Latest News
|^| Home -> Cover story -> കരുണയുടെയും സാക്ഷ്യത്തിന്‍റെയും ദൗത്യത്തിനായി

കരുണയുടെയും സാക്ഷ്യത്തിന്‍റെയും ദൗത്യത്തിനായി

Sathyadeepam

ഭാരത കത്തോലിക്കാ മെത്രാന്‍ സംഘം 33-ാമതു പൊതുസമ്മേളന സമാപന പ്രസ്താവനയുടെ സംക്ഷിപ്തം

ഏതെങ്കിലുമൊരു പ്രത്യേക മതത്തിന്‍റേയോ സംസ്കാരത്തിന്‍റേയോ മാത്രം അടിസ്ഥാനത്തില്‍ ദേശീയത വളര്‍ത്താനുള്ള ഏതൊരു ശ്രമവും അപകടകരമാണ്. അതൊരു പക്ഷേ ഐകരൂപ്യത്തിലേയ്ക്കു നയിച്ചേക്കും, പക്ഷേ ഒരിക്കലും ഐക്യത്തിലേയ്ക്കെത്തിക്കില്ല. ഇത്തരം അബദ്ധ പരിശ്രമങ്ങള്‍ നമ്മുടെ രാജ്യത്തെ സ്വയംനാശത്തിലേയ്ക്കു നയിക്കും. പുരോഗതിക്കും വികസനത്തിനും സമാധാനത്തിനുമുള്ള അന്വേഷണത്തിന് ഒരിക്കലും ശരിയായ ഒരുത്തരമായിരുന്നിട്ടില്ല, ആയിരിക്കുകയുമില്ല ഏകസംസ്കാരവാദം.

ആമുഖം: മൂന്നു സ്വയാധികാരസഭകള്‍ കൊണ്ട് അനുഗ്രഹീതമായ ഭാരത കത്തോലിക്കാസഭയുടെ അനന്യസ്വഭാവസവിശേഷതയ്ക്കു നാം ദൈവത്തിനു നന്ദി പറയണം. പരിശുദ്ധ ത്രിത്വത്തിന്‍റെ കൂട്ടായ്മ സ്വന്തം ജീവി തത്തിലും ദൗത്യത്തിലും പ്രതിഫലിപ്പിക്കാന്‍ ഭാരതസഭ വിളിക്കപ്പെട്ടിരിക്കുന്നു.

ഈ ദര്‍ശനത്തില്‍ വേരാഴ്ത്തിക്കൊണ്ടാണ്, “കരുണയുടെയും സാക്ഷ്യത്തിന്‍റെയും ദൗത്യത്തിനായി വൈവിധ്യത്തില്‍ ഐക്യപ്പെട്ടിരിക്കുന്നത്; ‘യുഗാന്ത്യം വരെയും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും”‘ എന്ന പ്രമേയത്തെക്കുറിച്ചു ചിന്തിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമായി ഇന്ത്യന്‍ കത്തോലിക്കാസഭയിലെ മെത്രാന്മാരായ ഞങ്ങള്‍ 184 പേര്‍ സിബിസിഐയുടെ 33-ാമത് പൊതുസമ്മേളനത്തിനായി ബെംഗളുരു സെ. ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ 2018 ഫെബ്രുവരി 2 മുതല്‍ 9 വരെ ഒത്തു കൂടിയത്. നമ്മുടെ സ്വന്തം അനന്യതയെ കുറിച്ചുള്ള അവബോധം ആഴപ്പെടുത്തുന്നതിനും രാഷ്ട്രനിര്‍മ്മാണത്തിലുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുമായിരുന്നു ഇത്.

ഇന്ത്യയിലെ സഭ: യേശുവിന്‍റെ അപ്പസ്തോലനായ തോമാശ്ലീഹായിലൂടെയാണ് ഭാരതത്തിലെ സഭ വിശ്വാസമെന്ന ദാനം സ്വീകരിച്ചത്. മിഷനുകളുടെ മദ്ധ്യസ്ഥനായ വി. ഫ്രാന്‍സിസ് സേവ്യറെ പോലെ മഹത്തുക്കളായ നിരവധി വിശുദ്ധരുടെ പരിശ്രമങ്ങളാല്‍ നമ്മുടെ ക്രൈസ്തവവിശ്വാസം പരിപോഷിപ്പിക്കപ്പെടുകയും ശക്തമാക്കപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ക്രൈസ്തവവിശ്വാസത്തിനു ക്രൈസ്തവികതയോളം പഴക്കമുണ്ടെന്ന് ഊന്നിപ്പറയാന്‍ ഞങ്ങളാഗ്രഹിക്കുന്നു. ഇന്ത്യ ഇന്നത്തെ ഇന്ത്യയായിരിക്കുന്നത് ഇന്ത്യയിലെ സഭകളുടെ കൂടി സംഭാവനകളുടെ ഫലമായാണ്.

