Latest News
|^| Home -> Cover story -> കന്യാസ്ത്രീസമരം – ഏറ്റുവാങ്ങാന്‍ ആളില്ലാത്ത ചോദ്യങ്ങള്‍

കന്യാസ്ത്രീസമരം – ഏറ്റുവാങ്ങാന്‍ ആളില്ലാത്ത ചോദ്യങ്ങള്‍

Sathyadeepam

ഫാ. ഡോ അഗസ്റ്റിന്‍ പാംപ്ലാനി CST

ചോദ്യങ്ങള്‍ക്ക് ഉപരിപ്ലവമായ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിലല്ല, ചോദിക്കുന്ന ചോദ്യങ്ങളിലെ അസംബന്ധങ്ങള്‍ തിരിച്ചറിയുമ്പോഴാണ് പ്രശ്നങ്ങള്‍ക്ക് ശരിയായ പരിഹാരങ്ങള്‍ ഉണ്ടാകുന്നത് എന്ന് പ്രസ്താവിച്ചത് തത്ത്വചിന്തകനായ ലുഡ്വിഗ് വിറ്റ്ഗന്‍സ്റ്റൈന്‍ ആണ്. കന്യാസ്ത്രീസമരവുമായി ബന്ധപ്പെട്ട വിഷയങ്ങളെ മൗലികമായി വിശകലനം ചെയ്താല്‍ മനസ്സിലാക്കാന്‍ സാധിക്കും, പ്രശ്നങ്ങളില്‍ ശരിയായ ചോദ്യങ്ങള്‍ ചോദിക്കാന്‍ കേരളത്തിലെ സാംസ്കാരിക-മാധ്യമ സംസ്കൃതി ഇനിയും പഠിച്ചിട്ടില്ല എന്ന്. ദൃശ്യമാധ്യമങ്ങള്‍ മൂന്നുമാസത്തോളമായി നിരവധി വിദഗ്ദ്ധന്മാരെ പങ്കെടുപ്പിച്ച് നടത്തുന്ന വിശകലനങ്ങളില്‍ പകല്‍പോലെ സ്പഷ്ടമായിരിക്കുന്ന ജ്ഞാനമീമാംസാപരമായ ഒരു ഭീമാബദ്ധമാണ് വിശകലനസങ്കേതങ്ങളുടെ ദാരിദ്ര്യവും വികലതയും. കന്യാസ്ത്രീ സമരത്തിന്‍റെ ശക്തമായ സത്യങ്ങളെ അംഗീകരിച്ചുകൊണ്ട് അതിന്‍റെ കാണാപ്പുറങ്ങളിലെ ചുവരെഴുത്തുകള്‍ക്കും ആഖ്യാനം നല്‍കേണ്ടതുണ്ട്.

അവസരങ്ങളാകേണ്ട വെല്ലുവിളികള്‍
ആരോപണ പ്രത്യാരോപണങ്ങളുടെ നെല്ലും പതിരും എന്തുതന്നെയായാലും സഭയുടെ പുത്രിമാര്‍ തെരുവിലിരിക്കേണ്ടിവന്നതിന്‍റെ സാഹചര്യങ്ങള്‍ക്കുപിന്നില്‍ സുവിശേഷാത്മകമായ ഔന്നത്യം സംരക്ഷിക്കുന്നതില്‍ സഭയ്ക്ക് വീഴ്ചപറ്റി എന്ന് സമ്മതിക്കണം. ഭരണപരവും നൈയാമികവുമായ പരിമിതികളും ന്യായങ്ങളും എത്ര തന്നെയുണ്ടെങ്കിലും ഒരു ബഹുസ്വര സമൂഹത്തിന്‍റെ സ്വാഭാവിക നീതിസംവേദനങ്ങള്‍ ആവശ്യപ്പെടുന്ന ഔചിത്യങ്ങള്‍ ഇവിടെ സഭ യഥോചിതം പാലിച്ചില്ല. പോലീസും കോടതിയും തീരുമാനിക്കട്ടെ എന്ന നിലപാട് നൈയാമികമായി സുരക്ഷിതമാണെങ്കിലും ‘നിങ്ങളുടെ നീതി നിയമജ്ഞരുടേയും ഫരിസേയരുടേയും നീതിയെ അതിലംഘിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്ത് മേന്മ?’ എന്ന ക്രിസ്തുവിന്‍റെ മൗലീക ധാര്‍മ്മികത ആവശ്യപ്പെടുന്ന ഔന്നത്യത്തിനു മുന്‍പില്‍ നാം തീര്‍ത്തും അരക്ഷിതമായി മാറുന്നു.

