കാല്‍പനികതയുടെ ലോകം: സഭയിലും സാഹിത്യത്തിലും -2

കാല്‍പനികതയുടെ ലോകം: സഭയിലും സാഹിത്യത്തിലും -2

മ്യൂസ് മേരി

സത്യദീപം വാരികയുടെ നവതിയാഘോഷങ്ങളോടനുബന്ധിച്ചു കേരളത്തിലെ സാഹിത്യാഭിരുചിയുള്ള കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി എറണാകുളം റിന്യുവല്‍ സെന്‍ററില്‍ മാര്‍ച്ച് 7-ന് സംഘടിപ്പിച്ച സിമ്പോസിയത്തിലെ പാനല്‍ ചര്‍ച്ചയില്‍ നടത്തിയ പ്രഭാഷണങ്ങളില്‍ നിന്ന്.

ബൈബിളില്‍ ഉടനീളം കാല്‍പനികതയുടെ സഞ്ചാരം നമുക്കു കാണാന്‍ കഴിയും. ആദം തന്‍റെ പെണ്ണിനെ കാണുമ്പോള്‍ ആദ്യം പറയുന്ന വാക്കുതന്നെ കാവ്യാത്മകമാണ്: "എന്‍റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്‍റെ മാംസവും" – ഞാന്‍ നീയാണ് നീ ഞാനാണ് എന്ന കാര്യമാണ് അവിടെ പറഞ്ഞു വയ്ക്കുന്നത്.
എഴുത്ത് എന്നു പറയുന്നത് നാം രാവിലെ എഴുന്നേറ്റ് 9.30-ന് ബസ്സ്റ്റോപ്പില്‍ വന്ന് ആറു രൂപയുടെ ടിക്കറ്റെടുത്ത് കൃത്യമായി സ്റ്റോപ്പിലിറങ്ങി യാത്ര ചെയ്യുന്ന ഒരു സഞ്ചാരം പോലെയല്ല. അതില്‍ എപ്പോഴും ഒരു അബോധം പ്രവര്‍ത്തിക്കുന്നുണ്ട്. ആ സ്വാത ന്ത്ര്യം അവിടെ ഉണ്ടാവുകയാണ്. ഈ സ്വാതന്ത്ര്യത്തെ പല രൂപത്തില്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. അന്യാപദേശത്തിന്‍റെയും അരാജകത്വത്തിന്‍റെയും സിനിസിസത്തിന്‍റെയും എല്ലാം മാര്‍ഗ്ഗം സ്വീകരിച്ചി ട്ടുണ്ട്. പക്ഷെ ആളുകളെ ഏറ്റവുമധികം പ്രകോപിപ്പിച്ചത് കാല്‍പനികതയുടെ ഭാഷയില്‍ വരുന്ന ഭാവനയുടെ സ്വതന്ത്ര വ്യാപാരങ്ങളാണ്.
ബൈബിളിലെ സങ്കീര്‍ത്തനങ്ങളില്‍ "ഞാന്‍ വെള്ളംപോലെ തൂകിപ്പോകുന്നു" എന്ന വാക്യം ഭാവനയാണ്. മാതാവ് എലിസബത്തിനെ കാണുന്ന സംസാരം മുഴുവന്‍ കാല്‍പനികമായ ഒരു സ്വാതന്ത്ര്യത്തിന്‍റെ പ്രഖ്യാപനമാണ്. അതു സങ്കീര്‍ത്തനത്തില്‍ ഉള്ളതു തന്നെയാണ്.
സങ്കീര്‍ത്തകന്‍ സൂക്ഷിക്കുന്ന ഒരു കാല്‍പനികതയുടെ അംശമുണ്ട്. ഇന്നും നമുക്ക് അതിനോട് ഇഷ്ടം തോന്നുന്നത് അതുകൊണ്ടാണ്. 23-ാം സങ്കീര്‍ത്തനം ഒരു കവിതയാണ്. പാരിസ്ഥിതികമായ സംഗീതം പോലെയുള്ള പ്രാര്‍ത്ഥനകള്‍ ഉണ്ട്. യഥാതഥമായി ഒന്ന് എന്നു പറയുന്നത് വരണ്ട ശുഷ്കമായിട്ടുള്ള ഒന്നാണ്. അതിനെ അതിലംഘിക്കുന്ന, മറികടക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ സന്തോഷമുള്ള ഏറ്റവും മധുരമായ ആഖ്യാനമാണ് കാല്‍പനികത. അത് സങ്കീര്‍ത്തനത്തിലുണ്ട്, ഉത്തമഗീതത്തിലുണ്ട്, സുവിശേഷത്തില്‍ ഉടനീളം കിടപ്പുണ്ട്.
