Latest News
|^| Home -> Cover story -> കലിതുള്ളിയ കടല്‍ രാഷ്ട്രീയം പറയുന്നുണ്ട്

കലിതുള്ളിയ കടല്‍ രാഷ്ട്രീയം പറയുന്നുണ്ട്

Sathyadeepam

സിജോ പൈനാടത്ത്

തീന്‍മേശയ്ക്കു മുമ്പിലിരിക്കുമ്പോള്‍ നാവില്‍ നൃത്തമാടുന്ന മീന്‍കറിയുടെ രുചിഭേദങ്ങള്‍ക്കു നന്ദിയും അഭിനന്ദനവും രുചിക്കൂട്ടൊരുക്കിയ ഭാര്യയ്ക്കാണ്. കറി നന്നായിരിക്കുന്നു എന്നു വിലയിരുത്തിയെഴുന്നേല്‍ക്കുമ്പോഴും കടലിലെ മീന്‍ കരയ്ക്കെത്തിച്ചവനോടു മനസുകൊണ്ടെങ്കിലും കടപ്പാടറിയിക്കാനും ഐക്യപ്പെടാനും ഞാന്‍ തയ്യാറായിട്ടില്ല. കടലും കടല്‍ത്തീരവും മറന്നു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ശീതീകരിച്ച ചില്ലുകൂട്ടില്‍ നിന്നു മസാല പുരട്ടി വാങ്ങുന്ന മീന്‍കഷണങ്ങളുടെ പേരില്‍ ഞാന്‍ ആരോടു കടപ്പെടണം!!!

ചുഴലിക്കാറ്റ് ചുഴറ്റിയെറിഞ്ഞ തീരങ്ങള്‍ ഇപ്പോഴും അശാന്തമാണ്. കടലെടുത്ത ജീവിതങ്ങളെയോര്‍ത്തുള്ള നിലവിളികള്‍, ഉറ്റവരെ തേടി കടല്‍നോക്കിയിരിക്കുന്നവര്‍, തകര്‍ന്ന വീടുകള്‍, പാഠപുസ്തകങ്ങള്‍ പോലും നഷ്ടമായ കുട്ടികള്‍… കലി കയറിയ കടല്‍ കരയിലെത്തി കവര്‍ന്നതു മനുഷ്യന്‍റെ സാധാരണജീവിതം കൂടിയാണ്.

ആര്‍ത്തലച്ചുവന്ന തിരകള്‍ക്കൊപ്പം ഇന്നു കടല്‍ക്ഷോഭത്തിന്‍റെ രാഷ്ട്രീയവും കേരളത്തെ അസ്വസ്ഥമാക്കുന്നുണ്ട്. മുന്നറിയിപ്പു സംവിധാനത്തിലെ വീഴ്ചകള്‍, രക്ഷാപ്രവര്‍ത്തനത്തിലെ കാലതാമസം, കാണാതായവരെക്കുറിച്ചുള്ള കണക്കുകളിലെ പൊരുത്തക്കേടുകള്‍, പുനരധിവാസ പാക്കേജുകളിലെ സങ്കീര്‍ണതകള്‍, കടല്‍ത്തീരത്തെ കണ്ണീരില്‍ കൊടിയടയാളം പതിപ്പിക്കാനുള്ള രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക പ്രസ്ഥാനങ്ങളുടെ മത്സരം… തിരകള്‍ പിന്മാറിയിട്ടും കടല്‍ക്ഷോഭത്തിന്‍റെ രാഷ്ട്രീയം ഇപ്പോഴും വാചാലം.