സഭയില്‍ നിന്നും തട്ടിപ്പറിക്കപ്പെട്ടതൊക്കെ സഭ തിരിച്ചുപിടിക്കുകയും അതിഭദ്രമായി സംരക്ഷിക്കുകയും ചെയ്യണം എന്നതാണ് സഭയുടെ മുന്നിലെ വെല്ലുവിളി. സാമൂഹ്യനീതിയുടെ ചെങ്കോല്‍ കമ്മ്യൂണിസം ക്രിസ്തീയസഭയില്‍നിന്നും കൊണ്ടുപോയതാണെന്ന് മാര്‍പാപ്പ നിരീക്ഷിച്ചതുപോലെ, ലിംഗനീതിയുടെ മുറവിളികളെ സഭ ഉള്‍ക്കൊള്ളേണ്ടത് ആന്തരികമായ ആര്‍ജ്ജവത്വം കൊണ്ടു തന്നെയാണ്. വീഴ്ചകളെ അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നതാണ് സഭയുടെ മഹനീയ പാരമ്പര്യം.

ദീര്‍ഘകാലം സന്യാസിനികളായിരുന്ന നിലയില്‍ സഭയുടെ പരിശീലനക്കളരികളില്‍ സഭ പകര്‍ന്നു നല്‍കിയ നീതിബോധവും സത്യബോധവും ഒക്കെയാണ് ഇവരെ ആത്മാര്‍ത്ഥമായും സമരത്തിന് പ്രേരിപ്പിച്ചതെങ്കില്‍ സഭയുടെ ആര്‍ജ്ജവത്വം തന്നെയാണ് ഇവിടെയും തെളിയുന്നത്. സഭയെന്നത് മെത്രാന്മാരും അച്ചന്മാരും മാത്രം അല്ലല്ലോ. നീതിയുടെ കാറ്റ് അതിന് ഇഷ്ടമുള്ളിടത്തുകൂടിയും ഇഷ്ടമുള്ളവരിലൂടെയും വീശണം. തിന്മയുടെ തേരു തെളിച്ചു കൊണ്ടാണ് പലപ്പോഴും നന്മ കടന്നുവരുന്നത് എന്നത് ലോക ചരിത്രത്തിലും സഭാചരിത്രത്തിലും സ്പഷ്ടമായ ഒരു രീതിയാണ്. ശരിയായ സ്ത്രീശാക്തീകരണം തുടങ്ങി സഭാസംവിധാനങ്ങളുടെ നവീകരണത്തിനള്ള ഒട്ടേറെ സാദ്ധ്യതകളുടെ വാതായനങ്ങള്‍ ഇതിലൂടെ തുറക്കപ്പെടുന്നു.

