Latest News
|^| Home -> Cover story -> ജപമാല : അല്മായരര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന

ജപമാല : അല്മായരര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന

Sathyadeepam

ബിഷപ് ജോസ് പുത്തന്‍വീട്ടില്‍

ദൈവശാസ്ത്രജ്ഞന്‍ കാള്‍ റാണര്‍ പറയുന്നു: അമ്മയെ ആവശ്യമുള്ള ഏകമതം ക്രിസ്തുമതമാണ് എന്ന്. ക്രിസ്തുമതത്തെ ഒരു കുടുംബമാക്കുന്നത് പരിശുദ്ധ മറിയമാണ്. പരിശുദ്ധ അമ്മയില്‍ ആശ്രയിക്കുന്ന വ്യക്തി, കുടുംബം, സഭ, തീര്‍ച്ചയായും ഏതു പ്രതിസന്ധികളെയും അതിജീവിക്കും, അതിജീവിച്ചിട്ടുണ്ട്. ചുറ്റുപാടുമുയരുന്ന അസ്വസ്ഥതകളുടെ പേമാരിയില്‍, വിശ്വാസജീവിതത്തിനു ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഈ ലോകത്ത് നാം എങ്ങനെ ജീവിക്കണം എന്നറിയാന്‍ പരിശുദ്ധ കന്യാമറിയത്തിലേക്കു നോക്കിയാല്‍ മതി.

പ്രധാനമായും മൂന്നു കാര്യങ്ങളാണ് പരിശുദ്ധ ജനനിയെ ദൈവപുത്രന്‍റെ മാതാവും മനുഷ്യവര്‍ഗ്ഗത്തിന്‍റെ അമ്മയുമാക്കി മാറ്റിയത്. അതില്‍ ആദ്യത്തേത് വിശുദ്ധിയാണ്. ‘നന്മ നിറഞ്ഞ മറിയമേ’ എന്ന വിശേഷണത്തില്‍ തന്നെ അമ്മയുടെ നന്മയും വിശുദ്ധിയും സൂചിതമാണ്. നന്മനിറഞ്ഞ സ്ഥലം സ്വര്‍ഗമാണെങ്കില്‍ നന്മ നിറഞ്ഞ വ്യക്തി പരി. കന്യാമറിയമാണ്. സ്വര്‍ഗ്ഗത്തിന്‍റെ ചൈതന്യത്തില്‍ നമുക്കു ഭൂമിയില്‍ ജീവിക്കാന്‍ കഴിയണം. സ്വര്‍ഗം എന്നാല്‍ എപ്പോഴും ദൈവത്തോടു ചേര്‍ന്നുള്ള അവിടുത്തെ ഇഷ്ടം നിറവേറ്റുന്ന സ്ഥലമാണ്. ദൈവത്തോടു ചേര്‍ന്നുനിന്ന് ദൈവേഷ്ടം പ്രാവര്‍ത്തികമാക്കിയവളാണ് മറിയം. അവളുടെ വിശുദ്ധിയാര്‍ന്ന ജീവിതമാണ് ആ ജീവിതത്തെ സ്വര്‍ഗമാക്കിയത്.

രണ്ടാമത്തേത് വിശ്വസ്തതയാണ്. ഏതു സാഹചര്യത്തിലും ഒരു ക്രൈസ്തവന്‍ വിശ്വസ്തതയോടെ വ്യാപരിക്കേണ്ടവനാണ്. വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും സമര്‍പ്പിതജീവിതത്തിലുമെല്ലാം ഈ വിശ്വസ്തത പ്രധാനമാണ്. ഇസ്രായേല്‍ ജനത്തിന്‍റെ ജീവിതത്തില്‍ അവര്‍ അവിശ്വസ്തരായപ്പോഴാണ് വീണ്ടും ബാബിലോണ്‍ അടിമത്തത്തിലേക്കു പോയത്.

