|^| Home -> Cover story -> കശ്മീരില്‍ കശാപ്പു ചെയ്യപ്പെട്ടത് ഭരണഘടന

കശ്മീരില്‍ കശാപ്പു ചെയ്യപ്പെട്ടത് ഭരണഘടന

Sathyadeepam

ഫാ. സുരേഷ് മാത്യു പള്ളിവാതുക്കല്‍, OfmCap.

ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു കാര്യമാണ് ഒറ്റവെട്ടിന് നരേന്ദ്രമോദി ഭരണകൂടം ചെയ്തു വച്ചത്. കശ്മീരിലെ പൊതുജനവികാരത്തെ നിഷ്കരുണം തള്ളിക്കൊണ്ടു ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി. അതിലും നിറുത്താതെ, ജമ്മുവിനെയും കശ്മീരിനെയും ലഡാക്കിനെയും വിഭജിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശങ്ങളായി തരംതാഴ്ത്തുന്നത്. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിവസങ്ങളിലൊന്നായി 2019 ആഗസ്റ്റ് 5 രേഖപ്പെടുത്തപ്പെടും; ഒരുപക്ഷേ, ഏറ്റവും കറുത്ത ദിവസമായി തന്നെ.

ഭരണഘടനാവകുപ്പ് റദ്ദാക്കിയ രീതി രഹസ്യാത്മകവും സ്വേച്ഛാധിപത്യപരവും ആയിരുന്നുവെന്നു മാത്രമല്ല, ജനാധിപത്യധ്വംസനവുമായിരുന്നു. വൈകാരികപ്രാധാന്യമുള്ള ഒരു നിയമം രഹസ്യാത്മകമായ വിധത്തില്‍, പ്രതിപക്ഷത്തെയെല്ലാം നിശബ്ദമാക്കി, പാര്‍ലിമെന്‍റില്‍ പോലും ചര്‍ച്ച ചെയ്യാതെ, കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ നടപ്പാക്കിയ ക്രൂരമായ രീതി ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളിലും മനസ്സുകളിലും വിളക്കിച്ചേര്‍ക്കപ്പെട്ട മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ്.

370 വകുപ്പ് റദ്ദാക്കുക എന്നത് എന്നും സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അതുണ്ടായിരുന്നു, അവരുടെ അനുയായികളെ സംബന്ധിച്ചിടത്തോളം ഇതവരുടെ വാഗ്ദാനപാലനമാണ്.

ഭരണഘടനയുടെ വകുപ്പ് 370 അതില്‍ തന്നെ പൂര്‍ണതയുള്ള ഒന്നാണ്. ഇന്ത്യന്‍ ഭരണഘടന ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന് എപ്രകാരമാണു ബാധകമാകുക എന്നു തീരുമാനിക്കുന്നത് ഈ വകുപ്പാണ്. ഇതു റദ്ദാക്കുന്നതിനുള്ള വ്യക്തവും കൃത്യവുമായ വ്യവസ്ഥകളും നടപടിക്രമങ്ങളും ഇതില്‍ തന്നെയുണ്ട്. ജമ്മു-കശ്മീര്‍ ഭരണഘടനാ അസംബ്ലി ശിപാര്‍ശ ചെയ്യുകയാണെങ്കില്‍ മാത്രം വകുപ്പ് 370 (3) അനുസരിച്ച് ഇന്ത്യന്‍ പ്രസിഡന്‍റിന് ഈ വകുപ്പ് റദ്ദാക്കാം.

ജമ്മു-കശ്മീരിന്‍റെ ഭരണഘടനാ അസംബ്ലി 1957-ല്‍ പ്രവര്‍ത്തനരഹിതമായി. ജമ്മു കശ്മീരില്‍ മറ്റൊരു ഭരണഘടനാ അസംബ്ലി രൂപീകരിക്കപ്പെടുന്നില്ലെങ്കില്‍ വകുപ്പ് 370 സ്ഥിരസ്വഭാവമുള്ളതാകുമെന്ന് എസ്.ബി.ഐ.-സന്തോഷ് ഗുപ്ത കേസിലെ (2017) വിധിയില്‍ സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ ഭരണഘടനാതടസ്സം മറികടക്കുന്നതിനു ഭരണകൂടം തികച്ചും കുടിലവും ഭരണഘടനാവിരുദ്ധവുമായ ഒരു മാര്‍ഗമാണു തേടിയത്.

ഭരണഘടനാവ്യവസ്ഥകള്‍ ജമ്മു-കശ്മീരില്‍ പ്രായോഗികമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് കാലാകാലങ്ങളില്‍ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുവാന്‍ ഭരണഘടനയുടെ വകുപ്പ് 370 (1) (ഡി) പ്രസിഡന്‍റിന് അധികാരം നല്‍കിയിട്ടുണ്ട്. ഭരണഘടനാവാക്യങ്ങള്‍ വ്യാഖ്യാനിക്കേണ്ടതെങ്ങനെയെന്ന് വകുപ്പ് 367 വിശദമാക്കിയിട്ടുണ്ട്. വകുപ്പ് 370 റദ്ദാക്കുന്ന കാര്യത്തില്‍ ‘സംസ്ഥാന ഭരണഘടനാ അസംബ്ലിയുടെ’ ശിപാര്‍ശ വേണമെന്നാണു വ്യക്തമാക്കിയിട്ടുള്ളത്.

