ജീവന്‍ തന്നവന്‍ ജീവനെടുത്തോളും!!

ജീവന്‍ തന്നവന്‍ ജീവനെടുത്തോളും!!

ടോം ജോസ് തഴുവംകുന്ന്

ഏറെ ആകാംക്ഷയുടെ നിമിഷങ്ങള്‍… ജീവന്‍റെ തുടിപ്പുമായി എയര്‍ ആംബുലന്‍സ് പറക്കുന്നു… പകുത്തു നല്കിയ ജീവനുമായി ആംബുലന്‍സുകള്‍ ചീറിപ്പായുന്നു… ട്രാഫിക് സംവിധാനങ്ങളൊക്കെ ആംബുലന്‍സുകളുടെ സുരക്ഷിതവും സുഗമവുമായ യാത്രയ്ക്കായി ക്രമീകരിച്ചു പൊലീസ് സേന ജാഗ്രതയിലാകുന്നു. ദൂരത്തെ കീഴടക്കുന്ന ഡ്രൈവര്‍മാരുടെ ധീരോദാത്തമായ വേഗതയെ നാടൊട്ടുക്ക് പ്രശംസിക്കുന്നു; എങ്ങും വാര്‍ത്തയാകുന്നു. ജീവന്‍റെ സ്പന്ദനവുമായി ഓടിയതിനൊക്കെ അര്‍ത്ഥമുണ്ടാകുന്നു. മരണം മുന്നില്‍ കണ്ട പലരും ജീവിതത്തിലേക്കു തിരിച്ചുവരുന്നു. മരണത്തേക്കാള്‍ ജീവനാണു പ്രധാനം. ജീവനും മരണവും ദൈവത്തിലാണ്. അതിനിടയിലെ ജീവിതവും ദൈവാര്‍പ്പിതമാണ്. ഒരു കുഞ്ഞു ജനിച്ചു കാണുവാന്‍ കൂപ്പുകരങ്ങളുമായി യാചനാപൂര്‍വം മുട്ടിന്മേല്‍നില്ക്കുന്ന നമുക്കിടയില്‍ മരിക്കാന്‍ വേണ്ടി നിയമമുണ്ടാക്കുന്നത് അമ്പരപ്പുളവാക്കുന്നു. "അന്തസ്സായ ജീവിതവും അന്തസ്സായ മരണവും" എന്നതിന്‍റെ അര്‍ത്ഥവും അര്‍ത്ഥാന്തരവും പഠിക്കേണ്ടതുണ്ട്.

