കേരള കാർഷികമേഖലയെ രക്ഷിക്കാൻ ക്രൈസ്തവസഭ എന്തുചെയ്യണം?

കേരള കാർഷികമേഖലയെ രക്ഷിക്കാൻ ക്രൈസ്തവസഭ എന്തുചെയ്യണം?

പി.സി. സിറിയക് IAS

കൃഷിക്ക് ഏറ്റവും അനുകൂലമായ സാഹചര്യങ്ങളാണു കേരളത്തിനു പ്രകൃതി സമ്മാനിച്ചിരിക്കുന്നത്. സസ്യങ്ങൾ തഴച്ചുവളരാനും നല്ല ഫലം പുറപ്പെടുവിക്കാനും അത്യാവശ്യമായ പ്രധാന ഘടകങ്ങൾ, നല്ല മണ്ണും സൂര്യപ്രകാശവും വെള്ളവുമാണല്ലോ. കേരളത്തിൽ മണ്ണ് ഫലഭൂയിഷ്ഠം. ആണ്ടിൽ 365 ദിവസവും 12 മണിക്കൂർ സൂര്യപ്രകാശം. മഴയാണെങ്കിൽ ഇടവപ്പാതിയും തുലാവർഷവുമായി ആണ്ടിൽ 300 സെന്റിമീറ്റർ. ഇൗ അനുകൂലസാഹചര്യങ്ങളുപയോഗിച്ചു നമ്മുടെ അദ്ധ്വാനശീലരും സാഹസികരുമായ കർഷകർ നെല്ലിലും തെങ്ങിലും റബറിലും കുരുമുളകിലും വിജയഗാഥകൾ രചിച്ചു; സാമ്പത്തികനേട്ടം കൈവരിച്ചു. പക്ഷേ,…

പക്ഷേ, ഇൗ പ്രധാന വിളകൾ ഒാരോന്നിലും സർക്കാരിന്റെ നയവൈകല്യംകൊണ്ടു തിരിച്ചടി നേരിടേണ്ടി വന്നു, നമ്മുടെ കർഷകർക്ക്. ഉത്പാദനോന്മുഖമല്ലാത്ത ഭൂപരിധി നിർണയവും കർഷകരെയും കർഷകത്തൊഴിലാളികളെയും ഇരുചേരികളിലാക്കി വർഗസമരം ഉണ്ടാക്കാനുള്ള ശ്രമവും വിളവെടുപ്പു നേരത്തു ന്യായവില നിർണയിച്ചു കർഷകരുടെ നെല്ല് സംഭരിക്കുന്ന കാര്യത്തിലുണ്ടായ വീ ഴ്ചകളും കൂടിചേർന്നപ്പോൾ നെൽ കൃഷിക്കാരൻ സാമ്പത്തികത്തകർച്ചയെ നേരിട്ടു. തൊഴിലാളിയുടെ സഹകരണം നഷ്ടപ്പെട്ടതോടെ കർഷകൻ തളർന്നു. നഷ്ടം മാത്രം മിച്ചമായതോടെ നെൽപ്പാടങ്ങൾ വില്ക്കാൻ അവർ നിർബന്ധിതരായി. നിലം വാങ്ങിയവർ അതു നികത്തി വീടും കടയും കെട്ടി. നമ്മുടെ നെൽകൃഷി വിസ്തൃതി എട്ടു ലക്ഷം ഹെക്ടറിൽനിന്ന് രണ്ടു ലക്ഷം ഹെക്ടർ മാത്രമായി ചുരുങ്ങി. കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ദരിദ്രമായി. ജലസംഭരണികൾകൂടിയായി പ്രവർത്തിച്ചിരുന്ന നമ്മുടെ നെൽപ്പാടങ്ങൾ നശിച്ചതോടെ പരിസ്ഥിതി പ്രശ്നങ്ങൾ; അന്തരീക്ഷ താപനം.

