ക്ലേശിതര്‍ക്ക് ആശ്രയമായ ദൈവദാസന്‍ കാട്ടറാത്ത് വര്‍ക്കിയച്ചന്‍

ക്ലേശിതര്‍ക്ക് ആശ്രയമായ ദൈവദാസന്‍ കാട്ടറാത്ത് വര്‍ക്കിയച്ചന്‍

ഫാ. ഡോ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍
സുപ്പീരിയര്‍ ജനറല്‍, വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍

ആമുഖം
പോപ്പുലര്‍ മിഷന്‍ ധ്യാനത്തിലൂടെയും വചനപ്രഘോഷണത്തിലൂടെയും ധ്യാനകേന്ദ്രങ്ങളിലൂടെയും കേരളത്തില്‍ മാത്രമല്ല, ലോകത്തിന്‍റെ പല ഭാഗത്തും ആത്മീയ ഉണര്‍വും ക്രിസ്തീയ ദിശാബോധവും നല്കിപ്പോരുന്ന വിന്‍സെന്‍ഷ്യന്‍ സമര്‍പ്പിത സമൂഹത്തിന്‍റെ സ്ഥാപകനാണു ദൈവദാസന്‍ കാട്ടറാത്ത് വര്‍ക്കിയച്ചന്‍. കര്‍മത്തില്‍ ഇടവകവൈദികനും ഹൃദയത്തില്‍ സന്ന്യാസിയുമായി ജീവിച്ച വര്‍ക്കിയച്ചന്‍ വനവാസിയായ താപസവര്യന്‍ എന്നാണറിയപ്പെട്ടിരുന്നത്. പൗരോഹിത്യത്തിന്‍റെ നേതൃത്വവാസനയും സുവിശേഷാത്മകജീവിതത്തിന്‍റെ പുണ്യമാതൃകയും സമഞ്ജസമായി സമ്മേളിച്ചിരുന്ന ആ കര്‍മയോഗിയുടെ വിശുദ്ധ പദനാമകരണ നടപടികള്‍ 2020 ഫെബ്രുവരി 5-ാം തീയതി ഇടപ്പള്ളി വിന്‍സെന്‍ഷ്യന്‍ ജനറലേറ്റില്‍വച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു.

ജനനവും വിദ്യാഭ്യാസവും:
പാലായ്ക്കടുത്തു പൂഞ്ഞാറില്‍ കാട്ടറാത്ത് വീട്ടില്‍ ശ്രീ ഉതുപ്പു ചാണ്ടിയുടെയും ത്രേസ്യാമ്മയുടെയും അഞ്ചു മക്കളില്‍ രണ്ടാമനായി 1851 ഒക്ടോബര്‍ 13-ന് വര്‍ക്കിയച്ചന്‍ ഭൂജാതനായി. പില്‍ക്കാലത്തു വൈദികനായിത്തീര്‍ന്ന ഫാ. ചാണ്ടി ഉള്‍പ്പെടെ മറ്റു മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രാര്‍ത്ഥനാനിര്‍ഭരതയും പരിത്യാഗമനോഭാവവും ബാല്യത്തില്‍ത്തന്നെ പക്വബുദ്ധിയായ കൊച്ചുവര്‍ക്കിയുടെ സവിശേഷതകളായിരുന്നു.

തിരുപ്പട്ടവും അജപാലനശുശ്രൂഷയും:
പാലായിലും മാന്നാനത്തുമായി വൈദികപരിശീലനം അതിവേഗം പൂര്‍ത്തിയാക്കിയ വര്‍ക്കി ശെമ്മാശന്‍ തന്‍റെ 22-ാം വയസ്സില്‍ 1874-ല്‍ പരി. സിംഹാസനത്തിന്‍റെ പ്രത്യേകാനുമതിയോടെ വരാപ്പുഴ മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ ലെയനാര്‍ദ് ഡി മെല്ലാനോ തിരുമേനിയില്‍നിന്നു തിരുപ്പട്ടം സ്വീകരിച്ചു. വൈദികനായശേഷം ഇടമറ്റം, തത്തംപള്ളി, കാഞ്ഞിരപ്പിള്ളി, അങ്കമാലി, ഒല്ലൂര്‍, വിളക്കുമാടം, എഴുപുന്ന, വൈക്കം തുടങ്ങിയ ഇടവകകളില്‍ സ്തുത്യര്‍ഹമായ വൈദികസേവനം നടത്തി. കൂടാതെ മുത്തോലി, വൈക്കം എന്നീ കര്‍മലീത്താ മഠങ്ങളിലെയും ചമ്പക്കുളം ആരാധനാമഠത്തിലെയും കപ്ലോനായും പിന്നീട് ആരാധനാസഭയുടെ പ്രഥമ പൊതുശ്രേഷ്ഠനായും സേവനമനുഷ്ഠിച്ചു.

