കരിസ്മാറ്റിക് നവീകരണം: സുവിശേഷചൈതന്യം പകരുന്ന ആദ്ധ്യാത്മിക നഴ്സറി

കരിസ്മാറ്റിക് നവീകരണം: സുവിശേഷചൈതന്യം പകരുന്ന ആദ്ധ്യാത്മിക നഴ്സറി

ഡോ. എഡ്വേര്‍ഡ് എടേഴത്ത്

പരിശുദ്ധാത്മ പ്രവര്‍ത്തനാനുഭവത്തിലൂന്നിയ കരിസ്മാറ്റിക് നവീകരണത്തിന്‍റെ ദൃശ്യരൂപം പ്രാര്‍ത്ഥനാ കൂട്ടായ്മകളും നവീകരണ പരിപാടികളും ആണ്. അമേരിക്കയില്‍ ആദ്യകാലങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുടങ്ങിയ ഈ മുന്നേറ്റം പിന്നീട് ഇടവകകളിലേയ്ക്കും മറ്റും വ്യാപിച്ചു. വളര്‍ന്നു വരുന്ന പ്രാര്‍ത്ഥനാകൂട്ടയ്മകളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശവും അവയുടെ ഏകോപനവും മുന്നില്‍ കണ്ട് 1970-ല്‍ മിച്ചിഗണിനിലെ നോത്തര്‍ ദാം സര്‍വ്വകലാശാലയിലെ ആന്‍ആര്‍ബറില്‍ ആദ്യ അന്തര്‍ദ്ദേശീയ ഏകോപന ഓഫീസ് (ഐസിഓ) സ്ഥാപിതമായി. ഈ ഓഫീസ് 1973-ല്‍ കത്തോലിക്കാ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളുടെ ഒരു ഡയറക്ടറി പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. 1977-ല്‍ നടന്ന അന്തര്‍ദ്ദേശീയ നേതൃസമ്മേളനത്തില്‍ 60 രാജ്യ ങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ആ സമ്മേളനം ഒരു അന്തര്‍ദ്ദേശീയ സമിതിക്ക് രൂപം നല്കുകയും ചെയ്തു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സമാപിച്ച് ഒരു വര്‍ഷത്തിനു ശേഷം ഒരു പുത്തന്‍വേലിയേറ്റത്തിനു തുടക്കമായി. കത്തോലിക്കാ സഭയില്‍ പെന്തക്കോസ്താ നവീകരണത്തിന്‍റെ ആരംഭമായി കരുതപ്പെടുന്നത് 1967 ഫെബ്രുവരി മാസത്തില്‍ അമേരിക്കയിലെ സര്‍വ്വകലാശാലയില്‍ ഉണ്ടായ സംഭവവികാസങ്ങളാണ്.
രസകരമായ ഒരു യാഥാര്‍ത്ഥ്യം, ഈ പുതുനാമ്പിന്‍റെ ആരംഭം 1878-ല്‍ പരിശുദ്ധാത്മ സന്യാസ സഭയിലെ വൈദികര്‍ ആരംഭിച്ച ഡ്യൂക്കെയില്‍ സര്‍വ്വകലാശാലയില്‍ ആയിരുന്നു എന്നതാണ്. അമേരിക്കന്‍ പെന്‍സില്‍വേനിയ സംസ്ഥാനത്ത് പിറ്റ്സ്ബര്‍ഗ് പട്ടണത്തിലെ ഡ്യൂക്കെയിന്‍ സര്‍വ്വകലാശാലയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു വാരാന്ത്യ ധ്യാനത്തിനായി ഒത്തുചേര്‍ന്നു. ബൈബിളില്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ ആദ്യ 4 അദ്ധ്യായങ്ങളാണ് അവര്‍ ധ്യാനവിഷയമാക്കിയത്. ബൈബിളിലെ ശിരസില്‍ കൈവച്ചു പ്രാര്‍ത്ഥിക്കുന്ന രീതി മറ്റു നവീകരണ പ്രസ്ഥാനങ്ങള്‍ അനുഷ്ഠിക്കുന്നതും അവര്‍ ഓര്‍ത്തു. അന്നത്തെ പ്രാര്‍ത്ഥന വലിയ ഒരു ആത്മാഭിഷേകത്തിലേക്ക് അവരെയെല്ലാം നയിച്ചു. ശക്തമായ ദൈവസാന്നിദ്ധ്യവും വരദാനങ്ങളുടെ പ്രകടമായ ഉപയോഗവും അവര്‍ക്ക് അനുഭവവേദ്യമായി.

