Latest News
|^| Home -> Cover story -> ജലവും ജലന്തറും

ജലവും ജലന്തറും

Sathyadeepam

അഡ്വ. ജിനീഷ് പോള്‍
കേരള ഹൈക്കോടതി

ഒരു മഹാപ്രളയത്തിന്‍റെ തിക്താനുഭവങ്ങള്‍ മായുംമുമ്പേ മറ്റൊരു ധാര്‍മ്മീകപ്രളയം കേരളക്കരയെ മുക്കി കൊല്ലുന്ന കാഴ്ച നാം കണ്ടുകഴിഞ്ഞു. ആദ്യത്തേത് ജലദുരന്തം, പിന്നീട് ജലന്തര്‍ ദുരന്തം. പൊതുവായ ചില സമാനതകള്‍ ഇരു ദുരന്തങ്ങളിലും നമുക്ക് കാണാം.

രണ്ടു ദുരന്തങ്ങളുടേയും ഉത്ഭവം കേരളത്തിന്‍റെ കിഴക്കന്‍ മലയോര മേഖല എന്നത് ഒരു യാദൃശ്ചികത മാത്രമായിരിക്കാം. എന്തായാലും ഇരുപ്രശ്നങ്ങളും ഉന്നത കേന്ദ്രീകൃതമാണെന്നത് സ്പഷ്ടം.

പീഡന ആരോപണങ്ങളുടേയും പ്രത്യാരോപണങ്ങളുടേയും തീരാമഴ വൃഷ്ടി പ്രദേശത്ത് മാത്രമല്ല കേരളം മുഴുവന്‍ പെയ്തിറങ്ങിയ കാഴ്ച നാം കണ്ടു കഴി ഞ്ഞു. ഈ ധാര്‍മ്മീക പ്രളയത്തിന്‍റെ കാണാകയങ്ങളില്‍ നമ്മള്‍ മലയാളികളും പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസികളും നാണകെടുതി മൂലം മുങ്ങിപോകുന്നതും നാം കണ്ടു.

തീരാമഴ പെയ്തതാണോ ഡാം തുറക്കാന്‍ വൈകിയതാണോ പ്രളയകാരണം എന്ന ചര്‍ച്ച ഏറെക്കുറെ അവസാനിച്ചു. പൂച്ചയ്ക്ക് ആര് മണികെട്ടും എന്ന് പറയും പോലെ സാലറി ചലഞ്ച് ആണ് ഇപ്പോഴത്തെ താരം. ആരോപണങ്ങളുടെ കുത്തൊഴുക്കാണോ, അധികാരികളുടെ ഉദാസീനതയോണോ പീഡനപ്രശ്നം സഭയെ നാണക്കേടില്‍ മുക്കിയത് എന്ന ചര്‍ച്ചയും അറസ്റ്റോടെ തീര്‍ന്നു എന്ന് പറയാം. സഭയ്ക്ക് സംഭവിച്ച നാണക്കേടിന്‍റെ കറ കഴുകിക്കളഞ്ഞ് അഗ്നിശുദ്ധി വരുത്താന്‍ ആര്‍ക്ക് കഴിയും എന്ന ചോദ്യം ആണ് ഇനി പ്രസക്തമായിട്ടുള്ളത്. ജലന്തര്‍ പ്രശ്നവും സഭയുടെ ശുദ്ധീകരണവും വിശകലനം ചെയ്യും മുമ്പ് ആമുഖമായി ചില കാര്യങ്ങള്‍ കൂടി പറയേണ്ടതുണ്ട്.

പ്രളയത്തില്‍ ആത്യന്തിക നഷ്ടം ജനങ്ങള്‍ക്കാണ്. പ്രത്യേകിച്ച് താഴെക്കിടയിലുള്ള മനുഷ്യര്‍; അവര്‍ ഒരു ജീവിതം കൊണ്ട് സമ്പാദിച്ചത് മുഴുവന്‍ ഒലിച്ചു പോയി; ഉറ്റവരുടെ ജീവനടക്കം. എന്നാലും നികുതിയും പിരിവും കഴുത്തിന് കുത്തിപ്പിടിച്ചായാലും സര്‍ക്കാര്‍ വാങ്ങിയെടുക്കും.