ഇവിടെ കത്തോലിക്കാസഭയുടെ ഇടം എന്തായിരുന്നു? സങ്കടക്കടല്‍ നീന്തുന്നവര്‍ക്കൊപ്പമായിരുന്നു എന്നും കത്തോലിക്കാസഭ. കടലോരവും മലയോരവും കേരളസഭയുടെ കണ്ണുകളും കരങ്ങളും എന്നുമെത്തിയിട്ടുള്ള മേഖലകളാണ്. കര്‍ഷകന്‍റെയും മത്സ്യത്തൊഴിലാളിയുടെയും നൊമ്പരങ്ങളെ നെഞ്ചേറ്റുവാങ്ങാനും കൂടുതല്‍ ഉച്ചത്തില്‍ നിലവിളിക്കാനും അവകാശപോരാട്ടങ്ങള്‍ നയിക്കാനും സഭാസംവിധാനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ഏതൊരു പോരാട്ടവും പോരാട്ടമാകുന്നത് അതുയര്‍ത്തുന്ന പ്രശ്നങ്ങളെ സമഗ്രമായി സമീപിക്കുമ്പോഴാണ്. ഏതൊരു പോരാട്ടവും അര്‍ഥപൂര്‍ണമാകുന്നത് അതുയര്‍ത്തുന്ന പ്രശ്നങ്ങളില്‍ സുസ്ഥിരവും ശാശ്വതവുമായ പരിഹാരങ്ങള്‍ രൂപപ്പെടുമ്പോഴാണ്. എങ്കില്‍ കേരളത്തിലെ തീര, മലയോര വിഷയങ്ങളില്‍ സഭയുടെ ഇടപെടലുകളെയും പോരാട്ടങ്ങളെയും ആത്മവിമര്‍ശനത്തോടെ അവലോകനം ചെയ്യാനും ഓഖി ഓര്‍മപ്പെടുത്തുന്നില്ലേ?

ആഴ്ന്നിറങ്ങേണ്ട ചോദ്യങ്ങള്‍
കടല്‍ക്ഷോഭത്തിന്‍റെ രാഷ്ട്രീയചര്‍ച്ചകള്‍ക്കിടയില്‍ നവമാധ്യമങ്ങളില്‍ ഉയര്‍ന്നൊരു ചോദ്യമിതാണ്. (സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങളെല്ലാം മറുപടി അര്‍ഹിക്കുന്നതല്ലെന്ന നിരീക്ഷണം തത്കാലം അവിടെ നില്‍ക്കട്ടെ.) വിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായതിനാലല്ലേ സഭയ്ക്ക് കടല്‍തീരങ്ങളിലെയും മലയോരത്തെയും പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഇത്ര താത്പര്യം. ഇവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഭയെന്തു ചെയ്തു? സഭയുടെ സ്കൂളുകളില്‍ ഇവരെ സൗജന്യമായി പഠിപ്പിക്കുന്നുണ്ടോ? സഭയുടെ ആശുപത്രികളില്‍ ഇവര്‍ക്കു സൗജന്യ സേവനമുണ്ടോ? പള്ളിയുടെ സമ്പത്ത് എന്തുകൊണ്ട് ദുരിതമനുഭവിക്കുന്ന ജനതയുമായി പങ്കുവയ്ക്കുന്നില്ല?

ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം സഭയ്ക്ക് ഔദ്യോഗികവും അനൗദ്യോഗികവുമായ ഉത്തരങ്ങള്‍ ഉണ്ട്. അതു കൃത്യമായി സഭ പറഞ്ഞിട്ടുമുണ്ട്. കൃഷിക്കാരെയും മത്സ്യത്തൊഴിലാളികളെയും സാമൂഹ്യമായി സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സര്‍ക്കാരിനല്ലേ എന്ന മറുചോദ്യം ഉന്നയിച്ചാണ് ഉത്തരങ്ങള്‍ അവസാനിപ്പിക്കാറുള്ളത്. ഓരോ കാലഘട്ടത്തിലും ഭരണകക്ഷിയുടെ പ്രകടനപത്രികയിലൂടെ സൂക്ഷ്മസഞ്ചാരം നടത്തി കിട്ടുന്ന ഉപചോദ്യങ്ങളുമുണ്ട് മറുപടികളോടു കൂട്ടിച്ചേര്‍ക്കാന്‍. ജനാധിപത്യപ്രക്രിയയുടെ ഭാഗമാണ് ഈ ചോദ്യോത്തര പ്രക്രിയയും എന്നു തീര്‍ച്ചയായും പറയാം. നിരന്തരമായി ചോദിക്കാനും പറയാനും ഇവിടെയാളുണ്ടെന്നതും ജനാധിപത്യത്തെ താങ്ങുന്ന തൂണ്‍ തന്നെയാണ്. ഭരണകൂടത്തിന്‍റെ നെറ്റിയില്‍ ആഞ്ഞുതറക്കുന്ന ചോദിക്കലും പറയലും തുടരുക തന്നെ വേണം.

