ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും

ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും

പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ ഒരു ആത്മവിചാരം


ജസ്റ്റിസ് കുര്യന്‍ ജോസഫ്

(റിട്ട. സുപ്രീം കോടതി ജഡ്ജി)

പരിശുദ്ധാത്മാവിനെ ഈശോ നമുക്കു വാഗ്ദാനം ചെയ്തത് സഹായകനായിട്ടാണ്. ആ സഹായകനാണ് നമ്മെ വിശുദ്ധീകരിക്കുന്നത്, ശക്തിപ്പെടുത്തുന്നത്, നീതീകരിക്കുന്നത്, മഹത്വീകരിക്കുന്നത്. ആ സഹായകന്‍റെ ബലത്തിലാണ് നമ്മള്‍ വിശുദ്ധ രഹസ്യങ്ങള്‍ തിരിച്ചറിയുന്നതും ദൈവസ്നേഹത്തിന്‍റെ പൂര്‍ണതയില്‍ എത്തുന്നതും. ആ പരിശുദ്ധാത്മാവിനെ നമ്മള്‍ അറിയുന്ന ഒരു ഭാഗം അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ രണ്ടാമത്തെ അധ്യായത്തില്‍ തീനാവുകളുടെ രൂപത്തില്‍ അവിടെ സമ്മേളിച്ചിരുന്നവരുടെ മുകളില്‍ വന്നു നില്‍ക്കുന്നതായി കണ്ടു എന്ന വചന ഭാഗത്തിലാണ്.

രണ്ടാമത്തെ അധ്യായത്തില്‍ മൂന്നാമത്തെ തിരുവചനത്തില്‍ നാം വായിക്കുന്നു, അവര്‍ ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ കൊടുങ്കാറ്റടിക്കുന്ന പോലെ വലിയൊരു ശബ്ദമുണ്ടായി. അത് ആ വീടു മുഴുവന്‍ നിറഞ്ഞു. ഒരുമിച്ചു കൂടുക എന്നുള്ളതിനു വലിയ പ്രസക്തിയുണ്ട്. ഈശോയുടെ പീഡാനുഭവത്തിനും മരണത്തിനും ശേഷ പരിശുദ്ധ അമ്മ എല്ലാവരെയും ഒരുമിച്ചു കൂട്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണു നമ്മള്‍ നടപടി പുസ്തകത്തില്‍ വായിക്കുന്നത്. പരിശുദ്ധ അമ്മ എവിടെയുണ്ടോ അവിടെ പരിശുദ്ധാത്മാവുണ്ട്. ഒരര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവിനെ ഏറ്റവും തീക്ഷ്ണതയോടെ സ്വീകരിക്കാന്‍ നമുക്കു സഹായം ചോദിക്കാവുന്നത് പരി. അമ്മയോടു തന്നെയാണ്. ആ അമ്മ എന്താണു ചെയ്തത്? ഒരുമിച്ചു കൂട്ടി. പരിശുദ്ധാത്മാവിന് നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ ഈ ഒരുമ വളരെ പ്രധാനപ്പെട്ടതാണ്.

നമ്മുടെ ഒരുമയുടെ ആദ്യവേദി ഗാര്‍ഹികസഭയായ ഭവനങ്ങളാണ് രണ്ടാമത്തേത് നമ്മുടെ സഭ സമ്മേളിക്കുന്ന ഇടവകയാണ്. പിന്നെ സഭയുടെ രൂപതകളാണ്. വിവിധ സഭകള്‍ക്ക് അവരവരുടേതായ ഓരോ സംവിധാനങ്ങളുണ്ട്. ഓരോ സംവിധാനവും ഓരോ സമൂഹത്തെയാണു സൂചിപ്പിക്കുന്നത്. ഈ സമൂഹങ്ങളില്‍ നമുക്ക് ഒരുമയുണ്ടോ? ഒരുമയില്ലാത്തിടത്ത് പരിശുദ്ധാത്മാവിനു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. കാരണം, പരിശുദ്ധാത്മാവ് തരുന്നത് അനുരഞ്ജനമാണ്. അനുരഞ്ജനത്തിന്‍റെ ഫലമായി നമുക്കു ലഭിക്കുന്നത് ശാന്തതയാണ്. ശാന്തമായിട്ടിരിക്കുമ്പോഴാണ് ആ ശബ്ദം കേള്‍ക്കാന്‍ നമുക്ക് സാധിക്കുക. ശാന്തി ഇല്ല എന്നുണ്ടെങ്കില്‍, സ്വസ്ഥതയില്ലായെങ്കില്‍ അവിടെ കോലാഹലമായിരിക്കും. കോലാഹലമാണെങ്കില്‍ ഇടിമുഴക്കം പോലുള്ള ശബ്ദം ഉണ്ടായാലും നാം തിരിച്ചറിയില്ല. അപ്പോള്‍ പരിശുദ്ധാത്മാവിന് ഒരു വീടിനുള്ളിലും നിറയാന്‍ സാധിക്കില്ല. പന്തക്കുസ്ത തിരുനാളിനെക്കുറിച്ച് നാം പ്രാര്‍ത്ഥിച്ചൊരുങ്ങുമ്പോള്‍ ഈ ചിന്ത ഉണ്ടാകണം. നമ്മുടെ ഭവനത്തിലായാലും ഇടവകയിലായാലും സഭകളിലാണെങ്കിലും തമ്മില്‍ തമ്മിലാണെങ്കിലും സമാധാനമുണ്ടാകണം, സ്വസ്ഥത ഉണ്ടാകണം ഒരുമ ഉണ്ടാകണം.

