‘സ്നേഹത്തിന്‍റെ ആനന്ദം’ ഉയര്‍ത്തുന്ന അജപാലന സാധ്യതകള്‍

‘സ്നേഹത്തിന്‍റെ ആനന്ദം’ ഉയര്‍ത്തുന്ന അജപാലന സാധ്യതകള്‍

ഡോ. ജേക്കബ് കൊയിപ്പള്ളി

1. പശ്ചാത്തലം
ഫ്രാന്‍സിസ് മാര്‍പാപ്പ 2015-ല്‍ അസാധാരണ സൂനഹദോസ് വിളിച്ചുകൂട്ടി. 2016-ല്‍ 'സ്നേഹത്തിന്‍റെ ആനന്ദം' എന്ന അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു. പ്രസ്തുത പ്രബോധനം പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ത്തന്നെ വാര്‍ത്താവിനിമയ മാധ്യമങ്ങളില്‍ കൗദാശിക വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം ചെയ്തവര്‍ക്ക് വി. കുര്‍ബാനസ്വീകരണം സാധ്യമായിരിക്കുന്നുവെന്നും സഭയുടെ പാരമ്പര്യ നിലപാടുകള്‍ ഫ്രാന്‍സീസ് മാര്‍പാപ്പ മാറ്റിയെന്നും വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. തന്‍റെ മുന്‍ഗാമികള്‍ ശക്തമായി പറഞ്ഞ നിലപാടുകളില്‍നിന്ന് വ്യതിചലിച്ചതുവഴി ഫ്രാന്‍സിസ് പാപ്പ സഭയില്‍ വലിയ വിഭജനങ്ങള്‍ക്ക് വഴിതെളിക്കുന്നുവെന്ന് ചിലര്‍ പ്രസ്താവിച്ചു. കുടുംബങ്ങള്‍ക്കുവേണ്ടി പുറപ്പെടുവിച്ച 'ഫാമിലിയാരിസ് കോണ്‍ സോര്‍ഷ്യോ' എന്ന പ്രബോധനത്തിലെ ചില ആശയങ്ങളോട് 'അമോറിസ് ലത്തീസ്യാ' എന്ന പ്രബോധനം അഭിപ്രായ സമന്വയത്തിലെത്തുന്നില്ല എന്നുള്ളതായിരുന്നു ദൈവശാസ്ത്രജ്ഞരില്‍ കുറേപ്പേരുടെ വിമര്‍ശനത്തിനു കാരണം. 'ദുബിയാ' എന്ന പേരില്‍ 'അമോറിസ് ലത്തീസ്യായില്‍' വിശദമാക്കപ്പെടേണ്ട ഭാഗങ്ങളെക്കുറിച്ച് കര്‍ദ്ദിനാള്‍ സംഘത്തിലെ ചിലര്‍ മാര്‍പ്പാപ്പായ്ക്ക് സ്വകാര്യമായി എഴുതുകയും ആ കത്ത് പിന്നീട് പരസ്യമാക്കപ്പെടുകയും ചെയ്തു.

'അമോറിസ് ലത്തീസ്യാ' വിഭാവനം ചെയ്യുന്ന കാരുണ്യദര്‍ശനം
1. പുതിയനിയമം പഴയനിയമത്തിന്‍റെ പൂര്‍ണ്ണത എന്നപോലെ 'അമോറിസ്ലത്തീസ്യാ' നേരത്തെയുള്ള പ്രബോധനങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് നല്കുന്നു. നേരത്തെയുള്ള പ്രബോധനങ്ങള്‍ക്ക് ഘടകവിരുദ്ധമായി പോകാന്‍ 'അമോറിസ് ലത്തീസ്യാ'യില്‍ നിര്‍ദ്ദേശങ്ങളില്ല.

2. പ്രത്യേക സാഹചര്യങ്ങളിലും നിസ്സഹായ അവസ്ഥകളിലുമായിരിക്കുന്നവരെ കണ്ടെത്തി അവരെ സഭയുടെ പൂര്‍ണ്ണമായ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ അജപാലകര്‍ ശ്രമിക്കണമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശം.

