നീതിയില്‍ നിര്‍വിഘ്നം, നിരാമയം…

നീതിയില്‍ നിര്‍വിഘ്നം, നിരാമയം…

2018 നവംബര്‍ 29-ന് സുപ്രീംകോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് നീതിയുടെ പാതയില്‍ നിഷ്പക്ഷതയോടും നിര്‍ഭയനായും സഞ്ചരിച്ച വ്യക്തിയാണ്. സത്യസന്ധമായും നീതിപൂര്‍വകമായും വ്യാപരിച്ച് ഔദ്യോഗിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കത്തോലിക്കാ വിശ്വാസിയെന്ന വിധത്തില്‍ എന്നും സഭാകാര്യങ്ങളില്‍ തത്പരനുമായിരുന്നു. "ദൈവം എന്നെ ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ ദൈവത്തിന്‍റെ മഹത്വത്തിനും ദൈവജനത്തിന്‍റെ നന്മയ്ക്കുമായി വിനിയോഗിക്കാന്‍ കഴിഞ്ഞു" എന്നു സാക്ഷ്യപ്പെടുത്തുന്ന ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിഭാഷകനായിരിക്കേ സഭയുടെ ഉന്നതാധികാര സമിതികളില്‍ അംഗമായിരുന്നു. അള്‍ത്താരബാലനായും ഭക്തസംഘടനകളുടെ നേതൃത്വത്തിലും സഭയുടെ സന്താനമായി വളര്‍ന്നുവന്ന അദ്ദേഹം അചഞ്ചലമായ ക്രൈസ്തവവിശ്വാസം ഇന്നും പ്രഘോഷിക്കുന്നു.

സുപ്രീംകോടതിയിലെ സീനിയോറിറ്റിയില്‍ മൂന്നാമനായ ജസ്റ്റിസ് കുര്യന്‍ ജോസഫ് 2013 മാര്‍ച്ച് എട്ടിനാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ കാലടി താന്നിപ്പുഴ ഇടവകാംഗമായ അദ്ദേഹം മുന്‍പ് ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസായിരുന്നു. 2000 ജൂലൈ 12-നു കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കപ്പെട്ടു. രണ്ടു തവണ ആക്ടിംഗ് ചീഫ് ജസ്റ്റിസായിട്ടുണ്ട്. സുപ്രീം കോടതിയിലെ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 1034 വിധിന്യായങ്ങള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പുറപ്പെടുവിച്ചിട്ടുണ്ട്. ഏറ്റവുമധികം വിധിന്യായങ്ങള്‍ എഴുതിയ പത്തു ജഡ്ജിമാരുടെ പട്ടികയിലെത്തിയ അദ്ദേഹം പല സുപ്രധാന വിധികളും എഴുതിയിട്ടുണ്ട്. മുത്തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലും മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മേമന്‍റെ മരണവാറന്‍റ് റദ്ദാക്കിയ ബെഞ്ചിലും അംഗമായിരുന്നു. വിവാഹമോചനകേസുകള്‍ മധ്യസ്ഥതനിന്നു ഒത്തുതീര്‍പ്പാക്കിയ സംഭവങ്ങളിലൂടെയും ശ്രദ്ധേയനായി. കേരള ഹൈക്കോടതിയിലും ഹിമാചല്‍പ്രദേശ് ഹൈക്കോടതിയിലുമായി 90,000-ല്‍ അധികം കേസുകള്‍ തീര്‍പ്പാക്കിയിട്ടുള്ള അദ്ദേഹം വിരമിക്കുന്നതിനു തൊട്ടു മുമ്പ് വധശിക്ഷയ്ക്കു നിയമ സാധുത നല്‍കിയ മൂന്നംഗബെഞ്ചില്‍ വിയോജിപ്പു രേഖപ്പെടുത്തുകയുണ്ടായി. ജസ്റ്റിസ് കുര്യന്‍ ജോസഫുമായി സത്യദീപം സീനിയര്‍ സബ് എഡിറ്റര്‍ ഫ്രാങ്ക്ളിന്‍ എം നടത്തിയ അഭിമുഖസംഭാഷണം:

? ഏതാണ്ട് രണ്ടു പതിറ്റാണ്ടുകാലം നീതിന്യായ കോടതികളില്‍ അങ്ങ് ന്യായാധിപനായി പ്രവര്‍ത്തിച്ചു. അഞ്ചു വര്‍ഷത്തിലേറെ സുപ്രീംകോടതിയില്‍ ജഡ്ജിയായിരുന്നു. പിന്തിരിഞ്ഞു നോക്കുമ്പോള്‍ എന്തു തോന്നുന്നു?
എന്‍റെ സേവനരംഗം രണ്ടു പതിറ്റാണ്ടില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. 1979-ല്‍ ഞാന്‍ അഭിഭാഷകനായ കാലഘട്ടം മുതല്‍ ആരംഭിക്കുന്നതാണ്, നിയമരംഗത്തെ സേവനം. പിന്നീട് കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി, സീനിയര്‍ അഡ്വക്കേറ്റായി. അതുകഴിഞ്ഞ് അവിടെ ജഡ്ജിയായി. പത്തു വര്‍ഷത്തോളം അവിടെ തുടര്‍ന്നു. അതിനിടയില്‍ അവിടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി. അവിടെനിന്ന് മൂന്നു വര്‍ഷക്കാലം ഹിമാചല്‍ പ്രദേശില്‍ ചീഫ് ജസ്റ്റിസായി. പിന്നീട് ഏകദേശം അഞ്ചു വര്‍ഷവും എട്ടു മാസവും സുപ്രീംകോടതിയില്‍ ജഡ്ജിയായി. ദൈവത്തിന്‍റെ പ്രത്യേകമായ കാരുണ്യം കൊണ്ട് എല്ലാ രംഗത്തും എല്ലാ രംഗങ്ങളിലും സേവനം ചെയ്യാനുള്ള കൃപ ലഭിച്ചു. അതു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കു വലിയ സംതൃപ്തിയാണ്. ദൈവം എന്നെ ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ ദൈവത്തിന്‍റെ മഹത്വത്തിനും ദൈവജനത്തിന്‍റെ നന്മയ്ക്കുമായി വിനിയോഗിക്കാന്‍ കഴിഞ്ഞു എന്നതില്‍ പൂര്‍ണസംതൃപ്തിയാണുള്ളത്. ലഭിച്ച അവസരങ്ങളൊന്നും ഞാന്‍ പാഴാക്കിയിട്ടില്ല എന്നാണ് അതേക്കുറിച്ച് പ്രത്യേകമായി എനിക്കു പറയാനുള്ളത്. ഞാന്‍ എടുത്ത പ്രതിജ്ഞ "സത്യസന്ധവും, നീതിപൂര്‍വകവും, ഭയം കൂടാതെയും, പക്ഷപാതം കൂടാതെയും, ആരോടും പ്രത്യേകമായ ചായ്വ് ഇല്ലാതെയും, ആരോടും പ്രത്യേകമായ എതിര്‍പ്പില്ലാതെയും" എന്നതാണ്. ദൈവനാമത്തില്‍ എടുത്ത ഈ പ്രതിജ്ഞയ്ക്കനുസരിച്ച് ന്യായാധിപനായി ജോലി ചെയ്യാന്‍ കഴിഞ്ഞു എന്ന് എന്‍റെ മനഃസാക്ഷിയില്‍ എനിക്ക് ഉത്തമബോധ്യമുണ്ട്.

