Latest News
|^| Home -> Cover story -> കന്യാസ്ത്രീകളുടെ ജീവിതം: വ്യത്യസ്തരാകാനുള്ള വിളി, ധീരരാകാനും

കന്യാസ്ത്രീകളുടെ ജീവിതം: വ്യത്യസ്തരാകാനുള്ള വിളി, ധീരരാകാനും

Sathyadeepam


സിസ്റ്റര്‍ ടെസ്സി ജേക്കബ് SsPS

1998-ല്‍ എസ്.എസ്.എല്‍. സി. കഴിഞ്ഞപ്പോള്‍ ഞാന്‍ മഠത്തില്‍ ചേരാന്‍ തീരുമാനിച്ചു. എന്‍റെ കസിന്‍ സഹോദരങ്ങള്‍ ഉണ്ടായിരുന്ന ഏതാനും സമൂഹങ്ങളെ കുറിച്ചല്ലാതെ മറ്റു സന്യാസിനീസമൂഹങ്ങളെ കുറിച്ചൊന്നും യാതൊരു അറിവും എനിക്ക് അക്കാലത്തുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഒരാള്‍ ഹോളി സ്പിരിറ്റ് സഭയുമായി എന്നെ ബന്ധപ്പെടുത്തുന്നത്. ഇന്ന് അതിലെ അംഗമാണു ഞാന്‍.

ഒരു സാഹസികയാത്ര പോലെയായിരുന്നു അത്. വിദൂരദേശങ്ങളിലേയ്ക്കു പോകുക, പാവങ്ങളില്‍ പാവങ്ങളെ സേവിക്കുക എന്നത് ഒരു സ്വപ്നമായിരുന്നതുകൊണ്ടാണ് ഒരു ‘ഫോറിന്‍ കോണ്‍ഗ്രിഗേഷനില്‍’ ചേരുക എന്നു ഞാന്‍ ചിന്തിച്ചത്. മിഷണറി സഭകളെ, അഥവാ അന്താരാഷ്ട്ര സഭകളെ പൊതുവെ ഫോറിന്‍ കോണ്‍ഗ്രിഗേഷന്‍ എന്നു പറയുമല്ലോ. സഭയിലേയ്ക്കു ഞാന്‍ ചേരുന്നത് പെരുമ്പാവൂരിനടുത്തുണ്ടായിരുന്ന ഒരു മഠത്തിലാണ്. അവിടെ വച്ച് തീക്ഷ്ണമതികളായ ഏഴു പെണ്‍കുട്ടികളെ കൂടി കണ്ടുമുട്ടി. ഞങ്ങള്‍ അതിവേഗം ഇണക്കത്തിലായി, അവിടെ ഉണ്ടായിരുന്ന സിസ്റ്റര്‍മാര്‍ ഭവനാന്തരീക്ഷം ഒരുക്കി. ഒരാഴ്ചയ്ക്കുള്ളില്‍ ബാംഗ്ലൂരിലേയ്ക്കു പോയി. അവിടെ പരിശീലനം ആരംഭിച്ചു.

ബാംഗ്ലൂര്‍ ഞങ്ങള്‍ക്ക് അപരിചിതമായ സ്ഥലമായിരുന്നു. നീണ്ട ഇടനാഴികളുള്ള ഒരു വലിയ കരിങ്കല്‍ കെട്ടിടം, നന്നായൊരുക്കിയ മുറികള്‍. എങ്ങും നിശബ്ദത നിറഞ്ഞു നിന്നു. ഇംഗ്ലീഷ് മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ എന്ന നിയമവും നിശബ്ദതയെ കനപ്പെടുത്തി. ഏതോ വിദേശരാജ്യത്തു വന്നുപെട്ടപോലെയാണു ഞങ്ങള്‍ക്കു തോന്നിയത്. ഇന്ത്യക്കാര്‍ ആരുമില്ലാത്ത ഒരു സ്ഥലം പോലെ. ആദ്യത്തെ ഭയപ്പാടു പെട്ടെന്നു മാറി. സിസ്റ്റര്‍മാര്‍ കുടുംബാംഗങ്ങളെ പോലെ പെരുമാറി. സ്കൂള്‍കുട്ടികളുടെ ആവേശം ഉപയോഗിച്ച് ഇംഗ്ലീഷിലുള്ള സംഭാഷണം ഞങ്ങള്‍ വേഗം വശത്തിലാക്കി.