നമ്മുടെ നെൽകൃഷിമേഖലയെ രക്ഷിക്കാൻ ഇനി നമുക്ക് എന്തു ചെയ്യാൻ കഴിയും? അവശേഷിക്കുന്ന നെൽപ്പാടങ്ങളെ സംരക്ഷിക്കുക. വിളവെടുപ്പ് കഴിയുമ്പോൾ ന്യായവിലയ്ക്കു നെല്ല് സംഭരിക്കുക. വിപണനത്തിനു സർക്കാരിനെ മാത്രം ആശ്രയിക്കാതെ നെല്ല് ഉത്പാദകസംഘങ്ങൾ രൂപീകരിച്ചു സംഘടിത പരിശ്രമങ്ങൾ നടത്തുക. കൂടാതെ ലാഭകരമാണെന്നു തെളിഞ്ഞു കഴിഞ്ഞ ""ഒരു നെല്ലും ഒരു മീനും" പദ്ധതി പ്രചരിപ്പിക്കുക. കൊയ്ത്തു കഴിഞ്ഞാലുടൻ നമ്മുടെ നെൽപ്പാടങ്ങളിൽ മത്സ്യകൃഷി. കുട്ടനാടിന്റെ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനുള്ള ഇൗ പദ്ധതിക്കു ചുക്കാൻ പിടിക്കാൻ നമ്മുടെ ഇടവകവികാരിമാർ ഇറങ്ങണം. മത്സ്യ-വിളവെടുപ്പു സമയത്ത് കൂലിക്കു പുറമേ, വരുമാനത്തിന്റെ ഒരു ഭാഗവും കൂ ടി തൊഴിലാളികൾക്കു നല്കാൻ തയ്യാറായാൽ അവരുടെ സഹകരണത്തോടെ ഇൗ പദ്ധതി വിജയിപ്പിക്കാൻ കഴിയും.

കേരളത്തിൽ നെല്ലിനോടൊപ്പം സ്ഥാനമുണ്ടായിരുന്ന മറ്റൊരു വിളയായിരുന്നു, നാളികേരം; കേരളത്തിന്റെ കല്പവൃക്ഷം. മലയാളിയുടെ നിത്യോപയോഗ വസ്തുക്കളാണ് തേങ്ങയും വെളിച്ചെണ്ണയും. പക്ഷേ, സർക്കാരിന്റെ അവഗണന നേരിട്ട് അധഃപതിക്കാനായിരുന്നു, നാളികേരത്തിന്റെ വിധി. കാറ്റുവീഴ്ച, മണ്ഡരി, കൂമ്പുചീയൽ തുടങ്ങിയ നിരവധി രോഗങ്ങൾ കേരവൃക്ഷത്തെ ആക്രമിച്ചപ്പോൾ, ശാസ്ത്രജ്ഞന്മാരും സർക്കാരും നിഷ്ക്രിയരായി നോക്കിനിന്നു. കേന്ദ്ര സർക്കാരിന്റെ കേരവികസന ബോർഡിനു ഗവേഷണവിഭാഗവും ശാസ്ത്രജ്ഞന്മാരും ഉണ്ടായിരുന്നില്ല. ഗവേഷണം, കാർഷിക സർവകലാശാലയ്ക്കു വിട്ടുകൊടുത്തിരുന്നു. ബോർഡിനു കൃഷിവിജ്ഞാനം വ്യാപിപ്പിക്കാനുള്ള എക്സ്റ്റെൻഷൻ വിദഗ്ദ്ധരുമില്ലായിരുന്നു. ആ ജോലി കൃഷിഭവനുകളെ ഏല്പിച്ച് മാറിനില്ക്കേണ്ടി വന്നു, ബോർഡിന്. ഭാഗ്യവശാൽ, കേരളത്തിന്റ തെക്കുഭാഗത്തും വടക്കും വലിയ രോഗബാധയില്ലാതെ കേരകൃഷി നടത്താൻ സാധിക്കുന്നുണ്ട്.

കഴിഞ്ഞ 70 കൊല്ലക്കാലത്തു കേരളത്തിൽ വൻ പുരോഗതി നേടിയ കൃഷിയായിരുന്നു, റബർകൃഷി. 70 കൊല്ലംമുമ്പ് ഇന്ത്യ സ്വതന്ത്രയായപ്പോൾ റബറിന്റെ വാർഷിക ഉത്പാദനം 15,000 ടൺ മാത്രമായിരുന്നു. തന്ത്രപ്രധാനമായ ഇൗ അസംസ്കൃത വസ്തുവിന്റെ കാര്യത്തിൽ രാജ്യം സ്വയംപര്യാപ്തത നേടണമെന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചു; കർഷകർക്കു ന്യായവില ഉറപ്പുവരുത്തി പ്രോത്സാഹനം നല്കി. റബർ ബോർഡിലെ ശാസ്ത്രജ്ഞരും വിജ്ഞാനവ്യാപനം നടത്താൻ കഠിനപ്രയത്നം ചെയ്തു. 3 കൊല്ലം മുമ്പു റബറിന്റെ ഉത്പാദനം 10 ലക്ഷം ടൺ വരെ ഉയർന്നിരുന്നു. ടയർ മുതലായ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായത്തിനും സർക്കാർ പിന്തുണ നല്കി. അങ്ങനെ റബർതോട്ട വ്യവസായവും റബർ ഉത് പാദന നിർമ്മാണവ്യവസായവും ഒരുപോലെ വളരുകയായിരുന്നു.

