കലാലയങ്ങളിലെ സംസ്കാര രൂപീകരണം

കലാലയങ്ങളിലെ സംസ്കാര രൂപീകരണം

ലിറ്റി ചാക്കോ

ഓരോ കലാലയവും ഓരോ സംസ്കാരമാണ്
കലാലയങ്ങളെയാകെ പിടിച്ചുകുലുക്കിയ ഒരദ്ധ്യയനവര്‍ഷം കടന്നുപോയിരിക്കുന്നു. സമരങ്ങളും സഹനങ്ങളും ആഹ്വാനങ്ങളും ഇടപെടലുകളും കൊണ്ട് സജീവമായ ഒരു വര്‍ഷം. നേടിയതാര്, എത്ര എന്ന കണക്കുകളും ചിലര്‍ ഏറ്റെടുക്കാനാരംഭിച്ചിട്ടുണ്ട്. രജനി എസ് ആനന്ദ്, രോഹിത്വെമൂല, ജിഷ്ണു പ്രണോയ് തുടങ്ങിയവര്‍ സ്വന്തം മരണം കൊണ്ടുയര്‍ത്തിവിട്ട അലമാലകളില്‍ ഉന്നത വിദ്യാഭ്യാസ മേഖല ഇളകിമറിയുകയാണ്. പലേടത്തുനിന്നും പലരും പൊട്ടിത്തെറിക്കുന്നു. എപ്പോഴും മുന്‍നിശ്ചിതപ്രകാരം മാധ്യമധര്‍മ്മം പഴയ കുറുക്കന്‍ റോളില്‍ ചോര നുണയുന്നു.
ഓരോ കാമ്പസും ഓരോ സംസ്കാരമാണ്. വേറിട്ട സംസ്കാരങ്ങള്‍. മഹാരാജാവിന്‍റെയും യു.സി.യുടെയും വിക്ടോറിയയുടെയും ഒന്നും സന്താനങ്ങളെ ഒരു ലേബലില്‍ തളയ്ക്കുക വയ്യ. ലോകോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ എന്നിങ്ങനെ വേര്‍തിരിവുകള്‍ വേറെയുമുണ്ട്. എല്ലാറ്റിനും അതാതിന്‍റേതായ നേട്ടകോട്ടങ്ങളും സ്വാഭാവികം. എന്നാല്‍ ഇന്ന് തീര്‍ത്തും മൊണോട്ടണസ് ആയ ഒരു സംസ്കൃതിയിലേയ്ക്ക് കാര്യങ്ങളെ വലിച്ചെത്തിക്കുകയാണ് സമൂഹം ചെയ്തു കൊണ്ടിരിക്കുന്നത്.

കോര്‍പ്പറേറ്റ് വത്ക്കരണത്തിന്‍റെ ഭീകരമുഖങ്ങള്‍
ഈയടുത്ത് വളരെ രസകരമായ ഒരു നിര്‍ദ്ദേശം കേള്‍ക്കാനിടവന്നു. പ്രസിദ്ധമായ ഒരു ആര്‍ട്സ് & സയന്‍സ് കോളേജ് വിദ്യാര്‍ത്ഥിനി മറ്റൊരു കോളേജില്‍ ഒരു പേപ്പര്‍ പ്രസന്‍റേഷന്‍ കോംപറ്റീഷനു പോയി. അവിടെ പ്രബന്ധാവതരണത്തിനെത്തിയ മറ്റു വി ദ്യാര്‍ത്ഥികളെക്കണ്ട് അപകര്‍ഷബോധമുയരും വിധത്തില്‍ സ്വ ന്തം ഡ്രസ് കോഡ് അവളെ ചി ന്തിപ്പിച്ചു. എല്ലാവരും തന്നെ സ്യൂട്ടിലും കോട്ടിലുമാണ് അവിടെയെത്തിയിരുന്നത്. പെണ്‍കുട്ടിയാകട്ടെ ഒരു സാദാ A&S കോളേജിലെ ചുരിദാറും ഷോളും മാത്രം ധരിച്ചവള്‍. എന്തുകൊണ്ട് നമ്മുടെ കലാലയത്തിന്‍റെ യൂണിഫോം 'പ്രൊഫഷണ'ലാക്കിക്കൂടാ എന്നതാണവളുടെ ആവശ്യം.
