചിട്ടില്ല. മനസ്സിലാക്കുവാനുളള സാദ്ധ്യതയും കുറവാണ്. അപാരമായ പ്രകൃതിയുടെ ഭാഗം മാത്രമാണു മനുഷ്യന്‍. പക്ഷേ, പ്രകൃതിയുടെ മറ്റു ഭാഗങ്ങള്‍ക്കില്ലാത്ത അസാമാന്യശേഷികള്‍ മനുഷ്യനുണ്ട്. അദ്ധ്വാനിക്കാന്‍, ഉപകരണങ്ങളുപയോഗിച്ച് അദ്ധ്വാനിക്കാന്‍ അവനു കഴിയുന്നു. ആ കഴിവ് അവനെ മറ്റുള്ളവയില്‍നിന്നു വ്യത്യസ്തനാക്കുന്നു. ആര്‍ജ്ജിച്ച അറിവുകള്‍ പ്രയോഗിക്കാനും പ്രയോഗിക്കുന്നതിലൂടെ കൂടുതല്‍ മനസ്സിലാക്കാനും അതു വീണ്ടും പ്രയോഗിക്കുവാനുമുള്ള കഴിവാണു മനുഷ്യസമുദായത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചിരിക്കുന്നത്.

ഭക്ഷ്യശേഖര്‍ത്താവില്‍ നിന്നു ഭക്ഷ്യ ഉത്പാദകനിലേക്കു മനുഷ്യനെ മാറ്റിത്തീര്‍ത്തതു മേല്പറഞ്ഞ സവിശേഷതകളാണ്. പ്രകൃതിയിലെ മനുഷ്യന്‍റെ ആദ്യത്തെ ഇടപെടലാണു കൃഷി. കൂട്ടമായി താമസിക്കാന്‍ തുടങ്ങിയ മനുഷ്യന്‍ നേരിട്ട ഭക്ഷ്യദൗര്‍ലഭ്യം മറികടക്കാന്‍ അവന്‍റെ സൂക്ഷ്മനിരീക്ഷണപാടവത്തിന്‍റെ ഫലമായി കണ്ടെത്തിയ മാര്‍ഗമാണു ഭക്ഷ്യോത്പാദനം. പ്രകൃതിയുടെ അനിവാര്യതകളെ കണ്ടെത്തി അവയെ നിയന്ത്രിക്കുകയോ മറികടക്കുകയോ ചെയ്തുകൊണ്ടു സ്വസമുദായത്തിന്‍റെ ജീവസന്ധാരണം അനായാസമാക്കാന്‍ അവന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. കേവലം പന്തീരായിരം വര്‍ഷങ്ങള്‍ക്കിപ്പുറം മാത്രമാണു മനുഷ്യന്‍ കൃഷിയിലൂടെ പ്രകൃതിയില്‍ ഇടപെടാന്‍ തുടങ്ങിയത്. സ്ഥിരമായി ഒരിടത്തു താമസിക്കുകയും കൃഷി ചെയ്യുകയും വഴി ഗ്രാമങ്ങള്‍ രൂപപ്പെട്ടു. ഇതു പിന്നീടു നാടുകളും ജനപഥങ്ങളും മഹാജനപഥങ്ങളും രാജ്യവും സാമ്രാജ്യവുമൊക്കെയായി. ഭൂമിയെ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ഘടനയും രൂപപ്പെട്ടു. ശിലാസാങ്കേതിക വിദ്യയില്‍നിന്നും ലോഹസാങ്കേതികവിദ്യയിലേക്കുള്ള പുരോഗതി ഉത്പാദനരംഗത്തു വമ്പിച്ച മാറ്റങ്ങളുണ്ടാക്കി. പ്രകൃതിയെ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി. കാടുകള്‍ വെട്ടിത്തെളിച്ചു കൃഷിയിടങ്ങള്‍ ഒരുക്കി. നദീതീരങ്ങളില്‍ മനുഷ്യഇടപെടലുകള്‍ വര്‍ദ്ധിച്ചു. ഇടതൂര്‍ന്ന വനങ്ങളാല്‍ സമൃദ്ധമായിരുന്ന ഗംഗാതടം വലിയ കാര്‍ഷികപ്രദേശമായി മാറിയത് അങ്ങനെയാണ്. സാങ്കേതികവിദ്യയില്‍ മികവു നേടിയവര്‍ സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തി. അവര്‍ മറ്റുള്ളവരെ അടിമകളോ ദാസന്മാരോ ആക്കി. ഉത്പാദനം വന്‍ തോതില്‍ വര്‍ദ്ധിച്ചു. ജനസംഖ്യാവര്‍ദ്ധനവിനോടൊപ്പം വ്യാപാരവും വര്‍ദ്ധിച്ചു. ജലഗതാഗതവും മൃഗങ്ങളെ ഉപയോഗപ്പെടുത്തിയുള്ള ഗതാഗതവും വര്‍ദ്ധിച്ചു. സാമൂഹ്യരംഗത്ത് ഉച്ചനീചത്വങ്ങള്‍ നടമാടിയെങ്കിലും സമൂഹം മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു. പക്ഷേ, പ്രകൃതിയിലെ മനുഷ്യന്‍റെ ഇടപെടലുകള്‍ അവന്‍റെയും മറ്റു ജീവജാലങ്ങളുടെയും ജീവനു ഗൗരവമായ ഭീഷണിയായി മാറിയില്ല.

