Latest News
|^| Home -> Cover story -> പാഴ്വസ്തുക്കള്‍ കൊണ്ടു പണി തീര്‍ത്ത ഭാവനാലോകങ്ങള്‍

പാഴ്വസ്തുക്കള്‍ കൊണ്ടു പണി തീര്‍ത്ത ഭാവനാലോകങ്ങള്‍

Sathyadeepam


തയ്യാറാക്കിയത്:
മറിയ ജോസ് മേച്ചേരി
(മീഡിയ പ്രൊഫഷണല്‍)

1999-ല്‍ കോട്ടണ്‍ മേരി എന്ന ഹോളിവുഡ് സിനിമയിലൂടെ തുടങ്ങി 20 വര്‍ഷംകൊണ്ടു, ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന മോഹന്‍ലാല്‍ സിനിമ ബിഗ് ബ്രദര്‍ വരെ 80 സിനിമകള്‍ക്കും, 2015 പരസ്യചിത്രങ്ങള്‍ക്കും, 118 സ്റ്റേജ് ഷോകള്‍ക്കും, രണ്ടു ഹോളിവുഡ് സിനിമകള്‍ക്കും കലാസംവിധാനം നിര്‍വഹിച്ച ജോസഫ് നെല്ലിക്കന്‍ സംസാരിക്കുന്നു.

? സിനിമാരംഗത്ത് കലാസംവിധായകന്‍റെ സ്ഥാനത്തെക്കുറിച്ചൊന്നു പറയാമോ?
ഒരു തിരക്കഥ സിനിമയാകാന്‍ തീരുമാനിക്കപ്പെട്ടു കഴിഞ്ഞാല്‍ ആദ്യം നിശ്ചയിക്കുന്ന സാങ്കേതിക വിദഗ്ധരില്‍ ഒരാളാണു കലാസംവിധായകന്‍. കാരണം കഥ നടക്കുന്ന കാലഘട്ടത്തിന്‍റെ പ്രത്യേകതകള്‍, കഥ നടക്കുന്ന ഇടം ഇവ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം കലാസംവിധായകന്‍റേതാണ്. ഞങ്ങളുടെ ഭാഷയില്‍ മൂന്നു തരം സിനിമകളുണ്ട്. ഒന്ന്, ഓര്‍മ്മകളില്‍ നിന്നു ഉണ്ടാകുന്ന സിനിമകള്‍, ഇവയ്ക്ക് ആ കാലഘട്ടത്തെ പുനരാവിഷ്കരിക്കേണ്ടി വരും. രണ്ട്, ഇല്ലായ്മകളില്‍ നിന്നും ഉണ്ടാകുന്നവ. ഇത്തരം സിനിമകള്‍ക്കായി പല സ്ഥലങ്ങളെയും പല കാലഘട്ടങ്ങളിലെ വസ്തുക്കളെയും കോര്‍ത്തിണക്കേണ്ടതായി വരും. മൂന്ന്, ഭാവനയില്‍ നിന്നു മാത്രം ഉണ്ടാകുന്ന സിനിമകള്‍, ഈ സിനിമയ്ക്കു തിരക്കഥാകൃത്തു തന്‍റെ ഭാവനകൊണ്ടു സൃഷ്ടിച്ചവയെല്ലാം പുതുതായി സൃഷ്ടിക്കേണ്ടതായി വരും. ഇവയിലെല്ലാം തിരക്കഥാകൃത്തിന്‍റെ ഭാവനകളാവില്ല സംവിധായകന്‍റേത്. ഇതില്‍നിന്ന് ഏറെ വ്യത്യസ്തായിരിക്കും ഛായാഗ്രഹകന്‍റേത്. ഈ അഭിപ്രായങ്ങളെല്ലാം കേട്ട് ഇവ ക്രോഡീകരിച്ച്, കഥയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാതെ പശ്ചാത്തലം ഒരുക്കുക എന്നതാണ് ഒരു കലാസംവിധായകന്‍റെ ജോലി.

? ഈ ക്രോഡീകരണം ഏറെ പ്രയാസമേറിയതാണോ?
തീര്‍ച്ചയായും, കാരണം സംവിധായകന്‍റെ മനസ്സില്‍ കഥാവികാസത്തിനാകും പ്രാധാന്യമേറുക. എന്നാല്‍ ഛായാഗ്രഹകനാകട്ടെ കാഴ്ചയുടെ ഭംഗിക്കാവും മുന്‍ തൂക്കം നല്കുന്നത്. ഇവരുടെയെല്ലാം നിര്‍ദ്ദേശങ്ങള്‍ക്കു വില നല്കി, ക്യാമറയിലൂടെ കാണുമ്പോള്‍ സ്ക്രീനിലെത്തുമ്പോള്‍ അതിപ്രകാരം ആയിരിക്കും എന്നു മുന്‍കൂട്ടി കാണാന്‍ ഒരു മൂന്നാം കണ്ണ് ആവശ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ മൂന്നാം കണ്ണ് എന്‍റെ ദൈവവിശ്വാസമാണ്. 20 വര്‍ഷമായി സിനിമയില്‍. 2015 പരസ്യചിത്രങ്ങളും 118 സ്റ്റേജ് ഷോകളും രണ്ടു ഹോളിവുഡ് സിനിമകളു ചെയ്തു. 80-ാമത്തെ സിനിമ ചെയ്യാനൊരുങ്ങുമ്പോള്‍ ഏറെ സന്തോഷത്തോടെ എനിക്കു പറയാന്‍ കഴിയും, ഏല്പിക്കപ്പെട്ട എല്ലാം ഉത്തരവാദിത്വങ്ങളും ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ എനിക്കു കഴിഞ്ഞതു ശക്തനായ ദൈവത്തിന്‍റെ കൃപയില്‍ ആശ്രയിച്ചു മാത്രം ഓരോ ജോലിയും ചെയ്യുന്നതുകൊണ്ടാണ്.