ദരിദ്രരുടെ ശക്തീകരണവും മനുഷ്യാന്തസ്സിന്‍റെ അഭിവൃദ്ധിയും നമ്മുടെ ഭരണഘടനയില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന മൂല്യങ്ങളാണ്. സഭയും സ്വന്തം ദൗത്യത്തില്‍ അതിനെ വിലമതിക്കുന്നു. സമാധാനത്തിന്‍റെ നാല് അവശ്യ സ്തംഭങ്ങളായ സത്യം, നീതി, സ്നേഹം, സ്വാതന്ത്ര്യം (ജോണ്‍ 23, ഭൂമിയില്‍ സമാധാനം) എന്നിവയിന്മേല്‍ നമ്മുടെ രാജ്യത്തെ പടുത്തുയര്‍ത്തുക എന്നതാണ് സഭ തന്‍റെ എല്ലാ പ്രവൃത്തികളിലൂടെയും നിറവേറ്റുന്ന ദൗത്യത്തിന്‍റെ ഏക ലക്ഷ്യം.

യഥാര്‍ത്ഥദേശീയതയും ഭരണഘടനാ മതേതരത്വവും
ഏതെങ്കിലുമൊരു പ്രത്യേക മതത്തിന്‍റെയോ സംസ്കാരത്തിന്‍റെയോ മാത്രം അടിസ്ഥാനത്തില്‍ ദേശീയത വളര്‍ത്താനുള്ള ഏതൊരു ശ്രമവും അപകടകരമാണ്. അതൊരു പക്ഷേ ഐകരൂപ്യത്തിലേയ്ക്കു നയിച്ചേക്കും, പക്ഷേ ഒരിക്കലും ഐക്യത്തിലേയ്ക്കെത്തിക്കില്ല. ഇത്തരം അബദ്ധ പരിശ്രമങ്ങള്‍ നമ്മുടെ രാജ്യത്തെ നാശത്തിലേയ്ക്കു നയിക്കും. പുരോഗതിക്കും വികസനത്തിനും സമാധാനത്തിനുമുള്ള അന്വേഷണത്തിന് ഒരിക്കലും ശരിയായ ഒരുത്തരമായിരുന്നിട്ടില്ല, ആയിരിക്കുകയുമില്ല ഏകസംസ്കാരവാദം. സംസ്കാരത്തിന്‍റെയും ഭാഷയുടെയും പ്രദേശത്തിന്‍റെയും വംശത്തിന്‍റെയും മതത്തിന്‍റെയും സമ്പന്നമായ വൈവിധ്യമുള്ള നമ്മുടേതുപോലൊരു രാജ്യത്തില്‍ വിശേഷിച്ചും. സ്ത്രീ കള്‍ക്കെതിരായ അക്രമങ്ങള്‍, കൊലപാതകങ്ങള്‍, ജാതിപ്പോരുകള്‍, ക്രൈസ്തവസ്ഥാപനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും എതിരെയുണ്ടാകുന്നതുള്‍പ്പെടെയുള്ള വര്‍ഗീയകലാപങ്ങള്‍ എന്നിവ വര്‍ദ്ധിച്ചു വരുന്നതിനെ ഞങ്ങള്‍ അപലപിക്കുന്നു. സാമ്പത്തിക സ്ഥിതിയോ സംസ്കാരമോ മതമോ പ്രദേശമോ ഭാഷയോ നോക്കാതെ എല്ലാ പൗരന്മാരുടേയും മനുഷ്യാന്തസ്സിനെ മാനിക്കുന്നതാണ് യഥാര്‍ത്ഥ ദേശീയവാദം.

