കേരളസഭ പുറത്തേയ്ക്കു നോക്കണം

കേരളസഭ പുറത്തേയ്ക്കു നോക്കണം

മധ്യപ്രദേശിലെ ഇന്‍ഡോര്‍ അതിരൂപതാദ്ധ്യക്ഷനാണ് ആര്‍ച്ചുബിഷപ് ചാക്കോ തോട്ടുമാരിക്കല്‍. ദൈവവചന മിഷണറി സഭാംഗമായ അദ്ദേഹം 2002-ല്‍ മധ്യപ്രദേശിലെ ആദിവാസി മേഖലയായ ജാബുവായില്‍ പുതുതായി രൂപീകരിക്കപ്പെട്ട രൂപതയുടെ ആദ്യ അദ്ധ്യക്ഷനായി നിയമിതനായി. തുടര്‍ന്ന് 2008-ല്‍ ഇന്‍ഡോര്‍ ആര്‍ച്ചുബിഷപ്പായി. കോതമംഗലം രൂപതയിലെ കല്ലൂര്‍ക്കാട് സ്വദേശിയായ അദ്ദേഹം മെത്രാനാകുന്നതിനു മുമ്പ് എസ്. വി.ഡി. സഭയുടെ ഇന്‍ഡോര്‍ പ്രൊവിന്‍ഷ്യലായി ആറു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈദികനായതിനു ശേഷം ഏഴു വര്‍ഷം ജാബുവായില്‍ സേവനം ചെയ്തു. അതിനുശേഷം മാധ്യമരംഗത്ത് ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തിയിരുന്നു. ഇന്‍ഡോര്‍ റാണിയെന്നറിയപ്പെടുന്ന സി. റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഇന്‍ഡോറില്‍ വന്‍വിജയമായി സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയ ബിഷപ് ചാക്കോ സി.ബി.സി.ഐ.യുടെയും ഏഷ്യന്‍ രാജ്യങ്ങളിലെ മെത്രാന്‍മാരുടെ സംഘടനയായ എഫ്.എ.ബി. സി.യുടെയും സമ്പര്‍ക്ക മാധ്യമ വിഭാഗങ്ങളുടെ അദ്ധ്യക്ഷനെന്ന നിലയിലും ശ്രദ്ധേയമായ സംഭാവനകള്‍ ഏഷ്യന്‍ സഭയ്ക്കു നല്‍കിയിട്ടുണ്ട്. ബിഷപ് ചാക്കോ തോട്ടുമാരിക്കലുമായി സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി നടത്തിയ അഭിമുഖത്തില്‍നിന്ന്:

? കേരളസഭയെ മിഷന്‍ തീക്ഷ്ണതയുള്ള സഭയാണ് എന്നു പറയാറുണ്ടല്ലോ. ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ള ഒരു മിഷണറിയെന്ന നിലയില്‍ ഇപ്പോള്‍ കേരളസഭയെ നോക്കിക്കാണുമ്പോള്‍ എന്താണു പറയാനുള്ളത്?
കേരളസഭയില്‍ നിന്ന് ധാരാളം മിഷണറിമാര്‍ പോയിട്ടുണ്ടെന്നല്ലാതെ കേരളസഭ ഒരു മിഷണറിസഭ ആയിട്ടുണ്ടെന്ന് എനിക്കു പറയാന്‍ കഴിയില്ല. കര്‍ത്താവു വിളിച്ചു, വിളിച്ചവര്‍ പോയി. അത്രേയുള്ളൂ. കേരളസഭ അവര്‍ക്കെന്തു പ്രോത്സാഹനമാണു നല്‍കിയത്? കേരളസഭ ആദ്യം മുതല്‍ തന്നെ ഒരു ഇന്‍വേഡ് ലുക്കിംഗ് സഭയാണ്. തന്നിലേയ്ക്കു തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു അതിന്‍റെ സ്വഭാവം. 2000 വര്‍ഷമായി നാം നമ്മുടെ വിശ്വാസം നമ്മില്‍ തന്നെ ഒതുക്കി പിടിച്ചു കൊണ്ടിരുന്നു. വ്യക്തികള്‍ വിളി സ്വീകരിച്ചു പോയതല്ലാതെ ഒരു സഭയെന്ന നിലയില്‍ മിഷനു വേണ്ടി വലിയ കാര്യങ്ങളെന്തെങ്കിലും കേരളസഭ ചെയ്തതായി ഞാന്‍ കരുതുന്നില്ല.

ഇപ്പോള്‍ ഫിയാത്ത് മിഷന്‍ പോലെയുള്ള പ്രസ്ഥാനങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അവര്‍ നടത്തിയ മിഷന്‍ എക്സിബിഷന്‍ വലിയ കാര്യമായിരുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തിലെ ലത്തീന്‍ സഭ ഒരു മിഷന്‍ കോണ്‍ഫ്രന്‍സ് നടത്തി. ഉത്തരേന്ത്യയില്‍ നിന്നുള്ള രൂപതകളെ പങ്കെടുപ്പിച്ചു നടത്തിയ ആ പരിപാടിയും ഒരു നല്ല സംരംഭമായിരുന്നു. കേരളത്തിലെ ഒരു ലത്തീന്‍ രൂപതയും മിഷനിലെ രൂപതയും തമ്മില്‍ ചേര്‍ത്ത് പരസ്പരം സഹകരിക്കുന്ന രീതി ഉണ്ടാക്കുക എന്നതാണ് അതിലൂടെ ഉദ്ദേശിച്ച ഒരു പ്രധാനകാര്യം. ഇന്‍ഡോറിനു പാലക്കാട്ടുള്ള സുല്‍ത്താന്‍പുര്‍ രൂപതയാണ് കിട്ടിയിരിക്കുന്നത്. സഹകരിച്ച് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്.

