Latest News
|^| Home -> Cover story -> കേരള ദേവാലയ ചുമര്‍ചിത്രങ്ങളും ക്രൈസ്തവ സംസ്കൃതിയും

കേരള ദേവാലയ ചുമര്‍ചിത്രങ്ങളും ക്രൈസ്തവ സംസ്കൃതിയും

Sathyadeepam

റോയ് തോട്ടം എസ്.ജെ.

ദേവാലയ ചുമര്‍ചിത്രങ്ങളെ കേരളത്തിന്‍റെ തനതായ ചുമര്‍ചിത്ര കലാപാരമ്പര്യത്തിന്‍റെ ഭാഗമായി കണക്കാക്കാവുന്നതാണ്. ചുമര്‍ചിത്രങ്ങളൊക്കെ മതങ്ങളുടെ തണലിലാണു വളര്‍ന്നതും വികസിച്ചതും പ്രചരിച്ചതും. ക്ഷേത്രങ്ങളിലും പുരാതന ക്രൈസ്തവ ദേവാലയങ്ങളിലും രാജകൊട്ടാരങ്ങളിലുമാണ് പ്രധാനമായും വളര്‍ന്നതും പ്രചരിച്ചതും. കോലെഴുത്ത്, കളമെഴുത്ത്, ചുമര്‍ചിത്രരചന, മുഖത്തെഴുത്ത് തുടങ്ങിയവയെല്ലാം കേരളത്തിലെ അനുഷ്ഠാനപ്രധാനമായിട്ടുള്ള ചിത്രകലാ പാരമ്പര്യത്തിന്‍റെ ഭാഗമായിട്ടുള്ള നാടോടി കലാരൂപങ്ങളാണ്. ക്ഷേത്രങ്ങളിലിവ കൂടുതലും അനുഷ്ഠാനപ്രധാനമാണ്. എന്നാല്‍ ക്രൈസ്തവ ദേവാലയങ്ങളിലെ ചുമര്‍ചിത്രങ്ങള്‍ അനുഷ്ഠാനപ്രധാനമായിരുന്നില്ല. പക്ഷെ ക്രൈസ്തവവിശ്വാസവും ആരാധനയും ഒക്കെയായി ബന്ധപ്പെട്ട് അതിന് പ്രാധാന്യമുണ്ടുതാനും.

ചുമര്‍ചിത്രം ഒരു പൊതുകലയാണ്. കാലാകാലങ്ങളില്‍ പൊതുദര്‍ശനത്തിനായി ചുമരുകളില്‍ അതു നിലനില്‍ക്കുന്നു. ഒരു ജനതയുടെ സംസ്കൃതിയുടെ അടയാളം കൂടിയാണ് ചുമര്‍ചിത്രങ്ങള്‍. അതിനെ ഒരു സാമൂഹ്യകല എന്നും വിളിക്കാം. ക്രൈസ്തവ ദേവാലയങ്ങളിലുള്ള ചിത്രങ്ങളെ ‘പ്രതിനിധാനത്തിന്‍റെ ശക്തി’ (The Power of Representation) എന്നു വിശേഷിപ്പിക്കാറുണ്ട്. ദൈവികമായ സാന്നിധ്യത്തെയും ശക്തിയെയും ചിത്രങ്ങളിലൂടെ അനുഭവിക്കാനാകും എന്നതാണ് ഇതിന്‍റെ അര്‍ത്ഥം.

കേരളത്തിലെ ചുമര്‍ചിത്രങ്ങളുടെ പശ്ചാത്തലം നോക്കിയാല്‍ നമ്മുടെ പരമ്പരാഗതമായ മാര്‍ത്തോമ്മാ ക്രൈസ്തവസമൂഹത്തിനു നേരിട്ട് കലാലോകവുമായി ബന്ധമോ അതില്‍ താത്പര്യമോ ഇല്ലായിരുന്നു. എങ്കിലും ചുമര്‍ചിത്രങ്ങളും മറ്റും ക്രൈസ്തവ വിശ്വാസപോഷണത്തില്‍ കാതലായ പങ്കുവഹിച്ചിട്ടുണ്ട്. മിഷനറിമാരുടെ വരവോടെയാണ് ഇത്തരത്തിലുള്ള ചിത്രങ്ങളും കലാരൂപങ്ങളും ക്രൈസ്തവ സംസ്കൃതിയിലേക്കു വരുന്നത്.