? ഈ പ്രതിജ്ഞയുമായി താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ? അവയെ എങ്ങനെയാണു തരണം ചെയ്തത്?
നാം ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളില്‍ വെല്ലുവിളി സ്വാഭാവികമാണ്. ആ വെല്ലുവിളികളാണ് ഓരോപടിയും മറികടക്കാന്‍ നമ്മെ സഹായിക്കുന്നത്. വെല്ലുവിളികള്‍ സ്വാഭാവികമായും എന്‍റെ അഭിഭാഷകവൃത്തിയിലും ന്യായാധിപരംഗത്തും ഉണ്ടായിരുന്നു. പക്ഷെ ഏതു വെല്ലുവിളികളെയും മറികടക്കാന്‍ കഴിയുന്ന ഒരു ദൈവകൃപ എനിക്കപ്പോഴും ലഭിച്ചിട്ടുണ്ട്. അത്രമാത്രം ദൈവത്തില്‍ ആശ്രയിച്ചിട്ടാണ് ഞാന്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചിരുന്നത്. കാരണം, എന്‍റെ കഴിവു കുറവുകൊണ്ടോ എന്‍റെ തയ്യാറെടുപ്പു കുറവു കൊണ്ടോ എന്നെ ഏല്‍പിച്ച ഏതെങ്കിലും ഉത്തരവാദിത്വത്തിന് യാതൊരു ഹാനിയും സംഭവിക്കരുതെന്ന പ്രാര്‍ത്ഥന എന്നും ഉണ്ടായിരുന്നു. ഞാന്‍ കൈകാര്യം ചെയ്തിരുന്ന ഓരോ കേസിനും അതില്‍ ഉള്‍പ്പെട്ട കക്ഷികള്‍ക്കും കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. അതുകൊണ്ട് ദൈവം എന്നെ കൈവിടില്ല എന്നെനിക്ക് ഉറപ്പായിരുന്നു. ദൈവം എന്നെ കൈവിട്ടിട്ടുമില്ല.

? പ്രാര്‍ത്ഥനയിലും ദൈവാശ്രയത്വത്തിലും ഇത്രമാത്രം ആഴപ്പെടാനുള്ള പശ്ചാത്തലം എന്താണെന്നു പറയാമോ?
അത് ചെറുപ്പം മുതലുള്ള പരിശീലനമാണ്. വളരെ ചെറുപ്പത്തിലേ മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം പള്ളിയില്‍ പോയിരുന്നതും ഏഴു വയസ്സുമുതല്‍ അള്‍ത്താര ബാലനായി ശുശ്രൂഷ ചെയ്യാന്‍ തുടങ്ങിയതും എന്‍റെ വിശ്വാസവളര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയിലെ എല്ലാ ഭക്തസംഘടനകളിലും അംഗമായിരുന്നു. അതില്‍ത്തന്നെ വളരെ ആഴമായി പ്രവര്‍ത്തിച്ചത് ചെറുപുഷ്പ മിഷന്‍ലീഗിലാണ്. ഭക്തസംഘടനകളിലൂടെ ശക്തിസംഭരിച്ച ഒരു പശ്ചാത്തലമുണ്ട്. ഞാന്‍ എന്താണെന്നും എന്‍റെ പരിധിയും പരിമിതിയും എന്താണെന്നും എനിക്ക് അറിയാമായിരുന്നു. എന്‍റെ പരിധിക്കും പരിമിതിക്കും അപ്പുറത്തുള്ള സാധ്യതകളാണ് ദൈവം എനിക്കു തന്നിരിക്കുന്നതെന്നും എനിക്ക് വ്യക്തമായിരുന്നു. അത്തരത്തില്‍ ദൈവം എന്നെ വിളിച്ചു എന്നുണ്ടെങ്കില്‍ ആ ദൈവത്തോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയണമെങ്കില്‍ എനിക്ക് അധികബലം ആവശ്യമാണ്. ആ അധികബലത്തിനാണ് ഞാന്‍ ദൈവത്തില്‍ ആശ്രയിച്ചതും, പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്തിനും നിറവിനുമായി പ്രാര്‍ത്ഥിക്കുന്നതും.

