കരിസ്മാറ്റിക് നവീകരണം: സംഭാവനകളും തിരുത്തുകളും

കരിസ്മാറ്റിക് നവീകരണം: സംഭാവനകളും തിരുത്തുകളും

ബിഷപ് ജെയിംസ് ആനാപറമ്പില്‍

എവിടെയാണു കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ ചരിത്രം തുടങ്ങുന്നത്? അമ്പതു വര്‍ഷം മുമ്പു തുടങ്ങുന്ന സമീപചരിത്രത്തെ കുറിച്ചല്ല പറയുന്നത്. കരിസ്മയും ഘടനയും തമ്മിലുള്ള സംഘര്‍ഷം സഭയിലുണ്ടായിരുന്നു. മോശയുടെ ഒരു പ്രാര്‍ത്ഥനയുണ്ട്. സംഖ്യാപുസ്തകം 11:21 മുതല്‍. എല്ലാ മനുഷ്യരും പ്രവാചകരാകുന്ന സന്ദര്‍ഭം അതില്‍ പരാമര്‍ശിക്കുന്നുണ്ട്. മോശ രാവിലെ മുതല്‍ രാത്രി വരെ ജനങ്ങളുടെ പരാതി കേട്ടു തളര്‍ന്നു വന്നപ്പോള്‍ മോശയെ അമ്മായിയപ്പന്‍ ജെത്രോ ഉപദേശിച്ചു, ഈ പണി നിനക്ക് അധികം നാള്‍ കൊണ്ടുപോകാന്‍ പറ്റില്ല. നീ ജോലി കുറയ്ക്കുക. ജനങ്ങളില്‍നിന്ന് ആളുകളെ തിരഞ്ഞെടുത്ത് ജോലികള്‍ അവരെ ഏല്‍പിക്കുക എന്നതാണു മോശയ്ക്കു ലഭിക്കുന്ന നിര്‍ദേശം. ദൈവം മോശയോടു പറയുന്നുണ്ടല്ലോ, നിന്‍റെ ചൈതന്യം ഞാന്‍ അവര്‍ക്കു കൊടുക്കും.

കരിസ്മാറ്റിക് നവീകരണപ്രസ്ഥാനം സഭയ്ക്കു നല്‍കിയ വലിയൊരു അനുഗ്രഹം ഈയൊരു കൂ ട്ടായ്മയാണ്. എല്ലാവരും പരിശുദ്ധാത്മാവിന്‍റെ ചൈതന്യത്തിലേയ്ക്കു വളരണം. സഭയ്ക്കൊരു സാര്‍വത്രികഭാഷ ലഭിച്ചത് എല്ലാവരിലുമുള്ള ചൈതന്യത്തിന്‍റെ ഈ വ്യാപനം വഴിയാണ്. വലിയ കൂടാരം പണിതുയര്‍ത്തുന്നതിന് ഓരോരുത്തര്‍ക്കുമുള്ള ദാനങ്ങള്‍ നല്‍കപ്പെടുമെന്നു പുറപ്പാടു പുസ്തകത്തില്‍ പറയുന്നുണ്ട്. അങ്ങനെയാണു കൂടാരം പൂര്‍ത്തീകരിക്കപ്പെടുന്നത്. വ്യത്യസ്തമായ കൃപകളോടെ ദൈവത്തിന്‍റെ ഭവനം പണിയുകയാണു നമ്മളെന്നു പുതിയ നിയമത്തിലും പറയുന്നുണ്ടല്ലോ. എല്ലാവരുടേയും ഭാഗഭാഗിത്വമുള്ള ഒരു സഭയാണു വിഭാവനം ചെയ്യപ്പെട്ടത്. ഇത് കരിസ്മാറ്റിക് ശുശ്രൂഷയിലൂടെ സഭ അനുഭവിക്കുകയുണ്ടായി.