ദിവസങ്ങള്‍ കടന്നു പോയി. വിവിധങ്ങളായ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. ആത്മീയത, പ്രാര്‍ത്ഥന, വ്യക്തിത്വവികസനം, മനശ്ശാസ്ത്ര ആത്മീയത, മനശ്ശാസ്ത്ര ലൈംഗികത, പാചകം, വ്യക്തിഗത പരിശീലനം, ഇന്‍റീരിയര്‍ ഡെക്കറേഷന്‍, നൃത്തം, സംഗീതം എന്നിങ്ങനെ അനേകം വിഷയങ്ങളിലുള്ള ക്ലാസുകള്‍. വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ള സിസ്റ്റര്‍മാര്‍ ഞങ്ങളുമായി സംവദിച്ചു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം പ്രഥമ വ്രതവാഗ്ദാനം നടത്തുന്നതു വരെ ഈ രീതിയിലുള്ള പരിശീലനം തുടര്‍ന്നു. പരിശീലനവര്‍ഷങ്ങളില്‍ ഞങ്ങള്‍ പഠിച്ച കാര്യങ്ങള്‍ ജൂണിയറേറ്റില്‍ ഞങ്ങള്‍ക്കു നേരില്‍ കാണാനും അനുഭവിക്കാനും ഇടയായി. മുതിര്‍ന്ന ഒരു സിസ്റ്റര്‍ ഞങ്ങളോടു പറയുമായിരുന്നു, “സിസ്റ്ററായി കഴിഞ്ഞാലുടന്‍ നിങ്ങള്‍ ഈ ലോകത്തിലേയ്ക്ക് എടുത്തെറിയപ്പെടും. ഒറ്റയ്ക്കു നീന്താനുള്ള ധീരത നിങ്ങള്‍ക്കുണ്ടായിരിക്കണം.”

പരിശീലനത്തിന്‍റെ ആദ്യഘട്ടം മുതല്‍ തന്നെ സ്വാശ്രയത്വവും നിശ്ചയദാര്‍ഢ്യവും ഞങ്ങളില്‍ രൂപപ്പെടുത്തുന്നതിന് ഊന്നലേകിയിരുന്നു. പുറംലോകത്തെ പരിചയിക്കുന്നതിനുള്ള ധാരാളം അവസരങ്ങള്‍ ഞങ്ങള്‍ക്കു നല്‍കപ്പെട്ടു. ലിംഗമോ പദവിയോ സാമൂഹ്യസ്ഥിതിയോ നോക്കാതെ എല്ലാവരുമായും ഇടപെടുന്നതിനു ഞങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു. ഇന്നത്തെ സാഹചര്യത്തില്‍ ഇതെല്ലാം വളരെ പ്രധാനമാണ്.

കേരളത്തിനകത്തെയും പുറത്തെയും സന്യസ്തരുടെ ജീവിതം തമ്മില്‍ പ്രകടമായ ഒരു വ്യത്യാസം ഉണ്ട്. ഞാന്‍ സിവില്‍ വസ്ത്രം ധരിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ എന്നെ മോഡേണും ഫാഷനബിളുമായ കന്യാസ്ത്രീയായി കാണുന്നവര്‍ കേരളത്തിലുണ്ട്. ഔദ്യോഗിക വസ്ത്രമായ സാരി കൂടാതെ ഞാന്‍ കളര്‍ ഡ്രസും ധരിക്കുന്നു എന്നത് എന്‍റെ കുടുംബാഗങ്ങള്‍ക്കു പോലും ഉള്‍ക്കൊള്ളാന്‍ പറ്റുമായിരുന്നില്ല. കുറച്ചു വര്‍ഷമെടുത്തു അവര്‍ക്കത് അംഗീകരിക്കാന്‍. ഏതാനും നാട്ടുകാര്‍ക്ക് അതിപ്പോഴും ഉള്‍ക്കൊള്ളാനായിട്ടുമില്ല. ആളുകള്‍ നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കും. എന്തുകൊണ്ട് തലമുണ്ട് ഇടുന്നില്ല, എന്തുകൊണ്ട് മുടി അഴിച്ചിടുന്നു എന്നെല്ലാം ആരാഞ്ഞു കൊണ്ടിരിക്കും. ഒരു വ്യക്തിയുടെ ബാഹ്യരൂപത്തിനാണ് നാം പ്രധാന്യം കൊടുക്കുന്നതെന്നു തോന്നിയിട്ടുണ്ട്. സമൂഹത്തിനു സിസ്റ്റര്‍മാരേയും അവരുടെ ജീവിതശൈലിയേയും കുറിച്ച് ഒരു നിശ്ചിത ധാരണയുണ്ട്. അതു മാറ്റുക ബുദ്ധിമുട്ടാണ്. കേരളത്തിനു പുറത്തായാലും മലയാളികളുടെ പൊതുമനോഭാവം ഇതാണ്.