വീഴ്ചകള്‍ പലതുണ്ടായെങ്കിലും അതില്‍ നിന്നെല്ലാം അവരെ കര്‍ത്താവ് കരകയറ്റി കാനാന്‍ ദേശത്തു കൊണ്ടുവന്നെങ്കിലും ദൈവത്തോടുള്ള വിശ്വസ്തതയില്‍ ഇസ്രായേലിന് വീഴ്ചയുണ്ടായി. അപ്പോഴാണ് രണ്ടാമത്തെ അടിമത്തത്തിലേക്ക് അവര്‍ നിപതിച്ചത്. കര്‍ത്താവിന്‍റെ ശിഷ്യനായിരുന്ന യൂദാസിന്‍റെ കാര്യത്തിലും വിശ്വസ്തതയും സത്യസന്ധതയും നഷ്ടപ്പെട്ടപ്പോഴാണ് അയാള്‍ വീണുപോയത്. വിശ്വസ്തതയ്ക്ക് ഇന്നു വലിയ കോട്ടം സംഭവിച്ചിരിക്കുന്നു എന്നാണു തോന്നുന്നത്. മുന്‍പ് നാമൊന്നു തീരുമാനിക്കുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും അതു ദൈവത്തിന്‍റെ ഇഷ്ടമനുസരിച്ചാണോ എന്നും അതു നന്മയാണോ തിന്മയാണോ എന്നും ചിന്തിച്ചിരുന്നു. എന്നാല്‍ ഇന്നതല്ല, ഉപഭോഗ സംസ്ക്കാരത്തില്‍ എന്‍റെ പ്രവര്‍ത്തി എനിക്ക് എന്തു ലാഭം ഉണ്ടാക്കുന്നു എന്നാണു കണക്കു കൂട്ടുന്നത്. അവിടെ വിശ്വസ്തതയ്ക്കു പ്രസക്തിയില്ലാതാകുന്നു. ദൈവം എന്നെ വിളിച്ചത് വിജയിക്കാനല്ല, വിശ്വസ്തതയില്‍ ജീവിക്കുവാനാണ് എന്നു വിശുദ്ധ മദര്‍ തെരേസ പറഞ്ഞിട്ടുണ്ട്.

മൂന്നാമത്തേത് വിശ്വാസത്തിന്‍റെ തലമാണ്. നമുക്കു വീഴ്ചകളുണ്ടാകും. പക്ഷെ ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ നമ്മുടെ ലക്ഷ്യം തന്നെ നഷ്ടപ്പെടും. അതിനാല്‍ വിശ്വാസ തകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ നാം വളരെ ജാഗ്രത പുലര്‍ത്തണം. അചഞ്ചലമായ ദൈവത്തിലുള്ള വിശ്വാസം പരി. കന്യാമറിയത്തില്‍ വളരെ ആഴത്തില്‍ ദര്‍ശിക്കാം. ദൈവത്തിലുള്ള വിശ്വാസം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഏതു ദൗത്യവും ഏറ്റെടുക്കാനുള്ള ധീരതയുണ്ടാകും. കാരണം വിശ്വസ്തനായ ദൈവം എപ്പോഴും കൂടെയുണ്ടാകും എന്ന ഉറപ്പാണ്. സ്നേഹം, പ്രത്യാശയും നഷ്ടപ്പെട്ടാല്‍ തിരിച്ചുപിടിക്കാം. എന്നാല്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍, സ്നേഹവും, പ്രത്യാശയും, സകലതും തകരും. വിശുദ്ധി, വിശ്വസ്തത, വിശ്വാസം എന്നിങ്ങനെ പരി. അമ്മയില്‍ വിളങ്ങി നിന്നിരുന്ന ഈ മൂന്നു കാര്യങ്ങള്‍, നിത്യജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ടവരാണു നാം.