ഡ്യൂക്കെയിനില്‍ നിന്ന് താമസിയാതെ ഇന്‍ഡ്യാനയിലെ സൗത്ത് ബെന്‍റിലുള്ള നോത്തര്‍ ദാം സര്‍വ്വകലാശാലയിലേക്കും മിച്ചിഗണിലെ ആന്‍ആര്‍ബറിലുള്ള മിച്ചിഗന്‍ സര്‍വ്വകലാശാലയിലേക്കുമെല്ലാം ഈ കരിസ്മാറ്റിക് അനുഭവം പടര്‍ന്നു. അമേരിക്കയില്‍ അങ്ങോളമിങ്ങോളം പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍ ആരംഭിച്ചു. മറ്റു രാജ്യങ്ങളിലേക്കും ഈ നവീകരണ തരംഗം വ്യാപിച്ചു. ഇവയില്‍ ചില ഗ്രൂപ്പുകള്‍ ഉടമ്പടി സമൂഹങ്ങളായി പരിണാമം പ്രാപിച്ചു.

രണ്ടാം വത്തിക്കാന്‍ കൗണ്‍ സിലിന്‍റെ നാലു മോഡറേറ്റര്‍മാരില്‍ڔഒരാളായിരുന്ന ബല്‍ജിയത്തില്‍ നിന്നുള്ള കാര്‍ഡിനല്‍ ലിയോ സ്യൂനന്‍സിന്‍റെ കടന്നുവരവാണ് കരിസ്മാറ്റിക് നവീകരണ സംഘാടനത്തില്‍ ഒരു വഴിത്തിരിവായത്. 1972-ല്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഈ മുന്നേറ്റത്തെ പരിചയപ്പെടുന്നത്. അതില്‍ സജീവ താല്പര്യമെടുക്കുകയും ചെയ്തു. 1978-ല്‍ ഐസിസിആര്‍ഓ – അന്തര്‍ദ്ദേശീയ കത്തോലിക്ക കരിസ്മാറ്റിക് നവീകരണ ഓഫീസ് എന്ന പേരില്‍ കര്‍ദ്ദിനാളിന്‍റെ മേല്‍നോട്ടത്തില്‍ ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ ഏകോപന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ആരംഭിച്ചു.

കര്‍ദ്ദിനാള്‍ സ്യൂനന്‍സിന്‍റെ ഇടപെടലുകള്‍ പോള്‍ ആറാമന്‍ തുടങ്ങി എല്ലാ മാര്‍പാപ്പമാരുമായി നവീകരണ നേതൃത്വത്തിന് നല്ല ബന്ധം പുലര്‍ത്തുന്നതിന് സഹായകമായി. 1980-ല്‍ അന്തര്‍ദ്ദേശീയ ഓഫീസ് ബ്രസ്സല്‍സില്‍ നിന്ന് റോമിലേക്ക് കൊണ്ടുവരുകയും 1985-ല്‍ വത്തിക്കാനിലേക്ക് അതിന്‍റെ പ്രവര്‍ത്തനം മാറ്റുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിലെ സുപ്രധാന നവീകരണ മുന്നേറ്റമായി കരിസ്മാറ്റിക് നവീകരണം മാറിയിരിക്കുകയാണ്. ആത്മീയവരങ്ങളെ സൂചിപ്പിക്കുന്ന 'കരിസ്മാറ്റ' എന്ന വാക്കിനെ അടിസ്ഥാനമാക്കി പേര് ലഭിച്ച ഈ മുന്നേറ്റത്തിന്‍റെ പ്രധാന ഊന്നലുകള്‍ പരിശുദ്ധാത്മ നിറവിലൂടെ ലഭിക്കുന്ന ജീവിത നവീകരണവും വരദാനങ്ങളുടെ സജീവ ഉപയോഗത്തോടെയുള്ള സുവിശേഷ ദൗത്യവുമാണ്.