കേരളത്തിലെ പള്ളികളില്‍ കലാപരമായിട്ടും ചരിത്രപരമായിട്ടും വളരെ പ്രാധാന്യമുള്ള നിരവധി ചിത്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പലതും ഇപ്പോള്‍ നശിച്ചുപോയി അല്ലെങ്കില്‍ നശിപ്പിക്കപ്പെട്ടു എന്നതാണ് ദുഃഖകരമായ സത്യം.

കേരളത്തിലെ ചുമര്‍ചിത്രങ്ങളെല്ലാം ഒരു വിധത്തില്‍ പ്രതീകാത്മകമാണ്. റിയലിസ്റ്റിക്കല്ല. ബൈബിളിലെ ഒരു സംഭവം അതേപടി ചിത്രീകരിക്കുക എന്നുള്ള രീതി ആയിരുന്നില്ല. ക്ഷേത്രങ്ങളിലെ ചിത്രങ്ങളുമായി ചില സാമ്യങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും ആ നിയമ വ്യവസ്ഥയോ പാരമ്പര്യമോ ക്രൈസ്തവ ചുമര്‍ചിത്രങ്ങളില്‍ ഉപയോഗിച്ചു കാണുന്നില്ല. ക്രൈസ്തവരുടെ രചനാ രീതി വ്യത്യസ്തമായിരുന്നിരിക്കണം. മിഷനറിമാരുടെ സ്വാധീനവും ഇതില്‍ കണ്ടേക്കാം. സാധാരണ ചിത്രകാരന്മാരായതിനാല്‍ അക്കാദമിക ശൈലിയില്‍ നിന്നു ഭിന്നമായി സ്വാഭാവിക ശൈലികളാണു വരകളില്‍ ദൃശ്യമാകുന്നത്. ചിത്രങ്ങളെല്ലാം ക്രൈസ്തവ വിശ്വാസത്തിന്‍റെയും സംസ്കൃതിയുടെയും ഭാഗമായ ദൈവശാസ്ത്രത്തിന്‍റെ ആവിഷ്ക്കാരങ്ങളും വ്യാഖ്യാനങ്ങളുമായിരുന്നു.

ആദ്യനൂറ്റാണ്ടുകളിലെ ഭൂഗര്‍ഭ അറകളിലെ (Catacombs) ചുമര്‍ചിത്രങ്ങളാണ് ക്രൈസ്തവ സംസ്കൃതിയുടെ ഭാഗമായ ആദിമ കലാവിഷ്കാരം. റോമിലും ചുറ്റുപാടുകളിലുമൊക്കെ ഇത്തരം ഭൂഗര്‍ഭ അറകള്‍ ധാരാളം ഉണ്ടായിരുന്നു. മതപീഡനത്തിന്‍റെ കാലത്ത് രക്തസാക്ഷികളായവരുടെ ശരീരങ്ങള്‍ അടക്കം ചെയ്തിരുന്ന അറകളിലെ ഭിത്തികളില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നു. ഇവ വെറുതെ അലങ്കാരത്തിനു വേണ്ടി വരയ്ക്കപ്പെട്ടതല്ലായിരുന്നു. പരേതാത്മാക്കളുടെ ആത്മരക്ഷയ്ക്കു വേണ്ടിയുള്ള ദൃശ്യരൂപത്തിലുള്ള പ്രാര്‍ത്ഥനകളായിരുന്നു അവ. ദൈവവുമായി സ്ഥായിയായ ഒരു ബന്ധം ഈ ചിത്രങ്ങളിലൂടെ അവര്‍ സങ്കല്പിച്ചിരുന്നു. ഈ കാലഘട്ടത്തിലാണ് പ്രധാന ക്രൈസ്തവചിഹ്നങ്ങള്‍ രൂപപ്പെടുന്നത്. ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന മത്സ്യം, പ്രാവ്, കുഞ്ഞാട്, അപ്പവും മീനും, നങ്കൂരം തുടങ്ങി നാം ഇപ്പോഴും ഉപയോഗിക്കുന്ന ക്രൈസ്തവ ചിഹ്നങ്ങള്‍ ആ കാലഘട്ടത്തില്‍ രൂപപ്പെട്ടതാണ്. മതപീഡനത്തിന്‍റെ കാലത്ത് ക്രൈസ്തവ കോഡുകളായിട്ടും ഇവ പ്രയോജനപ്പെടുത്തിയിരുന്നു.

