കല വില്പന ചരക്കല്ല

കല വില്പന ചരക്കല്ല

കലാകാരന് അവന്‍റേതായ ചിന്തകളുണ്ട്. അത് വേറിട്ട ശിഥിലമായ ചിന്തകളാണ്. അത്തരത്തില്‍ ശിഥിലമായ ചിന്തകളാണ് ഞാനിവിടെ പങ്കുവയ്ക്കുന്നത്. ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് എന്നു പറയാവുന്നത് യേശുക്രിസ്തുവാണെന്ന് ഒരു കലാകാരനായ ഞാന്‍ വിശ്വസിക്കുന്നു. ലോകത്തെ ആദ്യത്തെ വിപ്ളവകാരിയായ പ്രസംഗകനും യേശുക്രിസ്തുവാണ്. ഒരു പ്രസംഗം എന്തായിരിക്കണം എന്നതിന് ഗിരിപ്രഭാഷണം മാത്രം നോക്കിയാല്‍ മതി. ഒരു സിനിമ നല്ലതെന്നോ ചീത്തയെന്നോ എങ്ങനെയാണു നിര്‍വചിക്കപ്പെടുന്നത്? ഒരു ചീത്ത സിനിമ തിരശ്ശീലയില്‍ തുടങ്ങുന്നു, തിരശ്ശീലയില്‍ തുടരുന്നു, തിരശ്ശീലയില്‍ കഴിയുന്നു. കഥാപാത്രങ്ങളെയും ആ സിനിമയെയും നാം തീയറ്ററില്‍ത്തന്നെ ഉപേക്ഷിക്കുന്നു. ഒരു നല്ല സിനിമ തിരശ്ശീലയില്‍ തുടങ്ങുക മാത്രമാണു ചെയ്യുന്നത്. അതു തുടരുന്നത് കാണിയുടെ മനസ്സിലാണ്. തിരശ്ശീലയിലെ സിനിമ കഴിയുമ്പോഴും നമ്മുടെ മനസ്സിലെ സിനിമ തുടരുകയും കഥാപാത്രങ്ങളെയും കഥയെയും സിനിമയെയും നാം വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്യുന്നു. ഒരു പ്രസംഗവും ഇതുപോലെ തന്നെയാണ്.

300 പേര്‍ ഒരു തീയറ്ററിലിരുന്ന് ഒരു സിനിമ കാണുന്നുവെങ്കില്‍ അതു മോശം സിനിമയാണെന്നും 300 വ്യത്യസ്തമായ സിനിമകളാണ് സൃഷ്ടിക്കേണ്ടതെന്നുമാണ് മഹാനായ സത്യജിത് റേ ഒരിക്കല്‍ എന്നോടു പറഞ്ഞത്. ഒരു സിനിമ കഴിയുമ്പോള്‍ 300 കാണികളുടെ മനസ്സില്‍ 300 വ്യത്യസ്ത സിനിമകള്‍ ഉണ്ടാകണം. 'മേല്‍വിലാസം' എന്ന നാടകം ഞാന്‍ തൃശ്ശൂര്‍ സംഗീതനാടക അക്കാദമിയില്‍ അവതരിപ്പിച്ചു. നാടകം അവതരിപ്പിച്ചശേഷം ചില വേദികളില്‍ ഞാന്‍ കാണികളുമായി സംവദിക്കാറുണ്ട്. നാടകത്തില്‍ ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവിടെ പറഞ്ഞു. അതിനുശേഷം ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ പ്ലസ് ടു-വില്‍ പഠിക്കുന്ന ഒരു പയ്യന്‍ എന്‍റെയടുത്തുവന്ന് നാടകം ഇഷ്ടമായി എന്നു പറഞ്ഞു. പക്ഷെ സാറിന്‍റെ പ്രസംഗം എനിക്ക് ഒട്ടും ഇഷ്ടമായില്ല എന്നു വ്യക്തമാക്കി. അതിനു കാരണമായി അവന്‍ പറഞ്ഞത്, നാടകം കണ്ടപ്പോള്‍ അവന്‍റെ മനസ്സില്‍ ഒരു നാടകം വരച്ചു ചേര്‍ത്തിരുന്നു, ഞാനതു വിശദീകരിച്ചപ്പോള്‍ ആ ചിത്രം മായിക്കപ്പെട്ടു എന്നാണ്. അതു ശരിയാണ്. നാടകത്തിന്‍റെ വ്യാഖ്യാനം നല്‍കേണ്ടത് സംവിധായകനല്ല, പ്രേക്ഷകരാണ്. ഈ സംഭവത്തിനു ശേഷം ആ തെറ്റ് ഞാന്‍ ഒരിക്കലും ആവര്‍ത്തിച്ചിട്ടില്ല.