ഒരിക്കല്‍ പഠനത്തിന്‍റെ ഭാഗമായ ഒരു പ്രോജക്ട് ചെയ്യുന്നതിനു ദല്‍ഹിയിലായിരുന്നപ്പോള്‍ എന്നെ പരിചയപ്പെട്ട ഒരാള്‍ ഒരഭിപ്രായപ്രകടനം നടത്തി, നിങ്ങളധികകാലം മഠത്തില്‍ തുടരില്ല! ഒരു കന്യാസ്ത്രീയുടെ പരമ്പരാഗതശൈലി എനിക്കില്ല എന്നതാണു കാരണമായി പറഞ്ഞത്. ദൈവകൃപയാല്‍ ഇന്നും ഞാന്‍ സന്യാസത്തില്‍ തുടരുന്നു.

സന്യാസസഭകള്‍ക്കു കര്‍ക്കശമായ ചിട്ടകളും നിയന്ത്രണങ്ങളുമുണ്ട്. അംഗങ്ങള്‍ക്കിടയില്‍ ഒരു ക്രമവും മര്യാദയും കൊണ്ടു വരുന്നതിനാണത്. ഓരോ അംഗത്തില്‍ നിന്നും എന്താണു പ്രതീക്ഷിക്കുന്നതെന്ന് ഓരോ സമൂഹത്തിന്‍റേയും ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട്. ഭരണഘടന പഠിച്ചതിനു ശേഷമേ സഭയില്‍ വ്രതവാഗ്ദാനം നടത്താന്‍ അനുമതിയുള്ളൂ. നൊവിഷ്യേറ്റില്‍ ഭരണഘടന പഠിക്കുമ്പോഴേയ്ക്കും ഒരാള്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കുകയും ചെയ്യും.

എന്നിട്ടും, സന്യാസസഭയുടെ കാര്‍ക്കശ്യമാണ് വ്യക്തിയുടെ അസന്തുഷ്ടിക്കു കാരണമെന്ന വിലാപം കേള്‍ക്കാം. സഭയിലെ ജീവിതം അത്രമാത്രം ശ്വാസംമുട്ടിക്കുന്നതാണെങ്കില്‍ രണ്ടു വഴികളുണ്ട് – ആന്തരീകസ്വരം കേട്ട് മാന്യമായി മഠം വിട്ടുപോകുക, അല്ലെങ്കില്‍ വ്യക്തിപരമായ മാറ്റങ്ങള്‍ക്കു വിധേയപ്പെട്ട് സംതൃപ്തിയോടെ ജീവിതം തുടരുക. ഒരു കന്യാസ്ത്രീയായിരിക്കുക എന്നത് ആത്യന്തികമായി വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പാണ്.

