Latest News
|^| Home -> Cover story -> പരിശുദ്ധ കന്യകാമറിയം ഇസ്ലാമിക ദൃഷ്ടിയില്‍

പരിശുദ്ധ കന്യകാമറിയം ഇസ്ലാമിക ദൃഷ്ടിയില്‍

Sathyadeepam

എഫ്. ആന്‍റണി പുത്തൂര്‍, ചാത്യാത്ത്

പരിശുദ്ധ കന്യകാമറിയത്തിന് അതുല്യവും മഹോന്നതവും ആയ സ്ഥാനമാണ് ഇസ്ലാം മതവും വിശുദ്ധ ഖുര്‍ആനും നല്‍കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ 36 പ്രാവശ്യം പല ഭാഗങ്ങളിലായി ‘മര്‍യം’ എന്ന നാമം രേഖപ്പെടുത്തിയിരിക്കുന്നു; മര്‍യമിനെ (മറിയത്തെ) വിശുദ്ധ ഖുര്‍ആന്‍ ബഹുമാനിക്കുന്നതോ ‘ഈസാ മസീഹന്‍റെ (ഈശോമിശിഹായുടെ) മാതാവ്’ എന്ന സമുന്നത സ്ഥാനം നല്‍കിയും.

മര്‍യം (മേരി) എന്ന സംജ്ഞയ്ക്ക് ലോകത്തിലെ വിവിധ ഭാഷകളിലായി 534 വകഭേദങ്ങളും അര്‍ത്ഥങ്ങളും ഉള്ളതായി കരുതി വരുന്നു. ഈ വാക്കിന് നിരവധി അര്‍ത്ഥം നല്‍കുന്നു എങ്കിലും പൊതുവെ അംഗീകരിക്കുന്നത് ‘ദൈവത്തിങ്കലേയ്ക്ക് ഉയര്‍ന്നവള്‍’, ‘ദൈവത്തിന്‍റെ പ്രിയപ്പെട്ടവള്‍’ എന്നീ അര്‍ത്ഥങ്ങളാണ്.

വിശുദ്ധ ഖുര്‍ ആന്‍ 19-ാം അദ്ധ്യായം ‘മര്‍യം’ എന്ന തലക്കെട്ടോടു കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. 98 സൂക്തങ്ങളുള്ള ഈ ഭാഗത്ത് 16 മുതല്‍ 21 വരെയുള്ള സൂക്തങ്ങള്‍ ‘മംഗലവാര്‍ത്ത’ യെയാണ് പ്രമേയമാക്കിയിരിക്കുന്നത്. യേശുവിന് മനുഷ്യപിതാവ് ഇല്ല എന്നതിനാല്‍ ഖുര്‍ ആന്‍ ഈസായെ (യേശുവിനെ) മര്‍യമിന്‍റെ പുത്രന്‍ ഈസാ എന്നാണ് സംബോധന ചെയ്യുന്നത്.

1962 ഒക്ടോബര്‍ 11 മുതല്‍ 1965 ഡിസംബര്‍ 8 വരെ നടന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ പറയുന്നു: മുസ്ലീങ്ങള്‍ പരിശുദ്ധ കന്യകാമറിയത്തെ ആദരിക്കുകയും വണങ്ങുകയും സഹായം അപേക്ഷിക്കുകയും ചെയ്യാറുണ്ട് (Nostra Aetate 3-അക്രൈസ്തവ മതങ്ങള്‍.) മുസ്ലീം മിസ്റ്റിക്കുകളായ സൂഫികള്‍ മര്‍യമിന് ദൈവത്തോടുള്ള സമ്പൂര്‍ണ്ണ വിധേയത്വത്തെ തങ്ങളുടെ ജീവിതമാതൃകയാക്കി സ്വീകരിച്ച് അവളെ വണങ്ങുന്നു. അങ്ങനെ യാതൊരു വ്യവസ്ഥയുമില്ലാതെ സ്വയം സമര്‍പ്പിക്കുന്നതിന്‍റെ മഹനീയ മാതൃകയായ മറിയം ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെ പ്രചോദനവും മാതൃകയും സ്വീകാര്യയും ആണ്.

