ഇതാ കര്‍ത്താവിന്റെ (മാത്രം) ദാസിമാര്‍

ഇതാ കര്‍ത്താവിന്റെ (മാത്രം) ദാസിമാര്‍

മരിയ റാന്‍സം

ഡിസംബര്‍ ഒന്നു മുതല്‍ വാട്സാപ്പില്‍ കിട്ടിത്തുടങ്ങിയ പെണ്‍വാഴ്ത്തുകളോട് എന്നിലെ പെണ്ണ് വല്ലാതെ കലഹിക്കുന്നുണ്ട്. പെണ്ണിന്‍റെ സഹനത്തിന് ഈ വര്‍ണ്ണനകളിലെ ചാരുതയൊന്നും അന്നും ഇന്നും ഇല്ല എന്നു പറയുമ്പോള്‍ മനസ്സെത്തി നില്ക്കുന്നത് നസ്രത്തിലെ കൊച്ചു പെണ്‍കുട്ടി നടന്നുനീങ്ങിയ മലമ്പാത മാതൃകയാക്കി ഇങ്ങു കേരളത്തില്‍ സന്ന്യാസവഴികള്‍ തിരഞ്ഞെടുത്തവരുടെ കുനിഞ്ഞ ശിരസ്സുകള്‍ക്കു മുന്നിലാണ്.

അവിശ്വസനീയമെന്ന് ഇന്നത്തെ തലമുറയ്ക്കു തോന്നാവുന്ന കേരളചരിത്രം ശബരിമല വിവാദത്തോടൊപ്പം കേള്‍ക്കുന്നില്ലേ? ഉച്ചനീച-അനാചാരങ്ങളുടെ അക്കാലത്ത് അന്നവും അര്‍ത്ഥവും സവര്‍ണ പുരുഷമേധാവിത്വത്തില്‍ കീഴിലായിരുന്നുവത്രേ. കൗമാരം കടക്കും മുന്നേ തന്നെ ആണൊരുത്തനു തുണയായി വീടിന്‍റെ ചുമരുകള്‍ക്കുള്ളില്‍ എരിഞ്ഞുതീരാനുള്ളതാണു പെണ്ണിന്‍റെ ജന്മം എന്നായിരുന്നു അലിഖിത നിയമം. എന്നാല്‍ ക്രിസ്തീയ വിശ്വാസത്തിലധിഷ്ഠിതമായി ജീവിച്ച കുടുംബങ്ങളിലെ പതിനാറോ പതിനെട്ടോ വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍, മറ്റു മതങ്ങളിലൊന്നും കേള്‍ക്കാത്ത സന്ന്യാസത്തിന്‍റെ ജീവിതശൈലിയിലേക്കു ദൈവകൃപയാല്‍ ആകൃഷ്ടരായി. ജനിച്ച വീടിനടുത്തുള്ള കവലയ്ക്കപ്പുറം കാണാത്ത അവര്‍ പിന്നീടേറ്റെടുത്ത വെല്ലുവിളികള്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടേണ്ടവതന്നെയാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യമെന്ന സദ്വാര്‍ത്തയാകാനുള്ള വിളിയോട് ആമേന്‍ പറഞ്ഞ അവര്‍ ഭൂമിയുടെ അതിരുകളോളം അവനു സാക്ഷികളായി മാറിയതു ചരിത്രം. അന്നത്തിനൊപ്പം അറിവുംകൂടെ നല്കി, കന്നിനും കാലിക്കുമൊപ്പം എണ്ണപ്പെടേണ്ടതല്ല മനുഷ്യജീവിതമെന്ന ബോദ്ധ്യത്തിലേക്കെത്താന്‍ കത്തോലിക്കാസഭ കേരളത്തില്‍ നടത്തിയ സാമൂഹ്യപ്രവര്‍ത്തനത്തിനു പിന്‍ബലമാവുകയും ചെയ്തു. പക്ഷേ, ഇതൊന്നും ഇന്നു കേള്‍ക്കുന്ന നവോത്ഥാനചരിത്രപ്രസംഗങ്ങളിലൊന്നും പരാമര്‍ശിക്കപ്പെടുന്നില്ല.

