കണ്ണുനീര്‍ത്തുള്ളിക്കപ്പുറം ലങ്ക

കണ്ണുനീര്‍ത്തുള്ളിക്കപ്പുറം ലങ്ക

സിജോ പൈനാടത്ത്

380 കിലോമീറ്ററാണു കേരളത്തില്‍നിന്നു ശ്രീലങ്കയിലേക്കുള്ള കടല്‍ദൂരം. ഭാരതത്തിന്‍റെ ഭൂപടം വരയ്ക്കുമ്പോള്‍ തൊട്ടുചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു 'കണ്ണുനീര്‍ത്തുള്ളി' യുടെ മാതൃകയിലാണ് ആ രാജ്യത്തെ നാം അടയാളപ്പെടുത്തിയിട്ടുള്ളത്. കണ്ണുനീര്‍ത്തുള്ളിയെ ലങ്കയോടുപമിച്ചതു കാവ്യഭാവനയാണെങ്കിലും അല്ലെങ്കിലും, ഈസ്റ്റര്‍ ദിനത്തിന്‍റെ സങ്കടപ്പുലരി ആ കണ്ണുനീര്‍ത്തുള്ളിയെ കണ്ണീര്‍ക്കടലാക്കി മാറ്റി.

ചിന്നിച്ചിതറിയത് മുന്നൂറിലധികം ജീവനുകളാണ്; ചിന്തിയതു നിഷ്കളങ്ക രക്തമാണ്. വംശീയവെറി, വര്‍ഗീയ വിദ്വേഷം, ആഭ്യന്തരകലഹം, ഭീകരത തുടങ്ങി ഏതെങ്കിലും പേരിട്ടു വിളിച്ച്, ഓര്‍ത്തെടുക്കാന്‍ എളുപ്പത്തിനൊരു പട്ടികയിലുള്‍പ്പെടുത്തി അന്താരാഷ്ട്രസമൂഹം നാളെ ശ്രീലങ്കയിലെ അക്രമസംഭവങ്ങളെ മറന്നുപോയേക്കാം. എന്നാല്‍, പതിറ്റാണ്ടുകളുടെ പ്രേഷിത പൈതൃകമുറങ്ങുന്ന ശ്രീലങ്കന്‍ കത്തോലിക്കാ സഭയ്ക്കും അതിലൂടെ ആഗോള കത്തോലിക്കാ സഭയ്ക്കും ഈ അക്രമപരമ്പര എളുപ്പമുണങ്ങാത്ത മുറിവാണ്.

21.04.19-ദുഃഖഞായര്‍
നോമ്പുകാലം ഫലദായകമായി ആചരിച്ചതിന്‍റെ പൂര്‍ണതയില്‍, ക്രിസ്തുവിലുള്ള പ്രത്യാശയോടും ആഹ്ലാദത്തോടും കൂടി ഉയിര്‍പ്പു തിരുനാള്‍ ആഘോഷിക്കാന്‍ ദേവാലയങ്ങളിലേക്കെത്തിയതാണു വിശ്വാസികള്‍. കൊളംബോ സെന്‍റ് ആന്‍റണീസ് കത്തോലിക്കാ പള്ളിയിലും നൊഗോംബോ സെന്‍റ് സെബാസ്റ്റ്യന്‍സ് കത്തോലിക്കാ പള്ളിയിലും ബട്ടിക്കലോവ സിയോന്‍ പ്രൊട്ടസ്റ്റന്‍റ് പള്ളിയിലും ഈസ്റ്റര്‍ കുര്‍ബാനയ്ക്കെത്തിയതു പതിവിലേറെപ്പേര്‍. മൂന്നിടത്തും ആരാധനയ്ക്കിടെ ചാവേറുകളെത്തി പൊട്ടിത്തെറിച്ചു. ഷാംഗ്രില, കിംഗ്സ്ബെറി, സിനമണ്‍ എന്നീ ആഡംബര ഹോട്ടലുകളിലും ചാവേറുകള്‍ സ്ഫോടനങ്ങള്‍ നടത്തി. ലോകത്തെ നടുക്കി ആറിടത്തു ചാവേര്‍ ആക്രമണങ്ങള്‍.

