കേരള നവോത്ഥാനവും വിദേശ മിഷനറിമാരും

കേരള നവോത്ഥാനവും വിദേശ മിഷനറിമാരും


ഡോ. ഐറിസ് കൊയിലെയോ

ചരിത്രം ഗതകാലങ്ങളുടെ രേഖപ്പെടുത്തലാണ്, ആഖ്യാനമാണ്. ചരി ത്രം രേഖപ്പെടുത്തുന്നവര്‍ക്ക് അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്‍റെ നേട്ടങ്ങളെ ഊജ്ജ്വലിപ്പിച്ചു കാണിക്കേണ്ടതുണ്ട്. അവരുടെ ശ്രമങ്ങള്‍, അവര്‍ നേരിട്ട വെല്ലുവിളികള്‍, അവര്‍ പകര്‍ന്ന സംസ്കാര ചേരുവകള്‍ അവരുടെ നേട്ടങ്ങള്‍, അവരുടെ രാഷ്ട്രീയം ഇവയെല്ലാം ചരിത്രത്തില്‍ പ്രകടമാകാതെ വയ്യ.

ചരിത്രമെഴുതുക എന്നത് ആധിപത്യത്തിന്‍റെ അവശ്യപ്രക്രിയയാണ്. എല്ലാ ഭരണകാലവും ചരിത്രകാരന്മാരെ പോറ്റാറുണ്ട്. അപ്പോഴും ചരിത്രമെന്നത് ഒരു കാലത്തിന്‍റെ ഒറ്റക്കാഴ്ചയായി വായിക്കപ്പെടും ഒരൊറ്റ അധികാരവിന്യാസത്തിന്‍റെ സ്ഥാപനമാണെന്നും നാം തിരിച്ചറിയും.

ചരിത്രം വിസ്മരിച്ച ബഹുസ്വരത ഇന്നിന്‍റെ ആകുലതകളാണ്. അക്ഷരത്തിനോ എഴുത്തിനോ കാഴ്ചയ്ക്കോ വാക്കിനോ അംഗീകരിക്കാനാവാതെ അഗണ്യകോടിയില്‍പ്പെടുത്തിയിരുന്ന അരികുവത്കരിക്കപ്പെട്ടവര്‍ ലോകത്ത് ഉയര്‍ത്തെഴുന്നേറ്റതു ജനസഞ്ചയത്തിന്‍റെ വിപ്ലവപാതകളിലൂടെയാണ്. മനുഷ്യാവകാശത്തിനും അന്തസ്സും ആത്മാഭിമാനവുമുള്ള ജീവിതത്തിനുമായി അവര്‍ മുന്നോട്ടുവരുമ്പോള്‍ അംഗീകൃത ചരിത്രരചനകള്‍ പുനര്‍വായിക്കപ്പെടും. അതു ചരിത്രത്തിന്‍റെ പുതുകാഴ്ചയാണ് (Revisiting History). ചരിത്രത്തില്‍ ഇടംകിട്ടാതെ പോയവര്‍ ഉള്‍ച്ചേര്‍ക്കുന്ന പുതുചരിത്രവഴികളുടെ വായന അങ്ങനെയാണ് സാധ്യമാകുന്നത്. ചരിത്രത്തിന്‍റെ പുനര്‍വായന, തിരസ്കൃതരായ ജനത്തിന്‍റെ സാംസ്കാരികതയുടെ പ്രതിഫലനമാകുന്നു അവരുടെ വായ്ത്താരികള്‍, തൊഴില്‍ പരിസരം, താന്‍മൊഴിയുടെയും തന്മൊഴിയുടെയുമൊക്കെ മടങ്ങിവരലാവും അത്.

കേരള നവോത്ഥാനം-പശ്ചാത്തലം
പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ത്ഥം വരെയുള്ള കാലത്തു കേരളം എന്ന് ഇന്നു വിളിച്ചുപോരുന്ന ഭൂപ്രദേശത്ത് നടന്ന സാമൂഹിക-സാംസ്കാരിക പരിവര്‍ത്തനശ്രമങ്ങളെയാണു നവോത്ഥാനമെന്നു പൊതുവേ വ്യവഹാരിക്കാറുള്ളത്. യൂറോപ്യന്‍ പരികല്പനകളെ ആശ്രയിച്ചുമാത്രം കേരളത്തില്‍ നടന്ന നവോത്ഥാനശ്രമങ്ങളെ വിശകലനം ചെയ്യാനാവില്ല.

ലോകം മുഴുവനുമുളള മനുഷ്യസമൂഹങ്ങള്‍ക്കിടയില്‍ വര്‍ണത്തിന്‍റെയും വംശത്തിന്‍റെയും ഭാഷയുടെയും പേരില്‍ വേര്‍തിരിവുകള്‍ കാണുന്നുണ്ടെങ്കിലും ജാതി എന്ന പേരിലുള്ള സാമൂഹികജീവിതക്രമം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ മാത്രം പ്രത്യേകതയാണ്. ജാതീയമായ വേര്‍തിരിവുകളാല്‍ അയിത്തവും തീണ്ടിക്കൂടായ്മയും നൂറ്റാണ്ടുകളായി വാഴുന്ന ഈ നാട്ടില്‍ അവയ്ക്കെതിരെ നടന്ന പോരാട്ടങ്ങള്‍ എന്ന നിലയില്‍ കേരള നവോത്ഥാന പരിശ്രമങ്ങളുടെ ചരിത്രം വ്യതിരിക്തമാകുന്നു (2019, പുറം 69).