അട്ടപ്പാടിയിലെ ആദിവാസി യുവാവിന് അന്തസ്സായി ജീവിക്കാന്‍ അവകാശമില്ലായിരുന്നോ? രാഷ്ട്രീയവൈരങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ഇരയാകുന്നവര്‍ക്ക് അന്തസ്സായി ജീവിക്കാന്‍ അവകാശമില്ലായിരുന്നോ? മൃഗസ്നേഹികളുടെ 'കരുണ'യില്‍ നിന്നും ഉണ്ടാകുന്ന അശ്രദ്ധയില്‍പ്പെട്ടു ജീവന്‍ അപകടത്തിലാകുന്നവര്‍ക്ക് അന്തസ്സായ ജീവിതം അവകാശമായിരുന്നില്ലേ? പെന്‍ഷന്‍ കിട്ടാതെയും ചികിത്സ കിട്ടാതെയും ആശുപത്രികളുടെ അനാസ്ഥ മൂലവും മരണപ്പെട്ടവര്‍ക്ക് അന്തസ്സായ ജീവിതം കിട്ടിയിരുന്നോ? പട്ടിണി കിടന്നു പാര്‍പ്പിടമില്ലാതെയും മരുന്നു വാങ്ങാനാകാതെയും കൈക്കൂലി കൊടുക്കുവാന്‍ സാധിക്കാതെയും ജീവിതം ഗതിമുട്ടിയവരുടെ ജീവിതങ്ങളെ നാം ശ്രദ്ധിച്ചിരുന്നോ? ജീവിക്കാനുള്ള അവകാശത്തിന്മേല്‍ അശ്രദ്ധയും അന്യായവും പ്രകടിപ്പിക്കുന്ന നമുക്കെന്തിനാ മരിക്കാനുള്ള അവകാശത്തിന്മേല്‍ ഇത്രമാത്രം നിയമനിര്‍മ്മാണങ്ങള്‍? എത്ര മരണാസന്നനും ജീവിക്കണമെന്നൊരു മോഹമില്ലേ? ജീവിതത്തിന്‍റെ പ്രാധാന്യത്തെ പ്രോജ്ജ്വലിപ്പിക്കേണ്ട സമൂഹം ഉപയോഗമില്ലാത്തവരെന്നു മുദ്ര കുത്തുന്നവരെ തേടുകയാണോ? ജീവിതത്തിന് ഇപ്പോള്‍തന്നെ സുരക്ഷിതത്വമില്ലെന്നിരിക്കെ 'ദയാവധം' കൊണ്ടെത്തിക്കുന്ന ദുരന്തം എത്ര ഭയാനകമായിരിക്കും? അന്തസ്സായി ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചു പ്രസംഗവും അന്തസ്സായി മരിക്കാനുള്ള അവകാശം നിയമവിധേയവുമാക്കിരിക്കുന്നു. 'ദയാവധം' എന്നതും അവകാശമാണോയെന്നറിയില്ല. ഏതായാലും സുപ്രീംകോടതി ഉപാധികളോടെ ഇതിന് അനുമതി നല്കിയിരിക്കുന്നു. ജീവിതത്തിലേക്കു മടങ്ങിവരില്ലെന്ന് ഉറപ്പായ രോഗികള്‍ക്കു നിഷ്ക്രിയ ദയാവധം (പാസീവ് എവുത്തനേസിയ) അനുവദിക്കാമെന്നു സുപ്രീംകോടതി. എന്നാല്‍ മരുന്നു കുത്തിവച്ചുള്ള സക്രിയ ദയാവധം (ആക്ടീവ് എവുത്തനേസിയ) അനുവദിക്കാനാവില്ലെന്നു ചീഫ് ജസ്റ്റിസ് 'കോമണ്‍ കോസ്' എന്ന സന്നദ്ധസംഘടന നല്കിയ പൊതുതാത്പര്യഹര്‍ജിയിലാണു വിധി.

ജീവിതത്തിലേക്കു മടങ്ങിവരാന്‍ ആരോഗ്യപ്രശ്നങ്ങള്‍ അനുവദിക്കാത്തവര്‍ക്കു മുന്‍കൂര്‍ മരണതാത്പര്യപത്രം (ലിവിംഗ്വില്‍) എഴുതിവയ്ക്കാമത്രേ! ഇതു പ്രകാരം കോടതിയുടെയും മെഡിക്കല്‍ ബോര്‍ഡിന്‍റെയും അനുമതിയോടെ ദയാവധം നടപ്പാക്കാം! മരുന്നു നല്കാതെയും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കിയുമുള്ളതാണു നിഷ്ക്രിയ ദയാവധം. മരണപത്രം തയ്യാറാക്കാതെ അബോധാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കള്‍ക്കു നിഷ്ക്രിയ ദയാവധത്തിനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാം. ഇതിനെല്ലാം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ചിന് ഒരേ അഭിപ്രായമാണെന്നും പറഞ്ഞിരിക്കുന്നു.

2005-ലാണു 'കോമണ്‍ കോസ്' എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. 2006-ല്‍ ദയാവധം നിയമമാക്കാന്‍ നിയമകമ്മീഷന് ശിപാര്‍ശ ചെയ്തു. 2014 ജനുവരി 13-ന് അന്നത്തെ ചീഫ് ജസ്റ്റീസ് പി. സദാശിവം അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് പൊതുതാത്പര്യഹര്‍ജി അഞ്ചംഗ ഭരണഘടനാബെഞ്ചിനു വിട്ടു. സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധികളില്‍ പൊരുത്തക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു മൂന്നംഗ ബെഞ്ച് ഈ വിഷയം ഭരണഘടനാബെഞ്ചിനു വിട്ടത്.

