Latest News
|^| Home -> Cover story -> ജോസഫ് സാര്‍ നീതിമാനായിരുന്നു

ജോസഫ് സാര്‍ നീതിമാനായിരുന്നു

Sathyadeepam

വഴിത്തല രവി

പുതിയ അധ്യയനവര്‍ഷാരംഭത്തില്‍ ഒരദ്ധ്യാപകസ്മരണ.

സ്കൂള്‍ വിദ്യാഭ്യാസകാലത്ത് ഏതെങ്കിലുമൊരു കണക്കുപരീക്ഷയില്‍ ജയിച്ചിട്ടില്ലാത്ത ഒരാള്‍ ലോകത്തുണ്ടെങ്കില്‍ അതു ഞാനായിരിക്കും. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യമുദിക്കുന്നു. കണക്കു പരീക്ഷ ജയിക്കാതെ പത്താം ക്ലാസ്സ് കടന്നുകൂടിയതെങ്ങനെ? സത്യമായിട്ടും ഞാന്‍ പത്താം ക്ലാസ് ജയിച്ചു. അതിനു കാരണക്കാരനായ ഒരു അദ്ധ്യാപകനെപ്പറ്റി പറയാന്‍ വേണ്ടിയാണ് ഈ കുറിപ്പ്.

ക്ലാസ്സിലുള്ള കുട്ടികളെല്ലാം തനിക്ക് സ്വന്തമെന്നു കരുതിയിരുന്ന, വിദ്യാര്‍ത്ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും ഹൃദയം കവര്‍ന്ന ശ്രീ. എന്‍.ഡി. ജോസഫാണ് ആ അദ്ധ്യാപകന്‍. ഏവരുടെയും പ്രിയപ്പെട്ട ജോസഫ്സാര്‍.

മനുഷ്യത്വത്തിന്‍റെയും സ്നേഹത്തിന്‍റെയും സഹജാവബോധത്തിന്‍റെയും പാഠങ്ങള്‍ തനിക്കു ചുറ്റുമുള്ളവരോട് പറഞ്ഞുകൊടുത്തുകൊണ്ട് എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്ത് ഇടുക്കി ജില്ലയോട് ചേര്‍ന്ന് മാറിക എന്ന ഗ്രാമത്തില്‍ പെരുമ്പനാനി വീട്ടില്‍ അദ്ദേഹം വിശ്രമജീവിതം നയിക്കുന്നു.

അക്ഷര വെളിച്ചത്തിനൊപ്പം ജീവിതമൂല്യങ്ങളുടെ മധുരവും പകര്‍ന്നു നല്കിയ അദ്ധ്യാപനത്തിന്‍റെ ആ മഹനീയ മാതൃകയ്ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ വിശിഷ്ട പുരസ്ക്കാരവും സാംസ്കാരിക കേരളത്തിന്‍റെ മറ്റ് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വഴിത്തല സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ അരനൂറ്റാണ്ടു മുമ്പ് പത്താം ക്ലാസ്സില്‍ എന്നെ കണക്കു പഠിപ്പിച്ചിരുന്നത് അദ്ദേഹമാണ്. താഴ്ന്ന ക്ലാസ്സുകളില്‍ നിന്നും മനസ്സിലാക്കേണ്ട അടിസ്ഥാന തത്ത്വങ്ങള്‍ വേണ്ടത്ര ഗ്രഹിക്കാത്തതുകൊണ്ട് കണക്ക് എന്നും കീറാമുട്ടിയോ ബാലികേറാ മലയോ ആയിരുന്നു എനിക്ക്. പരീക്ഷയില്‍ ജയിക്കണമെന്നും എന്തെങ്കിലുമൊരു ജോലി സമ്പാദിക്കണമെന്നുമുള്ള എന്‍റെ ആഗ്രഹം അദ്ദേഹം തിരിച്ചറിഞ്ഞു. വൈകിയവേളയില്‍ എല്ലാം പഠിക്കാന്‍ ശ്രമിക്കുന്നത് സാഹസമായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിരീക്ഷണം. പരീക്ഷയില്‍ ജയിക്കാന്‍ വേണ്ട ചില ‘മന്ത്രങ്ങളും തന്ത്രങ്ങളും’ പലപ്പോഴായി ഗുളികരൂപത്തില്‍ അദ്ദേഹം പറഞ്ഞുതന്നു. ചില ഫോര്‍മുലകള്‍ തിയറികള്‍ ഒക്കെ മുമ്പില്‍ നോക്കാതെ കാണാതെ പഠിച്ചു. അത് ഫലം കണ്ടു. പത്താം ക്ലാസ്സിലെ അവസാന പരീക്ഷയില്‍ കണക്കിന് നൂറില്‍ അമ്പത്തി രണ്ട് മാര്‍ക്ക് എനിക്കു ലഭിച്ചു. ജീവിതത്തില്‍ ആദ്യത്തെയും അവസാനത്തെയും കണക്കു പരീക്ഷയിലുള്ള വിജയം. പരീക്ഷ എഴുതിയത് ഞാനാണെങ്കിലും വിജയിച്ചത് കണക്കു പഠിപ്പിച്ച അദ്ധ്യാപകന്‍ എന്‍.ഡി. ജോസഫ് സാറാണ്. കോളേജ് വിദ്യാഭ്യാസം നേടാനും മൂന്നര പതിറ്റാണ്ടിലേറെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയ്യാനും കഴിഞ്ഞത് ഗുരുജനങ്ങളുടെയും മാതാപിതാക്കളുടെയും അനുഗ്രഹവും പൂണ്യവും.