? രണ്ടായിരം കൊല്ലത്തെ പാരമ്പര്യമവകാശപ്പെടുന്ന കേരളസഭയ്ക്ക് എന്തുകൊണ്ട് ഒരു മിഷണറി സഭയാകാന്‍ പറ്റിയില്ല എന്നതിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ എന്താണ്?
നമ്മള്‍ വളര്‍ന്നു വന്ന സാഹചര്യമായിരിക്കണം കാരണം. അയിത്തവും ജാതീയതയും ഒക്കെയുണ്ടായിരുന്നല്ലോ. കേരള ക്രൈസ്തവര്‍ ഒരു ഉയര്‍ന്ന പദവി സമൂഹത്തില്‍ അനുഭവിച്ചു വന്നവരായിരുന്നു. ആദിമ ക്രൈസ്തവര്‍ യഹൂദരായിരുന്നിരിക്കാന്‍ ഇടയുണ്ട്. അവര്‍ക്ക് കച്ചവടക്കാരെന്ന നിലയില്‍ ഒരു പദവി ഉണ്ടായിരുന്നു. അതു മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ കേരളത്തിലെ ആദിമ ക്രൈസ്തവര്‍ താത്പര്യപ്പെട്ടു കാണില്ല. ഈ ഇന്‍വേഡ് ലുക്കിംഗ് മനോഭാവം മാറി പുറംലോകത്തെ കുറിച്ചൊരു ബോധം വന്നത് പോര്‍ട്ടുഗീസ്, സ്പാനിഷ് മിഷണറിമാരൊക്കെ വന്നതിനു ശേഷമാണ്. എങ്കിലും ഇപ്പോഴും മിഷന്‍ നാടുകള്‍ കാണാനോ പരിചയപ്പെടാനോ ഉള്ള താത്പര്യമൊന്നും കേരളസഭ ഔദ്യോഗികമായി പ്രകടിപ്പിക്കുന്നില്ല. അതൊക്കെ വേണ്ടതാണ്. സഭ മിഷണറിയാണ്. എല്ലാവരും മിഷണറിമാരാണ്, മിഷനുമായി ബന്ധപ്പെടണം എന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. നാമത് പ്രാവര്‍ത്തികമാക്കുന്നില്ല. മിഷനുമായി ബന്ധപ്പെടാന്‍, അല്‍പകാലത്തേക്കോ പൂര്‍ണകാലത്തേയ്ക്കോ മിഷണറിമാരാകാന്‍ എല്ലാവരും തയ്യാറാകേണ്ടതാണ്. ഇതിനുള്ള പ്രോത്സാഹനം കേരളസഭ നല്‍കണം. മെത്രാന്മാരും വികാരിമാരും പരിശ്രമിച്ചാല്‍ ഇതു സാധിക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഇന്ന് അതു കൂടുതല്‍ പ്രായോഗികമാണ്. യാത്രകള്‍ എളുപ്പമാണ്. സാമ്പത്തികസൗകര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. എത്രയോ വലിയ പള്ളികളാണ് കേരളത്തില്‍ നാം പണിയുന്നത്. പുറംലോകം കാണാത്തതുകൊണ്ടും ആ വീക്ഷണം ഇല്ലാത്തതുകൊണ്ടും തന്നിലേയ്ക്കു തന്നെ നോക്കിക്കൊണ്ടിരിക്കുന്നതുകൊണ്ടുമാണ് ഇതു സംഭവിക്കുന്നത്. പുറത്ത്, മിഷനില്‍ എന്തു ചെയ്യാന്‍ പറ്റും എന്നാരും ചിന്തിക്കുന്നില്ല. സാമ്പത്തികമായി ഒന്നും ചെയ്തില്ലെങ്കിലും മിഷനിലെ ഒരു രൂപതയ്ക്കോ ഇടവകയ്ക്കോ വേണ്ടി പ്രാര്‍ത്ഥിക്കുകയെങ്കിലും ചെയ്യാമല്ലോ. പ്രാര്‍ത്ഥന തന്നെ ഒരുപാടു മാറ്റം വരുത്തും. കര്‍ത്താവിന്‍റെ അനുഗ്രഹങ്ങള്‍ ലഭിക്കും. കുറെനാള്‍ പ്രാര്‍ത്ഥിച്ചു കഴിയുമ്പോള്‍ ഒന്നുപോയി നോക്കാമെന്നു തോന്നും. കാര്യങ്ങള്‍ കണ്ടു കഴിയുമ്പോള്‍ കുറച്ചുകാലം അവിടെ തങ്ങി എന്തെങ്കിലും സേവനം ചെയ്യാനോ, മറ്റു രീതികളില്‍ സഹായിക്കാനോ തോന്നിയെന്നു വരും. മിഷനിലുള്ളതും നമ്മുടെ തന്നെ സഹോദരങ്ങളാണ് എന്ന ബോദ്ധ്യമുണ്ടാകാന്‍ ഇത്തരം ബന്ധങ്ങള്‍ സഹായിക്കും.

? സീറോ മലബാര്‍ സഭയുടെ അജപാലനാധികാരം ഇന്ത്യ മുഴുവന്‍ വ്യാപിപ്പിച്ചല്ലോ. ഇതിന്‍റെ ഭാഗമായി വിവിധ സ്ഥലങ്ങളിലുള്ള സീറോ മലബാര്‍ വിശ്വാസികളെ സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ചില തലങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നുമുണ്ട്. പിതാവ് ഇതിനെ എങ്ങനെയാണു കാണുന്നത്?
നേരത്തെ പറഞ്ഞ പോലെ ഇന്‍വേഡ് ലുക്കിംഗിന്‍റെ ചില പ്രശ്നങ്ങള്‍ ഇതിലും ഉണ്ടാകാം. നമ്മുടെ ആളുകള്‍ ഒരു സ്ഥലത്തേയ്ക്കു പോയിട്ടുണ്ട്, അവിടേയ്ക്കു പോയി അവരെ പരിപാലിക്കുക, സേവനം കൊടുക്കുക എന്നു മാത്രം ചിന്തിക്കുന്ന സങ്കുചിതത്വമാകരുത് ഇതിന്‍റെയെല്ലാം ലക്ഷ്യം. ആ ആളുകളിലൂടെ മറ്റുള്ളവരിലേയ്ക്ക് എത്തിച്ചേരുക എന്ന മിഷണറി കാഴ്ചപ്പാടുണ്ടെങ്കില്‍ തെറ്റില്ല. പക്ഷേ അതല്ല കാണുന്നത്. കൂടുതല്‍ പ്രദേശങ്ങളില്‍ സീറോ മലബാര്‍ ഇടവകകള്‍ സ്ഥാപിച്ചു കഴിയുമ്പോള്‍ മലയാളം കുര്‍ബാനയും വേദപാഠവും ഒക്കെ നടത്താനാണ് ശ്രമിക്കുന്നത്. പ്രാദേശിക ജനസമൂഹത്തെ ശ്രദ്ധിക്കുന്നില്ല. കേരളത്തിലെ സഭയെ പറിച്ചു നടാനാണു പരിശ്രമം. ചെന്നു ചേര്‍ന്നിടത്തെ സാഹചര്യമനുസരിച്ച് അവിടത്തെ വളവും വെള്ളവും സ്വീകരിച്ച് അവിടെ വളരുകയാണ് ആവശ്യം. അതിനു പകരം നാട്ടില്‍ നിന്ന് ആരാധനാക്രമവും ഭാഷയും അജപാലകരെയും ഇറക്കുമതി ചെയ്ത് സ്വയം ഒറ്റപ്പെടുകയാണ് ചെയ്യുന്നത്. ഒരു നാട്ടി ലെ ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള മാധ്യമം ഭാഷയാണ്. ആ ഭാഷയെ തന്നെ അവഗണിക്കുമ്പോള്‍ മറ്റുള്ളവരുമായുള്ള ബന്ധം കുറഞ്ഞു പോകുന്നു. നാം സ്വതവേ ഇന്‍വേഡ് ലുക്കിംഗ് ആണ്. പുറത്തുപോയി രൂപതകളും ഇടവകകളും സ്ഥാപിച്ചാലും അവയും ഇന്‍വേഡ് ലുക്കിംഗ് ആക്കുന്നു. മിഷണറി കാഴ്ചപ്പാടില്‍ വലിയ വ്യത്യാസം ഇതുകൊണ്ടു വന്നിട്ടുണ്ടെന്നു തോന്നുന്നില്ല. അജപാലനസേവനം കൊടുക്കുന്നു എന്നാണല്ലോ എപ്പോഴും പറയുന്നത്.

