കന്ധമാലിന്‍റെ വേദന പേറിയ ഇടയനും അവിശ്വസനീയമായ ക്രൈസ്തവസാക്ഷ്യങ്ങളും

കന്ധമാലിന്‍റെ വേദന പേറിയ ഇടയനും അവിശ്വസനീയമായ ക്രൈസ്തവസാക്ഷ്യങ്ങളും

ആന്‍റോ അക്കര

ഇന്ത്യയുടെ സമീപകാല ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ക്രൈസ്തവപീഡനമാണ് ഒറീസയിലെ കന്ധമാലില്‍ 2008 ആഗസ്റ്റില്‍ അരങ്ങേറിയത്. സ്വാമി ലക്ഷ്മണാനന്ദ എന്ന ഹൈന്ദവ സന്ന്യാസിയുടെ വധവുമായി ബന്ധപ്പെട്ട് ഹിന്ദുമത വര്‍ഗ്ഗീയവാദികള്‍ അഴിച്ചുവിട്ട കലാപത്തില്‍ നൂറോളം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. വ്യാപകമായ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ 300-ല്‍പ്പരം ദേവാലയങ്ങളും 6,000-ത്തില്‍പ്പരം ക്രൈസ്തവഭവനങ്ങളും തകര്‍ക്കപ്പെട്ടു. ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. അരലക്ഷത്തിലധികം ക്രൈസ്തവര്‍ നാടും വീടും വിട്ട് പലായനം ചെയ്തു.

2008 മുതല്‍ കന്ധമാലിലെ വിദൂരഗ്രാമങ്ങളില്‍ രണ്ട് ഡസനോളം സന്ദര്‍ശനങ്ങള്‍ നടത്തിയ പത്രപ്രവര്‍ത്തകനായ ആന്‍റോ അക്കര, താന്‍ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ "കന്ധമാല്‍ സത്യങ്ങള്‍" പുസ്തകങ്ങളാക്കി പ്രസിദ്ധീകരിക്കുകയുണ്ടായി. കന്ധമാല്‍ രക്തസാക്ഷിത്വത്തിന്‍റെ 9-ാം വാര്‍ഷികം അനുസ്മരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ കന്ധമാലിന്‍റെ വേദനയില്‍ പങ്കുചേര്‍ന്ന് വിശ്വാസികള്‍ക്ക് ശക്തിയും പ്രത്യാശയും പകര്‍ന്നു നല്കിയ കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ച്ചുബിഷപ്പ് റാഫേല്‍ ചീനാത്ത് ദിവംഗതനായിട്ട് ആഗസ്റ്റ് 14-ന് ഒരു വര്‍ഷം പിന്നിട്ടു. അദ്ദേഹത്തെ അനുസ്മരിക്കുകയാണ് ഈ ലേഖനത്തില്‍. ഈ വര്‍ഷം ജൂണില്‍ "കന്ധമാലിലെത്തിയ ലേഖകന്‍, ഉപജാപങ്ങളുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെട്ട് 9 വര്‍ഷമായി ജയിലില്‍ കഴിയുന്ന വരുമായുള്ള കൂടിക്കാഴ്ചയെപ്പറ്റിയും വിശദീകരിക്കുന്നു. ക്രൈസ്തവവിശ്വാസം കൈവിടാതെ, പീഡനങ്ങള്‍ക്കു നടുവിലും ക്രിസ്തുവിനു സാക്ഷ്യം നല്കുന്ന കന്ധമാലിലെ ക്രൈസ്തവരെക്കുറിച്ചാണ് ലേഖകന്‍ സൂചിപ്പിക്കുന്നത്.

കന്ധമാലിനെ ഗ്രസിച്ച സംഹാരതാണ്ഡവത്തെക്കുറിച്ച് ഏറ്റവും മനംനൊന്ത വ്യക്തി തൃശൂര്‍ അതിരൂപതയിലെ പല്ലിശ്ശേരി ഇടവകക്കാരനായ റാഫേല്‍ ചീനാത്ത് മെത്രാപ്പോലീത്ത ആണെന്നതിനെക്കുറിച്ച് രണ്ടഭിപ്രായമുണ്ടാകില്ല. കാരണം, 27 വര്‍ഷം ഭുവനേശ്വറില്‍നിന്ന് 200 മുതല്‍ 350 കി.മീ. ദൂരെയുള്ള വനമ്പ്രദേശത്ത് പരന്നുകിടന്ന സജീവ ക്രൈസ്തവ സമൂഹത്തെ പരിപോഷിപ്പിച്ച ഇടയനായിരുന്നു അദ്ദേഹം.

ദുഃഖകരമെന്ന് പറയട്ടെ, വളരെ കഷ്ടപ്പെട്ട് ചീനാത്ത് മെത്രാപ്പോലീത്ത കന്ധമാലിലുടനീളം കെട്ടിപ്പൊക്കിയ പള്ളികളും സ്ഥാപനങ്ങളും ഏതാനും ആഴ്ചകളില്‍ കൊള്ളയടിച്ച് കത്തിച്ചുചാമ്പലാക്കി കാവിപ്പട. അക്രമത്തി ന്‍റെ നാലം ദിവസം ന്യൂഡല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ കണ്ട അദ്ദേഹം രണ്ടു ദിവസംകഴിഞ്ഞ് പോലീസ് നിഷ്ക്രിയരായതുകൊണ്ട് തന്‍റെ അജഗണത്തെ സംരക്ഷിക്കുന്നതിന് പട്ടാളത്തെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ റിട്ട്ഹര്‍ജിതന്നെ സമര്‍പ്പിച്ചു.