മരിച്ചത് 359 പേര്‍. 11 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 40 പേര്‍ വിദേശികള്‍. ഇതില്‍ ഒരു മലയാളിയുമുണ്ട്. എഴുന്നൂറിലേറെപ്പേര്‍ക്ക് പരിക്ക്. മരിച്ചവരില്‍ 45 പേര്‍ കുട്ടികളായിരുന്നുവെന്നതു സങ്കടത്തിന്‍റെ ആഴം കൂട്ടുന്നു. ഇവരെല്ലാം ദേവാലയങ്ങളില്‍ പ്രാര്‍ഥനയ്ക്കും വിശ്വാസ പരിശീലനത്തിനും എത്തിയവര്‍. മാര്‍ച്ചു മാസത്തില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച നാലു കുട്ടികള്‍ ചാവേറിന് ഇരയായി. നൊഗൊംബോയിലെ ദേവാലയത്തില്‍ മരിച്ചു വീണത് 27 കുഞ്ഞുങ്ങള്‍. ബട്ടിക്കലോവയിലെ പ്രൊട്ടസ്റ്റന്‍റ് പള്ളിയില്‍ 14 കുരുന്നുകള്‍ക്കു ജീവന്‍ നഷ്ടമായി.

എന്തുകൊണ്ട് ക്രൈസ്തവ ദേവാലയങ്ങള്‍?
ആക്രമിക്കപ്പെട്ടതു പ്രസിദ്ധമായ ക്രൈസ്തവ ദേവാലയങ്ങള്‍, അക്രമത്തിനു തെരഞ്ഞെടുത്ത ദിവസം ഈസ്റ്റര്‍ നാള്‍. സ്വാഭാവികമായി ഇതിനു പിന്നില്‍ ആസൂത്രിതമായ നീക്കങ്ങള്‍ മനസ്സിലാക്കാനാകും. മൂന്നു ദേവാലയങ്ങളില്‍ ചാവേറുകള്‍ ലക്ഷ്യമിട്ടതു ക്രൈസ്തവ വിശ്വാസികളെയെന്നു വ്യക്തം. ബട്ടിക്കലോവയിലെ പ്രസിദ്ധമായ സെന്‍റ് മേരീസ് പള്ളിയാണു ചാവേര്‍ ആദ്യം ലക്ഷ്യമിട്ടതെന്നു വിവരം പുറത്തുവന്നിരുന്നു. ഇവിടെയെത്തിയപ്പോഴേക്കും ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ പൂര്‍ത്തിയായി ജനങ്ങള്‍ മടങ്ങിത്തുടങ്ങിയിരുന്നതിനാലാണു പ്രൊട്ടസ്റ്റന്‍റു പള്ളി ചാവേര്‍ സ്ഫോടനത്തിനു തെരഞ്ഞെടുത്തതെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

റോമിനെതിരെ തങ്ങള്‍ നീങ്ങുമെന്നു പലവട്ടം, പല തരത്തില്‍, പലയിടങ്ങളില്‍ സൂചനകള്‍ നല്‍കിയിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയാണ് ശ്രീലങ്കയിലെ ആക്രമങ്ങള്‍ക്കു പിന്നില്‍. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുമുണ്ട്. ലോകമെങ്ങും ക്രൈസ്തവ വിശ്വാസത്തെയും വിശ്വാസികളെയും ഇല്ലാതാക്കാനുള്ള പ്രഖ്യാപിത അജണ്ടയുടെ തുടര്‍ച്ചയായി വേണം ശ്രീലങ്കയിലെ ദേവാലയങ്ങളിലേക്കു നടത്തിയ അക്രമങ്ങളെ വായിച്ചെടുക്കാന്‍.

ലങ്കയ്ക്കുമപ്പുറം ഇരകള്‍ ക്രൈസ്തവര്‍
ഭീകരവാദികള്‍ ക്രൈസ്തവരെ എക്കാലവും ലക്ഷ്യമിട്ടിട്ടുണ്ട്. നൈജീരിയയിലെ കഡുനയില്‍ 2011 ഏപ്രിലിലുണ്ടായ ഭീകരാക്രമണങ്ങളില്‍ 321 പേരാണു കൊല്ലപ്പെട്ടത്. ഏറെപ്പേരും ക്രൈസ്തവര്‍. 40 പള്ളികള്‍ തകര്‍ക്കപ്പെട്ടു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പള്ളിയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ 18 പേര്‍ക്കാണു ജീവന്‍ നഷ്ടമായത്. ബുര്‍ക്കിനോ ഫാസോയില്‍ നിന്നു രണ്ടു മാസം മുമ്പു തട്ടിക്കൊണ്ടുപോയ വൈദികനെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല.

