|^| Home -> Cover story -> കലാഭവന്‍ – ശില്പിയും ശില്പവും ജന്മശതാബ്ദിയും സുവര്‍ണജൂബിലിയും

കലാഭവന്‍ – ശില്പിയും ശില്പവും ജന്മശതാബ്ദിയും സുവര്‍ണജൂബിലിയും

Sathyadeepam

ഡോ. ചെറിയാന്‍ കുനിയന്തോടത്ത് സിഎംഐ

അനേകായിരംപേരുടെ സ്വപ്നസാക്ഷാത്കാരമായി കൊച്ചിന്‍ കലാഭവന്‍ യാഥാര്‍ത്ഥ്യമായിട്ട് അമ്പതു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഒപ്പം, സ്ഥാപക ഡയറക്ടറായിരുന്ന റവ. ഡോ. ആബേല്‍ പെരിയപ്പുറം ജന്മം കൊണ്ടിട്ടു നൂറു വര്‍ഷവും. സുവര്‍ണജൂബിലിയും ശതാബ്ദിയും ഒരുമിച്ചു വന്നത് ഒരു നിയോഗമാണെന്നു പറയേണ്ടിയിരിക്കുന്നു. സത്യദീപം പത്രാധിപരായിരുന്ന കാര്‍ഡി. മാര്‍ ജോസഫ് പാറേക്കാട്ടില്‍ ക്ഷണിച്ചിട്ടാണു ആബേലച്ചന്‍ എറണാകുളത്തു വന്നത്. അതിനുമുമ്പു ദീപികയിലും ദേവഗിരി കോളജിലും പ്രവര്‍ത്തിച്ചിരുന്നു. മാര്‍ ജോസഫ് പാറേക്കാട്ടില്‍ സത്യദീപത്തിനായി ഉപയോഗിച്ചിരുന്ന മുറി ആബേലച്ചനു വിട്ടുകൊടുത്തു. ബ്രോഡ് വേയിലെ ആ മുറിയിലാണു ക്രിസ്ത്യന്‍ ആര്‍ട്സ് എന്ന പ്രസ്ഥാനം രൂപമെടുത്തത്.

1969 സെപ്തംബര്‍ 3-നാണു കലാഭവന്‍ ഒരു പ്രസ്ഥാനമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ശ്രീ എസ്. കൃഷ്ണകുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പത്മഭൂഷണ്‍ കെ.ജെ. യേശുദാസ്, എമില്‍, റെക്സ് സഹോദരന്മാര്‍ തുടങ്ങിയവര്‍ കലാഭവനു നാദമാധുരിയേറ്റി. ജോളി എബ്രാഹം, ബേബി സുജാത തുടങ്ങിയവര്‍ ഗാനതരംഗങ്ങള്‍ സൃഷ്ടിച്ചു.

കലാഭവനു സ്വന്തമായ ഒരു കലാകോവില്‍ പൂര്‍ത്തിയായത് 1974 ആഗസ്റ്റ് 15-നാണ് – എറണാകുളത്തെ ടൗണ്‍ ഹാളിനു തൊട്ടടുത്ത്. കെട്ടിടത്തിനു തറക്കല്ലിട്ടതു കാര്‍ഡി. മാര്‍ ജോസഫ് പാറേക്കാട്ടിലായിരുന്നു. നാലാം നിലയിലുള്ള ഓഡിറ്റോറിയം 1978-ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

കലയുടെ കലവറയായി കലാഭവന്‍ വളര്‍ന്നു. ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം പൂര്‍ത്തിയാക്കി. നല്ല അദ്ധ്യാപകര്‍ നല്കിയ ശിക്ഷണം അവരെ കലയുടെ വിവിധ മേഖലകളില്‍ സുസജ്ജരാക്കി. കലാഭവന്‍ ഗാനമേള, മ്യൂസിക്കല്‍ സെന്‍സേഷന്‍, മിമിക്സ് പരേഡ്, മെഗാ ഷോ എന്നിവയിലൂടെ കലാഭവന്‍റെ പ്രസിദ്ധി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു.

