Latest News
|^| Home -> Cover story -> കര്‍ഷകനു പാര്‍ക്കാന്‍ കഴിയാത്ത ഇടമായി കേരളം മാറുന്നോ?

കര്‍ഷകനു പാര്‍ക്കാന്‍ കഴിയാത്ത ഇടമായി കേരളം മാറുന്നോ?

Sathyadeepam


ഡോ. എന്‍. ശുദ്ധോദനന്‍, പാലക്കാട്

സഹനത്തിന്‍റെ പാരമ്യതയില്‍പ്പോലും പ്രതികരിക്കാനറിയാത്ത കര്‍ഷകന്‍ ആര്‍ത്തനാദങ്ങളും നിലവിളികളും തേങ്ങലുകളും ഹൃദയത്തിലൊളിപ്പിച്ച് എത്രനാള്‍ ഇങ്ങനെ മുന്നോട്ടുപോകും? ആത്മഹത്യാമുനമ്പില്‍ നില്ക്കുന്ന കര്‍ഷകന്‍റെ രോദനങ്ങള്‍ക്കു പകരം ഉശിരന്‍ ഉണര്‍ത്തുപാട്ടുമായി “കര്‍ഷകവൃത്തി, കേരള സമൃദ്ധി” എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടു ദീപിക ഫ്രണ്ട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘കര്‍ഷക രക്ഷാജാഥ’ കാര്‍ഷികമേഖലയുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ടു നാടുചുറ്റിയപ്പോള്‍ ഉയര്‍ന്നു കേട്ട ചോദ്യമാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാത്രം ഉണര്‍ന്നാല്‍ പോരല്ലോ. പൊതുസമൂഹമനഃസാക്ഷിയും ഉണരണം. വസ്തുതകളും കണക്കുകളും നിരത്തി വാദിക്കുവാന്‍ കര്‍ഷകന്‍ വക്കീലൊന്നുമല്ലെന്നറിയുന്ന നീതിപീഠങ്ങളും ഉണരണം.

എന്നാല്‍ സമൂഹത്തിന്‍റെ ദൃഷ്ടിയില്‍ കര്‍ഷകന്‍ ഭക്ഷണമുണ്ടാക്കി തരുന്ന അന്നദാതാവല്ല. ആദരവ് അര്‍ഹിക്കുന്ന അദ്ധ്വാനശീലനല്ല. വെയില്‍ കൊള്ളാതെയും വിയര്‍ക്കാതെയും മണ്ണില്‍ ചവിട്ടാതെയും ഓഫീസിനുള്ളില്‍ കസേരയിലിരുന്നു ചെയ്യാവുന്ന വൈറ്റ്കോളര്‍ ജോലി കരസ്ഥമാക്കുവാന്‍ കഴിയാത്ത ഒരു തിരസ്കൃതന്‍. ഇവന് ഒരു ജീവിതപങ്കാളിയെപ്പോലും വിവാഹത്തിലൂടെ നല്കാന്‍ മടിക്കുന്ന പൊതുസമൂഹം. ഈ മനോഭാവം മാറണ്ടേ? ഈ കാഴ്പ്പാട് മാറ്റിയെടുക്കണ്ടേ? കര്‍ഷകന്‍റെ തൊഴിലിനെ ആദരവോടെ കാണുന്ന ഹൃദയമുള്ള ഭരണകൂടങ്ങള്‍ ഉണ്ടാകുകയാണ് ആദ്യപരിഹാരം. മറ്റെല്ലാം പിന്നാലെ എത്തിക്കൊള്ളും.