3. സഭയുടെ മുഖം കരുണാമയനായ കര്‍ത്താവിന്‍റെ മുഖമാവണമെന്നും ഈശോമിശിഹായുടെ മനസ്സോടെ പ്രശ്നബാധിതരെ നോക്കിക്കാണണമെന്നുമുള്ള ആഹ്വാനം.

4. സഭയ്ക്ക് ആരെയും അവഗണിക്കാനോ മാറ്റിനിര്‍ത്താനോ ആവില്ല. തകര്‍ന്നവര്‍ക്കും മുറിവേറ്റവര്‍ക്കും വി. കുര്‍ബാന ഒരൗഷധമാണ്.
ഫ്രാന്‍സിസ് ദര്‍ശനത്തിലെ പ്രായോഗികത

കേരളത്തിലെയോ ഭാരതത്തിലെയോ മെത്രാന്‍ സമൂഹം പ്രസ്തുത പ്രബോധനത്തെക്കുറിച്ച്, ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ പറഞ്ഞതായി അറിവില്ല. ചില സെമിനാറുകള്‍ക്കൊണ്ട് ഏകദേശം എല്ലാം അവസാനിച്ച മട്ടായി.

ചര്‍ച്ചകളും, തുടര്‍വിചിന്തനങ്ങളും അനിവാര്യമാക്കിയിരിക്കുന്ന ഒരു പ്രബോധനമാണ് സ്നേഹത്തിന്‍റെ ആനന്ദം. പ്രാദേശിക സഭകളുടെ വ്യക്തിപരതയനുസരിച്ച് പ്രശ്നങ്ങളിലായിരിക്കുന്നവരെ അനുധാവനം ചെയ്യാനുള്ള നൂതന വഴികള്‍ കണ്ടെത്താന്‍ കഴിയണം. കേരളത്തിന്‍റെ സാഹചര്യത്തിലുള്ള ഒരു നിയമം സൃഷ്ടിക്കാന്‍ വത്തിക്കാന് സാധിച്ചെന്നിരിക്കയില്ല. അവര്‍ക്ക് തരാന്‍ കഴിയുന്നത് പൊതുവായ നിയമങ്ങളാണ്. ആ നിയമങ്ങള്‍ പ്രായോഗികതയില്‍ എത്തിക്കാന്‍ കേരളത്തിലെ സഭാനേതൃത്വമാണ് മുന്‍കൈ എടുക്കേണ്ടത്.

പുനര്‍ വിവാഹിതര്‍ക്ക് വി.കുര്‍ബാന സ്വീകരണം സാധ്യമോ?
കൗദാശികമായി വിവാഹം ചെയ്യപ്പെട്ടവരും കൗദാശിക പങ്കാളി ജീവിച്ചിരിക്കവേ, മറ്റു ബന്ധങ്ങളിലേക്ക് കുടിയേറുന്നവരെയുമാണ് ഇവിടെ ഉദ്ദേശിക്കുക. ഇപ്രകാരമുള്ള ബന്ധങ്ങള്‍ വി. ഗ്രന്ഥദൃഷ്ടിയില്‍ വ്യഭിചാര ബന്ധങ്ങളാണ്. ദൈവം യോജിപ്പിച്ചതില്‍ മനുഷ്യന്‍ വരുത്തുന്ന ക്രമക്കേടാണ്. അത്തരം ബന്ധം വിവാഹത്തിന്‍റെ ലക്ഷ്യം തന്നെയായ കൂട്ടായ്മ തകര്‍ക്കുന്ന ബന്ധങ്ങളാണ്, വളരെ പ്രത്യേകിച്ച് സന്താനങ്ങളോടു കൂടി സ്ത്രീയെ ഉപേക്ഷിക്കുന്നത്, സന്താനങ്ങളെ ഉപേക്ഷിച്ച് മറ്റ് മനുഷ്യന്‍റെ കൂടെ ഇറങ്ങിപോവുക എന്നൊക്കെയുള്ളത്. ദൈവമുമ്പില്‍ സമൂഹത്തെ സാക്ഷിയാക്കി എടുത്ത പ്രതിജ്ഞകളെ നിര്‍ഭയം-കാറ്റില്‍ പറത്തുന്ന പ്രക്രിയയാണ് അത്തരം മനോഭാവങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കാപട്യങ്ങള്‍ അവരെ വി. കുര്‍ബാന സ്വീകരണത്തിന് അയോഗ്യരാക്കുന്നു. ഇതില്‍ സംശയങ്ങളുടെ ആവശ്യമേയില്ല. തങ്ങള്‍ക്ക് കുര്‍ബാന സ്വീകരിക്കണം എന്ന് അവര്‍ക്ക് അവകാശപ്പെടാനാവില്ല.