"ഇതൊക്കെ ചെയ്തിട്ടും അക്രമങ്ങളില്‍ ക്രിസ്ത്യാനികള്‍ ദാരുണമായി കൊല്ലപ്പെടുന്നത് തുടര്‍ന്നു. ആ വേദന എന്‍റെ മനസ്സില്‍ ഇപ്പോഴുമുണ്ട്," 2016 ആഗസ്റ്റ് 14-ന് ദിവംഗതനായ മെത്രാപ്പോലീത്ത മരിക്കുന്നതിന് ആഴ്ചകള്‍ക്കുമുമ്പ് എന്നോട് പറഞ്ഞു. കൊളോന്‍ കാന്‍സര്‍മൂലം മരണാസന്നനായി ദൈവവചന സഭയുടെ മുംബൈയിലെ വിശ്രമകേന്ദ്രമായ സൊവേര്‍ദിയ ഭവനത്തില്‍ കിടക്കുമ്പോഴാണ് ഈ വലിയ ദുഃഖം മെത്രാപ്പോലീത്ത പങ്കുവച്ചത്. പ്രധാനമന്ത്രിയെ കണ്ടതിനുശേഷവും, തന്‍റെ അജഗണത്തെ അവരുടെ വിശ്വാസത്തിന്‍റെ പേരില്‍ പൈശാചികമായി പീഡിപ്പിച്ച് കൊല്ലുന്നതിന്‍റെയും നൂറുകണക്കിനു പേരെ ആക്രമിക്കുന്നതിന്‍റെയും വാര്‍ത്തകളാണ് അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരുന്നത്.

സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരന്‍ എന്ന് സംഘപരിവാര്‍ മുദ്രകുത്തിയ ഇടയനെ കന്ധമാല്‍ സന്ദര്‍ശിക്കുന്നതില്‍നിന്നുപോലും അധികാരികള്‍ മാസങ്ങളോളം വിലക്കി. അതുകൊണ്ടുതന്നെ കന്ധമാലിലെ ധീരരായ ആയിരക്കണക്കിന് ക്രൈസ്തവര്‍ തുറസായ സ്ഥലങ്ങളിലെ മലീമസമായ അഭയാര്‍ത്ഥിക്യാമ്പുകളില്‍ നരകിക്കുമ്പോള്‍ അദ്ദേഹത്തിന് അവരെ സന്ദര്‍ശിക്കാന്‍പോലും കഴിഞ്ഞില്ല.

ക്രൂശിക്കപ്പെട്ടവന്‍റെ അജഗണത്തെ അനുധാവനം ചെയ്യുവാന്‍ ആ ഇടയന് യാതൊരു സങ്കോചവും ഉണ്ടായിരുന്നില്ല. കന്ധമാല്‍ കലാപത്തിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പീഡിത ക്രിസ്ത്യാനികളോടൊപ്പം അദ്ദേഹം നെറ്റിയില്‍ കറുത്ത നാടകെട്ടി ളോഹയിട്ട് ധര്‍ണയുടെ മുന്‍പന്തിയില്‍ നിന്നിരുന്ന കാഴ്ച എന്‍റെ മനസിലുണ്ട്.

നീതിക്കും ന്യായത്തിനുംവേണ്ടി തന്‍റെ ജനങ്ങളോടൊപ്പം മുന്നിട്ടിറങ്ങിയതിന് സഭാവൃത്തങ്ങളില്‍നിന്നുപോലും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അദ്ദേഹം പിന്നീട് എന്നോട് പറഞ്ഞിരുന്നു. പക്ഷേ, വിമര്‍ശനത്തിനുമുമ്പില്‍ മുട്ടുമടക്കുന്ന ലോലഹൃദയനായിരുന്നില്ല ചീനാത്ത് മെത്രാപ്പോലീത്ത. സാധാരണ സംഭവിക്കുന്നതുപോലെ കന്ധമാല്‍ കത്തിയെരിഞ്ഞപ്പോള്‍ അടിസ്ഥാനരഹിതമായ ചില ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ സഭാവൃത്തങ്ങളില്‍പോലും കാട്ടുതീപോലെ പടര്‍ന്നു. ചീനാത്ത് മെത്രാപ്പോലീത്ത ഭീരുവാണെന്നും ആക്രമണ സമയത്ത് തന്‍റെ ജനത്തോടൊപ്പം നില്‍ക്കാതെ ഒളിച്ചോടി എന്നുമായിരുന്നു പലയിടങ്ങളിലും ഞാന്‍ കേട്ട കിംവദന്തി. സത്യം എന്താണെന്നറിയുവാന്‍ ഈ അമ്പരിപ്പിക്കുന്ന ആരോപണത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ പ്രതികരണം ഞാന്‍ ആരാഞ്ഞു. പൊതുവെ പറയപ്പെട്ടിരുന്ന ഒളിച്ചോട്ടത്തിനു വിരുദ്ധമായി, സ്വാമി കൊല്ലപ്പെട്ട രാത്രി അദ്ദേഹം ജന്മനാടായ തൃശൂരില്‍ 11 മക്കളുള്ള തന്‍റെ കുടുംബകൂട്ടായ്മയിലായിരുന്നു. സ്വാമിയുടെ കൊലപാതക വാര്‍ത്ത കേട്ടതിനുശേഷം പിറ്റേദിവസം അതിരാവിലെ ഭുവനേശ്വറിലേക്ക് പായുന്നതിന് അദ്ദേഹം കൊച്ചി എയര്‍ പോര്‍ട്ടിലേക്ക് പുറപ്പെട്ടു.