ഒരു കലാവിഷ്ക്കാരത്തില്‍ നാം അടിയുറച്ചു വിശ്വസിക്കേണ്ട ചില കാര്യങ്ങള്‍ ചില കഥകളിലൂടെ ഞാനിവിടെ പറയാം. അത് നിങ്ങള്‍ മനസ്സിലാക്കിയെടുക്കുക. മഹാത്മാഗാന്ധിയുടെ വലുപ്പം അറിയാത്ത ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞന്‍, ഒരിക്കല്‍ ഗാന്ധിയോട് തന്‍റെ രാജ്യത്തെപ്പറ്റി വീമ്പിളക്കിക്കൊണ്ടിരുന്നു. തങ്ങളുടെ നാട്ടില്‍ ധാരാളം വിലപിടിപ്പുള്ള വസ്തുക്കള്‍ (valuables) ഉണ്ട്. അതെല്ലാം സംരക്ഷിക്കാന്‍ ശക്തമായ ബ്രിട്ടീഷ് സേനയുമുണ്ട്. ഇതുകേട്ടിരുന്ന മഹാത്മാഗാന്ധി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: "ഞങ്ങളുടെ നാട്ടില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ (valuables) ഇല്ല; പക്ഷെ അവിടെ നല്ല മൂല്യങ്ങളുണ്ട് (values). അവയെ സംരക്ഷിക്കുന്നത് ശക്തമായ ഇന്ത്യന്‍ സേനയല്ല; മറിച്ച് കവികളും എഴുത്തുകാരും കലാകാരന്മാരുമാണ്."

മഹാനായ കവി രബീന്ദ്രനാഥ ടാഗോര്‍ വളരെ മുഷിഞ്ഞ വസ്ത്രത്തോടുകൂടിയാണ് എപ്പോഴും നടന്നിരുന്നത്. ഒരിക്കല്‍ യൂറോപ്പിലെ കവി സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു.

ടാഗോറിനെ കണ്ട് സംഘാടകരിലൊരാളായ സ്ത്രീ പറഞ്ഞു; മിസ്റ്റര്‍ ടാഗോര്‍, താങ്കള്‍ നന്നായി വേഷം ധരിച്ചിട്ടില്ല, മുഷിഞ്ഞ വ സ്ത്രത്തിലാണ്. എഴുത്തുകാരുടെ വലിയ സമ്മേളനത്തില്‍ ഇങ്ങനെ വരാമോ? നിങ്ങള്‍ അടുത്തുള്ള തയ്യല്‍ക്കാരന്‍റെ അടുത്തു ചെന്ന് നല്ല വസ്ത്രം തുന്നുക, ശേഷം മാന്യനായി കടന്നുവരിക. ടാഗോര്‍ പ്രതികരിച്ചത് ഇങ്ങനെ: "നിങ്ങളുടെ നാട്ടില്‍ തയ്യല്‍ക്കാരനാണ് മാന്യന്മാരെ സൃഷ്ടിക്കുന്നത്, എന്‍റെ രാജ്യത്ത് സംസ്ക്കാരമാണ് ഒരുവനെ സൃഷ്ടിക്കുന്നത്."
'എന്‍റെ രക്ഷകന്‍' എന്ന ഞാനൊരുക്കുന്ന മെഗാ ഷോയില്‍ കന്യാമറിയത്തെ ഭൂമിദേവിയായിട്ടാണു പറയുന്നത്. ആണിന്‍റെ സഹായമില്ലാതെ ഒരു പെണ്ണ് ഗര്‍ഭിണിയായാല്‍ അതു ഭൂമിദേവിക്കു മാത്രമേ പറ്റൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭൂമിദേവി തന്നെയാണ് ഈ അമ്മയും. തുടക്കം മദര്‍ മേരിയില്‍ നിന്നാണ് അവസാനവും രക്തക്കണ്ണീര്‍ പോഴിക്കുന്ന മദര്‍ മേരിയിലാണ്. ഭൂമിദേവി തന്നെയല്ലേ മദര്‍ മേരിയും എന്നത് ഒരു കലാകാരന്‍റെ വ്യാഖ്യാനമാണ്.