അനുധാവനം കുര്‍ബാന സ്വീകരണത്തിലേക്ക് നയിക്കപ്പെടാമോ?
ബലഹീനതകളുടെ മേഖലകളില്‍ വ്യാപരിക്കുന്ന എല്ലാവരിലേക്കും കരുതലിന്‍റെ കരങ്ങള്‍ നീട്ടാന്‍ കടപ്പെട്ടവരാണ് വൈദികര്‍, കുടുംബം സമൂഹത്തിന്‍റെ എന്ന പോലെ സഭയുടെയും നട്ടെല്ലാണ്. അതിനാല്‍തന്നെ തകരുന്ന കുടുംബങ്ങളിലും പുതുതായി പടുത്തുയര്‍ത്തപ്പെടുന്ന ബന്ധങ്ങളിലും അതിന്‍റെ ധാര്‍മ്മികനിലവാരങ്ങള്‍ നോക്കാതെ തന്നെ അവരുടെ ഇടയില്‍ ദൈവരാജ്യത്തിന്‍റെ പുളിമാവായി വര്‍ത്തിക്കാന്‍ പുരോഹിതന്‍ കടപ്പെട്ടവനാണ്.

വിവാഹത്തിലെ പ്രതിജ്ഞയെ നിരാകരിച്ച് മക്കളേയും പങ്കാളിയേയും ഉപേക്ഷിച്ചു പോവുകയും-ഇനി ഒരിക്കലും തിരിച്ചും വരാത്തവണ്ണം, മറ്റു ബന്ധങ്ങളില്‍ ജീവിക്കുകയും ചെയ്യുന്ന നിരവധി ആള്‍ക്കാരുണ്ട്. എന്നാല്‍ ജീവിതത്തിന്‍റെ അറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കുവാന്‍ കഴിയാതെ, പുതിയ ബന്ധങ്ങളിലേക്ക് തങ്ങളെത്തന്നെ ചേര്‍ത്ത് വയ്ക്കേണ്ടി വരുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ പ്രത്യേകമാംവിധം കാരുണ്യം അര്‍ഹിക്കുന്നു. അവര്‍ക്ക് ജീവിതകാലം മുഴുവന്‍ കുര്‍ബാന സ്വീകരിക്കുവാന്‍ കഴിയാതെ വരുക എന്നത് അജപാലനപരമായി ഏറെ ദുഃഖമുണ്ടാക്കുന്ന സാഹചര്യമാണ്.

ഇങ്ങനെയുള്ള പല കൂടിതാമസങ്ങളും നമ്മുടെ അനുധാവനത്തിന് അതീതമായി നില്‍ക്കുന്നതുപോലെ തോന്നാറുണ്ട് – ഇങ്ങനെയുള്ളവര്‍ വളരെയേറെ കാരുണ്യം അര്‍ഹിക്കുന്നവരാണ്. അവര്‍ അനുതാപമുള്ളവരാണ്, എന്നാല്‍ പഴയ ജീവിതത്തിലേക്ക് പോകാന്‍ ഒരു കാലത്തും കഴിയാത്തവരാണ്. അവരുടെ നിഷ്കളങ്കതയും ഗത്യന്തരമില്ലായ്മയില്‍ ഉടലെടുത്ത പുതിയ ബന്ധവും, കൂട്ടായ്മ ലംഘിക്കാനോ, വ്യഭിചാരത്തില്‍ ഏര്‍പ്പെടാന്‍ കൊതിച്ചോ, എടുത്ത പ്രതിജ്ഞകള്‍ക്ക് വിലകൊടുക്കാഞ്ഞതോ മൂലമല്ല അവര്‍ക്ക് ആദ്യ വിവാഹം നഷ്ടപ്പെട്ടത്. അങ്ങനെയുള്ളവര്‍ക്ക് ജീവിതകാലം മുഴുവനും വി. കുര്‍ബാന മുടക്കപ്പെടുന്നു എന്നത് വ്യക്തിക്കും കുടുംബത്തിനും അജപാലനശുശ്രൂഷ നന്നായി നിര്‍വഹിക്കുന്ന പുരോഹിതനും പ്രയാസമുണ്ടാക്കുന്ന അവസ്ഥയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പലപ്പോഴും വിശുദ്ധ കുര്‍ബാന എന്നത് പലര്‍ക്കും അവരുടെ മുറിവുകള്‍ ഉണങ്ങുവാന്‍ ഏറ്റം അനുയോജ്യമായ ഔഷധം ആണെന്ന് അമോറിസ് ലത്തിസിയ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്.