ജനുവരിയില്‍ ഫിലിപ്പീന്‍സിലെ കത്തോലിക്കാ പള്ളിയിലുണ്ടായ ഐഎസ് ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ജര്‍മനി, ഫ്രാന്‍സ് തുടങ്ങി വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും പാക്കിസ്ഥാന്‍ ഉള്‍പ്പടെ ഏഷ്യന്‍ രാജ്യങ്ങളിലും ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ വലിയ വാര്‍ത്തകളല്ലാതായി മാറിയിരിക്കുന്നു.

ക്രൈസ്തവ സഭകളുടെ വിശിഷ്യ ഫ്രാന്‍സിസ് പാപ്പയുടെ കീഴിലുള്ള കത്തോലിക്കാസഭയുടെ വളര്‍ച്ചയില്‍ അസ്വസ്ഥത പൂണ്ട ഭീകരവാദികളാണ് അക്രമത്തിലൂടെ അതിനു മറുപടി നല്‍കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലോകസമാധാനത്തിനായി എന്നും ശക്തമായ നിലപാടെടുത്തിട്ടുള്ള കത്തോലിക്കാസഭയുടെ ആഗോള സ്വീകാര്യത തങ്ങള്‍ക്കു നാളെയും തലവേദനയാകുമെന്നു തീവ്രവാദികള്‍ ആശങ്കപ്പെടുന്നു.

ക്രൈസ്തവര്‍ 7.6 ശതമാനം
ശ്രീലങ്കയിലെ ജനസംഖ്യയില്‍ 70 ശതമാനം ബുദ്ധമതവിശ്വാസികളാണ്. 12.5 ശതമാനം ഹിന്ദുക്കളുണ്ട്. 9.7 ശതമാനം മുസ്ലീമുകളുള്ള ശ്രീലങ്കയില്‍ 7.6 ശതമാനം ക്രിസ്ത്യാനികളാണുള്ളത്.

എണ്ണത്തില്‍ കുറവെങ്കിലും വിശുദ്ധ തോമാശ്ലീഹായില്‍ നിന്നു വിശ്വാസദീപം ഏറ്റുവാങ്ങിയ വിശ്വാസിസമൂഹമെന്ന പൈതൃകപ്പെരുമ ശ്രീലങ്കന്‍ സഭയെ അപ്പസ്തോലികസഭയാക്കുന്നു. കൊളംബോ അതിരൂപതയ്ക്കു കീഴില്‍ 11 രൂപതകളാണു ശ്രീലങ്കന്‍ കത്തോലിക്കാസഭയുടെ ഭാഗമായുള്ളത്. അനുരാധപുര, ബാദുല്ല, ബട്ടിക്കലോവ, ചിലാവ്, ഗല്ലേ, ജാഫ്ന, കാന്‍ഡി, കുറുനേഗല, മാന്നാര്‍, രത്നപുര, ട്രിങ്കോമാലി എന്നിവയാണു ശ്രീലങ്കയിലെ മറ്റു രൂപതകള്‍. ആകെ 1.22 കോടി കത്തോലിക്കാ വിശ്വാ സികള്‍. കര്‍ദിനാള്‍ ഡോ. മാല്‍ക്കം രഞ്ജിത്താണു കൊളംബോ അതിരൂപതാധ്യക്ഷന്‍. 2009-ല്‍ നിയോഗമേറ്റ ഇദ്ദേഹം അതിരൂപതയുടെ ഒമ്പതാമത്തെ ആര്‍ച്ച്ബിഷപ്പാണ്. 2010ലാണ് ഡോ. മാല്‍ക്കം കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടത്.