മനുഷ്യകുലത്തിന്‍റെ രക്ഷാകര കര്‍മ്മത്തില്‍ വലിയൊരു സ്ഥാനം മാതാവിനുണ്ട്. മുന്‍പ് മറിയത്തെ സഹരക്ഷക എന്നു വിളിച്ചിരുന്നു. ഇന്ന് ദൈവശാസ്ത്രത്തില്‍ മാതാവിനെ അങ്ങനെ അഭിസംബോധന ചെയ്യുന്നില്ല. കാരണം യേശുവിനൊപ്പം മാതാവും സഹകരിച്ചാല്‍ മാത്രമേ രക്ഷ കൈവരൂ എന്നൊരു ധ്വനി അതിലുണ്ട്. അതേസമയം, രക്ഷാകര ചരിത്രത്തില്‍ ഏറ്റവുമധികം പങ്കാളിയായത് പരി. കന്യാമറിയമായിരുന്നു. ദൈവപുത്രനു ജന്മം കൊടുത്തു, ജനനം മുതല്‍ അന്ത്യം വരെ കൂടെനിന്നു. ചെറുപ്പം മുതലേ യേശുവില്‍ മാനുഷീക ഗുണങ്ങളെല്ലാം വളര്‍ത്തിയെടുത്തതും അതിന്‍റെ വിത്തു പാകിയതും ആരാണ്? പരിശുദ്ധ അമ്മ എന്നു നിസ്സംശയം പറയാം. പരിശുദ്ധ ബനഡിക്ട് പാപ്പ ഒരിക്കല്‍ മാതാപിതാക്കളോടു പറഞ്ഞു: മക്കള്‍ക്കു ജന്മം കൊടുക്കുക എന്നതല്ല, മക്കളുടെ നല്ല അപ്പനും അമ്മയുമാകുക എന്നതാണ് പ്രധാനം. യേശുവിനെ മാതാവിന് ഏല്‍പിച്ചപ്പോള്‍, ആ മകനുവേണ്ടി സമ്പൂര്‍ണമായി സമര്‍പ്പിച്ച ഒരു നല്ല അമ്മയുടെ ഏറ്റവും മഹത്തായ മാതൃകയാണു മാതാവ്.

നാമൊരു യാത്ര പോകുമ്പോള്‍ വഴി അറിയാതെ വട്ടം ചുറ്റുകയാണെന്നു കരുതുക. വണ്ടി നിറുത്തി വഴി ചോദിക്കുമ്പോള്‍ പല വിധ പ്രതികരണങ്ങള്‍ നമുക്കു കിട്ടും. ചിലര്‍ പറയും ഞാന്‍ ഈ നാട്ടുകാരനല്ല, അതിനാല്‍ വഴി അറിയില്ല. രണ്ടാമത്തെ കൂട്ടരോടു ചോദിച്ചാല്‍ വളവും തിരിവും ദൂരവുമൊക്കെ വിവരിച്ചു അവര്‍ കൃത്യമായി പറഞ്ഞുതരും. മൂന്നാമതൊരു കൂട്ടരുണ്ട്. അവര്‍ നാട്ടിന്‍പുറത്തുകാരാണ്. അവരോടു ചോദിച്ചാല്‍ അവര്‍ നമ്മുടെ കൂടെ വന്ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചു തരും. ഈ വിധത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക് നമ്മുടെ കൂടെ വന്നു നമ്മെ വഴികാട്ടുന്ന വ്യക്തിയാണ് പരിശുദ്ധ അമ്മ. അമ്മ സ്വര്‍ഗം കണ്ടവളാണ്, സ്വര്‍ഗാരോപിതയാണ്.