അഞ്ചാറു കൊല്ലം മുമ്പ് ഏറ്റവും വലിയ റബർ ഉപഭോക്താവായ ചൈനയെയും സാമ്പത്തികമാന്ദ്യം പിടികൂടിയതോടെ അന്താരാഷ്ട്ര വിപണിയിൽ റബർ കെട്ടിക്കിടക്കാൻ തുടങ്ങി. അങ്ങനെ റബർ വില ഇടിഞ്ഞപ്പോൾ നമ്മുടെ വ്യവസായികൾ കുറഞ്ഞ വിലയ്ക്കു കിട്ടിയ റബർ മുഴുവൻ വാരിക്കൂട്ടി ഇറക്കുമതി ചെയ്തു. ലോകവാണിജ്യ കരാർ വ്യവസ്ഥകളനുസരിച്ച് ഇഷ്ടംപോലെ റബർ ഇറക്കാൻ അവർക്കു കഴിഞ്ഞു. മെച്ചപ്പെട്ട ഗുണനിലവാരമുള്ള റബർ ഷീറ്റാണു നമ്മുടെ കർഷകർ ഉത്പാദിപ്പിക്കുന്നത്. ഗുണനിലവാരം കുറഞ്ഞ വിദേശ ബ്ലോക്ക് റബറിന്റെ വില മാത്രം നല്കി നമ്മുടെ റബർഷീറ്റും കൈവശപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ഉത്പന്നം വില്ക്കാൻ മറ്റു മാർഗമില്ലാതെ കഷ്ടപ്പെടുന്നു ചെറുകിട റബർ കർഷകൻ. റബർ ഉത്പാദകർ മിക്കവരും ചെറുകിടക്കാരാണ്. ഉത്പന്നത്തിന്റെ 95 ശതമാനവും ചെറുകിടമേഖലയിൽ നിന്നുമാണ്. മൊത്തം റബർ ഉത്പാദനത്തിന്റെ 90 ശതമാനവും അന്നു കേരളത്തിലെ നമ്മുടെ കർഷകരായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.

ഇറക്കുമതി റബർ ആവശ്യത്തിലധികമായി കുറഞ്ഞ വിലയ്ക്കു വാങ്ങി സംഭരിച്ചിരുന്ന വ്യവസായികൾ നമ്മുടെ വിപണിയിൽ നിന്ന് മാറിനിന്നു വിലയിടിച്ചപ്പോൾ ടാപ്പിങ്ങ് തൊഴിലാളിക്കു കൂലി കൊടുക്കാൻപോലും പണം കണ്ടെത്താൻ കഴിയാതെ അനേകം കർഷകർ റബർ ടാപ്പിങ്ങ് നിർത്തിവയ്ക്കാൻ നിർബന്ധിതരായി. അങ്ങനെ റബർ ഉത്പാദനം 10 ലക്ഷം ടണ്ണിൽ നിന്ന് മൂന്നു കൊല്ലം മുമ്പ് അഞ്ചു ലക്ഷം ടണ്ണായി കുറഞ്ഞു. ഉത്പാദനം കുറഞ്ഞതു ചൂണ്ടിക്കാട്ടി വ്യവസായികൾ വീണ്ടും അധിക അളവിൽ റബർ ഇറക്കുമതി ചെയ്തു. അങ്ങനെ ഇവിടെ വീണ്ടും വിലയിടിഞ്ഞ് ഒരു ദൂഷിതവലയത്തിൽപ്പെട്ടു കർഷകൻ വലഞ്ഞു.