യുവാക്കള്‍ കൃഷി ഉപേക്ഷിക്കുന്നു. ഭക്ഷ്യോത്പാദനത്തിന് വന്‍തിരിച്ചടി നേരിടുന്നു. രാജ്യാന്തര കരാറുകളിലൂടെ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഭക്ഷ്യോത്പാദനം ഏറ്റെടുക്കുകയും ഭക്ഷ്യസംസ്കാരത്തെ തകിടം മറിക്കുകയും ചെയ്യുന്നു. ഹരിതവിപ്ലവം ഒരു കാലത്തു പട്ടിണിമരണങ്ങളില്‍നിന്നു രാജ്യത്തെ രക്ഷിച്ചുവെങ്കിലും അതു നഷ്ടപ്പെടുത്തിയതു നമ്മുടെ നാടന്‍ വിത്തുകളെയും വിളകളെയും കൃഷി അറിവുകളെയും നാടന്‍ കന്നുകാലികളെയുമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ പറയുന്നു അവയായിരുന്നു നമുക്കു യോജിച്ചത്, അവയെ തിരികെ കൊണ്ടുവരൂ എന്ന്. രണ്ടു ലിറ്റര്‍ കറക്കുന്ന നാടന്‍ പശുവിനു വില ഒരു ലക്ഷം രൂപ!!

2016-17 സാമ്പത്തിക സര്‍വേ അനുസരിച്ചു രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ കര്‍ഷക കുടുംബങ്ങളുടെ വാര്‍ഷിക വരുമാനം 20,000 രൂപയാണ്. പ്രതിമാസം വെറും 1,666 രൂപ മാത്രം. നാഷണല്‍ സാമ്പിള്‍ സര്‍വേ പ്രകാരം രാജ്യത്തെ കര്‍ഷകന്‍റെ പ്രതിമാസ വരുമാനം 6,426 രൂപ. കേരളത്തിലേത് 11,888 രൂപയും കൃഷിഭവനിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍റെ പ്രതിമാസശമ്പളം 18,000 രൂപയും കൃഷിഭവന്‍ അടിച്ചുവാരാന്‍ വരുന്ന സ്വീപ്പറുടെ മാസശമ്പളം 12,000 രൂപയും. ഇനി പറയൂ, കര്‍ഷകനു പാര്‍ക്കാന്‍ കഴിയുന്ന ഇടമാണോ കേരളം എന്ന്?

കേരളത്തിന്‍റെ സ്വന്തം കാര്‍ഷികപ്രശ്നങ്ങള്‍ എന്തൊക്കെയാണ്?

1. തുണ്ടുതുണ്ടായ ചെറിയ കൃഷിയിടങ്ങള്‍: ഭൂപരിഷ്കരണം നടപ്പിലാക്കിയതോടെ കഷണം കഷണമായി മുറിച്ച ഭൂമി കൃഷിക്ക് അനുയോജ്യമല്ലാതായി. കൂട്ടുകുടുംബം അണുകുടുംബമായതോടെ നാടു മുഴുവന്‍ വീടുകളും മതിലുകളും ഹൈവേകളും ഫ്ളാറ്റുകളും മാളുകളും അതിവേഗ നഗരവത്കരണവും അവശേഷിക്കുന്ന കൃഷിസ്ഥലങ്ങളെയും തണ്ണീര്‍ത്തടങ്ങളെയും നീരുറവകളെയും നശിപ്പിക്കുന്നു. കേരളത്തിന്‍റെ കൃഷിഭൂമി ഇപ്പോള്‍ ഇങ്ങനെയാണ്.

ഗൃഹപരിസരകൃഷി 10-12 സെന്‍റ് : 90.4%; ചെറുകിട കര്‍ഷകര്‍ 1-2 ഹെക്ടര്‍ : 4.3%; ഇടത്തരം കര്‍ഷകര്‍ 2-4 ഹെക്ടര്‍ : 1.3%; മേല്‍ത്തരം കര്‍ഷകര്‍ 4-10 ഹെ ക്ടര്‍ : 0.3%. (അവലോകനം: സാമ്പത്തിക അവലോകന രേഖ 2017).