ആഗസ്റ്റ് 5 നു വളരെ കുടിലമായ രീതിയില്‍ മോദി സര്‍ക്കാര്‍ മൂന്നു ഘട്ടമുള്ള ഒരു ഭേദഗതിപ്രക്രിയയാണു നടത്തിയത്. ആദ്യ ഘട്ടമായി വകുപ്പ് 370 (1)(ഡി) യുടെ കീഴില്‍ വകുപ്പ് 367 ഭേദഗതി ചെയ്ത് പുതിയൊരു ഉപവകുപ്പ് (4) ഉള്‍പ്പെടുത്തി. 370 (3) ലെ ഭരണഘടനാ അസംബ്ലിയെന്നത് ‘സംസ്ഥാന നിയമസഭാ’ എന്നു വായിക്കാമെന്നതാണ് അത്. ഭരണഘടനാ അസംബ്ലിയുടെ ശിപാര്‍ശ 370-ാം വകുപ്പ് ഭേദഗതി ചെയ്യാന്‍ ആവശ്യമാണെന്ന ഭരണഘടനാ വ്യവസ്ഥ റദ്ദാക്കുന്ന നീക്കമായിരുന്നു ഇത്. ഭരണഘടനാ വ്യവസ്ഥകളെ അക്ഷരാര്‍ത്ഥത്തിലും അതിന്‍റെ ചൈതന്യത്തെ പൂര്‍ണമായും ലംഘിക്കുന്നതായിരുന്നു അത്. കൂടാതെ, ജമ്മു – കശ്മീരിനെ ഒരു സംസ്ഥാനമെന്നതില്‍ നിന്നു കേന്ദ്രഭരണപ്രദേശമായി തരം താഴ്ത്തുകയും ചെയ്തു. അങ്ങേയറ്റം അധിക്ഷേപകരവും കേട്ടുകേള്‍വിയില്ലാത്തതുമായ ഒരു നടപടി. അവശേഷിക്കുന്ന ചോദ്യമിതാണ്: ഒരു സംസ്ഥാനത്തെ ജനങ്ങളേയും അവരുടെ പ്രതിനിധികളേയും കണക്കിലെടുക്കാതെ ഇത്തരം വമ്പിച്ച മാറ്റങ്ങള്‍ അടിച്ചേല്‍പിക്കാന്‍ കഴിയുമോ?

ആഗസ്റ്റ് 5-ന് ഒരാഴ്ച മുമ്പു മുതല്‍ തന്നെ സര്‍ക്കാര്‍ ഒരു അമിതാവേശപ്രകടനം ആരംഭിച്ചിരുന്നു. രാജ്യത്തെ അതിശയപ്പെടുത്തുന്നതും അതേസമയം കശ്മീരി ജനതയെ പൂര്‍ണമായും ഇരുട്ടില്‍ നിറുത്തുന്നതുമായിരുന്നു അവ.

സൈന്യത്തെ വന്‍തോതില്‍ വിന്യസിച്ചു, ആളുകളുടെ ദേഹപരിശോധന തുടങ്ങി, അനിശ്ചിതകാല നിരോധനാജ്ഞ പുറപ്പെടുവിച്ചു, മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയേയും മറ്റു പ്രധാന കശ്മീരി നേതാക്കളെയും തടവിലാക്കി, ആശയവിനിമയസംവിധാനങ്ങളെല്ലാം ഇല്ലാതാക്കി, അമര്‍ നാഥിലേയ്ക്കുള്ള തീര്‍ത്ഥാടകരെ ഉള്‍പ്പെടെ എല്ലാ സഞ്ചാരികളേയും ഒഴിപ്പിച്ചു. ഇതെല്ലാം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതും ജനാഭിലാഷങ്ങളെ തച്ചുതകര്‍ക്കുന്നതുമായ നടപടികളായിരുന്നു.

പേശീബലമുപയോഗിച്ചുള്ള ഒരു ദേശീയവാദം അടിച്ചേല്‍പിക്കാനാണ് മോദി-ഷാദ്വയം ശ്രമിച്ചത്. ജനാധിപത്യതത്വങ്ങള്‍ നിരാകരിക്കപ്പെട്ടു. കശ്മീരി ജനതയുടെ വികാരങ്ങള്‍ അടിച്ചമര്‍ത്തി. ജനാധിപത്യപ്രക്രിയയെ തോക്കുകള്‍ കൊണ്ടു പകരം വച്ചു. അടല്‍ ബിഹാരി വാജ്പേയി രൂപപ്പെടുത്തിയ ഇന്‍സാനിയത് (മാനവീകതാവാദം), കശ്മീരിയത്, ജംഹൂരിയത് (ജനാധിപത്യം) എന്ന തത്വത്തിനു പകരം ഒരു ജനാധിപത്യ സംവിധാനത്തിനു വേണ്ടിയുള്ള പ്രാദേശികജനതയുടെ വികാരങ്ങളെ അവമതിച്ചുകൊണ്ട് അതിദേശീയതാവാദത്തിലൂന്നിയ നയങ്ങള്‍ നടപ്പാക്കുകയാണ് ഇപ്പോഴത്തെ നേതൃത്വം.