അമിതമായ ഇറക്കുമതിയുടെ ഫലമായി ആഭ്യന്തര ഉത്പാദനം കുറഞ്ഞുപോയാൽ ഇറക്കുമതിയെ നിയന്ത്രിച്ചു നാട്ടിലെ വിപണി വില മെച്ചപ്പെടുത്തി, ഉത്പാദനം പഴയ നിലയിലേക്കു തിരിച്ചെത്തിക്കാൻ വേണ്ടി, കൂടുതൽ ഇറക്കുമതിച്ചുങ്കം ചുമത്താൻ, ലോകവാണിജ്യകരാറിന്റെ വ്യവസ്ഥകളനുസരിച്ച് ഇന്ത്യാ ഗവൺമെന്റിനു കഴിയും. "സംരക്ഷണച്ചുങ്കം' എന്ന പേരിലാണ് ഇൗ അധിക ഇറക്കുമതിച്ചുങ്കം അറിയപ്പെടുന്നത്. സംരക്ഷണച്ചുങ്കം ചുമത്താനുള്ള അപേക്ഷ രണ്ടു കൊല്ലം മുമ്പേ തന്നെ നാം സമർപ്പിച്ചിരുന്നു. പക്ഷേ, കേന്ദ്ര സർക്കാരിന്റെ കടാക്ഷം നമുക്കില്ല. ഒരു നടപടിയുമില്ലാതെ കെട്ടിവച്ചിരുന്ന നമ്മുടെ അപേക്ഷ, ഇപ്പോൾ പൊടി തട്ടിയെടുത്ത്, ഇൗയിടെ ബാലിശമായ ചില ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ, ടയർ കമ്പനിക്കാരുടെ സ്വാധീനവലയത്തിൽപ്പെട്ടിരിക്കുന്ന കേന്ദ്രം അനുകൂല നടപടിയെടുക്കുമെന്നു പ്രതീക്ഷയില്ല.

അതേസമയം ടയർ വ്യവസായികൾക്കു സംരക്ഷണം നല്കാനായി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ടയറിനു കൂടുതൽ ഇറക്കുമതിച്ചുങ്കം കേന്ദ്രം വിധിച്ചിരിക്കുന്നു. അതുപോലെതന്നെ കൃത്രിമ റബർ ഉത്പാദിപ്പിക്കുന്ന വ്യവസായികൾക്കും കിട്ടി, കേന്ദ്ര സർക്കാരിന്റ സംരക്ഷണം – ജർമ്മനിയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കൃത്രിമ റബറിന്മേൽ കൂടുതൽ ചുങ്കം ചെലുത്തിയിരിക്കുന്നു. വൻ വ്യവസായികൾക്കു സംരക്ഷണം; ചെറുകിട കർഷകരെ വ്യവസായികൾക്കു യഥേഷ്ടം ചൂഷണം ചെയ്യാനുള്ള ഇരകളായി വിട്ടുകൊടുത്തിരിക്കുന്നു, കേന്ദ്ര സർക്കാർ. ഇൗ സാഹചര്യത്തിൽ സംരക്ഷണച്ചുങ്കത്തിനുവേണ്ടി നിയമപരമായി നമുക്കു പോരാടാം. പക്ഷേ, കർഷകന് കൃഷി ഉപേക്ഷിച്ചു സമരത്തിനിറങ്ങാൻ കഴിയില്ല. കേരളത്തിന്റെ എംപിമാരും കർഷകരുടെ പാർട്ടി എന്നവകാശപ്പെടുന്ന കക്ഷികളുടെ നേതാക്കളും നിശ്ശബ്ദരാണ്. കാരണം വ്യക്തം. അവരും ടയർവ്യവസായികളുടെ കെണിയിൽ വീണുകഴിഞ്ഞു. ഇനി, റബർ കർഷകർക്ക് എന്തു ചെയ്യാൻ കഴിയും? അവർ ഉത്തരേന്ത്യൻ കർഷകരെപ്പോലെ ആത്മഹത്യ ചെയ്യണമോ?