നിങ്ങള്‍ ബൈബിള്‍ വായിക്കുമ്പോള്‍ മതാത്മകനായ ഒരു യേശുവിനെ കാണാതെ ഒരു വി പ്ലവകാരിയായ യേശുവിനെ കാണുമെങ്കില്‍ വരികള്‍ക്കിടയില്‍ കാലികമായ ഒരുപാടു കാര്യങ്ങള്‍ നമുക്കു വായിച്ചെടുക്കാന്‍ സാധിക്കും. ഞാന്‍ ഈ മെഗാഷോ പ്ലാന്‍ ചെയ്തപ്പോള്‍ കുറച്ചു വൈദികര്‍ എന്നോടു പറഞ്ഞു, എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാമെന്ന്. താങ്കള്‍ക്ക് യഥാര്‍ത്ഥമായ അനുഗ്രഹങ്ങള്‍ ഈ പരിപാടിയിലൂടെ കിട്ടണമെങ്കില്‍ താങ്കള്‍ക്ക് ഒരു പാട് പീഡാനുഭവങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. ആ പീഡാനുഭവങ്ങള്‍ സഹിക്കാനായി അവര്‍ പ്രാര്‍ത്ഥിക്കാമെന്നു സൂചിപ്പിച്ചു. ഞാന്‍ ഇന്നിവിടെ വന്നത് ആശുപത്രിക്കിടക്കയില്‍ നിന്നുമാണ്.

മഹാഭാരതത്തിലെ കൗരവ – പാണ്ഡവ യുദ്ധം, തിന്മയ്ക്കെതിരായ നന്മയുടെ യുദ്ധമാണ്. അധര്‍മ്മത്തിനെതിരെ ധര്‍മ്മം ചെയ്യുന്ന യുദ്ധം. അധര്‍മ്മത്തിന്‍റെ നേതാവായ ദുര്യോധനന്‍ യുദ്ധത്തിനുപോകുന്നതിനു മുമ്പ്, അമ്മയുടെ കാല്‍ വന്ദിച്ച് അനുഗ്രഹം തേടുന്നുണ്ട്. അപ്പോള്‍ അമ്മ അനുഗ്രഹിക്കുന്നത്, മകനേ ധര്‍മ്മം ജയിക്കട്ടെ എന്നാണ്. മകനു വേണ്ടത് നീ യുദ്ധം ജയിച്ചുവരൂ എന്ന അനുഗ്രഹമാണ്. അതിനാല്‍ വീണ്ടും അമ്മയുടെ കാല്‍ വന്ദിക്കുന്നു. അപ്പോഴും അമ്മ പറയുന്നത്, മകനേ ധര്‍മ്മം ജയിക്കട്ടെ എന്നാണ്. മൂന്നാമതും നാലാമതും അമ്മ ഇതുതന്നെ ആവര്‍ത്തിക്കുന്നു. അതാണ് അമ്മ.