കറുപ്പും വെളുപ്പും ചാരയും തവിട്ടുമൊക്കെ ശിരോവസ്ത്രമണിഞ്ഞു ജപമണികളുരുട്ടി തഴമ്പിച്ച വിരലുകള്‍ മാതൃഭാവത്തോടെ സമൂഹത്തെ നോക്കിക്കണ്ടതാണ് ഇന്നു കാണുന്ന കേരളസംസ്കാരത്തിലേക്കുള്ള ആദ്യചുവടുവയ്പ് എന്നു വേണമെങ്കില്‍ പറയാം. കാരണം ഒരു പുരുഷനു കടന്നുചെല്ലാനുള്ള പരിമിതികളും വിലക്കുകളും സ്ത്രീക്കു മുന്നില്‍ അന്ന് അനുഭവപ്പെട്ടില്ല. സ്ത്രീ വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷാ പ്രവര്‍ത്തനങ്ങളും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും എന്ന നടപ്പുരീതികള്‍ മാത്രമല്ല, കുടിയേറ്റങ്ങള്‍ക്കു ചൂട്ടു തെളിച്ചതും ഇടവകകളുടെയും സ്ഥാപനങ്ങളുടെയും പിറവിക്കും വളര്‍ച്ചയ്ക്കും അനുദിന നടത്തിപ്പിനും അക്ഷരാര്‍ത്ഥത്തില്‍ കാവലിരുന്നതും ഇവരാണ്. കേരളത്തിന്‍റെ സാമ്പത്തിക മുന്നേറ്റത്തിനു കാരണമായി മാറിയ കടല്‍കടന്നുള്ള ആതുരസേവനമെന്ന കരിയര്‍ ഗൈഡന്‍സ് നടന്നിരുന്നതും ഈ കന്യാമഠങ്ങളില്‍ നിന്നാണ്. ആണൊരുത്തന്‍റെ കൈകളിലേല്പിച്ച പെണ്ണിന്‍റെ കണ്ണു നനയുന്ന ഇടങ്ങളിലെല്ലാം അവര്‍ക്കു തുണയായി, ക്രൂശിതനെ കൂട്ടുപിടിച്ച് അവരുണ്ടായിരുന്നു. ആയിരിക്കുന്ന ഇടങ്ങളിലെ സമൂഹം നല്കിയ സുരക്ഷിതത്വത്തില്‍ അന്നവര്‍ സുരക്ഷിതരുമായിരുന്നു. ഏറ്റെടുക്കുന്ന കര്‍മത്തിന്‍റെ ഭാരവും പ്രായത്തിന്‍റെയും കാലത്തിന്‍റെയും വിഹ്വലതകളും തമ്പുരാനില്‍ മാത്രം സമര്‍പ്പിച്ചവര്‍ക്കു മുന്നില്‍ അസാദ്ധ്യമെന്ന വാക്കുണ്ടായിരുന്നില്ല. കനത്ത കല്‍ക്കെട്ടിനേക്കാളും അളവറ്റ ഭൂസ്വത്തിനേക്കാളും ബാലന്‍സ്ഷീറ്റിലെ നീണ്ട അക്കത്തേക്കാളും കര്‍ത്താവെന്ന നല്ല ഇടയനിലെ ആശ്രയം മാത്രം കൈമുതലായുണ്ടായിരുന്ന അമ്മമുഖങ്ങള്‍ നിങ്ങളുടെ മനസ്സിലും തെളിയുന്നുണ്ടാകുമല്ലോ.