പക്ഷേ, ഭുവനേശ്വറിലേക്ക് തിരിച്ചുവരരുതെന്ന് വികാരി ജനറലായ ജോസഫ് കളത്തിലച്ചന്‍ അറിയിച്ചു. കാരണം, ചീനാത്ത് മെത്രാപ്പോലീത്തയാണ് സ്വാമിയുടെ കൊലപാതകത്തിന്‍റെ സൂത്രധാരന്‍ എന്ന പ്രചാരണം മണിക്കൂറുകള്‍ക്കുള്ളില്‍ ഭുവനേശ്വറില്‍പോലും പരന്നിരുന്നു. നൂറുകണക്കിന് സംഘപരിവാര്‍ അണികള്‍ സത്യനഗറിലുള്ള മെത്രാസന മന്ദിരത്തിനുമുന്നില്‍ തടിച്ചുകൂടുകയും കല്ലെറിഞ്ഞ് ചില്ലുകള്‍ തകര്‍ക്കുകപോലും ചെയ്തിരുന്നു. കനത്ത പോലീസ്സംരക്ഷണം ഉണ്ടായിരുന്നതുകൊണ്ട് അക്രമികള്‍ക്ക് മെത്രാസനമന്ദിരത്തില്‍ കയറാന്‍ പറ്റിയിരുന്നില്ല. ഈ കലുഷിത സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം സ്ഥിതിഗതികള്‍ വഷളാക്കുമെന്നതിനാല്‍ ഭുവനേശ്വറിലേക്ക് വരേണ്ടാ എന്നതായിരുന്നു അരമനയില്‍നിന്നും കിട്ടിയ വ്യക്തമായ നിര്‍ദേശം.

അസ്വസ്ഥനും നിരാശനുമായി ചീനാത്ത് മെത്രാപ്പോലീത്ത തൃശൂരിലെ വീട്ടിലേക്ക് മടങ്ങി. ന്യൂഡല്‍ഹിയിലെ സി.ബി.സി.ഐ. അധികാരികളുമായി സംസാരിച്ച് പിറ്റേദിവസം അദ്ദേഹം കൊച്ചിയില്‍നിന്ന് വിമാനമാര്‍ഗം ന്യൂഡല്‍ഹിയിലെത്തി.

ആഗസ്റ്റ് 28-ന് പ്രമുഖ ക്രൈസ്തവനേതാക്കളോടൊപ്പം അദ്ദേഹം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ കണ്ടു. രണ്ടു ദിവസം കഴിഞ്ഞ് കന്ധമാലിലെ ക്രിസ്ത്യാനികള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് മെത്രാപ്പോലീത്ത സുപ്രീം കോടതിയില്‍ റിട്ട്ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. ഭുവനേശ്വറില്‍പോലും അരാജകാവസ്ഥ തുടര്‍ന്നിരുന്ന സാഹചര്യത്തില്‍ അദ്ദേഹം ന്യൂഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിമാര്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ കണ്ട് കന്ധമാലില്‍ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റിരുന്ന പ്രൊക്യുറേറ്ററായ ബര്‍ണാഡച്ചന്‍, ചെല്ലനച്ചന്‍, എഡ്വേഡച്ചന്‍ എന്നിവരെ മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ ചെന്ന് സെപ്റ്റംബര്‍ 10-ന് കണ്ടതിനുശേഷം അദ്ദേഹം ഭുവനേശ്വറില്‍ തിരിച്ചെത്തി.

ചീനാത്ത് മെത്രാപ്പോലീത്തയുടെ സന്ദര്‍ശനവേളയില്‍ രണ്ടു തവണ ഞാന്‍ കന്ധമാലില്‍ ഉണ്ടായിരുന്നു. തകര്‍ക്കപ്പെട്ട പള്ളികള്‍ ആദ്യം പുനര്‍നിര്‍മിക്കണമെന്ന് മുറവിളികൂട്ടിയ അജഗണത്തിന്‍റെ ആവശ്യത്തിനു വിരുദ്ധമായി തകര്‍ക്കപ്പെട്ട വീടുകള്‍ പുനര്‍ നിര്‍മിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.

2011 ഏപ്രിലില്‍ 77-ാം വയസ്സില്‍ വിരമിച്ചിട്ടും കന്ധമാലിനെക്കുറിച്ചുള്ള മെത്രാപ്പോലീത്തായുടെ വ്യഗ്രതയ്ക്ക് വിരാമമായില്ല. കന്ധമാലിലെ സംഭവവികാസങ്ങള്‍ അദ്ദേഹം 2016 ആഗസ്റ്റ് 14-ന് മരിക്കുന്നതുവരെ വളരെ ഉത്സുകനായി പിന്തുടര്‍ന്നു. കാന്‍സര്‍ ബാധി ച്ച് അവശനിലയിലായിരുന്ന സമയത്തുപോലും കന്ധമാലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രതിജ്ഞാബദ്ധതയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലായിരുന്നു.