2. തൊഴിലാളിക്ഷാമം: ഉത്പാദനപ്രക്രിയയില്‍ ഉടനീളം കര്‍ഷകനൊപ്പം നില്ക്കുന്ന തൊഴില്‍ സേന ഇല്ലാതായിരിക്കുന്നു. തൊഴിലാളിക്കു ജോലി നല്കി, കടം വാങ്ങിയിട്ടും ആധാരം പണയപ്പെടുത്തിയിട്ടും കൂലി നല്കുന്ന കര്‍ഷകന്‍, ജന്മിയാണ്; ബൂര്‍ഷ്വയാണ്; ചൂഷകനാണ്; എതിര്‍ക്കപ്പെടേണ്ട കുത്തകമുതലാളിയാണ് എന്നൊരു തൊഴില്‍ സംസ്കാരം നാട്ടില്‍ പ്രചരിപ്പിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തച്ചുതകര്‍ത്തതു നമ്മുടെ ഭക്ഷ്യോത്പാദന പ്രക്രിയയെയാണ്. എന്നിട്ടിപ്പോള്‍ അയല്‍ സംസ്ഥാനങ്ങളുടെ മുന്നില്‍ ഭക്ഷ്യവസ്തുക്കള്‍ക്കു യാചിക്കുന്നു.

നോക്കുകൂലിപോലും അന്യായമാണ്; ചെയ്യാത്ത ജോലിക്കു നോക്കുകൂലിയും കേട്ടുകൂലിയും വാങ്ങാന്‍ പാടില്ല എന്ന് ഇത് അടിച്ചേല്പിച്ചവര്‍തന്നെ തിരിച്ചറിഞ്ഞത് ഈയിടെ മാത്രമാണ്. അമ്മയെ കൊന്ന കുറ്റവാളി, കോടതിയോടു “ഞാന്‍ അമ്മയില്ലാത്തവനാണ്; കരുണ കാണിക്കണ” മെന്നു പറഞ്ഞതുപോലെയുള്ള അവസ്ഥ. തൊഴില്‍ സമരങ്ങള്‍ കാര്‍ഷികരംഗം തകര്‍ത്തതിനുശേഷം വാണിജ്യരംഗത്തെയും വ്യാപാരരംഗത്തെയും വ്യവസായരംഗത്തെയും തകര്‍ക്കുന്നു. സംരംഭകര്‍, കേരളം വേണ്ടേ വേണ്ട… എന്നു പറഞ്ഞുകൊണ്ടു കൂട്ടത്തോടെ അയല്‍സംസ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകുന്നതു കണ്ടപ്പോഴെങ്കിലും കണ്ണു തുറന്നല്ലോ.

3. ഉത്പാദനക്ഷമത കുറഞ്ഞ കര്‍ഷകത്തൊഴിലാളികള്‍: കൃഷിയിടങ്ങളില്‍ അവശേഷിക്കുന്ന തൊഴിലാളിയുടെ ശരാശരി പ്രായം 63 വയസ്സാണ്. ഈ കിഴവന്മാരും കിഴവികളും ആദരവ് അര്‍ഹിക്കുന്നവര്‍തന്നെയാണെങ്കിലും ഇവരില്‍ നിന്നും എന്തു കര്‍മശേഷിയാണു പ്രതീക്ഷിക്കുവാന്‍ കഴിയുക? ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന വന്നുപോകുന്ന ദേശാടനക്കാരെക്കൊണ്ടു സുസ്ഥിര കൃഷിസമ്പ്രദായങ്ങള്‍, ഫാമുകള്‍ എന്നിവ എങ്ങനെ കര്‍ഷകന്‍ മുന്നോട്ടു കൊണ്ടുപോകും?

4. ക്ഷേമനിധി കര്‍ഷകതൊഴിലാളികള്‍: കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ പേരു ചേര്‍ത്തിരിക്കുന്ന കര്‍ഷകതൊഴിലാളികളില്‍ എത്ര പേര്‍ പാടത്തും പറമ്പിലും തൊഴിലെടുക്കുവാനെത്തുന്നു എന്നു പരിശോധിച്ചാല്‍ കാണാം, ഇവരാരും ഈ രംഗത്തില്ല. അന്യായകൂലി നല്കാന്‍ കര്‍ഷകര്‍ തയ്യാറാണെങ്കില്‍പ്പോലും ഇവരെ ലഭ്യമല്ല. ആനുകൂല്യങ്ങളും കര്‍ഷകതൊഴിലാളി പെന്‍ഷനും കൈപ്പറ്റുവാന്‍ മാത്രമായാണ് ഈ കര്‍ഷകതൊഴിലാളി ലേബല്‍ ഇവര്‍ ഉപയോഗിക്കുന്നത്.