ഔപചാരിക അംഗീകാരം
കരിസ്മാറ്റിക് നവീകരണം ഒരു ഏകീകൃത മുന്നേറ്റമായല്ല വളര്‍ന്നു വന്നത്. വിവിധ രൂപഭാവങ്ങളില്‍ അത് സഭയുടെ വ്യത്യസ്ത തലങ്ങളിലും അനേക ഭൂപ്രദേശങ്ങളിലും പടര്‍ന്ന് വളര്‍ന്നു. കരിസ്മാറ്റിക് ആദ്ധ്യാത്മികതയില്‍ വളര്‍ന്നുവന്ന അനേക കൂട്ടായ്മകളേയും മുന്നേറ്റങ്ങളേയും പലപ്പോഴായി സഭ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ മുന്നേറ്റത്തില്‍ നിന്നുള്ള രണ്ടു പ്രധാന ഏകോപന സമിതികളെയാണ് സംഘടന ഉത്തരവാദിത്വത്തോടെ ആഗോള തലത്തില്‍ കത്തോലിക്കാ സഭ അംഗീകരിച്ചിട്ടുള്ളത്.

കാത്തലിക്ക് ഫ്രറ്റേര്‍ണിറ്റി എന്ന് ചുരുക്കപേരില്‍ അറിയപ്പെടുന്ന കാത്തലിക്ക് ഫ്രറ്റേര്‍ണിറ്റി ഓഫ് കരിസ്മാറ്റിക് കവനന്‍റ് കമ്യൂണിറ്റീസ് ആന്‍ഡ് ഫെല്ലോഷിപ്സ് എന്ന സമിതി 1990-ല്‍ രൂപീകരിക്കപ്പെടുകയും ആ വര്‍ഷം തന്നെ സഭ അതിന് പൊന്തിഫിക്കല്‍ അംഗീകാരം നല്കുകയും ചെയ്തു. കരിസ്മാറ്റിക് കൂട്ടായ്മകളില്‍ നിന്ന് രൂപപ്പെട്ട് വ്യക്തമായ അംഗത്വ മാനദണ്ഡങ്ങളും പരിശീലന ശ്രേണികളും ഉള്ള ഉടമ്പടി സമൂഹങ്ങളാണ് ഈ സമിതിയില്‍ അംഗങ്ങള്‍. ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 100 സമൂഹങ്ങള്‍ കാത്തലിക്ക് ഫ്രറ്റേര്‍ണിറ്റിയുടെ സമ്പൂര്‍ണ അംഗങ്ങളാണ്. ഇന്ത്യയില്‍നിന്ന് 2009 മുതല്‍ ജീസസ് യൂത്ത് മുന്നേറ്റവും 2012 മുതല്‍ ആഗ്ര ആസ്ഥാനമാക്കിയുള്ള സാന്ത്വന കമ്മ്യൂണിറ്റിയും ഇതിലെ സമ്പൂര്‍ണ അംഗങ്ങളാണ്.

കരിസ്മാറ്റിക് നവീകരണത്തിന്‍റെ പൊതുവേയുള്ള പ്രവര്‍ത്തനങ്ങളുടേയും കൂട്ടായ്മകളുടേയും അന്തര്‍ദ്ദേശീയ ഏകോപന സമിതിയായ ഇക്ക്രിസ് (ഐസിസി ആര്‍എസ്) 1993 സെപ്തംബര്‍ മാസത്തിലാണ് ഔദ്യോഗിക അംഗീകാരം നേടിയത്. നവീകരണ മേഖലയിലെ സമിതികള്‍ നേതൃടീമുകള്‍ എന്നതിലുപരി സേവന സംവിധാനങ്ങളാണ്. ഈ സമിതിയും ഇന്‍റര്‍നാഷനല്‍ കാത്തലിക്ക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വ്വീസസ് എന്നാണ് വിളിക്കപ്പെടുക.