ഈ വെല്ലുവിളികളോടുള്ള അര്‍ത്ഥപൂര്‍ണമായ ഒരു പ്രതികരണമാണു ക്രൈസ്തവസംസ്കാരധാരകള്‍ പകര്‍ന്നത്. രാഷ്ട്രീയ-സാമ്പത്തികശക്തികളുടെ പിന്‍ബലത്തോടെ, ഒരു സവിശേഷ ദൈവശാസ്ത്രം നിര്‍ണയിക്കുന്ന സാമൂഹികവ്യവസ്ഥ ക്രൈസ്തവസംസ്കാരത്തെ ആകര്‍ഷണീയമാക്കി എന്നു ഡോ. രാമചന്ദ്രന്‍ നായര്‍ നിരീക്ഷിക്കുന്നു (1983 പുറം 7). ഇങ്ങനെ സാമൂഹികവും ഭാഷാപരവുമായ ഇടപെടലുകളിലൂടെ കൈവന്ന മാറ്റം ഒരു സമൂഹത്തിന്‍റെ ഏറ്റവും താഴെയുള്ള അടരുകളില്‍പ്പോലും ദിശാബോധം പകരുകയും അത് ആന്തരികമായും ഭൗതികമായും സമൂഹത്തെ കരുത്തുള്ളതാക്കി പുതുതായ ഉണര്‍വ് (നവോത്ഥാനം) സാദ്ധ്യമാക്കുകയും ചെയ്തു എന്നു നാം മനസ്സിലാക്കുന്നു.

ആര്യാധിനിവേശത്തിനുശേഷം ഭാരതീയസമൂഹത്തില്‍ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ നിന്നുമാണു ജാതിചിന്തയുടെ തീവ്രത ഉടലെടുക്കുന്നത്. ക്ഷത്രീയരായ ഭരണാധികാരികള്‍ക്കു ഭരണതന്ത്രവും രാഷ്ട്രീയനയങ്ങളും ഉപദേശിച്ചിരുന്ന ബ്രാഹ്മണപുരോഹിതരായിരുന്നു യഥാര്‍ത്ഥത്തില്‍ ഭരണനിപുണന്മാരും അധികാരികളും. അവരുടെ സ്വാര്‍ത്ഥത്തിനായി കൊണ്ടുവന്ന സാമൂഹികനിര്‍മിതിയില്‍ വര്‍ണവ്യവസ്ഥയ്ക്കു പുറത്തായിപ്പോയ ജനവിഭാഗങ്ങളുടെ ജീവിതപശ്ചാത്തലമാണു നവോത്ഥാനത്തിന് ആക്കം കൂട്ടിയത്.

"ബ്രിട്ടനിലേക്കും പശ്ചിമയൂറോപ്പിലേക്കും സംക്രമിക്കുന്നതിനു വളരെ മുമ്പു ക്രിസ്തുമതം ഇന്ത്യയില്‍ എത്തിക്കഴിഞ്ഞിരുന്നുവെന്നതു കൗതുകകരമായ വസ്തുതയാണ്. ക്രിസ്തുമരിച്ച് ഒരു നൂറ്റാണ്ടിനുള്ളില്‍ത്തന്നെ ക്രിസ്ത്യന്‍ പാതിരിമാര്‍ സമുദ്രമാര്‍ഗമായി ദക്ഷിണേന്ത്യയില്‍ എത്തിയിരുന്നു. ഇവിടത്തെ നാടുവാഴികള്‍ അവരെ ഔദാര്യപൂര്‍വം സ്വീകരിക്കുകയും മതപ്രചരണത്തിന് അനുവാദം നല്കുകയും ചെയ്തു. അവര്‍ അനേകമാളുകളെ തങ്ങളുടെ മതത്തില്‍ ചേര്‍ത്തു" എന്നു നെഹ്റു തന്‍റെ ലോകചരിത്രത്തില്‍ പറയുന്നു (1990, പുറം 26).

"ഈ ആദിമക്രൈസ്തവര്‍ ക്രിസ്തുമത സ്വീകരണശേഷവും തങ്ങളുടെ ഹൈന്ദവസംസ്കാരവും ആചാരങ്ങളും കൈവിട്ടില്ല. വിശ്വാസവിഷയങ്ങളിലവര്‍ ക്രൈസ്തവരായിരുന്നു; സംസ്കാരത്തില്‍ ഹൈന്ദവരും. അതുകൊണ്ട് ഇവരെ "ഹൈന്ദവക്രിസ്ത്യാനികള്‍" എന്നാണു ചിലര്‍ വിളിച്ചിരുന്നത് എന്ന്" രാംസെ മക്ഡൊണള്‍ഡിയെ ഉദ്ധരിച്ചുകൊണ്ട് എല്‍.കെ. അനന്തകൃഷ്ണ അയ്യര്‍ വിവരിക്കുന്നു (1990, പുറം 27).