2018 പ്രളയകാലം എന്നാണു കേരളത്തെ ചരിത്രത്തില്‍ രേഖപ്പെടുത്തുക. തടഞ്ഞുവച്ചതിനെയും പിടിച്ചടക്കിയതിനെയും പ്രകൃതി തിരിച്ചുപിടിച്ചു. ദൈവികപദ്ധതിക്കപ്പുറം മനുഷ്യബുദ്ധിയാല്‍ സ്വാര്‍ത്ഥതാത്പര്യത്തോടെ കൂട്ടിച്ചേര്‍ക്കപ്പെട്ടവയെല്ലാം തകര്‍ത്തെറിയപ്പെട്ടു. ആരുമില്ലാത്തവര്‍ക്ക് ആശ്രയമെന്ന വലിയ ലക്ഷ്യത്തില്‍നിന്നു വ്യതിചലിച്ച കല്‍ക്കെട്ടുകളുടെ ചുവടുകളും ഇളകി. ഇതില്‍ കന്യാമഠങ്ങളെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ അവരെ അടുത്തറിയുന്നവരുടെ ചങ്കുലയ്ക്കുന്നുണ്ട്. ഇടര്‍ച്ച സംഭവിച്ചവര്‍ അതു മറയ്ക്കാനായി നടത്തുന്ന അടവുകളോ അത്യപൂര്‍വമായി കേള്‍ക്കാറുള്ള ഭിന്നസ്വരമോ അല്ല, സഭകളുടെ ഉള്ളില്‍നിന്നുതന്നെ ഉയര്‍ന്ന വിള്ളലുകളുടെ വാക്കുകള്‍ വലിയ ജനശ്രദ്ധ നേടി. പൊതുസമൂഹം അവയെ ഏറ്റെടുത്ത രീതിയും അതിശയിപ്പിക്കുന്നതായിരുന്നു. സന്ന്യാസസമൂഹത്തിന്‍റെ സേവനങ്ങളെ ഉപയോഗപ്പെടുത്തിയവരും അതുവരെ അഭ്യുദയ കാംക്ഷികളുമായിരുന്നവരൊക്കെ കേരളത്തിലെ മുഴുവന്‍ സന്യസ്തരുടെയും പ്രവര്‍ത്തനങ്ങളെ ആക്രമിക്കുവാന്‍ ഒരവസരത്തിനായി കാത്തിരുന്നതുപോലെ ഉപദ്രവിക്കുന്നതും കണ്ടു. വിദ്യാഭ്യാസ ആതുരരംഗത്തെ കച്ചവടക്കണ്ണും അധികാരവടംവലികളും സമൂഹത്തില്‍ സ്വാധീനമുള്ളവരെ സ്വാധീനിക്കാനായി നടത്തുന്ന വഴിവിട്ട നടപടികളും വരുമാനമില്ലാത്ത സേവനങ്ങളോടുള്ള വിമുഖതയും ഒരേ സമൂഹത്തിലെതന്നെ ഉദ്യോഗസ്ഥരും ഉദ്യോഗമില്ലാത്തവരും തമ്മിലുള്ള അന്തരവും നവമാധ്യമങ്ങളുടെ ഉപയോഗത്തിലെ അതിപ്രസരവും ആവൃതിക്ക് പുറത്ത് ചര്‍ച്ചാവിഷയങ്ങളായി, മാധ്യമങ്ങളുടെ സൃഷ്ടി, രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങള്‍ എന്നൊക്കെ വ്യാഖ്യാനിച്ച് നമുക്കാശ്വസിക്കാം. എങ്കിലും ഈ വിഷയങ്ങള്‍ ഒരു ആത്മശോധന ആവശ്യപ്പെടുന്നുണ്ട്. സമൂഹത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ വിപല്‍ ജീവിതം നയിച്ചവന്‍റെ വിളികേട്ട് ഇറങ്ങിത്തിരിച്ചവരുടെ മേല്‍ ദൈവവും മനുഷ്യനും അര്‍പ്പിക്കുന്ന പ്രതീക്ഷയുടെ വലിപ്പത്തെത്തന്നെയാണു സൂചിപ്പിക്കുന്നത്. വലിയ ലക്ഷ്യങ്ങളുമായി അവന്‍ വിളിച്ച് ഇറക്കിക്കൊണ്ടു വന്നവര്‍ ചെറിയ കാര്യങ്ങളില്‍ കുരുങ്ങിപ്പോകുന്നുണ്ടോ? ആത്മീയമണവാളനെന്നു വിളിക്കപ്പെടുന്നവന്‍റെ തോളും കൈത്തണ്ടയുമല്ലാതെ മറ്റേതെങ്കിലും കരുതലുകള്‍ ആശ്രയമാകുന്നുണ്ടോ?