വര്‍ദ്ധിച്ച ജനസംഖ്യയും വ്യാപാരസാദ്ധ്യതകളും കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ മനുഷ്യനു പ്രേരണയായി. അത് എത്തിനിന്നതു വ്യവസായവിപ്ലവത്തിലാണ്. അന്നേവരെ നിലനിന്നിരുന്ന ഉത്പാദനരീതികളും ഉത്പാദനബന്ധങ്ങളും മാറ്റങ്ങള്‍ക്കു വിധേയമായി. ഗ്രാമത്തില്‍ വീടിനോടു ചേര്‍ന്ന പണിപ്പുരകളില്‍ ഒരേസമയം നിര്‍മാതാവായും വില്പനക്കാരനായും ഫൈനാന്‍സ് മാനേജരായുമൊക്കെ ഏറെ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തി ച്ചു ജീവിതം നയിച്ചിരുന്നവര്‍, വ്യവസായവിപ്ലവത്തോടെ നഗരകേന്ദ്രീ കൃതമായ വന്‍കിട ഫാക്ടറികളില്‍ അടിമസമാനം ജോലി ചെയ്യേണ്ടിവന്നു. ഗ്രാമങ്ങളില്‍ നിന്നു പട്ടണങ്ങളിലേക്കു വന്‍തോതില്‍ കുടിയേറ്റം നടന്നു. നഗരങ്ങളില്‍ ചേരികള്‍ രൂപപ്പെട്ടു. അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്ന വൃത്തിഹീനമായ ചേരികളില്‍ അവര്‍ക്കു ജീവിക്കേണ്ടി വന്നു. മുതലാളിയും തൊഴിലാളിയുമായി സമൂഹം വിഭജിക്കപ്പെട്ടു. വ്യവസായത്തിനു മുതല്‍ മുടക്കി ലാഭം കൊയ്യുന്നവര്‍ മുതലാളിയായും ശാരീരികമായും മാനസികവുമായി അദ്ധ്വാനിക്കുന്നവന്‍ തൊഴിലാളിയുമായി നിര്‍വചിക്കപ്പെട്ടു. ലാഭാധിഷ്ഠിത സാമൂഹ്യക്രമം മേല്‍ക്കൈ നേടി. ലാഭക്കൊതി മൂത്ത മുതലാളിമാര്‍ ലാഭം വര്‍ദ്ധിപ്പിക്കുവാന്‍ മത്സരിച്ചു. ആ മത്സരത്തില്‍ പ്രകൃതിയെ ഗൗനിച്ചില്ലെന്നു മാത്രമല്ല, മുച്ചൂടും നശിപ്പിക്കുകയും ചെയ്തു.
വ്യാവസായിക വിപ്ലവത്തിന്‍റെ സന്തതിയായ മുതലാളിത്തം, യൂറോപ്പിലെ കഴുത്തറുപ്പന്‍ മത്സരത്തില്‍നിന്നും രക്ഷ നേടാന്‍ ആഫ്രിക്കയിലേക്കും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും ഏഷ്യയിലേക്കും കടന്നുകയറി കോളനികള്‍ സ്ഥാപിച്ചു. പ്രകൃതിവിഭവങ്ങളെ യാതൊരു തത്ത്വദീക്ഷയും കൂടാതെ ചൂഷണം ചെയ്തു. അത് ആ രാജ്യത്തിലെ പരിസ്ഥിതിക്കു കന ത്ത ആഘാതമേല്പിച്ചു. പരിസ്ഥിതി നാശം പാരിസ്ഥിതിക സമൂഹങ്ങളെ അവരുടെ ആവാസകേന്ദ്രങ്ങളില്‍ നിന്നും ആട്ടിയോടിച്ചു.