ഇന്ത്യന്‍ ഭരണഘടന ഉറപ്പു തരുന്ന നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കണമെന്ന്, സന്മനസ്സുള്ള എല്ലാ ജനങ്ങളേയും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ആള്‍ക്കൂട്ട സംസ്കാരവും നിയമം കൈയിലെടുക്കലും, സമാധാനം കൈവരിക്കുന്നതിനായി ഒഴിവാക്കണമെന്ന് അക്രമങ്ങളുടെ ഇന്നത്തെ സംസ്കാരത്തില്‍ സഹപൗരന്മാരോടു ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ രാജ്യത്ത് നിയമവും ക്രമസമാധാനവും പാലിക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ എല്ലാ പരിശ്രമങ്ങളേയും ഞങ്ങള്‍ മാനിക്കുകയും അവയോടു സഹകരിക്കുകയും ചെയ്യുന്നതാണ്.

 

സഭയുടെ കാരുണ്യദൗത്യം
ഭാരതത്തിന്‍റെ ഇന്നത്തെ സാഹചര്യത്തില്‍ സുവിശേഷത്തിന്‍റെ സത്തയും ക്രൈസ്തവശിഷ്യത്വത്തിന്‍റെ ആവിഷ്കാരവുമായ കരുണയുടെ ആത്മാര്‍ത്ഥ സാക്ഷികളായി മാറുവാന്‍ ക്രിസ്തുവിന്‍റെ ശിഷ്യരായ ഞങ്ങള്‍ തീരുമാനിക്കുന്നു. കൊല്‍ക്കത്തയിലെ മദര്‍ തെരേസയുടെ മൃദുലകരങ്ങളിലും ചുളിഞ്ഞ മുഖത്തിലും ഇന്‍ഡോറിലെ വാഴ്ത്തപ്പെട്ട റാണി മരിയയുടെ രക്തസാക്ഷിത്വത്തിലും സാക്ഷ്യം വഹിക്കപ്പെട്ടതും ഇതു തന്നെയാണ്. വെറും സാമ്പത്തിക മാനദണ്ഡങ്ങള്‍ക്കപ്പുറത്ത് മാനവസൂചികയില്‍ അളക്കാവുന്ന ശരിയായ മാനവിക വികസനം ഉറപ്പാക്കുന്നതിനു വേണ്ടി, രാജ്യത്തെ സേവിക്കുന്നതില്‍, വിശേഷിച്ചും ദളിതരേയും ആദിവാസികളേയും മറ്റു പിന്നാക്കവിഭാഗങ്ങളേയും സേവിക്കുന്നതില്‍, ക്രൈസ്തവരായ ഞങ്ങള്‍ സഹപൗരന്മാരുമായി കൈകോര്‍ക്കുന്നു.

സഭയ്ക്കുള്ളിലും രാജ്യത്തിലും നാനാത്വത്തില്‍ എക്യത്തോടെ ജീവിക്കുന്നതിനു താഴെ പറയു ന്ന കാര്യങ്ങള്‍ ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു:

1) അനവരതം പ്രാര്‍ത്ഥിക്കുകയും ഞങ്ങളുടെ ത്രിത്വൈക വി ശ്വാസത്തിന് അനുസരിച്ച് നാനാത്വത്തില്‍ സദാ ഐക്യത്തോടെ ജീവിക്കുകയും ചെയ്തുകൊണ്ട് എല്ലാ തലത്തിലും ശിഷ്യത്വത്തിന്‍റെ ക്രൈസ്തവജീവിതം ആഴപ്പെടുത്തുക.

2) അല്മായര്‍ക്കും സന്യസ്തര്‍ക്കും പുരോഹിതര്‍ക്കും ഇടയിലെ കൂട്ടായ്മയുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും സഭയുടെ എല്ലാ തലങ്ങളിലും കൂട്ടായ്മയുടെ ജീവിതശൈലിയുണ്ടാകുന്നുവെന്നുറപ്പാക്കുകയും ചെയ്യുക.

3) വിശ്വാസികളുടെ സമഗ്ര രൂപീകരണത്തിനും മതാന്തര സഹകരണം, സമാധാനം, സാഹോദര്യം എന്നിവയ്ക്കുമായി ചെറു ക്രൈസ്തവസമൂഹങ്ങളേയും കുടുംബയൂണിറ്റുകളേയും വളര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെ യ്യുക.

4) ലോകത്തിലെ സുവിശേഷവത്കരണ ദൗത്യത്തില്‍ കുടുംബങ്ങളെ അനുധാവനം ചെയ്യുകയും സഭയുടെ അജപാലന ശുശ്രൂഷയുടെ ശ്രദ്ധാകേന്ദ്രമായി അവ മാറുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെ യ്യുക.

