തീക്ഷണമതിയായ ബഹു. കാട്ടറാത്തച്ചന്‍

തീക്ഷണമതിയായ ബഹു. കാട്ടറാത്തച്ചന്‍

(വിന്‍സെന്‍ഷ്യന്‍ സഭയുടെ സ്ഥാപകന്‍)

ബിഷപ്പ് ജേക്കബ് മുരിക്കന്‍
പാല രൂപതാ സഹായ മെത്രാന്‍

പാലാ-പൂഞ്ഞാര്‍ദേശത്തെ പുരാതനവും കുലീനവുമായ ക്രീസ്തീയ കത്തോലിക്കാ തറവാട്ടിലെ ഉതുപ്പ്-ത്രേസ്യാമ്മ ദമ്പതികളുടെ അഞ്ചു മക്കളില്‍ രണ്ടാമനാണ് ബഹു. വര്‍ക്കിയച്ചന്‍. 1851 ഒക് ടോബര്‍ 13-ാം തീയതിയാണ് അദ്ദേഹം ജനിച്ചത്. 1873-ല്‍ 22-ാം വയസ്സില്‍ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. പട്ടം സ്വീകരിച്ചതിനു ശേഷം ലെയൊനാര്‍ദ് ദി മെല്ലാനോ OCD, മര്‍സെലീനോ ബെരാര്‍ദി OCD, ചാള്‍സ്ലവീഞ്ഞ് SJ, അലോഷ്യസ് പഴേപറമ്പില്‍, തോമസ് കുര്യാളശ്ശേരി, അഗസ്റ്റിന്‍ കണ്ടത്തില്‍ എന്നീ തിരുമേനിമാരുടെ കീഴില്‍ തന്‍റെ പൗരോഹിത്യ ശുശ്രൂഷ നിറവേറ്റി.

ഇടമറ്റം, തത്തമ്പിള്ളി, കാഞ്ഞിരപ്പള്ളി, അങ്കമാലി, ഒല്ലൂര്‍, വിളക്കുമാടം, എഴുപുന്ന, വൈക്കം എന്നീ ഇടവകകളില്‍ അദ്ദേഹം തന്‍റെ അജപാലന ദൗത്യം നിറവേറ്റിയിട്ടുണ്ട്. കൂടാതെ മുത്തോലി, വൈക്കം എന്നിവിടങ്ങളിലെ കര്‍മ്മലീത്താ മഠങ്ങളുടെയും ചമ്പക്കുളം ആരാധന മഠത്തിന്‍റെയും കപ്ലോനായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

തീക്ഷ്ണമതിയായ ഒരു അജപാലകനെ ബഹു. കാട്ടറാത്ത് അച്ചനില്‍ നമുക്ക് കാണാനാവും. 13 വര്‍ഷം അദ്ദേഹം വികാരിയായിരുന്ന വൈക്കം ഇടവകയില്‍ അദ്ദേഹത്തിന്‍റെ സേവനം വളരെയധികം വിലമതിക്കപ്പെട്ടിരുന്നുവെന്നതിന് ചരിത്ര രേഖകളുടെ പിന്‍ബലമുണ്ട്.

ദൈവത്തിന്‍റെ ഹൃദയത്തിനിണങ്ങിയ ഒരു നല്ല അജപാലകന്‍ ഒരിടവകയ്ക്ക് നല്ലവനായ ദൈവം നല്കുന്ന ഏറ്റവും വലിയ നിധിയും ദൈവകാരുണ്യത്തിന്‍റെ ഏറ്റവും വലിയദാനങ്ങളിലൊന്നുമാണ് എന്ന് വി. ജോണ്‍ മരിയ വിയാനിയുടെ വാക്കുകള്‍ വൈക്കം ഇടവകയില്‍ അക്ഷരാര്‍ത്ഥത്തില്‍ ബഹു. കാട്ടറാത്ത് അച്ചനിലൂടെ യാഥാര്‍ത്ഥ്യമായി എന്ന് ദൈവജനത്തിന്‍റെ പ്രതികരണം സൂചിപ്പിക്കുന്നു. എന്‍റെ ഹൃദയത്തിനിണങ്ങിയ ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു നല്കും; എന്ന ഈശോയുടെ വചനം കാട്ടറാത്ത് അച്ചനില്‍ പൂര്‍ണ്ണമായി. 1928-ല്‍ ബഹു. കാട്ടറാത്ത് അച്ചന്‍ എഴുതിയ ഒരു കത്തില്‍ നിന്നും വിന്‍സെന്‍ഷ്യന്‍ സമൂഹത്തിന്‍റെ ആരംഭത്തെക്കുറിച്ചുള്ള സൂചനകള്‍ ഉണ്ട്! അത് ഇപ്രകാരമാണ്. "ഞാന്‍ വൈദികപട്ടം സ്വീകരിച്ച് അധികം കഴിയുന്നതിന് മുമ്പുതന്നെ കര്‍ത്താവില്‍ കൂടുതല്‍ പരിപൂര്‍ണ്ണമായി സേവനം ചെയ്യുന്നതിനു പറ്റിയ ഒരു സമൂഹജീവിതത്തെക്കുറിച്ചുള്ള ആഗ്രഹം എന്നില്‍ നാമ്പെടുത്തു തുടങ്ങി. കാലം കഴിയുംതോറും പ്രസ്തുത ആഗ്രഹം എന്നില്‍ കൂടുതല്‍ ശക്തി പ്രാപിച്ചുവന്നു. എന്‍റെ ഭാഗത്തു നിന്നുമാകട്ടെ പ്രകാശവും സഹായവും എളിമയോടും ഭക്തിയോടുംകൂടി കര്‍ത്താവിനോട് അപേക്ഷിക്കുകയും ഈ ദൈവേഷ്ടം നിറവേറ്റുന്നതിനുള്ള മാര്‍ഗ്ഗം യഥാശക്തി അന്വേഷിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു."