കേരളത്തിലെ കാമ്പസുകളിലിപ്പോള്‍ സര്‍ഗ്ഗാത്മകത എന്ന വാക്കിനു വലിയ റോളില്ല. സംസ്കാരം എന്നതിനും. കോര്‍പറേറ്റ് വല്‍ക്കരണമാണ് ഇന്നും കാമ്പസിനെ നയിക്കുന്നതും സര്‍ഗ്ഗാത്മകത തകര്‍ക്കുന്നതും. പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ഒരു മുഖം മാത്രം നല്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റ് മാഫിയ. എല്ലാ വിദ്യാനുബന്ധ മേഖലകളെയും ഒരു നൂലിലേക്ക് ബന്ധിപ്പിച്ചു നിര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കുന്നു. എല്ലാ വിദ്യാര്‍ത്ഥി പ്രശ്നങ്ങള്‍ക്കും ഒരു മുഖം മാത്രം. ഇത് ഏറിയ ശതമാനവും ശരിയാകണമെന്നില്ല. പ്ര ശ്നങ്ങളും പരിഹാരങ്ങളും കാമ്പസുകള്‍ക്കനുസരിച്ച് വേര്‍തിരിവു കാണും എന്നതാണ് പരമാര്‍ത്ഥം.
തങ്ങളെക്കുറിച്ചും തങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും സ്വയം ബോദ്ധ്യങ്ങള്‍ നഷ്ടപ്പെട്ട 2 വിഭാഗങ്ങള്‍ക്കാണ് കാമ്പസില്‍ പ്രകടമായ പ്രമാണിത്തം. അദ്ധ്യാപകരും വിദ്യാര്‍തഥികളും. നേരിട്ടത് പ്രകടമല്ലെങ്കിലും അവസരം കിട്ടുമ്പോഴൊക്കെ നിര്‍ണ്ണായക ശക്തിയാകാന്‍ കളിക്കുന്ന മാനേജുമെന്‍റും ഇന്നു പരിചിതമായിക്കഴിഞ്ഞു. ഈ മൂന്നു വിഭാഗവും ഇന്ന് നേരത്തേ പറഞ്ഞ കോര്‍പ്പറേറ്റ് മാഫിയയുടെ നിയന്ത്രണത്തിലാണ്.

വിദ്യാഭ്യാസ മേഖല ഇന്‍ഡസ്ട്രിയുടെ ഭാഗമായപ്പോഴാണ് ഇങ്ങനെയൊരു ദുരന്തം ഇവിടെ സംഭവിച്ചത്. ലാഭകരമായ കോഴ്സുകള്‍, നഷ്ടത്തിലായ കോഴ്സുകള്‍ എന്നിങ്ങനെ പഠന വിഭാഗങ്ങള്‍ തരം തിരിക്കപ്പെട്ടപ്പോള്‍ മേല്‍ക്കൈ നേടിയത് കോമേഴ്സ് & മാനേജ്മെന്‍റ് മേഖലയിലുള്ള കോഴ്സുകളാണ്. കലാലയങ്ങളിലെ ഏറ്റവും ഡിമാന്‍റ് ഉള്ള കോഴ്സായി ബികോം തുടങ്ങിയ കോഴ്സുകള്‍ മാറുന്നത് പ്രധാനമായ കാരണമായിരുന്നത് പ്ലേസ് മെന്‍റ് സാദ്ധ്യതകളാണ്. (ബാങ്കിം ഗ് തുടങ്ങിയ മേഖലകളില്‍ തൊഴിലുറപ്പു നേടുന്ന വിദ്യാര്‍ത്ഥികള്‍ പലരും അവരുടെ കഴിവിനനുസരിച്ചുള്ള ജോലിയിലേക്കല്ല കയറിയിട്ടുള്ളത് എന്നത് കൂടുതല്‍ ശ്രദ്ധാര്‍ഹമായിട്ടുള്ള വിഷയമാണ്. മികച്ച കരിയര്‍ സ്വന്തമാക്കാന്‍ കഴിവുള്ള കുട്ടികളെയാണ് കാമ്പസ് പ്ലേസ്മെന്‍റ് എന്ന വലയെറിഞ്ഞ് തുച്ഛശമ്പളത്തിനു