കലാഭവന്‍റെ മിമിക്സ് പരേഡിനെപ്പറ്റി എടുത്തപറയേണ്ടതുണ്ട്. 1981-ല്‍ കലാഭവന്‍ കലാകേരളത്തിനു കാഴ്ചവച്ച ഹാസ്യവിരുന്നായിരുന്നു മിമിക്സ് പരേഡ്. അതുവരെ എങ്ങും അരങ്ങേറിയിട്ടില്ലാതിരുന്ന ശബ്ദാനുകരണവും ഭാവാഭിനയവും അഭിനയചക്രവര്‍ത്തിമാരുടെ ചേഷ്ടകളുമെല്ലാം വേദിയില്‍ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തി. മികച്ച ഹാസ്യകലാകാരന്മാര്‍ കലാഭവനിലെത്തി. നാടുനീളെ മിമിക്സ് പരേഡ് അരങ്ങേറി. പിന്നീട് അനുകരണകലയ്ക്കു വ്യത്യസ്ത അനുകരണകലകള്‍ മറ്റു ട്രൂപ്പുകള്‍ സ്വന്തമാക്കി. ആദ്യം വിവിധ വര്‍ഷങ്ങളില്‍ മോണോ ആക്ടിനും മിമിക്രിക്കും കേരള കാലിക്കറ്റ് യൂണിവേഴ്സിറ്റികളുടെ അംഗീകാരം നേടിയ ആറു യുവപ്രതിഭകളെയാണ് അവതരിപ്പിച്ചത്. പിന്നീടു കലാഭവന്‍ മണി, ലാല്‍, സിദ്ദിഖ്, ജയറാം, സലിംകുമാര്‍, ദിലീപ്, അന്‍സാര്‍ വര്‍ക്കിയച്ചന്‍ പെട്ട, കെ.എസ്. പ്രസാദ്, റഹ്മാന്‍ തുടങ്ങിയ കലാകാരന്മാര്‍ ശ്രദ്ധേയരായി. സംഘര്‍ഷനിര്‍ഭരമായ ജീവിതത്തിനിടയില്‍ എല്ലാം മറന്ന്, ഉള്ളുതുറന്നു ചിരിക്കാനാഗ്രഹിക്കുന്നവര്‍ക്കു മിമിക്സ് പരേഡ് വളരെയേറെ ആസ്വാദ്യമായി.

സ്വദേശത്തെന്നപോലെ വിദേശങ്ങളിലും കലാഭവന്‍ ഖ്യാതി നേടുകയുണ്ടായി. 1983-ല്‍ കലാഭവന്‍ ഗാനമേള ട്രൂപ്പ് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ വിജയകരമായ പര്യടനം നടത്തി. അവിടെയുള്ള മലയാളി സുഹൃത്തുക്കളാണു വേദികളൊരുക്കിയത്. ഗാനമേള വളരെയേറെ ജനപ്രീതി നേടി. അറേബ്യന്‍ രാജ്യങ്ങളില്‍ ഗാനമേള ട്രൂപ്പും മിമിക്സ് പരേഡും ഒരുമിച്ചാണു പര്യടനം നടത്തിയത്. 1987-ല്‍ രണ്ടു പ്രാവശ്യം വിദേശയാത്ര നടത്തുകയുണ്ടായി.

ആദ്യകാലങ്ങളില്‍ ആബേലച്ചനോടൊപ്പം മുന്‍ കേന്ദ്രമന്ത്രി എ.എം. തോമസ്, മേയറായിരുന്ന ശേഷാദ്രി, ജെയിംസ് കുളത്തിങ്കല്‍, അലി അക്ബര്‍, ജോര്‍ജുകുട്ടി കര്യാനപ്പള്ളി, ആന്‍ഡ്രു നെറ്റിക്കാടന്‍, ജോസ് തോമസ് തുടങ്ങിയവര്‍ കലാഭവനെ മുന്നോട്ടു നയിച്ചു. ആദ്യബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ പത്മഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്, ജോസഫ് കാരിക്കശ്ശേരി, കമാന്‍റര്‍ കെ.കെ. നാരായണ്‍, ഹ്യൂബര്‍ട്ട് പിയോളി, വി.കെ.വി. മേനോന്‍, ഡൊമിനിക് കുരുവിനാക്കുന്നേല്‍, അപ്പച്ചന്‍ വടക്കേക്കളം തുടങ്ങിയവര്‍ ഡയറക്ടര്‍മാരായി – 1971-ല്‍. കലാഭവന്‍ ഓഫീസില്‍ വളരെയേറെ ശ്രദ്ധയോടെ പ്രവര്‍ത്തിച്ച ഷേളി മുണ്ടാടന്‍, എലിസബത്ത് ലോപ്പസ് തുടങ്ങിയവരെ അനുസ്മരിക്കേണ്ടതുണ്ട്.