ഒരു കാര്യം ഒരു വെല്ലുവിളിയായി കൂടി നാം കണക്കാക്കേണ്ടതുണ്ട്. ആദിമസഭയില്‍ ഉണ്ടായിരുന്ന അതേ കൃപാവരങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നുറപ്പാക്കുകയാണ് നവീകരണപ്രസ്ഥാനത്തിന്‍റെ ദൗത്യം. ബൈബിളില്‍ പറഞ്ഞിട്ടുള്ള അടയാളങ്ങളും അത്ഭുതങ്ങളും ഇന്നും ഇവിടെ ഉണ്ടായിരിക്കും. അതു സുവിശേഷം നല്‍കുന്ന ഒരു വാഗ്ദാനമാണ്. കൃപാവരങ്ങളും അടയാളങ്ങളും ഒരു നിശ്ചിതകാലത്തേക്കാണ്, അതിനുശേഷം അതു കൂദാശകളിലൂടെയാണ് എന്ന സമീപനവും അറിയാമല്ലോ. മന്നയുടെ കഥ നോക്കുക. പഴയ നിയമത്തില്‍ ദൈവം മന്ന വിതരണം ചെയ്തത് ഇസ്രായേലിന്‍റെ യാത്രയ്ക്കിടയില്‍ മാത്രമാണ്. വാഗ്ദാനനാട്ടിലെത്തിയ ശേഷം പിന്നെ മന്നയില്ല, കാടപ്പക്ഷികളില്ല. ഇനി പാടത്തു വിതച്ച് വളര്‍ത്തി കൊയ്ത് ഭക്ഷിക്കണം. അത്ഭുതങ്ങള്‍ ആദിമസഭയില്‍ അവസാനിച്ചു, വളര്‍ച്ചയില്‍ ഇവയെല്ലാം രണ്ടാം സ്ഥാനത്തേയ്ക്കു മാറുന്നു എന്ന വാദവും ആദിമസഭയുടെ കൃപാവരങ്ങള്‍ ഇന്നും തുടരുന്നുവെന്ന മറ്റൊരു വാദവും. ഈ സമീപനങ്ങളില്‍ ഏതെങ്കിലുമൊന്നിനെ എതിര്‍ക്കണമെന്നല്ല ഞാന്‍ പറയുന്നത്. ഇതു രണ്ടുമുണ്ട്. പക്ഷേ ഇവ തമ്മിലുള്ള സംഘര്‍ഷം മനസ്സിലാക്കണം.

പുറപ്പാട് പുസ്തകത്തില്‍ അദ്ധ്യായം 35-ല്‍ കര്‍ത്താവ് മോശയെ വിളിച്ച് ആവശ്യപ്പെടുന്നുണ്ടല്ലോ, ജനങ്ങള്‍ക്കിടയില്‍ കഴിയാന്‍ തനിക്കായി കൂടാരം പണിയണമെന്ന്. ദൈവം ആവശ്യപ്പെട്ടത് മോശ ചെയ്യുമ്പോള്‍ ദൈവം വാഗ്ദാനം നിറവേറ്റുന്നു, ഇസ്രായേലിന്‍റെ കൂടെ വസിക്കുന്നു. പിന്നീട് ജനം ആവശ്യപ്പെട്ട പ്രകാരം അഹറോന്‍ അവര്‍ക്കാരാധിക്കാന്‍ കാളക്കുട്ടിയെ ഉണ്ടാക്കി നല്‍കുന്നു. കൂടാരമുണ്ടാക്കാനും കാളക്കുട്ടിയെ ഉണ്ടാക്കാനും ഉപയോഗിച്ച സ്വര്‍ണം ഒന്നു തന്നെയാണ്. കാളക്കുട്ടിയുടെ കഥയില്‍ ആദ്യത്തെ പരിണിതഫലം ശിക്ഷയാണ്. കാളക്കുട്ടിയുടെ കഥ അവസാനിക്കുന്നിടത്താണ് വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും നിര്‍ണായകമായ, ദൈവത്തെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ പ്രഖ്യാപനം നാം കേള്‍ക്കുന്നത്. ദൈവം കരുണാസമ്പന്നനും ഉദാരവാനും ക്ഷമിക്കുന്നവനും മുന്‍കോപമില്ലാത്തവനും എന്നെല്ലാം വിശേഷിപ്പിക്കുന്നു. കരിസ്മാറ്റിക് നവീകരണത്തില്‍ നാം ധാരാളമുപയോഗിക്കുന്ന വാക്യമാണിത്. ഈ വാക്യം വരുന്നത് കാളക്കുട്ടിയുടെ കഥയുടെ സമാപനത്തിലാണെന്നതു മറക്കരുത്.

വിശുദ്ധഗ്രന്ഥം ഇതിലൂടെ പറയുന്നതിതാണ്. ദൈവം ആവശ്യപ്പെട്ട പ്രകാരം വളരെ കൃത്യമായി മുന്നോട്ടു പോകുന്ന ഒരു ശുശ്രൂഷയുടെ ഒടുവില്‍ ദൈവത്തിന്‍റെ കൃപയും സാന്നിദ്ധ്യവുമെല്ലാം ലഭ്യമാകുമ്പോള്‍, മഹാപാപമായി കരുതപ്പെടുന്ന കാര്യങ്ങള്‍ക്കൊടുവിലും കരുണ തന്നെയാണു ഫലം.