അന്തര്‍ദ്ദേശീയ സമിതി
കരിസ്മാറ്റിക് നവീകരണത്തിന്‍റെ രാജ്യാന്തര ഏകോപന സമിതിയായ ഇക്ക്രിസ് (ഐസിസിആര്‍എസ്) അന്തര്‍ദ്ദേശീയ കൗണ്‍സിലും അന്തര്‍ദ്ദേശീയ ഓഫീസും ഉള്‍കൊള്ളുന്നതാണ്. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, നവീകരണത്തിന്‍റെ വിവിധ മേഖലകളേയും പ്രധാന ഭൂപ്രദേശങ്ങളേയും പ്രതിനിധീകരിച്ച് 12 അംഗങ്ങള്‍ എന്നിവര്‍ അടങ്ങുന്നതാണ് ഈ കൗണ്‍സില്‍. അമേരിക്കയില്‍ നിന്നുള്ള ജിം മര്‍ഫിയാണ് ഇക്ക്രിസിന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റ്.

ഇക്ക്രിസിന് 165 രാജ്യങ്ങളിലെ കരിസ്മാറ്റിക്ക് സംഘടനകളുമായി അടുത്ത ബന്ധമുണ്ട്. ആഫ്രിക്കയില്‍ നിന്ന് 44, ഏഷയില്‍ നിന്ന് 27, യൂറോപ്പില്‍ നിന്ന് 42, വടക്കേ അമേരിക്കയില്‍ നിന്ന് 27, ഓഷ്യാനിയയില്‍ 11, തെക്കേ അമേരിക്കയില്‍ 14 എന്നിങ്ങനെ വിപുലമായ പ്രസ്ഥാനങ്ങളുമായി ഈ സമിതി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു.

ഭാരതത്തിലെ നവീകരണ സംഘാടനം
ചെറുപ്പക്കാരനായ ഒരു പാഴ്സി സിവില്‍ എഞ്ചിനിയര്‍ മിനൂ എഞ്ചിനിയര്‍ അമേരിക്കയിലെ ഫോര്‍ദാം യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോഴാണ് കരിസ്മാറ്റിക് നവീകരണത്തെ പരിചയപ്പെട്ടത്. 1972-ല്‍ അദ്ദേഹം ബോംബെയില്‍ തിരിച്ചെത്തിയത് ഈ ജ്വാലയുമായിട്ടായിരുന്നു. തന്‍റെ പത്നി ലുസ് മരിയ, ഫാ. ഫിയോ, സി. ഓള്‍ഗ എന്നിവര്‍ക്കൊപ്പം അദ്ദേഹം നാട്ടിലെ ആദ്യ പ്രാര്‍ത്ഥനാ സമ്മേളനത്തിനു തുടക്കം കുറിച്ചു. മറ്റു ഗ്രൂപ്പുകളും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചു. അവിടെ നിന്ന് കരിസ്മാറ്റിക് തരംഗം പൂനെയിലേക്കും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു.

1974-ല്‍ ഏകോപനത്തിനായി ഒരു ഓഫീസ് ബോംബെയില്‍ ആരംഭിച്ചു. 1977-ല്‍ ബാംഗ്ളൂരില്‍ ഒത്തുചേര്‍ന്ന ആദ്യ ദേശീയ കരിസ്മാറ്റിക് നേതൃസംഗമത്തില്‍ വച്ച് ദേശീയ ഏകോപനത്തിനായി ദേശീയ സേവനസമിതി രൂപീകൃതമായി. നീണ്ട കാലയളവില്‍ ഭാരത നവീകരണത്തെ നയിച്ച ഫാ. ഫിയോ മസ്കരീനാസ് ആയി ആദ്യ ചെയര്‍മാന്‍.