പതിനഞ്ച് പതിനാറു നൂറ്റാണ്ടുകളിലെ കേരളത്തിന്‍റെ സംക്ഷിപ്ത ചിത്രം ചരിത്രകാരന്മാര്‍ ഇങ്ങനെ വിവരിക്കുന്നു: "നൂറ്റാണ്ടുകളോളം അനാചരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തി വാണിരുന്നനാടാണു കേരളം. ജാതിയുടെ പേരില്‍ ജനങ്ങള്‍ പല തട്ടുകളിലായി വിഭജിക്കപ്പെട്ടിരുന്നു. മാന്യമായി ജീവിക്കാനുള്ള അവകാശമില്ലാതെ അടിച്ചമര്‍ത്തപ്പെട്ട ഒരു വലിയ വിഭാഗം ജനങ്ങള്‍. അവര്‍ക്കു വിദ്യാഭ്യാസം ചെയ്യാന്‍ അവകാശമില്ല, ഉയര്‍ന്ന ജോലി ചെയ്യാന്‍ അവസരമില്ല, എന്തിനധികം മാന്യമായി വസ്ത്രം ധരിക്കാനുള്ള അവകാശം പോലും അദ്ധ്വാനിക്കുന്ന ആ ജനവിഭാഗത്തിനുണ്ടായിരുന്നില്ല. അയിത്തംപോലുള്ള ദുരാചാരങ്ങള്‍ കേരളീയസമൂഹത്തെ ഇരുട്ടിലാഴ്ത്തുകയായിരുന്നു" എന്നു വേലായുധന്‍ പണിക്കശ്ശേരിയും (2019, പുറം 29) 'ജനങ്ങളുടെ സദാചാരബോധം വല്ലാതെ തകര്‍ന്നുപോയ ഒരു കാലഘട്ടമായിരുന്നു അത്. ജാതിയുടെയും ജാതിസമ്പ്രദായത്തിന്‍റെയും ദുഷ്ടമായ സ്വാധീനശക്തിയായിരുന്നു അതിന്‍റെ കാരണം. വേലയെടുക്കാനും വേദനയറിയാനും ഒരു കൂട്ടരും വേദം മുരളാനും വെറുതെ തിന്നാനും മറ്റൊരു കൂട്ടരും എന്ന നിലയിലായിരുന്നു അന്ന്. നിയമം ആ വിധമൊരു ജീവിതത്തിനാവശ്യമായ എല്ലാ സംരക്ഷണവും അവര്‍ക്കു നല്കി" എന്ന് ഏ. ശ്രീധരമേനോനും (2019, പുറം 29) വര്‍ണിച്ച ഒരു സ്ഥിതിവിശേഷം അന്നത്തെ സമൂഹത്തിനുണ്ടായിരുന്നു എന്നതു സത്യമായിരുന്നു.

മിഷനറിമാരുടെ വരവ്
"മിഷന്‍" എന്ന പദം ലത്തീനിലെ മിസ്സിയോണെം എന്നതില്‍നിന്നു വ്യുല്പാദിപ്പിക്കപ്പെട്ടതാണ്. അയയ്ക്കപ്പെടുക എന്ന അര്‍ത്ഥമാണിതിന്. ബൈബിളിന്‍റെ പശ്ചാത്തലത്തില്‍, യേശു തന്‍റെ ശിഷ്യന്മാരെ സുവിശേഷമറിയിക്കാന്‍ പറഞ്ഞുവിടുന്ന സാഹചര്യത്തിലാണ് ഈ പദത്തിനു പ്രസക്തി. ദൈവവചനം അറിയിക്കുവാനും അതനുസരിച്ചു മനുഷ്യനെ സേവിക്കുവാനുമുള്ള ആഹ്വാനം ഈ പദം ഉള്‍ക്കൊള്ളുന്നു. ക്രിസ്തുമതത്തിനു പുറമേ മറ്റേതൊരു വംശത്തിനോ ആശയസംഹിതയ്ക്കോ മിഷനറി പ്രവര്‍ത്തനം സാദ്ധ്യമാകും (2018, പുറം 55) "മിഷനറി എന്ന പദം ക്രിസ്ത്യന്‍ മിഷനറിമാരുടെ ശുഷ്കാന്തിയെയും അവരുടെ മാനവസ്നേഹത്തെയും ക്രൈസ്തവമൂല്യങ്ങള്‍ക്കായുള്ള സ്വയം സമര്‍പ്പണത്തെയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാണ്" എന്ന് നിരാധ് ചൗധരിയും പ്രകീര്‍ത്തിക്കുന്നു (1970, പുറം).

കത്തോലിക്കാ വിദേശ മിഷനറിമാരുടെ ആദ്യഘട്ടം
മിഷനറിമാരെ കത്തോലിക്കരെന്നും അകത്തോലിക്കരെന്നും രണ്ടായി അറിയണം. ഓരോ വിഭാഗങ്ങളിലും ഉപവിഭാഗങ്ങളുണ്ട്. എങ്കിലും കത്തോലിക്കാ മിഷനറിമാരെല്ലാവരും മാര്‍പാപ്പയുടെ കീഴില്‍ ഒരേ വിശ്വാസസത്യങ്ങള്‍ മുറുകെപ്പിടിച്ചിരുന്നവരാണ്. പ്രവര്‍ത്തനമണ്ഡലത്തില്‍ കാലം ആവശ്യപ്പെട്ട വൈവിദ്ധ്യമാര്‍ന്ന സേവനങ്ങളാണു മിഷനറിമാരെ വ്യത്യസ്ത കര്‍മപഥങ്ങളില്‍ എത്തിച്ചത്. എങ്കിലും പൊതുവില്‍ ഈശോസഭാ വൈദികര്‍ വിദ്യാഭ്യാസമേഖലയ്ക്കും കര്‍മലീത്തക്കാര്‍ ഭക്തിപ്രസ്ഥാനത്തിനും ഫ്രാന്‍സിസ്കന്മാര്‍ ദീനജനസേവനത്തിനുമായി കൂടുതല്‍ പ്രാധാന്യം നല്കിയിരുന്നു. അകത്തോലിക്കാവിഭാഗത്തിലുള്ള പ്രൊട്ടസ്റ്റന്‍റുകാരും ആംഗ്ലിക്കന്‍ വിഭാഗവുമുണ്ട്. കേരളത്തില്‍ അവര്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റി, ലണ്ടന്‍ മിഷന്‍ സൊസൈറ്റി, ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ സൊസൈറ്റി തുടങ്ങി പല വിഭാഗങ്ങളിലായി വന്നവരാണ്.

