കരുതലോടെ കാത്തു പോരുന്ന അനുഗ്രഹങ്ങള്‍…

കരുതലോടെ കാത്തു പോരുന്ന അനുഗ്രഹങ്ങള്‍…

ഷിജു ആച്ചാണ്ടി

ദൈവമേ നീയെന്തിന് ഇവരെ ഇങ്ങിനെ സൃഷ്ടിച്ചു? ഈ കുട്ടികളെ കാണുമ്പോള്‍ പലരും ചോദിച്ചു പോകാവുന്ന ചോദ്യം. കാരണം, ചെറിയ പ്രായത്തില്‍ തന്നെ തീര്‍ത്തും കിടപ്പിലായിപ്പോയ കുട്ടികളാണിവര്‍. ആകെ 28 പേര്‍. 14 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളും. കൈകള്‍ക്കും കാലുകള്‍ക്കും ബുദ്ധിയ്ക്കും കാഴ്ചയ്ക്കും കേള്‍വിയ്ക്കുമൊക്കെ ഒരേസമയം വൈകല്യമുള്ളവര്‍. ഭക്ഷണം കഴിക്കാന്‍ മാത്രമല്ല, ഭക്ഷണം വേണമെന്നു പറയാന്‍ മാത്രമല്ല, വിശക്കുന്നുവെന്നു സൂചന നല്‍കാന്‍ പോലും കഴിയാത്ത കുട്ടികള്‍. ഇവരെ കുളിപ്പിച്ചും ആഹാരം നല്‍കിയും സന്തോഷിപ്പിച്ചും സ്നേഹിച്ചും കഴിയുകയാണ് നിര്‍മലദാസി സമൂഹത്തിലെ സഹോദരിമാര്‍. ചാലക്കുടിക്കടുത്ത് കൂടപ്പുഴയിലെ അനുഗ്രഹസദനിലാണ് കിടക്കാന്‍ മാത്രം കഴിയുന്ന 28 കുട്ടികളും അവരെ പരിപാലിക്കുന്ന കന്യാസ്ത്രീകളുമുള്ളത്.

കഴിഞ്ഞ പ്രളയം ഈ ഭവനത്തേയും ബാധിച്ചിരുന്നു. അതിനെ തുടര്‍ന്നു സ്വന്തം വീടുകളിലേയ്ക്കു പോയ പല കുട്ടികളും മടങ്ങിയെത്തിയപ്പോള്‍ മെലിഞ്ഞിരുന്നു. സിസ്റ്റര്‍മാര്‍ക്ക് അതിന്‍റെ കാരണം പെട്ടെന്നു പിടികിട്ടി. ആഹാരം വേണ്ടത്ര കൊടുത്തിട്ടില്ല. മിക്കവര്‍ക്കും ഒരു നേരം ഭക്ഷണം കൊടുക്കാന്‍ അര-മുക്കാല്‍ മണിക്കൂറെടുക്കും. വായില്‍ വച്ചുകൊടുക്കുന്ന ആഹാരം ഇറക്കാന്‍ അറിയാത്തവരാണ് ഇവര്‍. പകുതിയും പുറത്തേയ്ക്കു വരും. വീണ്ടും വാരി കൊടുക്കണം. ഇങ്ങനെ ക്ഷമയോടെ മുക്കാല്‍ മണിക്കൂറെടുത്താലാണ് ഒരു നേരം ആവശ്യത്തിന് ആഹാരം കുട്ടികളുടെ ഉള്ളിലെത്തുക. ഇങ്ങനെ നാലുമണിപ്പലഹാരമടക്കം നാലു നേരം എല്ലാവര്‍ക്കും അടുത്തിരുന്നു കൊടുക്കണം. വീടുകളിലെ മറ്റു തിരക്കുകള്‍ക്കിടയില്‍ മാതാപിതാക്കള്‍ക്കു പോലും ഇതു സാധിക്കുന്നുണ്ടാവില്ല. വീട്ടില്‍ പോയി ക്ഷീണിച്ചവരെല്ലാം അനുഗ്രഹസദനിലെത്തിയ ശേഷം ഇപ്പോള്‍ വീണ്ടും നന്നായി വരുന്നു.

വീട്ടുകാരെ ഇതിന് ഒരു തരിമ്പു പോലും കുറ്റപ്പെടുത്തുന്നില്ല, സിസ്റ്റര്‍മാര്‍.