കലുഷിതമായ താഴ്വരയില്‍ സമാധാനം കൊണ്ടുവരിക എന്നതായിരുന്നല്ലോ ധൃതിപിടിച്ച ഈ കുടിലനീക്കത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യം. ഏതൊരു തീരുമാനത്തിന്‍റെയും ശരിതെറ്റുകള്‍ അളക്കുന്നതിനുള്ള പ്രാഥമിക പരിശോധനയാണ്, ആ തീരുമാനം പ്രഥമമായും ബാധകമാകുന്നവരുടെ പ്രതികരണം. എന്നാല്‍, സര്‍ക്കാര്‍ നടപടിക്കു മുമ്പും ശേഷവും ഉണ്ടായ സംഭവവികാസങ്ങള്‍ പ്രത്യാശയുണര്‍ത്തുന്നവയല്ല. സമാധാനം അടിസ്ഥാനതലത്തില്‍ നിന്ന്, ജനങ്ങളില്‍നിന്ന് ഉയര്‍ന്നു വരേണ്ടതാണ്. രാഷ്ട്രീയ-ഭരണസംവിധാനത്തിലുള്ള വെറുമൊരു മാറ്റം അടിസ്ഥാനയാഥാര്‍ത്ഥ്യത്തെ മാറ്റാന്‍ പര്യാപ്തമല്ല. മറുവശത്ത്, അക്രമങ്ങളും ഭീകരവാദവും വര്‍ദ്ധിക്കുന്നതിനു, ജനകീയമല്ലാത്ത ഒരു തീരുമാനം കാരണമാകുകയും ചെയ്തേക്കാം. പ്രശ്നസങ്കീര്‍ണമായ താഴ്വരയില്‍ തങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നതാണ് പാക്കിസ്ഥാനില്‍ നിന്നു പുറത്തുവരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. കശ്മീരിലേയ്ക്ക് കൂടുതല്‍ നിക്ഷേപമൊഴുകുമെന്നും സ്വകാര്യ നിക്ഷേപകരുടെ ഒരു പ്രിയ ലക്ഷ്യസ്ഥാനമായി കശ്മീര്‍ മാറുമെന്നും ഒക്കെ ചിന്തിക്കുന്നത് അങ്ങേയറ്റം നിഷ്കളങ്കമായിപ്പോകും. ജീവനു സംരക്ഷണമില്ലെങ്കില്‍ പണവും മനുഷ്യശേഷിയുമൊക്കെ അപകടപ്പെടുത്താന്‍ ആരും തയ്യാറാകുകയില്ല.

കശ്മീര്‍ ഒരു ആഭ്യന്തര പ്രശ്നമാണെന്നും പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷിചര്‍ച്ചകള്‍ക്കുള്ള വിഷയമാണെന്നും ഉള്ള നിലപാടാണ് ഇന്ത്യ എക്കാലവും ഉയര്‍ത്തിപ്പിടിച്ചിരുന്നത്. പ്രശ്നപരിഹാരത്തിന് ഒരു മൂന്നാം കക്ഷി ഇടപെടുന്നതിനോട് ഇന്ത്യ ഒരിക്കലും യോജിച്ചിരുന്നില്ല. പക്ഷേ പ്രശ്നത്തെ അന്താരാഷ്ട്രവത്കരിക്കാനുള്ള അവസരമാണ് പുതിയ സംഭവവികാസങ്ങള്‍ പാക്കിസ്ഥാനു നല്‍കിയിരിക്കുന്നത്. ഇന്ത്യയെ അടിക്കാന്‍ ഒരു വടി അയല്‍രാഷ്ട്രത്തിനു കൊടുത്തിരിക്കുകയാണു നാം. ഇന്ത്യയുമായുള്ള നയതന്ത്രബന്ധങ്ങള്‍ തരംതാഴ്ത്താനുള്ള പാക്കിസ്ഥാന്‍റെ തീരുമാനം ഈ വിഷയത്തിലേയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടു വരാനും മറ്റു രാജ്യങ്ങളെ ഉള്‍പ്പെടുത്തുവാനും ഉള്ള സുചിന്തിതമായ നീക്കത്തിന്‍റെ ഭാഗമാണ്. ഈ സംഭവവികാസങ്ങള്‍ക്കെല്ലാമിടയില്‍ കശ്മീരികള്‍ക്ക് അവരുടെ കിട്ടാക്കനിയായി തുടരുന്ന സമാധാനം കരഗതമാകുമോ?

Comments

One thought on “കശ്മീരില്‍ കശാപ്പു ചെയ്യപ്പെട്ടത് ഭരണഘടന”

  1. Lizy Thomas says:

    Enlightening article.
    Thank you

Leave a Comment

*
*