ജനക്ഷേമതത്പരനായ അജപാലകന്‍:
സുദീര്‍ഘമായ 13 വര്‍ഷക്കാലമാണ് അദ്ദേഹം വൈക്കം ഇടവകവികാരിയായിരുന്നത്. സാമൂഹ്യക്ഷേമത്തിലധിഷ്ഠിതമായ ജനാഭിവൃദ്ധി, വിശ്വാസതീക്ഷ്ണത, ഭക്ത്യാഭിവൃദ്ധി എന്നിവയ്ക്കായി അശ്രാന്ത പരിശ്രമം നടത്തിയ അച്ചന്‍റെ ഇടവകഭരണം ഏറ്റവും ശ്ലാഘനീയവും മാതൃകാപരവുമായിരുന്നു. തങ്ങളുടെ സ്ഥിരം ഇടവക വികാരിയായി വര്‍ക്കിയച്ചനെ നിയമിക്കുന്നതിനുവേണ്ടി വൈക്കം ഇടവകജനങ്ങള്‍ 1899-ല്‍ മാര്‍ ളൂയീസ് പഴേപറമ്പില്‍ മെത്രാനച്ചനു സമര്‍പ്പിച്ച മംഗളപത്രം തന്നെ അതിന്‍റെ തെളിവും അദ്ദേഹത്തിന്‍റെ സമ്മതിയുടെ നിദര്‍ശനവുമാണ്. വൈക്കത്ത് അദ്ദേഹം സ്ഥാപിച്ച സെന്‍റ് ളൂയീസ് സ്കൂള്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്ന ജനക്ഷേമ താത്പര്യത്തിന്‍റെയും സാമൂഹ്യസേവന മനോഭാവത്തിന്‍റെയും തെളിവാണ്.

വിന്‍സെന്‍ഷ്യന്‍ സഭയുടെ സമാരംഭകന്‍:
വൈക്കത്ത് വികാരിയായിരിക്കുമ്പോള്‍ അതിനടുത്ത തോട്ടകത്ത് ദാനമായി കിട്ടിയ സ്ഥലത്തു കപ്പേളയും താത്കാലിക ആശ്രമവും അഭിവന്ദ്യ ളൂയീസ് മെത്രാന്‍ 1904 നവംബര്‍ 20-ന് ആശീര്‍വാദകര്‍മം നിര്‍വഹിച്ചപ്പോള്‍ അതൊരു പുതുചരിത്ര നിര്‍മിതിയുടെ നാന്ദി കുറിക്കലും കൂടിയായിരുന്നു. അങ്ങനെ കാട്ടറാത്ത് വര്‍ക്കിയച്ചന്‍ തന്‍റെ സഹപ്രവര്‍ത്തകരായ മറ്റു മൂന്നു വൈദികരോടൊപ്പം വി. വിന്‍സെന്‍റ് ഡി പോള്‍ സ്ഥാപിച്ച വിശ്വവ്യാപകമായ സഭയുടെ മാതൃകയില്‍ തോമാശ്ലീഹായാല്‍ രൂപംകൊണ്ട സുറിയാനി സഭയില്‍ വിന്‍സെന്‍ഷ്യന്‍ സഭയ്ക്കു ബീജാവാപം ചെയ്തു. വികാരി സ്ഥാനത്തുനിന്നു വിരമിച്ച് 1907 സെപ്തംബര്‍ 20 മുതല്‍ അദ്ദേഹം അവിടെ സമൂഹജീവിതം ആരംഭിച്ചു. 1909-ല്‍ ആശ്രമത്തിന്‍റെ പണി പൂര്‍ത്തിയായതോടെ വര്‍ക്കിയച്ചനും മറ്റു വൈദികരും താത്കാലിക ആശ്രമത്തില്‍നിന്ന് അവിടേക്കു താമസം മാറ്റി. അങ്ങനെ സമൂഹജീവിതം നയിക്കണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം പൂവണിഞ്ഞു.