നവീകരണപ്രസ്ഥാനത്തിന്‍റെ തുടക്കം പറയേണ്ടത് രണ്ടാം ലോകമഹായുദ്ധകാലത്താണ്. ആ കാലത്ത് സഭയെ നയിച്ച പയസ് ഒമ്പതാമന്‍ മാര്‍പാപ്പയാണ് നവീകരണത്തിനു തുടക്കം കുറിച്ചത്. അതിന്‍റെ പിന്തുടര്‍ച്ചയായിട്ടാണ് സഭയുടെ രണ്ടാം പന്തക്കുസ്തയായ വത്തിക്കാന്‍ കൗണ്‍സിലില്‍ നിന്നു കിട്ടിയ ഊര്‍ജ്ജം ഉപയോഗിച്ച് കത്തോലിക്കാസഭയില്‍ നവീകരണം ശക്തമായത്. അതിനു മുമ്പു തന്നെ ഇവിടെ നവീകരണപ്രസ്ഥാനങ്ങളുണ്ടായിരുന്നു എന്നത് വിസ്മരിക്കരുത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പല അനുഗ്രഹങ്ങളിലൊന്നാണ് കരിസ്മാറ്റിക് നവീകരണം. ആശ്രമം പ്രസ്ഥാനം മറ്റൊന്നാണ്. ആശ്രമം പ്രസ്ഥാനത്തിലുണ്ടായ വലിയൊരു സംഭാവനയാണ് സാംസ്കാരികാനുരൂപണം. സാംസ്കാരികാനുരൂപണം സുവിശേഷത്തിലുള്ളതു തന്നെയാണ്. സൂനഹദോസ് അതു മുന്നോട്ടു വച്ചു. ആശ്രമം പ്രസ്ഥാനമാണ് അത് ഏറ്റവും നന്നായി മുന്നോട്ടു കൊണ്ടുപോയത്. പക്ഷേ വളരെ കുറച്ചു പേര്‍ക്കേ അതു പ്രാപ്യമായുള്ളൂ. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ആരംഭിച്ച വിമോചനസമരപ്രസ്ഥാനം കേരളത്തിലും വ്യാപിച്ചിരുന്നു. അതും രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം ഇവിടെ പച്ചപിടിച്ച ഒരു സാമൂഹ്യനവോത്ഥാനപ്രസ്ഥാനമാണ്. അങ്ങിനെ പല പ്രസ്ഥാനങ്ങളിലൊന്നായിട്ടാണ് കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനം വന്നത്. എന്നാല്‍ ഈ പ്രസ്ഥാനത്തിനു ലഭിച്ച വ്യാപനം മറ്റൊന്നിനും നേടിയെടുക്കാന്‍ സാധിച്ചില്ല. വലിയ ജനപ്രിയത ഇതിനു ലഭിച്ചു. ഇതു വിശുദ്ധഗ്രന്ഥത്തിനു നല്‍കിയ ഊന്നലും പ്രാര്‍ത്ഥനയ്ക്കു നല്‍കിയ സജീവതയും എടുത്തുപറയേണ്ടതാണ്.

ധ്യാനം അതിനു മുമ്പും ഉണ്ടായിരുന്നെങ്കിലും ധ്യാനകേന്ദ്രങ്ങളും ധ്യാനങ്ങളും വ്യാപകമായി. മലയാളം ബൈബിള്‍ കിട്ടിയപ്പോള്‍ എല്ലാം കൂടുതല്‍ വചനാധിഷ്ഠിതമായി. കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ ഏറ്റവും വലിയ സംഭാവന കര്‍ത്താവുമായി അനുഭവതലത്തിലുണ്ടായ കണ്ടുമുട്ടലാണ്. വ്യക്തിപരമായ അനുഭവത്തിനു കൊടുത്ത പ്രാധാന്യമാണ് കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ വിജയത്തിനു കാരണം. പുനരുത്ഥാനം ചെയ്ത കര്‍ത്താവിനു കിട്ടിയ പ്രാധാന്യം മറ്റൊന്നാണ്. കര്‍ത്താവ് ജീവിക്കുന്നു, ഇന്നും പ്രവര്‍ത്തിക്കുന്നു എന്ന ബോദ്ധ്യം. ധ്യാനത്തിനു വരുന്നവര്‍ക്ക് ദൈവാനുഭവം ഉണ്ടാകുന്നു. കൗദാശികജീവിതം നല്‍കുന്നതും ക്രിസ്തു ഇന്നും ജീവിക്കുന്നു എന്ന ബോദ്ധ്യം തന്നെയാണെങ്കിലും അതു കൂടുതല്‍ അനുഭവവേദ്യമാകുന്നതിന് കരിസ്മാറ്റിക് പ്രസ്ഥാനം കാരണമായി. ദൈവത്തെ ആബാപിതാവായി സ്വീകരിച്ചുകൊണ്ട് ദൈവം കാരുണ്യവാനാണ് എന്ന മാനത്തിന് ഊന്നല്‍ കൊടുക്കാനും കരിസ്മാറ്റിക് പ്രസ്ഥാനത്തിനു സാധിച്ചു. പരിശുദ്ധാത്മാവിനു നല്‍കപ്പെട്ട ഊന്നലാണു മറ്റൊരു സവിശേഷത. പരിശുദ്ധാത്മാവ് കൃപാദാനങ്ങള്‍ വിതരണം ചെയ്യുന്നു എന്ന കാര്യം പഠിപ്പിക്കപ്പെട്ടു.