ഭാരതത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ 1996-ല്‍ കരിസ്മാറ്റിക് നവീകരണത്തിന്‍റെ ഏകോപന സമിതിക്ക് ഔപചാരിക അംഗീകാരം നല്‍കി. നാഷണല്‍ കാത്തലിക്ക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വ്വിസസ് (എന്‍സിസിആര്‍എസ്) എന്നാണ് ആ സംവിധാനം അറിയപ്പെടുക. ദേശീയ സേവന സമിതിയും (എന്‍എസ്ടി) ദേശീയ ഓഫീസും അടങ്ങുന്നതാണ് ഈ ഏകോപന സംവിധാനം. ഡല്‍ഹിയില്‍ നിന്നുള്ള സിറിള്‍ ജോണാണ് ഇപ്പോഴത്തെ ചെയര്‍മാന്‍. 1984 മുതല്‍ ദേശീയ ഏകോപന ഓഫീസ് ബാംഗ്ളൂരില്‍ പ്രവര്‍ത്തിക്കുന്നു.

സംസ്ഥാന തലത്തില്‍
കേരളത്തില്‍ കരിസ്മാറ്റിക് നവീകരണത്തിന്‍റെ വ്യാപനം 1976 മുതലായിരുന്നു. 1978 ഫെബ്രുവരിയില്‍ മഞ്ഞുമ്മല്‍ സിആര്‍സിയില്‍ വച്ച് ബിഷപ്പ് ജെറോം ഫെര്‍ണാണ്ടസിന്‍റെ വലിയ താത്പര്യത്തില്‍ വിളിച്ചുകൂട്ടിയ കരിസ്മാറ്റിക് നേതൃസമ്മേളനത്തില്‍ വച്ച് കേരള ഏകോപനസമിതിയായ കേരള സേവന സമിതി (കെഎസ് ടി) രൂപീകൃതമായി. കെഎസ്ടിയുടെ കീഴില്‍ വിവിധ സോണുകളില്‍ കരിസ്മാറ്റിക് ഗ്രൂപ്പുകളും മറ്റു ശുശ്രൂഷകളും പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ വിവിധ ധ്യാനകേന്ദ്രങ്ങളും കരിസ്മാറ്റിക് ടീമുകളും ഏകോപന സമിതിയുമായി നേരിട്ടു ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നു.

കേരളാ മെത്രാന്‍ സമിതി കെസിബിസി 2004-ല്‍ കേരള കത്തോലിക്ക കരിസ്മാറ്റിക് സേവന സമിതി (കെസിസിആര്‍എസ്-യെ) ഔപചാരികമായി അംഗീകരിക്കുകയും കരിസ്മാറ്റിക് കമ്മിഷന്‍ എന്ന പേരില്‍ മെത്രാന്മാരുടെ കമ്മിഷന് രൂപം നല്കുകയും ചെയ്തു. കേരള സേവന സമിതി (കെഎസ് ടി) ചെയര്‍മാനാണ് ഈ കമ്മിഷന്‍ സെക്രട്ടറി.

കേരള മെത്രാന്‍ സമിതിയുടെ കരിസ്മാറ്റിക് കമ്മീഷന്‍റെ ഇപ്പോഴത്തെ ചെയര്‍മാന്‍ സാമുവല്‍ മാര്‍ ഐറേനിയസ് പിതാവും കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങള്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍, ബിഷപ്പ് ജോസ് പുളിക്കല്‍ എന്നിവരുമാണ്. കമ്മിഷന്‍ സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് മുണ്ടക്കല്‍ ആണ്. അദ്ദേഹം തന്നെയാണ് കേരളത്തിലെ കരിസ്മാറ്റിക് പ്രവര്‍ത്തനങ്ങളുടെ ഏകോപന സമിതിയായ കെഎസ്ടിയുടെ ചെയര്‍മാനും. കളമശ്ശേരിയിലുള്ള എമ്മാവൂസാണ് കെഎസ്ടിയുടെ ആസ്ഥാന കേന്ദ്രം. കേരളാതല ഏകോപന സമിതിയുടെ കീഴില്‍ 24 സോണുകളിലായി കേരളത്തിലെ കരിസ്മാറ്റിക് പ്രവര്‍ത്തനങ്ങളും കൂട്ടായ്മകളും ക്രമീകരിച്ചിരിക്കുന്നു.