വീഴ്ചകളും ഉതപ്പുകളും ക്രിസ്തീയദര്‍ശനത്തിന്‍റെ നഷ്ടങ്ങളല്ല, അവസരങ്ങളാണ്. ക്രിസ്തു സഭയെ ശിക്ഷിക്കുന്നു എന്നല്ല, സ്നേഹിക്കുന്നു എന്നാണ് ഓരോ ഇടര്‍ച്ചയുടെയും സാംഗത്യം. ദൈവപുത്രനെ ഭൂമിക്ക് നല്‍കിയ ഭാഗ്യപ്പെട്ട പാപം എന്ന് ആദിപാപത്തെ വി. അഗസ്റ്റിന്‍ തിരിച്ചറിഞ്ഞുവെങ്കില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന സര്‍വ്വശക്തമായ ഒരു പാപത്തെ, അത് ശരിയാണെങ്കിലും അല്ലെങ്കിലും, ഭാഗ്യപ്പെട്ട പാപമായി തലമുറകള്‍ താലോലിക്കും വിധം ഘടനാപരവും ആത്മീയവുമായ നവീകരണങ്ങള്‍ക്ക് സഭ വിധേയമാകേണ്ടിയിരിക്കുന്നു.

സഭയുടെ ഭരണസംവിധാനവും നിയമാവലികളും ഒക്കെ വിഭാവനം ചെയ്യുന്ന മെത്രാന്‍ എന്ന അധികാര സങ്കല്പം നീതീകരിക്കപ്പെടണമെങ്കില്‍ ഏതാണ്ട് അമാനുഷികമായ വ്യക്തിത്വമഹിമ പ്രസ്തുത അധികാര കേന്ദ്രം കാണിക്കേണ്ടതുണ്ട്. ആത്മീയ പിതൃത്വവും ഭരണ കര്‍തൃത്വവും സാമൂഹിക നേതൃത്വവും നീതിന്യായ സാരഥ്യവും എല്ലാം ഒറ്റ ബിന്ദുവിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോള്‍ തെറ്റുപറ്റാതിരിക്കണമെങ്കില്‍ ഓരോ മെത്രാനും ശരിക്കും ഒരു മിസ്റ്റിക്കും പ്രവാചകനും ആയിരിക്കണം. പൗരസ്ത്യ പാരമ്പര്യങ്ങളിലെ സമുന്നതമായ ഗുരുസങ്കല്പത്തോട് ഭംഗ്യന്തരേണ ഇത് അടുത്തു വരുന്നു. വിളക്കുതന്നെ വെളിച്ചമന്വേഷിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ ഈ അധികാര ദര്‍ശനം തികഞ്ഞ ഏകാധിപത്യമായി മാത്രമേ സ്വഭാവികമായും കാണപ്പെടുകയുള്ളു. സിദ്ധാന്തത്തിന്‍റെ വിശുദ്ധി പ്രയോഗത്തില്‍ സ്ഥിരീകരിക്കപ്പെട്ടില്ലെങ്കില്‍ വിമര്‍ശകരോട് ‘സഭയെന്താണെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ’ എന്ന പതിവ് പല്ലവി ആവര്‍ത്തിച്ചിട്ട് കാര്യമില്ല. സിദ്ധാന്തം കേട്ടിട്ടല്ല, പ്രയോഗം കണ്ടിട്ടാണ് നീതിബോധമുള്ളവര്‍ തന്നെ നേതൃത്വത്തെ വിമര്‍ശിക്കുന്നത്.

ദ്വൈതങ്ങള്‍ സമൂഹത്തെ വിഭജിക്കുമ്പോള്‍
ഗാന്ധിജിയുടെ ദണ്ഡിയാത്രപോലെയോ ഡല്‍ഹിയിലെ നിര്‍ഭയ സമരം പോലെയോ കേരളത്തില്‍ ആളിക്കത്തേണ്ടിയിരുന്ന നിര്‍മ്മലമായ ഒരു സമരം ഒറ്റപ്പെട്ട ശക്തന്മാരുടെ ശക്തിപ്രകടനമായി ന്യൂനീകരിക്കപ്പെട്ടത് സൈദ്ധാന്തികവും നൈതികവുമായി ഈ സമരത്തിന് സംഭവിച്ച അപചയം കൊണ്ടാണ്. ഈ അട്ടിമറിക്കു വിധേയമായിരുന്നില്ലെങ്കില്‍ കേരളത്തിലെ മുപ്പതിനായിരത്തിലധികം കന്യാസ്ത്രീകളും ലക്ഷോപലക്ഷം സ്ത്രീജനങ്ങളും ശരിയായ സമരപ്പന്തലില്‍ അണിനിരന്നേനെ.

