കാല്‍പനികതയുടെ ലോകം: സഭയിലും സാഹിത്യത്തിലും – 1

കാല്‍പനികതയുടെ ലോകം: സഭയിലും സാഹിത്യത്തിലും – 1

വി.ജി. തമ്പി

സത്യദീപം വാരികയുടെ നവതിയാഘോഷങ്ങളോടനുബന്ധിച്ചു കേരളത്തിലെ സാഹിത്യാഭിരുചിയുള്ള കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി എറണാകുളം റിന്യുവല്‍ സെന്‍ററില്‍ മാര്‍ച്ച് 7-ന് സംഘടിപ്പിച്ച സിമ്പോസിയത്തിലെ പാനല്‍ ചര്‍ച്ചയില്‍ നടത്തിയ പ്രഭാഷണങ്ങളില്‍ നിന്ന്.

ആത്മഭാവനകളില്‍ വലിയ മാറ്റങ്ങള്‍ നടക്കുന്ന ഒരു കാലഘട്ടമാണിത്. ഭാവനയുടെ പോരായ്മകളും അതിന്‍റെ പരിമിതികളുമൊക്കെയാണ് ഈ ലോകത്തെ ഇത്രമാത്രം വിരൂപമാക്കിയിരിക്കുന്നതെന്നു കാണാന്‍ സാധിക്കും. നമ്മുടെ ജീവിതം അതിദുസ്സഹമായി മാറുമ്പോഴാണ് നമ്മള്‍ ഭാവനയെ ഉപയോഗിക്കാന്‍ തുടങ്ങുന്നത്. നമ്മുടെ ജീവിതത്തിനു സമാന്തരമായ ഒരു ജീവിതം, ഒരു ബദല്‍ ജീവിതം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നാം ഭാവനയെ ഉപയോഗിക്കുന്നത്. ഭാവനയെന്നത് ഭൂമിയില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ഊര്‍ജ്ജമാണ്. സുവിശേഷത്തെ പ്രകാശവത്താക്കി മാറ്റുന്നത് അതിനകത്തുള്ള ഭാവനയാണ്. സുവിശേഷത്തില്‍ മുഴുവന്‍ ആ ഊര്‍ജ്ജമാണ് പ്രവഹിക്കുന്നതെന്നു കാണാന്‍ സാധിക്കും. യേശുവിന്‍റെ ജീവിതത്തിലേക്കു പ്രവേശിച്ചാല്‍ നമുക്കു കാണാം, ഭാവനാസമ്പന്നനായ ഒരാള്‍ക്കു മാത്രം അനുഷ്ഠിക്കാന്‍ കഴിയുന്ന ജീവിതമാണ് യേശുവിന്‍റെ ജീവിതമെന്ന്. വാക്കിലാകട്ടെ, പ്രവൃത്തിയിലാകട്ടെ ഭാവനകൊണ്ട് കത്തിജ്വലിക്കുന്ന ഒരു ജീവിതമായിരുന്നു യേശുവിന്‍റേത്. അദ്ദേഹം കടന്നു വരുന്നതോടുകൂടി പഴയനിയമം പുതിയ നിയമമായി മാറുന്നു. പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകുന്നു. അതിശയകരമായ രീതിയില്‍ ഒരുപാട് തിരുത്തലുകള്‍ സംഭവിക്കുന്നു. ഓരോ ചുവടുവയ്പ്പിലും അദ്ദേഹം പുതിയതിനെ സൃഷ്ടിച്ചെടുക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. യേശുവിന്‍റെ ഓരോ വാക്കിലും പ്രവൃത്തിയിലും നിന്നു സുവിശേഷത്തില്‍ എന്തുമാത്രം ഭാവന പ്രകാശിക്കുന്നുണ്ടെന്നു മനസ്സിലാക്കാന്‍ സാധിക്കും.