പഠിപ്പിക്കുന്ന വിഷയത്തില്‍ മാത്രമായിരുന്നില്ല ജോസഫ് സാറിന്‍റെ ശ്രദ്ധ. കുട്ടികളുടെ മനസ്സറിയാനും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശം നല്കാനും എന്നും മുന്‍പന്തിയിലായിരുന്നു അദ്ദേഹം. ഒരിക്കല്‍ ക്ലാസ്സിലെ ഒരദ്ധ്യാപകന്‍റെ വ്യക്തിപരമായ അധിക്ഷേപവും അതേറ്റുപിടിച്ച സഹപാഠികളുടെ പരിഹാസവും താങ്ങാനാവാതെ പഠനം അവസാനിപ്പിക്കുക തന്നെ എന്ന ഘട്ടമായപ്പോള്‍ അദ്ദേഹം പറഞ്ഞു: “സാമ്പത്തികമായും സാമൂഹ്യമായും എല്ലാവരും ഉയരത്തിലായെന്നു വരില്ല. അതിന്‍റെ പേരില്‍ കുറ്റവും കുറവും ചൂണ്ടിക്കാണിച്ചു നിരുത്സാഹപ്പെടുത്തുന്ന വാക്കുകളും പ്രവൃത്തികളും പല കോണില്‍നിന്നുമുണ്ടായെന്നു വരാം. അതിനെയൊക്കെ അതിജീവിക്കാനുള്ള കരുത്തു നേടണം. തളരരുത്; തളര്‍ന്നാല്‍, ആ വീഴ്ചയില്‍ നിന്നും ഒരിക്കലും എഴുന്നേല്ക്കാന്‍ കഴിഞ്ഞെന്നു വരില്ല.”

പല പല കാരണങ്ങളാലും പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളില്‍നിന്നും വരുന്ന കുട്ടികളെ നിരുത്സാഹപ്പെടുത്തുകയോ രണ്ടാം തരക്കാരായി കാണുകയോ ചെയ്യാതെ കരുതലിന്‍റെയും പരിഗണനയുടെയും ഇത്തിരിവെട്ടം പകര്‍ന്നു നല്കിയിരുന്ന എന്‍.ഡി. ജോസഫ് സാറിനെപ്പോലെയുള്ളവര്‍ എന്നും അനുഗ്രഹമായിരുന്നു. അരനൂറ്റാണ്ടു കഴിഞ്ഞിട്ടും അദ്ധ്യാപകദിനം പലതും കഴിഞ്ഞിട്ടും മനസ്സിലുള്ള ആ വിഗ്രഹത്തിനു യാതൊരു ഊനവും തട്ടിയിട്ടില്ല; നാളിതുവരെ.

ആ നന്മയ്ക്കു മുന്നില്‍ എന്‍റെ എളിയ കൂപ്പുകൈ.

* * * * *
വഴിത്തല ഒരു കാര്‍ഷിക ഗ്രാമമായിരുന്നു. പള്ളിയും പള്ളിക്കൂടവുമായിരുന്നു അവിടെ വിദ്യയുടെയും സംസ്കാരത്തിന്‍റെയും പതാകവാഹകര്‍. സ്കൂള്‍ അദ്ധ്യാപകര്‍ അടിസ്ഥാനപരമായി കര്‍ഷകരായിരുന്നു. എട്ടൊമ്പതു മണി വരെ പാടത്തും പറമ്പിലും ജോലി ചെയ്തിട്ടാണു സൈക്കിളില്‍ അവര്‍ സമയത്തിനുമുമ്പേ സ്കൂളില്‍ എത്തിയിരുന്നത്. ജോസഫ് സാറിനെപ്പോലെ സ്നേഹഗോപുരങ്ങളായിരുന്ന ഒട്ടനവധി അദ്ധ്യാപകര്‍ അന്നവിടെ ഉണ്ടായിരുന്നു. കുറച്ചു മഴ നനയണം, കുറച്ചു വെയിലു കൊള്ളണം, കുറച്ചു കളിക്കണം എന്നൊക്കെ ഉപദേശിച്ചിരുന്ന ഫിലിപ്പ്സാര്‍. നാടകവും പാട്ടുംപോലെയുള്ള രംഗാവിഷ്കാരങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്ന എം.എ. ഔസേപ്പ്സാര്‍. തലയിലെ ഒരു തലോടലില്‍ സ്നേഹത്തിന്‍റെ വൈദ്യുതി പടര്‍ത്തിയിരുന്ന കെ.എം. ജോര്‍ജ് സാര്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.
* * * * *

Leave a Comment

*
*