5) സഭയിലും സമൂഹത്തിലും തങ്ങളുടെ ദൗത്യം നിര്‍വഹിക്കുവാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുന്നതിന് യഥാര്‍ത്ഥ ക്രൈസ്തവജീവിതത്തെക്കുറിച്ചുള്ള ഒരു ദര്‍ശനം യുവജനപ്രസ്ഥാനങ്ങള്‍ക്കു പകര്‍ന്നു കൊടുക്കുക.

6) രാഷ്ട്രീയം, സിവില്‍ സര്‍വീസസ്, പ്രതിരോധം, നിയമം, നീ തിന്യായം തുടങ്ങി നമ്മുടെ ദേശീയ ജീവിതത്തിന്‍റെ സുപ്രധാന മേഖലകളില്‍ പങ്കാളികളായിക്കൊണ്ട് രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കെടുക്കുവാന്‍ നമ്മുടെ അല്മായരെയും യുവജനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക.

7) വനിതകളുടെ തുല്യ അന്തസ്സിനെ മാനിക്കാനും സഭയുടെ ജീവിതത്തിലും ദൗത്യത്തിലും അല്മായര്‍ക്കുള്ള പങ്കിനെ വളര്‍ത്താനും നമ്മുടെ വൈദിക-സന്യസ്ത പരിശീലനഭവനങ്ങളിലെ പരിശീലകര്‍ പരിശീലനാര്‍ത്ഥികള്‍ക്കു മാര്‍ഗദര്‍ശനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുക.

8) സഭയുടെ എല്ലാ സമിതികളിലും വനിതകളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുക.

9) സഭയിലും സമൂഹത്തിലും കരുണയുടെ ശരിയായ സാക്ഷികളാകുവാന്‍ സെമിനാരിക്കാരേയും വൈദികരേയും സന്യസ്തരേയും ഒരുക്കുക.

10) മതപരമായ അതിരുകള്‍ക്കപ്പുറത്തുള്ള മതാന്തര സംഭാഷണം വളര്‍ത്തുന്നതിനുള്ള എല്ലാ അവസരങ്ങളേയും പ്രയോജനപ്പെടുത്തുക.

11) സഭൈക്യസംഘങ്ങളിലൂടെ എല്ലാ ക്രൈസ്തവര്‍ക്കുമിടയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും സഭൈക്യ ശുശ്രൂഷകള്‍, പൊതുപ്രാര്‍ത്ഥനകള്‍, പൊതു സംരംഭങ്ങള്‍ എന്നിവ വളര്‍ത്തുന്നതിനും മുന്‍കൈയെടുക്കുക.

12) ഇന്ത്യന്‍ ഭരണഘടനയിലെ മുഖ്യസവിശേഷതകളായ പൗരസമത്വം, മനസാക്ഷിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയവയെ സഭയുടെയും സമൂഹത്തിന്‍റെയും എല്ലാ തലങ്ങളിലും കൂടുതല്‍ അറിയിക്കുക.

13) തങ്ങളുടെ ശരിയായ ദൗത്യം നിര്‍വഹിച്ചുകൊണ്ട് രാഷ്ട്ര നിര്‍മ്മാണത്തില്‍ കാര്യക്ഷമമായ സംഭാവനകള്‍ ചെയ്യുന്നതിന് മതേതരലോകത്തില്‍ സജീവമായി ഇടപെടുവാന്‍ നമ്മുടെ അല്മായരെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

14) കരുണയുടെ ദൗത്യം വി ദ്യാഭ്യാസരംഗത്തെ സേവനത്തില്‍ തുടരുകയും സുവിശേഷമൂല്യങ്ങള്‍ പകരുന്നതിന് സിബിസി ഐയുടെ ‘അഖിലേന്ത്യാ കത്തോലിക്കാ വിദ്യാഭ്യാസനയം 2007’ ബോധപൂര്‍വം നടപ്പാക്കുകയും ചെയ്യുക.

15) കത്തോലിക്കാ ആരോഗ്യസേവനങ്ങളെ കരുണയുടെ ഒരു ദൗത്യമായി മാറ്റുക, സൗഖ്യം ചെലവു കുറഞ്ഞതും അനുകമ്പാര്‍ദ്രവും കരുതലേകുന്നതും അതേസമയം പ്രൊഫഷണലും സുസ്ഥിരവും സഹകരണാത്മകവുമാക്കുക.