നീതിക്കുവേണ്ടിയുള്ള കന്യാസ്ത്രീകളുടെ തന്നെ സംശുദ്ധമായ ചില ഇടപെടലുകളെ ‘യുദ്ധത്തില്‍ ധര്‍മ്മമില്ല’ എന്നു വിശ്വസിക്കുന്ന ചിലര്‍ അധര്‍മ്മത്തെ ധര്‍മ്മത്തില്‍ പൊതിഞ്ഞ് കേരളത്തിന്‍റെ സംഘാതമായ നീതിബോധത്തെ വെല്ലുവിളിക്കുന്ന സാഹചര്യമുണ്ടായി. സത്യവും അസത്യവും അര്‍ദ്ധസത്യവും നമ്മില്‍ നമുക്കുള്ള സഹജമായ വേര്‍തിരിവുകളെ നീതിസമരത്തിന്‍റെ യുക്തിയിലും ഘടനയിലും വികസിപ്പിച്ചെടുത്ത ഒരു സൈദ്ധാന്തിക കണ്‍കെട്ടുവിദ്യയാല്‍ ഹൈജാക്ക് ചെയ്യാനുള്ള ഒരു പരിശ്രമം സമൂഹത്തിന്‍റെ ജൈവികമായ ധര്‍മ്മബോധത്താല്‍ തന്നെ പരാജയപ്പെടുകയായിരുന്നു എന്ന് വേണം പറയുവാന്‍. സി.എം.സി. സഭയിലെ കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങാത്തത് മദര്‍ ജനറലിന്‍റെ സര്‍ക്കുലര്‍ വിലക്കിയതുകൊണ്ടാണ് എന്ന് വാദത്തിനുവേണ്ടി അംഗീകരിച്ചാലും കേരളത്തിലെ അകത്തോലിക്കരും അക്രൈസ്തവരുമായ സ്ത്രീജനങ്ങള്‍ സമരത്തിന് നേരിട്ടിറങ്ങാതിരുന്നത് അവരുടെ നീതിബോധത്തിന്‍റെ കുറവുകൊണ്ടോ ധൈര്യക്കുറവുകൊണ്ടോ അല്ല. ഒന്നും കൂടി ഉദാത്തമായ നീതിബോധം അവര്‍ക്കുള്ളതുകൊണ്ടായിരുന്നു. നീതിസമരങ്ങളുടെ സഹജമായ ആജ്ഞാശക്തിയും കാന്തികശക്തിയും ഈ സമരം കൈമോശം വരുത്തുകയായിരുന്നു.

സുമനസ്സുകളായ ചില സാംസ്കാരികനായകരുടെ അനുഭാവങ്ങളെ ഉപയോഗിച്ചും മാധ്യമങ്ങളുടെ ബലപ്രയോഗത്തിലൂടെയും നടന്ന ഈ ധ്രുവീകരണത്തില്‍ കേരളജനത വിഭജിക്കപ്പെട്ടില്ല എന്നു തന്നെ വേണം പറയാന്‍. ഏകപക്ഷീയവും ഉപരിപ്ലവവുമായി നിശ്ചയിക്കപ്പെടുന്ന ന്യായാന്യായങ്ങളെക്കാള്‍ സമഗ്രവും വ്യവസ്ഥാപിതവുമായ ന്യായമാര്‍ഗ്ഗങ്ങളോടാണ് ജാതിമത ഭേദമെന്യേ കേരളജനതയുടെ മുന്‍ഗണന എന്നു മനസ്സിലാകുന്നു. പ്രളയത്തില്‍ തെളിയിക്കപ്പെട്ട കേരളത്തിന്‍റെ സാമൂഹികമനസ്സിന്‍റെ ധാര്‍മ്മികബോധം ഇവിടെയും സ്ഥിരീകരിക്കപ്പെട്ടു.