അധികാരത്തേയും പദവിയേയും മഠത്തിനകത്തെ വ്യാളികളായി ചിത്രീകരിക്കാറുണ്ട്. വിധേയര്‍ക്ക് അധികാരത്തിലുള്ളവര്‍ അടിച്ചേല്‍പിക്കലിന്‍റെ മുഖങ്ങളാണ്, അധികാരികള്‍ക്കാകട്ടെ താഴെയുള്ളവര്‍ തങ്ങളെ അനുസരിക്കേണ്ടവരും. പക്ഷേ ഇതൊരു സാര്‍വത്രിക രീതിയല്ല. മിക്കപ്പോഴും ഇതല്ല യാഥാര്‍ത്ഥ്യവും, അങ്ങനെ കരുതപ്പെടുന്നുണ്ടെങ്കിലും. നേതൃത്വത്തിന്‍റെ ശുശ്രൂഷാശൈലിക്കാണു കൂടുതല്‍ പ്രാധാന്യം കിട്ടിക്കൊണ്ടിരിക്കുന്നത്. ചൂലുമായി പരിസരം വൃത്തിയാക്കാനിറങ്ങുന്ന പ്രൊവിന്‍ഷ്യല്‍മാരേയും സുപ്പീരിയര്‍മാരേയും ഇഷ്ടം പോലെ ഇന്നു കാണാം. അധികാരികള്‍ അവരുടെ അഹംബോധം വെടിയുകയും മറ്റ് അംഗങ്ങളുമായി താദാത്മ്യപ്പെടുകയും ചെയ്യുമ്പോള്‍ ജീവിതം വളരെ സുഗമമാകുന്നു. യഥാര്‍ത്ഥത്തില്‍ അധികാരവും പദവിയുമെല്ലാം ചെറിയൊരു കാലത്തേയ്ക്ക് ഏല്‍പിക്കുന്ന ഒരുത്തരവാദിത്വമാണ്. അതു പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ മാന്യമായി പദവി വിടുകയും പുതിയൊരു ലക്ഷ്യവുമായി ജീവിതത്തില്‍ മുന്നേറുകയും ചെയ്യുക.

ഒരു കന്യാസ്ത്രീയുടെ ഭാവിജീവിതവുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ പരിശീലനവര്‍ഷങ്ങള്‍ വളരെ സുപ്രധാനമാണ്. ചെറുപ്പത്തിലേ പിടികൂടുക എന്നത് പ്രസക്തമാകുന്നത് ഇവിടെയാണ്. വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നു വിഭിന്നങ്ങളായ വ്യക്തിത്വങ്ങളും ചരിത്രങ്ങളുമായാണ് ഓരോരുത്തരും വരുന്നത്. തനതായ ഒരു ശൈലിയില്‍ ഞങ്ങളെ രൂപപ്പെടുത്തുന്നില്ലെങ്കില്‍ സമൂഹജീവിതം ദുഷ്കരമാകും. പഠിച്ചുവച്ച പലതും ഉപേക്ഷിക്കുകയും പുതിയ പലതും കൂട്ടിച്ചേര്‍ക്കുകയും വേണ്ടി വരും.

പരിശീലകരുടെയെല്ലാം ഉള്ളിലുള്ള ഒരു ഭയമുണ്ട് – പരിശീലനാര്‍ത്ഥി പഠനം നിറുത്തി പോകുമോ എന്നത്. ദൈവവിളികള്‍ കുറഞ്ഞു വരുന്നതുകൊണ്ട് എല്ലാവരേയും പിടിച്ചു നിറുത്താന്‍ ആഗ്രഹിക്കുന്നു. തന്‍റെ പ്രായത്തിലുള്ള മറ്റേതൊരു പെണ്‍കുട്ടിയേയും പോലെ ഈ കുട്ടിയേയും വളരാന്‍ അനുവദിക്കേണ്ട സമയമാണത്. ഇംഗ്ലീഷും മറ്റ് അടിസ്ഥാന ജീവിതപാഠങ്ങളും പഠിക്കാന്‍ വേണ്ടി മാത്രം മഠങ്ങളില്‍ ചേരുന്നവരെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഒരുപക്ഷേ അതുതന്നെ ഒരു മിഷനാണിന്ന്. അങ്ങനെ പഠിച്ചു പോകുന്ന ഒരു കുട്ടിക്ക് മെച്ചപ്പെട്ട ഒരു കുടുംബം സ്ഥാപിക്കാനായാല്‍ ഞങ്ങളുടെ ആ മിഷന്‍ നിറവേറി എന്നു പറയാം.