ജലന്തര്‍ വിഷയത്തില്‍ നോക്കിയാലും യഥാര്‍ത്ഥ നഷ്ടവും നാണക്കേടും സഭാ സമൂഹത്തിനു മാത്രമാണ്. എള്ള് ഉണക്കുന്നത് എണ്ണക്ക് വേണ്ടിയാണ്. അതിന്‍റെ കൂടെ നമ്മള്‍ എലിക്കാട്ടം ഉണക്കിയിട്ടെന്തു കാര്യം എന്ന് സാധാരണ അല്മായര്‍ ചിന്തിച്ചാല്‍ തെറ്റു പറയാന്‍ പറ്റുമോ? വലിയ തോതില്‍ വിശ്വാസരാഹിത്യത്തിലേക്കും മൂല്യചുതിയിലേക്കും വിശ്വാസസമൂഹം പ്രത്യേകിച്ച് യുവജനങ്ങള്‍ വഴുതി വീണാല്‍ കൈപിടിച്ച് കയറ്റാനുള്ള ധാര്‍മ്മികശക്തി ഇന്ന് സഭയ്ക്കുണ്ടോ? സഭയുടെ വിശദീകരണങ്ങള്‍ ഇപ്പോഴും സാമാന്യജനത്തെ വിശ്വാസത്തിലെടുക്കാന്‍ പ്രാപ്തമല്ല. സഭയുടെ ശുദ്ധീകരണമാണ് ഇത്തരം പ്രശ്നങ്ങള്‍ മറ നീക്കി പുറത്തു വരുന്നതിലൂടെ സംഭവിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാന്‍ കഴിയുമായിരിക്കും. അപ്പോഴും ചോദ്യങ്ങള്‍ തുടരും. വിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും കച്ചവടമാക്കിയില്ലേ? ആതുരസേവനവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ രക്ഷയ്ക്ക് ഉതകുന്നുണ്ടോ? ഭാഗീകമായ ശരികളും അപൂര്‍ണ്ണമായ നന്മകളും പരോക്ഷമായ ന്യായങ്ങളും നിരത്തി സഭയ്ക്ക് പിടിച്ചു നില്‍ക്കാന്‍ ഇനിയും എത്രകാലം സാധിക്കും? യൂറോപ്പിന്‍റെ ഗതി ഒരു 50 വര്‍ഷത്തിനപ്പുറം ഇവിടെയും സംഭരിക്കാനുള്ള സാധ്യതകള്‍ ഏറി വരുന്നു എന്നത് അവിതര്‍ക്കമാണ്.

സഭ ഇക്കാലമത്രയും സമൂഹത്തിനു ചെയ്ത സേവനങ്ങള്‍ തമസ്കരിക്കാനുള്ള ചില ഗൂഢശ്രമങ്ങള്‍ ഇതിനിടയില്‍ നടക്കുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സഭാവൈരികള്‍ ഐക്യം കൈവരിക്കുന്നതും സഭയെ വളഞ്ഞാക്രമിക്കുന്നതും നാം കാണുന്നുണ്ട്. പക്ഷേ, ചെളിവെള്ളത്തിനരികെ നിന്നാല്‍ ചെളി തെറിക്കാന്‍ സാധ്യതയുണ്ട് എന്ന് കുട്ടികള്‍ക്കു പോലും അറിയാം. പൂര്‍വ്വികര്‍ സമ്പാദിച്ച പുണ്യവും മഹിമയും നിലനില്‍ക്കണമെങ്കില്‍ സഭ സ്വാഭാവിക നീതി നടപ്പിലാക്കുന്നു എന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുംവിധത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