നിര്‍ണായകമായ ഒരു ചരിത്രഘട്ടത്തില്‍ മുതലാളിത്തം മാനവസമുദായത്തിനു നല്കിയ സംഭാവനകള്‍ വലുതാണ്. മുതലാളിത്തത്തിനു ബദലായി ശാസ്ത്രീയ സോഷ്യലിസവും അതിനുവേണ്ടി ഒരു കര്‍മപദ്ധതിയും മുന്നോട്ടുവച്ചു. കാറല്‍മാര്‍ക്സ് പോലും മുതലാളിത്തത്തിന്‍റെ ഈ പങ്കിനെ വില കുറച്ചു കാണുന്നില്ല. പക്ഷേ, മുതലാളിത്ത വികസനം പരിസ്ഥിതിക്കേല്പിച്ച ആഘാതം കണ്ട് അദ്ദേഹം ഇപ്രകാരം എഴുതി: “മുതലാളിത്ത കൃഷിയിലുണ്ടായ എല്ലാ പുരോഗതിയും തൊഴിലാളിയെ മാത്രമല്ല, മണ്ണിനെയും കൊള്ളയടിക്കുന്ന ഒരു പുരോഗതിയാണ്. തത്കാലത്തേയ്ക്കു മണ്ണിന്‍റെ വളക്കൂറ് ഉയര്‍ത്തുന്നതിലുണ്ടായ എല്ലാ പുരോഗതിയും ആ വളക്കൂറിന്‍റെ ശാശ്വത ഉറവിടങ്ങളെ വറ്റിക്കുന്നതിലേക്കുള്ള പുരോഗതിയാണ്. അമേരിക്കന്‍ ഐക്യനാടുകളിലെന്നപോലെ ആധുനിക വ്യവസായത്തിന്‍റെ അടിത്തറയിന്മേല്‍ ഒരു രാജ്യം എത്രത്തോളം കൂടുതല്‍ അതിന്‍റെ വികസനം തുടങ്ങുന്നുവോ അത്രത്തോളം കൂടുതല്‍ സത്വരമാണ് ഈ നശീകരണ പ്രക്രിയ.”
മാര്‍ക്സിന്‍റെ വിമര്‍ശനം ഏല്ക്കേണ്ടി വന്ന അതേ വികസനനയം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മൂന്നാം ലോകരാജ്യങ്ങളിലടക്കം ലോകത്തിന്‍റെ സമസ്ത മേഖലകളിലേക്കും വ്യാപിച്ചു. ബ്രട്ടന്‍വുഡ് സഹോദരിമാരായ ഐ.എംഎഫും ലോകബാങ്കും അതിനു നേതൃത്വം നല്കി. മൂന്നാം ലോകരാജ്യങ്ങളിലെയും അവികസിത രാജ്യങ്ങളിലെയും പ്രകൃതിവിഭവങ്ങള്‍ സാമ്രാജ്യത്വശക്തികള്‍ കൊള്ളയടിച്ചു. എല്ലാ രാജ്യങ്ങളുടെയും വികസനനയവും തന്ത്രവും ഇവര്‍ തിരുമാനിച്ചു. തൊഴിലാളികള്‍ പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യാനായി പാരിസ്ഥിതികസമൂഹങ്ങളെ കുടിയിറക്കി. വന്‍കിട ഡാമുകള്‍ പണിയാന്‍ മാത്രമായി അഞ്ചു കോടി ജനങ്ങള്‍ കുടിയിറക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