? ഇന്ത്യയില്‍ സീറോ മലബാര്‍ രൂപതകളില്ലാത്ത സ്ഥലങ്ങളിലെയെല്ലാം സീറോ മലബാര്‍ വി ശ്വാസികള്‍ക്കായി ഷംഷാബാദ് രൂപത വത്തിക്കാന്‍ അനുവദിച്ചതിനെ എങ്ങനെയാണു കാണുന്നത്? ഇന്‍ഡോറിലും മറ്റിടങ്ങളിലും ഇത് ഗുണമോ ദോഷമോ ചെയ്യുക?
ഇന്‍ഡോറില്‍ സീറോ-മലബാര്‍ കുര്‍ബാനയര്‍പ്പിക്കുന്നതിനുള്ള അനുവാദം നേരത്തെ കൊടുത്തിരുന്നു. പക്ഷേ ഹിന്ദിയിലായിരിക്കണം എന്നു പറഞ്ഞിരുന്നു. സീറോ മലബാര്‍ അല്ലാത്തവര്‍ക്കും ആഗ്രഹമുണ്ടെങ്കില്‍ പോയി കാണുന്നതിനും അനുഭവിക്കുന്നതിനും അവസരമുണ്ടാകുന്നതിനുവേണ്ടിയാണ് അത്. സീറോ മലബാര്‍ കുര്‍ബാനയ്ക്കു പോകരുതെന്നും നിങ്ങള്‍ ലത്തീന്‍ സഭക്കാരാണെന്നും ഞങ്ങള്‍ ആരോടും പറയാറില്ല. ആര്‍ക്കും പോകാം. കത്തോലിക്കാസഭയില്‍ 23 വ്യക്തിസഭകള്‍ ഉണ്ടല്ലോ. അതെല്ലാം സഭയുടെ പൊതുസ്വത്താണ്. പരസ്പരം വേലികെട്ടി മാറ്റി നിറുത്തേണ്ട കാര്യമില്ല. ഏതും എവിടെയും അനുഭവിക്കുന്നതിനുള്ള സ്വാതന്ത്ര്യം വേണം. മുമ്പ് ഇന്‍ഡോറിലെ സീറോ-മലബാര്‍ കത്തോലിക്കര്‍ക്ക് ലത്തീന്‍ കുര്‍ബാന മാത്രമേ കാണാന്‍ അവസരമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ സീറോ മലബാര്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കുന്നു. അതു നല്ലതാണ്. ഷംഷാബാദ് രൂപത സ്ഥാപിതമായപ്പോള്‍ ഇന്‍ഡോറില്‍ സീറോ-മലബാര്‍ കുര്‍ബാന മലയാളത്തില്‍ ചൊല്ലുന്നതിന് അനുമതി കൊടുത്തിരിക്കുകയാണ്. അങ്ങനെ മലയാളം കുര്‍ബാന ആരംഭിച്ചു. അതൊരു നല്ല നീക്കമല്ല എന്നാണ് എന്‍റെ അഭിപ്രായം. ഭാവിതലമുറയെ നാം ഒറ്റപ്പെടുത്തുകയാണ് ഇതുവഴി ചെയ്യുക. വളരുന്ന തലമുറയ്ക്ക് മലയാളത്തോടു പ്രത്യേക താത്പര്യമില്ല. മുതിര്‍ന്നവര്‍ക്കുള്‍പ്പെടെ ഇവിടെ കഴിയുന്ന എല്ലാവര്‍ക്കും ഹിന്ദി നന്നായി അറിയുകയും ചെയ്യാം. മാതൃഭാഷയോടുള്ള ഒരു സ്നേഹം, നൊസ്റ്റാള്‍ജിയ എല്ലാവര്‍ക്കും ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ അക്കാര്യത്തില്‍ നാം ഒരു ത്യാഗത്തിനു സന്നദ്ധരാകുകയും ചെന്നുചേര്‍ന്നിരിക്കുന്ന സ്ഥലങ്ങളില്‍ ആ നാടിനോടും സംസ്കാരത്തോടും ഉള്‍ചേരുകയുമാണ് സഭയുടെ വളര്‍ച്ചയ്ക്കു നല്ലത്. അതിനുള്ള സന്മനസ്സും ദീര്‍ഘവീക്ഷണവുമാണ് നമുക്കാവശ്യം. മലയാളം കുര്‍ബാന ആരംഭിച്ചാല്‍ കേരളത്തിനു പുറത്ത് ഈ സഭയ്ക്ക് ഭാവിയുണ്ടാകില്ല. മലയാളം കുര്‍ബാന ചൊല്ലുന്ന സഭയിലേയ്ക്ക് പുറമെനിന്ന് ആരും കടന്നു വരാനിടയില്ല എന്നതു മാത്രമല്ല കാര്യം. ഈ സഭയിലുള്ളവരുടെ തന്നെ വരുംതലമുറയ്ക്കും ഈ ഭാഷ സ്വീകാര്യമായിരിക്കില്ല. ഭാവിയില്‍ അവരെ അകറ്റാന്‍ മാത്രമേ മലയാളം കുര്‍ബാന സഹായിക്കു.