16) സിബിസിഐയുടെ ദളിത് ശക്തീകരണ നയം എല്ലാ രൂപതകളിലും നടപ്പാക്കുക. ആദിവാസികളുടെയും മറ്റു പിന്നാക്ക വിഭാഗക്കാരുടെയും സംരക്ഷണത്തിനും സമഗ്രവികസനത്തിനുമായി പ്രവര്‍ത്തിക്കുക. കര്‍ഷകരുടേയും മത്സ്യതൊഴിലാളികളുടേയും കുടിയേറ്റക്കാരുടേയും മറ്റു ചൂഷിത വിഭാഗങ്ങളുടേയും ആശ്വാസത്തിനും ക്ഷേമത്തിനുമായി പ്രത്യേകം മുന്‍കൈയെടുക്കുക.

17) ക്രൈസ്തവ ആത്മീയതയുടെ ഒരവിഭാജ്യഘടകമെന്ന നിലയില്‍ പരിസ്ഥിതിക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുക. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പുതിയ സംരംഭങ്ങളാരംഭിക്കുക. പ്രകൃതിസ്നേഹം വര്‍ദ്ധിപ്പിക്കുക. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ‘നിനക്കു സ്തുതി’യുടെ പ്രബോധനങ്ങള്‍ നടപ്പാക്കുന്നതിനാവശ്യമായ ഒരു പരിസ്ഥിതിനയം എല്ലാ രൂപതകളൂം നിശ്ചയമായും രൂപപ്പെടുത്തുക.

18) തടവറകളിലെ നമ്മുടെ സഹോദരങ്ങളുടെ അവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക. സ്വന്തം പുനരധിവാസത്തിനും കുടുംബങ്ങളുടെ പരിപാലനത്തിനും അവരെ സഹായിക്കുക.

19) സഭയുടെ ഭരണത്തിന്‍റെ എല്ലാ തലങ്ങളിലും സുതാര്യത ഉറപ്പാക്കുകയും സമൂഹത്തിലും അതുണ്ടാകുന്നതിനുവേണ്ടി നിലകൊള്ളുകയും ചെയ്യുക.

20) അടിയന്തിരകാര്യങ്ങള്‍ ഏറ്റെടുക്കുന്നതിനും ബന്ധപ്പെട്ട എല്ലാവരുടേയും ആശയങ്ങള്‍ സമാഹരിക്കുന്നതിനുമായി എല്ലാ രൂപതകളിലും കാര്യക്ഷമമായ ഒരു ‘തിങ്ക് ടാങ്ക്’ (ചിന്തകരുടെ സം ഘം) രൂപപ്പെടുത്തുക.

ഉപസംഹാരം
“സഭ നിലനില്‍ക്കുന്നത് സുവിശേഷം പഠിപ്പിക്കാനാണ്. അതായതു പ്രഘോഷിക്കാനും പഠിപ്പിക്കാനും കൃപയുടെ ചാലുകളാകാനും പാപികളെ ദൈവവുമായി അനുരഞ്ജനപ്പെടുത്താനുമാണ്…” (വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍, സുവിശേഷപ്രഘോഷണം). “സഭയും ദൈവശാസ്ത്രവും നിലനില്‍ക്കുന്നതു സുവിശേഷവത്കരിക്കാനാണ്. ഏട്ടിലെ ദൈവശാസ്ത്രമായി തൃപ്തിപ്പെട്ടിരിക്കാനല്ല” (ഫ്രാന്‍സിസ് മാര്‍പാപ്പ, സുവിശേഷത്തിന്‍റെ സന്തോഷം.) നമ്മുടെ രാജ്യത്തിന്‍റെ വൈവിധ്യത്തിലെ ഐക്യത്തിനു നാം ചില തിരിച്ചടികളും വെല്ലുവിളികളും നേരിടുന്നുണ്ടെങ്കിലും ഇന്ത്യാക്കാരായിരിക്കുന്നതില്‍ നാം അഭിമാനം കൊള്ളുന്നു. നാം നമ്മുടെ രാജ്യത്തെ സ്നേഹിക്കുകയും രാജ്യത്തിനും രാജ്യനന്മയ്ക്കും വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുകയും സഭയ്ക്കും സമൂഹത്തിനും വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും നാം കരുണയുടെ മാതാവായ മറിയത്തിന്‍റെ സ്നേഹപൂര്‍വകമായ കരുതലിനു നമ്മെ സമര്‍പ്പിക്കുകയും ചെയ്യുന്നു.

Leave a Comment

*
*