ബഹു. കാട്ടറാത്ത് അച്ചന്‍ തന്‍റെ ഈ ആഗ്രഹം അഭിവന്ദ്യ മാര്‍ അലോഷ്യസ് പഴേപറമ്പില്‍ മെത്രാനെ അറിയിക്കുകയും പിതാവ് വലിയ സന്തോഷത്തോടെ അത് അംഗീകരിക്കുകയും ചെയ്തു.

നിത്യജീവന്‍റെ അച്ചാരമായ ദൈവവചനത്തിന്‍റെ സജീവത്വം തിരിച്ചറിയാന്‍ കഴിയാതെ പാരമ്പര്യങ്ങളുടെ മാത്രം തിളക്കം കണ്ട കേരളസഭയെ പരിശുദ്ധാത്മ അഭിഷേകത്താല്‍ കത്തിജ്വലിപ്പിക്കാന്‍ തോട്ടകത്ത് ഒരു സമൂഹം ഉണ്ടായി.

കാട്ടറത്ത് അച്ചന്‍റെ പൈതൃകമായി എടുത്തു പറയാവുന്നത് അദ്ദേഹത്തിന്‍റെ "ജനകീയശൈലി" യാണ്. മനസ്സുകൊണ്ട് അദ്ദേഹം താപസനായിരുന്നു. ആത്മാവില്‍ അദ്ദേഹം നലംതികഞ്ഞ സന്യാസിയായിരുന്നു. എങ്കിലും പ്രവര്‍ത്തനത്തില്‍ തനി ജനകീയനായിരുന്നു. വി. വിന്‍സെന്‍റ് ഡി പോള്‍ ജീവിതകാലമത്രയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടൊപ്പമായിരുന്നതുപോലെ "ജനങ്ങള്‍ക്കിടയില്‍ ആശ്രമം പണിതവ്യക്തി"യെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. ലോകത്തിലായിരുന്നുകൊണ്ട് ലോകത്തിന്‍റെ അല്ലാതെ ജീവിക്കാനുള്ള ദൈവികതയായിരുന്നു ഈ സമൂഹത്തിന്‍റെ മുഖമുദ്ര. ഈ ജനകീയശൈലിയാണല്ലോ ഇന്ന് വിന്‍സെന്‍ഷ്യന്‍ സമൂഹം ഇടവകകള്‍തോറും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന പോപ്പുലര്‍ മിഷന്‍ ധ്യാനം.

തന്‍റെ സ്വന്തം വിശ്വാസത്തെ വിലമതിക്കുകയും സ്നേഹിക്കുകയും മുറുകെപിടിക്കുകയും ചെയ്തിരുന്ന അദ്ദേഹം ഇതര ക്രിസ്തീയസഭകളെയും മറ്റു മതങ്ങളെയും ആദരിക്കുകയും അവരുമായി സാഹോദര്യത്തിന്‍റെ കൂട്ടായ്മ യില്‍ ജീവിക്കുവാന്‍ പഠിപ്പിക്കുകയും ചെയ്ത കത്തോലിക്കാ ആത്മീയതയുടെ നേര്‍കാഴ്ചയായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ കൗണ്‍സില്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ജീവിക്കുകയും ചെയ്ത കാട്ടറാത്ത് അച്ചനെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ഒരു മുന്നോടി ആയിതന്നെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്‍റെ അഗാധമായ ആത്മീയതയുടെയും, ശുദ്ധമായ സന്യാസജീവിതത്തിന്‍റെയും സഭാദര്‍ശനങ്ങളോടുള്ള വിശ്വസ്തതയുടെയും നിറവു കൊണ്ടാണ് പുണ്യശ്ലോകനായ മാര്‍ തോമസ് കുര്യാളശ്ശേരി പിതാവ് തന്‍റെ രൂപതയില്‍ അദ്ദേഹം തന്നെ രൂപംകൊടുത്ത പുതിയ സന്യാസിനി സമൂഹത്തിന് പ്രാരംഭദശാല്‍തന്നെ ദിശാബോധം നല്കാന്‍ ബഹു. കാട്ടറാത്ത് അച്ചനെ നിയോഗിച്ചത്.

പരി. കുര്‍ബാന കേന്ദ്രീകൃതമായ ഒരു ആത്മീയത അദ്ദേഹത്തിന്‍റെ മുഖമുദ്രയായിരുന്നു. ധ്യാനം, മൗനം, ഉപവാസം, പ്രായശ്ചിത്തം, നോമ്പ് എന്നിവയെല്ലാം കോര്‍ത്തിണക്കിയ ഒരു ആത്മീയ പുഷ്പഹാരം എപ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നു.

കാട്ടറാത്ത് അച്ചന്‍റെ മൃതസംസ്ക്കാരവേളയില്‍ ചരമപ്രസംഗം നടത്തിയ മാര്‍ ജയിംസ് കാളാശ്ശേരി പിതാവ് ഇപ്രകാരം പറഞ്ഞു: "ജീവിതത്തിലും പ്രവൃത്തിയിലും മരണത്തിലും സംസ്ക്കാരത്തിലും അദ്ദേഹം ഒരു അത്ഭുതമനുഷ്യനും ആദര്‍ശപുരുഷനും മാതൃകാ വൈദീകനും ഭക്തിസമ്പന്നനും ഭക്തിപ്രചാരകനും ആയിരുന്നു."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org