ഇപ്രകാരം മുറിവേറ്റ് നില്‍ക്കുന്ന ദമ്പതികളോട് നാം കാട്ടുന്ന അജപാലന അനുധാവനം അവരെ വി. കുര്‍ബാന സ്വീകരണത്തിലെത്തിക്കുവാന്‍ പര്യാപ്തരാക്കുമോ? ഇത് വളരെ പ്രസക്തമായ ചോദ്യമാണ്. ഫമിലിരിസ് കൊണ്‍സോര്‍ഷിയോയും, 'എക്ലേസിയാദ് യവുക്കരിസ്തിയും' കൗദാശിക ബന്ധം വേര്‍പ്പെടുത്തി പുതിയ ബന്ധത്തിലായിരിക്കുന്നവര്‍ക്ക് പ്രസ്തുത അവസ്ഥയിലായിരിക്കുമ്പോള്‍ കുര്‍ബാന സ്വീകരണം അസാധ്യമാണെന്ന് പഠിപ്പിക്കുന്നു. അജപാലന കാരുണ്യത്തിന്‍റെ പേരില്‍ അത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല എന്നും വ്യക്തമായി പഠിപ്പിക്കുന്നു. ഇത്തരം സന്ദര്‍ഭത്തില്‍ അജപാലന അനുധാവനത്തിന് അമോറിസ് ലത്തിസിയാ നല്‍കുന്ന പ്രാധാന്യത്തിന് എത്രമാത്രം മുമ്പോട്ട് പോകുവാന്‍ കഴിയും?

അമോറിസ് ലത്തിസിയുടെ ആഭിമുഖ്യം എന്തുകൊണ്ടും അഭിനന്ദനീയമാണ്. ഇതുവരെയും നേരിട്ടതുപോലെ പോരാ, സഭ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ എന്നും ധൈര്യമായ ചുവടുവയ്പ്പുകള്‍ ഇനിയും നടത്തണമെന്നും അമോറിസ് ലത്തിസായിലൂടെ വ്യക്തമാക്കുന്നു.

ഫാമിലിയാരിസ് കൊണ്‍സോര്‍ഷ്യായിലും എക്ലേസിയ ദ് യവൂക്കരിയസ്തിയിലും, വിവാഹ മോചിതരായി പുനര്‍ വിവാഹം ചെയ്തവരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ പരിഗണിക്കണമെന്നും സന്താന പരിപാലനത്തിനായ് ഒരു കൂട്ട് ആവശ്യമായി വരുന്ന അവസരത്തില്‍ അവര്‍ക്ക് അതിനുതകുന്ന ആളെ തേടാമെന്നും സഹോദരി സഹോദരന്മാരായി ജീവിക്കണമെന്നും അപ്പോള്‍ കൂദാശകള്‍ക്കു മുടക്കം വരികയില്ലെന്നും സഭ പഠിപ്പിച്ചിട്ടുണ്ട്. ഇത് വളരെ അപ്രായോഗികമായ ഒരു നിര്‍ദ്ദേശമാണ് പ്രത്യേകിച്ചും ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ ഈ ആനുകൂല്യത്തിന് യാതൊരു പ്രസക്തിയുമില്ല. അധാര്‍മ്മികമായി ചിത്രീകരിക്കാവുന്ന ഒരു കൂടിതാമസമായേ അത് പരിഗണിക്കപ്പെടുകയുള്ളൂ.