വൈദേശികസംഘങ്ങളുടെ ആഗമനത്തോടെയാണു ഭാരതത്തില്‍ മിഷനറിമാരും വന്നുചേര്‍ന്നത്. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും വാണിജ്യരാഷ്ട്രീയ താത്പര്യങ്ങള്‍ക്കൊപ്പം മതവിശ്വാസപ്രചരണവും ലക്ഷ്യമാക്കിയിരുന്നു എന്നതു ചരിത്രവസ്തുതയാണ്. 1498-ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ എത്തിച്ചേരുമ്പോള്‍ത്തന്നെ ഇവിടെയുണ്ടായിരുന്ന ക്രൈസ്തവര്‍ നെസ്തോറിയനിസം പിന്തുടര്‍ന്നിരുന്നതായും അവരുടെ ആദ്ധ്യാത്മികപരിപാലനം സെലൂക്യയിലെ പാത്രിയാര്‍ക്കീസ് നടത്തിയിരുന്നതായും ചരിത്രരേഖകളുണ്ട് (1992, പുറം 64). 1597-ഓടുകൂടിയാണു മലബാര്‍ ക്രിസ്ത്യാനികളെ റോമിന്‍റെ കീഴിലാക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നത്.

അലക്സിസ് മെനേസിസ് മെത്രാപ്പോലീത്തയും ഉദയംപേരൂര്‍ സൂനഹദോസിലെ കാനോനകളും
ഭാരതത്തിലെ ക്രൈസ്തവരുടെ ആസ്ഥാനമായ ഗോവയിലെ മെത്രാപ്പോലീത്തയായി അഗസ്തീനിയന്‍ സഭയില്‍ നിന്നുള്ള അലക്സിസ് മെനേസിസ്സിനെ ക്ലെമന്‍റ് എട്ടാം മാര്‍പാപ്പ അവരോധിച്ചത് 1595 മാര്‍ച്ച് 26-നാണ്. 1545-47 കാലയളവിലാണ് ആഗോള കത്തോലിക്കാസഭയില്‍ നവീകരണത്തിന്‍റെ വാഗ്ദാനവുമായി ട്രെന്‍റ് കൗണ്‍സില്‍ എന്ന സാര്‍വത്രിക സൂനഹദോസ് നടന്നത്. അതിലെ നവീകരണം പോര്‍ച്ചുഗീസ് അധീനതയിലുള്ള ഭാരതസഭയില്‍ കൊണ്ടുവരിക എന്ന ദൗത്യമാണു മെനേസിസ് മെത്രാപ്പോലീത്തയുടെ ലക്ഷ്യമായത്. മലബാര്‍ പ്രദേശത്തിലെ സഭ നെസ്തോറിയന്‍ പാഷണ്ഡതയിലേക്കു തിരിച്ചുപോയെന്നു പറയപ്പെട്ട സാഹചര്യങ്ങള്‍ പഠിച്ച് അതു തടയാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ അദ്ദേഹത്തിനു കല്പന കിട്ടിയിരുന്നു. അന്നത്തെ നാട്ടു ക്രൈസ്തവവിഭാഗങ്ങളെ അനുനയിപ്പിക്കാന്‍ അദ്ദേഹത്തിന് ഏറെ ശ്രമക്കേണ്ടി വന്നു.

1597 ജൂണ്‍ 20 മുതല്‍ 26 വരെ നടന്ന സൂനഹദോസില്‍ 133 വൈദികരും 20 ഡീക്കന്മാരും 660 സഭാവിശ്വാസികളും പങ്കെടുത്തു. വിശ്വാസപ്രഖ്യാപനം, ആരാധനാസമ്പ്രദായം, മാമ്മോദീസ, പെണ്‍കെട്ട്, പള്ളിക്കാര്യങ്ങള്‍, വൈദികര്‍ക്കായുള്ള നിയമാവലി, നോമ്പ്, ചാവുദോഷം, പാമ്പര്യ ആചാരം ഉപേക്ഷിക്കല്‍, പെണ്‍മക്കളുടെ പിന്തുടര്‍ച്ചാവകാശം തുടങ്ങിയുള്ള പ്രധാന ചര്‍ച്ചകളും തുടര്‍ന്നുള്ള കാനോനകളും അന്നത്തെ കേരളസമൂഹത്തിലെ എല്ലാ ദുരാചാരങ്ങള്‍ക്കും നേരെയുള്ള കര്‍ശന നിയമങ്ങളായിരുന്നു (2019, പുറം 53). കാനോനകള്‍ തയ്യാറാക്കുന്നതില്‍ ഫ്രാന്‍സിസ് റോസ് എന്ന മിഷനറിയും സഹായമായി.

"പഴകിയുറച്ച കേരളത്തിലെ കര്‍ക്കശമായ ജാതിവ്യവസ്ഥകള്‍ക്കെതിരായി നാലു നൂറ്റാണ്ടു മുമ്പു സധൈര്യം ശബ്ദമുയര്‍ത്തുകയും നിയമങ്ങളുണ്ടാക്കുകയും ചെയ്ത അലക്സിസ് മെനേസിസ് മെത്രാപ്പോലീത്ത, കേരള ക്രൈസ്തവരുടെ മാത്രമല്ല, മുഴുവന്‍ കേരളത്തിന്‍റെയും സാമൂഹികപരിഷ് കര്‍ത്താവായി അനുസ്മരിക്കപ്പെടേണ്ടതാണ്" എന്ന് ഡോ. എം. ഷെല്ലി അഭിപ്രായപ്പെടുന്നു (2019, പുറം 53).