? ഇന്നു നമ്മുടെ ക്രൈസ്തവ കുടുംബങ്ങളിലും സമൂഹത്തിലും വിശ്വാസത്തില്‍ കുറവുകള്‍ സംഭവിക്കുന്നുവെന്നു കരുതുന്നുണ്ടോ? സഭയ്ക്കുള്ളിലും ചുറ്റുപാടുകളിലും കാണുന്ന പല പ്രശ്നങ്ങളും വിശ്വാസച്ചോര്‍ച്ചയുടെ ഫലമായി സംഭവിക്കുന്നതാണെന്നു വിലയിരുത്താമോ?
തീര്‍ച്ചയായും. വിശ്വാസത്തിന്‍റെ കാവല്‍ക്കാര്‍ എന്നു കരുതുന്നവരില്‍ പോലും വിശ്വാസത്തിന്‍റെ പതര്‍ച്ച നാം കാണുന്നുണ്ട്. അതു സമൂഹത്തില്‍ ഉതപ്പിനും കാരണമാകുന്നുണ്ട്. സഭയുടെ വിശ്വാസ്യതയ്ക്കും നമ്മുടെ വിശ്വാസത്തിന്‍റെ വിശ്വാസ്യതയ്ക്കും മങ്ങലേറ്റിട്ടുണ്ടെന്നാണ് എന്‍റെ നിരീക്ഷണം.

? ജുഡീഷ്യറിയില്‍ രാഷ്ട്രീയ നേതൃത്വം പിടിമുറുക്കുന്നുവെന്ന ആശങ്ക പൊതുജനത്തിന് ഉണ്ടാകുന്നില്ലേ?
അത്തരത്തില്‍ ആശങ്കകള്‍ ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ആ ഒരു കാഴ്ചപ്പാടിന്‍റെ പശ്ചാത്തലത്തിലാണ് ഞാനുള്‍പ്പെടെയുള്ള നാലു ജഡ്ജിമാര്‍ ഒരു സമയത്ത് പുറത്തുവന്ന് ജനങ്ങളോടു തന്നെ ഇതേറ്റെടുക്കണം എന്നു സൂചിപ്പിച്ചത്. ജനാധിപത്യത്തിന്‍റെ കാവല്‍ നായയെ ജനങ്ങള്‍ സംരക്ഷിക്കണം എന്നാണു വ്യക്തമാക്കിയത്.

? ജഡ്ജിമാരുടെ ആ സമീപനരീതിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളുണ്ടായി…?
അതെ. പ്രതികൂല പ്രതികരണങ്ങള്‍ വന്നത് ആ പശ്ചാത്തലം മുഴുവന്‍ അറിയാത്തതുകൊണ്ടായിരുന്നു. പശ്ചാത്തലം മുഴുവന്‍ വിവരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യവുമല്ല. അങ്ങനെ വന്നാല്‍ അതു ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനത്തിനും അതിന്‍റെ വിശ്വാസ്യതയ്ക്കും കൂടുതല്‍ ദോഷം വരുത്തും. അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ അതിനുണ്ടായെങ്കിലും ചരിത്രപരമായ ഒരു കടമ നിറവേറ്റി എന്നുള്ള ചാരിതാര്‍ത്ഥ്യമാണ് ഇന്നും അക്കാര്യത്തില്‍ എനിക്കുള്ളത്. ആ കടമ ഞാന്‍ നിര്‍വഹിച്ചില്ലായിരുന്നുവെങ്കില്‍ ചരിത്രം എന്നെ കുറ്റപ്പെടുത്തുമായിരുന്നു. കാരണം, നിര്‍ഭയമായി നീതിക്കുവേണ്ടി നിലകൊള്ളാന്‍ എന്നെ ഏല്‍പിച്ച ഉത്തരവാദിത്വത്തില്‍നിന്നും. ഞാന്‍ ഭയത്തോടെ മാറിനിന്നു എന്ന് എന്‍റെ മനഃസാക്ഷി എന്നെ കുറ്റപ്പെടുത്തുമായിരുന്നു. അതുകൊണ്ട് യാതൊരു തരത്തിലും അതേക്കുറിച്ച് ഒരു ഖേദവും തോന്നിയിട്ടില്ല.

? ഫാസിസവും സേച്ഛാധിപത്യ ഭരണകൂടവും ഇന്ത്യയില്‍ യഥാര്‍ത്ഥ്യമാകുമെന്ന ഭീതി പലരും പങ്കുവയ്ക്കുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഭാവിയെക്കുറിച്ച് താങ്കള്‍ പ്രത്യാശവാനാണോ?
ഇന്ത്യയില്‍ ജനാധിപത്യത്തിന്‍റെ ഭാവി ജനങ്ങളിലാണ്. ജനങ്ങളുടെ ജനാധിപത്യ മനോഭാവങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കു വലിയ പങ്കുവഹിക്കാനുണ്ട്. ജനങ്ങളുടെ ജനാധിപത്യ ബോധമുണര്‍ത്താന്‍ മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും വലിയ പങ്കുണ്ട്. എന്നാല്‍ ഇന്നു മാധ്യമങ്ങള്‍ ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ടോ എന്നു സംശയമുണ്ട്. കാരണം, പല മാധ്യമങ്ങളും കമ്മിറ്റഡ് ആയിട്ടുള്ള നിലപാടുകളാണ് എടുത്തിട്ടുള്ളത്. അതുകൊണ്ട് പാര്‍ശ്വവീക്ഷണങ്ങളാണ് മിക്കവാറും രാഷ്ട്രീയ, സാമൂഹിക സംവിധാനങ്ങളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നത്. സത്യം സത്യമായി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ച് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യത്തിന്‍റെ ആത്യന്തികമായ വിജയത്തിനുവേണ്ടി മാധ്യമങ്ങളും പൊതുസമൂഹവും ജുഡീഷ്യറിയും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.