ഇതെന്തു വികസനമാണ്? കുടിവെള്ള സ്രോതസ്സുകള്‍ മലിനപ്പെടുത്തുന്ന, വനങ്ങള്‍ നശിപ്പിക്കുന്ന, പ്രാണവായുവിനെ മലിനപ്പെടുത്തുന്ന, ലാഭത്തിനുവേണ്ടി സര്‍വവും നശിപ്പിക്കുന്ന ഈ ഭ്രാന്തിനെയാണോ വികസനം എന്നു വിളിക്കുന്നത്? മുന്‍തലമുറയില്‍നിന്നു കടം വാങ്ങിയ ഈ ഭൂമിയെ കൂടുതല്‍ മെച്ചപ്പെടുത്തി അടുത്ത തലമുറയ്ക്ക് തിരിച്ചു നല്കാന്‍ ബാദ്ധ്യതപ്പെട്ട നാം ആ പൊന്മുട്ടയിടുന്ന താറാവിനെ കൊന്നുതിന്നുകയാണ്.

സാമ്പത്തികവളര്‍ച്ച ചൂണ്ടിക്കാട്ടി ഭരണകൂടം വികസനം എന്നു പറഞ്ഞു നമ്മെ വഞ്ചിക്കുകയാണ്. സാമ്പത്തികശാസ്ത്രരംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ടു പദങ്ങളാണു വളര്‍ച്ചയും വികസനവും. കേട്ടാല്‍ ഒന്നാണെന്നു തോന്നുകയും എന്നാല്‍ വ്യത്യസ്തമാനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഈ പദങ്ങളെ ഒന്നായി ചിത്രീകരിക്കുകയും ജനങ്ങളെ കബളിപ്പിക്കുകയാണു ഭരണവര്‍ഗം.

ഒരു സമ്പദ്വ്യവസ്ഥയുടെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉത്പാദനവര്‍ദ്ധനവിനെ ‘വളര്‍ച്ച’ എന്നു പറയുമ്പോള്‍, സാമ്പത്തികവളര്‍ച്ചയോടൊപ്പം എല്ലാ മനുഷ്യരുടെയും ജീവിതനിലവാരവും വര്‍ദ്ധിക്കുമ്പോഴാണ് അതിനെ ‘വികസനം’ എന്നു പറയുക. ഇന്നത്തെ സമൂഹത്തിനും നാളത്തെ തലമുറയ്ക്കും ഭീഷണിയായി പാരിസ്ഥിതിക ആഘാതങ്ങള്‍ സൃഷ്ടിക്കുന്ന വളര്‍ച്ചാസമ്പ്രദായങ്ങളെ എങ്ങനെയാണു വികസനം എന്നു വിളിക്കുക?

ചുരുക്കത്തില്‍ പരിസ്ഥിതി പ്ര ശ്നങ്ങള്‍ സമൂഹത്തിന്‍റെ ആധുനീകരണപ്രവര്‍ത്തനങ്ങളുടെ അനിവാര്യമായ ഫലമല്ല. മറിച്ച്, അ തു നാം സ്വീകരിച്ചിരിക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ ഉത്പന്നമാണ് എന്നു തിരിച്ചറിയണം. ലാഭമാണു മുതലാളിത്തത്തിന്‍റെ ചാലകശക്തി. ലാഭം മാത്രം നോക്കി ഉത്പാദനം നടത്തുമ്പോള്‍ സാമൂഹ്യ ആവശ്യങ്ങള്‍ നിഷേധിക്കുകയാണു മുതലാളിത്തം ചെയ്യുന്നത്. പരമാവധി ലാഭം കൊയ്യാനുള്ള ത്വരയില്‍ അവര്‍ വായുവും വെള്ളവും ഭൂമിയും മലിനപ്പെടുത്തുകയും വിഷമയമാക്കുകയും ചെയ്യുന്നു. പ്രകൃതിയും അതിന്‍റെ സവിശേഷ ഭാഗമായ മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ ഉണ്ടായിരിക്കേണ്ട അനിവാര്യനിയമങ്ങളെ ലാഭം മാത്രം ലക്ഷ്യമിട്ട മുതലാളിത്തം നിഷേധിക്കുന്നു. അതായതു പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടായിരിക്കേണ്ട സന്തുലിത ബന്ധത്തെ തകര്‍ത്തെറിഞ്ഞു പരിസ്ഥിതിയെ മലിനപ്പെടുത്തുന്നതു ലാഭേച്ഛ മാത്രമുള്ള മുതലാളിത്തമാണ്.