'ദയാവധം' എന്നതു കേള്‍വിയില്‍ത്തന്നെ വൈരുദ്ധ്യമുള്ള പദമാണ്. 'ദയ'യും 'വധ'വും തമ്മിലെന്താണു സമാനതകളുള്ളത്? ജീവിക്കാനനുവദിക്കാത്തപ്പോള്‍ തന്നെ ദയയില്ലെന്നു മനസ്സിലാക്കാം. ഇതിന്‍റെ പിന്നിലെ അപകടങ്ങള്‍ നാം തിരിച്ചറിയുന്നുണ്ടോ എന്നറിയില്ല. ജീവിക്കാനുള്ള അഭിവാഞ്ഛയേക്കാള്‍ നൈമിഷികമായ സുഖേച്ഛകളില്‍ രമിക്കുന്ന ആധുനിക സമൂഹത്തിനു 'ദയാവധം' വീണു കിട്ടിയ ഒരായുധമാണ്. "സുഖിക്കുക അല്ലെങ്കില്‍ മരിക്കുക" – ഇതിനിടയിലുണ്ടാകേണ്ട പലവിധ അതിജീവനങ്ങള്‍ നാം പാടേ വിസ്മരിക്കുന്ന കാലം!!

അന്തസ്സായി ജീവിക്കാനുള്ള എല്ലാവിധ അനുകൂലസാഹചര്യങ്ങളും ഒരുക്കുവാന്‍ ഭരണഘടനയ്ക്കും ഭരണാധികാരികള്‍ക്കും അവകാശമുണ്ട്. എന്നാല്‍ "അന്തസ്സായി മരിക്കാന്‍" എന്നു വിവക്ഷിക്കുന്നതെന്താണ്? പ്രായമേറുന്തോറും മനുഷ്യന്‍റെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും ബലക്ഷയമുണ്ടാകുന്നുവെന്നുള്ളതുകൊണ്ട് അവര്‍ പ്രയോജനരഹിതരാണോ? ഉപയോഗിക്കുക, വലിച്ചെറിയുക എന്ന സംസ്കാരത്തിന്‍റെ ചട്ടക്കൂടിലാണോ മനുഷ്യനും? എന്താണു മരണവും അന്തസ്സായ മരണവും തമ്മിലുള്ള അന്തരം? ജീവന്‍ രക്ഷാ ഉപകരണങ്ങളിലും ഔഷധങ്ങളിലും അടങ്ങുന്നത് ജീവന്‍റെ രക്ഷിക്കലാണ്. വായു നിഷേധിച്ചാല്‍ ഒരാള്‍ മരണമടയുമെന്നതുകൊണ്ട് അന്തസ്സായ മരണമെന്നതിന്‍റെ സാധൂകരണമാകുമോ? മണിക്കൂറുകളും നിമിഷങ്ങളും മാത്രം ജീവിക്കുകയുള്ളുവെന്നു ഡോക്ടര്‍ പറഞ്ഞ രോഗികള്‍ പിന്നീടു വര്‍ഷങ്ങളോളം ജീവിച്ചിരുന്നിട്ടില്ലേ? ആശുപത്രിയും ഐസിയുവും ഒക്കെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഇടങ്ങളാണ്. മരണത്തിനു പ്രായമില്ല; എന്നാല്‍ വന്ദ്യവയോധികരെക്കൊണ്ട് ഇനി കാര്യമായ 'ഗുണം' ഇല്ലെന്നു കാണുന്ന തലമുറകള്‍ക്കു 'ദയാവധം' ഒരു കുറുക്കുവഴിയാകാനിടയുണ്ട്.