MNC- കള്‍ വിലയ്ക്കെടുക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് അവരുടെ ഊര്‍ജ്ജസ്വലത മുഴുവന്‍ ഊറ്റി ചണ്ടിയാക്കി കമ്പനി പുറന്തള്ളുമ്പോള്‍ അവര്‍ക്കു പലര്‍ക്കും പ്രായം 35 കടന്നിട്ടുണ്ടാവുകയുമില്ല! മൂന്നും നാലും വരെ ബാച്ചുകളാ യി സ്വാശ്രയതലത്തില്‍ കോഴ്സു നടപ്പിലാക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും അനുപാതത്തില്‍ കോമേഴ്സിന് ഒരു മേല്‍ക്കൈ വന്നെത്തുകയും കാമ്പസിന്‍റെ മുഖ്യധാരാ സംസ്കാരത്തിന് ഒരു വാണിജ്യമുഖം വന്നെത്തുകയും ചെയ്തു. മാനവിക വിഷയങ്ങളില്‍നിന്ന് കൃത്യമായ അകലം പാലിക്കുന്ന ഈ സ്വാശ്രയ വിദ്യാഭ്യാസ സംസ്കൃതിയാണ് ഇന്ന് കേരളത്തിലങ്ങോളമിങ്ങോളമുള്ള അപചയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് എന്നു പറഞ്ഞാല്‍ തെറ്റില്ല. ഇതുവരെയുണ്ടായിട്ടുള്ള പ്രശ്നങ്ങളുടെയെല്ലാം കണക്കെടുത്തു പരിശോധിക്കുമ്പോള്‍ എയ്ഡഡ് മേഖല കുറേക്കൂടി ശാന്തത പുലര്‍ത്തുന്നുണ്ട്. (ശാന്തതയേക്കാള്‍ നിസ്സംഗത എന്നതാവാം കുറച്ചുകൂടി ശരിയായ വാക്ക്) ഒറ്റപ്പെട്ട ചില സാമൂഹിക പ്രശ്നങ്ങളും സ്വാശ്രയ പ്രശ്നങ്ങളുടെ ഏറ്റെടുക്കലുകള്‍ക്കുമപ്പുറ ത്ത് സ്വന്തമായൊരു 'സര്‍ഗ്ഗാത്മക സമരം' ഈ മേഖലയില്‍ ഉണ്ടായിട്ടില്ല.
വാണിജ്യമുഖം കഴിഞ്ഞാല്‍ പിന്നെ കാമ്പസില്‍ ഭീകരത കൈവരിച്ചത് ശാസ്ത്രമേഖലയാണ്. ടെക്നിക്കല്‍ ആയ അദ്ധ്യാപന ശൈലിയും സമയ ദൗര്‍ല്ലഭ്യവും ഈ അദ്ധ്യാപകരെ അരസികന്മാരാക്കി മാറ്റി. നമ്മള്‍ സയന്‍സ് പഠിക്കുന്നവര്‍ കലോത്സവങ്ങളില്‍ പങ്കെടുക്കാനുള്ളവരോ NCC/NSS തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളവരോ അല്ലെന്ന് അവര്‍ വിദ്യാര്‍ത്ഥികളെ നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. 'ഞങ്ങള്‍ക്കീ ലാബും പ്രാക്ടിക്കലുമൊക്കെയുള്ളതിനാല്‍ ഞങ്ങളുടെ ക്ലാസ്സിലുള്ള കുട്ടികളെ ഇ ത്തരക്കാരാരും പിടിച്ചുകൊണ്ടുപോകരു'തെന്ന് സ്റ്റാഫ് മീറ്റിംഗുകളിലും ആവശ്യങ്ങള്‍ ഉയര്‍ന്നു. സര്‍ഗ്ഗാത്മകത നിഷേധിക്കപ്പെട്ട ഈ ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ നിസ്സംഗതയുടെയും അടിച്ചമര്‍ത്തലിന്‍റെയും മറ്റൊരു മുഖമണിഞ്ഞു.