പുരോഹിതനും പ്രശ്ന പരിഹാരവും
വിവാഹം എന്ന യാഥാര്‍ത്ഥ്യം അതിന്‍റെ നിറവില്‍ ജീവിക്കാത്തവരുടെ സാഹചര്യങ്ങള്‍ അജപാലനപരമായി വിവേചിച്ചറിയാന്‍ വൈദികര്‍ക്ക് ചുമതലയുണ്ട് എന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു. അവരുമായി അജപാലന സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ നാം തിരിച്ചറിയുന്ന ചില വസ്തുതകളുണ്ട്.

1. ക്രമമായ ജീവിത സാഹചര്യങ്ങളെ മനപ്പൂര്‍വ്വം ഉപേക്ഷിച്ച് തകര്‍ച്ചകളിലേക്ക് വീണ്, പുതിയ ബന്ധങ്ങള്‍ സ്ഥാപിച്ചവര്‍-ഹൃദയ കാഠിന്യവും തെറ്റുകള്‍ തിരിച്ചറിയാനുള്ള വിമുഖതയും മൂലം ദേവാലയത്തേയും വിശ്വാസികളേയും പുരോഹിതരേയും ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നവര്‍. അങ്ങനെയുള്ളവരെ അജപാലന ശുശ്രൂഷയില്‍ ഒഴിച്ചു നിര്‍ത്താനാവില്ല. അവരുടെ തെറ്റുകളേക്കുറിച്ച്, ബോധമുള്ളവരാക്കുവാനും അനുതപിച്ച് പ്രാര്‍ത്ഥിക്കാന്‍ പരീശീലനം നല്‍കിയും അവരെ ഉള്‍ച്ചേര്‍ത്തു നിര്‍ത്തുവാന്‍ സഭയ്ക്ക് കടമയുണ്ട്.

2. വിശ്വാസം പണ്ടേ നഷ്ടമായവര്‍, തങ്ങളുടെ ഭൗതികതയില്‍ മുഴുകി ജീവിക്കുന്ന ഒന്നിനോടും കൂസലില്ലാതെ ജീവിക്കുന്ന ഇവര്‍ക്കിടയിലും രക്ഷയുടെ വചനം വിതയ്ക്കപ്പെടണം.

3. തികഞ്ഞ അനീതികളില്‍ പെട്ടുപോയവര്‍, ആദ്യ ജീവിതപങ്കാളിയാല്‍ ഉപേക്ഷിക്കപ്പെട്ടവരും, നിസ്സഹായതയാല്‍ രണ്ടാം ബന്ധത്തിന് വിധിക്കപ്പെട്ടവരും തല്‍ഫലമായി മാനസികമായ തളര്‍ച്ചയിലും മുറിവുകളിലും കഴിയുന്നവര്‍. അങ്ങനെയുള്ള സാഹചര്യത്തില്‍ പുനര്‍ വിവാഹം ചെയ്യേണ്ടിവരുന്നവര്‍-സഭയുടെ വിവാഹനിയമങ്ങള്‍ക്ക് എതിരായി ജീവിക്കാന്‍ ആഗ്രഹിച്ചവരല്ലാത്തതിനാല്‍ തന്നെ അ ങ്ങനെയുള്ളവരുടെ സാഹചര്യങ്ങള്‍ പരിഗണിക്കപ്പെടണം.

ഇങ്ങനെയുള്ളവര്‍ക്ക് യാതൊരാലോചനയുമില്ലാതെ കുര്‍ബാന കൊടുത്ത് വിപ്ലവകാരികളാകണമെന്നല്ല ഞാനുദ്ദേശിക്കുക. എന്നാലും രണ്ടു ചോദ്യങ്ങള്‍ പ്രസക്തങ്ങളാണ്.