28 കുട്ടികളിലേറെയും മാതാപിതാക്കളും കുടുംബാംഗങ്ങളും ഉള്ളവരാണ്. അപ്പനുമമ്മയും ഉള്ള കുട്ടികളെ നിങ്ങളെന്തിനു നോക്കണം എന്നു ചോദിക്കുന്നവരുണ്ടെന്ന് ഡയറക്ടര്‍ സി.എല്‍സി ഇല്ലിക്കല്‍ പറഞ്ഞു. അതു കാര്യം അറിയാത്തതുകൊണ്ടും ആ സ്ഥാനത്തു തങ്ങളായിരുന്നെങ്കില്‍ എന്ന ചിന്ത ഇല്ലാത്തതുകൊണ്ടും വരുന്ന ചോദ്യമാണ്.

മിക്ക കുട്ടികളും ജന്മനാല്‍ അസുഖബാധിതരായിരുന്നു. പക്ഷേ ജനിച്ചയുടനെ ആരും കുട്ടികളെ ഇവിടെ കൊണ്ടാക്കിയിട്ടില്ലെന്നു സിസ്റ്റര്‍മാര്‍ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങള്‍ നീണ്ട ചികിത്സ നല്‍കിയിട്ടുണ്ടാകും. ഫിസിയോ തെറാപ്പി ചെയ്തിട്ടുണ്ടാകും. ഒടുവില്‍ എല്ലാ ഡോക്ടര്‍മാരും കൈയൊഴിയുകയും ഇതു ഭേദപ്പെടുത്താന്‍ കഴിയാത്ത അസുഖമാണെന്നു വിധിയെഴുതുകയും ചെയ്യുന്നു. അങ്ങനെ തീര്‍ത്തും നിസ്സഹായരായി കഴിയുമ്പോഴാണ് മാതാപിതാക്കള്‍ ഇത്തരം ഭവനങ്ങള്‍ അന്വേഷിക്കുന്നത്. വളരെ ദരിദ്രരായ വീടുകളില്‍ നിന്നുള്ള കുട്ടികളാണ് മിക്കവരും.

ഒമ്പതാം ക്ലാസു വരെ സ്കൂളില്‍ ഒന്നാം സ്ഥാനക്കാരിയായും സ്പോര്‍ട്സ് താരമായും വളര്‍ന്ന മിടുക്കിയാണ് ഷെര്‍ലി. ഇന്ന് അവള്‍ക്ക് സ്വന്തമായി ആഹാരം കഴിക്കാനോ സംസാരിക്കാനോ സാധിക്കില്ല. കാണാം, കേള്‍ക്കാം, മനസ്സിലാക്കാം. അത്രമാത്രം. കൂടെ പഠിച്ച കൂട്ടുകാരി എന്‍ജിനീയറായി, വിവാഹിതയായി ഭര്‍ത്താവും മക്കളുമായി പഴയ സഹപാഠിയെ കാണാന്‍ ഈയിടെ അനുഗ്രഹസദനില്‍ വന്നു. അവര്‍ പറഞ്ഞാണ് ഷെര്‍ലിയുടെ കഴിവിന്‍റെ കഥകള്‍ സിസ്റ്റേഴ്സ് മനസ്സിലാക്കിയത്. ഷെര്‍ലിയ്ക്ക് പറയാന്‍ കഴിയാതെ പോയ, ഇനിയൊരിക്കലും പറയാന്‍ കഴിയാത്ത കഥകള്‍.

വലിയ വിദ്യാഭ്യാസമില്ലാതിരുന്ന ദരിദ്രയായിരുന്ന അമ്മയും ഷെര്‍ലിയുടെ അത്തരം കഥകളൊന്നും പങ്കു വച്ചിരുന്നില്ല. നിരവധി വര്‍ഷങ്ങള്‍ അമ്മ മകളെ ശുശ്രൂഷിച്ചു. പിന്നെ നോക്കാന്‍ കഴിയാത്ത വിധം രോഗിയായപ്പോഴാണ് മകളെ അനുഗ്രഹസദനില്‍ ഏല്‍പിച്ചത്. ഇപ്പോള്‍ അവര്‍ മരണമടയുകയും ചെയ്തു.