‘രാക്ഷസനോടേറ്റുമുട്ടുമ്പോള്‍ നിങ്ങള്‍ അറിയാതെ രാക്ഷസരായി മാറാം’ എന്ന് പറഞ്ഞത് അസ്തിത്വചിന്തകനായ നീഷെയാണ്. ഗോലിയാത്തും ദാവീദും തമ്മിലുള്ള യുദ്ധം എന്ന ആശയപരമായ പ്രതിച്ഛായ നേടിയ സമരത്തില്‍ ഒന്നിലധികം സാങ്കല്പിക രാക്ഷസന്മാര്‍ സൃഷ്ടിക്കപ്പട്ടു. പോലീസ്, കത്തോലിക്കാസഭ, ഇടതുപക്ഷ ഗവണ്‍മെന്‍റ്, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി സാങ്കല്പിക രാക്ഷസന്മാരുടെ പട്ടിക നീളുന്നു. നീതി എന്ന സംജ്ഞ തന്നെ ഒട്ടൊക്കെ അനീതിപരമായി ദുരുപയോഗം ചെയ്യപ്പെട്ട നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായി.

പീഢനത്തിനെതിരായ കന്യാസ്ത്രീസമരത്തില്‍ ഒരു പക്ഷെ ഏറ്റവുമധികം മാനസികമായി പീഡിപ്പിക്കപ്പെട്ടത് ഇവിടുത്തെ വിശാല കന്യാസ്ത്രീ സമൂഹം തന്നെയായിരുന്നിരിക്കണം. ഹോമിക്കപ്പെട്ടവര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, ബലിയാടുകള്‍, മിണ്ടാപ്രാണികള്‍ തുടങ്ങി ഹിംസാത്മകമായ ഏതെല്ലാം പ്രയോഗങ്ങളാണ് അവരുടെ ആത്മാഭിമാനത്തെ പീഡിപ്പിച്ചുകൊണ്ടിരുന്നത്. ഇത്തരം പ്രതിച്ഛായകള്‍ക്കെതിരെ അതിശക്തമായ പ്രതികരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അവര്‍ നടത്തുകയും ചെയ്തു. കന്യാസ്ത്രീകളുടെ വിമോചകര്‍ എന്ന മട്ടില്‍, പല വ്യക്തികള്‍ക്കും സ്വന്തം അപഭ്രംശങ്ങളെ ആദര്‍ശവര്‍ക്കരിക്കാനും സാമാന്യവല്‍ക്കരിക്കാനും മാധ്യമങ്ങളില്‍ ഇടം ലഭിച്ചപ്പോഴും മുഖ്യധാരാ കന്യാസ്ത്രീസമൂഹത്തിന്‍റെ വികാരങ്ങള്‍ പരിശോധിക്കപ്പെടുകയോ പരിഗണിക്കപ്പെടുകയോ ചെയ്തില്ല. കന്യാസ്ത്രിവിമോചകര്‍ ചിന്തിക്കുംവിധം അത്ര ദുര്‍ബലകളല്ല സഭയിലെ കന്യാസ്ത്രീകള്‍. കൗമാരത്തില്‍ത്തന്നെ ഒഴുക്കിനെതിരെ നീന്താനും കുരിശിന്‍റെ ഭോഷത്തത്തെ ആശ്ലേഷിക്കാനും ആര്‍ജ്ജവത്വം കാണിച്ചവരാണവര്‍. അപവാദങ്ങളുണ്ടെങ്കിലും ഈശ്വരചിന്തയുടേയും ഉത്തമബോധ്യങ്ങളുടെയും ആദര്‍ശങ്ങളില്‍ സ്ഫുടം ചെയ്ത ഉരുക്കുവനിതകള്‍ എന്നവരെ വിശേഷിപ്പിച്ചാലും അതിശയോക്തിയില്ല. തങ്ങളുടെ വിമോചനത്തിന്‍റെ വക്താക്കളാകാന്‍ ഞങ്ങള്‍ നിങ്ങളെയാരേയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് അവര്‍ പറയാതെ പറയുകയായിരുന്നു.