ബാക്കിയായത് മാനവിക വിഷയങ്ങളാണ്. എല്ലാ അര്‍ത്ഥത്തിലും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരും ആത്മവിശ്വാസം തകര്‍ക്കപ്പെട്ടവരുമായി ഇത്തരക്കാര്‍ മാറി. ഇതില്‍ ഏറ്റവും ദുരന്തം നേരിടേണ്ടി വന്നത് ചരിത്രം, മലയാളം പോലെയുള്ള വിഷയങ്ങള്‍ക്കായിരുന്നു. ഏതൊരു സമൂഹത്തെയും കാലത്തെയും ഏറ്റവും ആഴത്തില്‍ സ്വാധീനിക്കാന്‍ പോന്ന ചരിത്രം എന്ന മനോഹരമായ വിഷയം അപഹസിക്കപ്പെട്ടവരുടെ കൂട്ടത്തിലേക്ക് മുഖംകുത്തിവീണു. ബാക്കിയായവരാകട്ടെ 'ആവിഷ്കാര സ്വാതന്ത്ര്യം' എന്ന പേരില്‍ അരാജകത്വം വളര്‍ത്തുന്ന സമൂഹസൃഷ്ടിയുടെ ഉപജ്ഞാതാക്കളായി. ഏതു തോന്ന്യാവാസങ്ങളെയും വിളിക്കാവുന്ന ഓമനപ്പേരായി ആവിഷ്കാര സ്വാതന്ത്ര്യമെന്ന വാക്ക് അടിപതറി വീണു.
മേല്‍ പ്രസ്താവിക്കപ്പെട്ട സം ഘര്‍ഷങ്ങളിലെല്ലാം ഒറ്റയായിപ്പോയ ശബ്ദങ്ങളെ തകര്‍ത്തുകൊണ്ട് മാനേജ്മെന്‍റ് മുതലാളിത്ത സ്വഭാവം വ്യക്തമായി ഉറപ്പിച്ച ആരോപിതനായ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനും ഏതെങ്കിലും പ്രബല സംഘടനയുടെ വാലറ്റത്തെങ്കിലും ഉള്ളവനായാല്‍ മാത്രം രക്ഷപ്പെടുന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ വന്നു ചേര്‍ന്നു.

കാമ്പസുകളിലെ പ്രശ്നങ്ങള്‍ അറിയുന്നതാര്?
ഏതാണ്ട് എല്ലാ കാമ്പസുകളും ഇന്നു കലുഷിതമാണ്. ചിലരെങ്കി ലും അങ്ങനെയല്ലെന്നു കരുതുന്നുവെങ്കില്‍ അവരുടേതൊരു മൂഢസ്വര്‍ഗ്ഗമാണെന്നു പറയുകയാവും ഭേദം. ഓരോ പൊട്ടിത്തെറിയും അതിലൊക്കെ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്ന 'മേല്‍ക്കൈ'കളും തങ്ങളുടെയും പ്രശ്നങ്ങളെന്തൊക്കെ എന്ന് ഓരോ വിദ്യാര്‍ത്ഥിയെയും ചിന്തിപ്പിക്കുന്നുണ്ട് എന്നത് ഒരു ചെറിയ കാര്യമല്ല. മാധ്യമ പിന്തുണ കൂടുതല്‍ തുറന്നു പറച്ചിലിന് അവരെ പ്രേരിപ്പിക്കുന്നുമുണ്ട്. തീര്‍ച്ചയായും ഇതൊരു നല്ല കാര്യം തന്നെയാണ്. ഓരോ വിദ്യാര്‍ത്ഥിയും/കാമ്പസും സ്വന്തം പ്ര ശ്നങ്ങള്‍ തിരിച്ചറിയേണ്ടത് അനിവാര്യതയാണ്. എന്നിട്ട്? എന്നിട്ടതിനൊരു പരിഹാരം ആരു നിര്‍ദ്ദേശിക്കണം എന്നതാണ് ചോദ്യം. നൂറും നൂറ്റൊന്നും വട്ടം ആവര്‍ത്തിച്ചു പറയാം. അതു ചെയ്യേണ്ടത് മാധ്യമങ്ങളല്ല. രാഷ്ട്രീയ കക്ഷികളുമല്ല. അതാതിടങ്ങളിലെ പ്രശ്നങ്ങള്‍ അതുമായി ബന്ധപ്പെട്ടവരാണ് ചര്‍ച്ച ചെയ്യേണ്ടത്. അദ്ധ്യാപകരും വി ദ്യാര്‍ത്ഥികളും ചേര്‍ന്ന് ചര്‍ച്ച ചെ യ്തു നിര്‍ദ്ദേശിക്കാവുന്നതിനേക്കാള്‍ മികച്ച ഒരു പരിഹാരവും പു റത്തു നിന്നൊരാള്‍ക്ക് ന്ലകാനാവില്ല.