ജെസ്യൂട്ട് മിഷനറിമാര്‍
കത്തോലിക്കാസഭയിലെ വലിയൊരു വിഭാഗമായ ദ സൊസൈറ്റി ഓഫ് ജീസസ് (ജെസ്യൂട്ട് സഭ) സ്ഥാപിച്ചത് ഇഗ്നേഷ്യസ് ലെയോളയാണ്. 1534-ലാണ് പോപ്പ് പോള്‍ മൂന്നാമന്‍ ഈശോസഭക്കാര്‍ക്ക് അംഗീകാരം നല്കിയത്. ഇന്ത്യയിലേക്കു വന്ന ആദ്യത്തെ ജെസ്യൂട്ട് ഫ്രാന്‍സിസ് സേവ്യര്‍ 1542 മേയ് 6-നാണു ഗോവയില്‍ എത്തിച്ചേര്‍ന്നത്. പതിനെട്ടാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തോളം അവര്‍ വിദ്യാഭ്യാസം, അച്ചടി, പ്രസിദ്ധീകരണരംഗങ്ങളിലെല്ലാം വ്യാപൃതരായിരുന്നു. 1773-ല്‍ നിരവധിയായ സംഘര്‍ഷങ്ങള്‍ക്കുശേഷം പോപ്പ് ക്ലെമന്‍റ് പതിന്നാലാമന്‍ 223 വര്‍ഷത്തെ അവരുടെ സഭാസേവനങ്ങള്‍ക്കൊടുവില്‍ അവരെ നിഷ്ക്രിയരാക്കി. ഏതാണ്ട് 41 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് 1814-ല്‍ പോപ്പ് പയസ് ഏഴാമന്‍ അവരുടെ പ്രവര്‍ത്തനങ്ങളുടെ മേലുള്ള വിലക്ക് നീക്കുന്നത് (2018, പുറം 1).

1544-ല്‍ ഫ്രാന്‍സിസ് സേവ്യറുടെ ആഗമനത്തോടെ ജെസ്യൂട്ടുകള്‍ കേരളത്തില്‍ അവരുടെ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. വേണാട്ട് രാജാവായ ഉണ്ണി കേരള വര്‍മയില്‍ നിന്ന് അനുമതി നേടി തീരദേശത്തു പാര്‍ക്കുന്നവരെ ക്രൈസ്തവരാക്കാന്‍ മാര്‍പാപ്പയുടെ കീഴില്‍ കത്തോലിക്കരാക്കാന്‍, പോര്‍ച്ചുഗീസ് മിഷനറികൂടിയായ ഫ്രാന്‍സിസ് സേവ്യറിനു കഴിഞ്ഞു. പതിമൂന്നു ഗ്രാമത്തില്‍ നിന്നായി പതിനായിരത്തോളം മുക്കുവര്‍ അന്നു ക്രൈസ്തവരായി (2018, പുറം 7). ഈശോസഭാ മിഷനറിമാര്‍ ആദ്യകാലങ്ങളില്‍ മുഖ്യമായും കത്തോലിക്കാ മതപ്രചരണത്തിനായിരുന്നു പ്രാധാന്യം കല്പിച്ചിരുന്നത്. അക്കാലത്തു നാട്ടുകാരായ കേരള ക്രൈസ്തവര്‍ ജാത്യാചാരങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നതുകൊണ്ടു പുതുതായി ക്രൈസ്തവരായവരെയോ അവരുടെ പുരോഹിതരെയോ ഒട്ടും അംഗീകരിച്ചിരുന്നില്ലെന്നു മാത്രവുമല്ല, വിശ്വാസ-ആചാരതലങ്ങളില്‍ അവരോടു ശത്രുതയിലുമായിരുന്നു.

അന്നു തിരുവനന്തപുരം കടല്‍ത്തീരത്തെ തുറമുഖമായ രാജതുറ (വലിയതുറ), വെട്ടിക്കാരു (വെട്ടുകാട്), തുമ്പ, കണ്ണന്തുറൈ, ബ്രിഞ്ഞം (വിഴിഞ്ഞം), പൊരമന്തറൈ (ചേരമാന്‍ തുരുത്ത്-പെരുമാതുറ), വേളി, പള്ളിത്തുറൈ, ഡൊമിനിങ്കൊതുറൈ എന്നിവിടങ്ങളിലെല്ലാം പള്ളികള്‍ പണിതു ക്രിസ്ത്യാനികളുടെ സമൂഹങ്ങള്‍ രൂപപ്പെടുത്തി. 1649-ല്‍ നിക്കോളോ ലാന്‍സി ല്ലോട്ടി എസ്ജെ കൊല്ലത്ത് ഒരു കോളജും ഒരു പ്രസ്സും സ്ഥാപിച്ചു. 1549-ല്‍ത്തന്നെ കൊച്ചിയിലും ഒരു കോളജ് തുടങ്ങി. 1581-ല്‍ അര്‍ത്തുങ്കലിലെ വിശിഷ്ടമായ ദേവാലയം ഈശോസഭക്കാരാണു നിര്‍മിച്ചത്. പുറക്കാട്, മൂത്തേടത്ത് പ്രദേശങ്ങളിലെ ജനജീവിതത്തില്‍ പുരോഗമനപരമായ പല മാറ്റങ്ങളും കൊണ്ടുവരാന്‍ അവര്‍ക്കു കഴിഞ്ഞു.