നാമെല്ലാവരും യേശുക്രിസ്തുവിന്‍റെ പേരിലാണ് ഇപ്രകാരം ഒരു സഭയായി നിലകൊള്ളുന്നത്. ആ സഭയുടെ ഉദ്ദേശം തന്നെ യേശുക്രിസ്തുവിലേക്ക് നമ്മെ നയിക്കുക എന്നുള്ളതാണ്, യേശുക്രിസ്തുവില്‍ എത്തിച്ചേരുക എന്നുള്ളതാണ്. യേശുക്രിസ്തുവിനെപ്രതിയാണ് നാം ഒരുമിക്കുന്നത് എന്നുണ്ടെങ്കില്‍ പിന്നെ നമുക്കിടയില്‍ ഭിന്നിപ്പിന് അര്‍ത്ഥമില്ല. നമ്മുടെ ഇടയില്‍ ഭിന്നിപ്പോ, മാത്സര്യമോ, വൈരാഗ്യമോ, വിദ്വേഷമോ, അസൂയയോ ഒന്നും ഉണ്ടാകരുത്. അത്തരം സാഹചര്യങ്ങളില്‍ ദൈവാത്മാവിനു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അവിടെയൊന്നും നമുക്ക് യേശു ക്രിസ്തുവിനെ വെളിപ്പെട്ടു കിട്ടുകയുമില്ല. അങ്ങനെയുള്ളപ്പോള്‍ ബലി പോലും അര്‍പ്പിക്കേണ്ട എന്നാണു യേശു പറഞ്ഞിട്ടുള്ളത.് അതുകൊണ്ട് ഈ പന്തക്കുസ്ത തിരുനാളിന് ഒരുങ്ങുമ്പോള്‍ സ്നേഹത്തോടെ ഒരുമിച്ചിരിക്കാനുള്ള കൃപയ്ക്കായി നമുക്കു പ്രാര്‍ത്ഥിക്കാം. "പരിശുദ്ധാത്മാവേ, പരിശുദ്ധാത്മാവ് തന്നെ ഞങ്ങളെ ശക്തിപ്പെടുത്തണമെ. ഞങ്ങളില്‍ ഉള്ള അനൈക്യങ്ങളും ഞങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങളും, ഞങ്ങളിലെ അസ്വസ്ഥതകളും ഞങ്ങള്‍ തമ്മിലുള്ള അസ്വസ്ഥതകളും എല്ലാം മാറ്റി സ്വസ്ഥതയോടെ, സന്തോഷത്തോടെ, സമാധാനത്തോടെ, സ്നേഹത്തോടെ, ആനന്ദത്തോടെ, കൃപയോടുകൂടി പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ തക്കവണ്ണം ഒരുമിച്ചിരിക്കാന്‍ തക്കവിധം ഞങ്ങളുടെ ഭവനങ്ങളെ ഒരുക്കണമെ. ഞങ്ങളുടെ മാതാപിതാക്കളും സഹോദരി സഹോദരന്മാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന്, പൊറുത്ത് കുടുംബം ഒരുമിച്ചിരിക്കാനും ഞങ്ങളുടെ ഇടവകയിലെ വലിപ്പച്ചെറുപ്പ വ്യത്യാസങ്ങളും മറ്റ് അഭിപ്രായ ഭിന്നതകളുമെല്ലാം മറന്നും ക്ഷമിച്ചും പ്രാര്‍ത്ഥിക്കുന്ന സമൂഹമായി മാറാനും ഇടവകയെ അനുഗ്രഹിക്കണമെ. ഞങ്ങളുടെ രൂപതകള്‍ക്കുള്ളില്‍ വന്നു കൂടിയിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളോ അസ്വസ്ഥതകളോ തെറ്റിദ്ധാരണകളോ എല്ലാം ഈശോയെപ്രതി മറക്കാനും പൊറുക്കാനും ഒരുമയുടെ ഒരു പുതിയ സന്ദേശം ലഭിക്കാനും അതിലൂടെ പരിശുദ്ധാത്മാവിന്‍റെ നിറവുണ്ടാകുവാനും ഞങ്ങളെ അനുഗ്രഹിക്കണമെ." നമ്മുടെ സഭകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും അസ്വസ്ഥതകളും ഭിന്നിപ്പുകളും മാറി സ്വസ്ഥതയും സമാധാനവും നല്‍കണമെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം. കാരണം യേശുക്രിസ്തുവിന്‍റെ ആത്മാവ് ഭിന്നിപ്പിന്‍റെ ആത്മാവല്ല, സ്വസ്ഥതയുടെ സമാധാനത്തിന്‍റെ, ഐക്യത്തിന്‍റെ, അനുരഞ്ജനത്തിന്‍റെ ആത്മാവാണത്. ആ സന്ദേശമാണ് പന്തക്കുസ്താ തിരുനാളില്‍ നാം ഈ ലോകത്തില്‍ പങ്കുവയ്ക്കേണ്ടത്.