ഒരു ശയ്യാവലംബിക്കും ജീവിതമില്ലേ? ശയ്യാവലംബിയുടെ ജീവിതത്തോടു ചേര്‍ന്നുനില്ക്കുന്നവര്‍ക്കും കഥകളും അനുഭവങ്ങളും സന്ദേശങ്ങളും പറയാനില്ലേ? ജീവിതമെന്നാല്‍ "കടം വാങ്ങലും കടം വീട്ടലു"മൊക്കെയടങ്ങുന്നതാണ്. മാസം തികയാതെ ജനിക്കുന്ന കുഞ്ഞിനെ മാസങ്ങള്‍ നീളുന്ന യാന്ത്രികവും മാനുഷികവും വൈദ്യശാസ്ത്രപരവുമായ ഒട്ടനവധി പ്രക്രിയയിലൂടെയാണു ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുവരിക. ഈ കുഞ്ഞിന്‍റെ മാസം തികയാതെയുള്ള ജനനത്തിനു ചങ്കിടിപ്പോടെ ഇമ വെട്ടാതെ കാവലിരുന്ന മാതാപിതാക്കള്‍ക്കു 'ദയാവധ'ത്തെക്കുറിച്ചു ചിന്തിക്കാമായിരുന്നോ? കാരണം ഡോക്ടര്‍ പറഞ്ഞതാണ് പ്രതീക്ഷയില്ലെന്ന്!! എന്നിട്ടും കാത്തിരുന്നു; കാത്തിരിപ്പിനു ഫലവും കിട്ടി.

ജനിച്ചാല്‍ മരണം മുന്നിലുണ്ട്. പക്ഷേ, അതു പ്രായമായവര്‍ക്കും ആരോഗ്യം ക്ഷയിച്ചവര്‍ക്കുമായിട്ടുള്ളതാണെന്നു കരുതാമോ? ജീവന്‍റെ മേല്‍ ഭരണഘടനയ്ക്ക് എന്തവകാശം? ജീവന്‍ നല്കാനാകാത്ത ഭരണഘടനയ്ക്കു മരണം നല്കാനവകാശമുണ്ടോ? വിശന്നുമരിക്കുന്നവരുള്ള നമുക്കിടയില്‍ അന്തസ്സായി ജീവിക്കാനുള്ള അവകാശത്തിന്മേല്‍ ജാഗ്രത പുലര്‍ത്താത്തത് എന്തുകൊണ്ട്?

വൈദ്യശാസ്ത്രരംഗത്തെ ഞെട്ടിക്കുന്ന ഒട്ടനവധി രോഗശയ്യകളാണ് പിന്നീടുള്ള തലമുറകള്‍ക്കു ജീവന്‍റെ പിടിച്ചുനില്പിനും കുതിച്ചുചാട്ടത്തിനും വഴിയൊരുക്കിയിട്ടുള്ളതെന്നു ശാസ്ത്രചരിത്രം തുറന്നു നോക്കിയാല്‍ തിരിച്ചറിയാം. മുന്‍കൂര്‍ മരണതാത്പര്യപത്രം എന്നതൊക്കെ ഉപാധികളോടെയാണെങ്കിലും അപകടം നിറഞ്ഞതുതന്നെ. സമ്മര്‍ദ്ദം പാടില്ല, നിര്‍ബന്ധം പാടില്ല, പ്രേരണയുണ്ടാകാന്‍ പാടില്ല. എല്ലാം സ്വന്തം ഇഷ്ടപ്രകാരമെന്നു നിയമം പറയുമ്പോഴും നിയമത്തിന്‍റെ പിന്‍ബലത്തില്‍ത്തന്നെയും ബന്ധുക്കളുടെ 'ദയാ'മസൃണമായ സമീപനം മൂലവും 'ലിവിംഗ് വില്‍' രൂപപ്പെടാം.

കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന മെഡിക്കല്‍ ബോര്‍ഡിലും അഴിമതി കടന്നുകൂടാനിടയില്ലേ? രോഗി നിരാലംബനും നിരാശ്രയനും മരണാസന്നനുമാകുമ്പോള്‍ ആരോഗ്യമുള്ളവരല്ലേ 'കാര്യക്കാര്‍?' അവരല്ലേ അന്തസ്സായ മരണം ദയാപൂര്‍വം ദാനമായി നല്കി മരണത്തിന് ആഢ്യത്തം നല്കുന്നത്?