ഇപ്പോള്‍ കലാഭവന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഡോ. ചെറിയാന്‍ കുനിയന്തോടത്ത് (പ്രസിഡന്‍റ്), കെ.എസ്. പ്രസാദ് (സെക്രട്ടറി), കെ.എ. അലക്സാണ്ടര്‍ (ട്രഷറര്‍), കലാഭവന്‍ ജോര്‍ജുകുട്ടി (വൈസ് പ്രസിഡന്‍റ്), അഡ്വ. വര്‍ഗീസ് പറമ്പില്‍ (വൈസ് പ്രസിഡന്‍റ്), ഇക് ബാല്‍ (ജോ. സെക്രട്ടറി), അഡ്വ. ജ്ഞാനശേഖരന്‍, തോമസ് മറ്റേക്കാടന്‍, ഷൈജുമോന്‍, വിദ്യുത് പ്രഭ, ശ്രീധര്‍, ജേക്കബ് മാത്യു എന്നിവരാണ്. ഓഫീസില്‍ മേരി ജൂഡിറ്റ്, ഷീജ, ആന്‍റണി പി.വി. എന്നിവരാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ജന്മശതാബ്ദി ആഘോഷിക്കുന്ന റവ. ഡോ. ആബേല്‍ പെരിയപ്പുറം വിഖ്യാതനായ ഗാനരചയിതാവും ലിറ്റര്‍ജി ഗ്രന്ഥങ്ങളുടെ കര്‍ത്താവും കലാഭവന്‍റെ സര്‍വസ്വവുമാണ്. ഡോ. കെ.ജെ. യേശുദാസാണു കലാഭവന്‍ എന്ന പേരു നിര്‍ദ്ദേശിച്ചത്. ആബേലച്ചന്‍ അതു സ്വീകരിക്കുകയും ചെയ്തു. എറണാകുളം ജില്ലയിലെ മുളക്കുളം ഗ്രാമത്തില്‍ മാത്തന്‍ വൈദ്യന്‍-ഏലിയാമ്മ ദമ്പതികളുടെ അഞ്ചാമതു സന്താനമായ മാത്യുവാണു ഫാ. ആബേലായി പ്രസിദ്ധി നേടിയത്.

മാന്നാനത്താണു മാത്യു ഹൈസ്കൂള്‍ വിദ്യാഭ്യാസം നടത്തിയത്. അതിനുശേഷം അമ്പഴക്കാട്ടും കൂനമ്മാവിലും ചെത്തിപ്പുഴയിലും മംഗലാപുരത്തും വൈദിക വിദ്യാര്‍ത്ഥിയായി. 1951-ല്‍ മാര്‍ മാത്യു കാവുകാട്ടില്‍ നിന്നാണു പൗരോഹിത്യം സ്വീകരിച്ചത്. അതിനുശേഷം ആറുമാസം കോട്ടയത്തു ദീപിക ഓഫീസില്‍ ജോലി ചെയ്തു. അവിടെനിന്നാണ് ഉപരിപഠനത്തിനായി റോമിലേക്കു പോയത്. പൊളിറ്റിക്കല്‍ സയന്‍സും ജേര്‍ണലിസവുമാണ് അവിടെ പഠിച്ചത്. 1957 വരെ റോമിലെ ഇന്‍റര്‍നാഷണല്‍ യുണിവേഴ്സിറ്റിയില്‍നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ടര്‍ ബിരുദം സമ്പാദിച്ചു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തി തിരിച്ചെത്തിയ അദ്ദേഹം 1961 വരെ ദീപിക പത്രാധിപ സമിതിയില്‍ അംഗമായിരുന്നു. ദീപിക ബാലജനസഖ്യം രൂപവത്കരിച്ചതും അതു വലിയ വളര്‍ച്ച നേടിയതും അക്കാലയളവിലായിരുന്നു. പിന്നീടു ദീപിക വിട്ടു കോഴിക്കോട് ദേവഗിരി കോളജിലേക്കാണു പോയത്. അവിടെ സുറിയാനി ഭാഷാദ്ധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനുമായി പ്രവര്‍ത്തിച്ചു. തുടര്‍ന്നുള്ള കാലമാണ് എറണാകുളത്തു ചെലവഴിച്ചത്.