പൊതുധാരണയുടെയും ധാര്‍മ്മികതയുടെയും അടിസ്ഥാനത്തില്‍ ജലന്തര്‍വിഷയത്തെ അവലോകനം ചെയ്യുന്നത് സഭയുടെ വിശുദ്ധീകരണത്തിന് മുതല്‍ക്കൂട്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ആരോപണങ്ങളേയും, പ്രത്യാരോപണങ്ങളേയും മുഖവിലക്കെടുത്താല്‍ ഒരു കാര്യം വ്യക്തമാണ്. പരിഹരിക്കപ്പെടാത്ത ചില പൊതുപ്രശ്നങ്ങള്‍ ഇനിയും സഭയുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്ന് പുറത്തേയ്ക്ക് വരാനുണ്ട്. പ്രശ്നം ലിറ്റര്‍ജി ആയാലും ലൈംഗീകതയായാലും പണ്ടൊക്കെ ചിന്തിച്ചിരുന്ന തരത്തില്‍ അല്മായര്‍ക്ക് ദൈവശാസ്ത്രവും, തത്ത്വശാസ്ത്രവും ആദ്ധ്യാത്മിക രഹസ്യങ്ങളും മനസ്സിലാക്കാനുള്ള ജ്ഞാനമില്ല എന്നു പറഞ്ഞ് ചര്‍ച്ചകള്‍ അവസാനിച്ചാല്‍ സഭ ആത്മീയപിന്തുണയില്ലാത്ത വട്ടമേശക്കൂട്ടമായി മാറിയേക്കാം.

പ്രശ്നം നിയമത്തിന്‍റെ മുമ്പില്‍ എത്തിയപ്പോഴെങ്കിലും വൈകിയ വിവേകം സഭാനേതൃത്വത്തിനു സ്വീകരിക്കാമായിരുന്നു. ആരോപിതരെ മാറ്റി നിര്‍ത്തുക എന്നത് ധാര്‍മ്മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും ചെയ്യുന്ന കാര്യമാണ്. ആത്മീയതയുടെയും ആദ്ധ്യാത്മികതയുടെയും പവിത്രസ്ഥാനങ്ങളിലേക്ക് ഉയര്‍ത്തപ്പെട്ടവര്‍ തീര്‍ച്ചയായും ആ പവിത്രതയുടേയും ദൈവീകതയുടേയും മഹത്ത്വത്തെ കരുതിയെങ്കിലും സ്ഥാനത്യാഗം ചെയ്യേണ്ടിയിരുന്നു, അത് ആവശ്യപ്പെടേണ്ടിയിരുന്നു. പശുവും ചത്ത് മോരിലെ പുളിയും പോയിട്ട് എല്ലാം ചെയ്തിട്ടെന്തുകാര്യം? മറിച്ച് പീഡനാരോപണം വസ്തുതകള്‍ക്ക് വിരുദ്ധമാണെങ്കില്‍ ആയത് തെളിയിക്കപ്പെടുന്ന മുറയ്ക്ക് അവരെ ഉചിതമായി ശിക്ഷിക്കണം.

പക്ഷെ പൊതുവില്‍ ഒരു കാര്യം മനസ്സിലാക്കാം ഇത്തരത്തിലുള്ള ലൈംഗീക ആരോപണങ്ങള്‍ സഭയില്‍ അടുത്ത കാലത്തായി ഏറിവരുന്നു എന്നത് ആശങ്കാജനകമായ സാഹചര്യമാണ്. പൗരോഹിത്യബ്രഹ്മചര്യവും വൈദീകവിവാഹവും (Clerical Celibacy & Clerical Marriage) എന്ന തലത്തില്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നു തോന്നുന്നു. പുരോഹിതരുടെ ബ്രഹ്മചര്യം എന്നത് അപ്പസ്തോലിക പാരമ്പര്യത്തില്‍നിന്ന് ഉത്ഭവിച്ചതാണെന്നു കരുതാന്‍ വകയില്ല. ക്രൈസ്തവസഭയുടെ ആദ്യ പാപ്പ വി. പത്രോസ് ശ്ലീഹ വിവാഹം കഴിച്ചിരുന്നു എന്നാണ് വി. ഗ്രന്ഥഗവേഷകര്‍ വിശ്വസിക്കുന്നത്. 12-ാം നൂറ്റാണ്ടു വരെ പുരോഹിതരുടെ ബ്രഹ്മചര്യം സഭയില്‍ ഒരു നിര്‍ബന്ധമായിരുന്നില്ല.

