Latest News
|^| Home -> Cover story -> ലഹരിയിറങ്ങിയ ഷാപ്പില്‍ ഇന്ന് ആത്മീയലഹരി!

ലഹരിയിറങ്ങിയ ഷാപ്പില്‍ ഇന്ന് ആത്മീയലഹരി!

Sathyadeepam

കെ.ജെ. കുര്യന്‍ കൊല്ലംപറമ്പില്‍

വര്‍ഷങ്ങള്‍ ലഹരിയിലാണ്ടു കിടന്ന കള്ളുഷാപ്പ് പിന്നീട് പ്രാര്‍ത്ഥനാലയമായും ഒരു നാടിന്‍റെ ആത്മീയ ഗോപുരമായും മാറിയ ചരിത്രമാണ് ജറീക്കോ പ്രാര്‍ത്ഥനാലയത്തിന്‍റേത്. ലഹരിയുടെ ഭ്രാന്തമായ നാളുകളില്‍നിന്ന് മാറി പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്‍റെയും തലങ്ങളിലൂടെയുള്ള ജറീക്കോ പ്രാര്‍ത്ഥനാലയത്തിന്‍റെ യാത്ര 20 വര്‍ഷം പിന്നിടുകയാണ്. ഒരു നാടിനെയൊന്നാകെ ഇരുട്ടിലാക്കി ഒരു നൂറ്റാണ്ടിലേറെ കള്ളുഷാപ്പായിരുന്ന കെട്ടിടമാണ് ഇന്ന് അതേ നാടിന്‍റെ തന്നെ ആത്മീയോന്നതിക്കും ദൈവത്തിലുള്ള വിശ്വാസതീക്ഷണതയ്ക്കും കാരണമായിരിക്കുന്നത് എന്നത് ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തിയായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

കള്ളുഷാപ്പ് ജറീക്കോ പ്രാര്‍ത്ഥനാലയമായി മാറിയതിനു പിന്നില്‍ ഒരു ചരിത്രമുണ്ട്. ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിപ്പിതാവ് ചങ്ങനാശേരി മെത്രാനായിരുന്ന കാലത്ത് സഭാമക്കള്‍ മദ്യം വര്‍ജ്ജിക്കണമെന്നും തെങ്ങ് – പന മരങ്ങള്‍ കള്ളു ചെത്താന്‍ കൊടുക്കരുതെന്നും കള്ളുഷാപ്പിനു സ്ഥലം നല്‍കരുതെന്നും മറ്റും പറഞ്ഞ് 1915 കാലഘട്ടത്തില്‍ ഇറക്കിയ ഇടയലേഖനം ചങ്ങനാശേരി രൂപതയുടെ ഭാഗമായിരുന്ന കാഞ്ഞിരത്താനം പള്ളിയില്‍ വായിച്ചുകേട്ട് കുറുപ്പുന്തറക്കവലയില്‍ കള്ളുഷാപ്പിനു സ്ഥലം കൊടുത്തിരുന്ന ആള്‍ ഇനി ഷാപ്പിനു സ്ഥലം തരില്ലെന്ന് തീരുമാനമെടുക്കുന്നു. പ്രസ്തുത വിവരം ഷാപ്പുകരാറുകാരനോട് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഷാപ്പു മാറ്റുവാന്‍ അയാള്‍ കൂട്ടാക്കിയില്ല. ഒരു രാത്രിയില്‍, മുളയും ഓലയും ചേര്‍ത്തു നിര്‍മ്മിച്ചിരുന്ന ഷാപ്പ് കത്തിച്ചാമ്പലായി.