? ചിലയിടത്തെല്ലാം ഈ രൂപതകളുടെ സ്ഥാപനവും ഇടവകകളുടെ പിരിയലുമെല്ലാം അസ്വസ്ഥതകള്‍ക്കു കാരണമാകുന്നത് എന്തുകൊണ്ട്? കല്യാണ്‍ രൂപത സ്ഥാപിതമായ കാലം മുതല്‍ അതുണ്ടായിരുന്നു…
നാളെ മുതല്‍ നിങ്ങളെല്ലാവരും സീറോ മലബാറില്‍ പോകണം, ഇവിടെ നിങ്ങള്‍ക്കു കാര്യമൊന്നുമില്ല എന്നോ, സീറോ മലബാറില്‍ പോയി ചേര്‍ന്നില്ലെങ്കില്‍ കല്യാണമോ മാമോദീസയോ നടത്തില്ല എന്നോ ഒക്കെ കര്‍ക്കശമായ വേര്‍തിരിവുകള്‍ ഉണ്ടാക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. അതാണു ചില സംഘര്‍ഷങ്ങളുണ്ടാക്കിയത്. വര്‍ഷങ്ങളായി അംഗങ്ങളായിരുന്ന ഇടവകകളില്‍ നിന്ന് അങ്ങനെ മാറിപ്പോകാന്‍ ആഗ്രഹമില്ലാത്തവരുണ്ടായിരുന്നു. അവര്‍ റോമിലേയ്ക്ക് അപേക്ഷകളയച്ചും മറ്റും അതിനുള്ള അനുമതി നേടിയെടുക്കുകയാണുണ്ടായത്. ഇപ്പോള്‍ മാര്‍പാപ്പ നല്‍കിയ കത്തില്‍ ആ അനുമതി എല്ലാവര്‍ക്കും കൊടുത്തിട്ടുണ്ട്. ആര്‍ക്കു വേണമെങ്കിലും എവിടെ വേണമെങ്കിലും ചേരാം. സീറോ മലബാറില്‍ ജനിച്ചവര്‍ ജീവിതകാലം മുഴുവന്‍ സീറോ മലബാര്‍ തന്നെയായിരിക്കും. അതിനു സീറോ മലബാര്‍ ഇടവകയില്‍ തന്നെ അംഗത്വമെടുക്കണമെന്നില്ല. ആരാധന ഏതു കത്തോലിക്കാപള്ളിയിലും നടത്താം. പക്ഷേ ഇക്കാര്യത്തില്‍ ഇപ്പോഴും ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഉദാരമായ, വിശാലമായ ഈ വീക്ഷണമാണ് നമുക്കു വേണ്ടത്. അതില്ലാത്തിടത്ത് അസ്വസ്ഥതകള്‍ ഉണ്ടായെന്നു വരും. ആളുകള്‍ക്ക് അവരുടെ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാന്‍ പറ്റണം. ആ വിശാലമനസ്കതയുണ്ടെങ്കില്‍ സംഘര്‍ഷത്തിനു സാദ്ധ്യതയില്ല. ഇന്‍ഡോറിലെ സീറോ മലബാറുകാരോടു ഞാന്‍ പറഞ്ഞിരിക്കുന്നത് നിങ്ങള്‍ക്ക് സീറോ മലബാര്‍ ഇടവകകളില്‍ ചേരാം, ചേര്‍ന്നാലും ഇന്‍ഡോര്‍ രൂപതയുടെ പള്ളികളിലും സ്കൂളുകളിലുമെല്ലാം ഇതുവരെ ലഭിച്ചിരുന്ന സേവനങ്ങളെല്ലാം തുടര്‍ന്നും ലഭിക്കുമെന്നാണ്. ഇത്തരത്തിലുള്ള ഒരു സമീപനം തിരിച്ചുമുണ്ടായാല്‍ പ്രശ്നങ്ങള്‍ക്കൊന്നും സാദ്ധ്യതയില്ല.

? ജാബുവ പോലൊരു ആദിവാസിപ്രദേശത്തു പ്രധാനമായും ആദിവാസികള്‍ അടങ്ങിയ പുതിയൊരു രൂപത കെട്ടിപ്പടുക്കുക ഒരു വെല്ലുവിളിയായിരുന്നിരിക്കുമല്ലോ. അതിനെ എങ്ങനെ നേരിട്ടു?
നൂറിലേറെ വര്‍ഷം മുമ്പ് കപ്പുച്ചിന്‍ മിഷണറിമാര്‍ സുവിശേഷപ്രഘോഷണമാരംഭിച്ച സ്ഥലമാണ് ജാബുവ. ഇന്‍ഡോറില്‍ നിന്ന് ഏറെ അകലെയായതിനാല്‍ അവിടത്തെ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ രൂപതയ്ക്കു മുമ്പു പറ്റിയിരുന്നില്ല. അതുകൊണ്ടാണ് അതു വേറൊരു രൂപതയാക്കി മാറ്റിയത്. ജാബുവായില്‍ പല വെല്ലുവിളികളും ഉണ്ടായിരുന്നു. ക്രൈസ്തവസമൂഹം പല തവണ അവിടെ ആക്രമിക്കപ്പെട്ടു. 1995-ല്‍ സിസ്റ്റേഴ്സിനെതിരെ ആക്രമണമുണ്ടായി. അതു വര്‍ഗീയമെന്നതിനേക്കാള്‍ ഒരു സംഘടിത കുറ്റകൃത്യമായിരുന്നു. വര്‍ഗീയമായ അക്രമങ്ങള്‍ പിന്നീടാണ് ആരംഭിക്കുന്നത്. 2004-ല്‍ ബി.ജെ.പി.യ്ക്കു ഭരണം കിട്ടിയ ശേഷമുണ്ടായ ആക്രമണം രൂക്ഷമായിരുന്നു.