സഭയും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും വനിതാ പ്രസ്ഥാനങ്ങളും തമസ്കരിച്ച ഒരു സംഭവത്തെ മാധ്യമങ്ങള്‍ വിജയിപ്പിച്ചു എന്നതാണ് അവകാശവാദം. എന്തുകൊണ്ട് മുഖ്യധാരാ സമൂഹം ഈ സമരത്തിനോട് മൗനം അവലംബിച്ചു എന്നത് മാധ്യമങ്ങള്‍ തന്നെ വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടതാണ്. പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീക്കുവേണ്ടി കുറേ സഹോദരിമാര്‍ തെരുവില്‍ സമരം ചെയ്യുന്നു എന്ന വിശുദ്ധവും സംശയരഹിതവുമായ വികാരം മാത്രമായിരുന്നു ഈ സമരത്തിനുണ്ടായിരുന്നതെങ്കില്‍ അതിനോട് പുറം തിരിഞ്ഞുനില്‍ക്കാന്‍ മാത്രം തീരെ അപക്വമാണ് കേരളത്തിലെ സ്ത്രീസമൂഹത്തിന്‍റെ ധര്‍മ്മബോധം എന്ന് ചിന്തിക്കുകവയ്യ. സമൂഹത്തിന്‍റെ മൗനത്തിനുപിന്നില്‍ സത്യാന്വേഷണമുണ്ടായിരുന്നു. ഏകപക്ഷീയമായ നീതിസങ്കല്പങ്ങള്‍ക്കെതിരെയുള്ള സമൂഹത്തിന്‍റെ അപ്രഖ്യാപിതയുദ്ധമായിരുന്നു അവരുടെ മൗനം. അടര്‍ക്കളത്തില്‍ നെഞ്ചുവിരിച്ച് തനിയെ നില്‍ക്കേണ്ട സത്യത്തെ അസത്യവുമായി കൂട്ടിക്കുഴച്ചാല്‍ ആ അര്‍ദ്ധസത്യത്തിന് ഓശാന പാടുവാന്‍ കേരളത്തിന്‍റെ സ്ത്രീത്വത്തെ കിട്ടുകയില്ല എന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ഈ മൗനം. ഹിംസയില്‍ നിന്നും തീവ്രവാദത്തില്‍ നിന്നും ഉള്ള ധീരമായ തിരിഞ്ഞുനടപ്പായിരുന്നു ഈ ‘കുറ്റകരമായ മൗനം.’ രാജ്യത്തെ പോലീസ് സംവിധാനത്തോടും നീതിന്യായ വ്യവസ്ഥിതിയോടുമുള്ള വിശ്വാസത്തിന്‍റെ ഏറ്റുപറച്ചിലായിരുന്നു ഈ മൗനം.