സഭയുടെ സംയമനം
ദാരുണമായ അക്രമങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും നൂറുകണക്കിനു വിശ്വാസികള്‍ കൊല്ലപ്പെട്ടിട്ടും സംയമനത്തോടെ സ്ഥിതിഗതികളെ സമീപിക്കാനുള്ള സൂക്ഷ്മത പുലര്‍ത്തിയതു ശ്രീലങ്കയിലെ കത്തോലിക്കാസഭയെ ശ്രദ്ധേയമാക്കുന്നതാണ്. ചാവേര്‍ ആക്രമണങ്ങള്‍ക്കുശേഷം സഭയുടെ ഭാഗത്തുനിന്നു ഒരുതരത്തിലുമുള്ള പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മെത്രാന്മാരും വൈദികരും പ്രത്യേകം ശ്രദ്ധിച്ചു. കൊളംബോ ആര്‍ച്ച്ബിഷപ് ഡോ. മാല്‍ക്കം രഞ്ജിത്തിന്‍റെ നിലപാടാണു വിശ്വാസികളെ ഏകോപിപ്പിച്ചത്. ശാന്തതയോടും സമാധാനത്തോടും കൂടി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനു കര്‍ദിനാള്‍ മാല്‍ക്കം നടത്തിയ ഇടപെടലുകളെ ശ്രീലങ്കന്‍ പൊതുസമൂഹം മാത്രമല്ല, വിവിധ ലോക രാഷ്ട്രങ്ങളും പ്രശംസിച്ചു.

ക്രൈസ്തവരുടെ ഭാഗത്തുനിന്നു തിരിച്ചടിയോ പ്രത്യാക്രമണങ്ങളോ ഇല്ലാതിരുന്നുവെന്നതിനെ ശ്രീലങ്കന്‍ പാര്‍ലമെന്‍റില്‍ നടന്ന സര്‍വകക്ഷി, സര്‍വമത സമ്മേളനം ശ്ലാഘിച്ചു. ദേവാലയങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ് അവഗണിച്ചതില്‍ അതൃപ്തിയറിയിച്ചെങ്കിലും, ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധങ്ങളിലേക്കു സഭാനേതൃത്വം നീങ്ങിയില്ല. മുന്നറിയിപ്പു നല്‍കിയതില്‍ ഇന്ത്യയുമുണ്ട്. ആക്രമിക്കപ്പെട്ട ദേവാലയങ്ങള്‍ നവീകരിക്കുന്നതിനും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ താത്പര്യമെടുത്തിട്ടുണ്ട്.

കൊളംബോ അതിരൂപതയുടെ മുന്‍ വികാരി ജനറാള്‍ റവ. ഡോ. ക്രിസ്റ്റസ് കുരുകുല സൂര്യ പറയുന്നു: വല്ലാത്ത ആശങ്കകളോടെയാണു സഭാമക്കളും പൊതുജനങ്ങളും കഴിയുന്നത്. അപ്രതീക്ഷിതമായ ആക്രമണങ്ങളുടെ ആഘാതത്തില്‍ നിന്നു രാജ്യം മോചിതമായിട്ടില്ല. എങ്കിലും അക്രമികളോടു പ്രതികാരം ചെയ്യണമെന്ന ചിന്ത സഭയില്‍ ആര്‍ക്കും അല്പം പോലുമില്ല. സംയമനത്തോടും ശാന്തതയോടും കൂടി ഇടപെടേണ്ട സമയമാണിത്. പ്രത്യാശയുടെ ഈസ്റ്റര്‍ പുലരിയില്‍ തീരാദുഃഖം സമ്മാനിച്ച ഭീകരവാദികളോട് അല്പം പോലും പകയില്ല, വിദ്വേഷമില്ല. അവരോടു ക്ഷമിക്കേണമേ എന്നാണു ദൈവത്തോടുള്ള പ്രാര്‍ത്ഥന.

ഉത്ഥിതന്‍ സമാധാനം ആശംസിച്ചതിന്‍റെ ഓര്‍മയാചരണമായ ഈസ്റ്റര്‍ നാളുകളിലൂടെ കടന്നു പോകുമ്പോള്‍, എവിടെയും സമാധാനം പുലരണമെന്നാണു സഭയുടെ ആഗ്രഹവും പ്രാര്‍ത്ഥനയും. ഫാ. ക്രിസ്റ്റസ് പറഞ്ഞു.