ധ്യാനകേന്ദ്രങ്ങളിലെത്തുന്നവര്‍ അത്ഭുതങ്ങളും അടയാളങ്ങളും തേടിപ്പോകുന്നു, ക്രിസ്തീയ ആദ്ധ്യാത്മികത തഴയപ്പെടുന്നു എന്ന ഒരു വേവലാതി പൊതുവിലുണ്ട്. മന്നായുടെ കഥ വളരെ പ്രധാനപ്പെട്ടതാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. പുറപ്പാടു യാത്രയിലുടനീളം മന്ന പെയ്തു. വാഗ്ദാനനാട്ടില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ഇനി ഭൂമിയിലെ കൃഷിയിലൂടെ അദ്ധ്വാനിച്ചു ഭക്ഷിക്കണം എന്നു നിര്‍ദേശിക്കപ്പെട്ടു. അത്ഭുതങ്ങളും അടയാളങ്ങളും തുടര്‍ച്ചയുടെ ലക്ഷണമാണ്. എന്നാല്‍ സഭയുടെ പക്വതയിലും വളര്‍ച്ചയിലും വരുമ്പോള്‍ മാറ്റമുണ്ടാകണം. അത്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കും ഊന്നലേകി മുന്നോട്ടു പോകുമ്പോള്‍ സുവിശേഷത്തിന്‍റെ ക്രിസ്തുവിജ്ഞാനീയം നമുക്കു നഷ്ടമാകുകയാണ്.

ധ്യാനഗുരുക്കന്മാര്‍ സഭയുടെ വലിയ സമ്പത്തായ ദൈവശാസ്ത്രത്തേയും തത്വശാസ്ത്രത്തേയും തള്ളിക്കളയരുത്. 10 വര്‍ഷം സെമിനാരിയില്‍ പഠിച്ചപ്പോള്‍ ഒന്നും കിട്ടിയില്ല, ഒരാഴ്ച ധ്യാനത്തില്‍ സംബന്ധിച്ചപ്പോള്‍ എല്ലാം കിട്ടി എന്നു പറയുന്നവരുണ്ടല്ലോ. കിട്ടിയതു മനസ്സിലാക്കാതെ പോകുന്നവരാണവര്‍. ദൈവശാസ്ത്ര, തത്വശാസ്ത്ര കാര്യങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം കൊടുക്കുകയും അതിനെയെല്ലാം തള്ളിപ്പറയുന്നത് ഒഴിവാക്കുകയും വേണം.

ഭയപ്പാടിനും ശാപങ്ങള്‍ക്കും ധ്യാനങ്ങള്‍ കാരണമാകരുത്. ഭയപ്പെടുത്തുന്നവര്‍ ഭീരുക്കള്‍ കൂടിയാണ്. നമ്മുടെ ഭയമാണ് മറ്റുള്ളവരിലേയ്ക്കു പരത്തുന്നത്. അത്രമാത്രം ശക്തിമാനൊന്നുമല്ല പിശാച്, ഉത്ഥിതനായ കര്‍ത്താവുതന്നെയാണ് ശക്തിമാന്‍. ബൈബിള്‍ വലിയ പ്രത്യാശയുടെ ഗ്രന്ഥമാണ്. ഭയപ്പെടുത്തുന്ന ഭാഷ നല്ലതല്ല.