കുടുംബത്തിന്‍റെ കെട്ടുപാടുകളില്‍ നിന്നകന്ന് ദൈവത്തിനും ദൈവജനത്തിനും വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിച്ച് ദൈവരാജ്യ സംസ്ഥാപനത്തിനുവേണ്ടി വേല ചെയ്യുക എന്ന കത്തോലിക്കാ വിശ്വാസപ്രമാണത്തിന്‍റെ അടിസ്ഥാനത്തിലാണ് പുരോഹിതരുടേയും സന്ന്യസ്തരുടേയും ബ്രഹ്മചര്യവും വിശുദ്ധിയും ഒരു വ്രതമായി കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ബ്രഹ്മചര്യം ഒരു ദൈവികദാനമായി കരുതപ്പെടുന്നിടത്ത് അത് കാത്തുസൂക്ഷിക്കാന്‍ ദുര്‍ബലനായ മനുഷ്യന് സാധിച്ചു എന്ന് വരില്ല. അതിനാല്‍ തന്നെ വി. ഗ്രന്ഥം പോലും അത്തരം സന്ദര്‍ഭങ്ങളില്‍ വിവാഹം നിഷ്ക്കര്‍ഷിച്ചിരിക്കുന്നതായി കൊറിന്തോസുകള്‍ക്കുള്ള ലേഖനത്തില്‍ കാണാന്‍ സാധിക്കും. ലൈംഗീകതയും ഒരു ദൈവീകദാനമായിത്തന്നെയാണ് തിരുസഭ നമ്മെ പഠിപ്പിക്കുന്നത്. ഒരിക്കലും മാറ്റാനാവാത്ത ഒരു നിഷ്ഠയാണ് പൗരോഹിത്യബ്രഹ്മചര്യം എന്ന് കത്തോലിക്കാപാരമ്പര്യമോ ഓര്‍ത്തഡോക്സ് പാരമ്പര്യമോ കരുതുന്നില്ല. കത്തോലിക്കാസഭയുടെ ചിന്തകരിലൊരാളായ വി. അഗസ്റ്റിന്‍ പറയുന്നത് ആദ്യപാപം പ്രവഹിച്ചത് ലൈംഗീകബന്ധത്തിലൂടെയാണ് എന്നാണ്. അതുകൊണ്ട് ബ്രഹ്മചര്യവും ചാരിത്ര്യശുദ്ധിയും തന്നെയാണ് ഉചിതമായ ജീവിതരീതി എന്നിരിക്കിലും ബലഹീനര്‍ വിവാഹം ചെയ്യുകതന്നെ വേണം എന്ന് പറയുന്നിടത്ത് വൈവാഹിക പൗരോഹിത്യം നിഷിധമാണെന്നു കരുതാനാവില്ല.