അത്ഭുതപ്രവര്‍ത്തകനായ വര്‍ക്കിയച്ചന്‍:
ശ്രേഷ്ഠനായ ആ സന്ന്യാസവര്യന്‍റെ കറകളഞ്ഞ യോഗീജീവിതമാതൃകകൊണ്ട്, ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഒരു അത്ഭുത പ്രവര്‍ത്തകനായാണു ജനങ്ങള്‍ വര്‍ക്കിയച്ചനെ കണ്ടിരുന്നത്. അദ്ദേഹം തന്‍റെ തപോമനസ്സാല്‍ പ്രാര്‍ത്ഥിച്ചാല്‍ ഏതു കാര്യവും സാദ്ധ്യമാകുമെന്നു ജനങ്ങള്‍ വിശ്വസിച്ചുപോന്നു. അതിനാല്‍ത്തന്നെ നാനാജാതി മതസ്ഥര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥനാസഹായം തേടുകയും ചെയ്തിരുന്നു. കുഞ്ഞുങ്ങളുടെ ബാലപീഡയകറ്റുന്നതിനും രോഗസൗഖ്യം നേടുന്നതിനും കാണാതെ പോയ വസ്തുക്കള്‍ കണ്ടുകിട്ടുന്നതിനും ജനങ്ങള്‍ കാട്ടറാത്തച്ചന്‍റെ പ്രാര്‍ത്ഥനാസഹായം തേടിയിരുന്നു. അന്നു പടിഞ്ഞാറന്‍ നാടുകളിലെ വയലുകള്‍ക്കു നിത്യശല്യമായിരുന്ന ചീങ്കണ്ണി, ചാഴി, എലി ശല്യങ്ങളില്‍നിന്നുള്ള പരിഹാരത്തിനായി വല്യച്ചന്‍ എന്നു നാട്ടുകാര്‍ സ്നേഹബഹുമാനപൂര്‍വം വിളിച്ചിരുന്ന കാട്ടറാത്തച്ചന്‍ വെഞ്ചരിച്ചു നല്കുന്ന വെള്ളം വയലില്‍ തളിച്ചാല്‍ ആ ശല്യങ്ങളൊഴിയുമെന്നു നാട്ടുകാര്‍ വിശ്വസിച്ചിരുന്നതായും അങ്ങനെ ചെയ്ത് ആ ശല്യങ്ങളില്‍നിന്നു രക്ഷ നേടിയിരുന്നതായി പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

താപസവര്യനായ പൊതുശ്രേഷ്ഠന്‍:
അദ്ദേഹത്തിന്‍റെ താപസജീവിതത്തിന്‍റെ വിശുദ്ധിയിലേക്കും മഹനീയതയിലേക്കും വെളിച്ചം വീശുന്ന അനവധി വെളിപ്പെടുത്തലുകളുണ്ട്. അതിലൊന്ന് അദ്ദേഹം മുത്തോലി കര്‍മലീത്ത മഠത്തിന്‍റെ കപ്ലോനായിരിക്കെ അവിടത്തെ സഹോദരിമാര്‍ രേഖപ്പെടുത്തിയിരിക്കുന്നതാണ്. ചങ്ങനാശ്ശേരിയില്‍ ഒരു പുതിയ മഠം സ്ഥാപിക്കാനായി ആ സഹോദരിമാര്‍ പോകുമ്പോള്‍ തങ്ങളുടെ കപ്ലോനച്ചനെ കണ്ടതിനെക്കുറിച്ച് അവരുടെ ദിനവൃത്താന്തത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. 'വനവാസമുറിയില്‍ കയറി അവിടെ വസിച്ചിരുന്ന വലിയ വനവാസിയെ കണ്ടു യാത്ര പറഞ്ഞു." ആ യോഗീജീവിതത്തിന്‍റെ ശ്രേഷ്ഠത തിരിച്ചറിഞ്ഞായിരിക്കണം 1916-ല്‍ ആരാധനാസഭയുടെ ചമ്പക്കുളം ഭവനത്തിന്‍റെ കപ്ലോനായും 1923-ല്‍ ആരാധനാസഭയുടെ പൊതുശ്രേഷ്ഠനായും ചങ്ങനാശ്ശേരി മെത്രാന്‍ അഭിവന്ദ്യ മാര്‍ തോമസ് കുര്യാളശ്ശേരി പിതാവ് അദ്ദേഹത്തെ നിയമിച്ചത്.