മസ്കുലാര്‍ ഡിസ്ട്രോഫി ബാധിച്ചതാണ് ഷെര്‍ലിയുടെ തളര്‍ച്ചയ്ക്കു കാരണം. ആദ്യം നടക്കാന്‍ കഴിയാതായി. സ്കൂളില്‍ ഓട്ടോയില്‍ കൊണ്ടു പോയി കൂട്ടുകാര്‍ എടുത്ത് ക്ലാസിലെത്തിച്ചുകൊണ്ടിരുന്നു. പതിയെ ആകെ തളര്‍ന്നു. ഒമ്പതാം ക്ലാസിലെത്തിയപ്പോഴേയ്ക്കും പൂര്‍ണമായും വീട്ടില്‍ കിടപ്പായി.

ശാരീരികശേഷികളില്ലെങ്കിലും തികച്ചും ബോധവതിയാണ് ഷെര്‍ലി. കിടന്നു കൊണ്ടു തന്‍റേതായ ശബ്ദങ്ങളിലൂടെയും മറ്റും മറ്റുള്ളവരുടെ പ്രശ്നങ്ങളിലേയ്ക്ക് ഷെര്‍ലി ഇന്നും സിസ്റ്റര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. സന്ദര്‍ശകരോട് ഉദാരമായി ചിരിക്കുന്നു, സന്തോഷത്തോടെ കഴിയുന്നു.

ജോഷ്വിന്‍ എന്ന ആണ്‍കുട്ടിയും ഇതേ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇവിടെയുണ്ട്. അവനെയും വീട്ടുകാര്‍ പരമാവധി നോക്കിയിരുന്നു. അമ്മയ്ക്കു നട്ടെല്ലിനു രോഗം ബാധിച്ചു മകനെ നോക്കാന്‍ കഴിയാത്ത സ്ഥിതിയായപ്പോഴാണ് ഇവിടെ കൊണ്ടു വന്നത്.

വരുമ്പോള്‍ അവന്‍ തനിയെ ആഹാരം കഴിച്ചിരുന്നു. നന്നായി പടം വരയ്ക്കുമായിരുന്നു. കൈ വായിലേയ്ക്ക് കൊണ്ടു പോകാന്‍ സാധിച്ചിരുന്നു. കപ്പ് കൈയില്‍ പിടിച്ചു വെള്ളം കുടിക്കാമായിരുന്നു. ഇപ്പോള്‍ അതു സാധിക്കുന്നില്ല. സ്ട്രോ ഇട്ടു വലിച്ചു കുടിക്കുന്നു. മടിയില്‍ വച്ച പുസ്തകത്തില്‍ നിന്നു കൈയുയര്‍ത്താതെ തന്നെ മനോഹരമായ ചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കുന്നു. ജോഷിന്‍ സംസാരിക്കുകയും ചെയ്യും.

മറ്റു കുട്ടികളിലേറെയും സെറിബ്രല്‍ പാള്‍സി മൂലം ജന്മനാല്‍ കിടപ്പായവരാണ്. സെറിബ്രല്‍ പാള്‍സിക്കൊപ്പം ഓട്ടിസം കൂടി ബാധിച്ചവരും ചിലരുണ്ട്.

തീര്‍ത്തും കിടപ്പിലായവരെയാണ് ഈ ഭവനത്തില്‍ നോക്കുന്നത്. 16 നിര്‍മ്മലദാസി സഹോദരിമാര്‍ അനുഗ്രഹസദനിലുണ്ട്. ജീവിതകാലം മുഴുവന്‍ ഇത്തരത്തിലുള്ള വിവിധ സ്ഥാപനങ്ങളില്‍ കഠിനമായി അദ്ധ്വാനിച്ചു വിശ്രമജീവിതത്തിലേയ്ക്കു കടന്നവരാണ് ഏതാനും സിസ്റ്റര്‍മാര്‍. പക്ഷേ അവരിവിടെ വിശ്രമിക്കുകയാണ് എന്നു കരുതരുത്. സ്വന്തം ശാരീരികാവശതകള്‍ക്കിടയിലും കഴിയുന്ന വിധത്തിലെല്ലാം ഈ കുട്ടികളെ ശുശ്രൂഷിക്കുന്നതില്‍ അവര്‍ നിര്‍വൃതി കണ്ടെത്തുന്നു. ഭക്ഷണം വാരി കൊടുക്കുവാന്‍ ഇവര്‍ സഹായിക്കുന്നു.