? ഏറ്റവുമധികം വിധിന്യായങ്ങളെഴുതിയ ജഡ്ജിമാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചപ്പോള്‍ എന്തു തോന്നി? ഈ നേട്ടത്തിനു കാരണമായി കാണുന്നത് എന്താണ്?
ഞാന്‍ പൊതുവേ മറ്റു പരിപാടികളില്‍ ധാരാളമായി പങ്കെടുക്കുന്ന വ്യക്തിയാണ് എന്നൊരു കാഴ്ചപ്പാടുണ്ടായിരുന്നു. പക്ഷെ എന്‍റെ ഔദ്യോഗിക ഉത്തരവാദിത്വത്തിന് യാതൊരുതരത്തിലുള്ള കോട്ടവും തട്ടരുതെന്നുള്ള നിഷ്കര്‍ഷ എനിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ സിനിമ കാണാന്‍ പോകാറില്ലായിരുന്നു. ഞാന്‍ ടെലിവിഷന്‍ കാണാറില്ല. ക്ലബ്ബുകളില്‍ അംഗത്വമില്ലായിരുന്നു. വേറെ കൂട്ടുകെട്ടുകള്‍ ഇല്ലായിരുന്നു. ഈ സമയങ്ങള്‍ ഞാന്‍ ലാഭിച്ചിരുന്നത്, കഠിനമായ ജോലി ചെയ്യാന്‍ വേണ്ടിയായിരുന്നു. അപ്രകാരം കഠിനമായി ജോലി ചെയ്തതിന്‍റെ ഒരു സമ്മാനം ദൈവം തന്നതാണ് ഇത്തരമൊരു പട്ടികയില്‍ ഇടംപിടിക്കാന്‍ ഇടയായത് എന്നു വിശ്വസിക്കുന്നു. ഏറ്റവും കൂടുതല്‍ ജഡ്ജിമെന്‍റ് എഴുതി എന്നു മാത്രമല്ല, 8,600-ല്‍ അധികം കേസുകള്‍ സുപ്രീംകോടതിയില്‍ ഞാന്‍ തീര്‍പ്പാക്കിയിട്ടുണ്ട്. അതില്‍ വിശദമായ വിധിന്യായങ്ങള്‍ എഴുതിയതാണ് ആയിരത്തില്‍ കൂടുതലുള്ളത്. കേരള ഹൈക്കോടതിയിലും ഹിമാചല്‍പ്രദേശ് ഹൈക്കോടതിയിലുമായി 90,000 ല്‍ അധികം കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്.

? വളരെ സുപ്രധാനമായ വിധിന്യായങ്ങള്‍ എഴുതിയിട്ടുള്ള അങ്ങേക്ക് ഏറ്റവുമധികം സംതൃപ്തി നല്‍കിയ വിധിന്യായം ഏതായിരുന്നു?
ഇക്കാര്യത്തില്‍ സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ഒരു മനുഷ്യന് ഒരു നീതി കിട്ടി എന്ന് എനിക്ക് ഉറപ്പാക്കാന്‍ കഴിഞ്ഞ വിധിന്യായത്തെ വിലയിരുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ നിങ്ങളുടെ ചോദ്യത്തിന്‍റെ പശ്ചാത്തലം വച്ചു നോക്കിയാല്‍ ഭരണഘടനാപരമായിട്ടുള്ള ചില കാര്യങ്ങള്‍ കൈകാര്യം ചെയ്ത ചില വിധിന്യായങ്ങളുണ്ട്. ഉദാഹരണം പറഞ്ഞാല്‍ മുത്തലാക്ക് വിധി, നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്മെന്‍റ് കമ്മീഷന്‍റെ വിധി (ഇന്‍ഡി പെന്‍ഡന്‍റന്‍സ് ജുഡീഷ്യറി), കളങ്കരഹിത രാഷ്ട്രീയം നമ്മുടെ സമൂഹത്തില്‍ ഉണ്ടാകണം എന്നുള്ള കേസ്, റിസര്‍വേഷന്‍ സംബന്ധിച്ച കേസ്… ഇങ്ങനെ പല കേസുകളിലും ഭരണഘടനാ ബെഞ്ചിന്‍റെ ഭാഗമാകാന്‍ എനിക്കു സാധിച്ചിട്ടുണ്ട്. മുത്തലാക്ക് കേസിന്‍റെ ഭൂരിപക്ഷ വിധിന്യായം എഴുതിയത് ഞാനാണ്. പക്ഷെ എനിക്ക് ഓരോ കേസും പ്രധാനപ്പെട്ടതാണ്. അതില്‍ പ്രത്യേകിച്ച് നീതിക്കുവേണ്ടി കരയുന്ന മനുഷ്യന്‍റെ കണ്ണീരൊപ്പാന്‍ ഇടയായ ഏതു വിധിന്യായത്തെയും വളരെ പ്രധാനപ്പെട്ട വിധിന്യായമായി ഞാന്‍ കാണുന്നു.

? വിരമിക്കുന്നതിനു തൊട്ടു മുമ്പ് വധശിക്ഷയ്ക്കു നിയമസാധുത നല്‍കിയ മൂന്നംഗ ബെഞ്ചില്‍ വിയോജിപ്പു രേഖപ്പെടുത്താനുള്ള പ്രേരണ?
വധശിക്ഷ പ്രാകൃതമാണെന്ന ചിന്ത ആഗോളതലത്തില്‍ രൂപപ്പെട്ടു വരുന്നുണ്ട്. നമ്മുടെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വധശിക്ഷയുണ്ട്. അതിന്‍റെ സാധുത സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്. പക്ഷെ, കഴിഞ്ഞ പത്തിരുപതു വര്‍ഷമായി സുപ്രീംകോടതിയുടെ വിധിന്യായങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അത്രയേറെ ഗൗരവമുള്ള കേസിലല്ലാതെ വധ ശിക്ഷ കൊടുത്തിട്ടില്ല. നിയമ കമ്മീഷനു വിട്ടുകൊണ്ട് വധശിക്ഷ പുനഃപരിശോധിക്കണമെന്നു സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. നിയമകമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ വധശിക്ഷ ശിക്ഷാനിയമത്തിന്‍റെ പട്ടികയില്‍നിന്ന് എടുത്തുകളയണമെന്നാണ് പറഞ്ഞിരിക്കുന്നത്. ശിക്ഷയുടെ ഉദ്ദേശം കുറ്റം ചെയ്ത വ്യക്തിയെ നന്നാക്കുക, മേലില്‍ കുറ്റം ചെയ്യാതിരിക്കാന്‍ നോക്കുക, സമൂഹത്തില്‍ ഭീഷണിയാകാതിരിക്കാന്‍ ശ്രദ്ധിക്കുക തുടങ്ങിയ പലകാര്യങ്ങളാണ്. ആ ഉദ്ദേശ്യങ്ങളൊന്നും വധശിക്ഷ കൊണ്ടു സാധിക്കുന്നില്ല.