ഉദാഹരണത്തിന്, എന്‍റെ ഒരനുഭവം എടുത്തുപറയാം. ജസ്റ്റിസ് നായിഡു അന്വേഷണ കമ്മീഷന്‍ മുമ്പാകെ 2015 ആഗസ്റ്റ് ഏഴിന് എനിക്ക് നേരിട്ട് ഹാജരാകണമായിരുന്നു. കാരണം, ക്രിസ്ത്യാനികള്‍ക്കെതിരെ അരങ്ങേറിയ സംഹാരതാണ്ഡവത്തെക്കുറിച്ച് സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് പല പീഡിതരും ഭയംമൂലം പിന്‍വാങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ ശക്തമായ നിരവധി തെളിവുകളുള്ള "Kandhamal – a blot on Indian Secularism" (കന്ധമാല്‍ – ഭാരതത്തിന്‍റെ മതേതരത്വത്തിന് ഒരു കളങ്കം) എന്ന എന്‍റെ പ്രഥമഗ്രന്ഥം കമ്മീഷന്‍ മുമ്പാകെ 2012-ല്‍ തെളിവായി സത്യവാങ്മൂലത്തോടെ ഞാന്‍ സമര്‍പ്പിച്ചിരുന്നു. ഗ്രന്ഥത്തില്‍ ഞാന്‍ വെളിപ്പെടുത്തിയിരുന്ന വസ്തുതകള്‍ക്ക് രേഖാമൂലം തെളിവു കൊടുത്തില്ലെങ്കില്‍ എന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിഗമനം എടുക്കേണ്ടിവരുമെന്നായിരുന്നു കമ്മീഷന്‍റെ താക്കീത്.

അതുകൊണ്ട് ജോലിയൊക്കെ മാറ്റിവച്ച് മൂന്നാഴ്ച കൊണ്ട്, 2009-ല്‍ എഴുതിയ ഗ്രന്ഥത്തിലെ ഓരോ വെളിപ്പെടുത്തലിനും ആധാരമായ രേഖകള്‍ ഞാന്‍ തപ്പിയെടുത്തു. ഹൈക്കോടതി മുന്‍ ജസ്റ്റീ സ് ആയിരുന്ന എ.എസ്. നായിഡുവിന്‍റെ മുമ്പില്‍ ഹാജരാകുന്നതിന് ആഗസ്റ്റ് ആറിന് ഞാന്‍ ഭുവനേശ്വറില്‍ എത്തി.
നേരത്തെതന്നെ ഈ സംഭവവികാസങ്ങളെക്കുറിച്ച് ചീനാത്ത് മെത്രാപ്പോലീത്തയുമായി ആശയ വിനിമയം നടത്തിയിരുന്നതുകൊണ്ട് എന്നെക്കാള്‍ കൂടുതല്‍ ആകാംക്ഷാഭരിതനായിരുന്നു അദ്ദേഹം. കമ്മീഷനു മുമ്പില്‍ ഞാന്‍ ഹാജരാകേണ്ട ഏഴാം തീയതി രാവിലെ ഫോണ്‍ ചെയ്ത് എന്‍റെ ദൗത്യം വിജയപ്രദമാകാന്‍ കുര്‍ബാനയില്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കമ്മീഷന്‍മുമ്പാകെ എങ്ങനെ പെരുമാറണമെന്നും പ്രമുഖ സംഘപരിവാര്‍ വക്കീലന്മാരുടെ വട്ടംകറക്കുന്ന ചോദ്യങ്ങള്‍ക്ക് എങ്ങനെ മറുപടി പറയണമെന്നും നേരത്തെ കമ്മീഷന്‍ മുമ്പാകെ ഹാജരായിരുന്ന അദ്ദേഹം എനിക്ക് നിര്‍ദേശം നല്‍കി. ജസ്റ്റീസ് നായിഡുവിന്‍റെ മുമ്പില്‍ ഹാജരായതിനുശേഷം എന്താണ് സംഭവിച്ചതെന്ന് തന്നെ വിളിച്ചറിയിക്കണമെന്നും പിതാവ് എന്നോട് പറഞ്ഞിരുന്നു.

അവിശ്വസനീയമെന്നു പറയട്ടെ, തുടര്‍ച്ചയായ താക്കീതുകളിലൂടെ കമ്മീഷന്‍ മുമ്പാകെ ഹാജരാകാന്‍ എന്നോട് കല്പിച്ച ജഡ്ജിക്ക് എന്നെ വിളിപ്പിച്ച ദിവസം കോടതിയില്‍ എത്താന്‍ കഴിഞ്ഞില്ല. കാരണം അദ്ദേഹത്തിന്‍റെ അനന്തിരവന്‍ തലേരാത്രിയില്‍ റോഡപകടത്തില്‍ മരണമടഞ്ഞിരുന്നു. ഞാന്‍ ഹാജരായ ദിവസം കമ്മീഷന്‍റെ വിചാരണയുടെ അവസാനദിവസമായതുകൊണ്ട്, വീണ്ടും വരുവാന്‍ കമ്മീഷന്‍ സെക്രട്ടറി എന്നോട് ആവശ്യപ്പെട്ടതുമില്ല. ഞാന്‍ തയ്യാറാക്കിയ കൃത്യമായ രേഖകള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച് സംഘപരിവാര്‍ വക്കീലന്മാരുടെ ഒരു ചോദ്യംപോലും ഉണ്ടാകാതെ എനിക്ക് തിരിച്ചുപോരാനായി.