ശ്രീലങ്കയില്‍ ന്യൂനപക്ഷമായ ക്രൈസ്തവരെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നതു വിശ്വാസികളുടെ കാലങ്ങളായുള്ള പരിഭവമാണ്. ഈ സാഹചര്യത്തിലും പരിധിവിട്ട പ്രതിഷേധങ്ങള്‍ക്കോ സംയമനത്തിന്‍റെ ക്രിസ്തീയഭാഷ മറക്കുന്നതിനോ ക്രൈസ്തവ സഭകള്‍ തയ്യാറായിരുന്നില്ല.

ബലിയര്‍പ്പണമൊഴിഞ്ഞ അള്‍ത്താരകള്‍
ഈസ്റ്റര്‍ ദിനത്തിലെ ചാവേര്‍ ആക്രമണങ്ങള്‍ക്കുശേഷം രാജ്യത്തെ ദേവാലയങ്ങളില്‍ പരസ്യ ദിവ്യബലിയര്‍പ്പണം ഒഴിവാക്കി. ദേവാലയങ്ങള്‍ മിക്കതും സൈന്യത്തിന്‍റെ കാവലിലാണ്. മെത്രാന്മാര്‍ വസതികളിലെ ചാപ്പലുകളിലും വൈദികര്‍ താമസസ്ഥലങ്ങളിലുമാണു സ്വകാര്യമായി ദിവ്യബലിയര്‍പ്പിച്ചത്. ഈസ്റ്ററിനുശേഷമുള്ള ആദ്യ ഞായറാഴ്ച തന്‍റെ ഔദ്യോഗിക വസതിയിലെ ചാപ്പലില്‍ കര്‍ദിനാള്‍ ഡോ. മാല്‍ക്കം രഞ്ജിത് അര്‍പ്പിച്ച ദിവ്യബലി ആയിരക്കണക്കിനു വിശ്വാസികളാണു തത്സമയം ടെലിവിഷനിലൂടെ കണ്ടത്. ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹിന്ദ രാജപക്സെ എന്നിവര്‍ കര്‍ദിനാളിനൊപ്പം ദിവ്യബലിയില്‍ പങ്കെടുത്തു.

പ്രത്യാശയുടെ പുലരി വരും, വരണം
ഈസ്റ്റര്‍ ശ്രീലങ്കയ്ക്കും അവിടുത്തെ കത്തോലിക്കാസഭയ്ക്കും സങ്കടപ്പുലരിയായിരുന്നെങ്കില്‍, അതിജീവനവഴികളിലൂടെ പ്രത്യാശയുടെ പുതിയ പ്രഭാതം അവിടെ വിടരണം. ചോരപ്പാടുകള്‍ വീണ പള്ളിയും പള്ളിമുറ്റവും വ്രണിതഹൃദയരായ വിശ്വാസി സമൂഹവും ക്രിസ്തുവിലുള്ള പ്രത്യാശയില്‍ മടങ്ങിയെത്തുക തന്നെ ചെയ്യും.

സിലോണ്‍ യാത്രകളെ എംടിയുടെ നോവലില്‍ വായിച്ചാസ്വദിച്ച പോലെ, സിലോണിന്‍റെ പുതിയ മുഖത്തോടും നാം ഹൃദയപൂര്‍വം സംവദിക്കണം. എല്‍ടിടിയും ആഭ്യന്തര സംഘര്‍ഷങ്ങളും ചാവേറുകളും കറുത്ത പാടുകള്‍ കോറിയിട്ട ആ രാജ്യത്തിന്‍റെ ചരിത്രത്തിലേക്ക്, ഇന്നും നാളെയും സമാധാനത്തിന്‍റെ ക്രിസ്തീയ സാക്ഷ്യങ്ങളും എഴുതിച്ചേര്‍ക്കപ്പെടണം. പ്രാര്‍ഥനാദിനാചരണങ്ങളിലും മെഴുകുതിരികളേന്തി നിശബ്ദരാകുന്നതിലും സര്‍ക്കുലര്‍ ആഹ്വാനങ്ങളിലും സഹജീവിസ്നേഹത്തിന്‍റെ ക്രിസ്തീയലാവണ്യമുണ്ട്. എങ്കിലും ക്രിസ്തുസാക്ഷ്യം അതില്‍ പരിമിതപ്പെടുത്തേണ്ടതല്ലല്ലോ.