അഞ്ചാം നൂറ്റാണ്ടു മുതല്‍ റോമാ സാമ്രാജ്യത്തിന്‍റെ ഭാഗമായി വളര്‍ന്നു വന്ന ബൈസന്‍റൈന്‍ കലാശൈലി ക്രൈസ്തവസമൂഹത്തിന്‍റെ ഔദ്യോഗിക കലാശൈലിയായി ഏതാണ്ട് പതിമൂന്ന്-പതിന്നാലു നൂറ്റാണ്ടുവരെ നിലനിന്നിരുന്നു. ബൈസന്‍റൈന്‍ ശൈലി കാലഘട്ടത്തിലാണ് ഐക്കണ്‍ ചിത്രങ്ങള്‍ കൂടുതല്‍ വരുന്നത്. ആ ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നതു തന്നെ പ്രാര്‍ത്ഥനയായിട്ടാണ്. ഭൂഗര്‍ഭ അറകളിലെ ചിത്രങ്ങളുടെയും ബൈസന്‍റൈന്‍ കാലത്തെ ചിത്രങ്ങളുടെയും സ്വാധീനം കേരള ചുമര്‍ചിത്രങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ മിഷനറിമാരുടെ കലാവിഷ്ക്കാരത്തിന്‍റെ സ്വാധീനവും തദ്ദേശീയ ക്ഷേത്ര ചിത്ര ശൈലികളും നമ്മുടെ ദേവാലയ ചിത്രങ്ങളില്‍ കടന്നുവന്നിട്ടുണ്ട്. അതേസമയം ദേവാലയ ചിത്രങ്ങള്‍ വരച്ചിരുന്നവര്‍ അവരുടെ ഭാവനയും സ്വാതന്ത്ര്യവും ഉപയോഗിച്ചിട്ടുമുണ്ട്. അവര്‍ ക്രൈസ്തവര്‍ മാത്രമാകണമെന്നുമില്ല. ക്ഷേത്രങ്ങളില്‍ ചിത്രം വരച്ചിരുന്നവരും ഉണ്ടായിരുന്നിരിക്കണം. എന്നിരുന്നാലും ക്ഷേത്രങ്ങളിലേതുപോലെ ക്ലേശകരമായ രചനാരീതിയല്ല അവര്‍ സ്വീകരിച്ചത്. ശിശുകലയുടെയും (Childart) ഫോക് ആര്‍ട്ടിന്‍റെയും ലാളിത്യവും സരളതയും ദേവാലയചിത്രങ്ങള്‍ക്കുണ്ട്.

യേശുവിന്‍റെ ജനനം, പീഡാ സഹനം എന്നിവയാണ് മിക്കവാറും ചുമര്‍ചിത്രങ്ങളുടെ പ്രധാന വിഷയമായി കാണാനാവുന്നത്. കൂടാതെ സ്വര്‍ഗം, നരകം, പഴയ നിയമ സംഭവങ്ങളും കഥാപാത്രങ്ങളും, കന്യാമറിയം, വിശുദ്ധര്‍, ബലിയര്‍പ്പണം തുടങ്ങിയവയും ചിത്രങ്ങളുടെ ഇതിവൃത്തമാണ്. ദേവാലയചിത്രങ്ങളില്‍ പ്രധാനമായി ഉപയോഗിച്ചിരുന്ന നിറം നീലയാണ്. ക്ഷേത്രങ്ങളിലാകട്ടെ കാവിച്ചുവപ്പും. നീല സ്വര്‍ഗ്ഗത്തിന്‍റെയും ആത്മീയതയുടെയും നിറമായി കണക്കാക്കപ്പെട്ടിരുന്നതിനാലാവാം ഇത്.