പന്തക്കുസ്തയില്‍ അവരുടെ ഓരോരുത്തരുടെയും മേല്‍ അഗ്നിനാളമായി പരിശുദ്ധാത്മാവ് ഇറങ്ങിവന്നു. അതുപോലെ നമ്മുടെ എല്ലാവരുടെയും മേല്‍ പരിശുദ്ധാത്മാവിന്‍റെ നിറവുണ്ടാകും. നാം ഒരുങ്ങി പ്രാര്‍ത്ഥിക്കണം എന്നുമാത്രം. ഒരുങ്ങി പ്രാര്‍ത്ഥിച്ചു കഴിയുമ്പോള്‍ മാത്രമേ പരിശുദ്ധാത്മാവിന്‍റെ ലഭ്യത നമുക്ക് ഉണ്ടാകൂ. പരിശുദ്ധാത്മാവിനെ ഇപ്രകാരം സ്വീകരിച്ചു കഴിയുമ്പോഴാണ് നമുക്ക് വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ സാധിക്കൂ. നമുക്ക് ഒരു ഭാഷയെ അറിയാവൂ. പക്ഷേ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ അനുഗ്രഹിക്കും. നമ്മെ ശ്രവിക്കുന്ന ആളുകള്‍ വിവിധ സ്വഭാവക്കാരാണ്, വിവിധ തരക്കാരാണ്, വിവിധ പ്രകൃതക്കാരാണ്, വിവിധ സമൂഹങ്ങളില്‍ പെട്ടവരുമാണ.് പക്ഷേ അവരവരുടെ അന്തസ്സിന് യോജിച്ച വിധത്തില്‍ നമുക്ക് യേശുക്രിസ്തുവിനെ നല്‍കുവാന്‍ തക്കവണ്ണം പരിശുദ്ധാത്മാവിന്‍റെ സ്വീകാര്യതയെ ദ്യോതിപ്പിക്കാനാണ് പല ഭാഷകളില്‍ നാം സംസാരിക്കാനിടയാക്കുന്നത്. പരിശുദ്ധാത്മാവിനെ സ്വീകരിച്ച് സമൂഹത്തോട് പ്രസംഗിച്ച പത്രോസ് ശ്ലീഹ ജോയേല്‍ പ്രവാചകനെ ഉദ്ധരിച്ചു പറയുന്നത്, പശ്ചാത്തപിച്ച് യേശുവിന്‍റെ സ്നാനം സ്വീകരിച്ചു പരിശുദ്ധാത്മാവിനാല്‍ നിറയുമ്പോള്‍ നമ്മുടെ പുത്രീപുത്രന്മാര്‍ പ്രവചിക്കും എന്നാണ്. യുവാക്കള്‍ക്ക് ദര്‍ശനങ്ങള്‍ ഉണ്ടാകുമെന്നും വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണുമെന്നും പത്രോസ് ശ്ലീഹ പറയുന്നു.