മണ്ണെണ്ണ മണക്കുന്ന പ്രവാചകന്മാര്‍?
സഭാനേതൃത്വം ഔദ്യോഗികമായി അതിരുവിട്ടത് എന്ന് പറഞ്ഞ ഒരു സമരപ്പന്തലില്‍ സഭയിലെ വൈദികര്‍ പോയത് ശരിയാണോ എന്ന് ചോദിക്കുന്നവരുണ്ട്. വിശുദ്ധനായ ഒരു ബിഷപ്പ് ഈ ചോദ്യത്തിന് ദാര്‍ശനികമായ ഉത്തരം തരുന്നുണ്ട്. മനുഷ്യസ്നേഹത്തിന്‍റെയും കരുണയുടെയും ഉദാത്തബിംബമായി വിക്ടര്‍ യൂഗോ പാവങ്ങളില്‍ അവതരിപ്പിക്കുന്ന ബിഷപ്പ് മിറിയേല്‍. ഫ്രഞ്ച് വിപ്ലവത്തില്‍ ഒത്തിരി രക്തം ചിന്താന്‍ നേതൃത്വം നല്‍കിയ ദാര്‍ശനികനായ ഒരു വിപ്ലവകാരിയുമായി അദ്ദേഹത്തിന്‍റെ മടയില്‍ച്ചെന്ന് ബി. മിറിയേല്‍ ആശയസമരം നടത്തുന്നുണ്ട്. അപ്പോള്‍ വിശ്വാസികള്‍ പറഞ്ഞു: “നിരീശ്വരനും കൊലയാളിയുമായ അയാളുടെ അടുത്ത് ബിഷപ്പ് പോകാന്‍ പാടില്ലായിരുന്നു.” മിറിയേലിന്‍റെ മറുപടി വാക്കിലും പ്രവൃത്തിയിലും കൂടിയാണ്. “സത്യത്തില്‍ എന്തിനാണ് താങ്കള്‍ ഇവിടെ വന്നത്?” വിപ്ലവകാരി ചോദിച്ചു. “അങ്ങയുടെ ആശീര്‍വാദം മേടിക്കാന്‍!” ഇത് പറഞ്ഞ് ബിഷപ്പ് മിറിയേല്‍ അദ്ദേഹത്തിന്‍റെ മുന്നില്‍ മുട്ടുകുത്തി.

സമരത്തിന്‍റെ എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കും രീതിശാസ്ത്രങ്ങള്‍ക്കും ഉള്ള സമ്പൂര്‍ണ്ണമായ അംഗീകാരമാവണമെന്നില്ല എല്ലാ അനുഭാവപ്രകടനങ്ങളും. സാമൂഹികവും ഘടനാപരവുമായ അനൗചിത്യങ്ങള്‍ അംഗീകരിക്കുമ്പോഴും, ചുങ്കക്കാരനോടും വേശ്യയോടുംകൂടി വിരുന്നിനിരിക്കുന്ന ഈശോയുടെ സമൂലമാനവികതയില്‍ ഈ നടപടിക്ക് വിശകലനങ്ങള്‍ ആവശ്യമില്ലാത്ത കാരണങ്ങള്‍ ഉണ്ട്. ഉന്നതമായ ആത്മീയതയുടെ പ്രവാചകനിര്‍ബന്ധങ്ങളാണ് ഇത്തരം ചുവടുവയ്പുകളെങ്കില്‍ സഭയ്ക്ക് അത് നല്ലതാണ്. ഏതൊരു പ്രസ്ഥാനത്തിന്‍റേയും നവീകരണത്തിന് രചനാത്മകമായ ആത്മസംഘര്‍ഷങ്ങള്‍ ആവശ്യമാണ്. സൃഷ്ടിപരമായ സംവാദങ്ങള്‍ക്ക് സഭയില്‍ വേണ്ടത്ര ഇടംകിട്ടാത്തതിന്‍റെ വീര്‍പ്പുമുട്ടലുകള്‍ ഏറ്റുമുട്ടലുകളായി മാറിയതാണ് ഇന്ന് മാധ്യമങ്ങളുടെ ആശീര്‍വാദത്തോടെ പ്രബലമാകുന്ന വിമത പ്രസ്ഥാനങ്ങള്‍. ക്രിസ്തുവിന്‍റെ ഒറ്റുകാര്‍ ക്രിസ്തുശിഷ്യര്‍ തന്നെ എന്ന് ഒഴുക്കന്‍ ന്യായങ്ങള്‍കൊണ്ട് എഴുതിതള്ളാവുന്നതല്ല വിമര്‍ശനങ്ങളും വിമതശബ്ദങ്ങളും.