5. തൊഴിലുഴപ്പ് എന്ന തൊഴിലുറപ്പ്: തൊഴിലുറപ്പു പദ്ധതി കാര്‍ഷികമേഖലയിലെ തൊഴില്‍ സംസ്കാരം നശിപ്പിച്ചുവെന്നു സര്‍ക്കാരുകള്‍ക്കും പൊതുസമൂഹത്തിനും നല്ല ബോദ്ധ്യമുണ്ട്. പക്ഷേ, പരിഹാരം കാണില്ല. അന്ധന്‍ ഉറങ്ങുക കൂടിയാണെങ്കിലോ?

6. കുതിച്ചുയരുന്ന ഉത്പാദനചെലവ്: വിത്ത്, വളം, കൂലി, യന്ത്രങ്ങളുടെ വാടക, പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധന എന്നിവ മൂലം കൃഷിച്ചെലവ് അനുദിനം വര്‍ദ്ധിച്ചു വരുന്നു. നെല്ലിന്‍റെയും പാലിന്‍റെയും പച്ചക്കറിയുടെയും മറ്റും വില, ഉത്പാദന ചെലവുമായി തട്ടിച്ചുനോക്കിയാല്‍ എത്ര നിസ്സാരമാണ്. ഈ നഷ്ടവും സഹിച്ചുകൊണ്ടു പൊതുസമൂഹത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷകനോട് അവഗണന.

7. വിപണനപ്രശ്നങ്ങള്‍: ഉത്പാദനം വര്‍ദ്ധിച്ചുപോയാല്‍ വിലയിടിക്കുക എന്നതു സാമ്പത്തികശാസ്ത്രം അറിയുന്ന ഏതൊരാള്‍ക്കും ബോദ്ധ്യമുള്ള കാര്യമാണ്. കാര്‍ഷിക ഉത്പന്നങ്ങളും ഭക്ഷ്യോത്പന്നങ്ങളും മിക്കതും സീസണല്‍ വിളകളാണ്. വിളവെടുപ്പുകാലത്തു സംഭരണസംവിധാനങ്ങളും താങ്ങുവിലയും ഇല്ലാത്തതിനാല്‍ കിട്ടിയ വിലയ്ക്ക് ഇടത്തട്ടുകാര്‍ക്കു കൊടുത്തു കടം വീട്ടാനല്ലാത്ത എന്തു സുസ്ഥിര മാര്‍ക്കറ്റാണു കെട്ടുതാലി പണയംവച്ചു കൃഷിയിറക്കിയ പാവം കര്‍ഷകന്‍റെ മുന്നിലുള്ളത്?

8. മൂല്യവര്‍ദ്ധന എന്ന ആകാശകുസുമം: കാര്‍ഷികവിളകളുടെ മൂല്യവര്‍ദ്ധന വഴി മുന്തിയ വില നേടിയെടുക്കാം എന്നു സെമിനാറുകളില്‍ വിദഗ്ദ്ധര്‍ ഉദ്ഘോഷിക്കുമല്ലോ. കര്‍ഷകന് ഉത്പാദിപ്പിക്കുവാനേ അറിയൂ. മണ്ണില്‍ പണിയെടുക്കാനേ അറിയൂ. മൂല്യവര്‍ദ്ധനവും സംരംഭകത്വവും മറ്റൊരു മേഖലയാണ്. പത്തുപറ കണ്ടത്തില്‍ കൃഷി ചെയ്യുന്ന നെല്‍കര്‍ഷകന് എങ്ങനെയാണു കൊയ്ത്തു സീസണില്‍ അവിലായും പുട്ടുപൊടിയായും അരിപ്പൊടിയായും ഇതു മാര്‍ക്കറ്റിലെത്തിക്കാന്‍ കഴിയുക? വലിയ കമ്പനികളുടെ ഉത്പന്നങ്ങള്‍ സിനിമാതാരങ്ങളുടെ പരസ്യത്തോടെ വില്പനശാലകളില്‍ നിരന്നിരിക്കുമ്പോള്‍ പാവം കര്‍ഷകന്‍റെ നാടന്‍ ജൈവ ഉത്പന്നങ്ങള്‍ ആരു വാങ്ങിക്കും?

9. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിപണിമത്സരം: അതിവിസ്തൃതമായ കൃഷിയിടങ്ങളില്‍, കുറഞ്ഞ കൂലിച്ചെലവില്‍, സര്‍ക്കാരുകളുടെയും ഗവേഷണസ്ഥാപനങ്ങളുടെയും അകമഴിഞ്ഞ സഹായത്തോടെ കുറഞ്ഞ ഉത്പാദനചെലവില്‍, കൃഷി ചെയ്തുണ്ടാക്കുന്ന വിഭവങ്ങള്‍, നമ്മുടെ ആഭ്യന്തര മാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറുമ്പോള്‍, ഈ ആനുകൂല്യങ്ങളൊന്നുമില്ലാത്ത കേരളകര്‍ഷകന്‍ ചന്തയിലെത്തിക്കുന്ന ഉത്പന്നങ്ങള്‍ക്ക് എന്താണ് വിപണിസാദ്ധ്യത? കിട്ടുന്ന വിലയ്ക്കു വലിച്ചെറിഞ്ഞ് കൊടുത്തിട്ടു വെറുംകയ്യുമായി, നിറകണ്ണുമായി മടങ്ങാനല്ലേ കഴിയൂ.

10. രാജ്യാന്തര സ്വതന്ത്ര വ്യാപാരകരാറുകള്‍: ‘സാഫ്ത’, ‘ആസിയാന്‍’ തുടങ്ങിയ കരാറുകള്‍ ഓരോ കാലത്തും കേന്ദ്രസര്‍ക്കാരുകള്‍ ഒപ്പുവയ്ക്കുമ്പോള്‍ അതു കാര്‍ഷികമേഖലയുടെ കഴുത്തില്‍ വീഴുന്ന കുരുക്കുകളാകുന്നു. വന്‍ സബ്സിഡിയില്‍ വിദേശരാജ്യങ്ങളില്‍ മുന്തിയ ടെക്നോളജിയും ജനിതക എന്‍ജിനീയറിങ്ങും ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഒരു തടസ്സവും കൂടാതെ നമ്മുടെ മാര്‍ക്കറ്റുകളിലേക്കും തീന്‍മേശകളിലേക്കും കടന്നുവരുമ്പോള്‍, കാലാവസ്ഥയോടും പ്രതികൂല സാഹചര്യങ്ങളോടും മല്ലടിച്ച്, പെടാപ്പാടു പെടുന്ന കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് എന്തു വിലസുരക്ഷയാണുള്ളത്?

11. കോര്‍പ്പറേറ്റുകളുടെ കരാര്‍ കൃഷികള്‍: വമ്പന്‍ കമ്പനികള്‍ കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്തു കര്‍ഷകനു വിത്തും വളവും നല്കിക്കൊണ്ട് അവര്‍ക്ക് ആവശ്യമുള്ള ഏകവിളകള്‍ ഒരേ മണ്ണില്‍ പല പ്രാവശ്യം കടുംകൃഷി ചെയ്ത് ഉത്പന്നങ്ങളുടെ കുത്തകക്കാരായി മാറുമ്പോള്‍, അവര്‍ പറയുന്ന വിലയ്ക്കു വിപണി വഴങ്ങേണ്ടി വരുന്ന അവസ്ഥ ഭക്ഷ്യക്ഷാമത്തിലേക്കും വിലക്കയറ്റത്തിലേക്കുമുള്ള വാതിലുകളാകും. അവശേഷിക്കുന്ന കൃഷിസ്ഥലം കമ്പനികളെ ഏല്പിച്ചു കര്‍ഷകന്‍ ആധുനികകാലത്തെ അടിമതൊഴിലാളിയാകുവാന്‍ അധികകാലം വേണ്ട. ഭൂമിയില്‍ അവകാശമില്ലാത്തവര്‍ എങ്ങനെ കര്‍ഷരാകും?