ഇതിനു പറ്റിയ ഒരു സാഹചര്യമുണ്ടോ കാമ്പസില്‍ എന്നതാണ് മറ്റൊരു ചോദ്യം. നിര്‍ഭാഗ്യകരമായി ഇല്ല എന്ന ഉത്തരത്തിലേക്ക് എത്തേണ്ടി വരുന്നുണ്ട്. ഇവിടെയാണ് സംസ്കാരം അഥവാ ഐഡന്‍റിറ്റിയുടെ പ്രസക്തി. വലിയൊരളവു വരെയും ഇതു വലിയൊരു നിയന്ത്രണ ഫാക്ടറാണ്. ഏതു കഴിവുകെട്ട അദ്ധ്യാപകനും എത്ര 'ക്വട്ടേഷന്‍' വിദ്യാര്‍ത്ഥിക്കും ഈ ലേബല്‍ ഒരു ഗുണകരമായ ബാധ്യത തന്നെയായി മാറും.
'അഭിമാനത്തിന്‍റെ കേന്ദ്രമായിരുന്ന ഒരു സ്ഥാപനത്തെ അപമാന ത്തിന്‍റെ പടുകുഴിയിലേക്കു തള്ളി വിടരുതെന്ന് വിദ്യാര്‍ത്ഥികളോടും നിങ്ങളുടെ തുരുമ്പെടുത്ത ആശയങ്ങള്‍ അടിച്ചേല്പിക്കാനുള്ളവരല്ല വിദ്യാര്‍ത്ഥികള്‍ എന്ന് അദ്ധ്യാപകരോടും നമ്മുടെ മുഖ്യമന്ത്രി പറഞ്ഞിട്ട് അധികനാളായിട്ടില്ല. കാമ്പസുകളില്‍ ഇന്ന് ഏറെ പ്രസക്തമായി മാറിയ നിര്‍ദ്ദേശവും ഉപദേശവും ഇതാണെന്നതിന് യാതൊരു സംശയവുമില്ല.

ഗുരുവില്‍ നിന്ന് അദ്ധ്യാപകനിലേക്കുള്ള ദൂരം
ആര്‍ക്കാണിതു പ്രാവര്‍ത്തികമാക്കാന്‍ കഴിയുക? ഒരു പരിധിക്കപ്പുറം ചുമതല വിദ്യാര്‍ത്ഥികളെ ഏല്പിച്ചൊഴിയാന്‍ അദ്ധ്യാപകര്‍ക്കു കഴിയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റുപറ്റാം. ഈ തെറ്റ് ഉള്‍ക്കൊള്ളാനും തിരുത്താനുമുള്ള ആര്‍ജ്ജവവും ഉത്തരവാദിത്തവും ഉണ്ടാവേണ്ടത് അദ്ധ്യാപകനു തന്നെയാണ്.