വേണ്ടേ, വേണ്ട; ആത്മഹത്യ ഒരു പരിഹാരമാർഗമല്ല; ഇനി പുതുതായി റബർ നടാതിരിക്കുക. പ്രായമേറിയ റബർതോട്ടത്തിൽ റബർ മരങ്ങൾ വെട്ടിനീക്കിക്കഴിഞ്ഞു റീപ്ലാന്റ് ചെയ്യുമ്പോൾ റബറിനു പകരമായി എണ്ണപ്പനയും അതിന്റെ ഇടവിളയായി കൊക്കോയും നടുക. ആദ്യ മൂന്നു വർഷക്കാലത്ത് ഇതിനു പുറമേ, കൈതയോ വാഴയോകൂടി കൃഷി ചെയ്യാം. നാലാം വർഷം മുതൽ കൊക്കോയും എണ്ണപ്പനയും കായ്ച്ചു ഫലം തന്നു തുടങ്ങും. ഇൗ ഘട്ടത്തിൽ കുരുമുളക് വള്ളികൾ, പന്തൽ നാട്ടി പിടിപ്പിച്ചാൽ നന്നായിരിക്കും. ഉത്പാദനം നടക്കുന്ന തോട്ടങ്ങളിൽ ഉത്പാദനം തുടരുക, ടാപ്പർക്ക് കൂലി കൊടുത്തു മിച്ചമുള്ള തുക നേടിയെടുക്കുക. ഇവിടെ വരുമാനം വർദ്ധിപ്പിക്കാനായി ആട് കോഴി, കാട, മുയൽ എന്നിവ വളർത്തുക. റബർത്തോട്ടത്തിലെ തണലിൽ നടത്താവുന്ന ഒരു നല്ല സംരംഭമാണ്, ആട്, കോഴി തുടങ്ങിയ കൃഷികൾ (ലൈവ് സ്റ്റോക്ക്) ഇവിടെയും പ്രായമായ റബർ മരങ്ങൾ വെട്ടിമാറ്റുന്ന മുറയ്ക്കു മറ്റു കൃഷികൾ പരീക്ഷിക്കുക. എണ്ണപ്പന, കൊക്കോ, കശുമാവ്, നാളികേരം, കൊക്കോ മലേഷ്യൻ ഫലവർഗങ്ങൾ ഇവയെല്ലാം അനുയോജ്യമാണ്.

എണ്ണപ്പന, കൊക്കോ, കശുമാവ് തുടങ്ങിയ കൃഷികൾ സംസ്കരണ ഫാക്ടറികൾ സ്ഥാപിക്കാനും മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണത്തിനും അവസരമൊരുക്കുന്നു. ടയർ വ്യവസായികളുടെ ചൂഷണത്തിൽ നിന്ന് രക്ഷപ്പെടുന്നതോടെ കർഷകന്റെ സ്വാഭിമാനം വീണ്ടെടുക്കാനും അധികലാഭം നേടാനും സൗകര്യം കിട്ടും. പണ്ടു റബറിന്റെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തായിരുന്ന മലേഷ്യ ഇന്ന് അധികലാഭം നേടി വിജയകരമായി എണ്ണപ്പന കൃഷിയിലേക്കു മാറിക്കഴിഞ്ഞു. കേരളത്തിലെ ഒായിൽ പാം ഇന്ത്യ എന്ന പൊതുമേഖലാക്കമ്പനി, കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴയിലുള്ള അവരുടെ എണ്ണപ്പനത്തോട്ടത്തിൽ കഴിഞ്ഞ 20 കൊല്ലമായി ലാഭകരമായി പ്രവർത്തിപ്പിക്കുന്നു. സർക്കാർ സ്ഥാപനംപോലും വൻ ലാഭത്തോടെ നടത്തുമ്പോൾ, നമ്മുടെ കർഷകർക്കു മാന്യമായ ലാഭം പ്രതീക്ഷിക്കാം. ഭക്ഷ്യഎണ്ണയുടെ ദൗർലഭ്യം കണക്കാക്കി, എണ്ണപ്പന കൃഷി പ്രോത്സാഹിപ്പിക്കാനായി "ഒായിൽപാം' ഇന്ത്യാ കമ്പനിക്കാർ കർഷകർക്ക് സബ്സിഡിയും സാങ്കേതികസഹായവും നല്കുന്നു.

നമ്മുടെ ഒാരോ ഇടവകയും ഇൗ മേഖലയിൽ സീജവമായി ഇറങ്ങി പ്രവർത്തിക്കണം. ടാപ്പ് ചെയ്യുന്ന റബർതോട്ടത്തിൽ ആട്/ കോഴി/ പന്നി വളർത്തൽ, പ്രായമായ തോട്ടത്തിൽ റബർമരം വെട്ടിനീക്കി, എണ്ണപ്പന-കൊക്കോ കൃഷി. കേരളത്തിന്റെ കാർഷികമേഖലയുടെ ഉയിർത്തെഴുന്നേല്പിനു ചാലകശക്തിയായി പ്രവർത്തിക്കാനുള്ള ഇൗ വെല്ലുവിളി നമ്മുടെ രൂപതകളിലുള്ള സോഷ്യൽ വെൽഫയർ സൊസൈറ്റികളും ഇടവക വികാരിമാരും ഏറ്റെടുത്തു കർഷകജനതയെ ചൂഷണത്തിൽനിന്ന് രക്ഷപ്പെടുത്താൻ മുന്നോട്ടുവരുമെന്നു പ്രത്യാശിക്കട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org