വിശുദ്ധ ജോസഫ് വാസ്

ശ്രീലങ്കയുടെ അപ്പസ്തോലന്‍ എന്നു വിശേഷണം. ശ്രീലങ്കന്‍ മണ്ണില്‍ പ്രേഷിത്രപ്രവര്‍ത്തനങ്ങള്‍ക്കു വിത്തുപാകി.

1651-ല്‍ ഗോവയില്‍ ജനനം. 1676-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ഒററ്റോറിയന്‍ സന്യാസ സമൂഹാംഗമായിരുന്നു. ലങ്കയില്‍ തമിഴരുടെയും സിംഹളരുടെയും ഇടയില്‍ ആദരിക്കപ്പെട്ട വ്യക്തിത്വം. ഇരുവിഭാഗങ്ങളെയും സഹകരിപ്പിക്കുന്നതിനു ശ്രമിച്ചു.

പ്രൊട്ടസ്റ്റന്‍റ് ആശയങ്ങള്‍ പിടിമുറുക്കിയ ഘട്ടത്തില്‍ ശ്രീലങ്കയില്‍ കത്തോലിക്കാ വിശ്വാസികള്‍ക്ക് ആശ്വാസവുമായാണ് ഫാ. വാസ് എത്തുന്നത്. തീരദേശഗ്രാമങ്ങളില്‍ പ്രേഷിതശുശ്രൂഷ. ലങ്കന്‍ രാജാവുമായുള്ള സൗഹൃദം പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായിച്ചു. 15 വലിയ പള്ളികള്‍, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചാപ്പലുകള്‍, സ്കൂളുകള്‍, ആതുരാലയങ്ങള്‍ എന്നിവ സ്ഥാപിച്ചു. ഹൃദയത്തിലെ പ്രേഷിതാഗ്നി 23 വര്‍ഷക്കാലം ലങ്കന്‍ മണ്ണിലേക്കു പകര്‍ന്ന ഫാ. വാസ് 1711 ജനുവരി 16-ന് അന്തരിച്ചു. 1995-ല്‍ കൊളംബോയില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഫാ. ജോസഫ് വാസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി. 2015-ല്‍ കൊളംബോയിലെത്തിയ ഫ്രാന്‍സിസ് പാപ്പയാണു വിശുദ്ധപദവി പ്രഖ്യാപനം നടത്തിയത്.

2017, വിശുദ്ധ ജോസഫ് വാസിന്‍റെ വര്‍ഷമായി ശ്രീലങ്കന്‍ കത്തോലിക്കാ സഭ ആചരിച്ചു.

അനുഗ്രഹസാന്നിധ്യമായി പാപ്പ

ആഭ്യന്തര, വംശീയ കലാപങ്ങളുടെ മുറിവുണങ്ങാത്ത ശ്രീലങ്കന്‍ മണ്ണിലേക്കു ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയത് അന്നാട്ടുകാര്‍ മാത്രമല്ല ലോകം മുഴുവന്‍ ആവേശത്തോടും ആകാംക്ഷയോടും പ്രതീക്ഷയോടും കൂടിയാണ് നോക്കിക്കണ്ടത്. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി അക്കാലത്തും അതിനു മുമ്പും ശേഷവും പ്രാര്‍ത്ഥനയോടും അതിയായ ആഗ്രഹത്തോടും കാത്തിരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് പാപ്പയുടെ ശ്രീലങ്കയിലേക്കുള്ള വരവ് ആവേശവും അത്ഭുതവുമായിരുന്നു.

ബന്ധാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന ഉള്‍പ്പടെ ഭരണത്തലവന്മാര്‍ മാര്‍പാപ്പയെ സ്വീകരിക്കാനെത്തിയിരുന്നു. തന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള വലിയ ആശീര്‍വാദമാണു പാപ്പയുടെ സന്ദര്‍ശനമെന്നായിരുന്നു സിരിസേനയുടെ പ്രതികരണം. സിരിസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെടുന്നതിനു തൊട്ടുമുമ്പായിരുന്നു പാപ്പയുടെ സന്ദര്‍ശനം.