വിന്‍സെന്‍ഷ്യന്‍ സഭയുടെ പുനരുദ്ധാരണവും വര്‍ക്കിയച്ചന്‍റെ വ്രതവാഗ്ദാനവും:
1904-ല്‍ തോട്ടകത്ത് ആരംഭിച്ച വിന്‍സെന്‍ഷ്യന്‍ സഭയില്‍ നിന്നു ചില പ്രതികൂല സാഹചര്യത്താല്‍ അവിടെയുള്ളവര്‍ ഓരോരുത്തരായി പിരിഞ്ഞുപോയിരുന്നു. എന്നാല്‍ പിന്നീട് 1927-ല്‍ സഭ വീണ്ടും പുനരുദ്ധരിക്കപ്പെട്ടു. വിശ്വാസതീക്ഷ്ണതയുണ്ടായിരുന്ന യുവവൈദികരായ ബഹു. ജോര്‍ജ് മണ്ണാറയച്ചന്‍, ആന്‍റണി പവ്വത്തിലച്ചന്‍, ജോര്‍ജ് വട്ടംകണ്ടത്തിലച്ചന്‍ എന്നിവരാണിതിനു മുന്‍കയ്യെടുത്തത്. 1927 ജൂലൈ 19-ന് വി. വിന്‍സെന്‍റ് ഡി പോള്‍ തിരുനാളാഘോഷത്തോടനുബന്ധമായാണിതു നടന്നത്. അന്ന് ആരാധനാസഭയുടെ പൊതുശ്രേഷ്ഠനായ ചമ്പക്കുളം ആരാധനാമഠത്തില്‍ താമസിച്ചിരുന്ന സഭാസ്ഥാപകനായ വര്‍ക്കിയച്ചനെ അവര്‍ മൂവരും പോയി കാണുകയും തോട്ടകത്തേയ്ക്കു സ്നേഹപൂര്‍വം ക്ഷണിക്കുകയും ചെയ്തു. അവരുടെ ക്ഷണം സ്വീകരിച്ച് 76-ാം വയസ്സിലെ വാര്‍ദ്ധക്യ അസ്വസ്ഥതകള്‍ മറന്ന് 1927 ഒക്ടോബര്‍ 27-ന് താന്‍ വിത്തുപാകിയ തോട്ടകത്തെ ആശ്രമമണ്ണിലേക്കു തന്നെ തിരിച്ചെത്തി. വി. വിന്‍സെന്‍റ് ഡി പോളിന്‍റെ ഒരു മകനായി മരിക്കാനുള്ള അഭിവാഞ്ഛയാല്‍ എറണാകുളം അതിരൂപതയുടെ മെത്രാന്‍ മാര്‍ അഗസ്തീനോസ് കണ്ടത്തില്‍ തിരുമേനിയുടെ അനുവാദപ്രകാരം 1931 ജൂലൈ 19-ന് നിത്യവ്രതവാഗ്ദാനവും നടത്തി വിന്‍സെന്‍ഷ്യന്‍ സഭയുടെ പ്രഥമ അംഗമായി.

നിത്യസമ്മാനം:
നിത്യവ്രതവാഗ്ദാനം കഴിഞ്ഞ് ഏതാണ്ടു മൂന്നു മാസങ്ങള്‍ക്കുശേഷം എട്ടു പതിറ്റാണ്ടുകള്‍ ദൈവഹിതം നിറവേറ്റിയ ആ പുണ്യശ്ലോകന്‍റെ ആത്മാവ് ഈ ലോകത്തോടു വിടപറഞ്ഞു നിത്യത പൂകി, 1931 ഒക്ടോബര്‍ 24-ന്. അതിന് അദ്ദേഹം ഉഴുതുമറിച്ചു വിത്തിട്ട തോട്ടകത്തെ മാതൃസഭാഭവനം തന്നെ സാക്ഷിയായി. അന്നവിടെ എറണാകുളം മെത്രാപ്പോലീത്ത അഗസ്തീനോസ് പിതാവിന്‍റെയും ചങ്ങനാശ്ശേരി മെത്രാന്‍ മാര്‍ ജെയിംസ് കാളാശ്ശേരി പിതാവിന്‍റെയും കാര്‍മികത്വത്തില്‍ നടന്ന മൃതസംസ്കാരശുശ്രൂഷയില്‍ കേരളത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുള്ള അനേകം വൈദികരും സന്ന്യസ്തരും നാനാജാതി മതസ്ഥരും പങ്കെടുത്ത് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. അവരുടെ സാന്നിദ്ധ്യത്തില്‍ മാര്‍ ജെയിംസ് കാളാശ്ശേരി പിതാവു ചരമപ്രസംഗം നടത്തി. "ജീവിതത്തിലും പ്രവൃത്തിയിലും മരണത്തിലും സംസ്കാരത്തിലും അദ്ദേഹം അത്ഭുതമനുഷ്യനും ആദര്‍ശപുരുഷനും മാതൃകാവൈദികനും ഭക്തിസമ്പന്നനും ഭക്തിപ്രചാരകനും ആയിരുന്നു" എന്ന വാക്കുകള്‍ അദ്ദേഹത്തിന്‍റെ വിശുദ്ധ ജീവിതത്തിന് അടിവരയിടുന്ന ഒരു സാക്ഷ്യക്കുറിപ്പു കൂടിയായിരുന്നു.