21-ാം നൂറ്റാണ്ടു നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഭൂമിയിലെ ജീവന്‍റെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ് ഫ്രാന്‍സിസ് പാപ്പ ‘ലൗദാത്തോ സി’ എന്ന ചാക്രികലേഖനം പുറത്തിറക്കിയത്. ഈ ചാക്രികലേഖനം കത്തോലിക്കരെ മാത്രം അഭിസംബോധന ചെയ്യുന്ന ഒന്നല്ല. മറിച്ച്, മനുഷ്യസമൂഹത്തെയൊന്നാകെ അഭിസംബോധന ചെയ്യുന്നു. വിശുദ്ധനായ ഫ്രാന്‍സിസ് അസ്സീസിയുടെ വാചകങ്ങളെ ഉദ്ധരിച്ചുകൊണ്ടാണു പാപ്പ ചാക്രികലേഖനം ആരംഭിക്കുന്നത്. നമ്മുടെ ജീവിതം പങ്കിടുന്ന സഹോദരിയെപ്പോലെയും നമ്മെ ആശ്ലേഷിക്കാന്‍ കൈകള്‍ നീട്ടുന്ന മനോഹരിയായ അമ്മയെപ്പോലെയുമാണ് ഈ ഭൂമി എന്നാണു വി. ഫ്രാന്‍സിസ് അസ്സീസി പറയുന്നത്. ആ മനോഹരിയായ അമ്മയെ വികൃതമാക്കുന്നവര്‍ക്കെതിരെ മാനവസമൂഹം ഒറ്റക്കെട്ടാ യി പ്രതികരിക്കേണ്ടതുണ്ട്. അതുകൊണ്ടാണു ചാക്രികലേഖനത്തിന്‍റെ 62-ാം ഖണ്ഡികയില്‍ പാപ്പ ഇപ്രകാരം പറയുന്നത്.

“രാഷ്ട്രീയത്തിലും തത്ത്വശാസ്ത്രത്തിലും സ്രഷ്ടാവിനെ നിരാകരിക്കുന്നവര്‍ അല്ലെങ്കില്‍ അപ്രസക്തമെന്നു കരുതുന്നവര്‍ ഉണ്ട്. തദ്ഫലമായി സമഗ്രമായ പരിസ്ഥിതിശാസ്ത്രത്തെയും മനുഷ്യസമുദായത്തിന്‍റെ പൂര്‍ണവികാസത്തെയും സംബന്ധിച്ചു മതങ്ങള്‍ക്കു നല്ല സംഭാവന നല്കാന്‍ കഴിയുമെന്ന കാര്യം അവര്‍ തള്ളിക്കളയുമെ ന്നും എനിക്കു നല്ല ബോദ്ധ്യമുണ്ട്. ശാസ്ത്രവും മതവും സത്യം മനസ്സിലാക്കുന്നതില്‍ വ്യതിരിക്തമായ സമീപനങ്ങളാണു സ്വീകരിക്കുന്നതെങ്കിലും ഗുണപ്രദമായ ഒരു സംവാദത്തില്‍ ഏര്‍പ്പെടാന്‍ രണ്ടിനും കഴിയും.”

അതെ, ആശയവാദികള്‍ക്കും ഭൗതികവാദികള്‍ക്കുംകൂടി ഭൂമി ഒന്നേയുള്ളൂ. അതിലെ സമസ്ത ജീവജാലങ്ങള്‍ക്കും ആരോഗ്യകരമായി ജീവിക്കാന്‍ ഇരുകൂട്ടര്‍ക്കും കൈ കോര്‍ക്കുകയേ നിവൃത്തിയുള്ളൂ.

Leave a Comment

*
*