എങ്കിലും പിന്നീട് അതിനു ശമനമായി. ആളുകളുടെ വിദ്യാഭ്യാസത്തിനും വികസനത്തിനും സുവിശേഷപ്രഘോഷണത്തിനും വേണ്ടിയുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു പോകാന്‍ സാധിച്ചു. സാധാരണക്കാരായ ആളുകളെ നേതൃത്വമേറ്റെടുക്കാന്‍ പ്രാപ്തരാക്കുക ആവശ്യമാണെന്നു തോന്നി. അതിനു വേണ്ടി സ്കൂള്‍ ഓഫ് എക്സലന്‍സ് എന്നൊരു സ്ഥാപനം തുടങ്ങി. ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിനോടനുബന്ധിച്ചായിരുന്നു അത്. രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെ അവിടെ താമസിപ്പിച്ച് ഇംഗ്ലീഷില്‍ രണ്ടു മാസത്തെ പ്രത്യേക കോച്ചിംഗ് നല്‍കി ഈ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. ഭാവിയില്‍ സമൂഹത്തിനു നല്ല നേതൃത്വം കൊടുക്കുന്നവരാക്കുക എന്നതായിരുന്നു ലക്ഷ്യം. അതു വലിയ വിജയമായിരുന്നു. ആ വിദ്യാര്‍ത്ഥികള്‍ അനേകര്‍ കോളേജ് പഠനം പൂര്‍ത്തിയാക്കി. പലരും മത്സരപരീക്ഷകളെ നേരിട്ടുകൊണ്ടിരിക്കുന്നു. നാലഞ്ചു കൊല്ലം കഴിയുമ്പോള്‍ അവരില്‍ നിന്നുള്ള പ്രയോജനം സമൂഹത്തിനു കിട്ടാന്‍ തുടങ്ങും.

? ഇന്‍ഡോറില്‍ വന്നതിനു ശേഷം എന്തൊക്കെയാണു ശ്രദ്ധ കൊടുത്ത മേഖലകള്‍?
ഇതു പഴയ രൂപതയാണല്ലോ. ഇവിടെ നിലനില്‍ക്കുന്ന സംവിധാനത്തെ മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് ചെയ്യാനുണ്ടായിരുന്നത്. സ്കൂളുകള്‍ നിരവധിയുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനുതകുന്ന ഒരു കോളേജ് ആവശ്യമാണെന്ന് പലരും അഭിപ്രായപ്പെട്ടു. അതിന്‍റെ അടിസ്ഥാനത്തില്‍ 8 വര്‍ഷം മുമ്പ് ഒരു കോളേജ് തുടങ്ങി. അതു നല്ല രീതിയില്‍ നടക്കുന്നുണ്ട്. സെ. പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ്. അതുള്ളതുകൊണ്ട് പാവപ്പെട്ട വിദ്യാര്‍ത്ഥികളെ ഉന്നതപഠനത്തിനായി സഹായിക്കാനും സാധിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഹോസ്റ്റലുകളില്‍ താമസിച്ചു കോളേജ് പഠനം നടത്തുന്നുണ്ട്. അതുപോലെ ആശുപത്രിയും നമുക്കുണ്ടായിരുന്നില്ല. സ്വകാര്യചികിത്സ  ഇവിടെ വളരെ ചിലവേറിയതാണ്. പാവപ്പെട്ടവര്‍ക്ക് നല്ല ചികിത്സ  അപ്രാപ്യമായ സാഹചര്യം. ഇതിനു മാറ്റം വരുത്തുന്നതിനു വേണ്ടി ആശുപത്രി തുടങ്ങിയിട്ടുണ്ട്. പാവപ്പെട്ട അനേകര്‍ക്ക് സൗജന്യചികിത്സ  ഇവിടെ നല്‍കാന്‍ സാധിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങള്‍ വാണിജ്യവത്കരിക്കപ്പെടാതിരിക്കാനുള്ള വ്യവസ്ഥകളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രൂപതയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സഭയുടെ സ്കൂളുകളില്‍ തന്നെ പഠിക്കാനുള്ള സൗകര്യമുണ്ടാക്കിയിട്ടുണ്ട്. മുമ്പ് പാവപ്പെട്ടവര്‍ക്ക് നമ്മുടെ സ്കൂളുകളില്‍ പഠിക്കാന്‍ എളുപ്പമായിരുന്നില്ല. ഇപ്പോള്‍ ഇടവക വികാരിമാരാണ് തീരുമാനമെടുക്കുന്നത്. ഒരു കുട്ടിക്ക് എത്ര ഫീസ് നല്‍കാന്‍ കഴിയുമെന്ന് വികാരി നിര്‍ദേശിക്കും. അതനുസരിച്ച് പതിവു ഫീസില്‍ നിന്ന് 90% ഉം 80% ഉം പകുതിയും ചിലപ്പോള്‍ പൂര്‍ണമായും ഒക്കെ സൗജന്യമനുവദിച്ച് കുട്ടികളെ ചേര്‍ത്തു പഠിപ്പിക്കുന്നു. അതിനാല്‍ ഇപ്പോള്‍ കത്തോലിക്കാ കുടുംബങ്ങളിലെ 90 ശതമാനം കുട്ടികള്‍ക്കും സഭയുടെ തന്നെ സ്കൂളുകളില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നുണ്ട്. ക്രിസ്ത്യാനികള്‍ക്കു മാത്രമല്ല, മറ്റു സമുദായങ്ങളുടെ കുട്ടികള്‍ക്കും അര്‍ഹതയനുസരിച്ചു സൗജന്യമായ പ്രവേശനം നല്‍കുന്നുണ്ട്. 2007-ല്‍ സി.ബി.സി.ഐ. രൂപപ്പെടുത്തിയ ദേശീയ വിദ്യാഭ്യാസനയം എല്ലാ രൂപതകളിലും നടപ്പാക്കണമെന്നു നിര്‍ദേശിച്ചിരുന്നു. പലയിടത്തും അതു നടപ്പാക്കിയിട്ടുണ്ട്. ഇന്‍ഡോറില്‍ ഞങ്ങള്‍ ആ നയം പൂര്‍ണമായും നടപ്പാക്കി. സന്യാസസഭകളുടെ സ്കൂളുകളും അതിനോടു സഹകരിച്ചു.