‘മറിയം അമലോത്ഭവ’യാണെന്ന് സഭാപിതാക്കന്മാരായ വി. അപ്രേമും (St Ephraem 306-373 A.D), വി. അഗസ്തീനോ സും (430 A.D) പഠിപ്പിച്ചത്, മറിയം അവളുടെ ജനനത്തിനു മുമ്പ് തന്നെ ഉത്ഭവപാപത്തിന്‍റെ എല്ലാ കറകളില്‍നിന്നും മോചിപ്പിക്കപ്പെട്ട് പാപരഹിതയായി ജനിക്കുവാന്‍ ദൈവം അനുവദിച്ചു എന്ന സഭാപഠനത്തിലൂന്നിയാണ്. മറിയത്തെ സഭയിലെ അംഗവും പ്രതീകവുമായി കണ്ട വിശുദ്ധ അഗസ്തീനോസ് 394-ല്‍ മറിയം ജന്മപാപരഹിതവും കന്യകയും മാതാവുമാണെന്ന് പഠിപ്പിച്ചതായും തുടര്‍ന്ന് 420-ല്‍ അദ്ദേഹത്തിന്‍റെ ശ്രമഫലമായി പെലാജിയൂസിന്‍റെ അനുയായികള്‍ മറിയത്തിന്‍റെ അമലോത്ഭവം അംഗീകരിച്ചു തുടങ്ങിയതായും സഭാചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എ.ഡി 354- നും 440-നും ഇടയില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന ഒരു ആംഗ്ലിക്കന്‍ സന്യാസിയാണ് പെലാജിയൂസ്. മനുഷ്യജന്മത്തില്‍ ജന്മപാപമൊന്നില്ലെന്നും മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളിലെ ശരിതെറ്റുകളാണ് അവനെ സ്വര്‍ഗ്ഗത്തിനും നരകത്തിനും അവകാശിയാക്കുന്നത് എന്നും ദൈവവരപ്രസാദത്തിന് ഇവിടെ സ്ഥാനമില്ലെന്നും പഠിപ്പിക്കുന്ന പാഷണ്ഡതയാണ് പെലാജിയനിസം. തുടര്‍ന്ന് നൂറ്റാണ്ടുകളിലൂടെയുള്ള പഠനങ്ങള്‍ക്കും വിചിന്തനങ്ങള്‍ക്കും ശേഷമാണ് മറിയത്തിന്‍റെ അമലോത്ഭവത്തെക്കുറിച്ച് പഠിപ്പിച്ചുകൊണ്ട് 1849-ല്‍ “Ubi Primum” എന്ന രേഖ 9-ാം പീയൂസ് മാര്‍പാപ്പ പ്രസിദ്ധീകരിക്കുന്നത്. 1854 ഡിസംബര്‍ 8-ന് തന്‍റെ Ineffabilis Deus (അവാച്യനായ അഥവാ അവര്‍ണ്ണനീയനായ ദൈവം) എന്ന പ്രബോധനം വഴി 9-ാം പീയൂസ് മാര്‍പ്പാപ്പ മറിയം ‘അമലോത്ഭവ’യാണെന്ന വിശ്വാസസത്യം പ്രഖ്യാപിച്ചു. എന്നാല്‍ വിശുദ്ധ ബൈബിളും വിശുദ്ധ ഖുര്‍ ആനും മറിയത്തിന്‍റെ അമലോത്ഭവഭാവത്തെ കാലങ്ങള്‍ക്കു മുമ്പേ അടിവരയിട്ടു പറഞ്ഞിരിക്കുന്നു.

മറിയത്തിന്‍റെ ദൈവമാതൃത്വവും നിത്യകന്യകാത്വവും ക്രൈസ്തവ സഭ ആദ്യമായി പഠിപ്പിച്ചതും അംഗീകരിച്ചതും 553-ലെ രണ്ടാം കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസിലാണ്. കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ വച്ച് 680-681-ല്‍ നടന്ന മൂന്നാം സാര്‍വ്വത്രിക സൂനഹദോസും മറിയത്തിന്‍റെ ദൈവമാതൃത്വം പഠിപ്പിച്ചു. കന്യകയായ മറിയത്തില്‍ നിന്ന് യേശു ജനിച്ചു എന്ന പരമസത്യത്തിന് അടിസ്ഥാനമായി ഏശയ്യ പ്രവാചകന്‍റെ എമ്മാനുവേല്‍ പ്രവചനമാണ് (ഏശയ്യ 7:14) സഭാപിതാക്കന്മാര്‍ സ്വീകരിക്കുന്നത്. ബി.സി. എട്ടാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ (ബി.സി. 740-700) പ്രവാചകദൗത്യം നിറവേറ്റിയ മഹത്വ്യക്തിയാണ് ഏശയ്യ. യൂദായുടെയും ജറുസലെമിന്‍റെയും ധാര്‍മ്മികാധഃപതനത്തെ അപലപിക്കുന്ന പ്രവാചകന്‍ ഇമ്മാനുവേല്‍ പ്രവചനങ്ങളിലൂടെ പ്രത്യാശ പകരുകയാണ് ചെയ്യുക.

മുസ്ലീം പാരമ്പര്യ പ്രകാരം മര്‍യമും അവളുടെ ഏകസുതനായ ഈസായും മാത്രമേ ജനന സമയത്ത് പിശാചിന്‍റെ സ്പര്‍ശനം ഏല്‍ക്കാതിരുന്നിട്ടുള്ളൂ. അതുകൊണ്ട് തന്നെ അവര്‍ ഇരുവരും ജനനസമയത്ത് കരഞ്ഞില്ല. അങ്ങനെ ഉത്ഭവത്താല്‍ത്തന്നെ മര്‍യമും ഈസായും പാപരഹിതരായിരുന്നെന്ന് വിശുദ്ധ ഖുര്‍ ആന്‍ സമര്‍ത്ഥിച്ചിരിക്കുന്നു.

Leave a Comment

*
*