ആദ്യകാലത്തെ ഈശോസഭക്കാരായ വൈദികര്‍ പൊതുസമൂഹത്തിനു നല്കിയ പ്രമുഖ സംഭാവനകള്‍ നിഘണ്ടുക്കള്‍, ഭാഷാശാസ്ത്രം, സാഹിത്യം, വംശീയശാസ്ത്രം എന്നിങ്ങനെയുള്ള അപൂര്‍വരചനകളിലൂടെയായിരുന്നു. അച്ചടിയിലും പുസ്തകപ്രസിദ്ധീകരണത്തിലും അവരുടെ വൈദഗ് ദ്ധ്യം പ്രകടമായിരുന്നു. 1583-ല്‍ ഇറ്റലിയില്‍ നിന്നു ഗോവവഴി കൊച്ചിയിലെത്തിയ ജക്കേമോ ഫെനീഷ്യോ എസ്ജെ അര്‍ത്തുങ്കലിലും കോഴിക്കോട്ടും എത്തിയിരുന്നു. മലബാറിന്‍റെ ഉള്ളകങ്ങളിലെ മനുഷ്യരെത്തേടി റോസ് മെത്രാന്‍റെ നിര്‍ദ്ദേശമനുസരിച്ചു പോയ ഫെനീഷ്യോ നീലഗിരി മലകളിലെ തോടര്‍ എന്ന ഗോത്രവര്‍ഗക്കാരെക്കുറിച്ചു പഠനങ്ങള്‍ നടത്തി വിലപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. 1603 മുതല്‍ 1609 വരെയുള്ള കാലത്താണു തോടരേയും പശ്ചിമഘട്ടത്തില്‍ അന്നുണ്ടായിരുന്ന 'ഉപ്പുനാടി'നെയും കുറിച്ചുള്ള അപൂര്‍വരചനകള്‍ വെളിപ്പെടുന്നത്. അവരുടെ മതം, ആചാരങ്ങള്‍, കീഴ്വഴക്കങ്ങള്‍ തുടങ്ങിയുള്ള സാംസ്കാരികസവിശേഷതകള്‍ ഫെനീഷ്യോ വിവരിക്കുന്നു. കൂടാതെ ഹിന്ദുതമത്തെക്കുറിച്ച് ആധികാരികമായി പഠനം നടത്തിയ ആദ്യ ത്തെ വിദേശമിഷനറിയും ഫെനീഷ്യോ ആണ്. ഫെനീഷ്യോയുടെ പോര്‍ച്ചുഗീസ് ഭാഷയിലെ രചനകള്‍ പില്ക്കാലത്തു പ്രഫ. യാള്‍ കാര്‍പെന്‍റിയെര്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്നു കണ്ടെടുത്തു.

പോര്‍ച്ചുഗലില്‍ നിന്ന് 1591-ല്‍ കൊച്ചിയിലെത്തിയ ഡിയാഗോ ഗൊണ്‍സാല്‍വസ് എസ്ജെ കൊല്ലത്തും തിരുവിതാംകൂറിലുമാണു പ്രധാനമായും സേവനം ചെയ്തത്. അദ്ദേഹം മലബാറിന്‍റെ ചരിത്രമെഴുതി, പോര്‍ച്ചുഗീസ് ഭാഷയിലുള്ള ആ കൃതിയില്‍ തിരുവിതാംകൂറിനെക്കുറിച്ചും അതിനോടു ചേര്‍ന്നു വടക്കോട്ടുള്ള കടല്‍ത്തീരത്തെക്കുറിച്ചുമുള്ള വിവരം അപൂര്‍വവും വിലപ്പെട്ടതുമായതാണ്. മലബാറിലെ വിവിധ രാജ്യങ്ങള്‍, രാജാധികാരത്തിന്‍റെ പിന്തുടര്‍ച്ചാ നിയമങ്ങള്‍, വ്യത്യസ്ത ജാതിമനുഷ്യരും അവരുടെ തൊഴിലും ആചാരങ്ങളും വിവിധ വിവാഹസമ്പ്രദായങ്ങള്‍, രാഷ്ട്രീയ ഭരണസംവിധാനങ്ങള്‍, നീതിന്യായം, നിരവധി മതപരമായ ചടങ്ങുകളും ആഘോഷങ്ങളും മലബാറിലെ ചില പ്രധാന ക്ഷേത്രങ്ങള്‍, തോമാ ക്രിസ്ത്യാനികളുടെ ഉത്ഭവം തുടങ്ങിയ വിവരണങ്ങള്‍കൊണ്ട് അതിസമ്പുഷ്ടമാണ് ഡിയാഗോയുടെ മലബാര്‍ ചരിത്രം.

ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി പ്രാദേശികഭാഷകള്‍ ആദ്യമായി ഉള്‍പ്പെടുത്തിയത് ജെസ്യൂട്ട് മിഷനറിമാരാണ്. പതിനാറാം നൂറ്റാണ്ടിന്‍റെ അവസാനദശകത്തില്‍ വൈപ്പിക്കോട്ടയിലെ ജെസ്യൂട്ട് സെമിനാരിയില്‍ അക്കാദമിക ഭാഷയായി മലയാളം ഉള്‍പ്പെടുത്തിയിരുന്നു. ഫ്രാന്‍സിസ് റോസ് എസ്ജെ അവിടെ മലയാളവും സിറിയക്കും കുറച്ചുകാലം പഠിപ്പിച്ചിരുന്നു. ലത്തീന്‍ പൂജാക്രമങ്ങള്‍ സിറിയക്കിലേക്ക് അദ്ദേഹം വിവര്‍ത്തനം ചെയ്തു. വൈപ്പിക്കോട്ട സെമിനാരിയിലായിരുന്നു കത്തോലിക്കാ വൈദിവിദ്യാര്‍ത്ഥികളെ ഒരുമിപ്പിച്ചു പരിശീലിപ്പിക്കാനുള്ള ശ്രമം ഈശോസഭക്കാര്‍ നടത്തിയത്. ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാനോനകള്‍ പോര്‍ച്ചുഗീസില്‍ നിന്നു മലയാളത്തിലേക്കു മൊഴി മാറ്റുന്നതിനു നേതൃത്വം നല്കിയതു ഫ്രാന്‍സിസ് റോസ് ആണ്. അങ്ങനെ പതിനാറാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ നിലവിലുണ്ടായിരുന്ന വ്യവഹാരഭാഷയുടെ ഒരു ചിത്രം ചരിത്രപരമായി രേഖപ്പെടുത്തുന്ന യത്നത്തില്‍ ഈ മിഷനറി ഭാഗമായി.