? ഒന്നര പതിറ്റാണ്ടായി ബി.ജെ.പി. ആണല്ലോ മധ്യപ്രദേശില്‍ അധികാരത്തില്‍. ഇത് സഭയെയും ന്യൂനപക്ഷങ്ങളേയും എങ്ങനെയാണു ബാധിച്ചിരിക്കുന്നത്?
ഒരു മിഷന്‍ സ്റ്റേഷനില്‍ പ്രശ്നമുണ്ടാക്കാന്‍ മൂന്നു വര്‍ഷം മുമ്പ് കുറെ പേര്‍ ശ്രമിച്ചിരുന്നു. അതിലവര്‍ വിജയിച്ചില്ല. ഒരു പശുവിന്‍റെ തല അച്ചന്മാരുടെ താമസസ്ഥലത്തിനു മുമ്പില്‍ കൊണ്ടു വന്നിട്ട് മുദ്രാവാക്യം വിളിക്കുകയും ജനല്‍ച്ചില്ലുകള്‍ തല്ലിപ്പൊട്ടിക്കുകയുമൊക്കെ ചെയ്തു. അതു പോലീസ് കേസായി. അവരെ ശിക്ഷിക്കണമെന്ന വാശിയൊന്നും നാം പുലര്‍ത്തിയില്ല. കാരണം ഇതു ചെയ്തത് ആദിവാസികളായ കുറച്ചു യുവാക്കളാണ്. അവരെ ഇതിനു പ്രേരിപ്പിച്ചു വിട്ടവരാണല്ലോ യഥാര്‍ത്ഥ കുറ്റവാളികള്‍. തെളിവില്ലാത്തതിനാല്‍ അവര്‍ രക്ഷപ്പെടും. അതുകൊണ്ട് ഞങ്ങളതില്‍ തുടര്‍ നടപടികള്‍ക്കൊന്നും പോകില്ല. ഇങ്ങനെ ചില കുഴപ്പങ്ങളൊഴിച്ചാല്‍ കത്തോലിക്കര്‍ക്കു വലിയ ഭീഷണികളൊന്നും നേരിടേണ്ടി വന്നിട്ടില്ല.

? പ്രശ്നങ്ങളുണ്ടായാല്‍ പോലീസും മറ്റും സഹായത്തിനെത്തുന്നുണ്ടോ?
സാധാരണഗതിയില്‍ കുഴപ്പമില്ല. എങ്കിലും കുറേ പേര്‍ക്കു മുന്‍വിധികളുണ്ട്. മിഷണറിമാരെ സഹായിക്കേണ്ടതില്ല എന്ന ചിന്താഗതി പുലര്‍ത്തുന്നവര്‍ പലരുമുണ്ട്. ചെറിയ ചെറിയ അക്രമിസംഘങ്ങള്‍ക്കു കൂടുതല്‍ ബലം വന്നിട്ടുണ്ട്. തങ്ങള്‍ക്കെന്തും ചെയ്യാം, നടപടികളൊന്നുമുണ്ടാവില്ല എന്നൊരു ധൈര്യം ഇത്തരം ഗ്രൂപ്പുകള്‍ക്കു വന്നിട്ടുണ്ട്.

? വര്‍ഗീയത വര്‍ദ്ധിക്കുകയും വര്‍ഗീയവാദികള്‍ക്കു മേല്‍ക്കൈ കിട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മിഷന്‍ പ്രവര്‍ത്തനത്തിന്‍റെ ഭാവി എങ്ങനെയായിരിക്കും?
വെല്ലുവിളികള്‍ സഭയ്ക്ക് എന്നുമുണ്ടായിട്ടുണ്ടല്ലോ. അതുണ്ടായിക്കൊണ്ടിരിക്കും. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ നിരാശരാകുന്നത് കുറച്ചൊക്കെ സ്വാഭാവികമാണ്. അതോടൊപ്പം ആദ്ധ്യാത്മികതയുടെ കുറവിന്‍റെ ഭാഗമായ നിരാശയും ഉണ്ടാകാം. അതുണ്ടാകാതെ നോക്കണം. സഭയ്ക്കു പീഡനങ്ങള്‍ പുതിയതല്ല. ആദ്യകാലം മുതലുണ്ട്. അതൊക്കെ മറി കടന്നു സുഖകരമായ ഒരു ജീവിതത്തിലേയ്ക്കു വന്നതിനു ശേഷം പിന്നെയും വിഷമങ്ങള്‍ ഉണ്ടാകുമ്പോള്‍ നമുക്കത് ഉള്‍ക്കൊള്ളാനാകുന്നില്ല. മറ്റുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്തു നോക്കൂ. എത്രയോ രാജ്യങ്ങളില്‍ ഇതിനേക്കാളൊക്കെ വലിയ പ്രതിസന്ധികളും ഭീഷണികളും നേരിട്ടുകൊണ്ടിരിക്കുകയാണു സഭ. പാക്കിസ്ഥാന്‍, സൗദി അറേബ്യ, ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ നമ്മുടെ സ്ഥിതി ബോദ്ധ്യമാകും. അമേരിക്കയുമായോ യൂറോപ്പുമായോ നമുക്കു താരതമ്യം ചെയ്യാനാകില്ല. ക്രൈസ്തവര്‍ ന്യൂനപക്ഷമായ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെ ഭേദമാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വവും അവകാശങ്ങളും നമുക്കു പ്രതീക്ഷിക്കാം, അതിനുവേണ്ടി കോടതിയെ സമീപിക്കാം. വിജയം എത്രത്തോളം എന്നത് സംശയാസ്പദമായിരിക്കാം. നാം ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ആദ്ധ്യാത്മികതയാണ്. നമ്മെ ആരൊക്കെ ഉപദ്രവിച്ചാലും ആദിമസഭയുടെ ധീരതയും കര്‍ത്താവില്‍ ആശ്രയിച്ചുകൊണ്ടുള്ള വചനപ്രഘോഷണവുമൊക്കെ നാം വീണ്ടെടുക്കണം. എങ്കില്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ കഴിയും. ലൗകികമായ രീതികളിലൂടെയാണ് ഇതിനെ നേരിടാന്‍ പോകുന്നതെങ്കില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം.

? സഭ 2000 കൊല്ലമായി ഇന്ത്യയില്‍ സുവിശേഷപ്രഘോഷണം നടത്തുന്നു. എന്താണ് ഇതിന്‍റെ ഫലം? ഇത്രയും കാലത്തെ മിഷണറി ജീവിതത്തില്‍നിന്ന് ഇതേക്കുറിച്ച് എന്തു പറയുന്നു?
ഫലം തരുന്നത് കര്‍ത്താവാണ്. ഫലത്തെ പ്രതീക്ഷിച്ചല്ല നമ്മുടെ പ്രവര്‍ത്തനം. കര്‍ത്താവ് ഏല്‍പിച്ചിരിക്കുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ ചെയ്യുക. മാനസാന്തരം എന്നത് കര്‍ത്താവിന്‍റെ അനുഗ്രഹമാണ്. അതു കര്‍ത്താവ് ആര്‍ക്കു കൊടുക്കും, എന്നു കൊടുക്കും എന്നതൊക്കെ കര്‍ത്താവിന്‍റെ പദ്ധതികളനുസരിച്ചു നടക്കട്ടെ. നമ്മളെ ഏല്‍പിച്ച കാര്യം നാം ചെയ്യുന്നുണ്ടോ എന്നതു മാത്രം നോക്കിയാല്‍ മതി. നാം നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എല്ലാ കാര്യങ്ങളിലൂടെയും നാം കര്‍ത്താവിനെ കുറിച്ചു പറയുന്നുണ്ടോ എന്നതും കൂടി നാം ചിന്തിക്കേണ്ടതായിട്ടുണ്ട്. അതില്‍ ചില കുറവുകളുണ്ടായിട്ടുണ്ട് എന്നെനിക്കു തോന്നുന്നു. ആരെയും നാം വിശ്വാസം കെട്ടിയേല്‍പിക്കേണ്ട കാര്യമില്ല. എന്നാല്‍ നാം ചെയ്യുന്ന കാര്യങ്ങളിലൂടെ കര്‍ത്താവിനും സുവിശേഷത്തിനും വെളിച്ചത്തു വരാന്‍ സാധിക്കണം. അതു സംബന്ധിച്ച് ആത്മപരിശോധന ആവശ്യമാണ്.