? ഉപയോഗിക്കുക, ശേഷം വലിച്ചെറിയുക, മലയാളിയുടെ ഈ ശീലത്തെ മാറ്റിചിന്തിപ്പിക്കാനും മീശമാധവനെന്ന സിനിമയിലും മറ്റു പല സിനിമകളിലും അങ്ങ് ഉപയോഗപ്പെടുത്തിയ രീതികള്‍ കാരണമായിട്ടുണ്ട്. പാഴ്വസ്തുക്കളെ പുനരുപയോഗപ്പെടുത്തിയതു ബോധപൂര്‍വമായിരുന്നോ?
ലോകത്തില്‍ ഒരു വസ്തുവും പാഴല്ല; എന്‍റെയൊരു കാഴ്ചപ്പാടാണിത്. എന്‍റെ ആവശ്യം കഴിഞ്ഞു ഞാന്‍ വലിച്ചെറിയുന്നവ മറ്റൊരാള്‍ക്ക് ആവശ്യമുള്ള വസ്തുവായിരിക്കും. ഇവരെ തമ്മില്‍ കോര്‍ത്തിണക്കാന്‍ കഴിയുക എന്നതു വലിയൊരു പുണ്യമാണ്. ഉദാ: നമ്മള്‍ എഴതിയശേഷം ഉപേക്ഷിക്കുന്ന പേപ്പര്‍ ആക്രിക്കടയില്‍ കൊടുക്കുന്നതു സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രം ആവരുത്. നശിപ്പിച്ചു കളയാതെ വീണ്ടുമാ പേപ്പര്‍ ഉപയോഗപ്പെടുത്താന്‍ സാഹചര്യമൊരുക്കേണ്ടതു നമ്മുടെ കടമയാണെന്നു തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം. മീശമാധവന്‍ ഒരു ഗ്രാമത്തിന്‍റെ കഥയാണ്, പൊട്ടിയ കൊട്ടയും വട്ടിയും ചാക്കും മുളയുമെല്ലാം ഉപയോഗപ്പെടുത്തിയതു അതുകൊണ്ടാണ്. ഒപ്പം അതു സിനിമയുടെ സാമ്പത്തിക ചെലവു ഗണ്യമായി കുറച്ചു. ഇപ്പോള്‍ ഈ രീതിക്കു വളരെ പ്രാധാന്യം നല്കി പുതിയ സിനിമകള്‍ ഇറങ്ങുന്നതു കാണുമ്പോള്‍ വലിയ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ഉപയോഗിക്കുക – വലിച്ചെറിയുക എന്ന ശീലം മാറി “ഉപയോഗശേഷം ഉപകാരപ്പെടുത്തുക” എന്ന മനോഭാവത്തിലേക്കു നമ്മള്‍ മാറണം.

? മാസങ്ങളോളം നീളുന്ന ഷൂട്ടിംഗുകളും കുടുംബത്തിന്‍റെ കൂട്ടായ്മയും എങ്ങനെ ഒരുമിപ്പിച്ചു കൊണ്ടുപോകുന്നു?
എന്‍റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. ഭാര്യയും രണ്ടു മക്കളുമാണെന്‍റെ കുടുംബം. ഭാര്യ ജിഷ സീനിയര്‍ ന്യൂട്രീഷ്യനായി കിന്‍റര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. മക്കള്‍ ഡോണ്‍ പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി. മകന്‍ ഡെറിക് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി.
കേരളത്തില്‍ എവിടെയാണെങ്കിലും ഷൂട്ടിംഗിന്‍റെ ഇടവേളകളിലെല്ലാം ഞാന്‍ കുടുംബത്തോടൊപ്പം ആയിരിക്കാന്‍ ഒാടിയെത്തും. ദൈവാനുഗ്രഹത്താല്‍ ഇപ്പോഴുള്ള എല്ലാ സിനിമകളും എറണാകുളത്തോ പരിസരപ്രദേശങ്ങളിലോ ആണ്. ഈ ജോലിയുടെ സ്വഭാവം കൃത്യമായി മനസ്സിലാക്കിയ കുടുംബത്തിന്‍റെ പ്രാര്‍ത്ഥനയും സഹകരണവുമാണ് എന്‍റെ ഏറ്റവും വലിയ മൂലധനം.

Leave a Comment

*
*