നമ്മുടെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ യോജിച്ചു പറയുന്ന ഒരേ ഒരു കാര്യം കേരളം സാക്ഷരത കൈവരിച്ച സംസ്ഥാനമാണ് എന്നതാണ്. വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് അക്ഷരങ്ങളാക്കി, അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വാക്യങ്ങളാക്കി അതു വായിക്കുന്നതാണു സാക്ഷരതയെങ്കില്‍ കേരളം സാക്ഷരമാണ്. പക്ഷെ എന്‍റെ അഭിപ്രായത്തില്‍ അതല്ല. തിരിച്ചറിയാനുള്ള കഴിവാണ് സാക്ഷരത. നല്ലതും ചീത്തയും ധര്‍മ്മവും അധര്‍മ്മവും നീതിയും അനീതിയും തിരിച്ചറിയാനുള്ള കഴിവാണ് സാക്ഷരത. പ്രതികരിക്കാനുള്ള കഴിവാണ് സാക്ഷരത. ഇത് ഗിരിപ്രഭാഷണം വായിച്ചാല്‍ മനസ്സിലാകും. സ്വപ്നം കാണാനുള്ള കഴിവാണ് സാക്ഷരത. എന്‍റെ മകള്‍ നന്നായി പഠിച്ച് നല്ല നിലയില്‍ എത്തണമെന്നതല്ല സ്വപ്നം. നാടിനെപ്പറ്റിയുള്ളതാകണം സ്വപ്നം. ഇതില്‍ ഏറ്റവും വലുത്, നമ്മുടെ അമ്മയെ തിരിച്ചറിയുന്നതാണ് സാക്ഷരത. അമ്മ എന്നത് നമ്മുടെ ഭാഷയാണ്, സംസ്ക്കാരമാ ണ്, പൈതൃകമാണ്, പാരമ്പര്യമാണ്. എത്രപേര്‍ക്കു വേണ്ടി പ്രസംഗിക്കുന്നു എന്നതല്ല കാര്യം. ഗിരിപ്രഭാഷണം കേള്‍ക്കാന്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നെനിക്കറിയില്ല. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനുവേണ്ടി മാത്രം പ്രസംഗിച്ചതാണ് ഭഗവത് ഗീത. ലോകത്തിലെ രണ്ടു വലിയ ഗ്രന്ഥങ്ങളെന്നു വാഴ്ത്തപ്പെടുന്നത് ബൈബിളും ഭഗവത്ഗീതയുമാണ്.

എഞ്ചിനീയറിംഗ് പാസായശേഷം ഐഎസ്ആര്‍ഒയില്‍ ജോലി ചെയ്യുന്നതിനിടയില്‍ എനിക്കു കുറച്ചു സമയം കിട്ടി. അപ്പോള്‍ കേരളത്തിന്‍റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള അമ്പലങ്ങളില്‍ പോയി അവിടങ്ങളില്‍ ജീവിച്ചു മരിക്കുന്നവരെക്കുറിച്ച് പഠിക്കണം എന്നു ചിന്തിച്ചു. ഞാന്‍ കാല്‍നടയായി യാത്ര തിരിച്ചു. വേനല്‍കാലമാണ്. കൊല്ലത്തു ചെന്നപ്പോള്‍ വിയര്‍ത്തു കുളിച്ച് അമ്പലത്തില്‍ കയറാന്‍ പറ്റാതെ പുറത്തു നിന്നു. അപ്പോള്‍ അവിടത്തെ കോളാമ്പി സ്പീക്കറില്‍ നിന്നു ശ്ലോകങ്ങള്‍ കേള്‍ക്കുന്നു. അതിന്‍റെ അര്‍ത്ഥങ്ങളും മനോഹരമായി വ്യാഖ്യാനിക്കുന്നു. അദ്ദേഹത്തിന്‍റെ മുന്നില്‍ ചെന്ന് അതു കേള്‍ക്കാന്‍ ദേഹശുദ്ധി വരുത്തി അമ്പലത്തില്‍ കടന്നു. അകത്തു ചെന്നപ്പോള്‍ വ്യഖ്യാനം മുറയ്ക്കു നടക്കുന്നുണ്ട്. പക്ഷെ അദ്ദേഹത്തിനു മുന്നില്‍ ഒരു ശ്രോതാവു പോലുമില്ല! എന്‍റെ കണ്ണു നിറഞ്ഞുപോയി.