ശ്രീലങ്ക കണ്ടതില്‍വച്ച് ഏറ്റവും വലിയ ജനസാഗരമാണു പാപ്പയെ സ്വീകരിക്കാന്‍ ഒത്തുചേര്‍ന്നത്. കൊളംബോയിലെ ഗാലി ഫേസ്ഗ്രീന്‍ ബീച്ചാണു വാഴ്ത്തപ്പെട്ട ജോസഫ് വാസിനെ വിശുദ്ധനായി പ്രഖ്യാപിച്ച ചടങ്ങിനു വേദിയായത്. അഞ്ചു ലക്ഷത്തിലേറെപ്പേര്‍ അന്നത്തെ ചടങ്ങില്‍ പങ്കെടുത്തു.

അനുരഞ്ജനത്തിന്‍റെ സന്ദേശമായിരുന്നു ശ്രീലങ്കയില്‍ പറഞ്ഞ ഓരോ വാക്കുകളിലും പാപ്പ കരുതിവച്ചത്.

സംഘര്‍ഷങ്ങള്‍ പരിഹാരങ്ങളല്ല, അസ്വസ്ഥതകളാണെന്നു പാപ്പ ശ്രീലങ്ക സന്ദര്‍ശനത്തില്‍ ഓര്‍മിപ്പിച്ചു. സംഘര്‍ഷങ്ങളുടെ മുറിവുകള്‍ ഉണങ്ങണം. സമാധാനവും അനുരഞ്ജനവും പുലരണം. പാപ്പ പറഞ്ഞു.

ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നു ഭരണാധികാരികളെ ഓര്‍മിപ്പിക്കാനും പാപ്പ മറന്നില്ല.

പാപ്പയുടെ വരവ് പ്രമാണിച്ചു രാജ്യത്തെ അറുന്നൂറോളം തടവുകാര്‍ക്കു സര്‍ക്കാര്‍ മാപ്പു നല്‍കി. ഏതാനും പേരുടെ ശിക്ഷാകാലാവധി വെട്ടിക്കുറച്ചു. ചെറിയ കുറ്റങ്ങള്‍ക്ക് അറസ്റ്റു ചെയ്തു തടവനുഭവിച്ചിരുന്ന 572 പേരെയാണു പാപ്പയുടെ സന്ദര്‍ശനദിവസം വിട്ടയച്ചത്. ശ്രീലങ്കയുടെ സ്വാതന്ത്ര്യദിനമായ ഫെബ്രുവരി നാലിനു തെരഞ്ഞെടുക്കപ്പെടുന്ന തടവുപുള്ളികള്‍ക്കു ശിക്ഷാ ഇളവു നല്‍കുന്ന രീതിക്കു പുറമേയാണു ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനാവസരത്തില്‍ നല്‍കിയ പ്രത്യേക ഇളവ്.

ശ്രീലങ്കയില്‍ വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കും യാതനകള്‍ക്കും ശേഷം അനുരഞ്ജനത്തിനും മുറിവുകള്‍ ഭേദമാക്കുന്നതിനും വേണ്ടി കഠിനപരിശ്രമം നടക്കുന്ന വേളയിലായിരുന്നു തന്‍റെ സന്ദര്‍ശനമെന്നു പാപ്പ പിന്നീടു പ്രതികരിച്ചു. ശ്രീലങ്ക സന്ദര്‍ശനം സവിശേഷമായ ദൈവാനുഗ്രഹമായിരുന്നുവെന്നും പാപ്പ തന്നെ സന്ദര്‍ശിക്കാനെത്തിയ ശ്രീലങ്കന്‍ സഭയുടെ പ്രതിനിധികളോടു പങ്കുവച്ചു.

ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം ലങ്കന്‍ ജനതയിലുണ്ടാക്കിയ സന്തോഷവും ആനന്ദവും ചെറുതല്ല. ആത്മീയമായ ഉണര്‍വിനൊപ്പം, സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും സുവിശേഷം പങ്കുവയ്ക്കപ്പെട്ട ചരിത്രസന്ദര്‍ശനമായിരുന്നു അത്. പാപ്പ കടന്നുപോയ വഴികളില്‍ നാലു വര്‍ഷങ്ങള്‍ക്കുശേഷം ചാവേറുകള്‍ ചോരപ്പാടുകള്‍ ചാര്‍ത്തുമ്പോള്‍, അതു നല്‍കുന്ന ആശങ്കയുടെ നെഞ്ചിടിപ്പ് ശ്രീലങ്കയുടേതു മാത്രമല്ല ലോകത്തിന്‍റെ മുഴുവന്‍റേതുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org