നമ്മുടെ പുത്രി പുത്രന്മാര്‍ ഇന്ന് പ്രവചിക്കുന്നുണ്ടോ? അവര്‍ക്ക് എന്തുകൊണ്ടാണ് പ്രവചിക്കാന്‍ സാധിക്കാത്തത്? അവര്‍ക്ക് പ്രവാചകന്മാരെ കാണുവാന്‍ കഴിയുന്നില്ല പ്രവാചകരെ സംബന്ധിച്ച് യാക്കോബ് ശ്ലീഹായുടെ ലേഖനത്തിലെ അഞ്ചാമത്തെ അധ്യായത്തില്‍ സൂചിപ്പിക്കുന്നത്, യേശുക്രിസ്തുവിന്‍റെ മാതൃക സ്വീകരിച്ച പ്രവാചകന്മാരെല്ലാവരും ക്ഷമയുടെയും സഹനത്തിന്‍റെയും മാതൃകകളായിരുന്നു എന്നാണ്. ക്ഷമയുടെയും സഹനത്തിന്‍റെയും മുന്‍പേ പറക്കുന്ന പക്ഷികളാകുന്ന പ്രവാചകന്മാരെ കാണാന്‍ നമുക്കു കഴിയാത്തത് എന്തുകൊണ്ടാണ്? നമ്മുടെ യുവാക്കന്മാര്‍ക്കും പുത്രീപുത്രന്മാക്കും പ്രവചിക്കാന്‍ കഴിയേണ്ടേ? പ്രവചിക്കാന്‍ അവരുടെ മുമ്പില്‍ ജീവിക്കുന്ന പ്രവാചകന്മാരുടെ മാതൃകകള്‍ കാണണ്ടേ? നമ്മുടെ യുവാക്കള്‍ക്ക് ദര്‍ശനങ്ങള്‍ ഉണ്ടാകേണ്ടേ? ദര്‍ശനമുണ്ടാകണമെങ്കില്‍ പരിശുദ്ധാത്മാവിന്‍റെ സ്പര്‍ശനമുണ്ടാകണം. ആ പരിശുദ്ധാത്മാവിന്‍റെ സ്പര്‍ശനമുണ്ടാകുമ്പോഴേ അവര്‍ക്ക് വ്യക്തവും ശക്തവുമായ ബോധ്യങ്ങള്‍ ഉണ്ടാകുകയുള്ളൂ. ബോധ്യങ്ങള്‍ ഉള്ളിടത്തേ കാഴ്ചപ്പാടുകള്‍ ഉണ്ടാകുകയുള്ളൂ. നമ്മുടെ വൃദ്ധര്‍ക്ക് സ്വപ്നങ്ങള്‍ കാണാന്‍ കഴിയണ്ടേ? എന്താണ് അവര്‍ കാണേണ്ട സ്വപ്നം? നിത്യ സൗഭാഗ്യത്തെക്കുറിച്ചുള്ള സ്വപ്നമാണത്. നിത്യതയിലേക്കുള്ള സ്വപ്നത്തെക്കുറിച്ച് അത് കാണാന്‍ തക്കവണ്ണം അവരെ ആത്മീയമായി ഒരുക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ?

പരിശുദ്ധാത്മാവിനെ സ്വീകരിച്ച് നവീകരിക്കപ്പെട്ടവരാണ് ആദിമ ക്രെെസ്തവ സമൂഹം. ആ സമൂഹത്തിന് ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. അതില്‍ വളരെ പ്രത്യേകമായ ഒരു സവിശേഷത അവരുടെ ഇടയില്‍ മുട്ടുപാടുകള്‍ ഉള്ളവര്‍ ആരുമുണ്ടായിരുന്നില്ല എന്നതാണ്. കാരണം അവര്‍ തങ്ങള്‍ക്കുള്ളതെല്ലാം പൊതുവായി കരുതിയിരുന്നു അങ്ങനെയുള്ള ഒരു സമൂഹം പങ്കുവയ്ക്കലിന്‍റെ സമൂഹമാണ്. പങ്കു ചേരാനും പങ്കെടുക്കാനും പങ്കു വെക്കാനും കഴിയുന്ന സമൂഹമായിരുന്നു അത്. ആ ആദിമ ക്രൈസ്തവസമൂഹത്തിലാണ് പ്രബോധനവും പ്രാര്‍ത്ഥനയും അപ്പം മുറിക്കലും കൂട്ടായ്മയും ഉണ്ടായിരുന്നത്. തങ്ങളുടെ സ്വന്തമായി ഒന്നുമില്ലെന്ന് തിരിച്ചറിയുകയും എല്ലാം ദൈവത്തിന്‍റെ ദാനമാണെന്നും ദൈവത്തിന്‍റെ മഹത്വത്തിനായി വിനിയോഗം ചെയ്യാനായി തങ്ങളെ ഭരമേല്‍പിച്ചിട്ടുള്ള കാര്യസ്ഥത മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും തിരിച്ചറിഞ്ഞ ആ സമൂഹത്തിലാണ് യഥാര്‍ത്ഥത്തിലുള്ള പങ്കുവെപ്പ് നടന്നത്. ആത്മീയവും ഭൗതികവുമായ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന സ്വതന്ത്രവും സ്വസ്ഥവും സുന്ദരവുമായ ഒരു കൂട്ടായ്മ ആദിമ ക്രൈസ്തവ സമൂഹത്തിലുണ്ടായിരുന്നു. അവരുടെ സാക്ഷ്യമാണ് 'വന്നു കൂടാന്‍' അവരെ സഹായിച്ചത്. ആരെയും പിടിച്ചു ചേര്‍ത്തതല്ല, വിളിച്ചു ചേര്‍ത്തതുമല്ല, ആദിമ ക്രൈസ്തവ സമൂഹം. പ്രാര്‍ത്ഥനയും പ്രബോധനവും കൂട്ടായ്മയും അപ്പംമുറിക്കലും വഴിയായി താത്പര്യപൂര്‍വം അനുദിനം ഒരുമിച്ചു കൂടി. ഹൃദയലാളിത്യത്തോടും വിശുദ്ധിയോടും കൂടി അവര്‍ ജീവിച്ചു. അതിന് അവരെ സഹായിച്ചതിനു പിന്നിലെ പ്രേരണയും ശക്തിയും തിരിച്ചറിഞ്ഞ ജനം അവരോടു ചേര്‍ന്നു.