ഓരോ കുട്ടിയുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്തു കൊടുക്കുക എന്നതാണ് ഇവിടെയാവശ്യമെന്നു മുന്‍ ജനറലായ സി. ലില്ലി പറഞ്ഞു. അത്രയും കരുണ വേണം, അത്രയും സ്നേഹം വേണം, അത്രയും ക്ഷമ വേണം.

ആഹാരം കൊടുക്കുന്നതിലെ ഒരനുഭവം ആഫ്രിക്കയില്‍ ഇതേ പോലൊരു ഭവനത്തില്‍ ജോലി ചെയ്തിരുന്ന കാലത്തു നിന്ന് സിസ്റ്റര്‍ എല്‍സി ഉദാഹരിച്ചു. അവിടെ സിസ്റ്റര്‍മാര്‍ കുറവാണ്. അതിനാല്‍ ജോലിക്കാരെ വച്ചിട്ടുണ്ട്. അവര്‍ കുട്ടികള്‍ക്കുള്ള ഭക്ഷണം കൊടുക്കല്‍ എളുപ്പത്തില്‍ കഴിക്കുന്നു, സിസ്റ്റര്‍ കൊടുക്കുമ്പോള്‍ ഒരുപാടു സമയമെടുക്കുന്നു. അതു തന്‍റെ വൈദഗ്ദ്ധ്യമില്ലായ്മയായിട്ടാണ് സിസ്റ്റര്‍ക്ക് ആദ്യം തോന്നിയത്. പിന്നെ ഒരു കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങി. ജോലിക്കാര്‍ ഭക്ഷണം കൊടുത്ത കുട്ടികള്‍ പെട്ടെന്നു വീണ്ടും കരയാന്‍ തുടങ്ങുന്നു. ശ്രദ്ധിച്ചപ്പോള്‍ കാര്യം മനസ്സിലായി. ജോലിക്കാര്‍ ഒരു കടമ തീര്‍ക്കുന്നതു പോലെയാണ് ആഹാരം കൊടുക്കുന്നത്. കുട്ടികള്‍ തുപ്പുന്നതിനാല്‍ ആവശ്യമായ ആഹാരം അകത്തേയ്ക്കു ചെല്ലുന്നില്ല. പിന്നെ കൊടുക്കുന്നുമില്ല. ജോലിയായി കാണുന്നവര്‍ ഇതൊക്കെ ചെയ്താല്‍ ഇതാണു പ്രശ്നം. ജോലിക്കാരും സമര്‍പ്പിതരും തമ്മിലുള്ള വ്യത്യാസം. ഇതുപോലെയുള്ള ശുശ്രൂഷകളില്‍ ജോലിക്കാരെയല്ല, സമര്‍പ്പണബോധമുള്ളവരെയാണ് ആവശ്യമെന്നു സിസ്റ്റര്‍ ചൂണ്ടിക്കാട്ടി. ഈ കുഞ്ഞുങ്ങളില്‍ ദൈവത്തെ കാണുന്ന മനുഷ്യര്‍ക്കല്ലാതെ ഇത്രയും സമര്‍പ്പണബുദ്ധിയോടെയും കൃത്യതയോടെയും ഈ ജോലി ചെയ്യാനാവില്ല, സിസ്റ്റര്‍ പറഞ്ഞു.