ദൈവത്തിനൊന്നും അസാദ്ധ്യമല്ല എന്നുറപ്പിക്കാന്‍ വേണ്ടിയാകാം ദൂതന്‍ ഏലീശ്വാമ്മയുടെ വാര്‍ദ്ധക്യത്തിലെ ഗര്‍ഭാവസ്ഥയെക്കുറിച്ചു മറിയത്തോടു പറയുന്നത്. പക്ഷേ, കണ്ടറിഞ്ഞു കാര്യങ്ങള്‍ ചെയ്യാനുള്ള പെണ്ണിന്‍റെ മിടുക്കു കാട്ടുന്ന മറിയത്തെയാണു വേദപുസ്തകം നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. തന്‍റെ ഗര്‍ഭത്തെക്കുറിച്ചുള്ള ആകാംക്ഷയെല്ലാം മാറ്റിവച്ച് ഏലീശ്വാമ്മയുടെ പ്രസവസമയം വരെ കൂട്ടായിരിക്കുന്ന മറിയം. പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ ലോകത്തിലെ അനിവാര്യമായ ആവശ്യങ്ങള്‍ക്കായിട്ടാണ് ഓരോ സന്ന്യാസസഭയും രൂപപ്പെടുന്നതെങ്കില്‍ ആ ആവശ്യത്തിന്‍റെ പൂര്‍ത്തീകരണത്തിനുശേഷം സഭയ്ക്കു നിലനില്പുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണു പരി. അമ്മയെക്കുറിച്ചുള്ള ഈ വിവരണം എന്നു തോന്നുന്നു. സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തനരീതികളെ ക്രമപ്പെടുത്താനുള്ള പെണ്ണിന്‍റെ മിടുക്കു കന്യാമഠങ്ങളും സ്വീകരിക്കേണ്ടേ? കാരണം വിദ്യാഭ്യാസവും സമ്പൂര്‍ണ ആരോഗ്യവും അടിസ്ഥാന ആവശ്യമായി ലഭിക്കുന്ന നാട്ടില്‍, ഒരു നേരത്തെ ഭക്ഷണവും വസ്ത്രവും ഏറ്റവും ദരിദ്രനായവന്‍റെ പോലും സ്വപ്നമല്ലാതായ കാലത്ത്, അമ്മമനസ്സോടെ കൂടെ ആയിരിക്കേണ്ട സങ്കടപ്പട്ടികയ്ക്കു മാറ്റം വന്നു. ഭൗതികമായി കെല്പു കുറഞ്ഞവരെ ചേര്‍ത്തുപിടിച്ച കരങ്ങള്‍ ഇനി തുണയാകേണ്ടതു വ്യക്തിപരമായി നിലനില്ക്കാന്‍ കെല്പില്ലാതെ കൂനിക്കൂടി പോകുന്ന ജീവിതങ്ങള്‍ക്കാണ്. ജീവിതത്തിന്‍റെ ദിശപോലും തിരഞ്ഞെടുക്കാനറിയാതെ വളരുന്ന തലമുറയ്ക്കും വാട്സാപ്പിലൂടെയല്ലാതെ തോളത്തു കയ്യിടാന്‍ ചങ്ങാതിമാരില്ലാത്ത കൗമാരത്തിനും തുല്യതയുടെ ത്രാസുമായി ജീവിതപങ്കാളികളാകുന്ന ദാമ്പത്യത്തിനും ഇനിയെന്തെന്നു പിടികിട്ടാതെ മരച്ചുപോകുന്ന വാര്‍ദ്ധക്യത്തിനുമൊക്കെ കൂട്ടാവാന്‍ നിങ്ങള്‍ വേണം. വല്ലാതെ തിരക്കിട്ട് ഓടിപ്പോകുന്ന ലോകത്തോടു "മെല്ലെ" എന്നൊന്ന് ഓര്‍മിപ്പിക്കാന്‍ നിങ്ങളുമില്ലാതായിപ്പോയാല്‍ പിന്നെ ആരാണ് ഉണ്ടാവുക? ഇന്നലെ എന്നപോലെ ഇന്നും ഞങ്ങളെ അതിശയിപ്പിക്കുന്ന ബദല്‍ ജീവിതശൈലിയാണ് ഞങ്ങള്‍ നിങ്ങളില്‍ തേടുന്നത്. ലോകത്തോടുള്ള തുറവിയാണു ദാരിദ്ര്യമെന്നും അവനവന്‍റേതായ യാതൊരു മാര്‍ഗവും ലക്ഷ്യവും ആഗ്രഹവും താത്പര്യവുമില്ലാതെ, എന്തു ചെയ്യണം, എവിടെ പോകണം എന്നതെല്ലാം ഈശ്വരേച്ഛയായി മാറുന്നതാണു ബ്രഹ്മചര്യമെന്നും ആരുടെ വിളി കേട്ടാണോ സന്ന്യാസജീവിതത്തിലേക്ക് ഇറങ്ങിത്തിരിച്ചത് അതേ പരമാധികാരിയുടെ ശബ്ദം തന്നെയാണോ തന്നെ ഭരിക്കുന്നതെന്ന തിരിച്ചറിവ് അനുസരണമെന്നും ബോദ്ധ്യമുള്ളവരിലാണു സഭയുടെയും ലോകത്തിന്‍റെയും പ്രതീക്ഷ.

സഭയുടെ അമ്മയായ പരി. കന്യാമറിയത്തിന്‍റെ തിരുനാള്‍ ദിനത്തില്‍ ദിവ്യബലി മദ്ധ്യേ വചനവിശകലനം ചെയ്തു ഫ്രാന്‍സിസ് പാപ്പ പറഞ്ഞു: "മണവാട്ടിയുടെയും അമ്മയുടെയും ഭാവത്തിന്‍റെ അഭാവത്തില്‍ സഭ സ്നേഹഭാവരഹിതയായി ഭവിക്കും. അവള്‍ക്ക് ഫലം പുറപ്പെടുവിക്കാനാവില്ല. പുരുഷഭാവം നല്കപ്പെട്ടാല്‍ സഭ പ്രായത്തില്‍ വളരുകയും ഫലരഹിതയായി നിലകൊള്ളുകയും ചെയ്യും. സഭ മറിയത്തെപ്പോലെ അമ്മയാകുമ്പോള്‍ അവള്‍ ആര്‍ദ്രതയുടെ പാതയില്‍ നീങ്ങും. തലോടലിന്‍റെയും നിശ്ശബ്ദതയുടെയും അനുകമ്പയുടെയും ഭാഷയറിയുന്നവളാകും. സ്ത്രീയുടെയും അമ്മയുടെയും ഭാവം നഷ്ടപ്പെട്ടാല്‍ – ഈ തനിമ നഷ്ടമായാല്‍ – സഭ വെറും ഉപവിപ്രവര്‍ത്തനത്തിനുള്ള സംഘടനയോ കളിസംഘമായോ മറ്റെന്തെങ്കിലും സംഘടനയോ ആയിത്തീരും." പാപ്പയുടെ ഓര്‍മപ്പെടുത്തലിനോടു ചേര്‍ത്തു വച്ച് ആരോപണങ്ങളുടെ പെരുമഴക്കാലത്തെയും പ്രളയത്തെയും നോക്കിക്കാണുമ്പോള്‍ വളര്‍ച്ചയുടെ വഴികളില്‍ സംഭവിച്ച മുരടിപ്പു മാറ്റാനായി തമ്പുരാന്‍ നടത്തിയ കോതിയൊരുക്കലായിത്തന്നെ ഇവയെല്ലാം കാണാനാകുന്നു. കാരണം അന്നും ഇന്നും എന്നും സഭയുടെ അമ്മമുഖം സന്ന്യസ്തരുടേതാണ്.