1. നിസ്സഹായതയില്‍ തുരുത്തുകള്‍ തേടിയവര്‍, പൂര്‍ണ്ണമായി അനുതപിക്കുകയും തങ്ങള്‍ ജീവിക്കുന്ന ബന്ധം വൈവാഹികതയുടെ പൂര്‍ണ്ണ അവസ്ഥയിലല്ലെന്ന്, മനസ്സിലാക്കുമ്പോഴും രണ്ടാം ബന്ധത്തില്‍ ക്രിസ്തീയ അരൂപിയില്‍ ജീവിക്കുകയും ഈശോയെ സ്വീകരിക്കുവാന്‍ പശ്ചാത്താപപൂര്‍വ്വവും ഒരുങ്ങുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് വി. കുര്‍ബാന നല്കിയാല്‍ കുര്‍ബാനയുടേതോ അവിഭാജ്യമായ വിവാഹത്തിന്‍റെയോ വില നഷ്ടപ്പെടുമോ? ദൈവം യോജിപ്പിച്ചത് വേര്‍പെടുത്തി മറ്റെവിടെയോ പോയി വെറൊരു കൂട്ടുമായി ജീവിക്കുന്നയാളുടെ പങ്കാളിയായിരുന്ന വ്യക്തി ഈ സമൂഹത്തിലനുഭവിക്കേണ്ടിവരുന്ന യാതനകള്‍ സഭ പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടുണ്ടോ? വിവാഹ മോചിതയായ ഒരു യുവതിക്ക് മറ്റൊരു തുണയില്ലാതെ (കേരളത്തില്‍) ക ഴിഞ്ഞുകൂടുക പ്രയാസമാണ്. അവള്‍ ചെറുപ്പമാണെങ്കില്‍ അവളുടെ അവസ്ഥ വളരെ പരിതാപകരമാണ്. അവള്‍ക്ക് വരുന്ന ഫോണ്‍ കോളുകള്‍, അവളുടെ ചുറ്റും കൂടുന്ന സ്നേഹാഭ്യര്‍ത്ഥനകള്‍, അവള്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന സഹായങ്ങള്‍ അവസരങ്ങള്‍, ഇങ്ങനെയൊരു അവസ്ഥയില്‍ ഒരു ബന്ധം രൂപപ്പെടുത്താതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേയ്ക്ക് അവള്‍ വലിച്ചിഴയ്ക്കപ്പെടും. ഇത് അവള്‍ സ്വയം വരുത്തി വച്ച അവസ്ഥയല്ലാത്തപ്പോള്‍ എല്ലാ നിയമകുരുക്കുകളും അഴിയുന്നതുവരെ കാത്തുനില്‍ക്കാന്‍ അവള്‍ക്കായില്ല എന്നു വരാം-അങ്ങനെയുള്ള അവസ്ഥയിലാണ് അവള്‍ – പുതിയൊരു ബന്ധത്തിലേയ്ക്ക് തിരിഞ്ഞതെന്നും അതില്‍ അവള്‍ ദൈവകാരുണ്യം യാചിച്ച് ജീവിക്കുന്നുണ്ടെന്നും ഒരു പുരോഹിതന്‍ അജപാലന സംഭാഷണത്തില്‍ തിരിച്ചറിയുമ്പോള്‍ ഈ ആത്മാവിനെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കാറുണ്ടോ?

2. പുരോഹിതന് ഈ അവസരത്തില്‍ കേള്‍ക്കുക, ആശ്വസിപ്പിക്കുക എന്നതിലുപരി കൗദാശിക സ്വീകരണത്തിനായി എന്തെങ്കിലും കൂടുതല്‍ ചെയ്യാനാകുമോ?

വ്യക്തിപരമായ സംസാരത്തില്‍ ഒരു പുരോഹിതന് മറ്റാരെയുംകാള്‍ ഉപരി തന്‍റെ മുമ്പിലിരിക്കുന്ന വ്യക്തിയുടെ ആന്തരികത തിരിച്ചറിയാന്‍ കഴിയും. അയാളുടെ യഥാര്‍ത്ഥമായ അനുതാപം, തന്‍റെ ഉള്ളില്‍ ഈശോയെ സ്വീകരിക്കാനുള്ള ആഗ്രഹം, താനായിരിക്കുന്ന അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവ്, ദൈവം ആഗ്രഹിക്കുന്ന ബന്ധമായി പുതിയ ബന്ധത്തെ വാര്‍ത്തെടുക്കാനുള്ള ആഗ്രഹം ഇവയൊക്കെ കണക്കിലെടുത്ത് പ്രസ്തുത വ്യക്തിക്കുവേണ്ടി അതിരൂപതാ കോടതിക്കുമുമ്പിലും അതിരൂപത അദ്ധ്യക്ഷന്‍റെ മുമ്പിലും നിലകൊള്ളുവാനും, അവരുമായി ഉണ്ടായ ആന്തരിക സംഭാഷണത്തിലൂടെ തിരിച്ചറിയപ്പെട്ട നിരപരാധിത്വത്തെ ഉയര്‍ത്തിക്കാട്ടുവാനും അവര്‍ അനുഭവിക്കുന്ന അനീതിയെ ചൂണ്ടിക്കാട്ടി അവരുടെ ആദ്യവിവാഹത്തെ അസാധുവാക്കി പ്രഖ്യാപിക്കാന്‍ സാധ്യമായ നടപടികള്‍ ഉണ്ടോ എന്ന് അഭ്യര്‍ത്ഥിക്കുവാനും കഴിയുമോ? തുടര്‍ നടപടിയായി അങ്ങനെയുള്ളവരുടെ വിവാഹം ദേവാലയത്തില്‍ വച്ച് കൗദാശിക മാനത്തിലേക്ക് ഉയര്‍ത്തുകയും, അവരുടെ ദിവ്യകാരുണ്യ അനുഭവത്തിന് സഹായിയാവുകയും ചെയ്യുക എന്നതൊക്കെ ഇനിയും സാധ്യമായ കാര്യങ്ങളല്ലേ?