ഇപ്രകാരം ഒരു ക്രൈസ്തവ സമൂഹം രൂപപ്പെടുത്താനാണ് ഈശോ ഇന്നു നമ്മോട് ആവശ്യപ്പെടുന്നത്. മഹാത്മാഗാന്ധി പറഞ്ഞില്ലേ ജീവിതമാണു സന്ദേശമെന്ന്. നമ്മുടെ ക്രൈസ്തവ ജീവിതമാണ് യേശുവിനെക്കുറിച്ചുള്ള നമ്മുടെ സാക്ഷ്യം. അപ്രകാരം നമ്മുടെ സഭയുടെ ഒരു പൊതുസാക്ഷ്യം കണ്ടിട്ട് ക്രിസ്തുവിനെ അന്വേഷിക്കാന്‍ ഇന്ന് ജനത്തിനു സാധിക്കുന്നുണ്ടോ? ഇപ്രകാരമുള്ള നമ്മുടെ ജീവിതം കണ്ടിട്ട് ആരെങ്കിലും ഈശോയെ അന്വേഷിക്കുമോ? ആശ്വാസദായകനായ പരിശുദ്ധാത്മാവ് ആശ്വാസമേകുവാന്‍ നമ്മോട് ആവശ്യപ്പെടുന്നു. ഈ ആശ്വാസം നല്‍കണമെങ്കില്‍ നമുക്കു തന്നെ ഒരു തിരിച്ചറിവ് ഉണ്ടാകണം. അതുകൊണ്ടാണ് പത്രോസ് ശ്ലീഹ പ്രത്യേകം നിഷ്കര്‍ഷിക്കുന്നത് – നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍. ആയിരിക്കുന്നതില്‍നിന്നും ആയിരിക്കേണ്ടതിലേക്കുള്ള മാറ്റമാണ് യഥാര്‍ത്ഥത്തില്‍ നവീകരണം. പക്ഷെ ആയിരിക്കുന്നത് ഉപേക്ഷിക്കാതെ ആയിരിക്കേണ്ടതിലേക്ക് എത്തിച്ചേരാന്‍ സാധിക്കില്ല. ആയിരിക്കുന്നത് ഉപേക്ഷിക്കാന്‍ സാധിക്കുക എന്നതാണ് പശ്ചാത്താപത്തിന്‍റെയും അതിന്‍റെ ഫലമായുള്ള മാനസാന്തരത്തിന്‍റെയും പ്രധാന ഘടകം. ആയിരിക്കുന്നത് ഉപേക്ഷിക്കാതെ ആയിത്തീരേണ്ടതിലേക്ക് നമുക്കു ജനത്തെ നയിക്കാനാവില്ല. അതു വെറും പ്രസംഗം മാത്രമാകും. അതു പറഞ്ഞുകൊടുക്കാം പക്ഷെ പകര്‍ന്നു കൊടുക്കാനാവില്ല. യേശുവിനെ പറഞ്ഞുകൊടുക്കാനല്ല, യേശുവിനെ പകര്‍ന്നു കൊടുക്കാനാണ് നമ്മെ വിളിച്ചിരിക്കുന്നത്. പകര്‍ന്നു കൊടുക്കാന്‍ പ്രവാചക ധീരതയുള്ള ജീവിതം വേണം. സഭ പ്രവാചക ദൗത്യം നിറവേറ്റുന്ന സമൂഹമാകണം. അത്തരത്തില്‍ എന്നെ കണ്ടിട്ട് എന്‍റെ കുടുംബത്തിന്‍റെ ജീവിതം കണ്ടിട്ട് എന്‍റെ സഭയുടെ ജീവിതം കണ്ടിട്ട് അവിടെയെല്ലാം പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നതു കണ്ടിട്ട് ഈ പരിശുദ്ധാത്മാവിന്‍റെ നിറവ് ലഭിക്കാന്‍ ദാഹിക്കുന്ന നമ്മുടെ അയല്‍ക്കാരനെ നമ്മുടെ ചറ്റുപാടുകളെ, സമൂഹത്തെ നമുക്കു കാണാന്‍ കഴിയുമോ? അങ്ങനെയെങ്കില്‍ ജനം യേശുവിനെ അന്വേഷിക്കും. പ്രചോദനം ആകാതെ പ്രബോധനം ഏകുന്നതുകൊണ്ട് യേശു ഈ ലോകത്ത് പ്രഘോഷിക്കപ്പെടുകയില്ല. യേശുവിന് നാം സാക്ഷികളുമാവുകയില്ല. പ്രചോദനത്തോടുകൂടിയ പ്രബോധനം നടത്താനാണ് പരിശുദ്ധാത്മാവ് ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത്.