? അങ്ങനെ പറയാന്‍ കാരണമെന്താണ്? ഇക്കാര്യത്തില്‍ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചു പിതാവിന്‍റെ അഭിപ്രായമെന്താണ്?
വേണ്ടത്ര ചെയ്യാറില്ലെന്നാണ് എനിക്കു തോന്നുന്നത്. നമുക്കു സ്കൂളുകളും ആശുപത്രികളും മറ്റു സേവനരംഗങ്ങളുമുണ്ട്. പക്ഷേ അവയില്‍ കൂടിയെല്ലാം കര്‍ത്താവിനെയും കര്‍ത്താവിന്‍റെ സുവിശേഷത്തെയും കുറിച്ചു പറയാനുള്ള അവസരങ്ങള്‍ നാമെപ്പോഴും ഉപയോഗിക്കാറില്ല. ആ വീഴ്ചയെ കുറിച്ചാണു നാം ചിന്തിക്കേണ്ടത്. നമ്മുടെ ഉത്തരവാദിത്വം നാം നടത്തുക എന്നതാണു പ്രശ്നം. ഫലം തരേണ്ട സമയത്തു കര്‍ത്താവു തന്നുകൊള്ളും.

? സ്ഥാപനവത്കരണം നാം ആവര്‍ത്തിച്ചു കേള്‍ക്കുന്ന ഒരു വിമര്‍ശനമാണല്ലോ…
അതെ. സ്ഥാപനങ്ങള്‍ നമുക്കാവശ്യമാണ്. അവയുപയോഗിച്ചു നമുക്കു പലതും ചെയ്യാന്‍ പറ്റും. പക്ഷേ സ്ഥാപനങ്ങള്‍ ഉണ്ടായിക്കഴിയുമ്പോള്‍ ആ സ്ഥാപനങ്ങളെ നല്ല രീതിയില്‍ കൊണ്ടു പോകുക എന്നതിലേയ്ക്കു നമ്മുടെ ശ്രദ്ധ തിരിയുന്നു. ചാരിറ്റിയുടെയും സേവനത്തിന്‍റെയും തലത്തില്‍ നിന്നു നാം പിന്നോട്ടു പോകുകയും മേന്മ എന്നതിനു കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും ക്രിസ്തീയ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ കഴിയാതെ വരുന്നു.

? കേരളത്തിലെ സഭയുടെ സ്ഥാപനങ്ങളെ കുറിച്ച് ഇങ്ങനെയുള്ള പരാതികള്‍ പണ്ടേയുള്ളതാണ്. മിഷനിലും അങ്ങനെയുണ്ടോ?
വന്നു തുടങ്ങിയിട്ടുണ്ട്. പത്തിരുപതു വര്‍ഷമായി ലൗകികമായ ഒരു കാഴ്ചപ്പാട് സ്ഥാപനങ്ങളെ കുറിച്ചു വന്നു തുടങ്ങിയിട്ടുണ്ട്. പലര്‍ക്കും നഗരങ്ങളില്‍ ജോലി ചെയ്യാനാണ് ഇപ്പോള്‍ ഇഷ്ടം. നഗരങ്ങളില്‍ സൗകര്യങ്ങളുണ്ട്. വൈദ്യുതി, ഫോണ്‍ എന്നിവയൊക്കെ. ഗ്രാമങ്ങളില്‍ ബുദ്ധിമുട്ടുണ്ട്. പാവപ്പെട്ട ആളുകളോട് ഇടപഴകി അവരുടെ സുഖദുഃഖങ്ങളില്‍ പങ്കു ചേരാനുള്ള താത്പര്യം കുറഞ്ഞിട്ടുണ്ട്.

? പുതിയ മിഷണറിമാര്‍ക്ക് പഴയകാല മിഷണറിമാരേക്കാള്‍ സേവനപ്രതിബദ്ധത കുറവാണെന്നാണോ?
അതെ. പ്രതിബദ്ധതയില്‍ കുറവു സംഭവിച്ചിട്ടുണ്ട്. അതിനു കാരണങ്ങളുണ്ട്. അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. കാരണം അവര്‍ മറ്റൊരു തലമുറയിലെ അംഗങ്ങളാണ്. കുടുംബപശ്ചാത്തലം വേറെയാണ്. കര്‍ത്താവു തന്നെയാണ് അവരെയും വിളിക്കുന്നത്. ആ വിളിയോടു വിശ്വസ്തത പുലര്‍ത്തി വളര്‍ന്നു വരുമ്പോള്‍ എല്ലാം ശരിയാകുമെന്നു പ്രതീക്ഷിക്കാം.