അര്‍ണോസ് പാതിരി
വടക്കു-പടിഞ്ഞാറന്‍ ജര്‍മനിയിലെ ഓസ്റ്റ്ര്‍കപ്പെല്‍നിന്നുള്ള യൊഹാന്‍ ഏണ്‍സ്റ്റ് ഹാന്‍ക്സ് ലേഡന്‍ എന്ന ഈശോസഭാ വൈദികനാണ് അര്‍ണോസ് പാതിരി എന്ന പേരില്‍ പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ കേരളത്തിലെ സാംസ്കാരിക-സാഹിത്യരംഗങ്ങളില്‍ അതുല്യസംഭാവനകള്‍ പ്രദാനം ചെയ്ത മറ്റൊരു മിഷനറി. 1700 അന്ത്യത്തില്‍ സൂററ്റില്‍ നിന്നു ഗോവവഴി അമ്പഴക്കാട്ടിലെ ഈശോസഭാ സെമിനാരിയിലെത്തിയ അര്‍ണോസ് അവിടെനിന്നു പഠനം പൂര്‍ത്തിയാക്കി വൈദികവൃത്തിയില്‍ പ്രവേശിച്ചു.

സ്ത്രീകളുടെ പ്രായപൂര്‍ത്തിവിവാഹത്തിനും വിധവാവിഹാത്തിനും ഏകഭര്‍ത്തൃ/ഭാര്യാ വിവാഹബന്ധത്തിനും ദേവദാസീസമ്പ്രദായം നിര്‍ത്താലാക്കാനും പൗരാവകാശമനുസരിച്ചു വിവാഹിതരാകാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിലെല്ലാം മിഷനറിമാരുടെ നിര്‍ലോഭമായ പിന്തുണ കാണാം. "ഇന്ത്യ ഇന്ന് എന്തായിരിക്കുന്നോ അത് മിഷനറിമാരുടെ പ്രയത്നം കൊണ്ടുകൂടിയാണെന്നു" കെ.എം. പണിക്കര്‍ പറയുന്നതില്‍ ഏറെക്കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു.

മിഷനറിമാരുടെ അശ്രാന്ത പരിശ്രമങ്ങള്‍കൊണ്ടു ജാത്യാചാരങ്ങളിലെ അനീതിയും മനുഷ്യത്വരാഹിത്യവും സവര്‍ണരും അവര്‍ണരും ഒരുപോലെ തിരിച്ചറിഞ്ഞു. ശ്രീനാരായണ ഗുരു, ആശാന്‍, അയ്യങ്കാളി, മന്നത്ത് പത്മനാഭന്‍ തുടങ്ങിയവര്‍ സംഘടിതരായിത്തന്നെ ജാത്യാചാരങ്ങളെ തുടച്ചുനീക്കാന്‍ നേതൃത്വം കൊടുത്തു.

ഉപസംഹാരം
ഭാരതത്തെ ആകമാനവും കേരളത്തെ സവിശേഷമായും കാലോചിതമായ മാറ്റങ്ങളിലേക്കു വഴിനടത്തുക എന്ന വെല്ലുവിളി ആത്മാഭിമാനത്തോടെ ഏറ്റെടുത്ത്, മനുഷ്യാവകാശത്തിന്‍റെയും മതേതരത്വത്തിന്‍റെയും ലിംഗനീതിയുടെയും സാമൂഹികസമത്വത്തിന്‍റെയും പാഠങ്ങള്‍ ജീവിതശൈലിയാക്കി മാറ്റുന്നതില്‍ വിദേശ മിഷനറിമാര്‍ നിര്‍ണായകമായ സംഭാവനകള്‍ നല്കി. സ്വാതന്ത്ര്യത്തിന്‍റെ ആറു പതിറ്റാണ്ടിലേക്കു നാം വന്നെത്തുമ്പോള്‍ സാമൂഹികസമത്വത്തിനും അഖണ്ഡതയ്ക്കുമായി നാട്ടില്‍ നടന്ന പോരാട്ടങ്ങള്‍ അതിവിദൂരത്തില്‍, മങ്ങിയ ഓര്‍മകള്‍ക്കുമപ്പുറത്താണെന്നു തിരിച്ചറിയുകയാണ്.

ദ കാത്തിലിക് കമ്യൂണിറ്റി ഇന്‍ ഇന്ത്യ എന്ന കാനാ സുബ്രഹ്മണ്യന്‍റെ ചരിത്രരചനയ്ക്കു അവതാരിക കുറിച്ചുകൊണ്ട് നിരാധ് ചൗധരി എന്ന പ്രമുഖ സാഹിത്യകാരന്‍ ക്രിസ്ത്യാനികളെ ഇങ്ങനെ ആഹ്വാനം ചെയ്യുന്നു. "മിഷനറി എന്ന പദത്തെ അന്വര്‍ത്ഥമാക്കുന്നതു ക്രിസ്ത്യന്‍ മിഷനറിമാരുടെ തനിമയാണ്. അവരുടെ വീക്ഷണത്തിലുടനീളം അതീവ ശുഷ്കാന്തിയും മാനവികസ്നേഹവും പൂര്‍ണസമര്‍പ്പണത്തിന്‍റേതായ ആദര്‍ശനിഷ്ഠയും പുലരുന്നു. ഇന്ന് ഇന്ത്യയിലുള്ള അറുപതോ എഴുപതോ ശതമാനം സ്ത്രീകളും അവരുടെ കൈകളില്‍ നിന്നാണു വിദ്യാഭ്യാസം നേടിയത് എന്ന ചരിത്രസത്യം അവരുടെ അദ്വിതീയസംഭാവനയാണ്.