? ഔദ്യോഗിക ജീവിതത്തില്‍ വളരെ പ്രയാസം നേരിട്ട അനുഭവങ്ങളുണ്ടോ?
വിഷമങ്ങളും പ്രയാസങ്ങളും ഉണ്ടാക്കിയിട്ടുള്ള ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാരണം, നാം ചെയ്യുന്നത് എന്താണെന്ന് മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കുന്നില്ലല്ലോ എന്നുള്ള ചില വിഷമങ്ങള്‍ തോന്നിയിട്ടുണ്ട്. പക്ഷെ ദൈവം അതു കാണുന്നുണ്ട്. ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ എന്‍റെ മനഃസാക്ഷി എന്നെ കുറ്റപ്പെടുത്താത്തിടത്തോളം കാലം ഞാന്‍ ഭയപ്പെടുകയോ വിഷമിക്കേണ്ടതോ ഇല്ല എന്ന സാന്ത്വന വചനം എന്‍റെ മനസ്സില്‍ എപ്പോഴും ഉണ്ടാകും.

? വിവാഹമോചന കേസുകള്‍ പലപ്പോഴും മധ്യസ്ഥതയില്‍ പരിഹരിക്കുന്നതിനു പിന്നിലെ താത്പര്യം എന്താണ്?
കേസുകള്‍ രണ്ടുതരമുണ്ട്. ഒന്ന്, നിയമപ്രശ്നം ഉള്‍ക്കൊള്ളുന്ന കേസ്, രണ്ട് നിയമ പ്രശ്നങ്ങളില്ലാതെ തര്‍ക്കങ്ങള്‍ മാത്രം അവശേഷിക്കുന്ന കേസ്. നമ്മുടെ കുടുംബപ്രശ്നങ്ങളൊക്കെ നോക്കിയാല്‍ അതില്‍ തലനാരിഴകീറി പരിശോധിക്കണ്ട നിയമപ്രശ്നങ്ങളൊന്നും ഇല്ല. അവയൊക്കെ വെറും തര്‍ക്കങ്ങളാണ്. തര്‍ക്കങ്ങള്‍, രണ്ടു വ്യക്തികളോ രണ്ടു കുടുംബങ്ങളോ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ്. അതില്‍ എവിടെയെങ്കിലും ഒരു ഗ്യാപ് ഉണ്ടാകും. ആ ഗ്യാപ് പരിഹരിക്കാന്‍ സാധിച്ചാല്‍ അതുതീരും. അതിനു ന്യായാധിപന്‍റെ അകക്കണ്ണ് തുറക്കണം. ആറാം ഇന്ദ്രിയം എന്നാണു ഞാന്‍ അതിനെ വിശേഷി പ്പിക്കുന്നത്. ന്യായാധിപന്‍റെ ആറാം ഇന്ദ്രിയം അവിടെ ഉപയോഗപ്പെടുത്തിയാല്‍ എന്താണ് തര്‍ക്കമെന്നു മനസ്സിലാക്കി അതു പരിഹരിക്കാന്‍ സാധിക്കും. തര്‍ക്കത്തിന്‍റെ ഉത്ഭവം എവിടെയാണ്, ഇതു തമ്മില്‍ ചേരാത്തത് എവിടെയാണ് എന്നു കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ എളുപ്പമാണ്.

? അഭിഭാഷകനായ കാലം മുതല്‍ ഇത്തരത്തില്‍ പല കേസുകളുമായി താങ്കള്‍ ബന്ധപ്പെട്ടിട്ടുണ്ട്. കുടുംബന്ധങ്ങളിലും ദാമ്പത്യജീവിതത്തിലും അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും വഴക്കും കേസുമൊക്കെ ഉണ്ടാവുകയും ചെയ്യുന്നു. എന്താണ് ഇതിന്‍റെയൊക്കെ പിന്നിലുള്ള അടിസ്ഥാന പ്രശ്നം?
കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കിന്‍റെ മുഖ്യകാരണങ്ങള്‍ വൈരാഗ്യം, വിദ്വേഷം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ്. ദമ്പതികളുടെ പ്രശ്നങ്ങളുടെ കാരണം അവര്‍ തമ്മിലുള്ള ആശയവിനമയത്തിന്‍റെ വിടവാണ്. ദമ്പതികളെ ദൈവം ഒന്നായ യോജിപ്പിച്ചെങ്കിലും അവരുടെ വിചാര വികാര വേദികളിലൊന്നും അവര്‍ ഒന്നായി കാണുന്നില്ല. വളരെയേറെ കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ട്. ഒരാള്‍ ചിന്തിക്കുന്നതുപോലെയല്ല, മറ്റേയാള്‍ ചിന്തിക്കുന്നത്. ദമ്പതികള്‍ രണ്ടു വ്യക്തികളാണ്, രണ്ടു സ്വഭാവക്കാരാണ്. പക്ഷെ അവരെ ഒന്നാക്കി തീര്‍ത്തത് വിവാഹമാണ്. അവര്‍ക്കു പറയാനുള്ള കാര്യങ്ങള്‍ വേറൊരാള്‍ വഴി പറയണമെന്നാഗ്രഹിക്കുന്നത് തെറ്റാണ്. അവര്‍ പരസ്പരം ഇരുന്നു സംസാരിച്ച് ബുദ്ധിമുട്ടുകളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ ശ്രമിക്കണം. ഇന്നു ഞാന്‍ കണ്ടിട്ടുള്ള മിക്ക കേസുകളിലും സംഭവിച്ചിട്ടുള്ളത് ഈഗോ ക്ലാഷാണ്. ഞാനാണോ വലുത് നീയാണോ വലുത് എന്നു പരസ്പരം തൂക്കിക്കൊണ്ടിരിക്കുന്നു. താഴാനും കുറയാനും ചെറുതാകാനും പരസ്പരം മത്സരിച്ചു തയ്യാറായാലേ ദാമ്പത്യം വിജയിക്കൂ. ദമ്പതികള്‍ തമ്മില്‍ നല്ല ആശയവിനിമയം വേണം. അതുകൊണ്ട്, എന്‍റെയടുക്കല്‍ വരുന്ന കേസുകളിലെ ദമ്പതികളെ എന്‍റെ ചേംബറില്‍ ഇരുത്തി അവരെ മാത്രമായി സംസാരിപ്പിക്കും. അങ്ങനെ മറ്റാരും ഇടപെടാതെ സംസാരിച്ചു കഴിയുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ക്കു വ്യക്തതവരും. എവിടെയാണ് പാളിപ്പോയതെന്നു മനസ്സിലാകും. അതു തിരുത്താനുള്ള തുറവിയുണ്ടാകും.