? നാലു വര്‍ഷം സി.ബി.സി.ഐ.യുടെയും 8 വര്‍ഷം ഏഷ്യന്‍ മെത്രാന്‍ സംഘത്തിന്‍റെയും മാധ്യമവിഭാഗം അദ്ധ്യക്ഷനായിരുന്നല്ലോ. അതേ കുറിച്ചുള്ള വിലയിരുത്തലുകള്‍?
എല്ലാ രാജ്യങ്ങളിലെയും മാധ്യമകമ്മീഷന്‍ മേധാവികളായ മെത്രാന്മാരേയും സെക്രട്ടറിമാരേയും എല്ലാ വര്‍ഷവും ഒന്നിച്ചു കൊണ്ടു വന്ന് പരിശീലനം നല്‍കുകയാണു നാം ചെയ്തു വന്നിരുന്നത്. ഓരോ രാജ്യത്തെയും അന്തരീക്ഷങ്ങള്‍ വ്യത്യസ്തമാണല്ലോ. പരിശീലനവും ഏകോപനവുമാണ് നാം എഫ്.എ.ബി.സി.യുടെ നേതൃത്വത്തില്‍ നിര്‍വഹിച്ചിരുന്നത്. ഏഷ്യന്‍ മെത്രാന്‍ സംഘത്തിനു പൊതുവായി ഫിലിപ്പൈന്‍സില്‍ ഒരു റേഡിയോ നിലയം പ്രവര്‍ത്തിക്കുന്നുണ്ട്. റേഡിയോ വേരിത്താസ്. അതിലൂടെ 20 ഭാഷകളില്‍ സുവിശേഷപ്രഘോഷണം നടക്കുന്നുണ്ട്. അതിന്‍റെ നടത്തിപ്പും ഒരു പ്രധാന ജോലിയായിരുന്നു. ഇന്ത്യയിലെ നാലു ഭാഷകളില്‍ അതില്‍നിന്നു പ്രക്ഷേപണമുണ്ട്. ചൈനയ്ക്കു വേണ്ടിയാണ് ആദ്യം അതു തുടങ്ങിയത്. ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണം വന്നപ്പോള്‍ മിഷണറിമാരെയെല്ലാം പുറത്താക്കിയല്ലോ. അപ്പോള്‍ അവിടേയ്ക്കു സുവിശേഷമെത്തിക്കാനാണ് റേഡിയോയ്ക്കു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. അതിനു വേണ്ടിയാണ് റേഡിയോ വേരിത്താസ് തുടങ്ങിയത്.

? ക്രിസ്തു ഏഷ്യനായിരുന്നു. ഏഷ്യയിലെ ക്രിസ്തീയതയുടെ ഭാവി എന്തായിരിക്കും?
ഏഷ്യയില്‍ പലയിടത്തും യേശുവിന്‍റെ സുവിശേഷം സ്വീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കൊറിയയില്‍ സുവിശേഷം വളരെ സ്വീകാര്യമായിരിക്കുന്നു. ചൈനയും സുവിശേഷത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. മ്യാന്‍മാറിലും നല്ല വളര്‍ച്ചയുണ്ടാകുന്നു. വിയറ്റ്നാമിലും സഭ വളര്‍ന്നുകൊണ്ടിരിക്കുന്നു, പ്രവര്‍ത്തനസ്വാതന്ത്ര്യം പൂര്‍ണമായി ഇല്ലെങ്കിലും.

? സഭയുടെ മാധ്യമരംഗത്തെ കുറിച്ച് പറയുന്ന ഒരു പ്രധാനപരാതി മുഖ്യധാരാസമൂഹത്തോടു സംവദിക്കാന്‍ കഴിയുന്ന ഒരു മാധ്യമം നമുക്കില്ലെന്നതാണല്ലോ. അതേ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
നമ്മുടെ ഒരു ബലഹീനതയാണ് അതെന്നു പറയാം. നാം നമ്മില്‍ തന്നെ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു പ്രവണതയുണ്ട്. മറ്റുള്ളവരുമായി ചേര്‍ന്ന്, സഹകരിക്കാന്‍ കഴിയുന്നവരോടു സഹകരിച്ചാണു നാം മുന്നോട്ടു പോകേണ്ടത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അങ്ങനെയൊരു ഊന്നല്‍ കൊടുത്തിട്ടുണ്ട്. പക്ഷേ അത് എല്ലായിടത്തും വന്നിട്ടില്ല. സി.ബി.സി.ഐ. മാധ്യമപരിശീലനസ്ഥാപനം തുടങ്ങിയിട്ടുണ്ട്. സഭയുടെ ആഭിമുഖ്യത്തില്‍ നിരവധി കോളേജുകള്‍ ഇപ്പോള്‍ മാധ്യമപഠനത്തിന് അവസരം നല്‍കുന്നുണ്ട്. ഇതുവഴി മാധ്യമരംഗത്ത് ഗുണപരമായ മാറ്റം വരുത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. മാധ്യമപ്രവര്‍ത്തകരായും ധാരാളം പേര്‍ നമ്മുടെ സഭയില്‍നിന്ന് ഉണ്ടായി വരുന്നുണ്ട്. അതുപോലെ സഭയുടെ കാര്യങ്ങളും നിലപാടുകളും മാധ്യമലോകത്തെ അറിയിച്ചുകൊണ്ടിരിക്കുക എന്നതു പ്രധാനമാണ്. ഇന്‍ഡോറില്‍ ഞങ്ങള്‍ വര്‍ഷത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ യോഗം നടത്താറുണ്ട്.

? റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത് പിതാവിന്‍റെ കാലത്തുണ്ടായ ഒരു ചരിത്രസംഭവമാണല്ലോ. അതു വിജയകരമായതിനെ കുറിച്ച്….
നല്ല ആസൂത്രണം നാം എല്ലാവരുമായി ചേര്‍ന്നു നടത്തിയിരുന്നു. സിസ്റ്റര്‍മാരും വിവിധ സന്യാസസഭകളുമെല്ലാം നന്നായി സഹകരിച്ചു. കര്‍ത്താവിന്‍റെ അനുഗ്രഹവും റാണി മരിയയുടെ പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. പോലീസ് സംവിധാനം നമ്മെ സഹായിച്ചു. മാധ്യമങ്ങളും അതിനു നല്ല പ്രാധാന്യം നല്‍കി. രാഷ്ട്രീയ നേതാക്കളെയെല്ലാം ക്ഷണിച്ചിരുന്നെങ്കിലും അവരാരും വന്നില്ല. അതൊരു തരത്തില്‍ നന്നായെന്നാണ് പിന്നീടു വിലയിരുത്തപ്പെട്ടത്. 22 വര്‍ഷത്തിനുള്ളില്‍ റാണി മരിയയുടെ രക്തസാക്ഷിത്വം സഭ അംഗീകരിച്ചു. ഇതു കര്‍ത്താവിന്‍റെ പ്രത്യേക പദ്ധതി തന്നെയാണ്. ഇപ്പോള്‍ റാണി മരിയയുടെ കബറിടം ഒരു തീര്‍ത്ഥാടനകേന്ദ്രമായി വളര്‍ന്നു കൊണ്ടിരിക്കുന്നു. ദൂരനാടുകളില്‍ നിന്നും മറ്റു രൂപതകളില്‍ നിന്നുമെല്ലാം ആളുകള്‍ വരുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org