രാവിലെ ഏഴര മുതല്‍ ഒമ്പതര വരെയുള്ള സമയത്താണ് കുട്ടികളെ കുളിപ്പിച്ചൊരുക്കുന്നത്. ഏറ്റവും അദ്ധ്വാനം വേണ്ട ജോലിയാണത്. ആ സമയത്ത് ആഴ്ചയില്‍ രണ്ടു ദിവസം ഓരോ പള്ളികളില്‍ നിന്നുള്ള ആളുകള്‍ വന്നു സിസ്റ്റര്‍മാരെ സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഈ നേരത്ത് മാറി മാറി വന്നു സേവനം ചെയ്യാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ സിസ്റ്റര്‍മാര്‍ക്കു വലിയ സഹായവും ആശ്വാസവുമായിരിക്കും ഇത്. നമ്മുടെ ഇടവകപ്പള്ളികളോ സംഘടനകളോ വിചാരിച്ചാല്‍ നിഷ്പ്രയാസം ചെയ്യാവുന്നതേയുള്ളൂ ഈ സഹായം. മൂപ്പത് ഇടവകകള്‍ ഓരോ ദിവസം രണ്ടു മണിക്കൂര്‍ വീതം സഹായിക്കാമെന്നേറ്റാല്‍ ഒരു കൂട്ടര്‍ക്ക് മാസത്തിലൊരിക്കല്‍ മാത്രം രണ്ടു മണിക്കൂര്‍ ചിലവഴിച്ചാല്‍ മതി. ഇടവകകള്‍ ഇതു കുടുംബയൂണിറ്റുകള്‍ക്കു വിഭജിച്ചു കൊടുത്താല്‍ ഓരോരുത്തരുടേയും ടേണ്‍ പിന്നെയും വൈകിക്കാം. ഇത്തരത്തിലുള്ള സന്നദ്ധസേവനത്തെ സ്വീകരിക്കാന്‍ അനുഗ്രഹസദന്‍ തയ്യാറാണ്.

സന്ദര്‍ശകരായി വരുന്ന ആളുകളുടെ സഹായം കൊണ്ടു മാത്രമാണ് അനുഗ്രഹസദനിലെ ആവശ്യങ്ങള്‍ നടന്നു പോകുന്നത്. പ്രളയത്തില്‍ വെള്ളം രണ്ടാം നിലയില്‍ വരെ കയറി ഭവനം മുങ്ങുമ്പോള്‍ മൂന്നു ലക്ഷം രൂപയാണ് കൈയിലുണ്ടായിരുന്നത്. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വന്നത് 40 ലക്ഷം രൂപ. പക്ഷേ ഒഴുകി വന്ന വെള്ളമിറങ്ങി പോയപ്പോള്‍ മനുഷ്യസ്നേഹികളുടെ സഹായങ്ങളൊഴുകി വരാന്‍ തുടങ്ങി. വെള്ളം വന്നു മൂടിയ രാത്രിയില്‍ അനേകമാളുകള്‍ സഹായത്തിനെത്തിയതുകൊണ്ടാണ് കിടപ്പുരോഗികളായ എല്ലാവരേയും കൂട്ടി ചാലക്കുടി സെ.ജെയിംസ് ആശുപത്രിയിലേയ്ക്കു മാറാന്‍ സാധിച്ചത്. പിന്നെ പുനഃനിര്‍മ്മാണത്തിന്‍റെ ഊഴമായി. ഇപ്പോള്‍ അനുഗ്രഹസദന്‍ മുമ്പത്തേക്കാള്‍ ഭംഗിയില്‍ സജ്ജമായി കഴിഞ്ഞു. ഇനി ഏതാനും മുറികളില്‍ കര്‍ട്ടനുകള്‍ കൂടി തയ്ച്ചിട്ടാല്‍ മതി.

ദൈവപരിപാലനയിലാശ്രയിച്ചു മുന്നോട്ടു നീങ്ങുന്നതിനാല്‍ അനുഗ്രഹസദന്‍ അക്ഷരാര്‍ത്ഥത്തില്‍ അനുഗ്രഹങ്ങളുടെ സദനമാകുന്നുവെന്നു സിസ്റ്റര്‍മാര്‍ പറയുന്നു. സ്വന്തം ജീവിതത്തില്‍ ലഭിച്ച വിലയിടാനാകാത്ത അനുഗ്രഹങ്ങളെ കുറിച്ച് ആളുകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു സദനം കൂടിയാണിത്. സന്ദര്‍ശകര്‍ സ്വന്തം ജീവിതത്തെ കുറിച്ചുള്ള പരാതികളെല്ലാം ഉപേക്ഷിച്ച് അനുഗ്രഹങ്ങളെ കുറിച്ചു മാത്രം ചിന്തിച്ചാണ് അനുഗ്രഹസദനില്‍ നിന്നു മടങ്ങുക പതിവെന്നു സി.അനിത പറഞ്ഞു. സന്തം അനുഗ്രഹങ്ങളെ കുറിച്ച് അവബോധമാര്‍ജിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഭവനത്തിലെ അംഗങ്ങളെന്ന നിലയില്‍ ഈ കുഞ്ഞുങ്ങള്‍ ഓരോരുത്തരും ഓരോ അനുഗ്രഹങ്ങള്‍ തന്നെ.