ലോകമെങ്ങുമുള്ള പെണ്‍ജീവിതങ്ങളുടെ മുഖച്ഛായയ്ക്കു മാറ്റം വന്നു. കുനിഞ്ഞ ശിരസ്സോടെയല്ല, സമൂഹത്തിനു നേര്‍ക്കു തല ഉയര്‍ത്തിയാണ് ഓരോ പെണ്‍കുഞ്ഞും വളര്‍ന്നുവരുന്നത്. ഇവരില്‍നിന്നുമാണ് ജീവന്‍റെ കണിക കാഴ്ചയും കേള്‍വിയുമായി പരിണമിക്കുന്നതിന് കാവലാളാകുന്നതിനേക്കാള്‍ പതിന്മടങ്ങ് പുണ്യമാണ് തമ്പുരാനു വേണ്ടി സമൂഹത്തെ രൂപപ്പെടുത്തുന്നതിലൂടെ ലഭിക്കുക എന്ന ബോധ്യമുള്ള ദൈവവിളികള്‍ ഉണ്ടാവേണ്ടത്. ഈ മാറ്റം കന്യാമഠങ്ങളുടെ അകത്തും സംഭവിക്കണ്ടേ? ആത്മവിശ്വാസത്തോടെയാകട്ടെ ഓരോ സന്ന്യാസിനിയും സമൂഹത്തെ അഭിമുഖീകരിക്കുന്നത്. ശക്തനായവന്‍ വലിയ കാര്യങ്ങള്‍ക്കായി തിരഞ്ഞെടുത്തവരുടെ ആശ്രയം അവനില്‍ മാത്രമാകണമെന്നതു നിയതി. തമ്പുരാന്‍റെ മുന്നില്‍ മാത്രം സ്വീകരിച്ച മാതാവിന്‍റെ ദാസീഭാവം, തമ്പുരാന് തലചായ്ക്കാനുള്ള അമ്മമടിത്തട്ടായവരെ അവളെ ഉയര്‍ത്തി. സ്വന്തമെന്ന മൂന്നാലു മുറി വീടിന പ്പുറമുള്ള വിശാലലോകം കാട്ടി വിളിച്ചിറക്കിയവനു മുന്നില്‍ മാത്രം ദാസിയായി തീരാനുള്ളതാകട്ടെ നിങ്ങളുടെ ദൈവവിളി.

മാതൃസംഘത്തിന്‍റെ അമരത്തുപോലും അമ്മമുഖമല്ല എന്നതിനു കാരണം സന്യാസിനികളിലുള്ള വിശ്വാസക്കുറവാണെന്ന അടക്കം പറച്ചിലിനു മറുപടിയായി മനസ്സ് വീണ്ടും കലമ്പുന്നു – നസ്രത്തിലെ ഒരു സാധാരണ പെണ്‍കുട്ടിയോടു ദൈവം കാട്ടിയ ധൈര്യത്തിന്‍റെ ഒരംശമെങ്കിലും സഭാനേതൃത്വത്തിന് ഇല്ലാതെ പോകുന്നുവോ? നേഴ്സറിടീച്ചറും പ്രിന്‍സിപ്പാളമ്മയും ഡോക്ടറും നേഴ്സും വക്കീലും സഭാസ്ഥാപനങ്ങളുടെ ഗുമസ്തപണിയും എന്ന അതിര്‍വരയൊക്കെ മുറിക്കപ്പെടേണ്ടേ? സഭാസ്ഥാപനങ്ങളുടെ അദ്ധ്യക്ഷയായും രൂപതാ ആലോചനാസമിതി അംഗമായും സഭാപ്രവര്‍ത്തന വിഭാഗ മേധാവിയായുമൊക്കെ ശിരോവസ്ത്രമണിഞ്ഞവര്‍ അത്യുന്നതനു സ്തുതി പാടുന്ന കാലം വിദൂരത്തല്ലാതാകട്ടെ. അധികാരത്തിന്‍റെ പുരുഷഭാവമല്ല മാതൃത്വത്തിന്‍റെ അമ്മഭാവമാണു സഭയുടെ മുഖം എന്ന ഓര്‍മപ്പെടുത്തലാണു പിറവിത്തിരുനാളിന്‍റെ ആശംസ. അസാദ്ധ്യമായവയെ സാദ്ധ്യമാക്കാന്‍ ദൈവകൃപയില്‍ മാത്രം ആശ്രയിക്കാന്‍ തയ്യാറുള്ളവര്‍ക്കു സമാധാനവും.
ആമേന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org