പറഞ്ഞു പഴകിയ പല്ലവികള്‍ തുടരുമ്പോഴും ഇക്കാര്യത്തില്‍ കാലത്തിനൊത്ത ഒരു കണ്ണാടിനോട്ടം സഭയ്ക്കും സഭാമക്കള്‍ക്കും ആവശ്യമുണ്ടെന്നാണ് എളിയവിചാരം. സാമൂഹ്യവിഷയങ്ങളിലെ ഇടപെടലുകളില്‍ നമ്മള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍, ലക്ഷ്യങ്ങള്‍, അതിനോടുള്ള പൊതുസമൂഹത്തിന്‍റെ സ്വീകാര്യത, പ്രക്ഷോഭത്തിന്‍റെ ഭാഷ, ഭരണ സാമൂഹ്യ രംഗങ്ങളില്‍ അതുണ്ടാക്കിയ ചലനങ്ങള്‍, പരിവര്‍ത്തനങ്ങള്‍ അവയെല്ലാം വസ്തുനിഷ്ഠമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇഴകീറി പരിശോധിച്ചു കുറ്റപത്രം തയാറാക്കുകയല്ല, കൂടുതല്‍ ആര്‍ജ്ജവത്തോടെ ചോദ്യങ്ങള്‍ ഉന്നയിക്കാനും അതു ഭരണകൂടത്തിന്‍റെ നെറ്റിയില്‍ കൊണ്ടു തിരിച്ചടിക്കാതെ നെഞ്ചകത്തേക്ക് ആഞ്ഞുപതിയാനും വേണ്ടിയാകണം നമ്മുടെ ആത്മവിശകലനം.

മുക്കുവന്‍ എന്നും മുക്കുവനാകണോ?
2004-ന്‍റെ അവസാന നാളുകളിലെത്തിയ സുനാമിത്തിരകള്‍ കണ്ടു കടല്‍ത്തീരത്തുനിന്നു കരഞ്ഞ മത്സ്യത്തൊഴിലാളി, 2017-ല്‍ ഓഖി ആഞ്ഞുവീശിയപ്പോഴും കരച്ചില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു!

കേരളത്തിലെ തീരങ്ങളുടെ ചരിത്രവും വര്‍ത്തമാനവും സൂക്ഷ്മമായി പഠിക്കുന്നവര്‍ നിരന്തരമായി പറയുന്നൊരു പരിഭവമുണ്ട്; മത്സ്യത്തൊഴിലാളികളുടെ ജീവിതാവസ്ഥയില്‍ പുരോഗതിയുണ്ടാവുന്നില്ല. ഈ പരിഭവത്തില്‍ അല്പം കാര്യമുണ്ട്. മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക, സാമൂഹ്യസ്ഥിതിയെക്കുറിച്ചു സംസ്ഥാന ആസൂത്രണ കമ്മീഷന്‍ തയാറാക്കിയ ഏറ്റവും പുതിയ പഠനറിപ്പോര്‍ട്ട് ഈ പരിഭവത്തെ ശരിവയ്ക്കുന്നതാണ്.