നമ്മുടെ യുവതലമുറയില്‍ വിശ്വാസമര്‍പ്പിക്കുക എന്നത് പ്രധാനമാണ്. മിക്ക സഭകളും അവയുടെ പരിശീലനപരിപാടി കാലാനുസൃതമായി മെച്ചപ്പെടുത്തേണ്ടതുണ്ട്. പുറംലോകത്തു വരുന്ന മാറ്റങ്ങള്‍ നമ്മുടെ മഠങ്ങള്‍ക്കകത്തേയ്ക്കു സ്വീകരിക്കാന്‍ നാമാഗ്രഹിക്കുന്നില്ലെങ്കില്‍ കൂടിയും മാറുന്ന തലമുറയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനു നമ്മുടെ കന്യാസ്ത്രീകളെ നാം പ്രാപ്തരാക്കേണ്ടതുണ്ട്. ആധുനികയുഗവുമായി ബന്ധപ്പെട്ട ചോദ്യമുന്നയിക്കുന്ന ഒരു കുട്ടിക്ക് ഉത്തരമേകാന്‍ ഒരു സിസ്റ്റര്‍ക്കു സാധിക്കാതെ വരുന്നത് നല്ലതല്ല. മിക്ക ജൂനിയര്‍ സിസ്റ്റര്‍മാര്‍ക്കും മൊബൈല്‍ ഫോണ്‍ ഇന്നും വിലക്കപ്പെട്ടിരിക്കുന്നു. സ്മാര്‍ട് ഫോണുകള്‍ പല സഭകളിലും അപൂര്‍വമാണ്. ഏതൊരു രക്ഷാകര്‍ത്താവിനേയും പോലെ ഞങ്ങളുടെ സുപ്പീരിയര്‍മാരും ഇത്തരം ആധുനികോപകരണങ്ങളുപയോഗിക്കുന്നവര്‍ക്കുണ്ടാകാവുന്ന സുരക്ഷാ, ധാര്‍മ്മികതാ പ്രശ്നങ്ങളെ കുറിച്ച് ആകുലപ്പെടുന്നവരാണ്. പക്ഷേ ഈ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നു വിലക്കുക എന്നതൊരു പരിഹാരമല്ല. കാരണം അവര്‍ മറ്റു വഴികള്‍ തേടും. നാം വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു, അതേസമയം വിശുദ്ധിയിലേയ്ക്കു പ്രയാണം ചെയ്യുന്ന മനുഷ്യരുമാണു നമ്മള്‍.

സഭയില്‍ പുരുഷാധികാരഘടനയാണുള്ളത്. നമുക്കെല്ലാം അതറിയാം, ഒരതിരുവരെ നാം അതെല്ലാം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഇതിനര്‍ത്ഥം നാം ഒരു പുരുഷാധികാരഘടനയ്ക്കു വിധേയപ്പെട്ടിരിക്കണം എന്നല്ല. മറിച്ചു നാം സഭയിലെ സഹപ്രവര്‍ത്തകരാണ്. പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു സിസ്റ്റര്‍ സഹായിക്കുന്നത് ഒരു കുറ്റകൃത്യമൊന്നുമല്ല. അലങ്കാരപ്പണികള്‍ക്കുള്ള കഴിവ് ഒരു സിസ്റ്റര്‍ക്കുണ്ടെങ്കില്‍, അവരതു ചെയ്യാന്‍ സന്നദ്ധയാണെങ്കില്‍, കല്‍പന കൊണ്ടെന്നതിനേക്കാള്‍ ഉദാരമായ ഒരു ഹൃദയത്തെ പ്രതി അവരതു ചെയ്യട്ടെ. സിസ്റ്റര്‍മാര്‍ സദാസമയവും പള്ളിയിലുണ്ടായിരിക്കണമെന്നും പള്ളിയുടെ ഭൗതികമായ പരിചരണം നിര്‍വഹിക്കണമെന്നും ശഠിക്കുന്ന അച്ചന്മാരെ നാം കാണാറുണ്ട്. അതൊരു സിസ്റ്ററുടെ കടമയല്ല. അതിന് ജോലിക്കാരെ നിയോഗിക്കണം.