സ്വാതന്ത്ര്യത്തിന്‍റെ നൈതികതയോടുള്ള ആര്‍ജ്ജവം. ഇന്ത്യന്‍ ക്രിസ്ത്യാനി തന്‍റെ മതാത്മകതയിലും സാമൂഹികതയിലും രാഷ്ട്രീയതയിലും ഈ ആര്‍ജ്ജവവും സമഗ്രതയും അധികമായിത്തന്നെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഇന്ത്യയില്‍ത്തന്നെ ആയിരിക്കുകവഴി ആത്യന്തികവിശകലനത്തില്‍ സ്വഭാവസ്ഥൈര്യവും കരുത്തും പ്രകടമാക്കേണ്ടതുണ്ട്. ഇതു സ്വായത്തമാകുന്നില്ലെങ്കില്‍ കേവലം ഒരു ഉപഭോക്തൃ സമൂഹത്തിലെ അംഗമായി മാത്രം തുടരേണ്ടി വരും" (1969, അവതാരിക, പുറം vi).

നിരാധ് ചൗധരിയുടെ ആഹ്വാനം ഒരു ആത്മപരിശോധനയ്ക്കു പ്രയോജനപ്പെടും. ആദ്ധ്യാത്മികമൂല്യങ്ങളും മതാത്മകതയും നാടിന്‍റെ മൂല്യങ്ങള്‍ക്ക് – ഭരണഘടനയ്ക്കും നീതിവ്യവസ്ഥയ്ക്കും – വെല്ലുവിളിയാകരുത് എന്നും ഈ നാട്ടില്‍ത്തന്നെ ജനിച്ചു ജീവിച്ചു മരിക്കേണ്ടവരായ നമുക്കു പൗരന്മാര്‍ എന്ന നിലയ്ക്കു നാടിന്‍റെ അഭ്യുന്നതിയിലും അഖണ്ഡതയിലും നിര്‍ണായകമായ സ്ഥാനമാണുള്ളതെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യന്‍ ക്രിസ്ത്യാനിക്ക് അഭിമാനകരമായ വളര്‍ച്ച കൈവന്നിട്ടുണ്ട് എന്ന് ആശ്വസിക്കുമ്പോഴും ഒരു ആധുനികസമൂഹമെന്ന നിലയിലും യേശുവിന്‍റെ അനുയായികള്‍ എന്ന നിലയിലും കൂടുതല്‍ ആര്‍ജ്ജവവും സഹിഷ്ണുതയും കാലം ആവശ്യപ്പെടുന്നുണ്ട്. ജാത്യാചാരങ്ങളുടെയും അര്‍ത്ഥരഹിമായ കീഴ്വഴക്കങ്ങളുടെയും പ്രാദേശികവും ഭൗതികവുമായ പോരുകളുടെയം മനുഷ്യാവകാശ നിരാസത്തിന്‍റെയും ലിംഗനീതി ലംഘനങ്ങളുടെയും അന്ധകാരം സമത്വാദര്‍ശികളായ ഒരു ന്യൂനപക്ഷത്തിന്‍റെ ആര്‍ജ്ജവത്തെ തമസ്കരിക്കുവോളം വലുതായിക്കൊണ്ടിരിക്കുകയാണ് എന്നു കാണാതിരിക്കരുത്. നാട്ടില്‍ തലയുയര്‍ത്തുന്ന വിഘടന-മൗലികവാദങ്ങളെ ധീരമായി ചെറുത്തുതോല്പിക്കാന്‍ എല്ലാ ജനാധിപത്യ മതേതരസംഘങ്ങള്‍ക്കുമൊപ്പം നാമും അണിചേരേണ്ടതുണ്ട്. അപരത്വത്തിന്‍റെ നിസ്സംഗതയെ വകഞ്ഞുമാറ്റി സങ്കുചിത-സ്വാര്‍ത്ഥചിന്തകള്‍ ആട്ടിയകറ്റി മറ്റൊരു നവോത്ഥാനത്തിന്‍റെ ആഹ്വാനത്തിനു ചെവികൊടുക്കേണ്ടതുണ്ട്. അതേ, നമ്മുടെ നിക്ഷേപങ്ങള്‍ സ്വര്‍ഗത്തിലുമുണ്ട് എന്ന വ്യക്തതയോടെ തലയുയര്‍ത്തി ഇന്ത്യയെ ഒന്നുകൂടി വഴിനടത്താം; പൊതുധാരയുടെ ഭാഗമാകാം.

റഫറന്‍സ് ഗ്രന്ഥങ്ങള്‍
1. ഇലഞ്ഞിക്കല്‍ കൊര്‍ണേലിയൂസ്, ആര്‍ച്ച്ബിഷപ്, കേരള സഭാചരിത്ര സംക്ഷേപം, വിമല സോഷ്യല്‍ സര്‍വീസ് സെന്‍റര്‍, കാക്കനാട്, കൊച്ചി, 2003.

2. ഒച്ചന്തുരുത്ത് ജോണ്‍, ഡോ. അടിവേരുകള്‍ (മൂന്നാം പതിപ്പ്) അയിന്‍ പബ്ലിക്കേഷന്‍സ്, ആലുവ 1992.

തിരുവനന്തപുരം, തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജിലെ മലയാളം ആന്‍റ് മാസ് കമ്യൂണിക്കേഷന്‍ വിഭാഗം മുന്‍മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായിരുന്നു ലേഖിക.

(കേരള തിയോളജിക്കല്‍ അസ്സോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2-ന് എറണാകുളത്തു പി.ഒ.സിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org