സീയന്നായിലെ വി. കത്രീന പറയുന്നതുപോലെ, നീ ആയിത്തീരേണ്ടതെന്താണോ അതു നീ ആയിത്തീരുമ്പോള്‍ നിനക്ക് ഈ ലോകത്തെ തകിടം മറിക്കാനാകും. ഇതുതന്നെയാണ് ബനഡിക്ട് മാര്‍പാപ്പ പറഞ്ഞത്: നീ ആരാണെന്നും നീന്നിലാരാണെന്നും നീ അറിഞ്ഞിരുന്നെങ്കില്‍, നീ ഈ ലോകത്തെ തകിടം മറിച്ചേനേ എന്ന്. പരിശുദ്ധാത്മാവായ അഗ്നി എന്നിലേക്കു വന്നിരിക്കുന്നത് എന്നെ രൂപപ്പെടുത്തുന്ന ഊര്‍ജ്ജമാകാനാണ്. വി. ബലിയില്‍ നാം പാടി പ്രാര്‍ത്ഥിക്കുന്നുണ്ട്, എന്നെ പൂര്‍ണമായി മാറ്റണമെ എന്ന്. ഹൃദയത്തില്‍ വസിക്കാന്‍ മാത്രമല്ല, ജീവിതത്തില്‍ ഇടപെടാനും പരിശുദ്ധാത്മാവിനെ അനുവദിക്കുമ്പോള്‍ മാത്രമേ അതു സാധ്യമാകൂ. പരിശുദ്ധാത്മാവ് ജീവിതത്തില്‍ ഇടപെടുമ്പോള്‍ മാത്രമേ നമുക്കു യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്നത് ഉപേക്ഷിക്കാനും തിരിച്ചു നടക്കാനും അഴിച്ചു പണിയാനും സാധിക്കുകയുള്ളൂ. ആയിരിക്കുന്ന അവസ്ഥയെ ഉപേക്ഷിച്ചിട്ട് ആയിരിക്കേണ്ട അവസ്ഥയിലേക്കുള്ള നടത്തമാണ് ദൈവത്തിലേക്കുള്ള തിരിച്ചുപോക്ക്. ദൈവത്തിലേക്കു നടന്നടുക്കാന്‍ പാകത്തിനു പരിശുദ്ധാത്മാവ് നമുക്കു ശക്തി തരും. പരിശുദ്ധാത്മാവ് നമ്മില്‍ നിറയുമ്പോള്‍ ഈശോയ്ക്കു നിരക്കാത്ത എല്ലാത്തിനെയും കത്തിച്ചാമ്പലാക്കാന്‍ സാധിക്കും. ആ ഊര്‍ജ്ജത്തില്‍ നിന്നും പുതിയ ഊര്‍ജ്ജം സ്വീകരിച്ചു കൊണ്ട് നമുക്കു മുന്നോട്ടുപോകാന്‍ കഴിയണം.