കേരളത്തിലെ കരിസ്മാറ്റിക് സോണുകള്‍ അതിന്‍റെ ആരംഭം മുതല്‍ പ്രാദേശികമായാണ് ക്രമീകരിച്ചിരിക്കുന്നത്. റീത്ത്, സമുദായം എന്നീ അടിസ്ഥാനങ്ങളിലുള്ള വിവിധ രൂപതകള്‍ കേരളത്തിന്‍റെ എല്ലാ ഭാഗങ്ങളിലും 'ഓവര്‍ലാപ്പ്' ചെയ്യുന്ന പശ്ചാത്തലത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയോടെയുള്ള ഏകീകരണത്തിനായി രൂപപ്പെട്ടുവന്ന ഒരു സംവിധാനമാണ് ഈ സോണല്‍ നേതൃത്വ രീതി. ഈ ക്രമീകരണം കൊണ്ട് ഒരു കരിസ്മാറ്റിക് സോണില്‍ പല രൂപതയുടേയും ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ചിലപ്പോഴെങ്കിലും ഒരു സമാന്തര പ്രവര്‍ത്തന രീതി ഇതുകൊണ്ട് ഉണ്ടാകാമെങ്കിലും പല റീത്തുകളിലും നിന്നുള്ളവര്‍ ഒന്നിച്ചുചേരുന്ന സഹകരണ ശൈലികള്‍ കരിസ്മാറ്റിക് നവീകരണത്തില്‍ വളര്‍ന്നു വന്നിട്ടുണ്ട്. ചില സോണുകളെങ്കിലും ഒരു രൂപത മാത്രമായി ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സോണ്‍ തലത്തിലുള്ള സഹകരണ രീതികള്‍ നിലനില്ക്കുമ്പോള്‍തന്നെ രൂപതാതലത്തിലുള്ള ഒന്നിച്ചുവരവുകളും പരിശീലനങ്ങളും വ്യാപകമായിട്ടുണ്ട്.

കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം ഒരു സംഘടനയല്ല, ഒരു ഏകീകൃത പ്രസ്ഥാനവുമല്ല. അതിന് വ്യക്തമായ സ്ഥാപകരോ അംഗത്വമോ ഇല്ല. മറിച്ച് ഇതൊരു നവീകരണ മുന്നേറ്റമാണ്. അനേകരുടെ ജീവിതത്തില്‍ ദൈവാനുഭവം സ്വന്തമാക്കാനും ദൈവാത്മ കൂട്ടായ്മയില്‍ പുതുജീവന്‍ തുടരാനും നവസുവിശേഷവല്‍ക്കരണ ചൈതന്യത്തില്‍ നിറയാനുമുള്ള ഒരു ആദ്ധ്യാത്മിക നഴ്സറിയാണത്. ഈ നവീകരണ മുന്നേറ്റത്തില്‍ സംഘടനാ നേതൃത്വ സംവിധാനങ്ങള്‍ക്കും ഉണ്ടാകേണ്ട ലക്ഷ്യം വൈവിധ്യമാര്‍ന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പുതു കാല്‍വയ്പുകള്‍ക്കും സഹായവും പ്രോത്സാഹനവും ലഭ്യമാകുകയും അവ തമ്മിലുള്ള പരസ്പര സഹകരണം സാദ്ധ്യമാകുകയും ചെയ്യുക എന്നതാണ്. അര നൂറ്റാണ്ടു പിന്നിടുന്ന കരിസ്മാറ്റിക് മുന്നേറ്റത്തില്‍ ഈ കാലയളവിനിടയില്‍ ആഗോളതലത്തിലും ഓരോ പ്രദേശങ്ങളിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്; ഏകോപന സംവിധാനങ്ങളിലും വലിയ പരിണാമങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. രൂപപ്പെട്ടു വന്നിട്ടുള്ള ഈ ഏകോപന സംവിധാനങ്ങള്‍ ഈ നവീകരണ മുന്നേറ്റത്തിന്‍റെ ലക്ഷ്യങ്ങളിലേക്കു പുരോഗമിക്കാനും ബന്ധങ്ങള്‍ വളര്‍ത്താനും തീര്‍ച്ചയായും സഹായിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org