ഭാരതീയവും വൈദേശികവും ക്രൈസ്തവവുമായിട്ടുള്ള ഒരു സാംസ്ക്കാരിക സങ്കലനം കേരള ദേവാലയചിത്രങ്ങളിലുണ്ട്. അതു കൊണ്ടുതന്നെയാണ് ചരിത്രപരമായും കലാപരമായും ഈ ചിത്രങ്ങള്‍ക്ക് പ്രാധാന്യം കൈവരുന്നത്. ഈ ചുമര്‍ചിത്രങ്ങളെ സാമുദായിക സൗഹാര്‍ദ്ദത്തിന്‍റെ സ്മാരകങ്ങളായും കണക്കാക്കാം. ഹൈന്ദവര്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക കലാകാരന്മാര്‍ ഈ ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെന്നു വരുമ്പോള്‍ അതിനര്‍ത്ഥം സാംസ്ക്കാരികമായ സഹവര്‍ത്തിത്വം ഇവിടെ നിലനിന്നിരുന്നു എന്നുതന്നെയാണ്. കാഞ്ഞൂര്‍ പോലെയുള്ള പല പള്ളികളിലും ഹൈന്ദവ സംസ്കൃതിയുമായിട്ടുള്ള ബന്ധത്തിന്‍റെ സൂചനകള്‍ നമുക്കു കാണാനാവും. സംസ്കാരങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലിന്‍റെ പ്രതീകമായിട്ടും ഈ ചിത്രങ്ങള്‍ നിലകൊള്ളുന്നതായി ഇതില്‍ നിന്നു വ്യക്തമാണ്. ഓരോ ചിത്രങ്ങളും ചരിത്രരേഖകളാണ്, പഴമയുടെ ചരിത്രം പേറുന്നവയാണ്. ഓരോന്നിനും ഓരോ ചരിത്ര- നാടോടി കഥകള്‍ പറയാനുണ്ടാകും.

കേരളത്തില്‍ ഏറ്റവും വലിയ ദേവാലയ ചുമര്‍ചിത്രങ്ങള്‍ ഉള്ളത് അങ്കമാലി സെന്‍റ് മേരീസ് യാക്കോബായ പള്ളിയിലാണ്. അവസാനവിധിയുടെയും നരകത്തിന്‍റെയും ഈ ചിത്രങ്ങള്‍ ഹൈന്ദവ- ക്രൈസ്തവ-നവോത്ഥാന കലാ ശൈലികള്‍ കൂടിചേര്‍ന്നതാണ്. ഇതില്‍ കാണുന്ന ശ്രേണീബദ്ധമായ അടുക്കുകളും പലതലങ്ങളും യൂറോപ്യന്‍ നവോത്ഥാന കലാശൈലി പ്രത്യേകതകളാണ്. ഹിരോണിമസ്, ബോഷ്, എല്‍ഗ്രിക്കോ തുടങ്ങിയ നവോത്ഥാന കലാകാരന്മാരുടെ ശൈലി പ്രത്യേകതകളും ഇവയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പുരോഹിതന്‍ പ്രസംഗിക്കുമ്പോള്‍ ഈ ചിത്രങ്ങള്‍ ചൂ ണ്ടിക്കാട്ടി വിശ്വാസികള്‍ സ്വര്‍ഗ്ഗോന്മുഖരായി ജീവിക്കണമെന്ന സന്ദേശം പകര്‍ന്നു കൊടുത്തിരുന്നു. തിന്മയില്‍ ജീവിച്ചാല്‍ ഉണ്ടാകുന്ന നരകത്തിന്‍റെ ഭീകരതയും അതിലൂടെ ബോധ്യപ്പെടുത്തിയിരുന്നു. ക്രൈസ്തവവിശ്വാസത്തിന്‍റെ പരിശീലനവും അതേക്കുറിച്ചുള്ള അറിവു പറഞ്ഞു കൊടുക്കലുമായി ഈ ചുമര്‍ചിത്രങ്ങള്‍ ഉപയോഗപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യാനി എങ്ങനെ ജീവിക്കണം എന്ന മാര്‍ഗ്ഗദര്‍ശനം ഇതിലൂടെ നല്‍കപ്പെട്ടിട്ടുണ്ട്. പറുദീസയിലെ പ്രലോഭനം മിക്ക ദേവാലയ ചുമര്‍ചിത്രങ്ങളുടെയും വിഷയമായിട്ടുണ്ട്. ബൈബിള്‍ ആവിഷ്ക്കരിക്കുക എന്നതിനൊപ്പം മനുഷ്യന്‍ എങ്ങനെയാണ് പാപത്തില്‍ വീണത്, പ്രലോഭനത്തിന്‍റെ വഴികള്‍ എന്ത് എന്നൊക്കെയുള്ള ചിന്തകളും അതിലൂടെ പകരുന്നുണ്ട്.

മനുഷ്യനെ മിഥ്യാബോധത്തില്‍ നിന്നുണര്‍ത്തി ഉന്നതമായ ചിന്തയിലേക്ക് നയിക്കണം എന്നതാണ് ഭാരതീയകലയുടെ സങ്കല്‍പം. ക്രൈസ്തവ കലയും ഇതേ വഴിയാണ് ലക്ഷ്യമാക്കുന്നത്. മനുഷ്യന്‍റെ ഉദാത്തഭാവത്തെ നിലനിറുത്തുന്നതില്‍ കലകള്‍ക്കു വളരെ പ്രാധാന്യമുണ്ട്. വഴിതെറ്റിപ്പോകാതെ ക്രൈസ്തവ വിശ്വാസത്തില്‍ നിലനിറുത്താന്‍ ക്രൈസ്തവ കലകള്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ ധര്‍മ്മമാണ് ചുമര്‍ചിത്രങ്ങള്‍ നിര്‍വഹിച്ചിരുന്നത്.

ദേവാലയസ്ഥലത്തെ (space) വിശുദ്ധ(sacred)മാക്കുന്നതില്‍ ചുമര്‍ചിത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ആധുനിക ദേവാലയങ്ങളിലേക്കാള്‍ ചുമര്‍ചിത്രങ്ങളുള്ള പഴയ ദേവാലയങ്ങളിലാണ് പ്രാര്‍ത്ഥനാന്തരീക്ഷം കൂടുതല്‍ ഉള്ളതെന്നാണ് പലരുടെയും അനുഭവം. അലങ്കാരങ്ങളേക്കാള്‍ ദൈവസാന്നിദ്ധ്യത്തെയും ആത്മീയാന്തരീക്ഷത്തെയും സൃഷ്ടിക്കുന്നവയാണ് ഈ ചുമര്‍ചിത്രങ്ങള്‍. ചിത്രങ്ങള്‍ക്ക് ഒരു മാന്ത്രികശക്തിയുണ്ടെന്നു കരുതുന്നതും അവ ഒരു ഇടത്തെ വ്യത്യസ്തമാക്കുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.

എന്നാല്‍ ഇന്നത്തെ ആധുനികപള്ളികളില്‍ ഇത്തരത്തിലൊരു ആത്മീയാന്തരീക്ഷം സൃഷ്ടിക്കുന്നതിന് അവിടത്തെ ‘കലകള്‍’ സഹായിക്കുന്നില്ല. അവ കലകളല്ല, അലങ്കാരങ്ങളാണ്. അതുകൊണ്ടുതന്നെ പ്രാര്‍ത്ഥനയുടെയും ആത്മീയതയുടെയും ഒരു തലം അവിടെ രൂപപ്പെടുന്നില്ല. തികച്ചും യാന്ത്രികമായ അന്തരീക്ഷമാണവിടെ. പഴയ ഒരു ദേവാലയത്തിലെ മദ്ബഹയും ചിത്രങ്ങളും നല്‍കുന്ന ആത്മീയാനുഭൂതി ഇന്നത്തെ പുതിയ ദേവാലയങ്ങളില്‍ ലഭിക്കുന്നില്ല. അവിടെ ആഡംബരത്തിന്‍റെയും ധാരാളിത്തത്തിന്‍റെയും അലങ്കാരങ്ങള്‍ മാത്രമാണ് കാണാനാകുക.