പുതിയ ആകാശവും പുതിയ ഭൂമിയും ദര്‍ശിക്കണമെന്നുണ്ടെങ്കില്‍ പഴയ മനുഷ്യനോടുകൂടി അതു സാധിക്കില്ല. പഴയ മനുഷ്യനെ പൂര്‍ണമായും ഉരിഞ്ഞുകളയുമ്പോള്‍ മാത്രമേ പുതിയ മനുഷ്യനെ ധരിക്കാന്‍ സാധിക്കയുള്ളൂ. അതിന് നമ്മില്‍നിന്ന് ആവശ്യപ്പെടുന്ന ചില മാറ്റങ്ങളുണ്ട്. അതിന്‍റെ ഒരു സൂചനയാണ് പത്രോസ് ശ്ലീഹ സുന്ദരകവാടത്തില്‍ വച്ചു പറയുന്നത്. അവിടെ ഭിക്ഷയാചിക്കുന്നവനോട് ശ്ലീഹ ആദ്യം പറയുന്നത് തന്‍റെ നേരെ നോക്കാനാണ്. നമ്മുടെ ചുറ്റിലും യേശുവിനെ അറിയാത്തവരോട് നമുക്കിങ്ങനെ ചങ്കൂറ്റത്തോടെ പറയാന്‍ സാധിക്കുമോ – ഞങ്ങളുടെ നേരെ നോക്കുക എന്ന്. ഞങ്ങള്‍ക്കു തരാന്‍ സ്വര്‍ണമോ വെള്ളിയോ ഇല്ല എന്നു പത്രോസ് ശ്ലീഹ പറയുമ്പോള്‍ എന്‍റെ ഉള്ളിലുള്ള യേശുവിനു നിരക്കാത്തതൊന്നും എന്നില്‍ ഇല്ല എന്നാണതിന്‍റെ അര്‍ത്ഥം. പക്ഷെ ഞങ്ങളുടെ കയ്യില്‍ ഒന്നുണ്ടെന്നു ശ്ലീഹാ പറയുന്നു. അതെന്താണ്? കര്‍ത്താവായ യേശുവാണത്. ആ യേശുവിന്‍റെ നാമത്തില്‍ സൗഖ്യം തരാമെന്ന് ഉറപ്പു പറയുന്നു. അപ്രകാരം കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ സൗഖ്യം കിട്ടിയ ആ വ്യക്തി സൗഖ്യത്തോടൊപ്പം രക്ഷയും സ്വീകരിച്ചു. അതിന്‍റെ തെളിവാണ് അദ്ദേഹം ദേവാലയത്തില്‍ പ്രവേശിച്ചു എന്ന് നാം വായിക്കുന്നത്. വെറും സൗഖ്യംമാത്രം കിട്ടുന്നയാളുകള്‍ രക്ഷയിലേക്കു വരില്ല. രക്ഷയുംകൂടി കൊടുക്കണമെങ്കില്‍ നമുക്ക് കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ സൗഖ്യവും രക്ഷയും കൊടുക്കണം. രക്ഷകിട്ടാന്‍ വേണ്ടി രക്ഷകൊടുക്കാനാണ് നമ്മെ ദൈവം അയച്ചിരിക്കുന്നത്. സൗഖ്യം മാത്രം കൊടുത്തു പറഞ്ഞുവിടുന്ന അത്ഭുതപ്രവര്‍ത്തകരാവാനല്ല സൗഖ്യം എന്നത് രക്ഷയിലേക്കുള്ള വിളി മാത്രമാണ്. ആ രക്ഷകൊടുക്കുമ്പോഴേ നമ്മുടെ സാക്ഷ്യവും നമ്മുടെ സഭയുടെ ദൗത്യവും പൂര്‍ണ്ണമാവുന്നുള്ളൂ. നാം ഇന്നു കൊടുക്കുന്ന സൗഖ്യം അതിന്‍റെ പൂര്‍ണതയായ രക്ഷയിലെത്താത്തതിന്‍റെ ഒരു കാരണം, നമ്മില്‍ എന്തൊക്കെയോ ഉണ്ട് എന്നതാണ്. എന്ത് ഇല്ല എന്ന് ദൈവത്തിന്‍റെയും ലോകത്തിന്‍റെയും മുമ്പാകെ തുറന്നു കാണിച്ചിട്ട് എന്താണുള്ളത് എന്നു പറയാന്‍ കഴിഞ്ഞാല്‍ ആ യേശുവിനെ ജനങ്ങള്‍ സ്വീകരിക്കുകയും യേശുവിലൂടെ നമുക്കു രക്ഷ പൂര്‍ണമാകുകയും ചെയ്യും. ഇതാണു പരിശുദ്ധാത്മാവിനെ സ്വീകരിച്ചു കഴിഞ്ഞാല്‍ നമുക്കു ഭൂമിയില്‍ കാണാന്‍ കഴിയുന്ന അടയാളം.