കുടുംബപ്രശ്നങ്ങളുടെ പശ്ചാത്തലം ക്ഷമിക്കാനും മറക്കാനും പറ്റാത്ത വഴക്കുകളാണ്. എന്തിനുവേണ്ടിയാണ് കേസെന്നും എന്തിനാണു പരസ്പരം വഴക്കെന്നും ഞാന്‍ ചോദിച്ചിരുന്നു. അതില്‍നിന്ന് എന്താണു നേടാന്‍ പോകുന്നത്? തലമുറകളോളം കേസു നടത്തിയിട്ട് എന്തു നേടി? ഇത്തരം ചോദ്യങ്ങളിലൂടെ ഇതൊന്ന് അവസാനിപ്പിക്കണമെന്ന ചിന്ത പലരിലും ഉണ്ടായിട്ടുണ്ട്. അങ്ങനെ അവസാനിക്കണമെങ്കില്‍ ഇരുകൂട്ടര്‍ക്കും മാന്യമായ രീതിയിലുള്ള തീര്‍പ്പുണ്ടാകണം. അതിന് ഒരു ന്യായാധിപന്‍, അല്ലെങ്കില്‍ ഒരു മധ്യസ്ഥന്‍ ഇടപെട്ടാല്‍ രണ്ടുകൂട്ടരും തോറ്റിട്ടില്ല, ജയിച്ചിട്ടേയുള്ളൂ എന്ന സ്ഥിതിയുണ്ടാകും. ആ വിധത്തില്‍ അത്തരം കേസുകളില്‍ മധ്യസ്ഥതയിലൂടെ മാന്യമായ പരിഹാരം കാണാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

? നമ്മുടെ സഭയില്‍ വിവാഹാര്‍ത്ഥികള്‍ക്കും വിവാഹം കഴിഞ്ഞവര്‍ക്കുവേണ്ടിയും മറ്റും നിരവധി പരിശീലനങ്ങളും കോഴ്സുകളുമൊക്കെയുണ്ട്. എങ്കിലും വിവാഹ മോചനങ്ങളും വഴക്കുകളുമൊക്കെ വര്‍ദ്ധിക്കുന്ന സാഹചര്യമാണു കാണുന്നത്. ഈ രംഗത്ത് നമ്മുടെ പ്രവര്‍ത്തന പരിശീലന പരിപാടികളില്‍ എന്തെങ്കിലും മാറ്റങ്ങളോ പൊളിച്ചെഴുത്തുകളോ വേണ്ടതുണ്ടോ?
പഠനത്തിന്‍റെയും പരിശീലനത്തിന്‍റെയും അഭാവത്തേക്കാള്‍ കൂടുതലായി, അനുധാവനത്തിന്‍റെ അഭാവമാണ് ഞാന്‍ കാണുന്നത്. ഒന്നാക്കി കെട്ടിച്ചു നാം വിട്ടു. പിന്നീട് ഫോളോഅപ് കുറവാണ്. ഫ്രാന്‍സിസ് പാപ്പ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദമാണ് അനുധാവനം ചെയ്യുക എന്നത്. മൂന്നു ദിവസത്തെ കല്യാണ കോഴ്സ് കൂടിയതുമാത്രമാണ് ദമ്പതികള്‍ക്കു കിട്ടുന്ന പ്രധാന പരിശീലനം. അതിനപ്പുറത്ത് ജീവിതത്തിന്‍റെ പച്ചയായ പരമാര്‍ത്ഥങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്കു പിടിച്ചു നില്‍ക്കാന്‍ ആവശ്യമായ ആത്മീയമായ കരുത്തും ഭൗതികമായ പിന്തുണയും ഉണ്ടാകാന്‍ അവരെ അനുധാവനം ചെയ്യാന്‍ സഭയ്ക്കു കടമയുണ്ട്. ഇത്തരത്തില്‍ അനുധാവനം ചെയ്യാന്‍ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പലപ്പോഴും കഴിയില്ല. നല്ല സുഹൃത്തുക്കളെയും കിട്ടിയെന്നു വരില്ല. അപ്പോള്‍ അവിടെ സഭയുടെ അനുധാവനം ആവശ്യമാണെന്നാണ് എന്‍റെ വിശ്വാസം. വൈദികരുടെയും സന്യസ്തരുടെയുമൊക്കെ കുടുംബ സന്ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണ്. കുടുംബങ്ങളുടെ ആത്മീയവും മാനസീകവും വൈകാരികവുമായ സംഘര്‍ഷങ്ങളും പ്രശ്നങ്ങളുമൊക്കെ തളര്‍ച്ചയിലേക്കും തകര്‍ച്ചയിലേക്കും നീങ്ങാതെ ദൈവിക ഇടപെടലിലൂടെ പരിഹരിക്കാന്‍ ഇതെല്ലാം ഉപകരിക്കണം.