ഗുരു എന്ന വാക്കിനുമുണ്ട് വിശാലമായ അര്‍ത്ഥതലങ്ങള്‍. അല്പം കൂടി ആദരവോടെയല്ലാതെ ഈ വാക്കു നമുക്കുച്ചരിക്കാനാവില്ല. ഗുരുവാകാന്‍ മാത്രം ഞാനാളല്ല എന്നു 'വിനയ്വാനിത'രാകുന്നവരാണ് അദ്ധ്യാപകരില്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനവും. ഇന്നു കലാലയങ്ങളില്‍ ഗുരുവില്ല. അ ദ്ധ്യാപകനേയുള്ളൂ. ഗുരുവിനെ എതിര്‍ക്കാന്‍ കഴിയാതിരുന്ന കാരണങ്ങളൊന്നും അദ്ധ്യാപകനെ എ തിര്‍ക്കാതിരിക്കാന്‍ ഒരു തടസ്സമാവുന്നില്ല. സുകുമാരകവിയുടെ കഥയൊക്കെ ഇന്നത്തെ തലമുറയുടെ വിസ്മയകരങ്ങളായ മിത്തുകളിലൊന്നു മാത്രമാണ്.
അദ്ധ്യാപനം എന്നത് ഒരു തൊഴില്‍മാത്രമായി ചുരുങ്ങിയിട്ടുണ്ട്. തൊഴിലില്‍ ഏറ്റവും പ്രധാനമായ സമയനിഷ്ഠ കാത്തുസൂക്ഷിക്കുന്നതൊഴിച്ചാല്‍ ഈ സമയനിഷ്ഠയ്ക്ക് അകത്തും പുറത്തും വിദ്യയില്ല എന്നതാണ് പ്രധാന പ്രശ്നമായി മാറിയത്. ടീച്ചര്‍, മാഷ്, മിസ്, സാര്‍ തുടങ്ങിയ പോസ്റ്റു കള്‍ക്കൊന്നും വിദ്യയെ സ്പിരിച്വല്‍ ആയി അവതരിപ്പിക്കാനായില്ല. ജീര്‍ണ്ണാഹാരവും അജീര്‍ണ്ണ വസ്ത്രവുമൊന്നും സ്മാര്‍ട്ട് എഡ്യുക്കേഷന് ഉള്‍ക്കൊള്ളാനായില്ല.
സംസ്കാരരൂപീകരണവും ദര്‍ശനങ്ങളും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഒരു സ്ഥാപനത്തിന് ഒരു ദര്‍ശനമുണ്ടാകും. ദര്‍ശനത്തിലേക്കെത്താനുള്ള ദൗത്യങ്ങളായിരി ക്കും അവര്‍ ഏകോപിപ്പിക്കുന്നുണ്ടാവുക. എന്നാലിന്ന് Vision & Mission എന്നത് കലണ്ടറുകളില്‍ മാത്രം ഒതുങ്ങുകയും എന്താണു തങ്ങളുടെ ദൗത്യമെന്ന് കാമ്പസി ന് അറിയാതെ പോകുകയും ചെ യ്യുന്നു. സ്വന്തം ട്രാന്‍സ്ഫറുകളെ യും റിട്ടയര്‍മെന്‍റ് പ്രക്രിയയിലെ കടലാസു നീക്കങ്ങളില്‍ സംഭവിച്ചേക്കാവുന്ന 'ഇടപെട'ലുകളെ യും കുറിച്ചോര്‍ത്ത് ഗവണ്‍മെന്‍റ് കോളേജ് അദ്ധ്യാപകരാരും ഇന്നു വിദ്യാര്‍ത്ഥി പ്രശ്നങ്ങളില്‍ ഇടപെടാന്‍ താത്പര്യപ്പെടുന്നില്ല. അങ്ങനെ വരുമ്പോള്‍ സംസ്കാര രൂപീകരണത്തില്‍ തടസ്സം നേരിടുന്നുണ്ട്. സംസ്കാര രൂപീകരണം കൂട്ടായ പ്രവര്‍ത്തനമാണ്. മുന്നോട്ടേക്കു ള്ള കുതിപ്പിന് ആക്കം കൂട്ടാനും വിഴ്ചകള്‍ക്ക് ആഘാതം കുറയ്ക്കാനും ഇത് കാമ്പസുകളെ സ ഹായിക്കും. 'സദാചാര'ത്തിന്‍റെ തുരുമ്പെടുത്ത ആശയങ്ങളുടെ സ്ഥാപനങ്ങളോ അരാജകത്വത്തി ന്‍റെ 'ആവിഷ്കാര സ്വാതന്ത്ര്യങ്ങളോ' ഇല്ലാതെ സന്തുലിതമായ അന്തരീക്ഷത്തെ മന്നോട്ടു കൊണ്ടു പോകുന്നതില്‍ ഇത് ഒരു പ്രധാന ഘടകമാണ്.