പലരും ഭയപ്പെട്ടിരുന്നതുപോലെ അതിശക്തമായ സംഘപരിവാര്‍ ക്രോസ് വിസ്താരം എനിക്ക് നേരിടേണ്ടിവന്നില്ല എന്ന സന്തോഷത്തില്‍ ഭുവനേശ്വര്‍ മെത്രാസനമന്ദിരത്തില്‍ ഞാന്‍ തിരിച്ചെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ആകാംക്ഷാഭരിതരായ വൈദികര്‍ പോലും അദ്ഭുതപ്പെട്ടു. ഈ നീണ്ട ചര്‍ച്ചയ്ക്കിടയില്‍ ചീനാത്ത് മെത്രാപ്പോലീത്തയെ ഫോണ്‍ വിളിക്കാമെന്ന് ഏറ്റിരുന്ന കാര്യം ഞാന്‍ മറന്നുപോയിരുന്നു.

ഏകദേശം രണ്ടു മണിയായപ്പോള്‍ ചീനാത്ത് പിതാവിന്‍റെ ഫോണ്‍വന്നു. ഉച്ചഭക്ഷണം കഴിഞ്ഞുള്ള പതിവ് മയക്കമുപേക്ഷിച്ച് എന്താണ് സംഭവിച്ചത് എന്നറിയുവാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അദ്ദേഹം.

നടന്നതെല്ലാം കേട്ടപ്പോള്‍ വളരെ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു: "ദൈവം കൂടെയുണ്ട്. ഒന്നും ഭയപ്പെടേണ്ട."

അതുപോലെതന്നെ, തന്‍റെ ജനങ്ങള്‍ക്ക് നീതിയും നഷ്ടപരിഹാരവും തേടിയുള്ള അദ്ദേഹത്തിന്‍റെ ഹര്‍ജിയുടെ വിചാരണ ദിവസങ്ങളില്‍ അദ്ദേഹം സുപ്രീം കോടതിയില്‍ ആകാംക്ഷയോടെ പോകുമായിരുന്നു. പലതവണ സുപ്രീം കോടതിയില്‍നിന്ന് നിരാശനായി മടങ്ങേണ്ടിവന്ന മെത്രാപ്പോലീത്തയുടെ മരണത്തിന് 10 ദിവസം മുമ്പാണ് ഈ നീണ്ട കേസിന്‍റെ വിധി വന്നത്. ഒഡീഷാ സര്‍ക്കാര്‍ കൊടുത്ത തുച്ഛമായ നഷ്ടപരിഹാരം ഇരട്ടിയാക്കിയ വിധി മരണാസന്നനായ ആ ഇടയന് ആശ്വാസപ്രദമായിരിക്കണം.

അങ്ങനെ 2016 സ്വാതന്ത്ര്യദിനത്തിന്‍റെ തലേരാത്രിയില്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ വിശുദ്ധ പൗലോസിന്‍റെ വചനങ്ങള്‍ അദ്ദേഹത്തിന്‍റെ ജീവിതത്തിലും അന്വര്‍ത്ഥമായി കഴിഞ്ഞിരുന്നു: "ഞാന്‍ നന്നായി പൊരുതി; എന്‍റെ ഓട്ടം പൂര്‍ത്തിയാക്കി."

* * * * * * *

നിരപരാധികളോടൊത്തുള്ള പ്രാര്‍ത്ഥന
ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാകും. 2017 ജൂണ്‍ 18-ന് എനിക്ക് അങ്ങനെയൊരു അവിശ്വസനീയമായ അനുഭവം ഉണ്ടായി.

സംഘപരിവാര്‍ ഉപജാപത്തിന്‍റെ ഫലമായി ഒമ്പത് വര്‍ഷത്തോളമായി ജയിലില്‍ നരകിക്കുന്ന നിരപരാധികളുമായി ഒന്നരമണിക്കൂര്‍ ജയിലിനുള്ളില്‍തന്നെ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കാന്‍ ജൂണ്‍ 18 ഞായറാഴ്ച രാവിലെ എനിക്ക് ഭാഗ്യം ലഭിച്ചു.

കന്ധമാലിലെ അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ ഞാന്‍ ആത്മബന്ധം സ്ഥാപിച്ചിരുന്ന നിരപരാധികളായ ഈ ക്രിസ്ത്യാനികളെ ഒന്നിച്ച് കാണുന്നതിന് പലതവണ ശ്രമിച്ചിരുന്നുവെങ്കിലും, കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട്, ജയിലധികാരികള്‍ എനിക്ക് അനുവാദം തന്നിരുന്നില്ല. ഏഴ് നിരപരാധികളില്‍ ആറുപേരെ ഫുല്‍ബാനി ജയിലില്‍നിന്ന് ബലിഗുഡയിലെ ജയിലിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ജൂണ്‍ മദ്ധ്യത്തില്‍ കന്ധമാലില്‍ എത്തിയപ്പോള്‍ ഞാന്‍ അറിഞ്ഞു.