12. റബര്‍മേഖലയുടെ തകര്‍ ച്ച കേരളത്തിന്‍റെ നട്ടെല്ലൊടിച്ചു: 2010-ലെ കേരളത്തിന്‍റെ റബര്‍ ഉത്പാദനം 9 ലക്ഷം ടണ്ണായിരുന്നു. മാര്‍ക്കറ്റ് വില 200 രൂപ കിട്ടിയിരുന്ന അക്കാലത്ത് റബര്‍ കര്‍ഷകര്‍ വഴി കേരളത്തിന്‍റെ സമ്പദ്ഘടനയിലേക്കു ചെന്നുചേര്‍ന്നത് 18,000 കോടി രൂപയാണ്. എന്നാല്‍ 2017-ലെ ഉത്പാദനം 5.5 ലക്ഷം ടണ്ണായി കുറഞ്ഞു. റബറിന്‍റെ വില 120 രൂപയില്‍നിന്നും താഴേക്കു പോയി. ഇതിലൂടെ ലഭിച്ചതു വെറും 6,600 കോടിരൂപ മാത്രം. വെറും ഒരു നയംമാറ്റം വഴി നാടിനു നഷ്ടമായത് 11,400 കോടി രൂപ. ഇതു കര്‍ഷകന്‍റെ മാത്രം നഷ്ടമല്ല. കര്‍ഷകന്‍റെ കയ്യില്‍നിന്നും തൊഴിലാളികളിലേക്കും കച്ചവടക്കാരിലേക്കും വളനിര്‍മാതാക്കളിലേക്കും കെട്ടിടനിര്‍മാണത്തിലേക്കും ഓട്ടോ, ടാക്സിക്കാരിലേക്കും മീന്‍ കച്ചവടക്കാരിലേക്കും എത്തിയിരുന്ന പണമാണു നഷ്ടപ്പെട്ടത്. ടാപ്പിങ്ങ് തൊഴിലാളിക്കു കൂലി നല്കുവാന്‍ പോലും കഴിയാത്ത അവസ്ഥ.

13. കുടിയേറ്റക്കാരന്‍ പ്രകൃതിയുടെ ശത്രുവോ? കുടിയേറ്റക്കാരന്‍ നട്ടുനനച്ചു വളര്‍ത്തി ഹരിതാഭമാക്കി നിലനിര്‍ത്തുന്ന പശ്ചിമ ഘട്ടത്തില്‍ നിന്നും അവനെ ആട്ടിയോടിച്ചാലേ കേരളം രക്ഷപ്പെടൂ; ഭൂമിയിലെ അവകാശംപോലും കൊടുക്കരുത് എന്നു പറയുന്നത് എന്തു ക്രൂരതയാണ്. നെല്ലും തെങ്ങും മാത്രമുണ്ടായിരുന്ന നമ്മുടെ കാര്‍ഷികമേഖലയിലേക്കു റബര്‍, കുരുമുളക്, കാപ്പി, കൊക്കോ, ജാതി, ഇഞ്ചി, മഞ്ഞള്‍, ഏലം എന്നിങ്ങനെ ഒട്ടനവധി പൊന്നിന്‍വിളകള്‍ കൊണ്ടുവന്നു കര്‍ഷകനെ നിവര്‍ന്നു നില്ക്കാന്‍ പ്രാപ്തനാക്കിയ കുടിയേറ്റ കര്‍ഷകന്‍ പ്രകൃതിവിരുദ്ധനും കാലാവസ്ഥാനാശിനിയും എന്നു ചിത്രീകരിക്കപ്പെടുന്നത് സങ്കടകരമാണ്.

14. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും: ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, കൊടിയ വരള്‍ച്ച, അതിവൃഷ്ടി, അനാവൃഷ്ടി ഇവയെല്ലാം ആദ്യം തകര്‍ത്തതു കര്‍ഷകന്‍റെ സ്വപ്നങ്ങളെയാണ്. ഉരുള്‍ പൊട്ടലും ചുഴലിക്കാറ്റും ഓഖി ദുരന്തവും മറ്റും കര്‍ഷകനെ തകര്‍ക്കുമ്പോള്‍ നഷ്ടപരിഹാരം നല്കുന്നതില്‍പ്പോലും അലംഭാവം.

15 കാട്ടുമൃഗങ്ങളുടെ കടന്നുകയറ്റം: വനസംരക്ഷണ നിയമങ്ങള്‍ നല്ലതുതന്നെ. കൃഷിയിടങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കുന്ന കാട്ടുപന്നികളും മയിലുകളും ആനകളും കര്‍ഷകനു വരുത്തുന്നതു കൃഷിനാശം മാത്രമല്ല ജീവനാശം കൂടിയാണ്. കാട്ടുമൃഗങ്ങളുടെ ആക്രണംമൂലം ജീവന്‍ നഷ്ടപ്പെട്ടവരും പരിക്കേറ്റവരും നിരവധിയാണ്. ഒരാശ്വാസവാക്കുപോലും ഭരണകൂടം ഇവര്‍ക്കു നല്കുന്നില്ല.

ഒരിക്കലും വോട്ടുബാങ്കാകാത്ത കര്‍ഷകര്‍, അവരുടെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങള്‍, അവഗണന, കണ്ണടച്ച് ഉറക്കം നടിക്കുന്ന ഭരണകൂടങ്ങള്‍, ഇവ വേണ്ടവണ്ണം തിരിച്ചറിയാതെ നട്ടംതിരിയുന്ന കര്‍ഷകര്‍. ഇവരുടെ പ്രശ്നങ്ങള്‍ ഒരിക്കലും ശ്രദ്ധിക്കാത്ത മാധ്യമങ്ങള്‍, ഒരിക്കലും ഉണരാത്ത സമൂഹമനഃസാക്ഷി. നാടിന്‍റെ കാര്‍ഷികസംസ്കാരം നിലനിര്‍ത്തേണ്ടതും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തേണ്ടതും സര്‍ക്കാരിന്‍റെയും സമൂഹത്തിന്‍റെയും കടമയാണ്. അവരതു മറക്കുമ്പോള്‍ ഓര്‍മ്മപ്പെടുത്തേണ്ടതും ഉറക്കം നടിക്കുമ്പോള്‍ കുലുക്കി ഉണര്‍ത്തേണ്ടതും മാധ്യമങ്ങളും കോടതികളുമാണ്. ജനാധിപത്യം തകരുന്നു എന്ന തോന്നലുണ്ടായപ്പോള്‍ ശക്തമായി ഇടപെട്ടതുപോലെ ജൈവസംസ്കാരത്തിന്‍റെ അവശേഷിക്കുന്ന കാവലാളുകളായ കര്‍ഷകര്‍ നിറകണ്ണുകളും ഒഴിഞ്ഞ കൈകളുമായി യാചകരെപ്പോലെ നിലകൊള്ളുന്നതു തിരിച്ചറിഞ്ഞു കോടതികള്‍ ഇടപെടണം. ദൈവത്തിന്‍റെ സ്വന്തം നാടും നഗരവത്കരണവും ആസുരമായ വികസനനയങ്ങളാലും കുന്നുകൂട്ടുന്ന മാലിന്യകൂമ്പാരങ്ങളാലും ചെകുത്താന്‍റെ സ്വന്തം നാടായി മാറുന്നതിനെ തടയുന്നതിനുള്ള ഏകമാര്‍ഗം കൃഷിയുടെ നവീകരണമാണ്. നാടിന്‍റെ ജൈവജീവിതത്തിന്‍റെ ഹരിതഭംഗി നിലനിര്‍ത്തുവാന്‍ പാടുപെടുന്ന കര്‍ഷകനെ സമൂഹമാകെ സഹായിക്കട്ടെ.

drsudhodanan@yahoo.co.in
Mob:9447442486

Leave a Comment

*
*