ധ്യാനഗുരുക്കന്മാര്‍ക്ക് അമിതമായ ദിവ്യത്വം കല്‍പിക്കപ്പെടുന്നതൊക്കെ വിമര്‍ശനവിധേയമാകാറുണ്ട്. പൗലോസ് ശ്ലീഹായ്ക്കു ദിവ്യത്വം കല്‍പിക്കപ്പെടുന്ന ഭാഗം ബൈബിളിലുണ്ട്. എന്നാല്‍ അതേസമയം നമ്മുടെ ഇടയില്‍ ദേവന്മാര്‍ ഇറങ്ങി വന്നിരിക്കുന്നു എന്നു പൗലോസിനേയും ശിഷ്യനേയും കുറിച്ചു പറഞ്ഞപ്പോള്‍ അവര്‍ വസ്ത്രം കീറി പറഞ്ഞു, "ഞങ്ങള്‍ വെറും പച്ചയായ മനുഷ്യരാണ്." ദിവ്യത്വം തങ്ങളില്‍ ആരോപിക്കരുതെന്നു പൗലോസ് പറയുന്നു, പൗലോസ് സ്പര്‍ശിച്ച വസ്ത്രം കൊണ്ട് അത്ഭുതം നടക്കുമ്പോള്‍ അപ്പോസ്തലനു പറയാനുള്ളത് ദിവ്യത്വം തങ്ങള്‍ക്കില്ലെന്നാണ്.

വളരെ എളുപ്പത്തിലും വേഗത്തിലും സാമ്പത്തികമായ ഭദ്രത കിട്ടുന്ന മേഖലയാണ്, നവീകരണസുവിശേഷമേഖലയെന്ന പൊതുബോധം ഇവിടെയുള്ളതായി തിരിച്ചറിയേണ്ടതുണ്ട്. ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാരാണ്, എന്തെന്നാല്‍ ദൈവരാജ്യം അവരുടേതാണ് എന്നു ബൈബിള്‍ പറയുന്നു. ഏറ്റവും കൂടുതല്‍ അപകടം പതിയിരിക്കുന്നത് ക്രമാതീതമായ പണം എത്തുകയും ചിലവഴിക്കുകയും ചെയ്യുന്ന രീതികളിലാണ്. ഇത് ഒരു സാമൂഹ്യ ഉത്തരവാദിത്വമായി കാണാന്‍ സാധിക്കണം.

ഏറ്റവും അനാശാസ്യമായ ഒന്നാണ് ധ്യാനകേന്ദ്രങ്ങള്‍ തമ്മിലുള്ള മത്സരം. കൂട്ടായ്മയാണ് യേശുവിന്‍റെ ശരീരം. ആ ശരീരത്തിലാണു നാം ആയിരിക്കുന്നത്. സാമൂഹ്യനീതിയുടെ പ്രാധാന്യം നാം മറന്നുപോകരുത്. മതാന്തര സംഭാഷണത്തിന്‍റെയും സാംസ്കാരികാനുരൂപണത്തിന്‍റെയും ആവശ്യകതയുണ്ട്. എല്ലാത്തരം സാംസ്കാരികാനുരൂപണങ്ങളേയും നാം പ്രോത്സാഹിപ്പിക്കണം. മറ്റു മതങ്ങളെ കുറിച്ചു പറയുമ്പോള്‍ പഠിച്ചിട്ടു പറയുക എന്ന മാന്യത നിലനിറുത്തേണ്ടതുണ്ട്. അത്തരം കാര്യങ്ങളില്‍ പണ്ഡിതന്മാര്‍ സംസാരിക്കട്ടെ. പണ്ഡിതന്മാരെ കേള്‍ക്കുക. എല്ലാ സംസ്കാരങ്ങളും സുവിശേഷത്തോടു തുറവിയുള്ളതാണെന്നു ചിന്തിക്കുക. എല്ലാ ദൈവശാസ്ത്രവും കാലാകാലങ്ങളില്‍ സാംസ്കാരികാനുരൂപണങ്ങളിലൂടെ രൂപപ്പെട്ടതാണ്. സുവിശേഷവും സംസ്കാരവും തമ്മിലുള്ള കൊമ്പുകോര്‍ക്കലിനാണ് നാം ഊന്നല്‍ കൊടുക്കുന്നതെങ്കില്‍ സുവിശേഷത്തെ നാം ലഘൂകരിക്കുകയാണ്.

(പി.ഒ.സി.യില്‍ വച്ചു നടന്ന കേരളത്തിലെ ധ്യാനകേന്ദ്രങ്ങളുടെ ഡയറക്ടേഴ്സ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍നിന്ന്.)
തയ്യാറാക്കിയത്: ഷിജു ആച്ചാണ്ടി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org