പെട്ടെന്നു മരിക്കുമോ, ദീര്‍ഘനാള്‍ ശയ്യാവലംബിയായിരിക്കുമോ? പഴയ ജീവിതത്തിലേക്കു തിരിച്ചുവരുമോ എന്നൊന്നും ഒരു 'ഡോക്ടര്‍' ആധികാരികമായി പറയേണ്ടതുണ്ടോ? ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ള തീവ്രപ്രയത്നം ഈ നിയമംമൂലം ഉപേക്ഷിക്കുമെന്ന് അനുമാനിക്കാം. "കള്ളനും കാവലാളും ഒത്താല്‍ വെളുക്കുവോളം കക്കാം" എന്ന പഴമൊഴി അഴിമതിയുടെ നാട്ടില്‍ യാഥാര്‍ത്ഥ്യമാകുമോ എന്നു ഭയക്കുന്നു. ചോദിക്കാതെ കിട്ടിയ ജന്മം 'ഡോക്ടറോട് ചോദിച്ച്' ഉപേക്ഷിക്കുന്നതില്‍ മണ്ടത്തരമോ സ്വാര്‍ത്ഥതാത്പര്യമോ ഉണ്ടെന്നു പറയാതെ വയ്യ. നിഷ്ക്രിയ-സക്രിയ മരണങ്ങളല്ല പ്രത്യാശാപൂര്‍ണമായ ജീവിതക്രമത്തിനാവശ്യമായ ക്രിയാത്മകക്രമീകരണങ്ങളും വൈദ്യശാസ്ത്രരംഗത്തെ സമര്‍പ്പണവുമാണാവശ്യം.

വൈദ്യശാസ്ത്രരംഗത്ത് അനുനിമിഷം മാറ്റങ്ങള്‍ വരുന്നുണ്ട്. കണ്ടുപിടുത്തങ്ങളും അതിനാവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളുമൊക്കെ ആരോഗ്യരംഗത്തെ ശക്തിപ്പെടുത്തുന്നുമുണ്ട്. മള്‍ട്ടി സ്പെഷ്യാലിറ്റിയും സൂപ്പര്‍ സ്പെഷ്യാലിറ്റിയും ആശുപത്രികളുടെ ഗ്രേഡ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ലോകപ്രശസ്തരായ ഡോക്ടര്‍മാര്‍ ഒന്നിനൊന്നു മികവു പ്രകടിപ്പിക്കുന്നു. അത്ഭുതസിദ്ധിയുള്ള ഔഷധങ്ങള്‍ കണ്ടെത്തുന്നു. പ്രകൃതിയില്‍ നിന്നുപോലും ഇന്ന് അത്യപൂര്‍വ ഔഷധങ്ങള്‍ കണ്ടെടുക്കുന്നു; ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും മരണകരമായ രോഗങ്ങളുമൊക്കെ സൗഖ്യപ്പെടുന്നു. എല്ലാം ജീവന്‍റെ നിലനില്പിനും പോഷണത്തിനുംവേണ്ടിയാണ്. എന്നാല്‍ ആരോഗ്യമുള്ളവര്‍ക്കു മാത്രമാണ് ഇവിടെ ജീവിക്കാനവകാശമെന്നൊരു തോന്നലില്‍ കൊണ്ടെത്തിക്കുന്നതാണു 'ദയാവധം.' ഈ നിയമം ക്രൂരവും നിന്ദ്യവുമാണെന്നു പറയാതെ വയ്യ. ഒരുവശത്തു ജീവനുവേണ്ടിയുളള പരക്കംപാച്ചില്‍. മറുവശത്തു മരിക്കാനനുവദിക്കണമെന്നു പറയുന്ന നിയമം. ആരെയും മരിക്കാനനുവദിക്കലോ മരണത്തിനു വിട്ടുകൊടുക്കലോ നിയമത്തിന്‍റെ ചുമതലയല്ല. മനുഷ്യന്‍റെ മരണത്തിന് 'ഡേറ്റ്' തീരുമാനിക്കാനും അവന്‍റെ ആരോഗ്യത്തിനു പരിധി' നിര്‍ണയിക്കാനും ഡോക്ടര്‍ ജീവന്‍റെ ദാതാവാണോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org