സ്വാതന്ത്ര്യം എന്ന ഉത്തരവാദിത്തം.
സ്വാതന്ത്ര്യം തോന്ന്യവാസമല്ല. അത് ഉത്തരവാദിത്ത നിര്‍വ്വഹണത്തിനുള്ള അവസരമാണ്. വിദ്യാര്‍ത്ഥി സ്വാതന്ത്ര്യത്തിന്‍റെ അവസ്ഥയും മറിച്ചല്ല. തങ്ങള്‍ക്കാവശ്യമുള്ള മാര്‍ക്കുകള്‍ നല്കാനുള്ള യന്ത്രങ്ങളാണ് അദ്ധ്യാപകര്‍ എന്ന ബോദ്ധ്യം ഇടയ്ക്കെപ്പോഴോ ഇവര്‍ക്കിടയില്‍ കയറിപ്പോയിട്ടുണ്ട്. മാര്‍ക്കുകള്‍ നല്കിക്കൊണ്ടേയിരി ക്കുക എന്നതിനപ്പുറത്ത് തങ്ങളുടെ മറ്റൊരു കാര്യങ്ങളിലും ഇവര്‍ക്ക് റോളില്ല എന്ന ധാര്‍ഷ്ഠ്യങ്ങളും വിദ്യാര്‍ത്ഥി പക്ഷത്തുണ്ട്. നമുക്കും കിട്ടണം പണം എന്നതു മാത്രമാണ് ഈ രണ്ടു കൂട്ടരെയും ഇന്നു നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ, മാധ്യമ ധര്‍മ്മങ്ങള്‍.

സ്വന്തം കലാലയത്തിന്‍റെ ചരിത്രമാരായാനും ഈ സ്ഥാപനമിരിക്കുന്ന പ്രദേശത്ത് നിര്‍ണ്ണായകമായ ഇടപെടലകള്‍ നടത്താനും കാമ്പസ് തയ്യാറാകുവാനും ഗ്ലോബല്‍ ദര്‍ശനങ്ങളെ ഫലകത്തിലെഴുതി വച്ചുമാത്രം കാര്യസാദ്ധ്യം നടത്താതെ നാടിനു വേണ്ടപ്പെട്ട ഇടപെടലുകള്‍ നടത്താനും കരിക്കുലം നാടിനായി ഡിസൈന്‍ ചെയ്യാനും കലാലയത്തിനു സാധ്യമാകുന്നിടത്ത് സംസ്കാര രൂപീകരണം പൂര്‍ത്തിയാകുന്നു. ഈ സംസ്കാരത്തിന്‍റെ പൂര്‍വ്വഭാഗം പങ്കുവയ്ക്കു ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും കലാലയങ്ങളില്‍ ഇടപെടലുകള്‍ ക്കുള്ള നിരന്തര വേദികളൊരുക്കിയാല്‍ ഇത് അനായാസം സാധിക്കാവുന്നതേയുള്ളൂ. തലച്ചോറു മാത്രം സ്പര്‍ശിച്ചു പിന്തിരിയാതെ മനസ്സിലൂടെയും ഒരു സഞ്ചാരത്തിന് അദ്ധ്യാപകന്‍ ഇറങ്ങിയാല്‍ നഷ്ടങ്ങളുണ്ടാവില്ല, ഒരു കാമ്പസിനും.
കാരണം, സംസ്കാരം ഒരു അവസരവും അതേ സമയം ബാദ്ധ്യതയുമാണ്. സ്വാതന്ത്ര്യം പോലെ തന്നെ. തനതായ ഇടപെടലുകള്‍ അതാതിടങ്ങളില്‍ നടത്താന്‍ കഴിയുന്ന കലാലയകേരളമാവട്ടെ കേരളത്തിനുള്ള സംഭാവന.

littylittychacko@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org