നമുക്ക് ധാരാളം അടയാളങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്. പക്ഷെ അടയാളങ്ങളെ നമുക്ക് വ്യാഖ്യാനിക്കാന്‍ താത്പര്യമില്ല. അല്ലെങ്കില്‍ നമുക്കു കേള്‍ക്കാന്‍ സുഖമുള്ളവ മാത്രമേ നാം സ്വീകരിക്കുന്നുള്ളൂ. അടയാളങ്ങള്‍ ദൈവം ഭൂമിയിലേക്ക് അയയ്ക്കുന്നുണ്ട്. ധാരാളം അടയാളങ്ങള്‍ നാം കാണുന്നുണ്ട്. ദര്‍ശനങ്ങളെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. അടയാളങ്ങള്‍ നമ്മെ നയിക്കാന്‍ വേണ്ടിയുള്ളവയാണ്. അടയാളത്തെ മുന്‍നിറുത്തി എന്‍റെ നടപടികള്‍ തിരുത്താനും എന്‍റെ വഴികള്‍ നേരേയാക്കാനും കഴിയണം. ഇതാണ് സ്നാപക യോഹന്നാന്‍ നമ്മോടു പറയുന്നത്, നിങ്ങള്‍ മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍. പരിശുദ്ധാത്മാവ് നമ്മില്‍ വന്നു കഴിയുമ്പോള്‍ ഒരു പുതിയ ജീവിതമാണ് നമ്മില്‍ ഉണ്ടാകേണ്ടത്. പുതിയ ജീവിതമാണെങ്കില്‍ അതിനനുസരിച്ചുള്ള നടപടികള്‍, മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകണം. ആ മാറ്റം കാണാന്‍ ഇന്നു ലോകം കൊതിക്കുന്നു. ക്രൈസ്തവനില്‍ ക്രിസ്തു അനുഭവത്തോടുകൂടിയ മാറ്റം ഉണ്ടായിക്കഴിയുമ്പോള്‍ ക്രിസ്തുവിന് അവന്‍ ഒരു സാക്ഷിയാണ്. ക്രിസ്തു എന്നില്‍ ജീവിക്കുന്നു എന്നുള്ളതിന്‍റെ സാക്ഷ്യം എന്‍റെ ജീവിതം തന്നെയാണ്. ആ ജീവിതം ഒരു സ്നേഹഗീതമായി മാറിക്കഴിയുമ്പോള്‍ ക്രിസ്തുവിനെ ലോകത്തിനു കൊടുത്തു എന്നു എനിക്കു പറയാന്‍ കഴിയും. യഥാര്‍ത്ഥത്തിലുള്ള സുവിശേഷവത്കരണം അതാണ്. എന്നിലൂടെ യേശു ഈ ഭൂമുഖത്ത് പടരണം, അറിയപ്പെടണം, ഞാന്‍ ഏര്‍പ്പെടുന്ന ശുശ്രൂഷകളിലൂടെ, നടപടികളിലൂടെ എന്‍റെ സ്ഥാനമാനങ്ങളുടെ നിര്‍വഹണത്തിലൂടെ എല്ലാം യേശു ഈ ലോകത്തില്‍ അറിയപ്പെടണം. അതു നടക്കണമെന്നുണ്ടെങ്കില്‍ എന്‍റെ മനസ്സാക്ഷി നിര്‍മ്മലമാകുകയും ഹൃദയം വെടിപ്പാക്കുകയും വേണം. നിര്‍മ്മലമായ മനസ്സാക്ഷിയിലും വെടിപ്പാക്കപ്പെട്ട ഹൃദയത്തിലും പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ നമുക്ക് ഒരുങ്ങാം. പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തില്‍ പുതിയ ഫലങ്ങള്‍ പുറപ്പെടുവിക്കട്ടെ.

മിഖായേല്‍ ഗോര്‍ബച്ചോവ് റഷ്യയില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് രണ്ടു പ്രധാനപ്പെട്ട വാക്കുകളാണ് പ്രയോഗിച്ചത്. ഒന്ന് ഗ്ലാസ് നോസ്റ്റ്, രണ്ട് പെരിസ്ട്രോയിക്ക. ഗ്ലാസ്നോസ്റ്റ് എന്നത് ഒന്നു തുറന്നുനോക്കാനും പെരിസ്ട്രോയിക്ക എന്നുള്ളത് അഴിച്ചുപണിയാനുമാണ്. ഈ പന്തക്കുസ്ത തിരുനാളിന്‍റെ അനുഭവങ്ങള്‍ നമ്മുടെ ഓരോരുത്തരുടെയും വ്യക്തിജീവിതത്തിലും, നമ്മുടെ കുടുംബ ജീവിതത്തിലും, നമ്മുടെ സഭകളുടെ ജീവിതത്തിലും എല്ലാം ഒരു തുറന്നു നോട്ടത്തിന് ഉപകരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. തുറന്നു നോക്കിയിട്ടും തുരന്നു നോക്കിയിട്ടും നമ്മുടെ ജീവിതത്തിലും സമൂഹത്തിലും യേശുവിനു നിരക്കാത്തതെല്ലാം നമ്മില്‍ നിന്നും നമ്മുടെ സഭയില്‍നിന്നും മാറ്റാനും യേശുവിന് ഇണങ്ങുന്ന വിധത്തില്‍ സ്വീകാര്യമായ വിധത്തില്‍ നമ്മുടെ കുടുംബത്തെയും സഭകളെയും ഒന്നു അഴിച്ചുപണിയാനും നമുക്ക് ഈ പന്തക്കുസ്താ തിരുനാള്‍ സഹായകമാകട്ടെ. നമ്മുടെ സമൂഹത്തിലും നമ്മുടെ സഭയിലും എന്തില്ലായെന്ന് തുറന്നു കാട്ടാനും എന്തുണ്ട് എന്ന് എടുത്തുകാട്ടാനും നമുക്കു കഴിയട്ടെ. ഈ കാലഘട്ടത്തില്‍ അടയാള സഹിതം പരിശുദ്ധാത്മാവ് നമ്മെ വിളിക്കുന്നത് ഇപ്രകാരം ഒരു ഗ്ലാസ്നോസ്റ്റിനു വേണ്ടിയാണ് – തുറന്നുനോക്കാന്‍. അതിനുശേഷം പെരിസ്ട്രോയി ക്കയ്ക്കു വേണ്ടിയാണ് – അഴിച്ചുപണിയാന്‍. അതിനുള്ള പ്രവാചക ധീരത നമുക്ക് പരിശുദ്ധാത്മാവു തന്നെ തരട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org