വര്‍ക്കിയച്ചന്‍റെ ആത്മവിശുദ്ധി:
പ്രാര്‍ത്ഥന, പരസ്നേഹം, ദരിദ്രരോടുള്ള പരിഗണന, അജപാലനതീക്ഷ്ണത, പരിത്യാഗം, സമര്‍പ്പണം, ആരാധന, ദൈവാശ്രയം എന്നീ ആഴമേറിയ ആത്മീയാനുഭവങ്ങള്‍ക്കുടമയായ വര്‍ക്കി കാട്ടറാത്തച്ചന്‍റെ ജീവിതമാതൃക തലമുറകള്‍ക്കെന്നും വഴികാട്ടിയാണ്. അദ്ദേഹത്തിന്‍റ വിശുദ്ധമായ സന്ന്യാസ-പൗരോഹിത്യ അനുഭവത്തില്‍നിന്നു രൂപപ്പെടുത്തിയ പ്രാര്‍ത്ഥനാമുറകള്‍ ഇന്നും പ്രസക്തമാണ്. 'വലിയച്ചന്‍റെ ഗുളിക' എന്ന പേരിലറിയപ്പെട്ടിരുന്ന, യാത്രയ്ക്കു മുമ്പും പിമ്പുമുള്ള പ്രാര്‍ത്ഥനാക്രമവും (3 നന്മ.). 'വല്യച്ചന്‍റെ കഷായം' എന്ന പേരിലറിയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി രൂപപ്പെടുത്തിയ പഠനസാമര്‍ത്ഥ്യത്തിനായുള്ള പ്രാര്‍ത്ഥനാമുറയും (6 സ്വര്‍ഗ. 6 നന്മ, 8 ത്രിത്വ.) അവയില്‍ ഏറെ പ്രസിദ്ധങ്ങളാണ്.

ഉപസംഹാരം:
എളിയൊരു തുടക്കത്തിലൂടെ ദൈവദാസന്‍ വര്‍ക്കി കാട്ടറാത്ത് അച്ചന്‍ ആരംഭിച്ച വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ ഇന്നു പടര്‍ന്നു പന്തലിച്ചു ലോകം മുഴുവന്‍ വ്യാപിച്ചു സുഗന്ധഗന്ധിയായ പൂമരമായി വളര്‍ന്നിരിക്കുന്നു. ഇന്ന് അതിന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍, സുവിശേഷ പ്രഘോഷണങ്ങള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യസമ്പര്‍ക്കമാധ്യമപ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലൂടെ ലോകത്തെല്ലായിടത്തും ശ്രദ്ധിക്കപ്പെടുന്ന നിറസാന്നിദ്ധ്യമായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. മഹത്തായ ആ വളര്‍ച്ചയ്ക്കുള്ള ചാലകശക്തി വൈദാസന്‍ വര്‍ക്കി കാട്ടറാത്ത് അച്ചനാണ്. അദ്ദേഹത്തിന്‍റെ നാമകരണനടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ നമുക്ക് അദ്ദേഹത്തിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിക്കാം. വൈക്കത്തിനടുത്ത്, തോട്ടകം, കൊവേന്ത പള്ളിയിലുള്ള ആ പുണ്യപുരുഷന്‍റെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചു നമുക്ക് അനുഗ്രഹം പ്രാപിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org