സഭയിലെ സിസ്റ്റര്‍മാരുടെ സേവനം മിക്കവാറും ആ സന്യാസസമൂഹത്തിന്‍റെ ഒരു അവിഭാജ്യ പാരമ്പര്യമായി തുടര്‍ന്നുപോരുന്നതാണ്. മുന്‍ഗാമികളാരെങ്കിലും ആരംഭിച്ച ഒരു പതിവ് അതേ പടി തുടരുന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ പ്രസക്തമാണോ, അര്‍ത്ഥവത്താണോ എന്ന ഒരു വിലയിരുത്തല്‍ നമുക്കാവശ്യമാണ്. സംതൃപ്തി പകരുന്ന ഒന്നായി തോന്നുന്നില്ലെങ്കില്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മറ്റൊരു ശുശ്രൂഷാമേഖലയിലേയ്ക്കു മാറണം. സന്യാസസമൂഹങ്ങള്‍ ഇതിനോടു തുറവി പ്രകടിപ്പിക്കണം. സിസ്റ്റര്‍മാര്‍ പലപ്പോഴും ഇതിനൊക്കെ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. യുവ കന്യാസ്ത്രീകള്‍ക്ക് ഇത്തരം ഉത്തരവാദിത്വങ്ങള്‍ നല്‍കപ്പെടുകയും ഇരുഭാഗത്തു നിന്നുമുള്ള ആവശ്യങ്ങള്‍ ഒരേസമയം നിറവേറ്റുക അവര്‍ക്കു ദുഷ്കരമായി തോന്നുകയും ചെയ്യുന്നു. ഫലമായി ഒരു നിസ്സഹായാവസ്ഥ അവര്‍ക്കനുഭവപ്പെടുന്നു.

ഒരു മാറ്റം നമുക്കാവശ്യമാണ്. മെച്ചപ്പെട്ട സുവിശേഷവത്കരണത്തിനുള്ള ഒരു രൂപാന്തരണം. കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ ഒഡിഷയിലാണ് ജോലി ചെയ്യുന്നത്. കാര്യമായ സാമൂഹ്യദൂഷണങ്ങളൊന്നും എനിക്ക് ഇവിടെ തടസ്സമായിട്ടില്ല. പരിശീലനപരിപാടികളിലൂടെ ഞങ്ങള്‍ ശാക്തീകരിക്കപ്പെട്ടു. ഞങ്ങളുടെ മിക്ക മിഷന്‍ സ്റ്റേഷനുകളിലും നേതൃത്വത്തില്‍ ഒരു മലയാളി ഉണ്ടായിരിക്കും. ഇവിടെ ജര്‍സഗുഡയില്‍ തദ്ദേശീയ സന്യാസിനീസമൂഹങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന മലയാളികളുണ്ട്. അവരെ ഞാന്‍ അത്ഭുതാദരങ്ങളോടെ കാണുന്നു. പിടിച്ചു നില്‍ക്കാനും ധീരതയോടെ മുന്നിട്ടിറങ്ങാനുമു ള്ള ശേഷി മലയാളികള്‍ക്കാണു കൂടുതലെന്ന് ഇവിടെ പൊതുവെ അംഗീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പ്രശ്നങ്ങളുണ്ട്, പുരുഷാധികാരസഭയുമായുള്ള ഏറ്റുമുട്ടലുകളും ഉണ്ടാകാറുണ്ട്.

ആന്തരീകസ്വാതന്ത്ര്യം അനുഭവിക്കുമ്പോഴാണ് ജോലികള്‍ ഫലപ്രദമായി ചെയ്യാനാകുക എന്നു ഞാന്‍ കരുതുന്നു. നമ്മുടെ വിശ്വാസ്യതയും പ്രതിബദ്ധതയുമാണ് നമുക്ക് ആന്തരീകസ്വാതന്ത്ര്യം നല്‍കുന്നത്. സ്വാതന്ത്ര്യവും ഉത്തരവാദിത്വവും പരസ്പരം ചേര്‍ന്നു പോകുകയും ചെയ്യുന്നു. സ്വാതന്ത്ര്യം മാത്രമാണ് തേടുന്നതെങ്കില്‍ മിഷനെ അതു ബാധിക്കും. ഉത്തരവാദിത്വത്തില്‍ മാത്രമാണു ശ്രദ്ധയെങ്കില്‍ സമൂഹജീവിതത്തിന് അതു ഗുണകരമാകില്ല.

Leave a Comment

*
*