ജയില്‍ കവാടം തുറക്കുന്നു
ജയിലില്‍ ആഴ്ചതോറുമുള്ള ക്രിസ്തീയ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് അനുവാദം ചോദിച്ച് ഞാന്‍ ജൂണ്‍ 17-ന് രാവിലെ ബല്ലിഗുഡ ജയിലില്‍ചെന്ന് അധികാരികളെ കണ്ടു. ആരെന്ന് വ്യ ക്തമാക്കാതെ കേരളത്തില്‍നിന്നുള്ള ക്രിസ്ത്യാനി എന്നു മാത്രമാണ് അവരോട് പറഞ്ഞത്.

അപേക്ഷ എഴുതി, അതിനോടൊപ്പം എന്‍റെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുവച്ചാല്‍ മാത്രമേ, ഉയര്‍ന്ന അധികാരികളില്‍നിന്ന് അനുവാദം ചോദിക്കാന്‍ പറ്റുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

അടുത്തശ്വാസത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: "സാര്‍, അതൊക്കെ വളരെ ബുദ്ധിമുട്ടാണ്. ഞാന്‍ ഒരു എളുപ്പവഴി പറഞ്ഞുതരാം. ജയിലില്‍ ഞായറാഴ്ചകളില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് ഇവിടെ ഒരു പാസ്റ്റര്‍ക്ക് പാസ്സുണ്ട്. അദ്ദേഹത്തിന്‍റെകൂടെ നിങ്ങള്‍ വന്നാല്‍ മതി."

പാസ്റ്ററുടെ ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം വളരെ ഭവ്യതയോടെ 'ഇപ്പോള്‍ കൊണ്ടുവരാം' എന്നു പറഞ്ഞ് തന്‍റെ ക്വാര്‍ട്ടേഴ്സില്‍ പോയി പാസ്റ്ററുടെ നമ്പര്‍ എടുത്തുകൊണ്ടുവന്നു.

ഉത്സാഹത്തോടെ പാസ്റ്ററെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ഭുവനേശ്വറിലാണ് എന്ന നിരാശാജനകമായ മറുപടിയാണ് കിട്ടിയത്. എങ്കിലും നിരപരാധികള്‍ക്കുവേണ്ടിയുള്ള എന്‍റെ പോരാട്ടത്തെക്കുറിച്ച് അദ്ദേഹത്തിനു ബോധ്യമായപ്പോള്‍, തന്‍റെ അസാന്നിധ്യത്തില്‍ പിറ്റേദിവസം ജയിലില്‍ പ്രാര്‍ത്ഥന നടത്താനിരുന്ന പാസ്റ്ററുമായി അദ്ദേഹം എന്ന ബന്ധപ്പെടുത്തി.

തലേദിവസം തീരുമാനിച്ചതുപോലെ, ഞായറാഴ്ച രാവിലെ ഞാന്‍ ബല്ലിഗുഡ ജയിലിന്‍റെ കവാടത്തില്‍ എത്തി. കാത്തുനിന്നിരുന്ന രണ്ട് പാസ്റ്റര്‍മാരുടെകൂടെ ഞാന്‍ പ്രാര്‍ത്ഥനയ്ക്കായി ജയിലില്‍ കടന്നു. എന്‍റെ പേര് രജിസ്റ്ററില്‍പോലും ചേര്‍ക്കാതെ!

പ്രാര്‍ത്ഥനയ്ക്കായി ജയിലിലെ തുറന്ന ഹാളില്‍ 30 ക്രിസ്ത്യന്‍ തടവുകാര്‍ ചമ്രംപടഞ്ഞ് ഇരിപ്പുണ്ടായിരുന്നു. ഞാന്‍ ആകാംക്ഷയോടെ കാണാന്‍ ആഗ്രഹിച്ചിരുന്ന 6 നിരപരാധികള്‍ ആദ്യത്തെ രണ്ടു നിരയില്‍തന്നെ ഉണ്ടായിരുന്നു.

തടവറയില്‍ 'ഹല്ലേലൂയാ' ഉയരുന്നു

രണ്ടു പാസ്റ്റര്‍മാരുടെ മധ്യത്തില്‍ ക്രിസ്ത്യന്‍തടവുകാര്‍ക്ക് മുഖാമുഖം ഞാന്‍ ഇരിക്കുമ്പോഴേക്കും ഇടത്തേ അറ്റത്തുനിന്ന് ബുദ്ധദേബ് പ്രഘോഷിച്ചു: 'Praise the Lord!' (ദൈവത്തിന് സ്തോത്രം!) മറ്റുള്ളവര്‍ അത് ഉച്ചത്തില്‍ ആവര്‍ത്തിച്ചു.