ഒക്ടോബര്‍ ജപമാലമാസമാണ്. വളരെ പ്രത്യേകമായി ഈ മാസം നാം മാതാവിന്‍റെ ഭക്തിയിലും വിശ്വാസത്തിലും കൂടുതല്‍ വളരാന്‍ പരിശ്രമിക്കുന്നു. എന്നാല്‍ പരി. മാതാവിനോടുള്ള ഭക്തിയും ആദരവും ഒരു മാസത്തിലേക്കു മാത്രം ചുരുക്കാന്‍ പാടില്ല. നാം നമ്മുടെ അമ്മമാരെ ഒരു ദിവസത്തിന്‍റെ കുറച്ചു നിമിഷങ്ങളിലേക്ക്, ജീവിതത്തിന്‍റെ കുറച്ചു കാലത്തേക്ക് ചുരുക്കാറുണ്ടോ? അങ്ങനെ വന്നാല്‍ അമ്മ എന്നതിന്‍റെ അര്‍ത്ഥം നഷ്ടപ്പെടും. അമ്മ നമുക്ക് എന്നും അമ്മതന്നെയാണ്. അത് ജീവിച്ചിരിക്കുമ്പോഴും മരണശേഷവും അങ്ങനെതന്നെയാണ്. അമ്മയോടുള്ള സ്നേഹം എന്നില്‍ എന്നും നിലകൊള്ളണം. അമ്മയുടെ സ്നേഹവും അതുപോലെയാണ്. ഒരിക്കലും ഭാഗികമായി സ്നേഹം പകരുന്നവളല്ല അമ്മ. ഇത്തരത്തില്‍ അമ്മമാരുടെയും അമ്മയായ പരി. കന്യാമറിയം നമ്മുടെ എല്ലാവരുടെയും അമ്മയായി എപ്പോഴും വിരാജിക്കുന്നു.

പരി. അമ്മയെ സദാസമയവും ഒര്‍മ്മിക്കാനും അവളുടെ കരം ഗ്രഹിക്കാനും ഏറ്റവും ഉപകാരപ്രദമായത് ജപമാലയാണ്. അല്മായരുടെ വിശുദ്ധ കുര്‍ബാനയാണു ജപമാല എന്നു പറയാറുണ്ട്. വി. ബലിയില്‍ കര്‍ത്താവിന്‍റെ ജീവിതരഹസ്യങ്ങള്‍ നാം അനുസ്മരിക്കുകയാണ്. ജപമാലയിലൂടെ ഈശോയുടെ എല്ലാ രഹസ്യങ്ങളും നാം ധ്യാനിക്കുന്നു. ദിവ്യബലിയില്‍ സംബന്ധിക്കാന്‍ സാധിക്കാത്ത ഒരു അല്മായന് വളരെ എളുപ്പത്തില്‍ ചൊല്ലാവുന്ന വിശുദ്ധ കുര്‍ബാന എന്നു പറയുന്നത് ജപമാലയാണ്. സഭയിലും സമൂഹത്തിലും വലിയ പ്രതിസന്ധികള്‍ ഉണ്ടായപ്പോഴൊക്കെ മാതാവു പ്രത്യക്ഷപ്പെട്ട് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ജപമാല വലിയൊരു ആയുധമാണ്. സഭയിലെ പല മാര്‍പാപ്പമാരും മരിയ ഭക്തരും ജപമാലചൊല്ലി നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നവരുമാണ്. അടുത്തകാലത്ത് തന്‍റെ വിവാഹത്തിനു ക്ഷണിക്കാനായി ഒരു യുവതി എന്‍റെയടുക്കല്‍ വന്നു. ആറു മാസം കഴിഞ്ഞാണ് അവളുടെ വിവാഹം. വരന്‍ വിദേശത്താണ്. പക്ഷെ എല്ലാ ദിവസവും വൈകിട്ട് ഏഴു മണിക്ക് അയാള്‍ വിളിക്കും. ഫോണിലൂടെ രണ്ടുപേരും ഒരുമിച്ചു കൊന്ത ചൊല്ലും. ഈ വിധത്തില്‍ ഇന്നു പല സ്ഥലത്തായിരിക്കുന്ന കുടുംബാംഗങ്ങള്‍ ഒരു പ്രത്യേക സമയത്ത് മനസ്സാ ഒന്നിച്ചു ജപമാല ചൊല്ലുന്ന രീതി ദൃശ്യമാണ്. കുടുംബങ്ങളില്‍ എല്ലാവരും ഒന്നു ചേര്‍ന്നു ജപമാലയര്‍പ്പണം നടത്തുമ്പോള്‍ പരി. മാതാവിനോടു ചേര്‍ന്നു നാം ദൈവത്തെ മഹത്ത്വപ്പെടുത്തുകയാണ്. ജപമാലയുടെ അവസാനമുള്ള സ്തുതി ചൊല്ലല്‍ കുടുംബബന്ധങ്ങളുടെ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുന്നതാണ്. വഴക്കുകള്‍ പരിഹരിക്കപ്പെടാനും പരസ്പരം പൊറുക്കാനും സഹിക്കാനും ഒന്നിച്ചു നില്‍ക്കാനുമൊക്കെയുള്ള ശക്തിയാണ് അതിലൂടെ കരഗതമാകുന്നത്. പൂര്‍വികര്‍ കൈമാറിത്തന്ന ഈ നല്ല പരമ്പര്യം അഭംഗുരം തുടരാന്‍ നമുക്കു സാധിക്കണം.