വിശ്വാസത്തിന്‍റെ മഹാശിലയിലാണ് 2000 വര്‍ഷം മുമ്പ് സഭാ സൗധം അതിന്‍റെ നിര്‍മ്മിതി തുടങ്ങിയത്. അടിസ്ഥാനശിലയില്‍ വിള്ളലുകള്‍ ഉണ്ടായപ്പോള്‍ വിവിധ സഭാവിഭാഗങ്ങള്‍ രൂപപ്പെട്ടു എന്നു പറയാം. വിശ്വാസശിലയിലെ ഓരോ തരിയും ഓരോ അല്മായനാണ്. വിശ്വാസം ക്ഷയിക്കുമ്പോള്‍ സഭാ സൗധം നിലംപൊത്തും എന്ന് തിരിച്ചറിയണം. അതിന്‍റെ നിര്‍മ്മിതിയിലെ ഓരോ കല്ലും ഓരോ വൈദികരും സന്യസ്തരുമാണെന്ന് മനസ്സിലാക്കണം. ഈ കല്ലുകള്‍ക്കിടയിലെ സിമന്‍റിങ് ഫാക്റ്റര്‍ എന്നത് അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നും നമ്മള്‍ അറിയണം. ചിലര്‍ക്കെങ്കിലും അനുസരണവും അച്ചടക്കവും ദാരിദ്ര്യവും നഷ്ടപ്പെട്ടപോലെ അല്മായര്‍ക്ക് തോന്നിയാല്‍ തെറ്റു പറയാന്‍ കഴിയില്ല. ബ്രഹ്മചര്യം വ്യഭിചാരത്തിലേക്കും ലൈംഗീകതയിലേക്കും വ്യതിചലിക്കുന്നു എന്നും ഇത്തരം സംഭവങ്ങള്‍ വിളിച്ചുപറയുന്നു. അതുകൊണ്ട് കൈമോശം വന്ന മൂല്യങ്ങള്‍ ഇനിയെങ്കിലും തിരിച്ചുപിടിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകണം.

ഏതായാലും, പൊതുജനമദ്ധ്യത്തില്‍ സഭയുടെ മഹിമയും സ്വീകാര്യതയും വര്‍ദ്ധിക്കണമെങ്കില്‍ കൂടുതല്‍ കടുത്ത നിലപാടുകളിലൂടെ സഭ സ്വയം അഗ്നിശുദ്ധി വരുത്തേണ്ടതുണ്ട്. പരിശുദ്ധാത്മ നിവേശിതമാണ് സഭ എന്നതു കൊണ്ടുതന്നെ ഏകപക്ഷീയമായ നിലപാടുകള്‍ തുടച്ചു നീക്കപ്പെടുക തന്നെ ചെയ്യും. അതുകൊണ്ടായിരിക്കണം സന്ന്യാസിനികളുടെ രൂപത്തില്‍ വിശുദ്ധീകരണത്തിന് തുടക്കം കുറിക്കപ്പെട്ടിരിക്കുന്നത്.

ജലന്തര്‍ പ്രശ്നത്തില്‍ മെത്രാനാണോ കന്യാസ്ത്രീയാണോ യഥാര്‍ത്ഥ ഇര എന്നത് തെളിയേണ്ട വസ്തുതയാണ്. അതിനേക്കുറിച്ചുള്ള മുന്‍വിധികള്‍ ആവശ്യമില്ല. പക്ഷേ ജലന്തര്‍ സംഭവം ഒരു നിമിത്തമാണ്. ആ അടയാളം മനസ്സിലാക്കി സ്വയം തിരുത്തലിലൂടെ വിശുദ്ധി വരുത്തി പുനഃക്രമീകരണം നടത്തിയില്ലെങ്കില്‍ സഭ കല്ലി ന്മേല്‍കല്ലു ശേഷിക്കാതെ നശിപ്പിക്കപ്പെടും എന്നതു തീര്‍ച്ച. ക്രൈസ്തവസഭയുടെ ശ്രീകോവിലിലാണ് പീഢനാരോപണത്തിന്‍റെ വിമാനം ഇടിച്ചുകയറിയത്. മെത്രാന്‍ സമിതി പാളയത്തിലെ പടയെക്കുറിച്ച് എത്ര പരിതപിച്ചാലും സംഭ വിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. ഇതൊരു പതനമാണ്, പ്രഹരമാണ്.

പ്രളയത്തില്‍ പണ്ഡിതനെന്നോ, പാമരനെന്നോ, ധനികനെന്നോ, ദരിദ്രനെന്നോ, നായരെന്നോ, കത്തോലിക്കനെന്നോ വ്യത്യാസമില്ല. ജലവിതാനം എല്ലായിടത്തും ഒരേപോലെ തന്നെ. സ്വാഭാവിക നീതിയുടെ പ്രതിഫലനമാണത്. ജലന്തറിലും അങ്ങനെ തന്നെ.

Leave a Comment

*
*