ഷാപ്പ് അടുത്തുള്ള മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റേണ്ടി വന്നു. രണ്ടാമതു ഷാപ്പ് സ്ഥാപിച്ച സ്ഥലത്താണ് കോട്ടയം രൂപതയുടെ പ്രധാന പള്ളികളിലൊന്നായ കുറുപ്പന്തറ സെന്‍റ് തോമസ് പള്ളി സ്ഥിതി ചെയ്യുന്നതെന്നാണ് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുള്ളത്. പ്രസ്തുത കള്ളുഷാപ്പ് സ്ഥലം മാറി മാറി അഞ്ചാമത്തെ സ്ഥലത്തെത്തുമ്പോള്‍, ഏതാനും വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ചാരായഷാപ്പും കൂടിയായി സമീപം. രണ്ടും ചേര്‍ന്ന് സ്ഥലവാസികളുടെ സ്വൈര്യജീവിതം കെടുത്തുന്നുവെന്നു പറഞ്ഞ് ഒരു പറ്റം യുവാക്കള്‍ ഒത്തുകൂടി മദ്യനിരോധനസമിതി യൂണിറ്റ് രൂപീകരിച്ച് ദൂരപരിധി ലംഘിച്ചു പ്രവര്‍ത്തിക്കുന്ന രണ്ടു മദ്യശാലകള്‍ക്കുമെതിരെ സമരരംഗത്തിറങ്ങി. അന്നു സമിതി സംസ്ഥാന പ്രസിഡന്‍റായിരുന്ന പ്രഫ. എം.പി. മന്മഥന്‍ ചാരായഷാപ്പ് പടിക്കല്‍ നടത്തിയ ഏകദിന ഉപവാസം ജനപിന്തുണയാര്‍ജ്ജിച്ചു. അതേത്തുടര്‍ന്ന് ചാരായഷാപ്പ് മാറ്റി സ്ഥാപിച്ചു. അടുത്തപടി സമരം വീണ്ടും കള്ളുഷാപ്പുപടിക്കലേക്കു മാറ്റി. സമരം മുപ്പതു ദിവസം പിന്നിട്ടപ്പോള്‍ കള്ളുഷാപ്പും അടച്ചുപൂട്ടി. സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 1995-ല്‍ സസ്യമാര്‍ക്കറ്റിനടുത്ത് അതാ വീണ്ടും പുതിയ ചാരായഷാപ്പ്! താമസിച്ചില്ല, മദ്യനിരോധനസമിതിയുടെയും പൗരസമിതിയുടെയും നേതൃത്വത്തില്‍ ഷാപ്പു പൂട്ടുംവരെ അനിശ്ചിതകാലസമരം തുടങ്ങി. ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ നടന്ന ജനകീയ സമരം ഒരു വര്‍ഷത്തോളം നീണ്ടുനിന്നു. വിഷയം നിയമസഭയില്‍ എത്തി. വൈകാതെ ചാരായഷാപ്പ് സ്ഥിരമായി അടച്ചുപൂട്ടി. നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് 1996 ഏപ്രില്‍ 1 മുതല്‍ കള്ളുഷാപ്പിന് സ്ഥലം കൊടുക്കുകയില്ലെന്നുള്ള സ്ഥലമുടമയുടെ തീരുമാനത്തോടെ കള്ളുഷാപ്പും അടച്ചുപൂട്ടി. ഷാപ്പു സ്ഥാപിക്കാന്‍ കരാറുകാരന്‍ സ്ഥലം അന്വേഷിച്ചെങ്കിലും ആരും നല്‍കാന്‍ തയ്യാറായില്ല.

ഇനിയാണ് ചരിത്രഗതി മാറുന്നത്. ഒരു ദൈവനിയോഗം പോലെ സ്ഥലമുടമ ഒരു ധ്യാനം കൂടി വന്നശേഷം വൈകുന്നേരങ്ങളില്‍ പൂട്ടിക്കിടന്ന ഷാപ്പുകെട്ടിടത്തില്‍ സന്ധ്യാപ്രാര്‍ത്ഥന തുടങ്ങി. മറ്റു ചിലരുംകൂടി പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നതോടെ കള്ളുഷാപ്പ് പ്രാര്‍ത്ഥനാലയമായി മാറുകയായിരുന്നു. പ്രാര്‍ത്ഥനാലയത്തിന്‍റെ ആരംഭംമുതല്‍ വെള്ളിയാഴ്ചകളില്‍ നടത്തപ്പെടുന്ന ഉപവാസമദ്ധ്യസ്ഥ പ്രാര്‍ത്ഥനയില്‍ ഇതര മതവിശ്വാസികളും പങ്കെടുക്കുന്നുണ്ട്. പലര്‍ക്കും രോഗശാന്തിയും മനഃശാന്തിയും ഉണ്ടായി.

കാഞ്ഞിരത്താനം പള്ളിയുടെ നിയന്ത്രണത്തില്‍ നടക്കുന്ന ഉപവാസപ്രാര്‍ത്ഥനയിലൂടെയും വി. കുര്‍ബാനയിലൂടെയും വചനപ്രഘോഷണത്തിലൂടെയും അനേകര്‍ ഇന്നു സന്തോഷവും സമാധാനവും നുകരുന്നു.

Leave a Comment

*
*