ഏതു പ്രായത്തിലുള്ളവര്‍ക്കും ഏതു സമയത്തും കൊന്ത ജപിക്കാനാവും. അതേസമയം ജപമാലയുടെ ആവര്‍ത്തന വിരസത ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭക്ഷണം നിത്യേന നാം കഴിക്കു ന്നു, അത് അനിവാര്യവുമാണ്. ഭക്ഷണം നമ്മില്‍ ആവര്‍ത്തന വിരസത സൃഷ്ടിക്കുന്നില്ല. എന്നാല്‍ അതില്‍ ചില വ്യത്യാസങ്ങളും രുചിഭേദങ്ങളും നാം വരുത്താറുണ്ട്. അതുപോലെ കുട്ടികളോ യുവാക്കളോ ഒക്കെ ജപമാലയര്‍പ്പിക്കുമ്പോള്‍ അവര്‍ക്കു കൂടുതല്‍ വ്യക്തത വരുന്ന രീതിയിലും താത്പര്യം ജനിപ്പിക്കുന്ന രീതിയിലും ആകര്‍ഷകമാക്കാവുന്നതാണ്. കാലഘട്ടത്തിനനുസരിച്ച്, എന്നാല്‍ അടിസ്ഥാന വസ്തുതകള്‍ ഒഴിവാക്കാതെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രായമായവര്‍ക്കും അനുയോജ്യമായ രീതിയില്‍ ചില മാറ്റങ്ങളൊക്കെ വരുത്തി ജപമാല അവതരിപ്പിച്ചാല്‍ ആവര്‍ത്തന വിരസത ഒഴിവാക്കാനും കൂടുതല്‍ സ്വീകാര്യമാക്കാനും കഴിയുമെന്നു തോന്നുന്നു.

യേശു ഈ ലോകത്തിലേക്കു വന്നതു പരിശുദ്ധ കന്യാകമറിയത്തിലൂടെയാണ്. നമുക്കും യേശുവിനെ ഏറ്റവും അടുത്തറിഞ്ഞ, ആഴത്തില്‍ അനുഭവിച്ച മാതാവിലൂടെ യേശുവിനെ കൂടുതല്‍ അറിയുവാനും, അനുഭവിക്കുവാനും കഴിയും. ജപമാലയിലൂടെ അമ്മയുടെ കൂടെ നടന്നു യേശുവിന്‍റെ സ്നേഹത്തിലേക്കു വളരാനും സഹോദരങ്ങളുടെ ശുശ്രൂഷയിലേക്കു വിടരാനും നമുക്കു കഴിയും.

Leave a Comment

*
*