ഇന്നു നമ്മുടെ പഴയപള്ളികള്‍ നിര്‍ദ്ദയം പൊളിച്ചു മാറ്റുന്ന സാഹചര്യമുണ്ട്. അതിന്‍റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചോ അതിനുള്ളിലെ വാസ്തു-ചരിത്ര കലാമൂല്യത്തെക്കുറിച്ചോ ക്രൈസ്തവ സമൂഹം കാര്യമായി ചിന്തിക്കുന്നില്ല. തങ്ങളുടെ പ്രതാപവും പ്രൗഢിയും കാണിക്കാനുള്ള കെട്ടിടങ്ങളാണ് പള്ളികളായി പണിതുയര്‍ത്തുന്നത്. ചരിത്രപരമായി പ്രാധാന്യവും പഴക്കവുമുള്ള പള്ളികളിലെ ചിത്രങ്ങളും കലാരൂപങ്ങളുമൊക്കെ ‘പഴഞ്ചന്‍ സാധനങ്ങള്‍’ എന്നു പറഞ്ഞ് ഒരു വിലയും കല്‍പിക്കാറില്ല!! അതൊക്കെ പഴയതല്ലേ. എന്തിനുകൊള്ളാം എന്നാണു ചിന്ത. വളരെ അപൂര്‍വവും മനോഹരവുമായ ചിത്രങ്ങളും രൂപങ്ങളുമെല്ലാം സംരക്ഷിച്ച് പരിപാലിക്കേണ്ടതാണെന്ന ബോധ്യം പലര്‍ക്കുമില്ല. ഇവിടെ നമ്മുടെ ജനങ്ങള്‍ക്കും വൈദികര്‍ക്കും കലാചരിത്ര അവബോധം നല്‍കേണ്ടതുണ്ട്. സെമിനാരി പരിശീലന കാലം മുതല്‍ക്കേ ഈ അവബോധം വൈദികര്‍ക്കു പകര്‍ന്നുകൊടുക്കാനാകണം.

അതുപോലെ നമ്മുടെ വിശ്വാസപരിശീലനത്തിലും കലയുടെ പ്രാധാന്യം ഉള്‍പ്പെടുത്തണം. സാമൂഹ്യപാഠവും സയന്‍സും പഠിപ്പിക്കുന്നതുപോലെതന്നെ വിശ്വാസ പരിശീലനത്തില്‍ (വേദപാഠത്തില്‍) നാം എന്തൊക്കെയോ പഠിപ്പിക്കുന്നു. അതൊന്നും പക്ഷെ കുട്ടികളെ സമഗ്രതയിലേക്കു നയിക്കുന്നില്ല. അവര്‍ വെറുമൊരു വിഷയം പോലെയാണ് അതിനെ സമീപിക്കുന്നത്. ഒരുപക്ഷെ സഭയെക്കുറിച്ചും ബൈബിളിനെക്കുറിച്ചും വെറും അറിവായി അതു നിലകൊള്ളും. എന്നാല്‍ എങ്ങനെയാണ് അവരുടെ സ്വഭാവത്തെയും ജീവിതത്തെയും അതു സ്വാധീനിക്കുക എന്ന ചോദ്യമുണ്ട്. പറയുക, ഉപദേശിക്കുക എന്ന രീതിയിലാണ് വേദപഠനത്തില്‍ കൂടുതലും നടക്കുന്നത്. ഈ രീതിക്കപ്പുറം അനുഭവത്തിന്‍റെ തലം ഉണ്ടാകണം. വാമൊഴിയായി പകര്‍ന്നു നല്‍കുന്ന മൂല്യങ്ങളും അറിവുകളും ദൃശ്യതലത്തില്‍ കൂടിയും നല്‍കാന്‍ കഴിഞ്ഞാല്‍ അതു കൂടുതല്‍ സ്വീകാര്യവും ആഴത്തില്‍ ഗ്രഹിക്കുന്നതുമായിത്തീരും. സംഗീതം, കവിത, ചിത്രങ്ങള്‍ തുടങ്ങി വിവിധ കലാരൂപങ്ങളിലൂടെ ഇതു സാധ്യമാക്കാവുന്നതാണ്. ചുമര്‍ചിത്രങ്ങളിലൂടെ വിശ്വാസ പരിശീലനവും അതിന്‍റെ പോഷണവും പഴയതലമുറയിലേക്കു കൈമാറ്റം ചെയ്യാന്‍ ഉപകരിച്ചിട്ടുണ്ടെങ്കില്‍ ഇന്നും അത്തരം കലാരൂപങ്ങളിലൂടെ നമ്മുടെ വിശ്വാസവും പാരമ്പര്യവും സംസ്ക്കാരവുമൊക്കെ പകര്‍ന്നു കൊടുക്കാന്‍ കഴിയും എന്നു നാം മനസിലാക്കണം.