? വിരമിച്ച ശേഷം സമൂഹത്തിലെ ഏതെങ്കിലും രംഗത്ത് ഇടപെട്ടു പ്രവര്‍ത്തിക്കാനുള്ള പദ്ധതികള്‍ എന്തെങ്കിലും മനസ്സിലുണ്ടോ?
നിയമരംഗത്ത് ഏകദേശം 40 വര്‍ഷത്തോളമുള്ള പരിചയം എനിക്കുണ്ട്. ആ പരിചയവും അനുഭവും പ്രയോജനപ്പെടുത്തി ഈ രംഗത്തു ഒട്ടേറെ സേവനങ്ങള്‍ ചെയ്യാനാകും. വിരമിച്ച സുപ്രിം കോടതി ജഡ്ജിക്ക് വേറെ എവിടെയും പ്രാക്ടീസ് ചെയ്യാന്‍ പാടില്ല. പക്ഷെ ഞങ്ങള്‍ക്ക് മധ്യസ്ഥ്യം വഹിക്കാം, നിയമോപദേശം കൊടുക്കാം, അനുരഞ്ജനം നടത്താം… ഇത്തരത്തില്‍ സമൂഹത്തിന്‍റെ പ്രശ്നങ്ങളില്‍ ഇടപെടാം. ദൈവം എന്നെ വിളിക്കുന്നിടത്ത് ഇനിയും സേവനം ചെയ്യാമെന്നുള്ള തുറവിയോടെയാണ് ഞാന്‍ നില്‍ക്കുന്നത്.

? സ്വന്തം മതവിശ്വാസവും ഐഡന്‍റിറ്റിയും ജുഡീഷ്യറിയിലെ സേവനത്തെ ഏതെങ്കിലും തരത്തില്‍ ബാധിച്ചിട്ടുണ്ടോ?
ഒരിക്കലുമില്ല. കാരണം നീതി, സത്യം, സാഹോദര്യം, സമത്വം ഇതൊക്കെത്തന്നെയാണ് എന്‍റെ മതവിശ്വാസത്തിന്‍റെ കാതല്‍. ഇതു തന്നെയാണ് ഭരണഘടനയുടെ ആമുഖത്തിലും പറയുന്നത്. നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ നാലു കാര്യങ്ങളാണ് ഭരണഘടനയുടെ ആമുഖത്തിലുള്ളത്. അതിനുവേണ്ടിയാണ് ഭരണഘടനയെ ഞങ്ങള്‍ വ്യാഖ്യാനിക്കുന്നത്. അതുകൊണ്ട് എന്‍റെ മത വിശ്വാസവും ഔദ്യോഗിക ജീവിതവും തമ്മില്‍ ഒരു സംഘട്ടനവും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ഭരണഘടനയെ നന്നായി വ്യാഖ്യാനിക്കാന്‍ അതെന്നെ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്.

? വിശ്വാസജീവിതവും ഔദ്യോഗിക ജീവിതവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്കു വിഷയീഭവിച്ചിട്ടുണ്ടോ?
സംഘര്‍ഷങ്ങള്‍ കാര്യമായി വന്നിട്ടില്ല. എന്നിരുന്നാലും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയ ചില മേഖലകള്‍ ഉണ്ട്. അതിലൊരു മേഖല ഗര്‍ഭച്ഛിദ്രത്തെ വ്യാഖ്യാനിക്കുന്ന സമയവും, അതുപോലെ വധശിക്ഷയെ സംബന്ധിച്ച കാര്യവുമാണ്. വധശിക്ഷ എനിക്കു വിധിക്കേണ്ടി വന്നിട്ടില്ല എന്നാല്‍ ഒരു വധശിക്ഷയുടെ റിവ്യുവിന്‍റെ ഭാഗമാകേണ്ടി വന്നു. അതില്‍ ഞാന്‍ വിയോജിപ്പു രേഖപ്പെടുത്തുകയും ചെയ്തു. ഗര്‍ഭഛിദ്രത്തിന്‍റെ നിയമത്തില്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി എന്നൊരു ആക്ട് ഉണ്ട്. എന്നാല്‍ അതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കനുസരിച്ചല്ല അതു വ്യാഖ്യാനിക്കപ്പെടുന്നത് എന്നൊരു ഖേദം എനിക്കുണ്ട്. അതൊരു സംഘര്‍ഷമായി പറയാനാകില്ല. കാരണം നിലവിലുള്ള നിയമത്തെയേ വ്യാഖ്യാനിക്കാനാകൂ. നിയമം തെറ്റാണെന്നു പറയാന്‍ പറ്റില്ല, ആ നിയമം സുപ്രിംകോടതി ശരിവച്ചതുമാണ്. ആ നിയമത്തിന്‍റെ അന്തസ്സത്ത കണക്കാക്കി അതു വ്യാഖ്യാനിക്കണം എന്നുള്ള നിലപാട് ഞാന്‍ എടുത്തിട്ടുണ്ട്.

? കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാറുണ്ടോ? എന്താണഭിപ്രായം?
കേരള സഭയുടെ പൊതുവായ അവസ്ഥ നോക്കിയാല്‍, സഭയുടെ പ്രതിഛായയ്ക്കു വളരെ മങ്ങലേറ്റിട്ടുണ്ട്.

? ആ വിധത്തില്‍ വളരെ മോശപ്പെട്ട കാലഘട്ടത്തിലൂടെയാണോ സഭ നീങ്ങുന്നത്?
കാലഘട്ടം മോശപ്പെട്ടതല്ല. ഈ കാലഘട്ടത്തില്‍ സഭയെ മോശമാക്കി അവതരിപ്പിച്ചതാണ്. അഥവാ അവതരിപ്പിക്കപ്പെടേണ്ട സാഹചര്യം ഉണ്ടായതാണ്. ഇതു രണ്ടും ഒഴിവാക്കേണ്ടതായിരുന്നു.

? ഇവിടെയെല്ലാം സഭാനേതൃത്വം സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്തായിരിക്കണം?
സഭയില്‍ തര്‍ക്കങ്ങളുണ്ടാകാം. കാരണം, സഭ ദൈവികമായി സ്ഥാപിക്കപ്പെട്ടതാണെങ്കിലും മാനുഷീക കരങ്ങളിലൂടെ നയിക്കപ്പെടുന്നതാണ്. അപ്പോള്‍ മാനുഷീകമായി ഉണ്ടാകാവുന്ന കുറവുകള്‍ സഭയുടെ സംവിധാനങ്ങളില്‍ നിഴലിക്കാം. അങ്ങനെ വരുമ്പോഴും അവയെല്ലാം ദൈവത്തിന്‍റെ മഹത്വത്തെ കരുതി, ദൈവജനത്തിന്‍റെ നന്മയെ കരുതി സഭയുടെ വിശ്വാസ്യതയെക്കരുതി നല്ല രീതിയില്‍ പരിഹരിക്കാന്‍ ശ്രമിക്കണം.