ഞാന്‍ അതേപ്പറ്റി ചിന്തിച്ചു. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? എനിക്ക് ഉത്തരം കിട്ടിയത് ഗുരുവായൂരില്‍ പോയപ്പോഴാണ്. അവിടെ കൃഷ്ണനാട്ടം നടക്കുന്നു. സ്വയംവരം ആയിരുന്നു കഥ. മേളക്കാരും ആട്ടക്കാരുമുണ്ട്. പക്ഷെ കാണികളായി ആരുമില്ല. മുക്കാല്‍ ഉറക്കത്തില്‍ തൂണും ചാരി ഇരിക്കുന്ന ഞാന്‍ മാത്രം. രാവിലെ വേഷക്കാരിലൊരാളെ ഞാന്‍ കണ്ടു. അയാളെ എന്‍റെ മുന്നിലേക്ക് ആരോ പറഞ്ഞു വിട്ടപോലെയായിരുന്നു. അയാള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അയാളോട് ഞാന്‍ ചോദിച്ചു. നിങ്ങള്‍ സമര്‍ത്ഥമായി കൃഷ്ണനാട്ടം അവതരിപ്പിച്ചപ്പോള്‍ കാണാന്‍ ഒരാള്‍ പോലും ഉണ്ടായില്ലല്ലോ? അതില്‍ വിഷമമില്ലേ? ഉടനടി മറുപടി വന്നു: "ഞങ്ങള്‍ കല അഭ്യസിക്കുന്നത് മുന്നിലിരിക്കുന്ന കുറേപ്പേര്‍ക്കു വേണ്ടിയല്ല. ഈ കൊളുത്തി വച്ചിരിക്കുന്ന ദീപത്തിനു വേണ്ടിയാണ്. ഈ ദീപം ബ്രഹ്മമാണ്. ബ്രഹ്മം ഈശ്വരനാണ്. ഈശ്വരനു വേണ്ടി കല അഭ്യസിക്കുന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍." ഈ വാക്കുകള്‍ യുവാവായ കൃഷ്ണമൂര്‍ത്തിയെ ഇന്നത്തെ സൂര്യകൃഷ്ണമൂര്‍ത്തിയാക്കി പരിവര്‍ത്തിപ്പിച്ചു. അദ്ദേഹത്തിന്‍റെ കാല്‍ക്കല്‍ നമസ്ക്കരിച്ചിട്ട് ഞാന്‍ പിന്തിരിഞ്ഞപ്പോള്‍ പിന്നില്‍ നിന്ന് അദ്ദേഹം ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു: "കല എന്നത് ദൈവം തന്നിട്ടുള്ള വരദാനമാണ്. അതു വില്‍ക്കാനുള്ളതല്ല."

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്റ്റേജ് ഷോ സംവിധാനം ചെയ്തിട്ടുള്ളത് ഒരുപക്ഷെ ഞാനായിരിക്കാം. ഇന്നേവരെ ഒരു പൈസ പോലും ആരില്‍നിന്നും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് അഭിമാനത്തോടെ ഞാന്‍ പറയും. ദൈവത്തിന്‍റെ തിരക്കഥയില്‍ ജീവിക്കുന്നവരാണു നാമെല്ലാവരും. ഞാന്‍ ബൈബിള്‍ വായിക്കുമ്പോള്‍ ഒരു കലാകാരന്‍ എന്ന നിലയിലുള്ള വ്യാഖ്യാനങ്ങളും ചിന്തകളുമാണ് വരുന്നത്.

എന്‍റെ നാടകത്തില്‍ ബര്‍ത്തിമേയൂസ് എന്ന അന്ധന്‍ പറയുന്നത് എനിക്കെന്‍റെ കണ്ണുതരൂ എന്നാണ്, കാഴ്ചതരൂ എന്നല്ല. യേശു ബര്‍ത്തിമേയൂസിനെ തൊട്ടപ്പോള്‍ അയാള്‍ക്കു കാണാന്‍ പറ്റി എന്നത് ഒരു വിശ്വാസം. പക്ഷെ, ഞാന്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ അതല്ല വിശ്വസിക്കുന്നത്. എല്ലാവരിലും ഉള്‍ക്കണ്ണുണ്ട്. നീ മോഷ്ടിക്കുന്നത് തെറ്റാണെന്നു പറയുന്നത് ഈ അകക്കണ്ണാണ്. എന്നാല്‍ പുറംകണ്ണു പറയുന്നത്, നിനക്കു ജീവിക്കാന്‍ പണം വേണ്ടേ അതിനാല്‍ ഉള്‍ക്കണ്ണിനെ നോക്കേണ്ട പുറം കണ്ണിലൂടെ ജീവിക്കുക എന്നാണ്. അവന്‍ ഉടനെ മോഷ്ടിക്കും.