ഒരു സമൂഹത്തിന്‍റെ സൗന്ദര്യ ബോധത്തിന്‍റെയും മൂല്യാവബോധത്തിന്‍റെയും ആവിഷ്ക്കാരമാണ് കല. ജീവിതത്തെ ധന്യമാക്കുന്നതിനും ചൈതന്യവത്താക്കുന്നതിനും കലകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. നമ്മുടെ ആധ്യാത്മിതകയുമായി ബന്ധപ്പെടുത്തി കലകളെ സമീപിക്കാന്‍ നമുക്കു കഴിയണം. സഭയെ സംബന്ധിച്ച് കല ആത്മീയതയുടെ അനിവാര്യമായ ഒരു ഘടകമാണ്. ക്രൈസ്തവ സംസ്കൃതിയുടെയും വിശ്വാസത്തിന്‍റെയും ഭാഗമാണത്. ഈ കാലഘട്ടത്തിലെ മാര്‍പാപ്പമാര്‍ ഇക്കാര്യം വളരെ ശക്തിയുക്തം വ്യക്തമാക്കിയിട്ടുമുണ്ട്. ചരിത്രത്തിന്‍റെയും വിശ്വാസത്തിന്‍റെയും അടയാളമായ കലകളെ സംരക്ഷിക്കാനും പോഷിപ്പിക്കാനും നമുക്കു കഴിയണം. ഈ അവബോധം നമ്മുടെ തലമുറയ്ക്കു പകര്‍ന്നു കൊടുക്കാന്‍ നമുക്കാകണം. അതിന് അതിന്‍റെ പ്രാധാന്യം നാം മനസിലാക്കുകയും അതിനുവേണ്ട പ്രോത്സാഹനങ്ങള്‍ ചെയ്യാന്‍ സഭാനേതൃത്വം തയ്യാറാകുകയും വേണം. നിലവിലുള്ള നമ്മുടെ സാംസ്ക്കാരിക കലാരൂപങ്ങള്‍ സംരക്ഷിക്കാനും നടപടികള്‍ വേണം.

(കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ക്രിസ്ത്യന്‍ കലകളെക്കുറിച്ച് ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ സംഘടിപ്പിച്ച സെമിനാറില്‍ ആര്‍ട്ടിസ്റ്റും ‘എഴുത്ത്’ മാസികയുടെ എഡിറ്ററുമായ ഫാ. റോയി തോട്ടം അവതരിപ്പിച്ച പ്രബന്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖസംഭാഷണത്തെ ആസ്പദമാക്കി സീനിയര്‍ സബ് എഡിറ്റര്‍ ഫ്രാങ്ക്ളിന്‍ എം. തയ്യാറാക്കിയത്.)

Leave a Comment

*
*