? കേരള സഭ ഇന്നു കൂടുതല്‍ ഊന്നല്‍ നല്‍കേണ്ട മേഖലകള്‍ ഏതൊക്കെയാണ്?
വിശുദ്ധിയുടെ മേഖലയാണ്. യാതൊരു സംശയവുമില്ല. ദൈവ ജനത്തെ വിശുദ്ധിയിലും വിശ്വാസത്തിലും ആഴപ്പെടുത്തി സ്വര്‍ഗത്തിലെത്തിക്കുക എന്നതാണ് സഭയുടെ ഉത്തരവാദിത്വം. ഇന്നത്തെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ആ വിധത്തിലാണോ എന്നു ചോദിച്ചാല്‍ എനിക്കതിനോട് പൂര്‍ണമായും യോജിക്കാനാവില്ല. സഭയിലെ കൗദാശിക ശുശ്രൂഷകള്‍ക്കപ്പുറത്ത് സഭയുടെ പൊതുജീവിതം ജനങ്ങളെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലേക്കു നയിക്കുന്നതാകണം.

? സഭയില്‍ അല്മായ ശക്തീകരണത്തിനും അര്‍ത്ഥ പൂര്‍ണമായ പങ്കാളിത്തത്തിനും സഹായകമാകുന്ന എന്തെങ്കിലും ആശയങ്ങള്‍ പങ്കുവയ്ക്കാനുണ്ടോ?
ഇത് എത്രയോ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. സഭ എന്നാല്‍ മെത്രാന്മാരും വൈദികരും സന്യസ്തരും എന്ന ചിന്തയാണ്. അതല്ല, സഭ വിശ്വാസികളുടെ സമൂഹമാണ്. വിശ്വാസികളുടെ സമൂഹമാണ് സഭ എന്നത് വിശ്വാസികള്‍ക്കു കൂടി ബോധ്യമാകുന്ന രീതിയില്‍ സഭാ സംവിധാനങ്ങളില്‍ അവര്‍ക്കു ഭാഗഭാഗിത്വം നല്‍കിക്കൊണ്ടുള്ള നടപടികള്‍ ഉണ്ടാകണം.

? സ്ത്രീ ശാക്തീകരണം, അല്മായ ശാക്തീകരണം എന്നൊക്കെ പറയുന്നതുപോലെ വൈദിക ശാക്തീകരണം സഭയില്‍ ഉണ്ടാകേണ്ടതുണ്ടോ?
വൈദികരുടെ ശാക്തീരണത്തേക്കാള്‍ വൈദികരുടെ വിശുദ്ധീകണത്തിനാണ് ഇന്നു കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്. വൈദികരും സന്യസ്തരും എന്തിനു വേണ്ടി വിളിക്കപ്പെട്ടു. ആ വിളി വിശുദ്ധിയോടെയും വിശ്വസ്തതയോടെയും നിലനിറുത്താന്‍ അവര്‍ക്കു കഴിയുന്നുണ്ടോ എന്ന ആത്മവിമര്‍ശനത്തിന് അവര്‍ തയ്യാറാകണം. അങ്ങനെ വിശുദ്ധീകരണത്തിനു ശേഷമുള്ള ശാക്തീകരണമാണു വേണ്ടത്, അതിനേ പ്രസക്തിയുള്ളൂ.

? സമര്‍പ്പിതരും വൈദികരും അഭിഭാഷകരായി വരുന്നതിനെക്കുറിച്ച് എന്താണഭിപ്രായം?
ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു. അഭിഭാഷകന്‍ മറ്റൊരാളുടെ വക്കാലത്ത് എടുക്കുന്നവനാണ്. അഭിഭാഷകന്‍ മറ്റൊരാള്‍ക്കു വേണ്ടി സംസാരിക്കാന്‍ കഴിവുള്ളവനാണ്. സംസാരിക്കാന്‍ സാധ്യതയില്ലാത്തവരുടെ അഭിഭാഷകരാകാന്‍, ലാഭവും പണവും നോക്കാതെ സത്യസന്ധവും നീതിപൂര്‍വകവും ഗുണകരമായ മേന്മയുള്ളതുമായ അഭിഭാഷക സഹായം അവര്‍ക്കു നല്‍കാന്‍ വൈദികരും സന്യസ്തരുമായ അഭിഭാഷകര്‍ക്കു കഴിയും. അതു കൊണ്ടുതന്നെ അവര്‍ ആ മേഖലയിലേക്കു വരണം. ആ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും വേണം.

? സത്യദീപവുമായി താങ്കള്‍ക്കു വര്‍ഷങ്ങളുടെ ബന്ധമുണ്ട്. സത്യദീപത്തിന്‍റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു, സത്യദീപത്തിന്‍റെ വായനക്കാരോട് എന്തു പറയാനുണ്ട്?
വളരെ വ്യക്തവും സംക്ഷിപ്തവുമായി പറഞ്ഞാല്‍ സത്യദീപം സത്യത്തിന്‍റെ ദീപമാകണം. ഇന്നു കാലഘട്ടം ആവശ്യപ്പെടുന്നത് അതാണ്. പാര്‍ശ്വവീക്ഷണങ്ങളല്ല, യഥാര്‍ത്ഥത്തിലുള്ള സത്യത്തിന്‍റെ പ്രകാശനമാണ് നാം നിര്‍വഹിക്കേണ്ടത്. അതുകൊണ്ട് നിരീക്ഷണങ്ങള്‍ ഒഴിവാക്കി, സത്യത്തെ പ്രകാശിപ്പിക്കണം. വായനക്കാരുടെ ആത്മീയതയുടെ പൊസിറ്റീവ് വശങ്ങളാണ് സത്യദീപം പോലുള്ള പ്രസിദ്ധീകരണങ്ങള്‍ നല്‍കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org