പാസ്റ്റര്‍മാരാണ് ഒഡിയാ ഭാഷയിലുള്ള പ്രാര്‍ത്ഥന നയിച്ചിരുന്നതെങ്കിലും ധീരരായ നിരപരാധികളായിരുന്നു പ്രാര്‍ത്ഥന നിയന്ത്രിച്ചിരുന്നതെന്ന് എടുത്തുപറയേണ്ടതാണ്.

ഓരോ ഗാനത്തിനും പ്രാര്‍ത്ഥനയ്ക്കും ഇടയ്ക്ക് 'ഹല്ലേലൂയ' എന്ന് ഉദ്ഘോഷിച്ചിരുന്നത് മുന്‍നിരയില്‍ വലത്തേ അറ്റത്ത് ഇരുന്നിരുന്ന ബിജയ് ആയിരുന്നു. പാസ്റ്ററുടെ പ്രാരംഭപ്രാര്‍ത്ഥന കഴിയുമ്പോഴേക്കും, എന്‍റെ നേരെമുമ്പിലിരുന്ന ഭാസ്കര്‍ തന്‍റെ അഴുക്കു പിടിച്ച പ്ലാസ്റ്റിക്ക് സഞ്ചി ഭവ്യതയോടെ തുറന്ന് ബൈബിള്‍ പുറത്തെടുത്തതിനുശേഷം, ഒരു കീറിയ നോട്ടുപുസ്തകം കയ്യിലെടുത്തു.

ഭാസ്കര്‍ തന്‍റെ പാട്ടുപുസ്തകം തുറന്നപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടു. അതിലെ ഓരോ ഗാനവും അതിമനോഹരമായി എഴുതിയിരിക്കുന്നു. മാത്രമല്ല, ഓരോ പല്ലവിയും വ്യത്യസ്ത നിറത്തിലുള്ള പേന കൊണ്ടാണ് എഴുതിയിരുന്നത് എന്ന് ഞാന്‍ ശ്രദ്ധിച്ചു. ജയിലില്‍ കിടക്കുന്ന ഭാസ്കര്‍ പ്രാര്‍ത്ഥന യ്ക്ക് എത്ര പ്രാധാന്യം കൊടുത്തിരുന്നുവെന്ന് അത് വിളിച്ചോതി.

പ്രാര്‍ത്ഥനയുടെ മൂര്‍ദ്ധന്യത്തില്‍ എല്ലാവരും കണ്ണുകളടച്ച് കൈകള്‍ ഉയര്‍ത്തിയപ്പോള്‍ അവരുടെ മുഖത്ത് നോക്കിയ എന്‍റെ കണ്ണുകളും ഈറനണിഞ്ഞു. കൈകളുയര്‍ത്തി പ്രാര്‍ത്ഥനാ നിമഗ്നരായിരുന്ന ഭാസ്കറിന്‍റെയും സനാതന്‍റെയും കവിളുകളിലൂടെ കണ്ണീര്‍ ഇറ്റുവീഴുകയായിരുന്നു.

പക്ഷേ, എന്നെ ഏറ്റവും വേദനിപ്പിച്ച കാഴ്ച ബുദ്ധിമാന്ദ്യമുള്ള മുണ്ടയുടെ പ്രതികരണമായിരുന്നു. തുടക്കത്തില്‍തന്നെ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ മറ്റ് നിരപരാധികള്‍ വളരെ സന്തോഷഭരിതരായിരുന്നുവെങ്കില്‍, മുണ്ട നിര്‍വികാരനായിരുന്നെന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. മറ്റെല്ലാവരും ഹൃദയമുരുകി പ്രാര്‍ത്ഥിക്കുമ്പോള്‍ മുണ്ട ഏതോ നഷ്ടലോകത്തിലെന്ന പോലെ ചുണ്ടുകള്‍ അനക്കാന്‍ പോലും മടിച്ചിരുന്ന രംഗം കണ്ട് എന്‍റെ മനസ്സില്‍ ധര്‍മരോഷം ഉയരുകയാണ് ചെയ്തത്.

കാരണം, 'മണ്ടന്‍' എന്ന് നിരക്ഷരയായ ഭാര്യ ബന്ദിഗുഡലി വിവരിച്ച മുണ്ടയെപ്പോലും സ്വാമിയുടെ ഘാതകനായി മുദ്രകുത്തി ജീവപര്യന്തശിക്ഷ ഉറപ്പുവരുത്തിയ സംഘപരിവാറിന്‍റെ ആജ്ഞാനുവര്‍ത്തികളുടെ വക്രതയാണ് ആ സമയത്ത് എന്‍റെ മനസിലൂടെ കടന്നുപോയത്.

കേരളത്തിലെ ക്രൈസ്തവര്‍ക്ക് നന്ദി!
ആവേശോജ്ജ്വലമായ ഗാനത്തോടെ പ്രാര്‍ത്ഥന അവസാനിച്ചപ്പോള്‍, നിരപരാധികളില്‍ സ്കൂളിന്‍റെ പടി കണ്ടിരുന്ന ഏകവ്യക്തി, ബിജയ്, നന്ദി പറയുന്നതിന് എണീറ്റുനിന്നു: "മറ്റാരെയുംകാള്‍ കേരളത്തില്‍ നിന്നുള്ളവരാണ് ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. സാറിനും കേരളത്തിലെ എല്ലാ ക്രിസ് ത്യാനികള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു."