നിര്‍മലദാസി സമൂഹത്തിന്‍റെ വൈസ് ജനറലായ സി.എല്‍സി തന്‍റെ സന്യാസജീവിതത്തിലെ 15 വര്‍ഷങ്ങളും കുഷ്ഠരോഗികള്‍ക്കൊപ്പമായിരുന്നു. മുളയത്ത് തൃശൂര്‍ അതിരൂപത നടത്തുന്ന കുഷ്ഠരോഗീപരിചരണകേന്ദ്രമായ ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍. 1952 ല്‍ ബിഷപ് ആലപ്പാട്ടിന്‍റെ കാലത്താണ് ഇതു സ്ഥാപിതമാകുന്നത്. അന്നു കുഷ്ഠരോഗമെന്നാല്‍ സമൂഹം അത്രമാത്രം ഭയപ്പെടുകയും അകറ്റി നിറുത്തുകയും ചെയ്തിരുന്ന ഒരു രോഗാവസ്ഥയാണ്. ഇന്നത്തെ പോലെ ഫലപ്രദമായ ചികിത്സകളും അതിനു കണ്ടുപിടിച്ചിട്ടില്ലായിരുന്നു. ജനവാസകേന്ദ്രങ്ങളില്‍ നിന്നകലെ അന്നത്തെ മുളയത്തു സ്ഥാപിച്ച ഈ സ്ഥാപനത്തില്‍ നൂറു കണക്കിനു കുഷ്ഠരോഗികള്‍ക്ക് ജീവിതാന്ത്യം വരെ മനുഷ്യാന്തസ്സോടെയുള്ള പരിചരണം നല്‍കിയിട്ടുണ്ട്. ഇതുപോലെ പിന്നീടു കുണ്ടുകുളം പിതാവ് അനേകം സ്ഥാപനങ്ങള്‍ തുടങ്ങി. അവയില്‍ സേവനമനുഷ്ഠിക്കാന്‍ പിതാവു തന്നെ സ്ഥാപിച്ചതാണ് നിര്‍മലദാസി സിസ്റ്റേഴ്സിന്‍റെ സമൂഹം.

അറുപതോളം സ്ഥലങ്ങളിലായി ഇരുനൂറിലധികം സന്യാസിനിമാര്‍ സേവനം ചെയ്യുന്നു. ശാരീരികമായി അദ്ധ്വാനമുള്ള ജോലികളാണ് ഇവര്‍ ചെയ്യുന്നത്. രോഗികളെ എടുത്ത് വീല്‍ ചെയറില്‍ വച്ച് കൊണ്ടു പോയി കുളിപ്പിച്ച് തിരികെ കൊണ്ടു വരിക എന്നത് എളുപ്പമല്ല. അതുകൊണ്ടു തന്നെ പ്രായമേറുന്നതിനു മുമ്പേ ആരോഗ്യപ്രശ്നങ്ങള്‍ ബാധിക്കുന്നവരാണ് ഈ സമൂഹത്തിലെ സിസ്റ്റേഴ്സ്. എന്നാല്‍ ഇതില്‍ നിന്നു തങ്ങളനുഭവിക്കുന്ന ആനന്ദമോ ആത്മനിര്‍വൃതിയോ അളക്കാനാകുന്നതല്ലെന്നും എല്ലാ അവശതകളേയും അതിശയിക്കുന്നതാണെന്നും സിസ്റ്റര്‍മാര്‍ പറയുന്നു.

ദൈവമെന്തിനു മനുഷ്യരെ ഇപ്രകാരം സൃഷ്ടിക്കുന്നുവെന്ന ചോദ്യത്തിന് ദൈവമഹത്വം പ്രകടമാകേണ്ടതിന് എന്ന മറുപടി നമുക്കുണ്ട്. എങ്ങനെയാണ് അവരിലൂടെ ദൈവമഹത്വം പ്രകടമാകുക എന്ന ചോദ്യത്തിന് ഉത്തരമായി ജീവിക്കുകയാണ് അനുഗ്രഹസദനില്‍ ഈ സഹോദരിമാരും ഇവര്‍ക്കു സഹായങ്ങളെത്തിക്കുന്നവരും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org