600 കിലോമീറ്ററോളമുള്ള കേരളത്തിലെ കടല്‍ത്തീരത്തു 8.72 ലക്ഷം ജനങ്ങള്‍ക്കു മത്സ്യബന്ധനം ഉപജീവനമാര്‍ഗമാണ്. ഉള്‍നാടന്‍ മത്സ്യബന്ധനരംഗത്തുള്‍പ്പടെയുള്ളവരെ കൂട്ടിയാല്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ എണ്ണം 11.33 ലക്ഷമാണെന്നു സര്‍ക്കാരിന്‍റെ കണക്കുകളിലുണ്ട്. രാജ്യത്ത് ഏറ്റവും ജനസാന്ദ്രതയുള്ള തീരപ്രദേശം കേരളത്തിലാണെന്നും പഠനരേഖകള്‍ അടിവരയിടുന്നു. മത്സ്യോല്പാദനത്തില്‍ ദേശീയശരാശരിയുടെ നാലിലൊന്നും മത്സ്യോല്പന്ന കയറ്റുമതിയുടെ ആറിലൊന്നും കേരള തീരത്തിന്‍റെ സംഭാവനയാണെന്നുകൂടി അറിയുമ്പോള്‍ മത്സ്യമേഖലയിലെ മലയാളിപ്പെരുമ പൂര്‍ണം.

മത്സ്യമേഖലയിലെ ആഭ്യന്തര, രാജ്യാന്തര വിപണികളില്‍ ശ്രദ്ധേയമായ സ്ഥാനം അലങ്കരിക്കാന്‍ ചോര നീരാക്കി പണിയെടുക്കുന്നു, ജീവന്‍ പണയംവച്ചും കടലിലേക്കിറങ്ങുന്നു കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. ഇവരുടെ ജീവിത നിലവാരം ഉയരാത്തതില്‍ ആരെ പഴിക്കണം? മുക്കുവന്‍ എന്നും മുക്കുവനാകണം എന്നാഗ്രഹിക്കുന്ന സങ്കുചിതചിന്തകള്‍ തീരങ്ങളില്‍ വീശിയടിക്കുന്നുണ്ടോ? തീരങ്ങളില്‍ ഏകോപിപ്പിക്കപ്പെടുന്ന സംഘടിതശക്തിയുടെയും വോട്ടുബാങ്കിന്‍റെയും കനം കാട്ടി പലരോടും വിലപേശാന്‍, മറ്റു പണിയിടങ്ങളിലേക്കു പോകുന്ന മുക്കുവനെ അപ്പക്കഷണങ്ങള്‍ കാട്ടി വലവീശുന്നവര്‍ ആരാണ്?

മലയോരത്തെ മുക്കുവനും കടലോരത്തെ കൃഷിക്കാരനും!
കടലോരത്തു മുക്കുവന്‍റെയും മലയോരത്തു കൃഷിക്കാരന്‍റെയും ഹൃദയവിചാരങ്ങളോടു ചേര്‍ന്നു സഞ്ചരിക്കാന്‍ സഭ എന്നും സവിശേഷമായി ശ്രദ്ധിച്ചു. വിശ്വാസിസമൂഹം തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളെന്നതു തന്നെയാണ് ഈ സഹഗമനത്തിന്‍റെ സാംഗത്യമെന്നു വിശദീകരിക്കുമ്പോഴും അതിനപ്പുറത്തേക്കും സഭയുടെ കാരുണ്യത്തിന്‍റെയും കരുതലിന്‍റെയും കരങ്ങള്‍ എത്തുന്നതിനുമുണ്ട് അടയാളങ്ങളേറെ.

എങ്കിലും കടല്‍ത്തീരത്തും മലയോരത്തും ഉയരുന്ന സഭയുടെ ഭാഷകളിലെ അന്തരം പുതിയ കാലത്തെ അസ്വസ്ഥമാക്കുന്നുണ്ടോ? ഇടുക്കിയിലെ പട്ടയപ്രശ്നം പൂന്തുറയിലെ കടലോരവാസിയെ ബാധിക്കുന്നതല്ലെന്ന് അത്തരം ഭാഷാന്തരം വിളിച്ചുപറയുന്നുണ്ടോ? തീരസംരക്ഷണ നിയമത്തിലെ നൂലാമാലകള്‍ കുടിയേറ്റ കര്‍ഷകന്‍റെ ആകുലതകളോടു ചേര്‍ത്തു പ്രതിരോധിക്കേണ്ടതില്ലെന്നും അതിനര്‍ഥമുണ്ടോ?

കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ നടന്ന പ്രതിഷേധങ്ങള്‍, പിറന്ന മണ്ണിന്‍റെ പട്ടയത്തിനായുള്ള കര്‍ഷകന്‍റെ നിലവിളികള്‍, റബറിനും കാര്‍ഷികോല്പന്നങ്ങള്‍ക്കും സംഭവിക്കുന്ന വിലയിടിവിന്‍റെ ദുരന്തം എന്നിവയെല്ലാം ഒരു വശത്തും, കടല്‍ഭിത്തികള്‍ നിര്‍മ്മിക്കാനുള്ള മുറവിളികള്‍, സിആര്‍ഇസഡ് നിയമത്തിലെ സങ്കീര്‍ണതകള്‍ അവസാനിപ്പിക്കാനുള്ള പ്രക്ഷോഭങ്ങള്‍ തുടങ്ങിയവ മറുവശത്തുമായുണ്ട്. ഇത്തരം പ്രക്ഷോഭങ്ങള്‍ കേരളസഭയില്‍ പോലും സമുദായാടിസ്ഥാനത്തില്‍ വീതംവച്ചെടുത്ത സ്ഥിതിയുണ്ടാകുന്നുവെങ്കില്‍ ആരാണുത്തരവാദി?

കടലോര, മലയോര വിഷയങ്ങളില്‍ അടുത്ത കാലത്തു കേരളത്തില്‍ നടന്ന സമരങ്ങളുടെ മുന്‍നിര സൂക്ഷ്മമായി പരിശോധിച്ചാലറിയാം സമുദായങ്ങളുടെ നിറഭേദങ്ങള്‍. എന്തുകൊണ്ട് മലയോര കര്‍ഷകനൊപ്പം ജയ് വിളിക്കാന്‍ തീരപ്രദേശത്തുള്ളവരെത്തുന്നില്ല? ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സെക്രട്ടേറിയേറ്റിനു മുമ്പില്‍ ധര്‍ണ നടത്താന്‍ ലത്തീന്‍ സമുദായത്തിനു പുറത്തുള്ളവര്‍ക്കെന്തേ മനസു വരുന്നില്ല?

മുമ്പൊന്നുമില്ലാത്ത വിധം കേരളസഭയില്‍ സമൂദായചിന്തകള്‍ക്കു മൂര്‍ച്ചകൂടുന്ന സ്ഥിതിയുണ്ട്. ഇതര മതവിഭാഗങ്ങളിലും സമുദായപ്രേമത്തിന്‍റെ ശക്തിപ്രകടനങ്ങള്‍ കുറവല്ല. ആരോഗ്യകരമായ സമുദായബോധവും അതിനോടു ചേര്‍ന്നുള്ള കൂട്ടായ്മയും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. എങ്കിലും തുറവിന്‍റെ നല്ല ഇടങ്ങളില്‍ അകലങ്ങളുടെ മതിലുകളുയര്‍ത്തപ്പെടുന്നതാണു സമുദായബോധമെങ്കില്‍ അതുകൊണ്ട് ആര്‍ക്കാണു പ്രയോജനം? കലിതുള്ളിയ കടലും കരിഞ്ഞുണങ്ങിയ കൃഷിഭൂമിയും അതിനെ ആശ്രയിച്ചു ജീവിതം നിര്‍മിക്കുന്നവരില്‍ ഉണ്ടാക്കുന്നതു തീ തന്നെയാണ്; നെഞ്ചിലെ തീ!!!

Leave a Comment

*
*