(നിരപരാധികളെ നിരവധി തവണ ജയിലില്‍ പോയി കാണുകയും അവരോടൊപ്പം പ്രാര്‍ത്ഥിക്കുകയും ജയിലില്‍ ക്രിസ്തുമസ് സദ്യപോലും ഒരുക്കുകയും ചെയ്ത രണ്ടു മലയാളികളുടെ പേരുകള്‍ എടുത്തു പറയേണ്ടതാണ്. മോന്‍ട് ഫോര്‍ട്ട് ബ്രദര്‍ കെ.ജെ. മാര്‍ക്കോസും ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സിന്‍റെ സാരഥിയും ഓര്‍ത്തഡോക്സ് സഭാംഗവുമായ സാജന്‍ ജോര്‍ജും.)

ഇവരില്‍ ചിലരുടെ അഭ്യസ്ത വിദ്യരായ മക്കള്‍ എന്‍റെ ഫേസ് ബുക്ക് കൂട്ടായ്മയില്‍ അംഗങ്ങളായതുകൊണ്ട്, നിരപരാധികളുടെ മോചനത്തിനായി നടത്തുന്ന ഓരോ ശ്രമത്തിനെക്കുറിച്ചും അവര്‍ ബോധവാന്മാരാണെന്നതില്‍ ഞാന്‍ തികച്ചും സന്തോഷഭരിതനായി.

ഈ അവിസ്മരണീയ അനുഭവവുമായിട്ടാണ് ഞാന്‍ അന്ന് രാത്രി കന്ധമാല്‍ വിട്ടത്. ഒരാഴ്ച കഴിഞ്ഞ് ജയിലിലെ ചില കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന് ഫോണ്‍ വിളിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് എനിക്കു കിട്ടിയത്.

നിരപരാധികള്‍ ചിതറിക്കപ്പെടുന്നു
ഞാന്‍ ജയില്‍ സന്ദര്‍ശിച്ച് അഞ്ചാംദിവസം ബല്ലിഗുഡ ജയിലില്‍ ഉണ്ടായിരുന്ന ആറ് നിരപരാധികളില്‍ മൂന്നുപേരെ – ബിജയ്, ബുദ്ധദേബ്, സനാതന്‍ എന്നിവരെ – അധികാരികള്‍ ഒരു മുന്നറിയിപ്പും കൂടാതെ കന്ധമാല്‍ ജില്ലയ്ക്കുപുറത്ത് ഭവാനിപട്ന, റാംപൂര്‍, ബഞ്ചാനഗര്‍ എന്നീ ജയിലുകളിലേക്ക് മാറ്റി.

9 വര്‍ഷമായി ജയിലില്‍ നരകിക്കുന്ന നിരപരാധികളുടെ ആത്മധൈര്യം ചോര്‍ത്തുന്ന ഈ നടപടി എടുത്തുകാണിക്കുന്നത് കന്ധമാല്‍ ഉപജാപത്തിന്‍റെ പിന്നിലെ നീരാളിയുടെ കരാളഹസ്തങ്ങള്‍ ഓരോ നീക്കവും അതിസൂക്ഷ്മമായി വീക്ഷിക്കുന്നു എന്നാണ്.

വര്‍ഷങ്ങളായി ഒന്നിച്ചുകഴിഞ്ഞിരുന്ന നിരപരാധികളായ ഏഴ് ക്രിസ്ത്യാനികള്‍ ഇപ്പോള്‍ നാല് ജില്ലകളില്‍ അഞ്ച് ജയിലുകളിലായി ചിതറിക്കപ്പെട്ടിരിക്കുന്നത് ഏതൊരു മനുഷ്യസ്നേഹിയെയും വേദനിപ്പിക്കും.

ഇതിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിയമനടപടി എടുക്കുമ്പോള്‍, വിശ്വാസത്തിന്‍റെ പേരില്‍ പീഡനമനുഭവിക്കുന്ന ഈ നിരപരാധികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും പ്രാര്‍ത്ഥിക്കാനും ഏതൊരു ക്രിസ്ത്യാനിക്കും കടമയുണ്ട്.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രിസ്തീയ പീഡനത്തിന്‍റെയും സംഘടിത ഗൂഢതന്ത്രത്തിന്‍റെയും ജീവിക്കുന്ന രക്തസാക്ഷികളാണ് കന്ധമാലിലെ ഈ നിരപാധികള്‍. www.release7-innocents.com എന്ന വെബ്സൈറ്റില്‍ രാജ്യത്തിന്‍റെ ചീഫ് ജസ്റ്റിസിനോടും രാഷ്ട്രപതിയോടും ദേശീയ മനുഷ്യാവകാശ കമ്മീഷനോടും ഇവരുടെ മോചനം ആവശ്യപ്പെടുന്നതിനുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്.

കന്ധമാലിലെ ധീരരായ ക്രിസ്ത്യാനികളുടെ അവിശ്വസനീയ സാക്ഷ്യങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഈ വെബ് സൈറ്റിലെ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഒപ്പുവച്ചും, ഈ ലിങ്ക് മറ്റുള്ളവരുമായി പങ്കുവെച്ചും നിശബ്ദരായ തടവുകാര്‍ക്ക് ശബ്ദവും തുണയുമാകാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org