എന്നാല്‍ ഭാവനയുടെ ലോകം നമ്മുടെ സഭയില്‍ എത്രത്തോളമുണ്ട് എന്നതിനെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. ഭാവനയെ ഏറെ സംശയിക്കുന്ന, ഭാവനയോട് ഏറെ ശത്രുത പുലര്‍ത്തുന്ന ഒരു സമൂഹത്തെയാണ് ഇന്നു ക്രൈസ്തവസഭയില്‍ കാണാന്‍ സാധിക്കുക. അവിടെ ഭാവന ഇല്ല. ഒരു ചിത്രം വരച്ചാല്‍ അതു കത്തിച്ചു കളയും. മൈക്കിള്‍ ആഞ്ചലോ ഒരു ചിത്രം വരച്ചപ്പോള്‍ അതില്‍ ഒരു വസ്ത്രം ധരിപ്പിച്ചു. അതുപോലെ യേശുവിനെ സ്നേഹിക്കുന്ന മഗ്ദലന മറിയത്തെ ആവിഷ്ക്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനീചമായ വിധത്തില്‍ അതിനെ കെടുത്തിക്കളഞ്ഞു. ഭാവനയെ പരിക്കേല്‍പ്പിക്കുക, കയ്യേറ്റം ചെയ്യുക എന്നതാണ് നിരന്തരമായി നമ്മുടെ സഭ ചെയ്തുകൊണ്ടിരിക്കുന്നത്. ഭാവനയെ നമുക്കു ഭയമാണ്. വിശ്വാസി ലോകത്തിന്‍റെ ഭാവനയെയും സങ്കല്‍പങ്ങളെയും, സ്വപ്നങ്ങളെയും, ജീവിതാവിഷ്ക്കാരങ്ങളെയും ഭയപ്പെടുന്ന നമ്മുടെ സമൂഹം ഭാവനയെക്കുറിച്ച് വാചാലമാകുന്നതില്‍ എന്തര്‍ത്ഥം എന്നാണ് ഞാനാലോചിക്കുന്നത്. നമ്മുടെ സഭയെ സംബന്ധിച്ചിടത്തോളം ഭാവനയുടെ ദാരിദ്ര്യമാണു എനിക്കു കാണാന്‍ കഴിയുന്നത്.
ഭാവന എന്നത് ഒരു അനുരഞ്ജനമാണ്. അതു നമ്മുടെ ജീവിതത്തെ രൂപാന്തരീകരിക്കുന്ന കാര്യവുമാണ്. നമ്മുടെ ജീവിതത്തിനകത്തുണ്ടാകുന്ന എല്ലാവിധ പരിമിതികളെയും ജയിക്കാനായുള്ള ശ്രമത്തിന്‍റെ ഭാഗമായി മനുഷ്യര്‍ ഭാവനയെ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ വളരെ അസഹിഷ്ണുതയോടെ കാണുന്ന ഒരു സമൂഹത്തില്‍ നിന്നു സര്‍ഗ്ഗാത്മകമായ ഒരു മുന്നേറ്റം നടത്താനാകില്ല എന്നതു മനസ്സിലാക്കണം. യേശുവും സഭയും തമ്മിലുള്ള വ ലിയ വൈരുധ്യം ഈ ഭാവനയുടെ അഭാവമായിട്ടാണ് എനിക്കു തോന്നുന്നത്. ഭാവനയിലൂടെയാണ് യേശു എല്ലാ കാര്യവും പ്രവര്‍ത്തിച്ചതും, എല്ലാറ്റിനെയും അതിജീവിക്കാന്‍ ശ്രമിച്ചതും. അത് ഒരു പ്രതിസംസ്കൃതിയായി വളര്‍ന്നു വരണം. പക്ഷെ സഭയുടെ വളര്‍ച്ച ഒരു പ്രത്യേക രീതിയിലാണ് സംഭവിച്ചത്. യഹൂദനായ യേശു പാശ്ചാത്യവത്ക്കരിക്കപ്പെട്ടതോടുകൂടി യേശുവിന്‍റെ ഉള്ളിലുണ്ടായിരുന്ന വിമോചനപരമായ ഊര്‍ജ്ജത്തെ തന്നെ കെടുത്തിക്കളയാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും മികച്ച കലാകാരന്മാരും തത്ത്വചിന്തകരുമെല്ലാം യേശുവിലൂടെ പ്രചോദനങ്ങള്‍ ഉള്‍ക്കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത് നമുക്കു കാണാന്‍ സാധിക്കും. മൈക്കിള്‍ ആഞ്ചലൊയെപ്പോലെ ഒരു ചിത്രകാരന്‍ ബൈബിള്‍ സങ്കല്‍പിക്കാത്തതും ചിന്തിക്കാത്തതുമായ കാര്യങ്ങളെ കലയിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചു. പിയെത്ത എന്ന സങ്കല്‍പം ബൈബിളില്‍ നമുക്കു കാണാന്‍ കഴിയില്ല. പക്ഷെ അതിനെ വിശ്വോത്തരമായ കലാരൂപമായി അദ്ദേഹം മാറ്റിയെടുത്തു. അതുപോലെ മഡോണ എന്ന സങ്കല്‍പമുണ്ട്. ലക്ഷക്കണക്കിനു മഡോണകളുണ്ട്. പല രീതിയിലുള്ള മാതാവിനെക്കുറിച്ചുള്ള രൂപങ്ങള്‍, സിനിമകള്‍, സൗന്ദര്യാവിഷ്ക്കാരങ്ങള്‍ എല്ലാമുണ്ട്. എന്നാല്‍ ബൈബിളില്‍ മറിയത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ വളരെ കുറവാണെന്നു നമുക്കറിയാം. അതു പിന്നീട് ഭാവന കൊണ്ടാണ് നികത്താനായത്. മഗ്ദലന മറിയത്തെയും ബൈബിളില്‍ തന്നെ പ രാമര്‍ശിക്കാത്ത വെറോനിക്കയെയുമൊക്കെ ഭാവനയിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചിത്രകലയി ലും വാസ്തു ശില്‍പത്തിലും സിനിമയിലും നാടകത്തിലും മാത്രമല്ല, ഡാന്‍റെയിലൂടെയും മില്‍ട്ടണിലൂടെയും ഷേക്സ്പിയറിലൂടെയും ഹെമിംഗ്വേയിലൂടെയും കസാന്‍ദ്സാക്കിസിലൂടെയും ഒക്കെ ക്രൈസ്തവഭാവനയുടെ വ്യത്യസ്ത രൂപങ്ങള്‍ നമുക്കു കണ്ടെത്താന്‍ സാധിക്കും.
ഈ കാലഘട്ടം ഒരു കത്തോലിക്കനെ സംബന്ധിച്ചിടത്തോളം ഏറ്റവും സൗഭാഗ്യമുള്ള കാലമാണ്. കാരണം, ഫ്രാന്‍സിസ് മാര്‍പാപ്പയെപ്പോലുള്ള ഒരു ആത്മീയനേതാവിന്‍റെ കീഴില്‍ കത്തോലിക്ക സഭ നില്‍ക്കുന്നത് ചെറിയൊരു കാര്യമല്ല. അത്രമാത്രം ഭാവനാ സമ്പന്നമായിട്ടാണ് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെല്ലാംതന്നെ നമുക്കു കാണാന്‍ സാധിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ഭാവനയോട് ഒപ്പം നില്‍ക്കാനായിട്ട് വളരെ യാഥാസ്ഥിതികമായ സഭയ്ക്കു സാധിക്കുന്നില്ല എന്നതാണു സത്യം.
ഭാവന എന്നത് നീതിയുടെ സൗന്ദര്യശാസ്ത്രമാണ്. ദൈവത്തിന്‍റെ നീതിയും മനുഷ്യന്‍റെ നീതിയും ഒറ്റ മുഹൂര്‍ത്തത്തില്‍ വരുമ്പോഴാണ് അതു ഭാവനയായി വികസിക്കുന്നത്. ഭാവന എന്നത് സര്‍വസ്വാതന്ത്ര്യവുമാണ്. സ്വാതന്ത്ര്യത്തിന്‍റെ അനുഭൂതിയാണു ഭാവന. സ്വാതന്ത്ര്യം കൊണ്ട് എത്രത്തോളം അനുഭൂതി സാന്ദ്രമാക്കാന്‍ കഴിയും എന്നതാണ് ഭാവനയെ സംബന്ധിച്ചു പ്രധാനപ്പെട്ട കാര്യം. അത് ഒതുക്കി വയ്ക്കാനുള്ളതോ അതിന്‍റെ ചിറകുകള്‍ അരിഞ്ഞു കളയാനുള്ളതോ കണ്ണു കുത്തിപ്പൊട്ടിക്കാനുള്ളതോ അല്ല. സാര്‍വത്രീകമായിട്ടുള്ള ഭാവനയുടെ വലിയ ആഘോഷങ്ങളാണ് സത്യത്തില്‍ നമ്മുടെ കാലഘട്ടത്തില്‍ നടക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org