ആരാധനക്രമ ഗ്രന്ഥങ്ങളാണ് ആബേലച്ചന്‍റെ നേട്ടങ്ങളില്‍ എടുത്തുപറയേണ്ടത്. സുറിയാനി ഭാഷാപണ്ഡിതനും വ്യാകരണകര്‍ത്താവുമായ ഫാ. ലുഡ്വിക് കുനിയന്തോടത്ത് സുറിയാനി ഭാഷയില്‍ നിന്നു വിവര്‍ത്തനം ചെയ്തുകൊടുത്ത 5000 പേജു വരുന്ന ആരാധനക്രമ പ്രാര്‍ത്ഥനകളാണ് ആബേലച്ചന്‍ ഗാനരചനയ്ക്കായി ഉപയോഗിച്ചത്. മരിച്ചവര്‍ക്കുവേണ്ടിയുള്ള തിരുക്കര്‍മങ്ങള്‍, അല്മായര്‍ക്കും വൈദികര്‍ക്കും സന്ന്യാസിനീ സന്ന്യാസികള്‍ക്കും പ്രത്യേകം പ്രത്യേകമായി തയ്യാറാക്കി. മരിച്ചവരുടെ തിരുക്കര്‍മ്മങ്ങളിലെ ഗാനങ്ങള്‍ ലോകമെങ്ങും പ്രസിദ്ധമാണ്. കൂടാതെ, മരിച്ചവരുടെ ഓര്‍മ, മരിച്ചവര്‍ക്കുവേണ്ടിയുള്ള റാസ, മരിച്ചവര്‍ക്കുവേണ്ടിയുള്ള പാട്ടുകുര്‍ബാന, തിരുനാള്‍ കര്‍മ്മങ്ങള്‍, കൂദാശകള്‍, വെഞ്ചെരിപ്പുകള്‍, വര്‍ഷാരംഭ പ്രാര്‍ത്ഥനകള്‍, വര്‍ഷാവസാന പ്രാര്‍ത്ഥനകള്‍, ക്രിസ്മസ് രാത്രി, വിവാഹസമ്മതം, ഊട്ടുനേര്‍ച്ച, രോഗീശുശ്രൂഷ, ഉയിരവരുടെ പാട്ടുകുര്‍ബാന, മെത്രാഭിഷേകം, പരി. കുര്‍ബാനയുടെ വാഴ്വ്, സഭാവസ്ത്രസ്വീകരണം, വിശുദ്ധവാര കര്‍മങ്ങള്‍, ഉയിര്‍പ്പ്, കാനോന നമസ്കാര ഗ്രന്ഥങ്ങള്‍, സങ്കീര്‍ത്തനങ്ങള്‍ തുടങ്ങി കുരിശിന്‍റെ വഴി വരെ എത്രയെത്ര ഗ്രന്ഥങ്ങള്‍ ആബേലച്ചന്‍റെ യശസ്സിനു മാറ്റു കൂട്ടി! ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചനയിലും സംവിധാനത്തിലും പ്രചാരണത്തിലും ഊനം വരുത്താതെ തന്നെ കലാഭവന്‍, പോപ്പുലര്‍ സംഗീതത്തിന്‍റെ പ്രവര്‍ത്തനമേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

ആബേലച്ചനു തുല്യം ആബേലച്ചന്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. അദ്ദേഹത്തിന്‍റെ വേര്‍പാടിന്‍റെ വിടവു നികത്താന്‍ ഇനി എത്രകാലം കാത്തിരിക്കണമെന്നറിഞ്ഞുകൂടാ. ആരാധനക്രമങ്ങള്‍ പരിഷ്കരിച്ചപ്പോള്‍ ആബേലച്ചന്‍റെ പല രചനകളും മാറ്റിക്കളഞ്ഞെങ്കിലും പ്രധാനപ്പെട്ട രചനകള്‍ ഇന്നും ഉപയോഗത്തിലുണ്ട്. പുതിയ ആരാധനക്രമത്തില്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അദ്ദേഹം വേണ്ടത്ര സഹകരിച്ചില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിന്‍റെ കുഴപ്പം ഇന്നത്തെ രചനകളില്‍ നിഴലിക്കുന്നുമുണ്ട്. വളരെയേറെ സ്വാതന്ത്ര്യമെടുത്താണ് ആബേലച്ചന്‍ വിവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. അതു യാഥാസ്ഥിതിക ആരാധനക്രമവാദികള്‍ക്കു സ്വീകാര്യമായില്ല. പദാനുപദ വിവര്‍ത്തനം വേണമെന്നു ശഠിക്കുന്നവര്‍ക്കു മുമ്പില്‍ പ്രതിഭ അടിയറവയ്ക്കാന്‍ അദ്ദേഹം സന്നദ്ധനുമായില്ല.

ജന്മശതാബ്ദി ആഘോഷിക്കുന്ന ആബേലച്ചന്‍ ഇനിയും ശതകങ്ങള്‍ മനുഷ്യമനസ്സുകളില്‍ ജീവിക്കുമെന്നു തീര്‍ച്ചയായും പ്രതീക്ഷിക്കാം.

Leave a Comment

*
*