ഇവിടെ നാം ചെയ്യുക പാരമ്പര്യങ്ങളെയോ സഭാ പ്രബോധനങ്ങളെയോ മറികടക്കുകയല്ല. മറിച്ച് അര്‍ഹമായ ആനുകൂല്യങ്ങളിലേക്ക്, ദൈവം പങ്കുവയ്ക്കുന്ന കരുണയിലേക്ക് അനുതപിച്ച് കാത്തു നില്‍ക്കുന്നവരെ പരിഗണിക്കുക എന്നുള്ളത് മാത്രമാണ്. മാമ്മോദിസാ സ്വീകരണം ഒരുവനെ പൗരസ്ത്യ സഭാ ചിന്താധാരകളിലെങ്കിലും തിരുശരീര സ്വീകരണത്തിന് അടിസ്ഥാന യോഗ്യത നല്‍കുന്നു. കൊലപാതകം നടത്തിയവന്‍ അനുതപിക്കുമ്പോള്‍ നാം കുര്‍ബാന കൊടുക്കുന്നു. അവന് ഒരിക്കലും അവന്‍ കൊല ചെയ്ത ആളെ ജീവിപ്പിക്കുന്നില്ല. വ്യഭിചാരം ചെയ്യുന്നവന് അനുതപിക്കാനേ കഴിയൂ അവന് വ്യഭിചാരം എന്ന ചെയ്തുപോയ പ്രവൃത്തിയെ ഇല്ലാതാക്കാന്‍ കഴിയില്ല, അവനും അനുതപിച്ച് കുര്‍ബാന സ്വീകരിക്കാനാവുന്നു. അര്‍ഹതയില്ലാത്തവര്‍ക്ക് കുര്‍ബാന കൊടുക്കുവാന്‍ അമോറിസ് ലത്തിസിയ പഠിപ്പിക്കുന്നില്ല. അര്‍ഹത എന്നതില്‍ അജപാലനവും കരുണയും വ്യാപകമാക്കുക എന്ന ആഹ്വാനം ഒരു തരത്തിലും വി. കുര്‍ബാനയുടെ മഹത്ത്വമോ വിവാഹത്തിന്‍റെ അവിഭാജ്യതയെയോ നഷ്ടപ്പെടുത്തുകയോ കുറച്ചു കാണിക്കുകയോ ചെയ്യുന്നില്ല. മറിച്ച് അനുതാപത്തോടും ഒരുക്കത്തോടുംകൂടി, തങ്ങള്‍ക്കാവുംവിധം പരിശ്രമിച്ചവരുടെ അദ്ധ്വാനത്തിനു മുമ്പില്‍ പടിവാതില്‍ക്കല്‍ പുത്രനെയും കാത്തു നില്‍ക്കുന്ന പൂര്‍ണ്ണതയുള്ള പിതാവിന്‍റെ പൂര്‍ണ്ണതയിലേക്കുള്ള സഭയുടെ വളര്‍ച്ചയുടെ ഭാഗമാണ്.

(ചങ്ങനാശ്ശേരിയിലെ ജോണ്‍ പോള്‍ II ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി സ്റ്റഡീസായ 'കാന'യുടെ വൈസ് പ്രസിഡന്‍റാണ് ലേഖകന്‍.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org