ആത്മീയവിപ്ലവത്തിന്‍റെ അപക്വവും പക്വവുമായ രണ്ട് മാതൃകകളെ കസാന്‍ദ്സാക്കിസ് അവതരിപ്പിക്കുന്നുണ്ട്. ‘സോര്‍ബ’യിലെ സഹറിയാ അച്ചന്‍ ആശ്രമത്തിലെ അനീതികണ്ട് പൊട്ടിത്തെറിച്ചു. നേര്‍ച്ചകിട്ടിയ കാശുകൊണ്ട് മണ്ണെണ്ണ മേടിച്ച് മിഖായേല്‍ മാലാഖയുടെ വാളു ചുംബിച്ച് ദേവാലയത്തിലെ കെടാവിളക്കില്‍ നിന്നും തിരികൊളുത്തി ആശ്രമം മുഴുവനും തീയിട്ടു. ഒടുവില്‍ കടല്‍ത്തീരത്ത് മരിച്ചുകിടന്ന സഹറിയായച്ചനെപ്പറ്റി സോര്‍ബ പറഞ്ഞു: “ഇയാളുടെ ദേഹം നിറയെ മണ്ണെണ്ണയാണ്. മണ്ണെണ്ണയെടുത്തവന്‍ മണ്ണെണ്ണയാല്‍ തന്നെ മരിക്കട്ടെ.” ഒരായുസ്സിന്‍റെ മുഴുവന്‍ ആത്മീയ സാധനകൊണ്ട് കസാന്‍ദ്സാക്കീസ് വളര്‍ത്തിയെടുക്കുന്ന വിപ്ലവമാതൃകയാണ് സെന്‍റ് ഫ്രാന്‍സിസ്. ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്ന മാര്‍പാപ്പയുടെ മുഖത്തുനോക്കി അദ്ദേഹം കലഹിക്കുകയാണ്. “ഏതോ ഉള്‍വിളി എന്നോട് പറയുന്നു; ഇറങ്ങിപ്പോകരുത്… ക്രിസ്തുവിന്‍റെ വികാരിയോട് തന്നെ പറയണം. ചോ ദ്യം ചെയ്യണം.” ഉള്‍വിളിയും ഉള്‍ക്കാഴ്ചയുമില്ലാതെ പ്രവാചകര്‍ മണ്ണെണ്ണ മണക്കുന്നവര്‍ ആകരുത്. “ഉണ്മയുണ്ടാക്കുവാന്‍ വേണ്ടി ഉണ്മയെത്തന്നെ ഇല്ലായ്മ ചെയ്യുന്നവനാണ് മനുഷ്യന്‍” എന്ന അസ്തിത്വചിന്തകനായ സാര്‍ത്രിന്‍റെ നിരീക്ഷണം വ്യവസ്ഥിതികള്‍ക്കെതിരായ എല്ലാ കലഹങ്ങളിലും തന്നെ സംഭവിക്കുന്നു എന്നത് ഒരു വിചിത്ര നീതിയാണ്.

കന്യാസ്ത്രീസമരത്തിലേക്ക് നയിച്ച വിശാലഘടകങ്ങളെയും അതുതുറന്നുതരുന്ന ഭാവിസാദ്ധ്യതകളെയും ചേര്‍ത്തുവച്ച് അതിന്‍റെ ശിഷ്ടതയും ദുഷ്ടതയും എത്ര സൂക്ഷ്മമായി അപഗ്രഥിക്കുന്നുവോ അത്രയും സ്പഷ്ടമാകുന്ന കാര്യമാണ്, സത്യവും അസത്യവും തമ്മിലുള്ള കനത്ത വേര്‍തിരിവുകളുടെ രേഖകള്‍ ഏറ്റവും നേര്‍ത്തതായിത്തീര്‍ന്ന സമാനതകളില്ലാത്ത സമീപകാല സംഭവം തന്നെയായിരുന്നു ഇത് എന്നത്.

Leave a Comment

*
*