പക്ഷെ ഒരു കലാകാരനോ വൈദികനോ അത്തരത്തിലുള്ളവരോ അകക്കണ്ണിനെ ആന്തരിക ആജ്ഞയെ അനുസരിക്കണം. നമ്മുടെ കന്യാസ്ത്രീകള്‍ എന്തുകൊണ്ട് ആ ജീവിതം തിരഞ്ഞെടുത്തു. അവരെ നയിച്ച ആന്തരികാജ്ഞയാണ് അതിനു കാരണം. വൈദികരും അങ്ങനെതന്നെയാണ്. ദൈവത്തിന്‍റെ വിളിയുണ്ടെങ്കില്‍ അവര്‍ അതിനനുസരിച്ചു ജീവിക്കും, പ്രവര്‍ത്തിക്കും.

ബര്‍ത്തിമേയൂസ് പറയുന്നത് എനിക്കു കണ്ണു തരണമേ എന്നാണ്. എനിക്കു മൂന്നാം കണ്ണു തുറക്കാനുള്ള സാഹചര്യം നല്‍കണമെയെന്നാണ്. ഞാന്‍ നിങ്ങളെ കാണുന്നു. നിങ്ങളും എന്നെ കാണുന്നു. പക്ഷെ ഇതൊരു കാഴ്ചയല്ല. യഥാര്‍ത്ഥ കാഴ്ച മൂന്നാം കാഴ്ചയാണ്. അതാണു യാഥാര്‍ത്ഥ്യം. കുഷ്ഠരോഗിയോടു പറയുന്നത് നിന്‍റെ പാപമാണ് കുഷ്ഠം എന്നാണ്. നീ എന്നില്‍ വിശ്വാസമര്‍പ്പിച്ചപ്പോള്‍ കുഷ്ഠം മാറുന്നു. നീ ഈശ്വരനില്‍ വിശ്വസിച്ചു നന്മ ചെയ്യുക എന്നാണിതു വ്യക്തമാക്കുന്നത്.
ലാസറിനെ ഉയിര്‍പ്പിക്കുന്ന രംഗം എന്‍റെ മെഗാഷോയില്‍ ഉണ്ട്. ലാസര്‍ ഓഡിയന്‍സിന്‍റെ ഇടയിലാണ്. അതായത് ഗുഹയ്ക്കകത്താണ് പ്രേക്ഷകര്‍. ലാസര്‍ മരി ച്ചു കിടക്കുന്നു. കല്ലറ തുറക്കുമ്പോള്‍ യേശു പറയുന്നത്, "ഉണരൂ, എഴുന്നേല്‍ക്കൂ, ജീവനിലേക്കു വരൂ" എന്നാണ്. ഇത് മൃതശരീരത്തിനോടല്ല അദ്ദേഹം പറയുന്നത്, പ്രേക്ഷകരോടുള്ള ആഹ്വാനമായിട്ടാണ് വരുന്നത്. ലാസറിന്‍റെ അവസ്ഥയും ഇന്നത്തെ സമൂഹത്തിന്‍റെ അവസ്ഥയും ഒന്നാണ്. അന്ന് ലാസറിനോട് ഉണരൂ, എഴഉന്നേല്‍ക്കൂ, ജീവനിലേക്കു വരൂ എന്ന് യേശു പറഞ്ഞത്, ഇന്നത്തെ സമൂഹത്തോടു പറയുന്നതായി നാം മനസ്സിലാക്കണം. ഉറങ്ങിക്കിടക്കുന്ന സമൂഹമാണ് നമ്മുടേത്. അധര്‍മ്മം കണ്ടാല്‍ വഴിമാറി നടക്കാന്‍ പഠിച്ച സമൂഹമാണ്. നാമെല്ലാം ലാസര്‍മാരാണ്.

(സത്യദീപത്തിന്‍റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലെ കത്തോലിക്കാ മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ക്കായി സംഘടിപ്പിച്ച സിമ്പോസിയത്തില്‍ ചെയ്ത പ്രഭാഷണത്തില്‍ നിന്ന്. തയ്യാറാക്കിയത്: ഫ്രാങ്ക്ളിന്‍ എം.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org