മലയിലെ പ്രസംഗത്തിലെ യേശുവിന്‍റെ ഓരോ വചനവും എടുത്താല്‍ അത് യാഥാര്‍ത്ഥ്യത്തിന്‍റെ ഭാഷയല്ല, ഒരു സ്വപ്നഭാഷയാണെന്നു കാണാം. "നീതിക്കു വേണ്ടി വിശപ്പും ദാഹവും സഹിക്കുന്നവര്‍, ആത്മാവില്‍ ദരിദ്രര്‍…." ഇങ്ങനെയാണോ മലയാള ഭാഷ. അല്ല. വളരെ പച്ചയ്ക്കു പറയുന്നതിനെ ഭാഷണത്തിലെ കാല്‍പനിക മധുരമാക്കിയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടാണ് അവനു പിന്നാലെ സ്ത്രീകളും മറ്റും ഓടിച്ചെല്ലുന്നത്. പുരോഹിതരും ലേവായരും സംശയിച്ചു. എന്നാല്‍ പീലാത്തോസിന്‍റെ അരമന മുതല്‍ അന്ത്യം വരെ സ്ത്രീകള്‍ അവനെ അനുഗമിക്കാന്‍ കാരണമെന്താ? ഇന്നും പെണ്ണുങ്ങള്‍ അങ്ങനെയാണ്. ഐ ലവ് യു എന്നു പറഞ്ഞാല്‍ വീടുപേക്ഷിച്ചു പോകുന്നവരാണു കൂടുതലും. കാല്‍പനികതയുടെ സംഗീതം പെട്ടെന്ന് ചെവി ഉള്‍ക്കൊള്ളും.
യേശുവില്‍ കാല്‍പനികതയുടെ അനുഭൂതിയും സത്യസന്ധതയുടെ സൗന്ദര്യവും ഉണ്ടായിരുന്നു. അതാണ് ജനങ്ങളെ ആകര്‍ഷിച്ചത്. അവര്‍ക്കായി ഒരു വിമോചകന്‍ വന്നു. വിമോചനത്തെക്കുറി ച്ച് തീവ്രതയുടെ മാര്‍ഗമല്ല അവന്‍ സ്വീകരിച്ചത്. അതേക്കുറിച്ചു ഭാവനാസമ്പന്നമായ ചില സ്വപ്നങ്ങള്‍ കൊടുക്കുകയാണ് ചെയ്തത്. ഈ സ്വപ്നങ്ങളാണ് 2000 വര്‍ഷമായിട്ടും കുറേ മനുഷ്യരെ ആകര്‍ഷിക്കുന്നത്. പക്ഷെ ഈ സ്വപ്നമോഹികളെയും യാഥാര്‍ത്ഥ്യത്തി ന്‍റെ ആളുകള്‍ വന്ന് ഒരു ചട്ടക്കൂടിനകത്താക്കി നിരോധനങ്ങളും ഊരുവിലക്കുകളും കൂച്ചു വിലങ്ങുകളും നല്‍കിയിരിക്കുന്നു.
ക്രൈസ്തവരായ എത്ര എഴുത്തുകാര്‍ കേരളത്തിലുണ്ട്? ലോകത്തിലെ മികച്ച എഴുത്തുകാര്‍ ക്രിസ്ത്യാനികളായിട്ടും കേരളത്തില്‍ എന്തുകൊണ്ട് സമഗ്രതയുള്ള എഴു ത്തുകാരനോ എഴുത്തുകാരിയോ ഉണ്ടാകാതെ പോകുന്നു? അപൂര്‍വമായിട്ട് ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ സഭയ്ക്കു പുറത്തു നില്‍ക്കുന്നവരുമാണ്. കാരണം, സഭയില്‍ അയവില്ലാത്ത ഒരു ഘടന നിലനില്‍ക്കുന്നു.
ഭാവനെയെക്കുറിച്ചും സഭയെക്കുറിച്ചും ആവിഷ്ക്കാരത്തെക്കുറിച്ചും ചര്‍ച്ച നടത്തിയശേഷം തികച്ചും യാഥാര്‍ത്ഥ്യത്തിന്‍റെയും യാഥാസ്ഥിതികത്വത്തിന്‍റെയും തലത്തില്‍ നില്‍ക്കുകയാണ് നാം. ഈ കല അതേപടി പിന്തുടരുന്നതില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍ അങ്ങനെ അല്ലാത്ത ഒരു ലോകത്തെക്കുറിച്ചു നമുക്ക് ആലോചിക്കണമെന്നുണ്ടെങ്കില്‍ കുരിശിനു പിന്നാലെ പോയ ആളുകളുടെ അനുഭവം എഴുത്തിലും ഉണ്ടാകണം. നമ്മുടെ വീടിന്‍റെ ഘടന, സഭയുടെ ഘടന, നമ്മുടെ സാമൂഹ്യ സദാചാരത്തിന്‍റെ ഘടന ഇതൊക്കെ പലപ്പോഴും കാല്‍പനികത കൊണ്ടു മറികടക്കത്തക്ക വിധത്തില്‍ ചില കുതിച്ചുചാട്ടങ്ങള്‍ നടത്താന്‍ എഴുത്തുകാരനെ പ്രേരിപ്പിക്കുന്നുണ്ട്. പക്ഷെ, ആ പ്രേരണകളെ പിന്നോട്ടു വലിക്കുന്ന തരത്തിലുള്ള ഒരു ഘടനയുണ്ട്. അതില്‍നിന്നു പുറത്തുവരാന്‍ കേരളത്തിലെ ക്രൈസ്തവരായ എഴുത്തുകാര്‍ക്കു പലപ്പോഴും സാധിക്കുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org